Monday, June 05, 2017

ആരാണ്‌ സന്തോഷം ആഗ്രഹിക്കാത്തത്...!!!


പണവും സമ്പത്തും വാഴുന്ന ഈ ലോകത്ത് പരമാനന്ദത്തിന്‌ ഊന്നൽ നൽകുന്ന ഒരു രാജ്യമുണ്ട്. ശുദ്ധമായ ആന്തരിക പ്രകൃതിക്കൊപ്പം സ്വച്ഛന്ദമായ ബാഹ്യപ്രകൃതികളുടെ രൂപീകരണവും കൂടെ സംഭവിക്കുമ്പോഴാണ്‌ ആനന്ദം എന്നത് ഒരു ധാരണ എന്നതിനപ്പുറം ഒരു യാഥാർത്ഥ്യമായിത്തീരുന്നത്. അതുകൊണ്ടാണ്‌ "Happiness is a place" എന്ന് ബൂട്ടാൻ ആ രാജ്യത്തിന്റെ പ്രവേശന കവാടത്തിൽ എഴുതിയിർക്കുന്നത്. അതെ...ആനന്ദം ഒരു അവസ്ഥ മാത്രമല്ല ഒരു ഇടം കൂടിയാണ്‌.

തലതിരിഞ്ഞ വികസനം കൊണ്ട് പൊറുതിമുട്ടിയ ലോകത്ത് ആളോഹരി ആനന്ദം (Gross National Happiness) എന്ന ബൂട്ടാന്റെ അളവുകോൽ ഒരു പുതിയ മാനദണ്ഡമാണ്‌ ലോകത്തിനു നൽകുന്നത്. ഇത് യുഎൻ അംഗീകരിക്കുകയും ചെയ്തു.....വർഷങ്ങൾക്കുമുൻപ് മുംബൈയിലെത്തിയ ഭൂട്ടാൻ രാജാവിനോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു: താങ്കളുടെ രാജ്യത്തിന്റെ ജിഡിപി എന്താണ്‌ ? വികസനത്തിനല്ല, ആളുകളുടെ സന്തോഷത്തിനാണ്‌ ഊന്നൽ നൽകുന്നത് എന്നായിരുന്നു രാജാവിന്റെ മറുപടി ! എല്ലാ വികസന പ്രവർത്തനങ്ങളുടെയും അന്തിമമായ  ലക്ഷ്യം ആനന്ദമാണ്‌. ലോകരാജ്യങ്ങൾക്കുമുൻപിൽ ആളോഹരി ആനന്ദം എന്ന ആശയത്തെ വിജയകരമായി ഉയർത്താൻ ഭൂട്ടാന്‌ കഴിഞ്ഞിട്ടുണ്ട്. ജിഡിപി അല്ല ജിഎൻഎച് ആണ്‌ അവരുടെ അവുകോൽ.

  GDP is a disgraceful index; it does not count depreciation of our assets, including damage to Mother Nature, the most fundamental asset എന്നാണ്‌ കേംബ്രിജിലെ ധനതത്വശാസ്ത്ര പ്രഫസറായ പാർത്ഥ ദാസ് ഗുപ്ത ജിഡിപിയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ജിഡിപിയിലൂടെ ആനന്ദം നേടാമെന്ന് വിശ്വസിച്ച് മുന്നേറുന്നവർ damage to Mother Nature എന്നത് സൗകര്യപൂർവ്വം അവഗണിക്കുന്നു, അതിന്റെ ഫലമായി ആനന്ദത്തിനുപകരം രോഗങ്ങളിലും ദുരിതത്തിലും ഒരു വിഭാഗത്തിന്റെ ദാരിദ്ര്യത്തിലും ചെന്നെത്തുന്നു. (കാർബൺ ബഹിർഗമനത്തിൻൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷനേടുന്നതിനായി 2015ൽ രൂപീകരിച്ച  പാരിസ് ഉടമ്പടിയിൽ നിന്ന് 2017ൽ യുഎസ് പിന്മാറിയതിനു പിന്നിലും ജിഡിപി അടിസ്ഥാനമാക്കിയുള്ള വികസന സങ്കൽപമല്ലാതെ മറ്റൊന്നുമായിരിക്കാനിടയില്ല). പണമുണ്ടാക്കുന്നതല്ല ജീവിതത്തിന്റെ പരമലക്ഷ്യമെന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ആനന്ദത്തിന്റെ അലകൾ എത്തിക്കാനവണമെന്നതുമാണ്‌ ജിഎൻഎച്ച് തത്വം. ആ ആശയത്തെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരാനായി ഒരു ആഗോള ഹാപ്പിനസ്സ് കേന്ദ്രവും (http://www.gnhcentrebhutan.org) ഭൂട്ടാനിൽ ആരംഭിച്ചിട്ടുണ്ട്. ലോകത്തെ ഒരോ രാജ്യത്തും ആനന്ദാധിഷ്ഠിത ജീവിതത്തിന്റെ സന്ദേശമെത്തിച്ചു സമൂഹങ്ങളെ തകർച്ചയിൽ നിന്നു രക്ഷിക്കുകയെന്നതാണ്‌ സെന്ററിന്റെ ലക്ഷ്യം.

ആരോഗ്യം, ജീവിത നിലവരം, പ്രകൃതിയുടെയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം, സാമൂഹിക ജീവിതവും അയൽപക്ക ബന്ധവും, അഴിമതിരഹിത ഭരണം, സാംസ്കാരിക വിവിധ്യം, വിദ്യാഭ്യാസം, സമയത്തിന്റെ ഗുണപരമായ ഉപയോഗം എന്നിവയിലൂടെ പദ്ധതി പ്രായോഗികമാകുന്നു. ജിഡിപിയെ അടിസ്ഥാനമാക്കി അന്ധമായ വളർച്ചയെ പിൻതുണയ്ക്കുകയല്ല, ജനങ്ങളുടെ മനസ്സമാധാനം കളയുന്ന ഒരു പരിപാടിയും രാജ്യത്ത് അനുവദിക്കാതിരിക്കുകയാണ്‌ ചെയ്യുന്നത്. സൗജന്യ ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും ഭൂട്ടാൻ സർക്കാർ നൽകുന്നുണ്ട്. പട്ടിണിയില്ലെന്ന് ഉറപ്പാക്കുന്നു. ഭൂമിയില്ലാത്തവർക്ക് ഭൂമി പതിച്ചു നൽകുന്നു. കൃഷിചെയ്ത് ജീവിക്കാം. എല്ലാം ജൈവരീതിയിലുള്ള കൃഷി. ദാരിദ്ര്യമില്ലാത്തതുകൊണ്ട് ഭിക്ഷക്കാരുമില്ല. മദ്യം എത്രവേണമെങ്കിലും വീട്ടിൽ വാറ്റിയെടുക്കാം. വിവാഹം വലിയ ചടങ്ങൊന്നുമല്ല. പെണ്ണിനും ആണിനും ഇഷ്ടം തോന്നിയാൽ ഒന്നിച്ചു താമസിക്കാം. കുട്ടികൾ ജനിച്ചാൽ ദമ്പതികളായി അംഗീകരിക്കും. സ്ത്രീപീഡനം ഇല്ലെന്നുതന്നെ പറയാം. സിഗരറ്റ് കിട്ടാനില്ല. രോഗികളും ആശുപത്രികളും കുറവ്....രാജാവിന്‌ സ്വന്തമായി ഒന്നുമില്ല. ജനങ്ങളുടെ സേവകനും സംരക്ഷകനുമാണ്‌ രാജാവ്. ജനങ്ങൾ രാജാവിനെ അനുസരിക്കുന്നു. ജനാധിപത്യ സംവിധാനത്തിന്‌ മേൽനോട്ടം വഹിക്കുന്ന അധികാരിയായി രാജാവ് വർത്തിക്കുന്നു.

വിദ്യാഭ്യാസത്തിലും സാമൂഹ്യനിലവാരത്തിലും ഏറെ മുന്നിലുള്ള മലയാളികളിൽ സന്തോഷത്തിന്റെ സൂചിക താഴ്ന്നു നിൽക്കുന്നതായാണ്‌ കാണുന്നത്. 2017 ലെ യുഎൻ സൂചികയിൽ ഇന്ത്യയ്ക്ക് 122/155 ആണ്‌ സ്ഥാനം; നിലവാരം 4.3/10 മാത്രം; അമേരിക്കയെക്കാൾ പിന്നിൽ. നോർവേ, ഡെൻമാർക്ക്, ഐസ് ലാൻഡ്, സ്വിസ്റ്റ്സർലൻഡ് തുടങ്ങിയ വികസിത രാജ്യങ്ങളാണ്‌ മുൻനിരയിൽ നിൽക്കുന്നത്. എന്താണ്‌ ഈ രാജ്യങ്ങളുടെ പ്രത്യേകത ? മെച്ചപ്പെട്ട ഭൂപ്രകൃതിയും കാലാവസ്ഥയും, ദാരിദ്ര്യമില്ലായ്മ, വിഭവങ്ങളുടെ സുലഭത, അടിച്ചമർത്തുന്ന നിയമങ്ങളുടെ അഭാവം ഇതൊക്കെ ആ പ്രദേശത്തെ ജനജീവിതം സുഗമമാക്കാൻ സഹായിക്കുന്നു. ബഹുസ്വരതയില്ലായ്മയും കുറഞ്ഞ ജനസാന്ദ്രതയും സുഗമവും സുഭിക്ഷവുമായ ജീവിതം സാധ്യമാക്കുന്നു. യൂറോപ്യൻ സമ്പന്നതയ്ക്കും ആനന്ദത്തിനും ഒരു ദോഷകരമായ മറുവശം കൂടെയുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലെയും ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലെയും പ്രകൃതിയെയും വനവിഭവങ്ങളെയും ചൂഷണം ചെയ്തതിന്റെ ഫലമാണത്. അടിമത്വത്തിനെ ഗുണഭോക്താക്കളായവർ. ആഫ്രിക്കൻ രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളും അതിന്റെ കെടുതികൾ അനുഭവിക്കുന്നു. ‘ഒരു ശരാശരി മലയാളി അവന്റെ അടുക്കള മാലിന്യം തൊട്ടടുത്ത പുരയിടത്തിൽ തള്ളുമ്പോൾ ഒരു യൂറൊപ്യൻ അവന്റെ ആണവമാലിന്യം അടുത്ത ഭൂഖണ്ഡത്തിൽ തള്ളാൻ കെൽപ്പുള്ളവനാണ്‌’ എന്ന് പറഞ്ഞത് ഈ അവസരത്തിൽ അനുസ്മരിക്കാം. ഇത്തരം വികസനത്തിന്റെ തിക്തഫലം മറ്റാരെങ്കിലുമൊക്കെ അനുഭവിക്കേണ്ടിവരുന്നുവെന്നതാണ്‌ യാഥാർത്ഥ്യം. ആവശ്യത്തിനു മാത്രം എടുക്കുക എന്ന തത്വത്തിനുപകരം, അപരന്റെയും തന്റെതന്നെ ഭാവിതലമുറയുടെയും സമ്പത്തിനെയും ഐശ്വ്ര്യത്തിനെയും ഇല്ലാതാക്കുകയും ഭൂമിയുടെയും ജീവജാലങ്ങളുടെയും നാശത്തിനുകാരണമാകുകയും ചെയ്യുന്ന ധൂർത്താണ്‌ വികസിതരാജ്യങ്ങളിൽ കാണാൻ കഴിയുന്നത്. പെട്രോളിയം, ഭക്ഷണം, വാഹനങ്ങൾ എന്നിവയുടെയൊക്കെ ഉപയോഗപരിധി നിശ്ചയിക്കുന്നത് അവയുടെ ആവശ്യകതയല്ല, മറിച്ച് അവയുടെ വിലയും നമ്മുടെ ധനവിനിയോഗശേഷിയുമാണ്‌ എന്നുവരുന്നിടത്ത് ധൂർത്ത് സംഭവിക്കുന്നു.

ഇന്ത്യയെപ്പോലെ ഒരു വികസ്വര-ബഹുസ്വര രാഷ്ട്രത്തിന്‌ അനുയോജ്യമായിട്ടുള്ളത് എങ്ങനെയുള്ള വികസന സമീപനമായിരിക്കും ? 
- ശുചിത്വം, 
- അക്രമമില്ലായ്മ, 
- മാലിന്യരഹിതമായ പ്രകൃതി, 
- ചികിത്സയുടെ ആവശ്യം നന്നേ കുറയ്ക്കുന്നതിനുപകരിക്കുന്ന ആരോഗ്യ പരിപാലന സൗകര്യങ്ങൾ, 
- ഭക്ഷണവും പാർപ്പിടവും, 
- വിനോദോപാധികൾ, 
ഇത്രയും മാത്രം പോരാ ഇവയെയൊന്നും ഹനിക്കാത്ത തരത്തിൽ ബഹുസ്വരതയെ മാനിച്ചുകൊണ്ടുള്ള നിയമസംവിധാനങ്ങളും കൂടെ ചേരുമ്പോൾ രാജ്യം സുന്ദരവും ജീവസ്സുറ്റതും ജനങ്ങൾ ആനന്ദം അനുഭവിക്കുന്നവരും ആയിരിക്കും. വിദ്യാഭ്യാസവും തോഴിലുമൊക്കെ ലക്ഷ്യങ്ങളല്ല, ആനന്ദത്തിലേക്കുള്ള മാർഗ്ഗങ്ങളാണ്‌; ലക്ഷ്യത്തിലേക്ക് എത്തിക്കുന്നവിധം അവയെ നാം വിവേകപൂർവ്വം ചിട്ടപ്പെടുത്തണം. ഭൂട്ടാൻ മോഡൽ വികസനത്തിൽ സംഭവിക്കുന്നതും അതായിരിക്കാം. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനു പകരം പ്രകൃതിയെ പുനരുജ്ജീവിപ്പിക്കുന്നു, അടിമകളെക്കൊണ്ട് പണിയെടുപ്പിച്ച് പ്രതിഫലം കൊടുക്കുന്നതിനു പകരം ഉടമകളാക്കുന്നു.

2017 ജൂൺ 2ന്‌ സംഘടിപ്പിച്ച മനോരമ കോൺക്ലേവിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ആർട്ട് ഓഫ് ലിവിങ്ങ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കറും ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുകയുണ്ടായി. വിഷയം ‘ആനന്ദം’ എന്നതുതന്നെ. മലയാളികളിൽ സന്തോഷത്തിന്റെ സൂചിക താഴ്ന്നു നിൽക്കുന്നുവെന്ന കണ്ടത്തലിന്റെ പശ്ചാത്തലത്തിലാണ്‌ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതുതന്നെ. നാടിനെ മുഖഛായ മാറ്റുന്ന തരത്തിലുള്ള വികസനം കൊണ്ടുവരാൻ കഴിയുന്നതാണ്‌ അഞ്ചുവർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ ഏറ്റവും സന്തോഷം പകരുന്ന കാര്യം എന്നാണ്‌ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. വളരെ നല്ലത്. ഇന്നത്തെ ജിഡിപി അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾക്കുപരം ജിഎൻഎച്ച് ലക്ഷ്യമാക്കിയുള്ള വികസന പദ്ധതികളായിരിക്കണം നമ്മുടേത്.

ടൂറിസം, ജലപാതകളുടെ വികസനം, വിവരസാങ്കേതികവിദ്യ, ആയുർവേദത്തിന്റെയും ഔഷധസസ്യങ്ങളുടെയും വികസനം, നഴ്സുമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും മികച്ച പരിശീലനം, പ്രത്യേക സാമ്പത്തിക മേഖല രൂപീകരണം, ആഴക്കടൽ മത്സ്യബന്ധനം, സംസ്കരണം സമുദ്രോൽപന്ന വിപണനം, തീരദേശവികസനം, റബ്ബർ തേയില കാപ്പി സുഗന്ധവ്യഞ്ജനങ്ങൾ നാളികേരം ഫലവർഗ്ഗങ്ങൾ എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നങ്ങൾ, ബഹിരാകാശ സംരംഭങ്ങൾ എന്നിങ്ങനെയുള്ള പത്തിന വികസന പദ്ധതികളെക്കുറിച്ച് പ്രസിഡന്റ് ഡോ.എ.പി.ജെ അബ്ദുൾ കലാം 2005 ജൂലൈ 28ന്‌ നിയമസഭയിൽ ഒരു പ്രസംഗം അവതരിപ്പിക്കുകയുണ്ടായി. അവയിൽ ജലപാതകളുടെ വികസനം, ആയുർവ്വേദത്തിന്റെയും ഔഷധസസ്യങ്ങളുടെയും വികസനം, കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നീ ഇനങ്ങളെക്കുറിച്ച് അൽപം വിശദമായി പരിചയപ്പെടാം:

ജലപാതകളുടെ വികസനത്തിന്‌...

"നദികളും കായലുകളും മനുഷ്യ നിർമ്മിത കനാലുകളും ഉൾപ്പെടെ കേരളത്തിന്റെ ഉൾനാടൻ ജലപാതകൾ 1895 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്‌. ഉൾനാടൻ ജലഗതാഗതത്തിനായി കേരളത്തിൽ ധാരാളം നദികളും കായലുകളും കനാലുകളുമുണ്ട്. പക്ഷെ കേരളത്തിനു വേണ്ടത് തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന ഒരു സ്മാർട്ട് വാട്ടർ വേ ആണ്‌. കുറുകെ തീർക്കുന്ന കനാലുകൾ വഴി ഇത് സംസ്ഥാനത്തെ മുഴുവൻ ബന്ധിപ്പിക്കും. എന്നാൽ ദീർഘ് ജലപാത പദ്ധതി പൂർണ്ണമായി പ്രയോജനപ്പെടുത്തണമെങ്കിൽ ഇപ്പോഴുള്ള കനാലുകളും നദീജല സംവിധാനവും മെച്ചപ്പെടുത്തണം. ഈ സ്മാർട്ട് വാട്ടർ വേയ്ക്ക് ജലഗതാഗത യോഗ്യമായ ആഴവും വീതിയുമുണ്ടാവണണം. വർഷം മുഴുവൻ ഗതാഗതം സാധ്യമാകുന്ന സാഹചര്യം വേണം. 
ദിവസവും 18 മണിക്കൂർ എങ്കിലും യാത്ര സാധ്യമാവണം. സാധനം കയറ്റിറക്കിന്‌ സൗകര്യങ്ങളുള്ള സ്ഥലങ്ങളുണ്ടാവണം. ജലപാത വേണ്ടത്ര വെളിച്ചമുള്ളതും ആധുനിക ജലഗതാഗത-വാർത്താവിനിമയ സംവിധാനങ്ങളുള്ളതും ആവണം.ഇപ്പോൾ വേമ്പനാട്ടുകായൽ മുതൽ തൃശൂർ വരെ ജലഗതാഗതമാർഗ്ഗമുണ്ട്. കോട്ടപ്പുറാം മുതൽ കൊല്ലം വരെയുള്ള പടിഞ്ഞാറൻ തീര കലാലിന്റെയും ഉദ്യോഗമണ്ഡൽ മുതൽ ചമ്പക്കര കനാൽ വരെയുള്ള ദേശീയ ജലപാത-3ന്റെയും നിർമ്മാണം പുരോഗമിക്കുകയാണ്‌. ചെലവുകുറഞ്ഞ ഗതാഗത സൗകര്യവും ജലയാത്രാവിനോദസഞ്ചാരവും സാധ്യമാക്കാൻ മറ്റുള്ള പ്രദേശങ്ങൾക്ക് ഇനി മുൻഗണന നൽകണം. റെയിൽ മാർഗ്ഗത്തിൽ ഇരട്ടിയും റോഡ് ഗതാഗതം വഴിയായാൽ എട്ടിരട്ടിയുമാണ്‌ ജലമാർഗ്ഗമുള്ള ചരക്കുഗതാഗതത്തെ അപേക്ഷിച്ച് ചെലവേറുക. ജലമാർഗ്ഗം വ്യാപകമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ റോഡിലെ തിരക്ക് ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷണം കാര്യക്ഷമാക്കാനും കഴിയും.
ദീർഘ ജലപാത പ്രാവർത്തികമാക്കാൻ സ്വകാര്യ-സർക്കാർ പങ്കാളിത്തത്തോടെ നിർവ്വഹണവും ആഴംകൂട്ടലും ജലഗതാഗതസൗകര്യം വർദ്ധിപ്പിക്കലും ദൗത്യമായി ഏറ്റെടുത്ത് നടപ്പാക്കണം. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്തസംരംഭമായി ഏറ്റെടുക്കണം. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും പ്രതിബന്ധമായാൽ അതു തരണം ചെയ്യാൻ പ്രത്യേക സംവിധാനവും ഉണ്ടാവണം.
ഒട്ടേറെ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയും വിനോദസഞ്ചാരവും മെച്ചപ്പെടുത്താൻ ജലപാതകൾ ഇടയാക്കിയിട്ടുണ്ട്. സ്വകാര്യ സംരംഭകർ രംഗത്തുവരുമ്പോൾ അവർക്കുണ്ടാകുന്ന തടസ്സങ്ങൾ നീക്കാൻ നയപരമായ തീരുമാനങ്ങളും നിയമസഹായവും സർക്കാർ മുൻകൈയ്യെടുത്ത് പ്രഖ്യാപിക്കണം. ഏകദേശം 650 കിലോമീറ്റർ ദൈർഘ്യം വരുന്ന ജലപാതയ്ക്ക് വ്യക്തമായ ആസൂത്രണം വേണം. ജലസേചനസാധ്യതകൾ, ശുദ്ധജല ലഭ്യത, പ്രളയനിയന്ത്രണം, കൂടുതലായി വേണ്ടിവരുന്ന വൈദ്യുതി, വിനോദസഞ്ചാര സാധ്യത, ജോലി സാധ്യത എന്നിവയെല്ലാം കണക്കിലെടുത്തുവേണം പദ്ധതി തയ്യാറാക്കാൻ. ഈ റിപ്പോർട്ട് തയ്യാറാക്കുന്ന ചുമതല സർക്കാർ ഏതെങ്കിലും പ്രഫഷനൽ സ്ഥാപനങ്ങളെ ഏൽപ്പിക്കണം. ജലപാതയ്ക്കു വേണ്ടിയുള്ള വൈദ്യുതി, വർഷം മുഴുവൻ ഇതുവഴിയുള്ള യാത്രാ-ചരക്ക് ഗതാഗതം എന്നിവ സംബന്ധിച്ച് നിയമസഭ പ്രത്യേക നയപരിപാടി പ്രഖ്യാപിക്കുകയും സാങ്കേതിക മേന്മയോടെ ജലപാത പ്രാവർത്തികമാക്കുകയും ചെയ്യുന്നതോടെ കൂടുതൽ തോഴിലവസരങ്ങളും അതുവഴി സംസ്ഥാനത്തിന്‌ പുരോഗതിയും കൈവരിക്കാനാകും."

ആയുർവ്വേദത്തിന്റെയും ഔഷധസസ്യങ്ങളുടെയും വികസനം...


"..............ഔഷധസസ്യങ്ങളാലും സൂക്ഷ്മ ജൈവവ്സ്തുക്കളാലും സമ്പന്നാണ്‌ കേരളം. വികസിതരാജ്യങ്ങൾ ഈ ഔഷധങ്ങൾ അസംസ്കൃതവസ്തുവായി ഇവിടെ നിന്ന് കയറ്റുമതി ചെയ്യുകയും മൂല്യവർദ്ധിത ഉത്പന്നങ്ങളായി ഇന്ത്യടക്കമുള്ള വികസ്വരരാജ്യങ്ങളിലേക്ക് വിത്തിനമായും മരുന്നായും ജൈവവസ്തുക്കളായും കയറ്റി അയയ്ക്കുകയും അതിന്റെ പേറ്റന്റ് നേടുകയും ചെയ്യുന്നു. ഇതുമാറണം. പകരം നമ്മുടെ ഗവേഷണ വികസന മാർഗ്ഗങ്ങൾ ഉപയോഗിച്ച് അവയുടെ മൂല്യം വർദ്ധിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും വേണം. ലോകത്തിലെ മൊത്തം ഔഷധവിപണി ഇന്ന് 55,000 കോടി ഡോളറിന്റേതാണ്‌. ഇതിൽ 6100 കോടി ഡോളറാണ്‌ ഔഷധ സസ്യങ്ങളുടെ വിപണി. പാരമ്പര്യ ഔഷധരംഗത്തെ ഇന്ത്യയുടെ സംഭാവന വെറും 30 കോടി ഡോളർ മാത്രമാണ്‌. മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിന്‌ 200 കോടി ഡോളർ നേടാൻ കഴിയും. ഇതിന്‌ നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുങ്ങണം."

കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ...

"റബ്ബർ, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, നാളികേരം, ഫലവർഗ്ഗങ്ങൾ തുടങ്ങിയവ കേരളം പരമ്പരാഗതമായി ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ ഏതാനും വർഷങ്ങളായി പല രാജ്യങ്ങളും ഇവ ഉൽപാദിപ്പിക്കാൻ തുടങ്ങിയതോടെ നമ്മുടെ ഉൽപാദകർ വൻ മത്സരം നേരിടുകയാണ്‌ ഉൽപാദനം വർദ്ധിപ്പിക്കാൻ സാങ്കേതിക വിദ്യയും പുതുമയും പ്രയോഗിക്കേണ്ടത് ആവശ്യമായിരിക്കുന്നു.  ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കു പ്രാമുഖ്യം നൽകി വൈവിധ്യമാർന്ന മൂല്യവർധിത ഉൽപന്നങ്ങൾ രൂപപ്പെടുത്തേണ്ടതും ആവശ്യമാണ്‌. ഉദാഹരണമായി ഒരു ഹെക്ടറിൽ നിന്ന് കിട്ടുന്ന ശരാശരി റബ്ബർ 1700 കിലോയാണ്‌. മൽസരാധിഷ്ഠിത വിപണിയിൽ ഉൽപാദകന്‌ ഇതിൽ നിന്ന് ലഭിക്കുന്നത് ഏകദേശം 1 ലക്ഷം രൂപയും. എന്നാൽ ഉല്പാദകന്‌ ഇതിന്റെ ഇരട്ടി വരുമാനം ലഭിക്കും വിധം വൈവിധ്യമാർന്ന റബ്ബർ വികസിപ്പിക്കാൻ റബർ ഗവേഷണ വികസന സ്ഥാപങ്ങളും  റാബർ ഉല്പാദകരും റബ്ബർ ഉപയോക്താക്കളും ചേർന്ന് സംവിധാനമൊരുക്കണം. കൃഷിക്കാർക്ക് അധികവരുമാനം ലഭിക്കുംവിധം റബ്ബർ തോട്ടങ്ങളിൽ തണലത്തുവളരുന്ന വിളകൾ സംബന്ധിച്ചും ഗവേഷണ സ്ഥാപനങ്ങൾ നിർദ്ദേശം നൽകണം. റബ്ബർ തോട്ടങ്ങളിൽ തന്നെ ചെയ്യാവുന്ന മറ്റൊരു സംരംഭമാണ്‌ തേനീച്ച വളർത്തൽ. കടുത്ത മൽസരം അഭിമുഖീകരിക്കാൻ കർഷകരെ പ്രാപ്തമാക്കുംവിധം തേയില, കാപ്പി, നാളികേരം, മൂല്യവർദ്ധിത ഫലവർഗ്ഗങ്ങൾ തുടങ്ങിയവയുടെയും അവയുടെ ഉപോല്പന്നങ്ങളുടെയും ഉപയോഗത്തിലെ നൂതന മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കാൻ ഗവേഷണ സ്ഥാപങ്ങളും ഉൽപാദകരും രംഗത്തിറങ്ങണം."

പത്തിന വികസന പദ്ധതികളെക്കുറിച്ചുള്ള പ്രസംഗത്തോട് അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന ശ്രീ. പിണറായി വിജയൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: “രാഷ്ട്രപതിയുടെ വികസന ദൗത്യങ്ങളെക്കുറിച്ച് സമഗ്ര ചർച്ചനടത്തി പ്രായോഗികമായവ നടപ്പാക്കണം. സഭയ്ക്കകത്തും പുറത്തും ചർച്ച നടത്തി പൊതു അഭിപ്രായം രൂപീകരിക്കണം. സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനു പോതുവേ സ്വീകാര്യമായ ചില നിർദ്ദേശങ്ങളും രാഷ്ട്രപതിയുടെ നിയമസഭാപ്രസംഗത്തിലുണ്ട്.” അവയെല്ലാം. തീർച്ചയായും കേരളത്തിന്റെ സുസ്ഥിര വികസനത്തിന്‌ ഏറെ പ്രയോജനപ്പെടുന്നതാണ്‌. 2010ൽ പൂർത്തിയാക്കാൻ കരുതി അവതരിപ്പിച്ച ആ പദ്ധതികൾ ഈ 2017ൽ പുനരുജ്ജീവിപ്പിക്കനാവില്ലേ ?!

നഗരം (city) എന്നാൽ പരിപൂർണ്ണമായ ആവാസ വ്യവസ്ഥ എന്നർത്ഥം. പറുദീസയെന്നോ വാഗ്ദത്ത ഭൂമിയെന്നോ ഒക്കെ മനുഷ്യർ അതിനെ വിളിക്കുന്നു. ഭക്ഷണത്തിനും വെള്ളത്തിനും മറ്റ് ദേശത്തിനെ ആശ്രയിക്കേണ്ടിവരുന്ന, രോഗബാധയാൽ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന, മാലിന്യം എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്ന, അക്രമവും ദാരിദ്ര്യവുമുള്ള, സ്വാതന്ത്ര്യവും വിവേകവുമില്ലത്ത ഒരു ദേശത്തിനെ നഗരം എന്ന് വിളിക്കാനാവില്ല. നഗരാസൂത്രണമെന്നത് ഒരു കലയാണ്‌. ചില പുരാതന നഗരങ്ങളിൽ അത്തരമൊരു  വൈദഗ്ധ്യം ഉണ്ടായിരുന്നതായി ചരിത്രത്തിൽ കാണാം. മനസ്സിന്റെയും ശരീരത്തിന്റെയും ചുറ്റുപാടിന്റെയും ആരോഗ്യം, മെച്ചപ്പെട്ട മാനുഷിക ബന്ധങ്ങൾ ഇവയാണ്‌ ഒരു മനുഷ്യന്റെ ആനന്ദത്തിന്റെ തോത് നിർണ്ണയിക്കുന്നത്. അവയിലേക്കെത്താനുള്ള ചുവടുകൾ വിവേകപൂർവ്വം തെരഞ്ഞെടുത്ത് ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നിടത്ത് ആനന്ദം യാഥാർത്ഥ്യമാകുന്നു.

~ ~ ~ ! ~ ~ ~

References:
1. 2005 ഓഗസ്റ്റ് 3 മുതൽ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘ലക്ഷ്യം 2010 -  5 വർഷം 10 വഴികൾ’ എന്ന ലേഖന പരമ്പര. രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപവും പ്രത്യേക പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
2. 2015 ഓഗസ്റ്റ് 30 ഞായറാഴ്ച സപ്ലിമെന്റിൽ ഭൂട്ടാനെക്കുറിച്ചും ജിഎൻഎച്ച് നെക്കുറിച്ചും എഴുതിയ ലേഖനം.
5. 'സഞ്ചാരികൾ കണ്ട കരളം' by വേലായുധൻ പണിക്കശ്ശേരി
Image Courtesy: https://pixabay.com

2 comments:

 1. പണവും സമ്പത്തും വാഴുന്ന ഈ ലോകത്ത്
  പരമാനന്ദത്തിന്‌ ഊന്നൽ നൽകുന്ന ഒരു രാജ്യമുണ്ട്.
  ശുദ്ധമായ ആന്തരിക പ്രകൃതിക്കൊപ്പം സ്വച്ഛന്ദമായ ബാഹ്യപ്രകൃതികളുടെ
  രൂപീകരണവും കൂടെ സംഭവിക്കുമ്പോഴാണ്‌ ആനന്ദം എന്നത് ഒരു ധാരണ
  എന്നതിനപ്പുറം ഒരു യാഥാർത്ഥ്യമായിത്തീരുന്നത്. അതുകൊണ്ടാണ്‌ "Happiness is a place"
  എന്ന് ബൂട്ടാൻ ആ രാജ്യത്തിന്റെ പ്രവേശന കവാടത്തിൽ എഴുതിയിർക്കുന്നത്. അതെ...ആനന്ദം ഒരു
  അവസ്ഥ മാത്രമല്ല ഒരു ഇടം കൂടിയാണ്‌.

  ReplyDelete
 2. കൊള്ളാം.ഇഷ്ടപ്പെട്ടു.ഇന്ത്യയിൽ നടപ്പിലാക്കാൻ പറ്റത്തില്ലെന്ന് മാത്രം.

  ReplyDelete