Wednesday, November 02, 2016

ശബരിമല: സ്ത്രീപ്രവേശനം സംബന്ധിച്ച അവ്യക്തതകൾ

ready to wait

ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരണമോ വേണ്ടയോ എന്ന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. ക്ഷേത്ര സംസ്കാരത്തിന്റേതായ പ്രമാണങ്ങളെയല്ല വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നവർ ആശ്രയിച്ചിരിക്കുന്നത്; മറിച്ച് സമത്വത്തിന്റെയും ജനാധിപത്യ നിയമങ്ങളുടേതുമാണ്‌. വിലക്ക് തുടരണമെന്ന് ആവശ്യപ്പെടുന്നവരാകട്ടെ കീഴ്വഴക്കങ്ങളെയും പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയുമാണ്‌ ആശ്രയിച്ചിരിക്കുന്നത്; അല്ല്ലാതെ  ഈ പ്രശ്നത്തിന്റെ സത്യാവസ്ഥ അറിയാനോ, നീതിയുക്തവും ശാസ്ത്രീയാടിസ്ഥാനത്തിലുള്ളതുമായ ഒരു വിശദീകരണം ഈ വിലക്കിനു പിന്നിലുണ്ടോയെന്ന് അന്വേഷിക്കാനോ ഉണ്ടെങ്കിൽ അതെന്തെന്ന് വിശദീകരിക്കുന്നതിനോ തയ്യാറാകുന്നില്ല. വിശ്വാസവും കീഴ്വഴക്കങ്ങളും കൊണ്ട് തൃപ്തിപ്പെടുന്നു.

5 കാരണങ്ങളാണ്‌ വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നവർ അവലംബിച്ചിരിക്കുന്നതായിക്കാണുന്നത്...

1. ബ്രഹ്മചര്യരൂപത്തിലുള്ള പ്രതിഷ്ഠയായതിനാൽ യുവതികൾക്ക് പ്രവേശനം പാടില്ല.
2. സ്ത്രീ പ്രവേശനം നിഷേധിച്ചിട്ടില്ല. നിയന്ത്രിച്ചിട്ടേയുള്ളൂ.
3. 41 ദിവസം വ്രതം പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാനാവില്ല.
4. ആർത്തവസംബന്ധമായ അശുദ്ധി നിലനിൽക്കുന്നതിനാൽ യൗവനകാലത്ത് (10 മുതൽ 50 വയസ്സ് വരെ) സ്ത്രീകൾ ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ല.
5. പ്രത്യേക  ഊർജ്ജനിലയുള്ള ക്ഷേത്രമാകയാൽ സ്ത്രീകൾക്ക് അത് ദോഷകരമായേക്കാം. സ്ത്രീകൾക്കുകൂടെ ദർശനം സാദ്ധ്യമാകണമെന്നുകരുതിയല്ല അവിടുത്തെ താന്ത്രികവിധികളും ക്ഷേത്രഘടനയും നിശ്ചയിച്ചിരിക്കുന്നത്.

ഇവയോരോന്നും വിശകലനം ചെയ്യുമ്പോൾ എന്തു നിഗമനത്തിലാണ്‌ എത്താനാകുന്നത് ?

1.
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ബ്രഹ്മചര്യരൂപത്തിലുള്ള പ്രതിഷ്ഠയായതിനാൽ യുവതികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. ‘അയ്യപ്പൻ ബ്രഹ്മചാരിയായതിനാൽ സ്ത്രീപ്രവേശനം പാടില്ല’ എന്ന് ചുരുക്കത്തിൽ പറയുന്നു. ഇത് അപക്വമായ സാധാരണക്കാരുടെ നിലവാരത്തിൽ നിന്നുകൊണ്ട് ചിന്തിക്കുന്നതിൽ നിന്നും എത്തിച്ചേരുന്ന നിഗമനമാണെന്ന് കരുതാം. എന്തുകൊണ്ടെന്നാൽ, ഭക്തനും ഭഗവാനും ഭക്തിയും മൂന്നല്ല ഒന്നാണ്‌ എന്ന അവസ്ഥയാണ്‌ ബ്രഹ്മചര്യം. “തത്ത്വമസി” എന്നതിന്റെ അർത്ഥവും ഇതാണ്‌. അപ്പോൾ ലൗകിക ബന്ധങ്ങളോട് പ്രതിപത്തിയോ വികാരഭാവങ്ങളോ ഒന്നുമുണ്ടാകുന്നില്ല. ഏകത്വം അനുഭവപ്പെടുന്നു. ഇതാണ്‌ ഭക്തിയുടെ പരമമായ അവസ്ഥ. ശബരിമലയിലെന്നല്ല, ഭക്തിപൂർവ്വമുള്ള ഏതൊരു സമീപനവും ഇത്തരമൊരു അവസ്ഥയിലാണ്‌ മനുഷ്യനെ എത്തിക്കുന്നത്. ദേവീസങ്കല്പങ്ങളെ ബ്രഹ്മചാരിണീഭാവത്തിലും മാതൃഭാവത്തിലുമൊക്കെ ആരാധിക്കാനും പൂജാവിധികൾ നിർവ്വഹിക്കാനും നമുക്കുകഴിയുന്നുവെന്നതും ഇതൊക്കെ സ്ത്രീപുരുഷ ഭേദമന്യേ നിർവ്വഹിക്കാനാവുമെന്നുള്ളതിന്‌ ഉദാഹരണങ്ങളാണ്‌. “വികാരങ്ങളെ അടക്കിയാൽ ബ്രഹ്മചാരിയായി” എന്ന അടിസ്ഥാനരഹിതവും ദോഷകരവുമായ ധാരണപുർലർത്തുന്നവരാണ്‌ “ബ്രഹ്മചാരിക്ക് നാരീസമ്പർക്കം പാടില്ല”, “യുവതികളുടെ സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തിന്‌ ഭംഗംവരുത്തും” എന്നൊക്കെ പറയുന്നത്.

2.
സ്ത്രീപ്രവേശനം നിരോധിച്ചിട്ടില്ല, നിയന്ത്രിച്ചിട്ടേയുള്ളൂ എന്ന പരാമർശം. ഇത് അത്ര നിർദ്ദോഷമായ ഒരു വിലയിരുത്തലാണോയെന്ന് നോക്കുക... 10 വയസ്സുവരെ കുട്ടിയാണ്‌. വാർദ്ധക്യം ആരംഭിക്കുന്നതുവരെ കയറ്റാതിരുന്നിട്ട് വാർദ്ധക്യം ആരംഭിച്ചുകഴിയുമ്പോൾ പ്രവേശനം അനുവദിക്കുന്നതിലെ അപാകതയെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. കായികവും മാനസികവും ആത്മീയവുമായി പ്രാധാന്യമുള്ള ശബരിമലദർശനത്തിന്‌ ശരീരത്തിന്റെ ആരോഗ്യവും ഓജസ്സും ക്ഷയിച്ച് വാർദ്ധക്യം ബാധിച്ചുകഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരുന്നുവെന്നത് നിസ്സാരമാണോ ? മനുഷ്യനെന്നത് ആത്മാവ് മാത്രമല്ല, ശരീരവും കൂടെ ഉൾപ്പെടുന്നതാണ്‌. ആത്മാവ് മാത്രമേ ഉള്ളൂ എങ്കിൽ അതിനെ മനുഷ്യനെന്ന് വിളിക്കാനാവില്ലല്ലോ. ആത്മാവെന്നത് മഹത്വമുള്ളതും ശരീരമെന്നത് ഹീനവും നിന്ദ്യവുമാണെന്നുമുള്ള ധാരണപുലർത്തുന്നവരുണ്ട്. പ്രകൃതിയും പ്രകൃതിയുടെ ഭാഗമായ ശരീരവും സംരക്ഷിക്കപ്പെടേണ്ടതാണെന്നറിയുക. ആത്മാവിന്റെ ശക്തമായ ഉപകരണമാണ്‌ ശരീരം എന്നാണ്‌ പറയുന്നത്. വ്രതവും സാധനകളും ശരീരത്തെ ക്ഷയിപ്പിക്കുന്നതിനല്ല, മറിച്ച് ശരീരത്തെയും മനസ്സിനെയും കൂടുതൽ പാകപ്പെടുത്തി പ്രബലമാക്കി ആത്മാവിനൊപ്പം നീങ്ങാൻ ശേഷിയും യോഗ്യതയും കൈവരിക്കുന്നതിനാണ്‌. ബാല്യ യൗവനങ്ങളിൽ അപ്രകാരം ജീവിച്ചവർക്ക് വാർദ്ധക്യത്തിലും അവയുടെ മഹനീയമായ ശേഷിപ്പുകൾ ഉണ്ടായിരിക്കുകതന്നെ ചെയ്യും. അല്ലാതെ, വാർദ്ധക്യത്തിലേക്ക് കാലെടുത്തുവച്ചുകഴിയുമ്പോൾ തുറക്കാനുള്ളതാണ്‌ ആത്മീയതയുടെ പടവുകൾ എന്നുകരുതരുത്. ഈശ്വരനും ക്ഷേത്രവും തമ്മിലുള്ള ബന്ധമാണ്‌ ആത്മാവും ശരീരവും തമ്മിലുള്ളത്. ഭക്തന്‌ ഈശ്വരനുമായി അടുക്കാൻ ക്ഷേത്രവും വിഗ്രഹവും ആവശ്യമായി വരുന്നതുപോലെ ജീവാത്മാവിന്‌ പരമാത്മാവിന്റെ സാന്നിദ്ധ്യം അനുഭവപ്പെടാൻ ശരീരം ആവശ്യമാകുന്നു. ഈ രീതിയിലെല്ലാം ചിന്തിക്കുമ്പോഴാണ്‌ Ready to Wait എന്നതീരുമാനം പുനഃപരിശോധിക്കേണ്ടതായിക്കാണുന്നത്.

3.
ആർത്തവസംബന്ധമായ അശുദ്ധി കടന്നുവരുമെന്നതിനാൽ സ്ത്രീകൾക്ക് 41 ദിവസം തുടർച്ചയായി വ്രതം പൂർത്തിയാക്കാനാവാത്തതിനാൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ശബരിമല ദർശനത്തിന്‌ അനുവദിക്കാനാവില്ല എന്ന പ്രസ്താവന... പുരുഷന്മാർക്ക് 21 ദിവസത്തെ വ്രതവുമായി ദർശനം സാധിക്കുമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ട് അതായിക്കൂടാ എന്നാണ്‌ അപ്പോൾ ചോദിക്കേണ്ടിവരുന്നത്. ശരീരത്തിലെ വിഷാംശത്തെ പുറംതള്ളുകയും വാത-പിത്ത-കഫ ദോഷങ്ങളെ ക്രമീകരിക്കുകയും ചെയ്ത്, ഒരുതരത്തിൽ വ്രതത്തിന്റെ ഫലമെന്നപോലെ ശരീരത്തിന്റെ സന്തുലിതാവസ്ഥയും ശുദ്ധിയും നിലനിർത്താൻ ആർത്തവം പ്രയോജനപ്പെടുന്നു എന്നിരിക്കെ, ഈ പ്രക്രിയ ഇല്ലാത്ത പുരുഷന്മാർക്ക് 21 ദിവസത്തെ വ്രതാനുഷ്ഠാനം മതിയെങ്കിൽ, സ്ത്രീയ്ക്ക് 21 ദിവസത്തെ വ്രതാനുഷ്ഠാനം പോരായെന്ന് പറയാൻ കാരണം കാണുന്നില്ല.

4.
ആർത്തവസംബന്ധമായ അശുദ്ധി നിലനിൽക്കുന്നതിനാൽ യൗവനകാലത്ത് സ്ത്രീകളെ ശബരിമലക്ഷേത്ര ദർശനത്തിന്‌ അനുവദിക്കാനാവില്ല എന്ന പ്രസ്താവന.... ഹിന്ദുക്ഷേത്രങ്ങളിലൊന്നും തന്നെ ആർത്തവകാലത്ത് സ്ത്രീകൾ പ്രവേശിക്കാറില്ല. എന്നുകരുതി യൗവനകാലം മുഴുവൻ മാറിനിൽക്കാറുമില്ല. ഇതിൽ നിന്നും വ്യത്യസ്തമായി 10 മുതൽ 50 വയസ്സുവരെയുള്ളവരെ മുഴുവനായി വിലക്കാനുള്ള കാരണം വ്യക്തമാകുന്നില്ല. അതായത് ആർത്തവദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുന്നത് ഒഴിവാക്കാനുള്ള കാരണങ്ങൾ മാത്രമേ വ്യക്തമാക്കാനായിട്ടുള്ളൂ. (കാരണങ്ങൾ ഇങ്ങനെ...“രക്തം, തലമുടി, നഖം ഇവയൊക്കെ ശരീരത്തിൽ നിന്നും വേറിട്ടുകഴിഞ്ഞാൽ ജഡവസ്തുവാകയാൽ എത്രയും പെട്ടെന്ന് സംസ്കരിക്കേണ്ടതാകുന്നു. മുറിവിലൂടെയുള്ള രക്തമായാലും ഇതുതന്നെയാണ്‌ വിധി. വിസർജ്ജ്യങ്ങളൊന്നും ക്ഷേത്രപരിധിയിൽ വരാൻ പാടില്ല; പ്രായോഗികമല്ലാത്തതുകൊണ്ടായിരിക്കണം വിയർപ്പ് ഈ പട്ടികയിൽ പെടാത്തത്. മിക്ക ആളുകളിലും ഇത്രയും ദിവസങ്ങൾ Aura അനാരോഗ്യകരമായി കാണപ്പെടുകയും പിത്തദോഷം അല്ലെങ്കിൽ വാത-കഫദോഷം വർദ്ധിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ ഊർജ്ജനിലയും മാനസികാവസ്ഥയും കായികക്ഷമതയും അപൂർവ്വം ചിലരിൽ ഉയർന്നുകാണാറുണ്ടെങ്കിലും മിക്കവരിലും ഇതിനുവിപരീതമായാണ്‌ സംഭവിക്കുന്നതെന്നതും ക്ഷേത്രദർശനത്തിന്‌ പ്രതികൂലമാകുന്നു."...."രജസ്വലയായ ദിനങ്ങളില്‍ തുളസി, കറിവേപ്പ് തുടങ്ങിയ ചെടികളെ തുടര്‍ച്ചയായി സ്പര്‍ശിച്ചാല്‍ ആ ചെടി വാടിയുണങ്ങുന്നത് കാണാനാകും. ഇത് ഈ ദിനങ്ങളിൽ ശരീരോഷ്മാവ് ഉയരുന്നത് പ്രകൃതിയേയും ചുറ്റുപാടുകളേയും ബാധിക്കുന്നുണ്ട് എന്നതിനൊരു ഉദാഹരണമാണ്‌.").

5.
പ്രത്യേക ഊർജ്ജനിലയുള്ള ക്ഷേത്രമാകയാൽ സ്ത്രീകൾക്ക് അത് ദോഷകരമായേക്കാം. സ്ത്രീകൾക്കുകൂടെ ദർശനം സാദ്ധ്യമാകണമെന്നുകരുതിയല്ല, സ്ത്രീശരീരത്തിനുകൂടെ പ്രയോജനപ്പെടുന്നവിധമല്ല അവിടുത്തെ താന്ത്രികവിധികളും ക്ഷേത്രഘടനയും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശാരീരികവും മാനസികവുമായുമുള്ള സ്ത്രീസഹജമായ പ്രത്യേകതകൾക്ക് ദോഷകരമാകാനിടയുണ്ട്... നിശ്ചിത പ്രായപരിധിയിൽ പെട്ട സ്ത്രീകൾക്കുള്ള വിലക്കിനെ ന്യായീകരിക്കാനാവുന്ന ഘടകവും ഒരുപക്ഷെ ഇതുമാത്രമായിരിക്കും. പക്ഷെ ഈ കാരണങ്ങൾ വളരെ കുറച്ചേ പ്രചരിക്കുന്നുള്ളൂ. വിലക്കിനെ ന്യായീകരിക്കുന്ന പ്രചരണങ്ങളിൽ ബഹുഭൂരിപക്ഷവും കാണപ്പെടുന്നത് ആദ്യത്തെ 4 ഘടകങ്ങളെ ആശ്രയിച്ചാണ്‌ ! ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുമുള്ള വ്യക്തമായ വിശദീകരണവും ഈ അഞ്ചാമത്തെ ഘടകത്തിൽ കാണാനാകുന്നില്ല എന്നതും സംശയത്തിനിടനൽകുന്നു.

.........നിശ്ചിത പ്രായപരിധിയിൽ പെട്ടവർക്കുള്ള വിലക്കിനെ ന്യായീകരിക്കുന്നവരുടെ നിലപാടുകളെ ഒരോന്നായി വിലയിരുത്തിയപ്പോഴും വിലക്കിനെ മറികടക്കാനുള്ള ഭാഗത്തിനാണ്‌ മുൻതൂക്കം എന്നു കാണുന്നു. എന്നുകരുതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് തെറ്റാണെന്ന് സംശയാതീതമായി പ്രസ്താവിക്കാനും കഴിയുകയില്ല എന്ന് അഞ്ചാമത്തെ ഘടകം സൂചിപ്പിക്കുന്നു. ഈ വിഷയത്തിൽ പുരോഗമനപക്ഷക്കാരെ മാറ്റിനിർത്തിയാലും വിശ്വാസികളിൽ പ്രവേശനത്തെ അനുകൂലിക്കുന്നവർ, എതിർക്കുന്നവർ, തീർച്ചപ്പെടുത്താനാവാത്തവർ എന്നിങ്ങനെ മൂന്ന് പക്ഷക്കാരാകാനുള്ള കാരണവും ഇതാണ്‌.

ഇതോടൊപ്പം നിലനിൽക്കുന്ന ചില അഭ്യൂഹങ്ങൾ കൂടെ ഇവിടെ ചേർക്കുന്നു. 
--- തിരുവിതാംകൂർ രാജവംശത്തിലെ മഹാറാണി മൂലം തിരുനാൾ സേതു പാർവ്വതീഭായ് നാൽപ്പത്തിനാലാം വയസ്സിൽ 1940 മെയ് 13ന്‌ ശബരിമല ഷേത്രദർശനം നടത്തിയിരുന്നു. ഇന്നുള്ള വിലക്കിന്‌ വലിയ പഴമയില്ല എന്നാണ്‌ ഇതുസൂചിപ്പിക്കുന്നത്.
--- മലവർഗ്ഗക്കാരായ സ്ത്രീകൾ ശബരിമലക്ഷേത്രത്തിൽ എത്തിയിരുന്നു. 19- നൂറ്റാണ്ടിലും 20- നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിലുമായി നടത്തിയ ഭരണപരിഷ്കാരങ്ങളെത്തുടർന്ന് കാലക്രമേണ സ്ത്രീകളുടെ പ്രവശനം പൂർണ്ണമായും വിലക്കപ്പെട്ടു.
---- തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ വന്നതിനുശേഷവും ചോറൂണ്‌ പോലുള്ള ചടങ്ങുകൾ കുടുംബസമ്മേതം ഇവിടെ നടന്നിട്ടുണ്ട്.
...........വ്യക്തമായ അവലംബമൊന്നും കാണാനില്ലാത്തതിനാലാണ്‌ അഭ്യൂഹങ്ങൾ എന്ന പരിധിയിൽ ഇവയെ പെടുത്തിയിരിക്കുന്നത്.

ബ്രഹ്മചാരിയുടെ വിവാഹ വാഗ്ദാനം

ഇതാണ്‌ ഞങ്ങളുടെ കാഞ്ചനമാല. മാളികപ്പുറത്തമ്മയാണ്‌ ഐതിഹാസികമായ കാഞ്ചനമാല എന്ന് ചിലർ പറയുന്നു. പ്രണയത്തിന്റെയും വിരഹത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമായി ഇതിനെ വാഴ്ത്തുന്നു. എന്താണിങ്ങനെ ? ബ്രഹ്മചര്യത്തിനും ഭക്തിക്കും വിവാഹവുമായി എന്തുബന്ധം ?  ബന്ധമൊന്നുമില്ല എന്നു പറയാം. ഒരു തികഞ്ഞ ഭക്തന്‌/ഭക്തയ്ക്ക് ഭഗവാനുമായി ഭേദ്യമൊന്നും അനുഭവപ്പെടുകയില്ല. തത്വമസി എന്നതിനെ സാക്ഷാത്കരിച്ചിരിക്കുന്നു. എന്നാൽ അത്രത്തോളം എത്താവർക്കോ ....ഞാനിൽ നിന്നും ബഹുദൂരമുണ്ട് നിന്നിലേക്ക് (ഭഗവാനിലേക്ക്). ഇങ്ങനെ ഭഗവാനിൽ നിന്നും ബഹുദൂരം മാറിനിൽക്കേണ്ടിവരുന്നതാർക്കാണ്‌ ? എടുത്തുചാടുക, വഞ്ചിക്കുക, കള്ളം പറയുക, ആർത്തിയും ചപലതയും കാണിക്കുക എന്നിങ്ങനെയുള്ളവർക്ക്. ഇക്കൂട്ടരെ സ്ത്രീകൾ എന്നാണ്‌ വിശേഷിപ്പിക്കാറുള്ളത്. ലൗകിക ബന്ധങ്ങളിലും സുഖങ്ങളിലും ഇക്കൂട്ടർ താൽപര്യം വയ്ക്കുന്നു. (സ്ത്രീ എന്നതിന്റെ നാനാർത്ഥമായി കരുതിയാൽ മതി. നാരി എന്ന അർത്ഥമല്ല ഇവിടെ. നാരി പൂജനീയവും സ്ത്രീ വർജ്ജ്യവും ആകുന്നതും ഈ അർത്ഥത്തിലാണ്‌.).
"അനൃതം സാഹസം മായ
മൂര്‍ഖത്വം അതി ലുബ്ധത
അശൌചത്വം നിര്‍ദ്ദയത്വം
സ്ത്രീണാം ദോഷാ: സ്വഭാവജ:" --- ചാണക്യൻ

ഇപ്രകാരമല്ലാതെ സദ്ബുദ്ധിയോടെയും ഭക്തിയോടെയും ആത്മനിഷ്ഠയോടെ ജീവിക്കുന്നവർ ആരോ അവർ പുരുഷൻ. തത്വമസി എന്നത് ഇവർക്ക് കേട്ടറിവ് അല്ല, സ്വാനുഭവമാണ്‌. ശബരിമലയിൽ സ്വാമിഅയ്യപ്പൻ പുരുഷന്റെയും മാളികപ്പുറത്തമ്മ സ്ത്രീയുടെയും പ്രതീകമായി കരുതുക. അപ്പോൾ എന്തായിരിക്കും അവിടെ സംഭവിക്കുക ? ബ്രഹ്മചാരിയായ സ്വാമി അയ്യപ്പന്‌ തന്നിൽ നിന്നും ഭിന്നമല്ല മാളികപ്പുറത്തമ്മ. എന്നാൽ അത്രത്തോളം ആയിട്ടില്ലാത്ത മാളികപ്പുറത്തമ്മയാകട്ടെ വിവാഹം എന്ന ബാഹ്യമായ ആചാരത്തിലൂടെ ഭഗവത് സാക്ഷാത്കാരം നേടാമെന്നും വിചാരിക്കുന്നു. സാധാരണ ആളുകൾക്ക് വിവാഹബന്ധം, കുടുംബബന്ധം, രക്തബന്ധം എന്നിവയെ അടിസ്ഥാനമാക്കിയേ ചിന്തിക്കാൻ കഴിയൂ. എന്നാൽ ഇത്തരം വ്യാവഹാരിക ബന്ധങ്ങളെ അടിസ്ഥാനമാക്കിയല്ല മഹത്തുക്കൾ ലോകത്തെ കാണുന്നത്. അങ്ങനെ ശബരിമലയുടെ വിശാലമായ അർത്ഥതലങ്ങളിലേക്ക് എത്തെണമെങ്കിൽ സാധാരണക്കാരിൽ നിന്നും ഉയർന്ന് ചിന്തിക്കണം...ജീവിക്കണം. അല്ലെങ്കിൽ കാഞ്ചമാലയുടെ പ്രണയവും ബ്രഹ്മചാരിയുടെ സ്ത്രീവിരോധവുമൊക്കെച്ചേർന്ന് പ്രഹസനമായിപ്പോകും. അയ്യപ്പൻ, മാളികപ്പുറം എന്നീ സങ്കൽപങ്ങൾ വിശദീകരിക്കുമ്പോൾ പുരുഷൻ, സ്ത്രീ എന്നതിന്റെ നാനാർത്ഥങ്ങൾ പരിഗണിക്കേണ്ടതാകുന്നു. എന്താണ്‌ ഇതിൽ നിന്നുമുള്ള പാഠം ? നരൻ ആയിരുന്നാലും നാരി ആയിരുന്നാലും, സ്ത്രീയിൽ നിന്നും പുരുഷനിലേക്ക്, സ്വാമിഅയ്യപ്പനിലേക്ക് പരിവർത്തനപ്പെടുക എന്ന് സാരം. അപ്പോൾ മാത്രമേ ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം ലോകനന്മയ്ക്ക് ഉതകുന്നവിധമുള്ള ഒരു ദർശനമാകുന്നുള്ളൂ.

About the Case
.....വ്യക്തതയേക്കാൾ കൂടുതൽ അവ്യക്തതകളാണ്‌ ഈ വിഷയത്തിൽ നിലനിൽക്കുന്നതെന്ന് പറയുന്നതിൽ തെറ്റില്ല. പ്രത്യയശാസ്ത്ര പുരോഗമനവാദ സിദ്ധാന്തപരമായ അളവുകോൽ ഉപയോഗിച്ചല്ല ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടത്. കീഴ്വഴക്കങ്ങളും സങ്കൽപങ്ങളുമല്ല, അതിനേക്കാൾ പ്രാധാന്യമുള്ളതാണ്‌ സത്യവും ശാസ്ത്രവും ധർമ്മവും എന്ന് മനസ്സിലാക്കി ക്ഷേത്രവിശ്വാസികൾ ഈ വിഷയത്തെ സമീപിക്കേണ്ടിയിരിക്കുന്നു.

Read Also:

7 comments:

 1. വ്യക്തതയേക്കാൾ കൂടുതൽ അവ്യക്തതകളാണ്‌
  ഈ വിഷയത്തിൽ നിലനിൽക്കുന്നതെന്ന് പറയുന്നതിൽ
  തെറ്റില്ല. പ്രത്യയശാസ്ത്ര പുരോഗമനവാദ സിദ്ധാന്തപരമായ
  അളവുകോൽ ഉപയോഗിച്ചല്ല ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടത്.
  കീഴ്വഴക്കങ്ങളും സങ്കൽപങ്ങളുമല്ല, അതിനേക്കാൾ പ്രാധാന്യമുള്ളതാണ്‌ സത്യവും
  ശാസ്ത്രവും ധർമ്മവും എന്ന് മനസ്സിലാക്കി ക്ഷേത്രവിശ്വാസികൾ ഈ വിഷയത്തെ
  സമീപിക്കേണ്ടിയിരിക്കുന്നു....

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി...

   Delete
 2. ഇക്കാര്യം പറഞ്ഞ്‌ പലരോടും തർക്കമിട്ടിട്ടുണ്ട്‌.തോൽവിയായിരുന്നു ഫലം..കുറേ ദുരാചാരങ്ങൾ എന്നേ പറയേണ്ടതുള്ളൂ!!!ഇതൊന്നും അയ്യപ്പന്റെ ആഗ്രഹഫലമായിട്ടുണ്ടാക്കിയതാണെന്ന് വിശ്വസിക്കാനും വയ്യ.

  ReplyDelete
 3. ഇക്കാര്യം പറഞ്ഞ്‌ പലരോടും തർക്കമിട്ടിട്ടുണ്ട്‌.തോൽവിയായിരുന്നു ഫലം..കുറേ ദുരാചാരങ്ങൾ എന്നേ പറയേണ്ടതുള്ളൂ!!!ഇതൊന്നും അയ്യപ്പന്റെ ആഗ്രഹഫലമായിട്ടുണ്ടാക്കിയതാണെന്ന് വിശ്വസിക്കാനും വയ്യ.

  ReplyDelete
  Replies
  1. പലതും വ്യക്തമാകുന്നില്ല.
   വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete


 4. ഒരു കാലത്ത് സവര്‍ണ്ണര്‍ക്ക് മാത്രം അവകാശപ്പെട്ട ഒരിടമായിരുന്നു ആരാധനാലയങ്ങള്‍...
  അവിടങ്ങളില്‍ എങ്ങിനെയാണ്‌ എന്ന് സര്‍വ്വരും പ്രവേശനം നേടിയത് ...
  ഇതൊന്നും മനസ്സിലാക്കാത്ത, ചിന്തിക്കാത്ത ബഹുഭൂരിപക്ഷം വരുന്ന സമൂഹമാണ് ഇന്ന് സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നത്.....
  ഇത്രയൊക്കെ വിദ്യാഭ്യാസം നേടിയിട്ടും പണത്തിന്‍റെയും ചില മിഥ്യാധാരണകളുടെയും ഫലമായി വച്ചുപുലര്‍ത്തിവരുന്ന ചില ആചാരങ്ങള്‍ ഇന്നു പലരും എന്തോ വലിയ കാര്യം പോലെ കൊണ്ടുനടക്കുന്നുണ്ട്....
  വെറുതെ എന്തെങ്കിലും നിര്‍ബ്ബന്ധം പിടിക്കുക...ഈ കടുംപിടുത്തത്തില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ല എന്നതാണ് വാസ്തവം ...ആര്‍ത്തവം എന്താണെന്നു അനുഭവിക്കുന്ന സ്ത്രീകള്‍ പോലും ആര്‍ത്തവത്തെ അര്‍ത്ഥമില്ലാത്ത ധാരണയില്‍ കൊണ്ടുനടക്കുന്നു എന്നതാണ് വളരെയേറെ സങ്കടം...

  ReplyDelete
  Replies
  1. പഠിക്കേണ്ടകാര്യങ്ങൾ ഇനിയുമുണ്ട്...
   വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)

   Delete