Saturday, November 26, 2016

മതം : കല, ശാസ്ത്രം, മൂല്യങ്ങൾ

tourism kerala

മതം എന്നത് ഏറ്റവും ലളിതമായ രൂപത്തിൽ ‘ഐശ്വര്യവും സമാധാനവും മാനുഷിക മൂല്യങ്ങളും’ ഉൾക്കൊള്ളുന്ന സംഹിത ആണെന്നു പറയാം. അവയുടെ ബാഹ്യവും പ്രത്യക്ഷവുമായ തലങ്ങളിലേക്ക് കടക്കുമ്പോൾ കല, ശാസ്ത്രം, മൂല്യങ്ങൾ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ ഉള്ളതായി കാണാം.

1. കല (Art & Aesthetics)

temple culture thailand
ഒരു മനുഷ്യനെ മതം സ്വാധീനിക്കുന്നതിലെ മുഖ്യവും പ്രത്യക്ഷവുമായ ഘടകം അതിന്റെ കലാപരമായ സൗന്ദര്യമാണ്‌. ഒരു സംസ്കാരം എന്നു പറയുന്നതിന്റെ പ്രധാന ഭാഗം തന്നെയാണത്. പ്രകൃതിദത്തമോ അല്ലാത്തതോ ആയ മനോഹരവും വൃത്തിയുള്ളതുമായ അതിന്റെ വിന്യാസം. പൈതൃകം എന്നൊക്കെ വിളിക്കുന്ന നിർമ്മിതികളുടെ കലാപരമായ സൗന്ദര്യം ഏറെയാണ്‌. അത് കെട്ടിടമോ ശിൽപമോ മറ്റ് ഉപകരണമോ ആയിക്കൊള്ളട്ടെ സൗന്ദര്യബോധത്തിൽ നിന്നുകൊണ്ടാണ്‌ അവയുടെ നിർമ്മിതി. കാലദേശാതീതമായ ഒരു കാര്യമാണിത്. “ഒരു കെട്ടിടമോ നിർമ്മിതിയോ കണ്ടാൽ അതവിടെ നിർമ്മിച്ചതാണെന്നല്ല, അതവിടെ മുളച്ചുവന്നതാണെന്ന് തോന്നണം” എന്നത്‌ ലോകത്തെവിടെയായിരുന്നാലും വാസ്തുവിദ്യയുടെ സുപ്രധാന ആശയം തന്നെയാണ്‌. അത്രമാത്രം പ്രകൃതിയോടും മനുഷ്യമനസ്സിനോടും ഇണങ്ങിയ നിർമ്മിതിയായിരിക്കണം അത്. പുരാതനമായ ക്ഷേത്രങ്ങളും ക്ഷേത്രങ്ങൾ, ക്ഷേത്രനഗരങ്ങൾ, യൂറോപ്യൻ നിലവാരത്തിലുള്ള ക്രിസ്ത്യൻ ദേവാലയങ്ങൾ, ബുദ്ധക്ഷേത്രങ്ങൾ, ഈജിപ്ഷ്യൻ നിർമ്മിതികൾ, പേർഷ്യയിലെയും മിറ്റും ഇസ്ലാമിക ആരാധനാലയങ്ങൾ തുടങ്ങിയവയൊക്കെ സൗന്ദര്യബോധം പുലർത്തിക്കൊണ്ടുള്ള നിർമ്മിതികളാണ്‌.
വാസ്തുകല, പാരീസ്

ദൃശ്യങ്ങൾ മാത്രമല്ല അവയ്ക്ക് പശ്ചാത്തലമൊരുക്കുന്ന ശബ്ദവിന്യാസവും കലയുടെ അവിഭാജ്യഘടകം തന്നെയാണ്‌. പൗരസ്ത്യവും പാശ്ചാത്യവുമായ സംഗീത പശ്ചാത്തലം, Tibetan Flute music, ഭാരതീയക്ഷേത്രങ്ങളിലെയും ബുദ്ധവിഹാരങ്ങളിലെയും ക്രിസ്ത്യൻ ദേവാലയങ്ങളിലെയും മണിനാദം, ഓടക്കുഴൽ, വീണ തുടങ്ങിയ വാദ്യോപകരണങ്ങൾ, ഈജിപ്ഷ്യൻ-അറേബ്യൻ സംഗീതം, മനോഹരദൃശ്യവും സംഗീതവും ഒത്തുചേരുന്ന വിവിധതരം നൃത്തങ്ങൾ തുടങ്ങിയവ മതവുമായി ബന്ധപ്പെട്ട് കാണാം. മതമെന്നോ സംസ്കാരമെന്നോ പൈതൃകമെന്നോ എന്തുതന്നെ വിളിച്ചാലും മനുഷ്യനിൽ അവ സൃഷ്ടിക്കുന്ന ഗുണപരമായ സ്വാധീനമാണ്‌ കാണേണ്ടത്. ആചാരങ്ങളിൽ ചിലത് കലാസ്വാദനം ലക്ഷ്യമിട്ടുള്ളതാണ്‌. ദൃശ്യ-ശ്രാവ്യ ഘടകങ്ങൾ മാത്രമല്ല പഞ്ചേന്ദ്രിയങ്ങളിൽ ഓരോന്നിനെയും സുഷുപ്തിയിൽ എത്തിക്കാൻ തക്കവണ്ണമുള്ള ഒരു മനോഹരമായ സമ്മേളനം മതങ്ങളിൽ കാണാം. ചന്ദനവും പുഷ്പവും പനിനീരും ഉൾപ്പെടെ സുഗന്ധവാഹിയായ കുളിർമ്മയേകുന്ന അന്തരീക്ഷം ഒരുക്കാൻ മതങ്ങൾ ശീലിപ്പിക്കുന്നു....ഇങ്ങനെ നോക്കുമ്പോൾ ലോകരാജ്യങ്ങളിൽ ഏതിന്റെയായാലും പൈതൃകത്തിനോട് മനുഷ്യർക്ക് ഒരു താൽപര്യവും ആദരവും തോന്നാനുള്ള പ്രത്യക്ഷമയ ഘടകവും ഇതുതന്നെയായിരിക്കണം. എന്തുകൊണ്ടെന്നാൽ ഇതൊന്നും പഠിച്ച് വച്ചിരിക്കുന്ന പാഠങ്ങളോ തത്വങ്ങളോ അല്ല; ഭൗതികമായി ഇതിൽ ജീവിച്ചുകൊണ്ടുതന്നെ ബുദ്ധിപരമായ പ്രയതങ്ങൾ കൂടാതെതന്നെ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ഒത്തുചേരൽ എന്തെന്ന് മനസ്സിലാക്കാനുള്ള ചുറ്റുപാടൊരുക്കുന്നു. മതത്തിന്റെ അവിഭാജ്യഘടകം തന്നെയാണ്‌ അതിന്റെ നാനാവിധത്തിലുമുള്ള, പഞ്ചേന്ദ്രിയങ്ങൾക്കിണങ്ങുന്നവിധമുള്ള കലാപരമായ സമ്മേളനം. ഇത് മതത്തിൽ മാത്രം ഒതുങ്ങുന്നതാണെന്ന് ധരിക്കരുത്. ആധുനിക ഹെറിറ്റേജ് റിസോർട്ടുകളിൽ വരെ ഇത്തരം സജ്ജീകരണങ്ങൾ കാണാം. ഭംഗിയും വൃത്തിയുമുള്ള (beautiful, hygienic and non-toxic) അമിതമായ ചൂടോ തണുപ്പോ ഇല്ലാത്ത സുഖകരമായ അന്തരീക്ഷമുള്ള ഇടങ്ങൾ.

ശാസ്ത്രം (Science)

ayurveda kerala
മതത്തിലെ ശാസ്ത്രീയമായ ഘടകം ആഹാരം, ഔഷധം, ദിനചര്യകൾ, ജൈവപ്രക്രിയകൾ, ഭൗതികമായ ചുറ്റുപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്നതായി കരുതാം. ആധുനികശാസ്ത്രപ്രകാരം നിർവ്വചനം ഉള്ളതോ ഇല്ലാത്തതോ ആയ കാര്യങ്ങൾ അതിൽപ്പെടുന്നു. മനുഷ്യന്റെയും പ്രകൃതിയുടെയും ജൈവീകമായ ഘടകങ്ങളും അവയുടെ പരസ്പര പ്രവർത്തനങ്ങളുമെല്ലാം ഇതിന്റെ പരിധിയിൽ വരുന്നു. ആയുർവ്വേദം, വാസ്തുശാസ്ത്രം, ജ്യോതിഷം, താന്ത്രിക-പൗരോഹിത്യ കർമ്മങ്ങൾ, കാർഷികവൃത്തിക്കുള്ള നിർദ്ദേശങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽപ്പെടും. പൗരസ്ത്യമോ പാശ്ചാത്യമോ മാത്രമല്ല പുരാതന ഈജിപ്തിലും പേർഷ്യയിലുമെല്ലാം ഇത്തരത്തിലുള്ള പ്രമാണങ്ങൾ ഉണ്ട്. വാസ്തുവിദ്യയെന്നത് ഒരേസമയം കലയും ശാസ്ത്രവും സമ്മേളിക്കുന്ന നിർമ്മാണരീതിയാണ്‌. ആഹാരം, ഉപവാസം, ഔഷധം തുടങ്ങി ഒരു വ്യക്തിയുടെ ജൈവപ്രക്രിയയെ സ്വാധീനിക്കുന്ന ഘടകങ്ങൾ മതത്തിലെ ശാസ്ത്രീയതയുടെ സ്വാധീനമാണ്‌. ശുചിത്വം പാലിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമമങ്ങളും ദിനചര്യകളും നിർദ്ദേശിക്കുകയും ചെയ്യുന്നു. മനുഷ്യന്റെയും പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സമഗ്രമായ സ്വാസ്ഥ്യവും ആരോഗ്യവും പരസ്പരപൂരണവും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്‌ അതിലെ ശാസ്ത്രീയ തത്വങ്ങളും അവയുടെ ആചരണവും. കലയെന്നപോലെ ബാഹ്യമായി പ്രത്യക്ഷമാകുന്നില്ലായിരിക്കാമെന്നുമാത്രം. ചില ആചാരങ്ങൾ ഇത്തരം ശാസ്ത്രീയ ഘടകങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌. ഇത്തരം ആചാരങ്ങളുടെ ശാസ്ത്രീയത അറിയില്ലെങ്കിൽ പോലും ആചരണത്തിൽ തെറ്റ് കടന്നുകൂടിയിട്ടില്ലായെങ്കിൽ ഗുണഫലം ലഭിക്കുമെന്ന് കരുതാം. ഇങ്ങനെയുള്ള ആചാരങ്ങളിൽ അറിവില്ലായ്മസംഭവിക്കുന്നത് അന്ധവിശ്വാസങ്ങൾ കടന്നുകൂടുന്നതിനും കാരണമായേക്കാം.

മൂല്യങ്ങൾ (Ethics & Morality)

religious books
മനുഷ്യൻ ഒരു സാമൂഹികജീവി എന്ന നിലയിൽ ജീവിക്കുമ്പോൾ അനുവർത്തിക്കേണ്ടതയിവരുന്ന  ചിട്ടകൾ മുതൽ അന്തർജ്ഞാനത്തെ ഉയർത്താനുള്ള തത്വങ്ങൾ വരെ ഇവിടെ മൂല്യങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നു. വ്യത്യസ്തങ്ങളായ വീക്ഷണങ്ങളും ദർശനങ്ങളും ഇതിലുണ്ട്. വ്യക്തിപരമായ തലം മുതൽ ലോകനന്മയ്ക്കുതകുന്ന ദർശനങ്ങൾ വരെ ഇതിൽപ്പെടും. ആന്തരികമോ ലൗകികമോ ആയ തലത്തിൽ കൂടുതൽക്കൂടുതൽ സമാധാനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും തൃപ്തിയിലേക്കും നയിക്കുന്നതായിരിക്കണം ഓരോ ദർശനങ്ങളും നിയമങ്ങളും. നിരവധി മഹദ് വ്യക്തികളുടെ സ്വാധീനവും സംഭാവനകളും ഒരോ മതത്തിലും കാണാൻ കഴിയും. മതചിഹ്നങ്ങളിൽ ധാരാളം മൂല്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്. ചിഹ്നങ്ങൾ/പ്രതീകങ്ങൾ വെറുതെ ഉപയോഗിച്ചതുകൊണ്ടായില്ല. അവയുടെ തത്വങ്ങൾ അറിയണം, അത് നമ്മിൽ ലയിച്ചുചേർന്നിരിക്കണം.
Buddhism kerala
ചില ആചാരങ്ങാൾ മൂല്യങ്ങളുടെ പ്രതീകവൽക്കരണം എന്ന നിലയിലാണ്‌ അനുഷ്ഠിക്കുന്നത്. ഇത്തരം ആചാരങ്ങൾ പ്രതീകവൽക്കരിച്ചിരിക്കുന്ന മൂല്യം എന്തെന്ന് ബൗദ്ധികമോ മാനസികമോ ആയതലത്തിൽ മനസ്സിലാക്കാതെ ഇങ്ങനെയുള്ള ആചാരങ്ങൾ തുടർന്നുപോരുന്നതിൽ ഒരു കഴമ്പുമില്ല. മൂല്യങ്ങൾ ലക്ഷ്യമാക്കിയുള്ള ആചാരങ്ങൾക്ക് അവയുടെ സാരാംശം കൈമോശം വന്നാൽ അതുവെറും ചിട്ടകൾ മാത്രമായി മാറുന്നു. അതിനാൽ മതത്തിലെ മൂല്യങ്ങളുടേതായ ഘടകം ബുദ്ധിക്കും മനസ്സിനും ഇണങ്ങുന്നതും നിർവ്വചനീയവും ആയിരിക്കണം. ഒരാളെ കണ്ടുമുട്ടുമ്പോൾ അഭിവാദ്യം ചെയ്യുന്നതുമുതൽ വിവാഹചടങ്ങുകൾ വരെ ഇത്തരത്തിലുള്ള ആചാരങ്ങളുടെ ഉദാഹരണമാണ്‌. (ചില മൂല്യങ്ങളിൽ കലാപരവും ശാസ്ത്രീയവുമായ ഘടകങ്ങൾ ഒത്തുചേർന്നിരിക്കുന്നു: പരിസ്ഥിതി സംരക്ഷണം, ശുചിത്വപാലനം എന്നിവ ഉദാഹരണങ്ങൾ.).

തീവ്രവാദത്തിന്റെ പേരിൽ മതങ്ങൾ വെറുക്കപ്പെടുന്നതിനും, പൈതൃക ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പേരിൽ മതങ്ങൾ ആദരണീയമാകുന്നതും എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലാകും. സംസ്കാരം (culture), പൈതൃകം (heritage), ആചാരാനുഷ്ഠാനങ്ങൾ (rituals and traditions), ജീവിതശൈലി (life style) എന്നിവയിലെല്ലാം ഉണ്ടായിരിക്കേണ്ട പൊതുതത്വങ്ങളാണ്‌ കലാപരമായ സൗന്ദര്യം (aesthetic beauty), ശാസ്ത്രീയത (scientific approach), മൂല്യങ്ങൾ (ethics and humanity) എന്നിവ. ഇവ ഒത്തുചേരുമ്പോൾ അതിനെ Holistic Life എന്നുവിളിക്കാം. മതത്തിന്റെ പിൻബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരമൊരു ശൈലി പ്രായോഗികമാക്കാം. വ്യക്തികളും ഭവനങ്ങളും സമൂഹവും ഈ രീതിയിൽ പരിവർത്തനപ്പെടുമ്പോൾ സമാധാനവും ഐശ്വര്യവും എന്തെന്ന് അനുഭവിച്ചറിയാനും പഠിക്കാനും അവിടേക്ക് ആളുകൾ എത്തിച്ചേരും.
~ ~ ~ ! ~ ~ ~
ചിത്രങ്ങൾക്ക് കടപ്പാട്:

5 comments:

 1. ജീർണ്ണതയുടെ സൂചിക കൂടിയാണ് മതങ്ങൾ .
  മനുഷ്യരെ ഒന്നിപ്പിക്കുന്നത് എന്താണ്? തീർച്ചയായും
  മതങ്ങളല്ല. ഓരോ മതവും വിളംബരം ചെയ്യുന്നു, അതു
  മാത്രമാണ് ശരി. രാഷ്ട്ര മീമാംസകളോ, പ്രത്യയ ശാസ്ത്രങ്ങളോ
  അല്ല. വാണിജ്യ വൽക്കരിക്ക പ്പെടുന്ന കായിക വിനോദങ്ങളും അല്ല.
  ഏറെക്കുറെ ആ ധർമ്മം അനുഷ്ഠിക്കുന്നത് കലയും സാഹിത്യവുമാണ്. സ്വതന്ത്രമായി
  പരിലസിക്കുന്ന കലയും സാഹിത്യവും മനുഷ്യരെ ഒന്നിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, മനുഷ്യരെ
  പ്രകൃതിയുമായി കൂടുതൽ ബന്ധിപ്പിക്കുക കൂടി ചെയ്യുന്നു. അതുകൊണ്ടു തന്നെ കലയ്ക്കും സാഹിത്യത്തിനും
  ഇടമില്ലാത്ത സമൂഹത്തിൽ വിഭാഗീയത കൂടുതൽ ആയിരിക്കും...( പ്രിയവ്രതൻ എഴുതിയത് )

  ReplyDelete
 2. ഐശ്വര്യവും സമാധാനവും മാനുഷിക മൂല്യങ്ങളും ഉൾക്കൊള്ളുന്ന സംഹിത മാത്രമല്ല മതങ്ങൾ. നമുക്ക് സുപരിചിതമായ മതങ്ങളിലെല്ലാം പരസ്പരവിരുദ്ധവും സാമാന്യയുക്തിക്ക് നിരക്കാത്തതുമായ നിരവധി കാര്യങ്ങൾ കാണാൻ സാധിക്കും. അവയിൽ ലിംഗവിവേചനവും അവിശ്വാസികൾക്കെതിരെയുള്ള ആക്രോശങ്ങളും അസഹിഷ്ണുതയും കാണാം. അതെല്ലാം ഒഴിച്ച് നിർത്തിയിട്ട്, മതം വലിയ സംഭവമാണ് എന്ന് പറയുന്നതിൽ വലിയ കാര്യം ഒന്നും ഇല്ല.

  ReplyDelete
 3. ഏറെ വ്യത്യസ്തമായ ഒരു പോസ്റ്റ്‌.... ഇഷ്ടമായി, ആശംസകള്‍ പ്രിയ ഹരിനാഥ്.

  ReplyDelete
 4. Happy New Year
  ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ

  ReplyDelete
 5. പുതുവത്സര ആശംസകൾ

  ReplyDelete