Saturday, February 28, 2015

അയ്യൻകാളിയും കേരള നവോത്ഥാനവും

അയ്യൻകാളി ayyankali അയ്യങ്കാളി

അയ്യൻകാളിയുടെ ജനനവും ജീവിതപശ്ചാത്തലവും, ജാതീയമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കുന്നതിനും അധഃസ്ഥിതരുടെ വിമോചനത്തിനായി നടത്തിയ സാമൂഹികമുന്നേറ്റങ്ങളും നേരിടേണ്ടിവന്ന വെല്ലുവിളികളും, ആ കാലഘട്ടത്തിൽ കേരളത്തിൽ ജീവിച്ചിരുന്ന ഇതര സാമൂഹിക പരിഷ്കർത്താക്കൾ അവരുടെ പ്രവർത്തനരീതികൾ എന്നിവയെക്കുറിച്ച് ചരിത്രപരമായും താത്വികമായും പ്രതിപാദിച്ചിരിക്കുന്നു. ഒരു ജനതയുടെ വിമോചനത്തിന്‌ വിദ്യാഭ്യാസവും സാമ്പത്തികവും സാമൂഹികമായ അംഗീകാരവും അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ് അവ നേടിയെടുക്കുന്നതിനായി അയ്യൻകാളി നടത്തിയ പരിശ്രമങ്ങളാണ്‌ ഇതിൽ പ്രധാനമായും ഉൾക്കൊണ്ടിരിക്കുന്നത്. ചരിത്രസംഭവങ്ങളെയും അവ ഇന്നത്തെ സാമൂഹിക ഘടനയിലേക്കും ചിന്താഗതിയിലേക്കും എത്തിച്ചേരാനിടയായ വിധവും മനസ്സിലാക്കാം.

മതപരമായ ആദ്ധ്യാത്മിക മൂല്യങ്ങളാണ്‌ ഫ്യൂഡലിസത്തെ മുന്നോട്ട് നയിച്ചതെന്ന പക്ഷത്തുനിന്നുകൊണ്ടുള്ള രചന. യാഥാസ്ഥിതികതയെയും മതഭ്രാന്തിനെയുമാണ്‌ മതമെന്ന് വിളിക്കുന്നതെങ്കിൽ മതപരമായ മൂല്യങ്ങളാണ്‌ ഫ്യൂഡൽ സമൂഹത്തെ മുന്നോട്ടു നയിച്ചതെന്ന് പറയുന്നതിൽ തെറ്റില്ല. മാനവികതയും ഇതര ആത്മീയമൂല്യങ്ങളും ഒത്തുചേരുന്ന വ്യക്തിയായി രവീന്ദ്രനാഥ ടഗോറിനെയെങ്കിലും കണ്ടെത്തുന്നുണ്ടെങ്കിലും, മാനവികതയും ആദ്ധ്യാത്മികതയും വിരുദ്ധമാണെന്ന് കരുതാനാഗ്രഹിക്കുന്നവരെ അത് അസ്വസ്ഥപ്പെടുത്തുന്നു. കാഴ്ചപ്പാടിലെ ഈ വൈരുദ്ധ്യമാണ്‌ അയ്യങ്കാളിയെ തങ്ങളുടെ വിഭാഗത്തിലേക്ക് വലിച്ചടുപ്പിക്കാൻ പല വിഭാഗങ്ങളെയും പ്രേരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ എന്താണ്‌ അയ്യങ്കാളി ചെയ്തത് ? അധഃസ്ഥിതരായി കഴിഞ്ഞിരുന്ന ജനവിഭാഗങ്ങളെ അവരുടെ ദുരവസ്ഥയിൽ നിന്നും കരകയറ്റുന്നതിനായി പ്രയത്നിച്ചു എന്നത്. ഇതാകട്ടെ, ഭൗതികവാദത്തിനോ ആത്മീയവാദത്തിനോ വിരുദ്ധവുമല്ല. മാനവികത എന്നത് യുക്തിവാദികൾക്കും ആത്മീയവാദികൾക്കും സ്വീകാര്യമായതും അനിവാര്യമായതുംകൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നത്. എന്നാൽ അവ യാഥാസ്ഥിതികത്വത്തിനും ഫ്യൂഡലിസത്തിനും സാമ്രാജ്യത്വത്തിനും എതിരുമാണ് എന്നുപറയാൻ കഴിയും.

അടിമത്വവും ജാതീയമായ ക്രൂരതകളും കേരളത്തിൽ ആരംഭിച്ചതിനു ശേഷമുള്ള ചരിത്രമാണ്‌ ഇതിലുള്ളത്. ഇതിൽ നിന്നും കരകയറാൻ കൂട്ടുപിടിച്ചതാകട്ടെ തങ്ങളുടെ നേതൃത്വത്തിലുള്ള ഭരണനടത്തിപ്പിനായി ജനങ്ങളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ബ്രിട്ടീഷുകാർ തയ്യാറാക്കിയ പാഠ്യപദ്ധതിയും. പരിഷ്കാരമെന്നപേരിൽ വ്യക്തിസ്വാതന്ത്ര്യത്തിലും കുടുംബബന്ധങ്ങളിലും കടന്നുകയറിയതാകട്ടെ വിക്ടോറിയൻ സദാചാരനിയമങ്ങളും അറേബ്യൻ നിഷ്കർഷകളും. ഫ്യൂഡലിസത്തെ തകർക്കാനായി മുതലാളിത്തെ കൂട്ടുപിടിച്ചപ്പോൾ ആ മുതലാളിത്തം സാമ്രാജ്യത്വത്തെ കൂട്ടുപിടിച്ചുകൊണ്ട് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ ദുരിതത്തിലാക്കി. എവിടെയായിരിക്കും നമുക്ക് തെറ്റുപറ്റിയിരിക്കുക....? ഇന്നിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ ചരിത്രം അറിയണം. സമഗ്രവും ദീർഘവുമായ ചരിത്രം. ആ ചരിത്രപാഠങ്ങളിലേക്ക് ഒരദ്ധ്യായം കൂടി...
~ ~ ~ ! ~ ~ ~
അയ്യൻകാളിയും കേരള നവോത്ഥാനവും
Ayyan Kaliyum Kerala Navodhanavum
(Ayyan Kali and Kerala Renaissance)

Presented by:
നേതാജി സാമൂഹ്യ-സാംസ്കാരിക പഠനകേന്ദ്രം
Netaji Centre for Socio-Cultural Studies

Publishers:
Unity Books and Publications

Pages: 160  Price: Rs. 120/-

4 comments:

 1. അയ്യന്‍‌കാളി ഇപ്പോള്‍ ഒരു വിഭാഗത്തിന്റെ മാത്രം നേതാവായിമാറി. നവോത്ഥാനത്തിലെ അദ്ദേഹത്തിന്റെ പങ്ക് എത്ര തമസ്കരിക്കപ്പെട്ടിരിക്കുന്നു. ചരിത്രം മറന്ന ജനതയ്ക്ക് ചരിത്രത്തെപ്പറ്റി ഒരു ബോധം വരേണ്ടതിന് ഇത്തരം പുസ്തകങ്ങള്‍ വേണം.

  ReplyDelete
 2. അടിമത്വവും ജാതീയമായ ക്രൂരതകളും കേരളത്തിൽ ആരംഭിച്ചതിനു ശേഷമുള്ള ചരിത്രമാണ്‌ ഇതിലുള്ളത്. ഇതിൽ നിന്നും കരകയറാൻ കൂട്ടുപിടിച്ചതാകട്ടെ തങ്ങളുടെ നേതൃത്വത്തിലുള്ള ഭരണനടത്തിപ്പിനായി ജനങ്ങളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ബ്രിട്ടീഷുകാർ തയ്യാറാക്കിയ പാഠ്യപദ്ധതിയും. പരിഷ്കാരമെന്നപേരിൽ വ്യക്തിസ്വാതന്ത്ര്യത്തിലും കുടുംബബന്ധങ്ങളിലും കടന്നുകയറിയതാകട്ടെ വിക്ടോറിയൻ സദാചാരനിയമങ്ങളും അറേബ്യൻ നിഷ്കർഷകളും. ഫ്യൂഡലിസത്തെ തകർക്കാനായി മുതലാളിത്തെ കൂട്ടുപിടിച്ചപ്പോൾ ആ മുതലാളിത്തം സാമ്രാജ്യത്വത്തെ കൂട്ടുപിടിച്ചുകൊണ്ട് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ ദുരിതത്തിലാക്കി. എവിടെയായിരിക്കും നമുക്ക് തെറ്റുപറ്റിയിരിക്കുക....?

  ഒന്നും ഓര്‍ക്കാതെ ചിന്തിക്കാതെ....

  ReplyDelete
 3. Ayyankali is shown in a different light in this..............an insight to the history

  ReplyDelete
 4. ഇതര സാമൂഹിക പരിഷ്കർത്താക്കൾ അവരുടെ പ്രവർത്തനരീതികൾ എന്നിവയെക്കുറിച്ച് ചരിത്രപരമായും താത്വികമായും പ്രതിപാദിച്ചിരിക്കുന്നു. ഒരു ജനതയുടെ വിമോചനത്തിന്‌ വിദ്യാഭ്യാസവും സാമ്പത്തികവും സാമൂഹികമായ അംഗീകാരവും അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ് അവ നേടിയെടുക്കുന്നതിനായി അയ്യൻകാളി നടത്തിയ പരിശ്രമങ്ങളാണ്‌ ഇതിൽ പ്രധാനമായും ഉൾക്കൊണ്ടിരിക്കുന്നത്. ചരിത്രസംഭവങ്ങളെയും അവ ഇന്നത്തെ സാമൂഹിക ഘടനയിലേക്കും ചിന്താഗതിയിലേക്കും എത്തിച്ചേരാനിടയായ വിധവും മനസ്സിലാക്കാം.

  ReplyDelete