Monday, October 24, 2016

വർണ്ണതാപനില മനുഷ്യനിലും ചുറ്റുപാടിലും ചെലുത്തുന്ന സ്വാധീനം

color temperature

ദീപാലങ്കാരത്തിന്റെയും പ്രകാശസ്രോതസ്സുകളുടെയും കലാഭംഗി മുതൽ മാനസികാവസ്ഥയെയും പ്രകൃതിയെയും സ്വാധീനിക്കുന്ന ഘടകങ്ങൾ വരെ വർണ്ണതാപനില(ColorTemperature)യുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കൃത്രിമ പ്രകാശസ്രോതസ്സുകൾ ക്രമീകരിക്കുന്നത് ശാസ്ത്രീയമായിരിക്കണം....

പ്രകാശത്തിനെ നിറവുമായി ബന്ധപ്പെട്ട ഗുണമാണ്‌ വർണ്ണതാപനില (color temperature) എന്നറിയപ്പെടുന്നത്. കെൽവിൻ (K) ആണ്‌ ഇതിന്റെ യൂണിറ്റ്. ഇതിന്‌ താപവുമായി നേരിട്ട് ബന്ധമില്ല. ഉദയാസ്തമയങ്ങളിലെ സൂര്യൻ, പകൽവെളിച്ചം, മെഴുകുതിരിനാളം, ചന്ദ്രപ്രകാശം  ഇവയുടെയൊക്കെ നിറവും വ്യതാസപ്പെട്ടിരിക്കുന്നു. വർണ്ണതാപനില അഥവാ color temperature എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും പ്രകാശത്തിന്റെ നിറത്തിലെ ഈ വ്യത്യാസമാണ്‌.

ഒരു ഇരുമ്പ് ദണ്ഡ് പഴുപ്പിക്കുന്നു എന്ന് കരുതുക. ആദ്യം അതിന്റെ നിറം ചുവപ്പാകും. പിന്നീട് ഓറഞ്ച്. അതിനുശേഷം മഞ്ഞ. വീണ്ടും ചൂടാക്കിയാൽ വെള്ളനിറവും പിന്നീട് നീലനിറവും ആകുന്നു. 7 വർണ്ണങ്ങളടങ്ങുന്ന ദൃശ്യപ്രകാശസ്പെക്ട്രത്തിൽ ചുവപ്പിൽനിന്നും വയലറ്റിലേക്ക് നീങ്ങുന്തോറും ഊർജ്ജനില കൂടിക്കൂടി വരുന്നതായി കാണാം. വർണ്ണതാപനിലയിൽ 7 നിറങ്ങളും പരിഗണിക്കേണ്ടിവരുന്നില്ല; മുൻപ് ഇരുമ്പ് ദണ്ഡിന്റെ ഉദാഹരണത്തിൽ കണ്ടതുപോലെ.

“ഒരു തമോവസ്തു പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക പ്രഭാവത്തിന്റെ വർണ്ണതാപനില ആ തമോവസ്തുവിന്റെ കെൽവിനിൽ ഉള്ള ഉപരിതല താപനിലയായിരിക്കും” (https://ml.wikipedia.org/wiki/വർണ്ണതാപനില). ഇതാണ്‌ വർണ്ണതാപനിലയുടെ ഒരു നിർവ്വചനം.

അതായത്, തമോവസ്തുവിന്റെ സ്ഥാനത്ത് മുൻപ് പറഞ്ഞ ഇരുമ്പ് ദണ്ഡിനെ സങ്കൽപിക്കുക. അതിന്റെ താപനില 1000K ആയി ഉയർത്തുമ്പോൾ ചുവപ്പുനിറവും 2800K ആകുമ്പോൾ മഞ്ഞ നിറവും 8000K ആകുമ്പോൾ നീലനിറവും ആകുന്നുവെന്ന് കരുതുക. അങ്ങനെയെങ്കിൽ ഈ ഉദാഹരണമനുസരിച്ച് ചുവപ്പിനെ സൂചിപ്പിക്കാൻ 1000K എന്നും മഞ്ഞയ്ക്ക് 2800K എന്നും നീലയ്ക്ക് 8000K എന്നും പറയാം. ഇതാണ്‌ വർണ്ണതാപനില എന്ന്തുകൊണ്ട് ഉദ്ദേശിക്കുന്നതും. ഇവിടേ ശ്രദ്ധിക്കേണ്ടതായ മറ്റൊരു കര്യമുണ്ട്. താപനില കുറഞ്ഞ ചുവപ്പ്-മഞ്ഞ ഭാഗത്തെ സൂചിപ്പിക്കാൻ WARM എന്ന പദവും താപനില കൂടിയ നീലഭാഗത്തെ സൂചിപ്പിക്കാൻ COOL എന്ന പദവുമാണ്‌ ഉപയോഗിക്കുന്നത് എന്നതാണത് ! എന്നാൽ മാനസികാവസ്ഥയിലുള്ള സ്വാധീനം വിലയിരുത്തുമ്പോൾ ഈ പദപ്രയോഗം ഏറെക്കുറെ ശരിയുമാണ്‌. ഊഷ്മളമയ അന്തരീക്ഷം സൃഷ്ടിക്കാൻ മഞ്ഞ കലർന്ന (warm) പ്രകാശ ശ്രോതസ്സുകളും ശാന്തമായ ചുറ്റുപാടിനായി നീലകലർന്ന (cool) പ്രകാശശ്രോതസ്സുകളും ഉപയോഗപ്പെടുത്താൻ കഴിയും.

വർണ്ണതാപനില അഥവാ കളർ ടെമ്പറേച്ചർ എന്നതിനെ സാങ്കേതികമായി മനസ്സിലാക്കിക്കഴിഞ്ഞു. ഇനി അവയ്ക്ക് പ്രകൃതിയിലും ആരോഗ്യ-മാനസികാവസ്ഥയിലും ഉള്ള സ്വാധീനത്തെക്കുറിച്ച് പരിശോധിക്കാം. 7 ചക്രങ്ങളും അവയുടെ നിറങ്ങളും മനുഷ്യശരീരത്തിൽ അവ എപ്രകാരം പ്രവർത്തിക്കുന്നുവെന്നതിനെക്കുറിച്ചുമുള്ള അറിവും വർണ്ണതാപനിലയ്ക്ക് ജീവശാസ്ത്രപരമായുള്ള സ്വാധീനത്തെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചേക്കാം.

(പിങ്ക്, വയലറ്റ്, മജെന്റ എന്നിവയെ ചുവപ്പിന്റെ വകഭേദമായി ചിലർ തെറ്റിദ്ധരിക്കാറുണ്ട്. ദൃശ്യപ്രകാശ സ്പെക്ടം അനുസരിച്ച് ചുവപ്പ് ഏറ്റവും ആവൃത്തി കുറഞ്ഞതും വയലറ്റ് ഏറ്റവും ആവൃത്തി കൂടിയതും ആണ്‌. RGB system പ്രകാരം പരിശോധിക്കുമ്പോൾ ചുവപ്പും നീലയും കലർന്നാണ്‌ magenta ഉണ്ടാവുക്കതെന്ന് കാണാം. പിങ്ക്, വയലറ്റ് എന്നിവയുടെ RGB ഘടകങ്ങൾ പരിശോധിക്കുമ്പോഴും ചുവപ്പും നീലയുമാണ്‌ പ്രത്യക്ഷമാകുന്നത്. ഇതിൽ നീല എന്നത് ഊർജ്ജ നില കൂടിയ നിറമാണ്‌. അതിനാൽ pink/violet/magenta നിറങ്ങൾ warm നിറമാണെന്നുകരുതി ഉപയോഗിക്കരുത്. ഓറഞ്ച് warm നിറമാണ്‌. പ്രകാശസ്പെക്ട്രത്തിൽ ചുവപ്പിനും മഞ്ഞയ്ക്കും ഇടയിലാണ്‌ ഓറഞ്ചിന്റെ സ്ഥാനം.)

വ്യത്യസ്തങ്ങളായ പ്രകാശസ്രോതസ്സുകളും അവയുടെ വർണ്ണതാപനിലയും വ്യക്തമാക്കുന്ന ഒരു പട്ടിക താഴെക്കൊടുത്തിരിക്കുന്നു. Approximate value&colors എന്നുകരുതിയാൽ മതി. ഏകദേശ ധാരണ കിട്ടാൻ ഉപകരിക്കും.

Natural Light SourceColor Temperature (K)Artificial Light Source
Sunrise, Sunset2000KCandle
-3000KIncandescent lamp, Sodium vapor lamp
1hr after sunrise3500K-
Moonlight4100K-
2hrs after sunrise4500KCFL/LED/Fluorescent Tube Warm White
Average noon Sunlight5600KCFL/LED/Fluorescent Tube Daylight
Cloudy sky6500KCFL/LED/Fluorescent Tube Cool Daylight
Blue sky12000K-

വ്യത്യസ്ത അവസരങ്ങളിലെ വർണ്ണതാപനിലയും അവയ്ക്കുള്ള സ്വാധീനവും:-

പ്രഭാതം, സായാഹ്നം, സന്ധ്യാസമയം

അന്തരീക്ഷത്തിൽ മഞ്ഞ/ഓറഞ്ച് കലർന്ന സൂര്യപ്രകാശം ഉണ്ടായിരിക്കുന്ന സമയമാണിത്. രാത്രിയിലെ വിശ്രമത്തിനുശേഷം കണ്ണുകൾ ഉണർന്നുവരുന്ന സമയം; അതല്ലെങ്കിൽ പകൽസമയങ്ങളിലെ പ്രവർത്തന ശേഷം വിശ്രമത്തിലേക്ക് നീങ്ങുന്നതിനു മുൻപുള്ള സമയം. ഈ രണ്ട് അവസരങ്ങളിലും ഊർജ്ജനില കുറഞ്ഞ വർണ്ണമായ ചുവപ്പിന്റെ വകഭേദങ്ങളാണ്‌ പ്രകൃതിയിൽ പ്രകടമാകുന്നത്. ഊർജ്ജനില കുറഞ്ഞ നിറങ്ങൾ കണ്ണുകളെ ആയാസരഹിതമായി പ്രവർത്തിക്കാൻ സഹായിക്കുന്നു. മസ്തിക്ഷത്തെ ശാന്തമായി നിലനിർത്താനും ഇതിനുകഴിയുന്നു. ശാന്തതയിലൂടെ ഏകാഗ്രതയിലേക്ക് നയിക്കുന്ന വർണ്ണമാണിത്. ചന്ദ്രപ്രകാശത്തിന്‌ മഞ്ഞ കലർന്ന (4100K) നിറമാണ്‌.

അസ്തമയശേഷം, ഉദയത്തിനു മുൻപ്

കൃത്രിമപ്രകാശം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമയമാണിത്. സന്ധ്യാസമയത്തെ ഉപയോഗത്തിന്റെ തുടർച്ചയാണിത്. ശരീരവും മനസ്സും കണ്ണുകളും ഏറെക്കുറെ അതേരീതിയിലായിരിക്കും അപ്പോഴും തുടരുക. അതുകൊണ്ടുതന്നെ മഞ്ഞകലർന്ന (warm) പ്രകാശമാണ്‌ അപ്പോൾ ഉപയോഗപ്പെടുത്തേണ്ടത്. ചന്ദ്രപ്രകാശവും മഞ്ഞകലർന്ന(4100K approx.) നിറമാണ്‌ ചന്ദ്രപ്രകാശവും മഞ്ഞകലർന്ന(4100K approx.) നിറമാണ്‌ [നീലനിലാവ് എന്നത് കവിഭാവന മാത്രമാണ്‌]. എണ്ണവിളക്കുകൾ, മെഴുകുതിരികൾ ഫിലമെന്റ് ബൾബുകൾ എന്നിവയെല്ലാം warm പ്രകാശമാണ്‌ പുറപ്പെടുവിക്കുന്നത്. മുൻപ് വഴിവിളക്കുകളായി ഉപയോഗിച്ചുകൊണ്ടിരുന്ന സോഡിയം വേപ്പർ ലാമ്പും warm പ്രകാശമാണ്‌. നീലകലർന്ന (cool) കൃത്രിമപ്രകാശസ്രോതസ്സുകൾ ഈ സമയങ്ങളിൽ ഉപയോഗിക്കാൻ പാടില്ല.

പകൽസമയം

നല്ല സൂര്യപ്രകാശമുള്ള സമയങ്ങളിൽ ധവളപ്രകാശമായിരിക്കും ലഭ്യമായിരിക്കുക. ഈ സമയം കണ്ണുകളും മസ്തിഷ്കവും ഊർജ്ജനില കൂടിയ പ്രകാശത്തെ സ്വീകരിക്കാൻ പാകപ്പെട്ടിരിക്കും. ധവളപ്രകാശം എന്നുമാത്രമല്ല ഊർജ്ജനില കൂടിയ (higher frequency) വർണ്ണമായ നീല കലർന്ന പ്രകാശം പോലും ഈ സന്ദർഭത്തിൽ സ്വീകരിക്കാൻ ശേഷിയുണ്ടായിരിക്കും. മേഘാവൃതമായ മദ്ധ്യാഹ്നം cool daylight ആയി കരുതപ്പെടുന്നു. യൂറോപ്പിലെ കാലാവസ്ഥ, പ്രസന്നമായ ചില ആഫ്രിക്കൻ തീരപ്രദേശങ്ങൾ, പർവ്വത മേഖലകൾ എന്നിവടങ്ങളിലെ മദ്ധ്യാങ്ങളിൽ cool daylight-ന്റെ സാന്നിദ്ധ്യം ഉള്ളതായി ചില പഠനങ്ങൾ പറയുന്നു, ഒരുതരം നീലിമ കലർന്ന ധവളപ്രകാശം.

നിദ്രാസമയം

പൂർണ്ണമായ ഇരുട്ടാണ്‌ നിദ്രയ്ക്ക് ഏറ്റവും അനുയോജ്യം. Bed lamp ഉപയോഗിക്കുന്നുവെങ്കിൽ warm വർണ്ണങ്ങൾ മാത്രം തെരഞ്ഞെടുക്കുക; മുറിയിലുള്ള പ്രകാശത്തിന്‌ ഉറക്കത്തിലും നമ്മുടെ മസ്തിഷ്കത്തെ സ്വാധീനിക്കാൻ കഴിയും. ഉറക്കമുണർന്നയുടൻ COOL നിറത്തിലുള്ള പ്രകാശം കാണുന്നത് കണ്ണുകൾക്ക് ഹാനികരമാണെന്നതിനാൽ Staircase lighting system ഏർപ്പെടുത്തുമ്പോൾ WARM നിറം ആണെന്ന് ഉറപ്പുവരുത്തുക. മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിവയാകാം. നീല, വയലറ്റ്, പച്ച തുടങ്ങിയവ പാടില്ല.
(എൽഇഡി ടോർച്ചുകൾ, എമർജൻസി ലൈറ്റുകൾ എന്നിവയുടെ പ്രകാശം warm ആക്കിമാറ്റാൻ അവയുടെ ഗ്ലാസ്സിന്‌ ഉൾവശത്തായി മഞ്ഞ ഗ്ലാസ്സ്പേപ്പർ വച്ചാൽ മതി.)

മേഘാവൃതമായ ആകാശം

വളരെ ഇളം നീലനിറമോ ചാരനിറമായോ ആണ്‌ മേഘാവൃതമായ അന്തരീക്ഷം അനുഭവപ്പെടുന്നത്. Cool Daylight എന്നറിയപ്പെടുന്ന ഈ അവസ്ഥയുടെ വർണ്ണതാപനില 6500K (Approx.) ആണ്‌. അലസമെന്നോ ശാന്തമെന്നോ വിശേഷിപ്പിക്കാവുന്ന മാനസികാവസ്ഥ പ്രദാനം ചെയ്യാൻ ഈ നിറത്തിനുകഴിയും.

Cool Daylight (6500K/6000K)-നെക്കുറിച്ച്....

Cool&Relax അവസ്ഥ സൃഷ്ടിക്കുന്നു. Mood refreshment നും ഉപയോഗിക്കുന്നു. Warm നിറങ്ങളെ അപേക്ഷിച്ച് ഊർജ്ജനില കൂടുതലാണെന്നതിനാൽ ഇവയുടെ ദീർഘനേരമുള്ള ഉപയോഗം പല ബുദ്ധിമുട്ടുകൾക്കും കാരണമാവുകയും ചെയ്തേക്കാം. അതുകൊണ്ടുതന്നെ ഏകാഗ്രത ആവശ്യമില്ലാത്തതും ദീർഘനേരം ചെലവിടേണ്ടതില്ലാത്തതുമായ ഇടങ്ങളിലും വിശ്രമമുറികളിലും, ആശുപത്രികളിലും Cool Daylight പ്രകാശസ്രോതസ്സുകൾ നന്നായി പ്രയോജനപ്പെടുത്താം. അത്തരം ഇടങ്ങളിൽ Cool Daylight ആയിരിക്കും ഏറ്റവും അനുയോജ്യം. നല്ലൊരു refreshment സ്രോതസ്സായി കരുതപ്പെടുന്നു.Cool Daylightന്റെ അശാസ്ത്രീയമയ ഉപയോഗം പ്രവർത്തനമാന്ദ്യം, ഡിപ്രഷൻ എന്നിവയ്ക്കും കാരണമായേക്കാം. ക്ലാസ്മുറികളിലും പഠനമുറികളിലും Cool Daylight ഉപയോഗിച്ചാൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, കണ്ണുകളുടെ അനാരോഗ്യം എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. ഉറക്കത്തിനു മുൻപ്‌, ഉറക്കം, ഉണർന്നയുടൻ എന്നീ സമയങ്ങളിലും Cool Daylight ദോഷകരമാണെന്നതിനാൽ ബെഡ്റൂമുകളിലും ഇത് ഉപയോഗിക്കാൻ പാടില്ല. ഇന്ന് വിപണിയിൽ സുലഭമായിരിക്കുന്ന CFLകളും LEDകളും Cool Daylight ആണ്‌. വർണ്ണതാപനിലയെക്കുറിച്ചുള്ള അജ്ഞതയും Warm / Daylight-കൾക്ക്  Cool Daylight-നെ അപേക്ഷിച്ച് 20% വില കൂടുതലാണെന്നതും ജനങ്ങൾ Cool Daylight CFL/LED/Fluorescent tube-കൾ വ്യാപകമായും അശാസ്ത്രീയമായും ഉപയോഗിക്കാൻ കാരണമാകുന്നു.

(നീലകലർന്ന പ്രകാശത്തിന്‌ cool എന്നും മഞ്ഞകലർന്ന പ്രകാശത്തിന്‌ warm എന്നപേരുമാണ്‌ സാധാരണ ഉപയോഗിക്കാറുള്ളതെങ്കിലും നേരേ മറിച്ചാണ്‌ ചില കമ്പനികൾ അവരുടെ ഉൽപന്നങ്ങളിലും വെബ്സൈറ്റുകളിലും പ്രദർശിപ്പിച്ചിരിക്കുന്നത് സംശയത്തിനിടയാക്കിയേക്കും. Soft White ന്‌ Cool White എന്നും പ്രയോഗിച്ചുകാണാറുണ്ട്. Warm White-നെക്കാൾ Cool എന്ന അർത്ഥത്തിലായിർക്കും ഇത് ഉപയോഗിച്ചിരിക്കുന്നത്; Day White-നെക്കാൾ cool എന്നല്ല. ഏതായാലും കെൽവിൻ(K) എത്രയെന്ന് ശ്രദ്ധിച്ചാൽ ആശയക്കുഴപ്പം ഒഴിവാക്കാം.)

വിവിധ സ്ഥലങ്ങളിലും സമയങ്ങളിലും ഉള്ള പ്രകാശക്രമീകരണം.........


Warm White, Soft White, Day White or Daylight, Cool Daylight എന്നിങ്ങനെ വ്യത്യസ്ത ശ്രേണിയിലും  പേരുകളിലും വൈദ്യുതവിളക്കുകൾ ലഭ്യമാണ്‌. എങ്കിലും പൊതുവെ ഇവയെ Warm, Daylight, Cool എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ഉൾപ്പെടുത്താം.
Warm:- സ്പെക്ട്രത്തിൽ ധവളപ്രകാശം എത്തുന്നതിനു മുൻപുള്ള ഭാഗങ്ങൾ. 2800K, 3000K, 3500K, 4000K, 4500K എന്നിവ ചില ഉദാഹരണങ്ങളാണ്‌. Warm White, Soft White എന്നൊക്കെ ഇവ അറിയപ്പെടുന്നു. അതനുസരിച്ച് പ്രകാശത്തിന്റെ നിറത്തിലും വ്യത്യാസമുണ്ടാകും. കൃത്യമായി അനുയോജ്യമായത് തെരഞ്ഞെടുക്കുകയെന്നത് വിപണിയിൽ അവയുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും.

Daylight:- ധവളപ്രകാശമാണിത്. Daylight, Day White എന്നീപേരുകളിൽ അറിയപ്പെടുന്നു.

Cool:- സ്പെക്ട്രത്തിൽ ധവളപ്രകാശത്തിനു ശേഷമുള്ള ഭാഗം. 6500K, 6000K എന്നിവയാണ്‌ പൊതുവെ വിപണിയിൽ കാണാറുള്ളത്. Cool Daylight എന്നപേരിൽ ലഭ്യമാണ്‌.
(White എന്നപേരിലാണ്‌ ചില കമ്പനികൾ 6000K വിപണിയിലിറക്കുന്നത്. എന്നാലിത് cool ആണെന്നുതന്നെ പറയേണ്ടിവരും.)


വഴിവിളക്കുകൾ

Warm White ആണ്‌ ഉത്തമം. അതല്ലെങ്കിൽ Soft White. Cool പ്രകാശാം തെരുവുവിളക്കുകളിൽ ഉപയോഗിക്കുന്നത് കണ്ണുകൾക്ക് ആയാസമുണ്ടാക്കുകയും, കീടങ്ങളെ ആകർഷിക്കുകയും, മഞ്ഞുകാലത്തും മഴക്കാലത്തും കാഴ്ച ദുഷ്കരമാക്കുകയും, സസ്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും, പ്രകാശമലിനീകരണം സംഭവിച്ച് താരതമ്യേന കൂടുതൽ Sky Glowയ്ക്ക് കാരണമാകുകയും ചെയ്യും. കാഴ്ചദുഷ്കരമാകുമെന്നതിനാൽ ഇപ്പോൾ നിലവിലുള്ള warm നിറത്തിലുള്ള ഹെഡ്ലൈറ്റ് ഒഴികെ മറ്റുതരം ഹെഡ്ലൈറ്റുകൾ വാഹനങ്ങളിൽ നിയമപ്രകാരം അനുവദനീയവുമല്ല.

പൊതുസ്ഥലങ്ങൾ

ജനങ്ങൾ സജീവമായി ഉപയോഗിക്കുന്ന ഇടങ്ങളാണ്‌ പൊതുഗതാഗത വാഹങ്ങളുടെ ഉൾവശം, ബസ്സ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവ. ഇത്തരം സ്ഥലങ്ങളിൽ Soft White, Day White ഇവയിലേതെങ്കിലും ഉപയോഗിക്കാം. Day White, Soft White എന്നിവ വിപണിയിൽ സുലഭമല്ലാത്തതിനാൽ Warm White, Cool Daylight എന്നിവ ഇടകലർത്തി ഉപയോഗിച്ചാൽ Day White / Soft White-ന്റെ ഫലം ഏറെക്കുറെ സൃഷ്ടിക്കാൻ കഴിയും. ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണശാലകളിലും അവിടെ വിളമ്പുന്ന ഭക്ഷണ സാധനങ്ങളുടെയും സൃഷ്ടിക്കപ്പെടേണ്ടതായ അന്തരീക്ഷത്തിനും അനുസരിച്ച് Warm White മുതൽ Day White വരെയുള്ള പ്രകാശം ആവശ്യാനുസരണം തെരഞ്ഞെടുക്കാം. പൊതുസ്ഥലങ്ങളെക്കുറിച്ച് പറയുമ്പോൾ വൻകിട ഷോപ്പിങ്ങ് മാളുകൾ, വിമാനത്താവളങ്ങൾ എന്നിവ Color Temperature ക്രമീകരണത്തിൽ ശ്രദ്ധിച്ചിട്ടുള്ളതായിക്കാണാം.

6500K, 2800K എന്നിവയാണ്‌ ഇന്ത്യൻ വിപണിയിൽ പൊതുവെ കാണപ്പെടുന്നത്. 3000K, 4000K, 6000K എന്നിവയുടെ ലാമ്പുകൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളും ഉണ്ട്. ഇവ ആദ്യത്തേതിന്റെയത്ര warm/cool അല്ലെന്നതിനാൽ ഉപയോഗസാദ്ധതയും കൂടും.

ക്ഷേത്രങ്ങൾ / മ്യൂസിയങ്ങൾ

Original View (WARM)
Edited Image (COOL)
ദീപപ്രഭയുമായി ഇണങ്ങുന്ന നിറം (warm) തന്നെയാണ്‌ ഉചിതം. ഇതിനുവിരുദ്ധമായി Cool CFL/LED ഉപയോഗിക്കുമ്പോൾ കലാഭംഗി നഷ്ടപ്പെട്ട് ദീപങ്ങളെ നിഷ്പ്രഭമാക്കുന്നുവെന്ന് മാത്രമല്ല അസമയത്ത് Cool പ്രകാശം ഉപയോഗിക്കുന്നതുകൊണ്ടുള്ള അപാകതകളും സംഭവിക്കുന്നു.
(പാരീസിലെ ലൂർവ്വ് മ്യൂസിയത്തിന്റെ രാത്രികാഴ്ചയാണ്‌ ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്. അവിടെ warm നിറം ഉപയോഗിക്കുന്നതിനുപകരം cool നിറം ഉപയോഗിച്ചിരുന്നുവെങ്കിൽ അതിന്റെ രാത്രികാഴ്ച എത്രമാത്രം അഭംഗി ഉണ്ടാക്കുന്നതായിരിക്കുമെന്ന് ചിത്രങ്ങൾ നോക്കിയാൽ മനസ്സിലാക്കും). നമ്മുടെ ക്ഷേത്രങ്ങളും പൈതൃകകേന്ദ്രങ്ങളും പൊതുസ്ഥലങ്ങളും ഭവനങ്ങളും നിരീക്ഷിച്ച് അവയെ ഈ ദുരവസ്ഥയിൽ നിന്നും മോചിപ്പിക്കണം.

കമ്പ്യൂട്ടർ സ്ക്രീനിൽ

f.lux എന്ന പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുക. പകൽസമയവും രാത്രിസമയവും ആവശ്യമായ color temperature സെറ്റ് ചെയ്യുക. Color പ്രാധാന്യമുള്ള graphics / photography വർക്കുകൾ ചെയ്യുമ്പോൾ ഈ പ്രോഗ്രാം disable ചെയ്യണം (just by a click). കമ്പ്യൂട്ടറിൽ ഈ പ്രോഗ്രാം ഉപയോഗിക്കുന്നത് കണ്ണുകളുടെ ആയാസം കുറയ്ക്കും.


~ ~ ~ *** ~ ~ ~ 
Louvre Museum- Original Image Courtesy:
https://pixabay.com/en/louvre-pyramid-paris-architecture-102840/

References:
http://researchnews.osu.edu/archive/lightcolor.htm
http://researchnews.osu.edu/archive/landepress.htm
http://www.eastwesteye.com/different-colored-light-affects-eyes/
http://www.pyroenergen.com/articles09/color-temperature-lighting.htm
http://www.stevejenkins.com/blog/2014/03/choosing-the-right-led-bulbs/
http://www.paullights.com/cool-daylight-warm-white-bulbs/
http://www.technolamp.com/color-temperature-and-the-effect-on-human-beings/
https://en.wikipedia.org/wiki/Color_temperature
https://justgetflux.com/

1 comment:

  1. വർണ്ണതാപനില മനുഷ്യനിലും ചുറ്റുപാടിലും
    ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് നന്നായി
    വിശകലനം ചെയ്ത വർണ്ണിച്ചിരിക്കുന്നു

    ReplyDelete