Saturday, February 28, 2015

അയ്യൻകാളിയും കേരള നവോത്ഥാനവും

അയ്യൻകാളി ayyankali അയ്യങ്കാളി

അയ്യൻകാളിയുടെ ജനനവും ജീവിതപശ്ചാത്തലവും, ജാതീയമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കുന്നതിനും അധഃസ്ഥിതരുടെ വിമോചനത്തിനായി നടത്തിയ സാമൂഹികമുന്നേറ്റങ്ങളും നേരിടേണ്ടിവന്ന വെല്ലുവിളികളും, ആ കാലഘട്ടത്തിൽ കേരളത്തിൽ ജീവിച്ചിരുന്ന ഇതര സാമൂഹിക പരിഷ്കർത്താക്കൾ അവരുടെ പ്രവർത്തനരീതികൾ എന്നിവയെക്കുറിച്ച് ചരിത്രപരമായും താത്വികമായും പ്രതിപാദിച്ചിരിക്കുന്നു. ഒരു ജനതയുടെ വിമോചനത്തിന്‌ വിദ്യാഭ്യാസവും സാമ്പത്തികവും സാമൂഹികമായ അംഗീകാരവും അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ് അവ നേടിയെടുക്കുന്നതിനായി അയ്യൻകാളി നടത്തിയ പരിശ്രമങ്ങളാണ്‌ ഇതിൽ പ്രധാനമായും ഉൾക്കൊണ്ടിരിക്കുന്നത്. ചരിത്രസംഭവങ്ങളെയും അവ ഇന്നത്തെ സാമൂഹിക ഘടനയിലേക്കും ചിന്താഗതിയിലേക്കും എത്തിച്ചേരാനിടയായ വിധവും മനസ്സിലാക്കാം.

മതപരമായ ആദ്ധ്യാത്മിക മൂല്യങ്ങളാണ്‌ ഫ്യൂഡലിസത്തെ മുന്നോട്ട് നയിച്ചതെന്ന പക്ഷത്തുനിന്നുകൊണ്ടുള്ള രചന. യാഥാസ്ഥിതികതയെയും മതഭ്രാന്തിനെയുമാണ്‌ മതമെന്ന് വിളിക്കുന്നതെങ്കിൽ മതപരമായ മൂല്യങ്ങളാണ്‌ ഫ്യൂഡൽ സമൂഹത്തെ മുന്നോട്ടു നയിച്ചതെന്ന് പറയുന്നതിൽ തെറ്റില്ല. മാനവികതയും ഇതര ആത്മീയമൂല്യങ്ങളും ഒത്തുചേരുന്ന വ്യക്തിയായി രവീന്ദ്രനാഥ ടഗോറിനെയെങ്കിലും കണ്ടെത്തുന്നുണ്ടെങ്കിലും, മാനവികതയും ആദ്ധ്യാത്മികതയും വിരുദ്ധമാണെന്ന് കരുതാനാഗ്രഹിക്കുന്നവരെ അത് അസ്വസ്ഥപ്പെടുത്തുന്നു. കാഴ്ചപ്പാടിലെ ഈ വൈരുദ്ധ്യമാണ്‌ അയ്യങ്കാളിയെ തങ്ങളുടെ വിഭാഗത്തിലേക്ക് വലിച്ചടുപ്പിക്കാൻ പല വിഭാഗങ്ങളെയും പ്രേരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ എന്താണ്‌ അയ്യങ്കാളി ചെയ്തത് ? അധഃസ്ഥിതരായി കഴിഞ്ഞിരുന്ന ജനവിഭാഗങ്ങളെ അവരുടെ ദുരവസ്ഥയിൽ നിന്നും കരകയറ്റുന്നതിനായി പ്രയത്നിച്ചു എന്നത്. ഇതാകട്ടെ, ഭൗതികവാദത്തിനോ ആത്മീയവാദത്തിനോ വിരുദ്ധവുമല്ല. മാനവികത എന്നത് യുക്തിവാദികൾക്കും ആത്മീയവാദികൾക്കും സ്വീകാര്യമായതും അനിവാര്യമായതുംകൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നത്. എന്നാൽ അവ യാഥാസ്ഥിതികത്വത്തിനും ഫ്യൂഡലിസത്തിനും സാമ്രാജ്യത്വത്തിനും എതിരുമാണ് എന്നുപറയാൻ കഴിയും.

അടിമത്വവും ജാതീയമായ ക്രൂരതകളും കേരളത്തിൽ ആരംഭിച്ചതിനു ശേഷമുള്ള ചരിത്രമാണ്‌ ഇതിലുള്ളത്. ഇതിൽ നിന്നും കരകയറാൻ കൂട്ടുപിടിച്ചതാകട്ടെ തങ്ങളുടെ നേതൃത്വത്തിലുള്ള ഭരണനടത്തിപ്പിനായി ജനങ്ങളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ബ്രിട്ടീഷുകാർ തയ്യാറാക്കിയ പാഠ്യപദ്ധതിയും. പരിഷ്കാരമെന്നപേരിൽ വ്യക്തിസ്വാതന്ത്ര്യത്തിലും കുടുംബബന്ധങ്ങളിലും കടന്നുകയറിയതാകട്ടെ വിക്ടോറിയൻ സദാചാരനിയമങ്ങളും അറേബ്യൻ നിഷ്കർഷകളും. ഫ്യൂഡലിസത്തെ തകർക്കാനായി മുതലാളിത്തെ കൂട്ടുപിടിച്ചപ്പോൾ ആ മുതലാളിത്തം സാമ്രാജ്യത്വത്തെ കൂട്ടുപിടിച്ചുകൊണ്ട് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ ദുരിതത്തിലാക്കി. എവിടെയായിരിക്കും നമുക്ക് തെറ്റുപറ്റിയിരിക്കുക....? ഇന്നിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ ചരിത്രം അറിയണം. സമഗ്രവും ദീർഘവുമായ ചരിത്രം. ആ ചരിത്രപാഠങ്ങളിലേക്ക് ഒരദ്ധ്യായം കൂടി...
~ ~ ~ ! ~ ~ ~
അയ്യൻകാളിയും കേരള നവോത്ഥാനവും
Ayyan Kaliyum Kerala Navodhanavum
(Ayyan Kali and Kerala Renaissance)

Presented by:
നേതാജി സാമൂഹ്യ-സാംസ്കാരിക പഠനകേന്ദ്രം
Netaji Centre for Socio-Cultural Studies

Publishers:
Unity Books and Publications

Pages: 160  Price: Rs. 120/-

Friday, February 20, 2015

പൊതുഗതാഗതം പൊതുജനാരോഗ്യത്തിന്

ksrtc public transport kerala

“ആരോഗ്യകരമായ പൊതുഗതാഗതം പൊതുജനാരോഗ്യത്തിന്‌”. കെഎസ്ആർടിസി ബസ്സ് ഡേ ആചരണത്തിലെ മുദ്രാവാക്യം‌. 1938 ഫെബ്രുവരി 20ന്‌ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്സ് രാജകുടുംബാംഗങ്ങളുമായി കവടിയാറിലേക്ക് ഒരു യാത്ര നടത്തി. ചരിത്രപ്രസിദ്ധമായ ഈ യാത്രയാണ്‌ നമ്മുടെ നാട്ടിലെ പൊതുഗതാഗത സംവിധാനത്തിന്റെ ആരംഭമായി ഗണിക്കപ്പെടുന്നതും. ഇന്ന് റോഡുമാർഗ്ഗമുള്ള നമ്മുടെ പൊതുഗതാഗത സംവിധാനം (state carriage) ഏറെ വളരുകയും വെല്ലുവിളികളെ അതിജീവിക്കുകയും ചെതുകൊണ്ട്‌ 77 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

പൊതുഗതാഗത സൗകര്യങ്ങൾ അപര്യാപ്തമാകുമ്പോൾ അവയെ വെല്ലുവിളിച്ചുകൊണ്ട് സ്വകാര്യവാഹനങ്ങളിലേക്ക് മാറുന്നതിനു പകരം സംഘടിതമായി പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും നടപ്പാക്കുകയും ചെയ്യേണ്ടതാണ്‌‌. മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കിക്കൊണ്ട് സ്വകാര്യവാഹനങ്ങളുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്താൻ നമുക്കുകഴിയണം. പൊതുഗതാഗത സംവിധാനങ്ങൾ നമ്മുടെ ആരോഗ്യത്തിന്‌ എന്തുകൊണ്ട് അനിവാര്യമാകുന്നുവെന്ന് താഴെ കൊടുത്തിരിക്കുന്ന ലേഖനത്തിൽ നിന്നും മനസ്സിലാക്കാം:
"ഗ്രീന്‍ ട്രാന്‍സ്പോര്‍ട്ടിന് സമയമായി"
(ഈ ലേഖനം ഇപ്പോൾ മാധ്യമം ഓൺലൈനിൽ ലഭ്യമല്ലാത്തതിനാൽ ഇവിടെ ചേർക്കുന്നു. Original Source:http://www.madhyamam.com/weekly/2664)

ഗ്രീന്‍ ട്രാന്‍സ്പോര്‍ട്ടിന് സമയമായി
- ഡോ.ഷാജി ദാമോദരന്‍
അന്നന്നത്തെ അന്നത്തിന് വകതേടി ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് കാല്‍നടയായും കാളവണ്ടിയിലും യാത്രചെയ്തിരുന്ന പണ്ടത്തെ കാലത്തുനിന്നും ഇന്നത്തെ ആഡംബര കാര്‍യാത്രകളിലേക്ക് മനുഷ്യന്‍ എത്തിച്ചേര്‍ന്നതോടെ കാറുകള്‍ ആധുനിക ആഡംബരത്തിന്റെ ചിഹ്നമായി മാറി. എന്നിരുന്നാലും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കാറിനെ കാണുന്നത് ന്യൂക്ളിയര്‍ ബോംബ് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വിനാശകരമായ കണ്ടുപിടിത്തമായാണ്. കേരളത്തില്‍ ഒരു കോടിയോളം വാഹനങ്ങള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വര്‍ഷംതോറും പത്തുലക്ഷത്തിലധികം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നു. വീട്ടിലെ ഓരോ അംഗത്തിനും ഓരോ കാര്‍ എന്നതാണ് സ്ഥിതി. കാറിന്റെ വലുപ്പവും വീലും കൂടുന്നതിനനുസരിച്ച് അതുപയോഗിക്കുന്ന വ്യക്തിയുടെ അന്തസ്സ്, ആഭിജാത്യം, സമൂഹമധ്യത്തിലുള്ള പദവി, ജീവിതവിജയത്തിന്‍െറ ഇമേജ് എന്നിവ വര്‍ധിക്കുന്നു.

പക്ഷേ, ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ വളരെ കയ്പേറിയതാണ്. ഇവിടെ പ്രതിദിനം പത്തിലധികം ജീവനാണ് റോഡപകടങ്ങളില്‍പെട്ട് പൊലിഞ്ഞുപോകുന്നത്. അംഗവൈകല്യങ്ങള്‍ സംഭവിച്ച് ശേഷിച്ച ജീവിതം നരകതുല്യമായി തള്ളിനീക്കുന്നവര്‍ ആയിരങ്ങള്‍ വേറെവരും. മനുഷ്യരാശിയിലേക്ക് പുതിയ ഒരു രോഗമായി വാഹനാപകടങ്ങള്‍ കടന്നുകയറിക്കഴിഞ്ഞു. വര്‍ധിച്ചുവരുന്ന നഗരവത്കരണത്തിന്റെ പ്രധാന രോഗാതുരതയായും (Morbidity) മരണകാരണമായും (Mortality) വാഹനാപകടങ്ങള്‍ മാറിക്കഴിഞ്ഞു. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള അണുജന്യരോഗങ്ങളെക്കാള്‍ ഇന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ജീവിതശൈലീരോഗമായ വാഹന അപകടങ്ങൾ‍. വാഹനങ്ങളില്‍ യാത്രചെയ്യുന്നവരെ മാത്രമല്ല, കാല്‍നടയാത്രക്കാരെപോലും ഇത് മരണത്തിലേക്ക് തള്ളിവിടുന്നു. ദിവസവും ആളുകള്‍ റോഡില്‍ പിടഞ്ഞുമരിക്കുന്നത് (അല്ലെങ്കിൽ കൊല്ലപ്പെടുന്നത്) നോക്കിനില്‍ക്കാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയുന്നില്ല. മറ്റൊരു ഉദാഹരണം വാഹനാപകടവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കാം. നമ്മുടെ ഇന്ത്യാ രാജ്യത്തിനായി 1994ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 527 മാത്രമായിരുന്നു. നമ്മുടെ നാട്ടില്‍ ഇതേ വര്‍ഷം വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടവര്‍ ഇതില്‍ കൂടുതലായിരുന്നു. നമ്മള്‍തന്നെ സുരക്ഷിതരല്ളെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാറുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതുമൂലം നഗരങ്ങളില്‍ ഇപ്പോള്‍തന്നെ മൂന്ന് കി.മീറ്റര്‍ ദൂരം പിന്നിടാന്‍ ഒരു മണിക്കൂറോളം എടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ഇത്രയും ദൂരം നടന്നാല്‍തന്നെ 20-25 മിനിറ്റിനകവും സൈക്കിളിലാണെങ്കില്‍ പത്തു മിനിറ്റിനകവും എത്താന്‍ കഴിയും.

എന്നാൽ‍, റോഡപകടങ്ങളെക്കാള്‍ ഗുരുതരമായി ഇന്ന് ശബ്ദ, അന്തരീക്ഷ മലിനീകരണവും ഇതേതുടര്‍ന്ന് മനുഷ്യര്‍ക്കുണ്ടാകുന്ന (സസ്യജീവലോകത്തിനും) രോഗങ്ങള്‍ക്കും വാഹനപ്പെരുപ്പം കാരണമാകുന്നു. കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും മാത്രമല്ല, വീടിന് പുറത്തിറങ്ങാത്തവര്‍ക്കുപോലും വായുമലിനീകരണത്തിന്റെ ആഘാതം നേരിടേണ്ടിവരുന്നുണ്ട്. ഇന്ന് നമ്മള്‍ വലിക്കുന്ന ഓരോ ശ്വാസത്തിലും ആശ്വാസമല്ല. അപകടമാണുണ്ടാക്കുന്നത്. എത്രയും കുറച്ച് ശ്വാസംവലിക്കുന്നുവോ അത്രയും നല്ലത് എന്നതായിരിക്കുന്നു സ്ഥിതി! ലോകാരോഗ്യ സംഘടനയുടെ സഹസ്ഥാപനമായ ഐ.എ.ആര്‍.സി പുറത്തിറക്കിയ പഠനത്തില്‍ ഗതാഗത വായുമലിനീകരണത്തിനെ ഗ്രൂപ്പ് ഒന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വന്‍തോതില്‍ ശ്വാസകോശ അര്‍ബുദത്തിനു കാരണമാകുന്നുണ്ട് എന്നാണ് ഐ.എ.ആർ‍.സി ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ മലിനവായു കാന്‍സര്‍ ബന്ധത്തെക്കുറിച്ചു പുത്തന്‍ തെളിവുകള്‍ പാരമ്പര്യേതര ഇന്ധനമുപയോഗിക്കുന്ന വാഹനങ്ങള്‍, ഇന്ധനം ഒട്ടുംതന്നെ വേണ്ടാത്ത സൈക്കിള്‍ മുതലായ വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ച് ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് സര്‍ക്കാര്‍ ഇനിയും വൈകിപ്പിക്കുന്നത് ആരോഗ്യകരമല്ല.

ജര്‍മനിയിലെ പല യൂനിവേഴ്സിറ്റികളിലും വൈ.ചാന്‍സലര്‍ക്ക് മാത്രമാണ് കാറില്‍ കാമ്പസിനകത്ത് വരാന്‍ അനുവാദമുള്ളത്. മറ്റ് ജീവനക്കാരും വിദ്യാര്‍ഥികളും എല്ലാംതന്നെ സൈക്കിളിലാണ് കാമ്പസില്‍ വരുന്നത്. വളരെ ഉയര്‍ന്ന പരിസ്ഥിതി സാക്ഷരത (ഇക്കോ ലിറ്ററസി) അവര്‍ ആര്‍ജിച്ചുകഴിഞ്ഞു (സാധാരണ ജനങ്ങളടക്കം). മാത്രമല്ല, ഈ വക രാജ്യങ്ങളില്‍ സൈക്കിള്‍ കാരേജുകളുള്ള ബസുകള്‍ ഓടിത്തുടങ്ങിയിട്ട് നാളേറെയായി. ഇന്ത്യയില്‍ സ്ഥിതി നേരെ മറിച്ചാണ്. ഇവിടെ ദേശസാല്‍കൃത ബാങ്കുകളടക്കം പെട്രോള്‍/ഡീസല്‍ കാറിന്റെ എണ്ണംകൂട്ടാനുള്ള മത്സരബുദ്ധിയോടെ ലോണ്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഗ്രീന്‍ ബാങ്കിങ് എന്നത് കടലാസിന്‍െറ ഉപയോഗം കുറക്കുന്നതിലേക്ക് മാത്രമായി ഒതുങ്ങി. മാത്രമല്ല, കേരളത്തില്‍ കഴിഞ്ഞ പതിറ്റാണ്ടായി ഉണ്ടായ സാമ്പത്തിക മുന്നേറ്റം സൈക്കിള്‍ ചവിട്ടുന്നതുപോലും മാനക്കേട് എന്ന് ചിന്തിക്കുന്ന രീതിയിലേക്ക് മലയാളികളില്‍ വികലബോധം വളര്‍ത്തിക്കഴിഞ്ഞു. കേരളത്തിലെ വര്‍ധിച്ച ആത്മഹത്യാനിരക്കിന്റെ ഒരു കാരണമായി സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത് വ്യക്തിക്കും സമൂഹത്തിനും അനാരോഗ്യകരമായ ഈ ‘കാർലോൺ‍’ പ്രവണതയാണ്. ഇതുമൂലം ഇ.എം.ഐക്കും ഇന്ധനച്ചെലവിനും മറ്റുമായി ഉള്ളവരുമാനത്തിന്റെ സിംഹഭാഗവും ചെലവിടുന്ന കുടുംബങ്ങള്‍ നിരവധിയാണ്. ഇതുമൂലം കടുത്ത സാമ്പത്തിക-മാനസിക സമ്മര്‍ദത്തിന് ഇക്കൂട്ടര്‍ അടിമപ്പെടുന്നു.

യൂറോപ്പിലും ഇന്ത്യയിലെതന്നെ മറ്റു സംസ്ഥാനങ്ങളിലും നല്ല വില്‍പനയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ (ടൂ വീലര്‍ അടക്കം) കേരളീയ മധ്യവര്‍ഗം തിരസ്കരിച്ച മട്ടാണ്. താരതമ്യേന ചെറുവാഹനങ്ങളായ ഇത് സ്റ്റാറ്റസിനു ചേര്‍ന്നതല്ല എന്നാണ് ഇവരുടെ കണക്കുകൂട്ടല്‍! പ്രാണവായുവിന്‍െറ മലിനീകരണത്തെക്കുറിച്ചൊന്നും ഇക്കൂട്ടര്‍ ചിന്തിക്കുന്നേയില്ല. കാറുകള്‍ നടത്തുന്ന ശ്വാസവായുവിന്റെ (O2) നാശം സര്‍വ അതിരുകളും ലംഘിച്ചിരിക്കുകയാണ്. ഇത് പ്രകൃത്യാ സസ്യങ്ങള്‍ നടത്തുന്ന ഉല്‍പാദനത്തെയും കവച്ചുവെക്കുന്ന രീതിയിലാണ്. ഇനി ഇവിടെ ചെടി നട്ടതുകൊണ്ടൊന്നും അന്തരീക്ഷം നന്നാവാന്‍ പോകുന്നില്ല. കാരണം, ചെടിക്കും ശ്വസിച്ചുവളരാനുള്ള പ്രാണവായുവിന്റെ നില പരുങ്ങലിലാണ്. മനുഷ്യര്‍ക്കും സസ്യങ്ങള്‍ക്കും ആരോഗ്യത്തോടെ വളരാന്‍ സാധിക്കാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

1500 സി.സി എന്‍ജിന്‍ ഫിറ്റ് ചെയ്ത ഒരു കാര്‍ ഒരു വര്‍ഷം നശിപ്പിക്കുന്ന ഓക്സിജന് തുല്യമായ അളവ് ഉല്‍പാദിപ്പിക്കുന്നതിന് സസ്യങ്ങള്‍ അനേകം വര്‍ഷമെടുക്കും. കാറിന്റെ ഭാരവും എന്‍ജിന്റെ ശേഷിയും കൂടുന്നതിനനുസരിച്ച് അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവും കുറയുന്നു. മാത്രമല്ല, എന്‍ജിനില്‍ നിന്നുള്ള വിഷവാതക ബഹിര്‍ഗമനം നിമിത്തം ഉള്ള ഓക്സിജന്‍ മലിനമാക്കപ്പെടുകയും ചെയ്യുന്നു. സത്യത്തില്‍ നമ്മുടെ ആവാസകേന്ദ്രമായ ഈ ഗ്രഹത്തില്‍ ശൂന്യമായിക്കൊണ്ടിരിക്കുന്ന ഒരു വാതകമായി മാറിക്കൊണ്ടിരിക്കുകയാണ് ഓക്സിജന്‍. ‘ഓക്സിജന്‍’ സിലിണ്ടറും താങ്ങി ബഹിരാകാശ യാത്രികരെപ്പോലെ ജോലിക്ക് പോയി തുടങ്ങേണ്ട കാലം അത്ര വിദൂരമൊന്നുമല്ല. മിക്കവാറും ഈ തലമുറയില്‍തന്നെ അത് വേണ്ടിവരും. ഒരു തീര്‍ഥാടന സീസണില്‍ മാത്രം പുകച്ചു പുറംതള്ളുന്ന ഫോസില്‍ ഇന്ധനത്തിന്റെ അളവ് ഏകദേശം 15000000 കോടി ലിറ്ററാണ്. ഇത് അന്തരീക്ഷത്തിലേക്ക് വിസര്‍ജിക്കുന്ന കാര്‍ബണ്‍ മാലിന്യം ഏകദേശം 50,000 ടണ്‍ വരും.


പാശ്ചാത്യ രാജ്യങ്ങളില്‍ വലിയ കാറുകള്‍ ഉപയോഗിക്കുന്നത് സ്റ്റാറ്റസിന്റെ അടയാളമല്ലാതായികഴിഞ്ഞു. ഉയര്‍ന്ന പരിസ്ഥിതി സാക്ഷരതമൂലം ഇത് ആരോഗ്യകരമായ പ്രവണതയായി ഇവിടെ കാണുന്നില്ല. മാത്രമല്ല, കനത്ത നികുതികള്‍ ചുമത്തിയും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിച്ചും ഗവണ്‍മെന്‍റ് ഇതിന് കടിഞ്ഞാണിടുന്നുണ്ട്. ഇവിടെ ബാങ്കുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ‘സോഫ്റ്റ്ലോണ്‍’ അനുവദിക്കുന്നുമുണ്ട്. കൂടാതെ, ഗവണ്‍മെന്‍റ് വക സബ്സിഡി വേറെയും. പീക്ക് അവറില്‍ നഗരത്തിലേക്ക് പ്രവേശിക്കാന്‍ ഇലക്ട്രിക് വാഹനങ്ങളെ മാത്രം അനുവദിക്കുന്ന ഒരു രീതിയും ചില നഗരങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തിന്റെ പ്രത്യാഘാതമായി നമ്മുടെ ജൈവ വ്യവസ്ഥക്കുതന്നെ ഭീഷണി (global warming) നേരിടുന്നത് അടുത്തകാലത്ത് ചര്‍ച്ചാവിഷയമാണല്ളോ. സുസ്ഥിര ഗതാഗത മാര്‍ഗങ്ങളെക്കുറിച്ച് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബര്‍ലിനിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് ഒരു കാര്‍ ഒരു വര്‍ഷത്തില്‍ ശരാശരി 1000 പൗണ്ട് ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നുവെന്നതാണ്. ഈ കണക്ക് കേരളത്തിലെ കാറുകളുടെ എണ്ണംതന്നെ നോക്കുകയാണെങ്കില്‍ നമ്മെ ഞെട്ടിക്കും. ‘3000000,000’ പൗണ്ട് വിഷവാതകങ്ങളാണ് ഈ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊച്ചുകേരളത്തിന്റെ അന്തരീക്ഷത്തില്‍ മാത്രം കലരുന്നത്. ഇവിടെ മനുഷ്യര്‍ ശുദ്ധവായുകിട്ടാതെ മരിച്ചുപോകാത്തത് ഈശ്വരന്റെ കൃപകൊണ്ടുമാത്രം! ഉടനെ മരിച്ചില്ളെങ്കില്‍ത്തന്നെ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രെട്രോള്‍/ഡീസല്‍ കാറുകളില്‍നിന്ന് പുറത്തുവരുന്നത് കാര്‍ബണ്‍ഡൈയോക്സൈഡ് (CO2), കാര്‍ബണ്‍ മോണോക്സൈഡ് (Co), നൈട്രജന്‍ ഓക്സൈഡുകള്‍ (Nox), സള്‍ഫര്‍ ഓക്സൈഡുകള്‍ (So2), ഹൈഡ്രോകാര്‍ബണ്‍സ്, പാര്‍ട്ടികുലേറ്റ്സ് (Particulate Matter) അഥവാ സൂക്ഷ്മതരികള്‍, ഓസോണ്‍ (O3), ലഡ്, ക്ളോറോ ഫ്ളൂറോ കാര്‍ബണ്‍സ്, ബ്ളാക് കാര്‍ബണ്‍ (Soot) തുടങ്ങിയ വിഷജന്യ വാതക-വാതകേതര മൂലകങ്ങളാണ്. ഇവ മനുഷ്യനും ഭൂമിക്കും ജീവജാലങ്ങള്‍ക്കും ഉണ്ടാക്കുന്ന അപായങ്ങള്‍ ഇനംതിരിച്ച് താഴെ കൊടുക്കുന്നു:

Co: സസ്യങ്ങളുടെ നൈട്രജന്‍ ഫിക്സേഷന്‍ മന്ദീഭവിപ്പിക്കുന്നു. സസ്യകോശങ്ങളുടെ ശ്വാസോച്ഛ്വാസത്തെ തടയുന്നു. സസ്യങ്ങള്‍ വളര്‍ച്ചയത്തൊതെ നശിക്കുന്നു. മനുഷ്യരില്‍ കേന്ദ്ര നാഡീവ്യൂഹ വ്യവസ്ഥയെ ബാധിക്കുന്നു. ചുവന്ന രക്താണുക്കളുടെ എണ്ണം കുറക്കുന്നു. ഓക്സിജന്‍ സ്വീകരിക്കുന്നതിനുള്ള ശേഷി കുറയുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം താറുമാറാക്കുന്നു.

So2: ആസിഡ് റെയിന്‍ ഉണ്ടാക്കുന്നു. മണ്ണിലെ പോഷകങ്ങളെ നശിപ്പിക്കുന്നു. സസ്യങ്ങളുടെ കോശങ്ങള്‍ നശിക്കുന്നു. അന്തരീക്ഷത്തില്‍ സള്‍ഫ്യൂരിക് ആസിഡ് ഉണ്ടാവാന്‍ കാരണമാവുന്നു. ജലാശയങ്ങളിലെ വെള്ളം മലിനമാക്കുന്നു. മത്സ്യസമ്പത്തിനെയും ജലസസ്യങ്ങളെയും നശിപ്പിക്കുന്നു. കെട്ടിടങ്ങളെ വേഗം ദ്രവിപ്പിക്കുന്നു. മനുഷ്യരില്‍ തൊണ്ട, മൂക്ക്, കണ്ണ് എന്നിവിടങ്ങളില്‍ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുന്നു.


NOx: ആസിഡ് റെയിന്‍ ഉണ്ടാക്കുന്നു. സസ്യവളര്‍ച്ച മുരടിപ്പിക്കുന്നു. സ്മോഗ് ഉണ്ടാകാന്‍ കാരണമാവുന്നു. ഫോട്ടോസിന്തസിസ് മന്ദീഭവിപ്പിക്കുന്നു. മനുഷ്യരില്‍ പള്‍മണറി എഡിമ എന്ന രോഗത്തിന് ഹേതുവാകുന്നു (ശ്വാസകോശത്തില്‍ കൂടുതല്‍ ദ്രവപ്രദാര്‍ഥം അടിഞ്ഞുകൂടുന്ന അവസ്ഥ). ശ്വാസോച്ഛ്വോസം കൂടുതല്‍ കൂടുതല്‍ വിഷമകരമാകുന്നു.


Particulate Matter: കാഴ്ചയെ മറയ്ക്കുന്നു (കണ്ണിന്‍െറ കാഴ്ചയല്ല). ലോഹങ്ങളെ ദ്രവിപ്പിക്കുന്നു. ആസിഡ് റെയിന്‍ ഉണ്ടാക്കുന്നു. ഓസോണ്‍ ലെയറില്‍ വിള്ളലുണ്ടാക്കുന്നു. ആഗോളതാപന, കാലാവസ്ഥാ വ്യതിയാനം എന്നിവക്ക് കാരണമാകുന്നു.


Ozone (O3): സസ്യങ്ങളില്‍ ഫോട്ടോ സിന്തസിസ് തടസ്സപ്പെടുത്തുന്നു. ഇതുമൂലം കാര്‍ഷിക വിളവ് കുറയുന്നു. നെഞ്ചില്‍ വേദനയുണ്ടാക്കുന്നു. ശ്വാസകോശകുഴലുകളെ ചുരുക്കുന്നു. ആസ്ത്മ അധികരിക്കുന്നു.


Hydro Carbons: സസ്യവളര്‍ച്ച മന്ദീഭവിപ്പിക്കുന്നു. ശ്വാസകോശ കാന്‍സറിന് കാരണമാവുന്നു. ശ്വാസകോശത്തിന്റെ ഓക്സിജന്‍ വിതരണശേഷി കുറക്കുന്നു.


Lead: നൂറ്റാണ്ടുകളായി ഒരു വിഷപദാര്‍ഥമായി അറിയപ്പെടുന്നു. രക്തചംക്രമണം, മസ്തിഷ്കം, നാഡീവ്യൂഹം, പ്രത്യുല്‍പാദന വ്യവസ്ഥ, പ്രതിരോധ വ്യവസ്ഥ എന്നിവയെ ദോഷകരമായി ബാധിക്കുന്നു. ലിവര്‍, കിഡ്നി എന്നിവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. വന്ധ്യത, ഗര്‍ഭധാരണപ്രശ്നങ്ങള്‍ എന്നിവക്ക് കാരണമാകുന്നു.


ഈ വിഷവാതകങ്ങള്‍ കലര്‍ന്ന വായുവിന്റെ ശ്വസനംമൂലം, ഇപ്പോള്‍ 70 വയസ്സുവരെയുള്ള ശരാശരി ആയുര്‍ദൈര്‍ഘ്യം 45 വരെയായിത്തീരുമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. WHO കണക്ക് പ്രകാരം ഇന്ത്യയില്‍ ജുവനൈല്‍ ആസ്ത്മ (കുട്ടികളുടെ) 35 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 50,000 രൂപയുടെ ആസ്ത്മ മരുന്നുകള്‍ ഒരു മാസം ഒരു മെഡിക്കല്‍ഷോപ്പില്‍ മാത്രം ചെലവാകുന്നുണ്ടത്രെ. ഇതുകൂടാതെ വാഹനങ്ങളില്‍നിന്നുള്ള പുക സൃഷ്ടിക്കുന്ന ഒരു പ്രശ്നമാണ് ‘സോളാര്‍ ഡിമ്മിങ്’ (സൂര്യതാപം/സൂര്യപ്രകാശം കുറഞ്ഞുവരുന്ന അവസ്ഥ) എന്ന പ്രതിഭാസം. ഇത് മേഘപാളികളും വാഹനങ്ങളില്‍നിന്നുള്ള പുകമാലിന്യങ്ങളും (particulate Matter) ചേര്‍ന്ന് സൃഷ്ടിക്കുന്ന ഒരു പ്രശ്നമാണ്. വാഹനപുകയിലടങ്ങിയിരിക്കുന്ന ബ്ളാക് കാര്‍ബണ്‍ (Soot) എയ്റോസോള്‍സ് (Fine Pollutants) എന്നിവയും മേഘപാളികളും ചേര്‍ന്ന് ഒരു സാന്ദ്രതയേറിയ കറുത്ത ആവരണമുണ്ടാക്കി സൂര്യപ്രകാശത്തെ ഭൂമിയില്‍ പതിക്കാതെ ആഗിരണം ചെയ്യുന്നു എന്നതാണ് ‘സോളാര്‍ ഡിമ്മിങ്’. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കുമേല്‍പതിപ്പിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് എട്ടു ശതമാനം കുറഞ്ഞതായാണ് പുണെയിലെ ഐ.ഐ.ടി.എമ്മിന്റെ കണക്ക് (Indian Institute of tropical Meterology). ഇത് ഹൈട്രോളജിക്കല്‍ സൈക്കിളിനെ തകിടംമറിച്ച് ബാഷ്പീകരണത്തോത് കുറക്കുന്നു. തുടര്‍ന്ന് ഏത് കൃഷിയെയും അനുബന്ധ പ്രവര്‍ത്തനത്തെയും വിഷമ വൃത്തത്തിലാക്കുന്നു.

ഡീസല്‍ കാറുകളാണ് ഇത്തരത്തിലുള്ള മലിനീകരണത്തിന്റെ പ്രധാന ഉറവിടം. കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുന്ന ഡീസല്‍ ഇന്ന് കൂടുതല്‍ ഉപയോഗിക്കുന്നത് ആഡംബര കാറുകളിലാണല്ലോ. അതുകൊണ്ടുതന്നെ ഇവയുടെ എണ്ണവും വൈറസ്പോലെ പെരുകുകയാണ്. എത്രയും പെട്ടെന്ന് കാറുകളെ നിയന്ത്രിക്കാത്തപക്ഷം അടുത്ത 20 വര്‍ഷത്തിനുള്ളില്‍ പ്രശ്നം അതീവ ഗുരുതരമാവുമെന്നാണ് യു.എന്‍ കൈ്ളമറ്റ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്മോഗ് ആണ് കാറുകളുണ്ടാക്കുന്ന മറ്റൊരു വിന. വാഹനപുകയും മഞ്ഞും ചേര്‍ന്നുണ്ടാക്കുന്ന മൂടുപടലമാണ് സ്മോഗ്. ഇത് തലവേദന, ഛര്‍ദി, അലര്‍ജി, ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ഹ്രസ്വകാല രോഗങ്ങള്‍ക്ക് പുറമെ നിത്യരോഗങ്ങളായ ആസ്ത്മ, ശ്വാസകോശ കാന്‍സര്‍, ഹൃദയകോശങ്ങളുടെ തകരാറുകള്‍ എന്നിവയും ഉണ്ടാക്കുമെന്ന് WHO പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. 1999ല്‍ WHO നടത്തിയ പഠനത്തില്‍ കണ്ടത്തെിയത് കാര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നതിനെക്കാള്‍ അധികം ആളുകള്‍ കാറുകള്‍ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണത്താല്‍ കൊല്ലപ്പെടുന്നുവെന്നാണ്. പൊതുഗതാഗത മേഖലയുടെ കാര്യക്ഷമത കുറവും സ്വകാര്യകാറുകളുടെ വന്‍ വര്‍ധനയുമാണ് കാര്യങ്ങള്‍ ഈവിധം വഷളാക്കിയതെന്ന് കാണാം. ബസുകള്‍ മൊത്തവാഹനങ്ങളുടെ എട്ടു ശതമാനം മാത്രമേ വരുന്നുള്ളൂ. ബൈക്കുകളും കാറുകളുമാണ് നിരത്തുകളില്‍ ഏറെയുള്ളത്. മിക്കപ്പോഴും കാറുകളില്‍ ഡ്രൈവര്‍മാത്രമേ കാണൂ. ഇതിനുവേണ്ട ‘സ്ഥലവും ചെലവും’ കൂടുതലാണെന്നും അതുണ്ടാക്കുന്ന മലിനീകരണം മാരകമാണെന്നും അത് ഉപയോഗിക്കുന്നവര്‍ ഓര്‍ക്കുന്നേയില്ല. ഇനി അവരെ ഓര്‍മിപ്പിക്കുമാത്രമാണ് വിപത്തിന് പോംവഴി. ആഡംബര കാറുകള്‍ മൊത്തം റോഡിന്റെ നല്ളൊരു ശതമാനം കൈയടക്കിക്കഴിഞ്ഞു. പദയാത്രികരുടെയും സൈക്കിള്‍ യാത്രക്കാരുടെയും ശല്യക്കാരെന്ന മട്ടിലാണ് ഇക്കൂട്ടര്‍ വീക്ഷിക്കുന്നത്. പലപ്പോഴും പഥികരെ ഭയാനക ശബ്ദമുള്ള (നിരോധിക്കപ്പെട്ടവ) ഹോണടിച്ച് വിരട്ടുന്നതും നിത്യക്കാഴ്ചയാണ്.


റോഡ് എല്ലാതരത്തിലുള്ള വാഹനങ്ങള്‍ക്കും (സൈക്കിള്‍ അടക്കം) കാല്‍നടക്കാര്‍ക്കും സഞ്ചരിക്കാനുള്ളതാണെന്ന സത്യം അധികൃതരും മറന്നമട്ടാണ്. എന്നാല്‍, 2010 ഫെബ്രുവരിയിലെ സുപ്രധാന വിധിയിലൂടെ ഡല്‍ഹി ഹൈകോടതി ഇത് അധികൃതരെ ഓര്‍മപ്പെടുത്തി. സഞ്ചാരസ്വാതന്ത്ര്യം എല്ലാതരത്തിലുള്ള വാഹനങ്ങള്‍ക്കും (സൈക്കിള്‍, സൈക്കിള്‍ റിക്ഷ, പഥികന്‍ അടക്കം) തുല്യമാണെന്ന് കോടതി വിധിച്ചു. സൈക്കിള്‍ റിക്ഷകള്‍ ഡല്‍ഹിയില്‍ നിരോധിച്ച അധികൃതരുടെ ഉത്തരവിനെ ചോദ്യം ചെയ്ത ഹരജിയിലായിരുന്നു ഈ വിധി. കാറുകള്‍ക്ക് കൂടുതല്‍ സുഖപ്രദവും വേഗത്തിലുള്ള സഞ്ചാരം ഒരുക്കാനുമായിരുന്നു അധികൃതരുടെ നീക്കം. ഇതത്തേുടര്‍ന്ന് ഡല്‍ഹിയില്‍ സൈക്കിള്‍ റിക്ഷകളല്ല (ഇവ ഒരു മലിനീകരണവും ഉണ്ടാക്കുന്നില്ല) മറിച്ച്, കാറുകളാണ് നിയന്ത്രിക്കേണ്ടത് എന്ന തിരിച്ചറിവിലാണ് അധികൃതര്‍. പി.കെ. സര്‍ക്കാര്‍ (School Of planning And Architecture) പറയുന്നത് കാറുകളെ കര്‍ശനമായി നിയന്ത്രിച്ചാല്‍ മാത്രമേ അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള ക്ളീന്‍ എയര്‍ സ്റ്റാന്‍ഡേഡ് ഡല്‍ഹിയിലും മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും നിലനിര്‍ത്താന്‍ പറ്റൂവെന്നാണ്. പല ലോക നഗരങ്ങളും പാര്‍ക്കിങ് ചാര്‍ജ്, സാന്ദ്രതാ നികുതി, പൊലൂഷന്‍ ടാക്സ്, കാര്‍ബണ്‍ ഫണ്ട്, ഹെല്‍ത്ത് ടാക്സ് എന്നിവ ഏര്‍പ്പെടുത്തി ‘കാര്‍മാനിയ’ കുറച്ചുകൊണ്ടിരിക്കയാണ്. ഇത്തരം നികുതികള്‍ ഏര്‍പ്പെടുത്തിയശേഷം Co2, Co, Nox, PM എന്നീ വാതകമാലിന്യങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ 15 ശതമാനം കുറഞ്ഞതായാണ് കണക്ക്. സ്വീഡന്‍, സ്റ്റോക് ഹോം, കാലിഫോര്‍ണിയ തുടങ്ങിയ നഗരങ്ങള്‍ പാരമ്പര്യേതര ഊര്‍ജമുപയോഗിക്കുന്ന വാഹനങ്ങള്‍, ബസുകള്‍ എന്നിവയുടെ എണ്ണം വര്‍ധിപ്പിച്ച് ‘കാര്‍ ഫ്രീ ഡെവലപ്മെന്‍റ്’ എന്ന ആശയം പ്രാവര്‍ത്തികമാക്കി വരുകയാണ്. ഇവിടങ്ങളില്‍ അന്തരീക്ഷവായുവില്‍ Co2, 14 ശതമാനവും Nox പത്തുശതമാനവും CO 15 ശതമാനവും PM 20 ശതമാനവും കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ‘എയര്‍ ക്വാളിറ്റി’യുടെ നിലവാരം ഉയര്‍ത്തിയതിനാല്‍ ആരോഗ്യരംഗത്ത് യു.എസ് 13 മില്യന്‍ ലാഭമുണ്ടാക്കിയത്രേ. കാറുകള്‍, അവ ഈ ഭൂമിക്കും അതിലെ ജീവനും ഉണ്ടാക്കുന്ന വിനാശം കണക്കാക്കി നികുതി ഒടുക്കിയേ പറ്റൂ. കാറുടമസ്ഥരില്‍നിന്നും കാര്‍ബണ്‍ ഫണ്ട് പിരിച്ചതുകൊണ്ട് മാത്രമായില്ല. അവയുടെ എണ്ണം കര്‍ശനമായി നിയന്ത്രിച്ചാല്‍ മാത്രമേ ഇനി രക്ഷയുള്ളൂ. ഭൂമിയെ ആവരണം ചെയ്യുന്ന, ഈ വളരെ പരിമിതമായ പ്രാണവായുവിന്‍െറ സ്രോതസ്സ് മനുഷ്യരാശിക്ക് ഒന്നാകെ അവകാശപ്പെട്ടതാണ്. ഇത് വിലമതിക്കാനാവാത്തവിധം അമൂല്യവുമാണ്. ഇത് നശിപ്പിക്കാന്‍ നാം ആരെയും അനുവദിച്ചുകൂടാ. ഈ ഗ്രഹം തന്നെയാണ് നമ്മുടെ ഗൃഹം എന്ന ആത്യന്തികമായ തിരിച്ചറിവാണ് ഇന്ന് മനുഷ്യസമൂഹത്തിനുവേണ്ട വലിയ അനുഗ്രഹം. ക്ളീന്‍ എയര്‍ സ്റ്റാന്‍ഡേഡ് (അന്തരീക്ഷത്തിലെ ശ്വസനയോഗ്യമായ വായുവിന്റെ അളവ്) യൂറോപ്യന്‍ നഗരങ്ങളില്‍ മാത്രമല്ല, ഇന്ത്യയിലും നടപ്പാക്കാന്‍ ഇനിയും അമാന്തിച്ചുകൂടാ! ശുദ്ധവായു ശ്വസിക്കുക എന്നുള്ളത് പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റെയും ജീവിച്ചിരിക്കുന്ന ഓരോ പൗരന്റെയും മൗലികാവകാശമാണ്.
<End of Article>


ചില നിർദ്ദേശങ്ങൾ
  • വിവിധ ക്ലാസ്സുകളിൽ പെട്ട ബസ്സുകൾ (Low floor, etc), Prepaid cashless ticketing system (eg: SBI-IRCTC-Card, WheelzCard), ഒരേ സ്ഥലത്തേക്കുള്ള യാത്രക്കാർക്കുമാത്രമായി ബസ്സുകൾ ഷെഡ്യൂൾചെയ്യുകയും monthly pass ഏർപ്പെടുത്തുകയും ചെയ്യുന്നത്..... എന്നിങ്ങനെ ജനങ്ങളുടെ സാമൂഹികസ്ഥിതിക്ക് അനുയോജ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുക.
  • പൊതുഅവധി ദിവസങ്ങളിലും തിരക്കില്ലാത്ത ഇടവേളകളിലും ട്രിപ്പുകൾ മുടക്കാതെതന്നെ ലാഭകരമായി സർവ്വീസ് നടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക. മിനിബസ്സുകളുടെ ഉപയോഗം ഈ അവസരത്തിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
  • ബസ്സ് പൂളിങ്ങ് നടപ്പാക്കുക. നിശ്ചിത റൂട്ടിലുള്ള ലാഭം ആ റൂട്ടിൽ വീതിച്ചുകൊടുക്കുന്നു. അതിലൂടെ ബസ്സുകൾ തമ്മിലുള്ള മത്സരം ഇല്ലാതാകുന്നു. ആദ്യം വരുന്ന വാഹനത്തിന്‌ ഓവർ ലോഡ്, മൂന്നാമത് വരുന്നതിൽ കയറാൻ ആളില്ല എന്നതുപോലുള്ള പ്രശ്നം ഇവിടെ ഉണ്ടാകില്ല. യാത്രക്കാർക്കും ജീവനക്കാർക്കും ഉടമസ്ഥർക്കും സൗകര്യവും ലാഭവും. വാഹനവും സുരക്ഷിതം.
  • ബസ്സ്സ്റ്റാൻഡ് എന്നാൽ സാമൂഹികവിരുദ്ധരുടെ താവളം എന്ന സ്ഥിതി മാറണം. ശൗചാലയങ്ങൾ കേന്ദ്രീകരിച്ചും ചെറുകിട കച്ചവട കേന്ദ്രങ്ങളുടെ മറപറ്റിയും ഇവർ അവിടെ ചുറ്റിത്തിരിയുന്നു, ഇരിപ്പിടങ്ങൾ കയ്യടക്കുന്നു, സ്വൈര്യമായി വിഹരിക്കുന്നു. ആഭാസകരമായ സംഭാഷണങ്ങൾ, നോട്ടവും പെരുമാറ്റവും, ചുവരെഴുത്തുകൾ, ചപ്പുചവറുകൾ, ഗുണ്ടാവിളയാട്ടങ്ങൾ എന്നിവയോക്കെ ഇതിന്റെ ഫലമായുണ്ടാകുന്നു. സ്വകാര്യബസ്സ്സ്റ്റാൻഡുകൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. വൃത്തിഹീനവും അരക്ഷിതവുമായ ബസ്സ് കാത്തിരിപ്പുകേന്ദ്രങ്ങൾ ബസ്സ് യാത്രയെ ദുഃസ്സഹമാക്കാനിടയാകരുത്.
  • കാർ-ഇരുചക്രവാഹന ലോൺ പരമാവധി നിരുത്സാഹപ്പെടുത്തുക. ബസ്സ് ചാർജ്ജ് കുറയ്ക്കുക. (News: ഇരുചക്രവാഹന വിൽപന ഉയരാനുള്ള കാരണങ്ങൾ). യാത്രക്കാർക്ക് ബസ്സ്-ട്രയിൻ യാത്ര ലാഭകരവും സുഖകരവുമായിരിക്കണം. പൊതുഗതാഗത വാഹനങ്ങൾക്ക് ഡീസൽസബ്സിഡി അനുവദിക്കുകയും ടാക്സ് നിരക്കിൽ ഇളവുകൾ അനുവദിക്കുകയും ചെയ്യുക. (പക്ഷെ ലക്ഷക്കണക്കിന്‌ ജനങ്ങൾ പങ്കിട്ട് ഉപയോഗിക്കുന്ന പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ ഡീസൽ സബ്സിഡി വെട്ടിക്കുറയ്ക്കുന്ന നടപടിയാണ്‌ സർക്കാർ സ്വീകരിച്ചത്. ഇത്രയും ആളുകൾ സ്വന്തം കാറിലും ബൈക്കിലുമായി യാത്രചെയ്തിരുന്നെങ്കിലോ....).
  • (പട്ടിക ഇനിയും നീളും...)
ഗുണകരമായ സംവിധാനങ്ങൾ

MyBus Kerala travel card
വീൽസ് കാർഡ് (WheelzCard): പൊതുഗതാഗത സംവിധാനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന വീൽസ് കാർഡ് വളരെ സൗകര്യപ്രദമാണ്‌. കൊച്ചിനഗരത്തിലെയും കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട റൂട്ടുകളിലെയും തെരഞ്ഞെടുത്ത ബസ്സുകളിൽ ഈ സേവനം ലഭ്യമാണ്‌. കോട്ടയം ജില്ലയിൽ ഈ സംവിധാനമുള്ള ബസ്സുകളെ മൈബസ്സ് (MyBus) എന്നപേരിൽ ഏകീകരിച്ചിരിക്കുന്നു. എടിഎം കാർഡ് രൂപത്തിലുള്ള പ്രീപെയ്ഡ് സ്മാർട്ട് കാർഡ് ആണ്‌ ഇതിനായി ഉപയോഗിക്കുന്നത്. നൂറിന്റെ ഗുണിതങ്ങളായ തുക കണ്ടക്ടറുടെ കൈവശം കൊടുത്ത് കാർഡ് റീചാർച് ചെയ്യാനും കഴിയും.‘ ചില്ലറപ്രശ്നം’ ഉണ്ടാവുന്നതേയില്ല എന്നത് വലിയൊരു നേട്ടം തന്നെ. കൂടുതൽ ബസ്സുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുകയും കെഎസ്ആർടിസിയെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്താൽ വളരെ ഉപകാരപ്രദമായിരിക്കും.

Public Transportation.... ഈ സംരംഭത്തിന്റെ വിജയത്തിനായി ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്.
~ ~ ~ ~ ~ ~ ~