Friday, March 06, 2015

കമ്യൂണിസവും മതങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും

communism kerala

(കമ്യൂണിസത്തെയും മതങ്ങളെയും കമ്യൂണിസത്തിലെ മതവിരുദ്ധതെയെയും അവലോകനം ചെയ്യാനുള്ള ശ്രമമാണ്‌ ഈ ലേഖനം. കൂടുതൽ വസ്തുനിഷ്ഠമോ യുക്തിസഹമോ ആയ വിവരങ്ങൾ ലഭിച്ചാൽ ലേഖനം തിരുത്തപ്പെടുന്നതായിരിക്കും.)

വർഗ്ഗരഹിതവും രാഷ്ട്രരഹിതവും ആയ സാമൂഹ്യവ്യവസ്ഥയാണ്‌ കമ്യൂണിസം ലക്ഷ്യമിടുന്നത്. ഇവിടെ സമ്പദ് വ്യവസ്ഥയും ഉത്പാദനോപാധികളുമെല്ലാം പൊതു ഉടമസ്ഥതയിലായിരുക്കും സോഷ്യലിസം എന്ന ബൃഹത്തായ ചിന്താധാരയിൽ ആദേശം ചെയ്തുനിൽക്കുന്ന ഒരു ഘടകമാണ്‌ കമ്യൂണിസം. സാമൂഹികവും സാമ്പത്തികവുമായ സമത്വം ആണ്‌ സോഷ്യലിസം എന്ന പദംകൊണ്ട്‌ ഉദ്ദേശിക്കുന്നത്. കമ്യൂണിസം എന്ന പദം കുടുതൽ പ്രചാരം നേടുകയും അത്തരം ആശയസംഹിതകൾക്ക് സംഘടനാതലത്തിൽ ഒരു രൂപം കൈവരിക്കുകയും ചെയ്തത് കാൾമാർക്സിന്റെ പ്രവർത്തനങ്ങളോടു കൂടിയാണെന്ന് കരുതാം. അതിവിശാലമായ സോഷ്യലിസം (സാമൂഹികവും സാമ്പത്തികവുമായ തുലനം) എന്ന ആശയവും അതിന്റെ ഒരു ഘടകമായ കമ്യൂണിസവും (വർഗ്ഗരഹിതവും സാമ്പത്തികസമത്വമുള്ളതുമായ സമൂഹസൃഷ്ടിക്കുള്ള കർമ്മ പദ്ധതികൾ) കാൾമാർക്സ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ വിവിധ സാമൂഹ്യപരിഷ്കരണ ആശയങ്ങളും ചേർന്നതാണ്‌ മാർക്സിസം.
Socialism -> Communism -> Marxism
സോഷ്യലിസത്തിൽ അധിഷ്ഠിതമായ കമ്യൂണിസവും കമ്യൂണിസത്തിൽ അധിഷ്ഠിതമായ മാർക്സിസവും രൂപംകൊണ്ടു എന്ന് പൊതുവിൽ പറയാം.

ആധുനികലോകത്തിൽ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കമ്യൂണിസം എന്ന പ്രായോഗിക പദ്ധതി വ്യാപകമായി പ്രചരിച്ചുതുടങ്ങിയത് കാൾമാർസിന്റെയും ലെനിനിന്റെയും മാവോയുടെയും എല്ലാം പ്രവർത്തനത്തെതുടർന്നാണെന്നു കരുതാം. ഇവർ സോഷ്യലിസത്തെ/കമ്യൂണിസത്തെ നടപ്പിൽ വരുത്തുവാൻ അവരവരുടേതായ ആശയങ്ങളും നടപടിക്രമങ്ങളും പ്രാവർത്തികമാക്കി. അങ്ങനെ കമ്യൂണിസം, മാർക്സിസം, ലെനിനിസം, മാവോയിസം എന്നിങ്ങനെയുള്ള വിഭാഗങ്ങൾ രൂപം കൊണ്ടു.

കമ്മ്യൂണിസം എന്തുകൊണ്ട് മതവിരുദ്ധമാകുന്നു/അങ്ങനെ ധാരണയുണ്ടാക്കുന്നു ? എന്ന ചോദ്യത്തെ ഇനി വിശകലനം ചെയ്യാം. ഇതിന്‌ രണ്ട് കാരണങ്ങളാണ്‌ കാണുന്നത്:
(1) സമത്വത്തിൽ അധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥയെ മതനേതാക്കളും മതസംഹിതകളും ഉൾക്കൊള്ളാതെയും പരിപാലിക്കാതെയുമിരിക്കുകയും മുതലാളിത്വവ്യവസ്ഥിതിയെ പരിപാലിക്കുകയും ചെയ്തു എന്നത്. മതങ്ങൾ പ്രായോകതലത്തിലെങ്കിലും കമ്മ്യൂണിസവും സോഷ്യലിസവും ഉൾക്കൊള്ളാത്തതായി കാണപ്പെട്ടു. അത് മതങ്ങളെ എതിർക്കുന്നതിനു കാരണമായിവരുന്നു.
(2) കാൾമാർക്സ് വികസിപ്പിച്ചെടുത്ത് നടപ്പാക്കിയ “വൈരുദ്ധ്യാതമക ഭൗതികവാദം  (Dialectical materialism)” എന്ന സിദ്ധാന്തത്തിന്റെ സാന്നിദ്ധ്യം. മതമേധാവികൾ അനീതിനിറഞ്ഞ സാമൂഹ്യവ്യവസ്ഥ നടപ്പാക്കിയിരുന്നതുകാരണം ആത്മീയത എന്ന ആശയത്തിൽ കഴമ്പില്ല എന്ന ധാരണ വന്നുചേർന്നത് “വൈരുദ്ധ്യാത്മക ഭൗതികവാദം” എന്ന ആശയത്തെ കൂടുതൽ സ്വീകാര്യമാക്കിയതിനും ഇടയാക്കിയിട്ടുണ്ടാവാം.

വൈരുദ്ധ്യാത്മക സിദ്ധാന്തവും ഭൗതികവാദസിദ്ധാന്തവും ഒത്തുചേർന്നതാണ്‌ വൈരുദ്ധ്യാത്മക ഭൗതികവാദ സിദ്ധാന്തം. ഒരു വസ്തുത ഒന്നുകിൽ ശരിയായിരിക്കും അല്ലെങ്കിൽ തെറ്റായിരിക്കും; ഇതിനുരണ്ടിനുമിടയിൽ ഒരു അവസ്ഥയില്ല. ഇതാണ്‌ വൈരുദ്ധ്യാത്മക സിദ്ധാന്തത്തിന്റെ ഉള്ളടക്കം. എല്ലാ വസ്തുക്കളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഭൗതികപദാർത്ഥങ്ങളാലാണെന്നും അതീന്ദ്രിയ ശക്തികളൊന്നും ഇല്ലെന്നും ഭൗതികവാദം പറയുന്നു. പ്രപഞ്ചത്തിൽ പ്രാഥമികമായത് പദാർത്ഥം ആണെന്നും ആശയം പിന്നീടാണ്‌ ഉണ്ടായതെന്നും പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ലെന്നും വൈരുദ്ധ്യാതമക ഭൗതികവാദം പറയുന്നു. സങ്കല്പഫലമായി, ദൈവത്തിന്റെ ആശയഫലമായി ആണ്‌ പ്രപഞ്ചം രൂപംകൊണ്ടത് എന്നത്രേ ആത്മീയവാദം പറയുന്നത്.

ഐസക്ന്യൂട്ടൺ ഭൂഗുരുത്വാകർഷണം കണ്ടുപിടിക്കുന്നതിനു മുൻപും ഗുരുത്വാകർഷണം വസ്തുക്കളിൽ പ്രവർത്തിച്ചിരുന്നു. അതുപോലെ, സന്തുലലനാവസ്ഥയിലും പാർസ്പര്യത്തിലും വർത്തിച്ചിരുന്ന ഏതൊരു സമൂഹത്തിലും സോഷ്യലിസം സ്വാഭാവികമായും നിലനിന്നിരുന്നു. മത്സരങ്ങളും ഫ്യൂഡലിസവും സാമ്രാജ്യത്വവും സ്വേഛാധിപത്യവുമാണ്‌ ആ സോഷ്യലിസത്തെ, സന്തുലനാവസ്ഥയെ തകർക്കുന്നത്. സന്തുലനാവസ്ഥയെ തകർക്കുന്ന നീക്കങ്ങളെ ചെറുക്കുന്നതിനായി കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉദയം ചെയ്തു. തുടർന്ന്, കമ്യൂണിസ്റ്റ് നേതാക്കന്മാർ അവതരിപ്പിച്ച സിദ്ധാന്തങ്ങൾക്കൊക്കെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സ്വീകാര്യതയും ലഭിച്ചു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്‌ സോഷ്യലിസവുമായി നേരിട്ട് ബന്ധമില്ലെങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥനങ്ങളുടെ ഒരു തത്വമായി വരുദ്ധ്യാത്മക ഭൗതികവാദത്തെ സ്വീകരിക്കാനിടയായതും അങ്ങനെയായിരിക്കാം. ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കൾ വൈരുദ്ധ്യാത്മക ഭൗതികവാദത്തിലും വിശ്വസിച്ചിരുന്നതിനാൽ.

സോഷ്യലിസത്തെക്കുറിച്ച് മതങ്ങളുടെ നിലപാട് എന്തായിരിക്കും ? മതങ്ങളുടെ നിലപാട് മതനേതാക്കന്മാരുടെ നിലപാട് എന്നിങ്ങനെ രണ്ടായിത്തിരിക്കേണ്ടിവരും. മതങ്ങളുടെ നിലപാടിന്‌ വിരുദ്ധമാകുമോ മതനേതാക്കന്മാരുടെ നിലപാട് എന്നുചോദിച്ചാൽ, പ്രായോഗികമായി അങ്ങനെ കാണുന്നുണ്ടെന്ന് പറയേണ്ടിവരും. താത്വികമായി പറയുകയാണെങ്കിൽ സോഷ്യലിലം എന്ന ആശയത്തെ മതങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഉൾക്കൊള്ളുന്നുണ്ടെന്ന് സമ്മതിക്കാനാണ്‌ മതാനുയായികൾ താൽപര്യപ്പെടുന്നതും. ബാല്യകാല സുഹൃത്തായ സുധാമയെ (കുചേലനെ) ശ്രീകൃഷ്ണൻ സ്വീകരിച്ചവിധവും, ഗോപാലന്മാരോടൊത്ത് കാലികളെ മേയിച് നടന്നതും, യേശുക്രിസ്തു അവശർക്കും ആലംബഹീനർക്കും സഹായമായതും, മദർതെരേസ ദരിദ്രരെയും രോഗികളെയും അനാധരെയും സംരക്ഷിച്ചതും, സ്വാമിവിവേകാനന്ദൻ ചെറുപ്പം മുതൽ ഇതരമതവിശ്വാസികളോടൊത്ത് ഭക്ഷണം കഴിക്കുകയും ഇടപഴകുകയും ചെയ്തതും, ശ്രീനാരായണഗുരു പന്തിഭോജനം നടത്തിയതും എല്ലാം പ്രചരിപ്പിക്കാൻ മതാനുയായികൾ താൽപര്യപ്പെടുന്നത് അവർ സോഷ്യലിസത്തെ അംഗീകരിക്കുന്നുവെന്നതിന്റെ തെളിവായി കരുതാം. മതങ്ങൾ മനുഷ്യനന്മയ്ക്കുവേണ്ടിയാണെങ്കിൽ അതിൽ സോഷ്യലിലം സ്വാഭാവികമായും ഉണ്ടായിരിക്കുമല്ലോ. റിലിജിയസ് സോഷ്യലിസം എന്നപേരിലും ഇതറിയപ്പെടുന്നുണ്ട്. അങ്ങനെയൊക്കെയെങ്കിൽ ശ്രീകൃഷ്ണനെയും യേശുക്രിസ്തുവിനെയും സോഷ്യലിസ്റ്റ് എന്നും വിളിക്കാം.

സമത്വത്തിനും സമ്പത്തിന്റെ വികേന്ദ്രീകരണത്തിനും വേണ്ടി കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് ചേരേണ്ടിവരുന്നത് കാലഘട്ടത്തിന്റെ ഒരു ആവശ്യമായിത്തീരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ പോലും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന രീതി. ഫ്യൂഡലിസത്തെയും സാമ്രാജ്യത്വത്തെയും മതവിരുദ്ധമായി കരുതുകുകയും എന്നാൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ അത്ര താൽപര്യമില്ലാത്തവരും ആയ ജനങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി യോജിച്ചു. അങ്ങനെ, മതത്തിലും കമ്യൂണിസത്തിലും താൽപര്യമുള്ള ഒരു ജനവിഭാഗം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ  ഭാഗമായി നിലനിൽക്കുന്നു. ഇത് റിലീജിയസ് കമ്യൂണിസം എന്ന് അറിയപ്പെട്ടുതുടങ്ങി. വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ താല്പര്യമില്ലാത്ത കമ്യൂണിസ്റ്റുകാർ എന്ന് ഇവരെ വിശേഷിപ്പിക്കാം.

യാഥാസ്ഥിതികത ഇഷ്ടപ്പെടാത്തവരും മനുഷ്യത്വരഹിതമായ രീകളിൽനിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും മതത്തെ മോചിപ്പിക്കണമെന്നും ആഗ്രഹിക്കുന്നവർക്കും പ്രസ്ഥാനങ്ങളുമായി അടുക്കാനാവുന്നില്ല. ‘മതം എന്നാൽ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂമ്പാരം’ എന്ന ധാരണ പ്രസ്ഥാനത്തിനുള്ളിൽ നിലനിൽക്കുന്നതാണ്‌ കാരണം. മനുഷ്യൻ ഒരു മതത്തിലും പെടുന്നില്ലെങ്കിലും മനുഷ്യനും പ്രകൃതിക്കും ഗുണപരമായ ജീവിതരീതികളും പ്രവർത്തനങ്ങളും പിൻതുടർന്നാൽ മതിയെന്ന് കരുതുന്ന, എന്നാൽ ഭൗതികവാദത്തെ മാത്രമായി ഉൾക്കൊള്ളാത്ത NonReligious-Spirituality എന്ന വിഭാഗത്തിൽ പെടുന്നവരും ആശയപരമായി കമ്യൂണിസത്തെ ഇഷ്ടപ്പെടുന്നെങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ നിന്നും അകന്നുനിൽക്കുന്നു. യുക്തിവാദം അത്ര യുക്തിവാദം അല്ലായെന്നു തോന്നുന്നതാണ്‌ കാരണം. യാഥാസ്ഥിതികതയെ ചോദ്യം ചെയ്യാനും വേണ്ടിവന്നാൽ മതത്തെത്തന്നെ സ്വജീവിതത്തിൽ നിന്നും പുറന്തള്ളാനും തയ്യാറുള്ളവർ ഹിന്ദുവിഭാഗങ്ങളിലുള്ളതുപോലെ സെമറ്റിക് മത വിഭാഗങ്ങളിൽ ഇല്ല എന്നത് ന്യൂനപക്ഷങ്ങളെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ നിന്നും അകറ്റാനിടയാക്കുന്നു. മതവും കമ്യൂണിസവും മാനവികതയും തമ്മിൽ സാധാരണക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന മേഖലകളാണിതൊക്കെ.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലും ചില നിഷ്കർഷകളുണ്ട്. മനുഷ്യരുടെ ചിത്രങ്ങളിൽ അഭിവാദ്യം അർപ്പിക്കുന്നു, കാവിയും പച്ചയും നിറങ്ങൾക്ക് ചില മതങ്ങളിൽ പ്രത്യേക പ്രാധാന്യമുള്ളതുപോലെ കമ്യൂണിസത്തിന്റെ നിറം ചുവപ്പ് ആയിക്കരുതപ്പെടുന്നു. കൊടിമരവും പുഷ്പാർപ്പണവുമുണ്ട്. മനുഷ്യനെ മനഃശാസ്ത്രപരമായി ഇവയെല്ലാം ഏതോ വിധത്തിൽ ഇത്തരം ആചാരങ്ങൾ സ്വാധീനിക്കുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്കും മൂലധനത്തിനും ഈ പ്രസ്ഥാനത്തിൽ ബൈബിളിന്റെ സ്ഥാനമാണുള്ളത്. മതവിശ്വാസികൾ ഋഷിമാരുടെയും പ്രവാചകന്മാരുടെയും വാചകങ്ങളെ മുറുകെപ്പിടിക്കുന്നതുപോലെ കമ്യൂണിസ്റ്റുകാർക്ക് ഫ്രോയിഡിന്റെയും മാർക്സിയൻ തത്വചിന്തകന്മാരുടെയും ആശയങ്ങളെ മുറുകെപ്പിടിക്കേണ്ടിവരുന്നുണ്ടോ...? ഇങ്ങനെ ബൃഹത്തായ ഒരു തത്വസംഹിതയും പ്രായോഗിക മാർഗ്ഗങ്ങളും അടങ്ങുന്നതാണ്‌ കമ്യൂണിസ്റ്റ് പ്രസ്ഥാനം. ഒരു മതമെന്നപോലെ പ്രബലവും നിയമാവലികളും ആശയസംഹിതകളും ഉള്ളതുമായ ഒരു പ്രസ്ഥാനമായി കമ്യൂണിസവും കാണപ്പെടുന്നു. കമ്യൂണിസം-മാനവികത-ആത്മീയത--മതങ്ങൾ ഇവയെങ്ങനെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്നു....?!!!

6 comments:

 1. ഹരിനാഥ് ,
  വളരെ നല്ല അവലോകനം.
  ഏറെ ഇഷ്ടമായി.

  ReplyDelete
 2. എല്ലാ ഇസങ്ങള്‍ക്കും ദൈവങ്ങളുണ്ട്, കുറഞ്ഞപക്ഷം ദൈവസ്ഥാനത്ത് “എന്തെ“ങ്കിലുമുണ്ട്!

  ReplyDelete
 3. Socialism -> Communism -> Marxismഎന്നത് തെറ്റാണ്.
  Socialism -> Communism എന്നത് സാമൂഹ്യ ഘടനയും
  Marxism എന്നത് Dialectical ഭൌതികവാദത്തില്‍ അടിസ്ഥാനമായ ഒരു പഠന രീതിയും ആണ്.
  മാര്‍ക്സ് വിശ്വസിച്ചിരുന്നതല്ല Dialectical ഭൌതികവാദം. പകരം അദ്ദേഹം വികസിപ്പിച്ച് പഠന രീതിയാണത്. എല്ലാം ഉള്‍ക്കൊള്ളുന്ന ഭൌതികവാദം എന്ന് വേണമെങ്കില്‍ ലളിതമായി പറയാം.

  ക്ഷമിക്കണം, താങ്കള്‍ ഒരുപാട് തെറ്റിധാരണ വെച്ചുപുലര്‍ത്തുന്നുണ്ട്. മൂലധനം പഠിക്കുക.

  https://mljagadees.wordpress.com/category/%E0%B4%AE%E0%B5%82%E0%B4%B2%E0%B4%A7%E0%B4%A8%E0%B4%82/

  - Jagadees.

  ReplyDelete
 4. ഈ അവലോകനം നന്നായിരിക്കുന്നു കേട്ടൊ ഭായ്
  പിന്നെ എല്ലാ ‘ഇസ’ങ്ങളും ലോകത്തിൽ മാറി മാറി വരുന്ന
  ഒരു പ്രതിഭാസം തന്നെയാണല്ലോ അല്ലേ

  ReplyDelete
 5. നല്ല അവലോകനം.. ആശംസകൾ ഹരിനാഥ്

  ReplyDelete
 6. വളരെ നന്ദി എന്റെ ഒരുപാട് സംശയങ്ങൾക്ക് ഇതിൽ ഉത്തരം ഉണ്ടായിരുന്നു (y)

  ReplyDelete