Tuesday, November 03, 2015

ആത്മകഥ : മാക്സ് മുള്ളർ

ATHMAKATHA : MAX MULLER

ഭാഷ, ഔപചാരികത, വ്യക്തിബന്ധങ്ങൾ, മനോവ്യാപാരങ്ങൾ, മതം, ആചാരങ്ങൾ എന്നിവയെയെല്ലാം തനതായ രീതിയിൽ കൈകാര്യം ചെയ്ത വ്യക്തിത്വമായിരുന്നു മാക്സ്മുള്ളറുടേത്. കുട്ടിക്കാലം മുതൽ ഓക്സ്ഫോഡിലെ സംഭവബഹുലമായ നാളുകൾ വരെ നീളുന്നതാണ്‌ ഇതിലെ ഉള്ളടക്കം. നയതന്ത്രപരമായി ഓരോ സന്ദർഭങ്ങളിലൂടെയും കടന്നുപോകുന്നു. തത്വചിന്താപരമായും ഭാഷാപരമായും അദ്ദേഹത്തിനുള്ള താല്പങ്ങളാണ്‌ ഇതിൽ പ്രതിഫലിക്കുന്നത്.

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയെക്കുറിച്ച് പറയുകയാണെങ്കിൽ “ഔപചാരികതയുടെയും പ്രമാണിത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും സമ്പന്നതയുടെയും യാഥാസ്ഥിതിക ചിട്ടവട്ടങ്ങളുടെയും ഉത്തുംഗശൃംഗം” എന്നുതന്നെ വിശേഷിപ്പിക്കാം. അത്തരമോരു ചിത്രമാണ്‌ ഈ ആത്മകഥയിൽ നിന്നും കിട്ടുന്നത്. ഗുണങ്ങളും ദോഷങ്ങളും വീർപ്പുമുട്ടലുകളും പുരോഗതിയും ഒരുമിച്ച് അനുഭവതലത്തിലെത്തിക്കുന്ന അന്തരീക്ഷം. ‘കോമൺറൂം കഥകൾ’ എന്നപേരിൽ പ്രചരിക്കുന്ന കഥകളും കെട്ടുകഥകളും ഏതൊരു സാധാരണക്കാരനും ഇത്തരം അസാധാരണ ചുറ്റുപാടിൽ ഉണ്ടായേക്കാവുന്ന അസ്വസ്ഥതകളെയും, അതിനേക്കാൾ അമ്പരപ്പിനെയും സൂചിപ്പിക്കുന്നതാണ്‌. എന്നാൽ ഇതെല്ലാം തന്റെ നയതന്ത്രചാതുര്യവും കർമ്മകുശലതയും ഭംഗിയായും അവസരോചിതമായും പ്രകടമാക്കുന്നതിനുള്ള അവസരങ്ങളായി മാറ്റുവാൻ മാക്സ്മുള്ളർക്ക് കഴിഞ്ഞു. ഒരേസമയം ഔപചാരികതയെയും മാനുഷികമൂല്യങ്ങളെയും തുലനംചെയ്തു മുന്നോട്ടുപോകുന്നതിൽ മാക്സ്മുള്ളർ പ്രകടിപ്പിച്ച അസാമാന്യവൈഭവമാണ്‌ അതിനു സഹായിച്ചത്. വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചിരുന്നവരിൽ നിന്നുപോലും  പ്രത്യേക പരിഗണനയും ആദരവും നേടിയെടുക്കാൻ കഴിഞ്ഞിരുന്നു.... ചില ഔപചാരിക വേളകളിൽ സംഭവിച്ച രസകരമായ അനുഭവങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. അമിതാഹ്ലാദമോ വികാരവിക്ഷോഭങ്ങളോ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നാതായി കാണുന്നില്ല.

ചിന്തയെ, ആശയങ്ങളെ ആശയവിനിമയത്തിനുവേണ്ടി വാക്കുകളായി പരിവർത്തനപ്പെടുത്തുന്നു. ആ വാക്കുകളെ സ്വീകരിക്കുന്നയാൾ വീണ്ടും ചിന്തയെ പുനരാവിഷ്കാരം ചെയ്യുന്നു. ഇതാണ്‌ ഭാഷയുടെ തത്വം. മനസ്സിൽ ഉദ്ദേശിച്ച ആശയം സ്വീകരിക്കുന്ന വ്യക്തിക്ക് ഉൾക്കൊള്ളാനായോ എന്നത് വളരെ പ്രധാനമാണ്‌. വാക്കുകൾക്ക് ഓരോരുത്തരും കൽപ്പിച്ചിരിക്കുന്ന ആശയം, മാനസികനിലവാരം ഇതൊക്കെ വ്യത്യാസപ്പെടുന്നതാണ്‌ കാരണം. ഇത് ചിലപ്പോൾ വാക്കുതർക്കങ്ങളിലേക്കുപോലും നയിക്കപ്പെട്ടേക്കാം. തത്വശാസ്ത്രമെന്നാൽ സങ്കൽപ്പവും സങ്കൽപ്പവിജ്ഞാനവുമാണ്‌ മാക്സ്മുള്ളറുടെ നിരീക്ഷണത്തിൽ. അതുകൊണ്ടുതന്നെ അതിന്‌ മനുഷ്യരിൽ ഉണ്ടാക്കാൻ കഴിയുന്ന സ്വാധീനം വളരെ വലുതാണ്‌. വിവിധ തലത്തിലുള്ള മനോവ്യാപാരങ്ങളെല്ലാം അതിന്റെ പരിധിയിൽ വരുന്നു. സങ്കൽപങ്ങൾ അഥവാ ജ്ഞാനം ഭാഷയുമായി ബന്ധപ്പെട്ട് കവിതകളും വിജ്ഞാനസമാഹാരങ്ങളും രൂപംകൊള്ളുന്നു.

ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് “വർഷങ്ങളും തീയതികളും എന്നെ കാര്യമായി സ്വാധീനിച്ചിരുന്നില്ല” എന്ന് അദ്ദേഹം പറയുന്നു. വേദങ്ങളിലും മറ്റും തീയതികൾക്കും കാലഗണനയ്ക്കും അത്രപ്രാധാന്യം നൽകിയിട്ടില്ല. (ഇതിനെ സമാകാലീന ചരിത്രപഠനവുമായി ബന്ധപ്പെടുത്തി നിരീക്ഷിക്കൂ... തീയതികൾക്കും പേരുകൾക്കുമാണ്‌ മുന്തിയ പരിഗണന). ഭൂതകാലത്തിനെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന കണ്ണികൾ, ജീവസ്സുറ്റ പ്രതിപാദ്യരീതി ഇതൊക്കെ ചരിത്രപഠനത്തിൽ ഉൾക്കൊണ്ടുകാണാൻ മാക്സ്മുള്ളർ ആഗ്രഹിച്ചിരുന്നു. (ഇന്നും ഇങ്ങനെയല്ലാത്തതുകൊണ്ടാണ്‌ ചരിത്രപഠനം വിരസവും പ്രയോജന രഹിതവും ആയിത്തീരുന്നത്.). എന്നാൽ പൗരസ്ത്യമോ പാശ്ചാത്യമോ ആയ വേദപഠനങ്ങളിലാകട്ടെ അവയുടെ കാലഗണനയും ഭാഷാപരിണാമങ്ങളും തീരെ അവഗണിക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. സമഗ്രമായ  ഒരു വിജ്ഞാനശാഖയും പഠന ശൈലിയുമാണ്‌ മാക്സ്മുള്ളർ  പ്രാവർത്തികമാക്കിയെടുക്കാൻ ശ്രമിച്ചതെന്ന നിഗമനത്തിലാണ്‌ എത്താൻ കഴിയുന്നത്.

ജർമ്മനിലും സംസ്കൃതത്തിലും പാശ്ചാത്യവും പരുരസ്ത്യവുമായ വിവിധ ഭാഷകളിലും പാണ്ഡിത്യം നേടിയിരുന്നു. വേദശാസ്ത്രത്തിന്റെ പൊരുൾ ഉൾക്കൊണ്ടിരുന്നു. ഋഗ്വേദം പരിഭാഷപ്പെടുത്തുന്നതിനായി ഭാഷാപരമായും തത്വശാസ്ത്രപരമായും നിരവധി ഗവേഷണങ്ങളും നിരീക്ഷണങ്ങളും നടത്തുകയുണ്ടായി. ചെറുപ്പം മുതൽ കിട്ടിയിരുന്ന ശിക്ഷണവും കുടുംബാന്തരീക്ഷവും എന്നുതുടങ്ങി ലോകത്തിന്റെ സങ്കീർണ്ണവും വിവിധ ശ്രേണിയിൽ പെട്ടതുമായ ജനങ്ങളിൽ നിന്നുമുള്ള അനുഭവസമ്പത്തും എല്ലാം അദ്ദേഹത്തിന്റെ മതബോധത്തെ, അഥവാ ‘മതം’ എന്നതിനുള്ള നിർവ്വചനത്തെ പക്വമാക്കുന്നതിൽ സഹായിച്ചു; അതും തികഞ്ഞ ഔപചാരികതയിൽ നിലനിന്നിരുന്ന ഓക്സ്ഫോഡിലും അന്തഃസാരശൂന്യവും ഉപരിപ്ലവവുമായ കാര്യങ്ങളിൽ അമിതപ്രതിപത്തി കാണിച്ചിരുന്ന റോമൻ കത്തോലിക്കാ സഭയോടും ഒപ്പം നിന്നുകൊണ്ടുതന്നെ. സാധാരണകാണാറുള്ള മതഔപചാരികതയ്ക്കും ആചാരങ്ങൾക്കും കെട്ടുപാടുകൾക്കും ഉപരിയായി, സമാധാനവും ഐശ്വര്യവും മാനുഷികമൂല്യങ്ങളും നിറഞ്ഞുനിൽക്കുന്നതായിരുന്നു മാക്സ്മുള്ളർ കണ്ടെത്തിയ ലളിതമായ ആ മതം. പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ ഭേദമില്ല. ആചാരങ്ങൾക്കും എല്ലാവിധ ഔപചാരികതയ്ക്കും ഉപരിയായ ദൈവികത.

മാനവികത, വേദം, ഈശ്വരൻ, മതം ഇതെല്ലാം (ഭാഷാപരമായി) ഓരോ വാക്കുകൾ മാത്രമാണ്‌. അവയ്ക്ക് എത്രമഹനീയമായ അർത്ഥം കണ്ടെത്തി നിർവ്വചിച്ചു നൽകാൻ കഴിയുന്നുവെന്നതാണ്‌ ലോകത്തിനുവേണ്ടി നമുക്കു നൽകാനാവുന്ന സംഭാവന. നാമരൂപമായും ക്രിയാരൂപമായും എത്രയോ പദങ്ങളുണ്ട്. വികസിതവും തീഷ്ണതയേറിയതുമായ മനസ്സുകൊണ്ട് അവയെ അപഗ്രഥിക്കുമ്പോഴാണ്‌ അതിന്റെ അർത്ഥതലങ്ങൾ വെളിപ്പെടുന്നത്. ഇപ്രകാരം ഭാഷാശാസ്ത്രവും തത്വശാസ്ത്രവും ഒന്നിക്കുന്ന ജീവിതമായിരുന്നു മാക്സ് മുള്ളറുടേത്.
~ ~ ! ~ ~
ATHMAKATHA : MAX MULLER
ആത്മകഥ : മാക്സ് മുള്ളർ
Original English Title: My Autobiograhpy
Author: Max Muller
Malayalam Translation: P Prakash
പി. പ്രകാശ്

Publishers: Mathrubhumi Books
First Edition: October 2012
ISBN: 978-81-8265-464-8
Pages: 174
Price: Rs.110/-

4 comments:

  1. Max Muller എന്ന മഹത് വ്യക്തിയും പ്രതിഭാ ധനനും ആയ വ്യക്തിയെ വളരെ ഭംഗിയായി പരിചയപ്പെടുത്തി...വളരെ നല്ല എഫ്ഫർട്ട് ..താങ്ക്യൂ

    ReplyDelete
  2. നല്ലൊരു ശ്രമം മാഷേ :) സ്നേഹം

    ReplyDelete
  3. പരിചയപ്പെടുത്തല്‍ നന്നായി സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete