Saturday, August 01, 2015

ലോകം ‘സാധാരണക്കാരന്റെ’ ലോകം

വ്യക്തിത്വവികസനം John Wooden

“വിശുദ്ധന്മാരോ പാപികളോ അല്ല സാധാരണക്കാരാണ്‌ ഈ ലോകത്തിനെ കലുഷിതവും ദുരിതപൂർണ്ണവുമാക്കുന്നത്” എന്ന പ്രസ്ഥാവനയും, സാമാന്യജനങ്ങളെയാകെ “പാപികളെ” എന്ന് വേദപുസ്തകത്തിൽ സംബോധന ചെയ്തിരിക്കുന്നതും ഒന്ന് പുനഃപരിശോധിക്കാം:

സാധാരണക്കാരൻ എന്നാൽ...
-> സമൂഹത്തിനനുസരിച്ച് ജീവിക്കുന്നവൻ
-> സമൂഹത്തിൽ നിന്നും പാഠം പഠിക്കുന്നവൻ
-> ചുറ്റുപാടുകളാൽ സ്വാധീനിക്കപ്പെടുന്നവൻ
....പല നിർവ്വചനങ്ങളും കണ്ടെത്താൻ കഴിയും.
ഇവിടെ ‘സാധാരണക്കാരൻ’ എന്ന വാക്കിന്‌ ‘യാഥാസ്ഥിതികൻ’ എന്ന വാക്കിനോട് സമാനമായ അർത്ഥം കൽപ്പിക്കുന്നത് സ്ഥിതിഗതികളെ എളുപ്പം മനസ്സിലാക്കാൻ സഹായിച്ചേക്കും. ഇതൊരു കടംകഥ പോലെയാണ്‌. നിങ്ങൾ തന്നെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്...

“ശിശുക്കളെപ്പോലെ നിഷ്കളങ്കരായിത്തീരൂ” എന്ന വേദവാക്യവും “പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ” എന്ന വേദവാക്യവും ഇക്കൂട്ടർക്ക് ഒരേപോലെ സ്വീകാര്യമല്ല!!!...അതാണ്‌ നമ്മുടെ ‘സാധാരണക്കാരൻ’...
“ഞാൻ ശങ്കരാചാര്യരോ യേശുക്രിസ്തുവോ ഒന്നുമല്ല” എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുമെന്നുമാത്രമല്ല, ആത്മാർത്ഥതപുലർത്തുന്നവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. എന്നാൽ ആരെങ്കിലും മറിച്ചായാലോ ? “അങ്ങനെയൊക്കെയാകാമോ അതിന്‌ ചില നാട്ടുനടപ്പുകളും മര്യാദകളും ഒക്കെയില്ലേ” എന്ന നിലപാടെടുക്കുകയും ചെയ്യും...അതാണ്‌ നമ്മുടെ ‘സാധാരണക്കാരൻ’...

മാനവികതയ്ക്കും ആത്മീയതയ്ക്കും വിരുദ്ധമായതും എന്നാൽ അങ്ങേയറ്റം അത്യന്താപേഷിതമെന്ന പേരിൽ നടപ്പാക്കപ്പെടുന്ന ഒരു പ്രതിഭാസമാണിത്.  ഇക്കൂട്ടർ വിശുദ്ധരെ ആദരിക്കും പക്ഷെ വിശുദ്ധതയെ സ്വജീവിതത്തിൽ പകർത്തില്ല. “അത്രയ്ക്കൊന്നുമാകാൻ പറ്റില്ല സാധാരണക്കാരനല്ലേ” എന്നുപറഞ്ഞ് ഒഴിഞ്ഞുമാറാൻ വലിയ തിടുക്കമാണ്‌. വിശുദ്ധിയല്ല അഹംബോധവും അഭിമാനവുമാണ്‌ അവരെ നയിക്കുന്നതെന്നതിനാൽ പാപത്തോടൊപ്പം പാപിയെയും വെറുക്കും. സൗഹാർദ്ദപരമായ സമീപനത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും ആന്തരികവും ബാഹ്യവുമായ സമാധാനവും ഐശ്വര്യവും നിലനിർത്താൻ മാനവികതയും ആത്മീയതയും പഠിപ്പിക്കുന്നു. എന്നാൽ യാഥാസ്ഥിതികതയാകട്ടെ വേർതിരിക്കലുകളിലൂടെയും ബാഹ്യമായ സംയമനത്തിലൂടെയും അച്ചടക്കം നടപ്പാക്കുന്നു; എന്നിട്ട് തങ്ങളുടെ സമൂഹത്തിൽ അച്ചടക്കമുണ്ടെന്ന് അഭിമാനപൂർവ്വം കരുതുന്നു; just want to be proud and discipline; not freedom with wisdom.

സമൂഹത്തിന്റെ ഗതിവിഗതികകൾക്കും നാട്ടുനടപ്പിനും അനുസരിച്ച് ജീവിച്ചവരല്ല, പ്രപഞ്ചത്തിൽ നിന്നും നന്മയെ(സത്) ഉൾക്കൊണ്ടുകൊണ്ട് സമൂഹത്തെ ആ വഴിയിൽ നയിച്ചവരാണ്‌ മഹാത്മാക്കൾ. ലോകത്തിൽ നിന്നും പഠിച്ചവരല്ല, ലോകത്തെ പഠിപ്പിച്ചവരാണവർ. തലകീഴായ വൃക്ഷത്തിനോട് പ്രപഞ്ചഘടനയെ പ്രതീകവൽക്കരിച്ചിട്ടുണ്ട്. വേരിൽ നിന്നും പോഷണം സ്വീകരിച്ച് ഇലകളിലേക്ക് എത്തിക്കുകയാണല്ലോ വൃക്ഷം ചെയ്യുന്നത്. മുകളിൽ ഈശ്വരൻ(സത്) താഴെ ഭൂമി(ലോകം/ജീവിതം) എന്ന സങ്കൽപത്തിൽ. ഇവിടെ മുകളിൽ നിന്നും ‘സത്’-നെ സ്വീകരിച്ച് ലോകമാകുന്ന ഇലകളിലേക്ക് ‘സേവനം’ ചെയ്യുന്നു....എന്നാൽ യാഥാസ്ഥിതികത/പൊതുബോധം ആകട്ടെ ലോകത്തിൽ നിന്നും സ്വീകരിച്ച് ലോകത്തിലേക്കുതന്നെ സേവനം ചെയ്യുന്നതാണ്‌. ലോകത്തിനെ ശ്രവിച്ചുകൊണ്ട് നിൽക്കുമ്പോഴാണ്‌ അഭിമാനം, വ്യക്തിത്വബോധം, സൽപ്പേര്‌ തുടങ്ങിയ ധാരണകളിൽ കുടുങ്ങുന്നത്. ഇതിന്‌ ‘സത്’-മായി ബന്ധമുണ്ടായിരിക്കണമെന്നില്ല. ചിലപ്പോൾ ശരിയാകാം മറ്റുചിലപ്പോൾ തെറ്റാകാം. സാധാരണക്കാരുടെ ജീവിതം പാപികളുടേതിനേക്കാൾ ദുരിതപൂർണ്ണമാകുവാനുള്ള കാരണവും ഇതാണ്‌...

എന്താണ്‌ നിങ്ങളെ ‘സാധാരണത്വം’ കൈവിടാതിരിക്കാൻ പ്രേരിപ്പിക്കുന്നത് ?  സഹതാപത്തോടുള്ള പ്രതിപത്തിയായിരിക്കാം... സഹായങ്ങൾ സ്വീകരിച്ചുകൊണ്ടേയിരിക്കാനുള്ള വ്യഗ്രതയായിരിക്കാം....ഇതിനേക്കാളധികം മുന്നിട്ടുനിൽക്കുന്നതെന്തെന്നോ?... സാധാരണത്വം കൈവിട്ടാൽ നിങ്ങൾ ദൈവികതയിലേക്കായിരിക്കുമോ അതോ ആസുരികതയിലേക്കായിരിക്കുമോ പോവുക എന്ന ഭയം !! ശുദ്ധീകരണത്തിനുള്ള മാർഗ്ഗങ്ങൾ സ്വയം കണ്ടെത്തൂ...
~ ~ ~ ! ~ ~ ~

8 comments:

 1. വേദപുസ്തകത്തിലെ പാപികളേ എന്ന സംബോധന സാധാരണക്കാരെയല്ല.
  അത് കുറെക്കൂടി വിശദമാക്കേണ്ടിയിരിക്കുന്നു.
  ക്രിസ്തീയവിശ്വാസപ്രകാരം എല്ലാ മനുഷ്യരും ആദാമിന്റെ പാപത്തില്‍ പങ്കാളികളായിട്ടത്രെ ജനിക്കുന്നത്.
  കാരണം എല്ലാ മനുഷ്യരും ആദാമില്‍ നിന്നുണ്ടായവരാണെന്ന് വേദം സങ്കല്പിക്കുന്നു.
  ആദാം പാപം ചെയ്തപ്പോള്‍ എല്ലാ മനുഷ്യരും അവന്റെ കടിതടത്തില്‍ ഉണ്ടായിരുന്നു.
  അങ്ങനെ പാപികളായി ജനിച്ച് ദൈവത്തിങ്കലേയ്ക്ക് മനം തിരിയാത്ത (മാനസാന്തരം വരാത്ത) ഏവനും പാപിയായിത്തന്നെ മരിക്കുകയും നരകത്തിന് അവകാശിയായിത്തീരുകയും ചെയ്യുന്നു.
  പാപമില്ലാതെ ഒരേയൊരു മനുഷ്യനേ ഈ ഭൂമിയില്‍ പിറന്നിട്ടുള്ളു, അത് യേശു ആണെന്നും വേദം പറയുന്നു.
  അതുകൊണ്ട് മാനസാന്തരപ്പെടാത്ത ഏവനും, സാധാരണക്കാരനോ ജന്മിയോ രാജാവോ ഭിക്ഷുവോ ആരുതന്നെ ആയിക്കൊള്ളട്ടെ അവന്‍ പാപിയത്രെ.

  ReplyDelete
 2. സാധാരണത്വം കൈവിട്ടാൽ നിങ്ങൾ
  ദൈവികതയിലേക്കായിരിക്കുമോ അതോ
  ആസുരികതയിലേക്കായിരിക്കുമോ പോവുക എന്ന ഭയം !!
  അതെന്നെയിത്

  ReplyDelete
 3. we live in a society where humanity is dying each day......your article is a light for such an insight........spread the love

  ReplyDelete
 4. സമൂഹത്തിന്റെ ഗതിവിഗതികകൾക്കും നാട്ടുനടപ്പിനും അനുസരിച്ച് ജീവിച്ചവരല്ല, പ്രപഞ്ചത്തിൽ നിന്നും നന്മയെ(സത്) ഉൾക്കൊണ്ടുകൊണ്ട് സമൂഹത്തെ ആ വഴിയിൽ നയിച്ചവരാണ്‌ മഹാത്മാക്കൾ.

  ReplyDelete
 5. Ithoru kuzhakkunna chodyamanu, jeevitham bantham ellam itterinju venam mahanmarakan ennu thonniyittund,aaa thalkalikamennu parayapedunna santhisgathil jeevichu marikuka ennathu thanne sadaranakkaranayirikkanulla karanam

  ReplyDelete
 6. മുകളില്‍ പറഞ്ഞ പോലെ കുഴക്കുന്ന ചോദ്യവും ചിന്തയും :)

  ReplyDelete
 7. വിശുദ്ധന്റെ വാഴ്ത്ത പെടലുകളുടെ അധികഭാരമോ , പാപിയുടെ കുറ്റബോധത്തിന്റെ നീറ്റലോ ഇല്ലാതെ ജീവിക്കുന്ന എല്ലാരും അല്ലെ ഈ 'സാധാരണക്കാർ ' എന്ന നമ്മുടെ ഭൂരിപക്ഷം !

  ReplyDelete
 8. സത്പേര്‍ എന്നതൊരു സങ്കല്പമല്ലേ..സ്വയം ശുദ്ധീകരിക്കലിനേക്കാള്‍ സ്വയം മനസ്സിലാക്കലാണ് ആദ്യം വേണ്ടെതെന്നാ എനിക്ക് തോന്നാറ്

  ReplyDelete