Wednesday, December 03, 2014

ജനാധിപത്യത്തിന്റെ കാണാപ്പുറങ്ങൾ

ജനാധിപത്യം politics kerala

ജനങ്ങൾക്കുവേണ്ടി ജനങ്ങളെ ജനങ്ങളാൽ തെരഞ്ഞെടുത്ത് നടപ്പാക്കുന്ന ഭരണസംവിധാനമാണ്‌ ജനാധിപത്യം. വോട്ടുചെയ്യുന്നതോടുകൂടെ ജനാധിപത്യത്തിൽ പൗരന്റെ കടമ അവസാനിക്കുകയല്ല കടമകൾ ആരംഭിക്കുകയാണ്‌ ചെയ്യുന്നത്. ഇവിടെ സർക്കാരിൽ നിന്നും പ്രതിഫലം സ്വീകരിക്കുന്ന ഓരോരുത്തരും ജനസേവകരാണ്‌; അതേസമയം ജനങ്ങളാകുന്ന ഭരണകർത്താക്കളും. മന്ത്രിമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയ എല്ലാവരും സർക്കാരിന്റെ, ജനങ്ങളുടെ സേവകരാണ്‌. ജനങ്ങൾ തങ്ങളുടെ സേവകരിൽ നിന്നും മെച്ചപ്പെട്ടതും നീതിയുക്തവുമായ സേവനങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും അതോടൊപ്പം അവരുടെയും ക്ഷേമതാൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ജനങ്ങളുടേ സൃഷ്ടിയാണ്‌ ജനപ്രതിനിധികൾ. തെരഞ്ഞെടുപ്പ് എന്ന പ്രക്രിയയിലൂടെ ജനപ്രതിനിധികളെ സൃഷ്ടിച്ച് നികുതിപ്പണവും കൊടുത്താൽ അവർ അതുപയോഗിച്ച് വളർന്നുകൊള്ളും. അതുകൊണ്ട് അവർക്ക് ധർമ്മബോധമുണ്ടായിരിക്കണമെന്നില്ല. തങ്ങളുടെ സൃഷ്ടികളെ നേർവഴിക്ക് നയിക്കേണ്ടതായ ഉത്തരവാദിത്വം സൃഷ്ടാക്കളുടേതാണ്‌; വിലപ്പെട്ട സമിതിദാനാവകാശം വിനിയോഗിക്കുന്നവരുടേത്. ഒരു ജനാധിപത്യ രാജ്യത്ത് ആ നാട്ടിലെ പൊതുജനത്തിന്റെ പൗരബോധവും നീതിബോധവും തന്നെയായിരിക്കും ജനസേവകരിലും പ്രതിഫലിക്കുന്നത്. ജനസേവകരാകുന്ന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സ്വന്തം സേവകരായി കരുതി കാര്യങ്ങൾ നടപ്പാക്കുകയും ജനാധിപത്യത്തിലെ അംഗങ്ങളായ അവരെയും സഹജീവികളായി കരുതി സഹവർത്തിത്വം ഉറപ്പാക്കുകയും ചെയ്യുന്നവർക്കായിരിക്കും വിജയം. നമ്മുടെ ഭരണസംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത് ആവിധത്തിലാണ്‌. ആരാണോ നാടിനെ സ്വന്തമെന്നുകരുതി ശക്തിയുക്തമായി മുന്നോട്ടുനീങ്ങുന്നത് അവരുടെ സേവകരായിരിക്കും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും.

ജനങ്ങൾക്ക് നീതി കിട്ടുന്നില്ലായെന്നും നിയമം പാലിക്കപ്പെടുന്നില്ലായെന്നും തോന്നുന്നുവെങ്കിൽ സ്വയം ഒന്നു തിരിഞ്ഞുനോക്കുക... നിങ്ങളിലെ സാമൂഹ്യാവബോധവും കാര്യനിർവ്വഹണ ശേഷിയും എത്രത്തോളമുണ്ട് ? എന്തുകൊണ്ടാണ്‌ ഇങ്ങനെയൊക്കെയെന്ന് ചോദിച്ചാൽ സാമൂഹിക വ്യവസ്ഥിതിയുടെയും വിദ്യാഭ്യാസരീതിയുടെയും പോരായ്മകളിലേക്കാണ്‌ എത്താൻ കഴിയുന്നത് . പതിറ്റാണ്ടുകൾക്കും നൂറ്റാണ്ടുകൾക്കും മുൻപ് വ്യാവസായികവിപ്ലവവും ധനാഗമനമാർഗ്ഗങ്ങളും അത്യാവശ്യമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറിമറിഞ്ഞുവന്നിട്ടും ആ പഴയ കാഴ്ചപ്പാടിൽ നിന്നും മാറിയിട്ടില്ല. വർദ്ധിച്ച ജനപ്പെരുപ്പവും ഭൂമിയുടെ നാശവും നഗരവൽക്കരണവും സാർവ്വത്രികമായ മൂല്യശോഷണവും വ്യാപകമാവുമ്പോഴും പാഠ്യപദ്ധതിയിലും മാധ്യമങ്ങളിലും പ്രാധാന്യം ധനസമ്പാദനത്തിനും വ്യാവസായിക ആഡംബര കുതിച്ചുചാട്ടങ്ങൾക്കും.

നൂറ്റാണ്ടുകളായി വൈദേശികഭരണത്തിൽ കഴിഞ്ഞ നാടാണിത്. അത്തരം സംവിധാനത്തിൽ ഭരണകർത്താക്കൾ വിദേശികളായ സാമ്രാജ്യത്വവക്താക്കളായിരുന്നു. ഭരണനിവ്വാഹകർ വിദേശികളോ തങ്ങളോട് കൂറുള്ള തദ്ദേശീയരോ ആയിരുന്നു. ജനങ്ങൾക്ക് ഭരിക്കപ്പെടാൻ മാത്രമേ യോഗമുള്ളൂ. ഇത്തരം സംവിധാനത്തിൽ ഭരണകർത്താക്കളും ഭരണനിർവ്വാഹകരും ജനങ്ങൾക്ക് ‘ഏമാൻ’മാർ ആയിരുന്നു. സഹവർത്തിത്വമല്ല വിധേയത്വമാണ്‌ അവിടെ നടപ്പാക്കിയിരുന്നത്. അച്ചടക്കം, വിധേയത്വം, അനുസരണ എന്നിവയുടെ കർക്കശസ്വരങ്ങൾ മേലേയ്ക്കിടയിൽ നിന്നും താഴേയ്ക്കിടയിലേക്ക് പ്രവഹിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരവും ഇതുതന്നെയാണ്‌ അവസ്ഥ. പോലീസ് ട്രയിനിങ്ങ്, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയോക്കെ ഇന്നും സ്വാതന്ത്ര്യലബ്ദിക്ക് മുൻപ് നിലനിന്നിരുന്ന അനാരോഗ്യകരമായ വിധേയത്വത്തിന്റെയും നീതിയുക്തമല്ലാത്ത അധികാരത്തിന്റെയും കേന്ദ്രങ്ങളായി നിലകൊള്ളുന്നു. “ശക്തനോട് സൗഹൃദം, സമനോട് ബന്ധുത്വം, ദുർബ്ബലനുമേൽ അധീശത്വം“ ഇതാണ്‌ നടപ്പാകുന്നത്. അച്ചടക്കത്തിന്റെയും അനുസരണയുടെയും പാഠങ്ങൾ മാത്രം മൂല്യാധിഷ്ഠിതജീവിതത്തിന്റെ പ്രമാണമാക്കി വിദ്യാലയങ്ങളിൽ നിന്നും വീട്ടിൽ നിന്നും പഠിച്ചുവരുന്ന പൗരന്മാർക്ക് ‘ഏമാന്മാരുടെ’ മുന്നിൽ അനുസരണയോടെ നിൽക്കാനോ അപേക്ഷിക്കാനോ സഹികെട്ടാൽ പോട്ടിത്തെറിക്കാനോ മാത്രം കഴിയുന്ന ഒരു മാനസികാവസ്ഥ പ്രബലമായി രൂപപ്പെട്ടിരിക്കും.

ഇന്ന് എവിടെക്കിടക്കുന്നു നമ്മുടെ പൗരബോധം ? കുടുംബാംഗങ്ങൾ തമ്മിൽ പോലും അന്യമെന്നബോധവും അതിന്റെ ഫലമായ അരക്ഷിതാവസ്ഥയും ഭയവും നിലനിൽക്കുന്നു. ഭൂരിപക്ഷം മാധ്യമങ്ങളും വിദ്യാലയങ്ങളും സൈക്കോളജിസ്റ്റുകളും നൽകുന്ന നിർദ്ദേശങ്ങൾ കുട്ടികളിലും മുതിർന്നവരിലും അന്യമെന്ന ബോധം ശക്തമാക്കുവാനും ഭയവും അരാജകത്വവും വർദ്ധിപ്പിക്കാനുമാണ്‌ ഉതകുന്നത്. ആദ്യം സമൂഹത്തിൽ വ്യാപിച്ച ഈ അപചയം ഇന്ന് കുടുംബങ്ങൾക്കുള്ളിൽ വരെയെത്തിനിൽക്കുന്നു. എല്ലാം പരസ്പരാശ്രിതവും പരസ്പരബന്ധിതവുമാണെന്നത് നാം മറക്കുന്നു. ഗുരുകുലസമ്പ്രദായത്തിൽ ഒരു രീതിയുണ്ട്. അധ്യേതാവ് ഒറ്റയ്ക്ക് ദേശാന്തരഗമനമോ നാടുചുറ്റലോ നടത്തി വിവിധ അറിവുകൾ നേടുകയും അനുഭവസമ്പത്ത് വർദ്ധിപ്പിക്കുകയും ചെയ്യുകയും ഭിക്ഷയെടുത്ത് ഉപജീവനം കഴിക്കുകയും ചെയ്തിരുന്നു എന്നത്. ആൺ-പെൺ ഭേദമില്ലാതെ തന്നെ ഇത് നടപ്പാക്കിയിരുന്നു. ഇത് എല്ലാത്തിനെയും സ്വന്തമായി കരുതാൻ കുട്ടികളെ പ്രാപ്തരാക്കുകയും എല്ലാ കുട്ടികളെയും സ്വന്തം കുട്ടികളെപ്പോലെ കരുതണമെന്ന ബോധം മുതിർന്നവരിൽ ഉറപ്പിക്കാനും സഹായിച്ചു. ഏതോ കുട്ടി മുന്നിൽ വന്നുനിൽക്കുമൊപോൾ തങ്ങളുടെ മക്കളും ഇതുപോലെ മറ്റെവിടെയെങ്കിലും ചെന്നുനിൽക്കുകയായിരിക്കുമെന്ന് അവർക്കറിയാം. സാങ്കേതികമായി നിർവ്വചിക്കുന്ന (blood relation & relationship by law) കുടുംബബന്ധമല്ല, അതിലുപരി പവിത്രമായ കുടുംബബോധമായിരുന്നു നിലനിന്നിരുന്നത്. മനുഷ്യൻ ഒരു സാമൂഹികജീവിയാണെന്നും പ്രകൃതിയിൽ നിന്നും സഹജീവികളിൽ നിന്നും പലതും ഉൾക്കൊള്ളാനുണ്ടെന്നും അവർക്ക് മനസ്സിലാക്കാനായി. ഇങ്ങനെ, അന്യമെന്ന ബോധവും അരക്ഷിതാവസ്ഥയും ഭയവും ഇല്ലാതായാൽ ജനാധിപത്യം വിജയിക്കുമെന്നതിന്‌ സംശയമില്ല. ഫ്യൂഡൽ വ്യവസ്ഥയുടെയും സാമ്രാജ്യത്വത്തിന്റെയും വ്യാപനത്തോടുകൂടെ, സമഗ്രമായ ഭാവനകളിൽ നിന്നും സങ്കുചിതമായ ഭാവനകളിലേക്കുള്ള മാറ്റം സംഭവിച്ചു. ഇതിൽ നിന്നും മോചനം നേടണം. ഇച്ഛാശക്തിയാണ്‌ ഉണ്ടായിരിക്കേണ്ടത്. ശരിയായ ജ്ഞാനം നേടുവാനും നല്ലമനുഷ്യരായി ജീവിക്കാനുമുള്ള പരിശ്രമങ്ങൾ നമ്മുടെയിടയിൽ അപൂർവ്വമായെങ്കിലും നടക്കുന്നുണ്ടെന്നത് പ്രത്യാശാജനകവും മാതൃകാപരവുമാണ്‌.

ഒരു ജനാധിപത്യരാഷ്ട്രം നീതിയുക്തവും കാര്യക്ഷമവുമായി നിലനിന്ന്പോരുന്നതിൽ ജനങ്ങൾക്ക് ഒട്ടും ചെറുതല്ലാത്ത പങ്കുണ്ട്. ജനപ്രതിനിധികളിലോ ഭരണനിർവ്വാഹകരായ ഉദ്യോഗസ്ഥരിലോ മാത്രം ഒതുങ്ങുന്നതല്ല അത്. ജനങ്ങളാണ്‌ ഭരിക്കുന്നത്. ജനങ്ങളാണ്‌ ഭരണകർത്താക്കൾ. വിശാലമായ കാഴ്ചപ്പാടുകളും കാര്യനിർവ്വഹണശേഷിയും വിദ്യാർത്ഥികളിലും പൗരന്മാരിലും വളർത്തിക്കൊണ്ടുവരാനായാൽ ജനാധിപത്യം സ്വതന്ത്രവും നീതിയുക്തവുമായിരിക്കും...
~ ~ ~

11 comments:

 1. ജനങ്ങള്‍ക്ക് വേണ്ടി
  ജനങ്ങളുടെ
  ജനങ്ങളാല്‍

  മനോഹരസങ്കല്പം

  ReplyDelete
 2. ഏമാന്മാരും
  അടിമകളും............
  ആശംസകള്‍

  ReplyDelete
 3. ഒരു ജനാധിപത്യരാഷ്ട്രം നീതിയുക്തവും കാര്യക്ഷമവുമായി നിലനിന്ന്പോരുന്നതിൽ ജനങ്ങൾക്ക് ഒട്ടും ചെറുതല്ലാത്ത പങ്കുണ്ട്

  ReplyDelete
 4. ഇത് ഞാൻ ഇതുവരെ വായിച്ചതിൽ വെച്ച് ഏറ്റവും ഉൾകാഴ്ച ഉള്ള ഒരു ലേഖനമാണ് .
  ആശയങ്ങൾ മാത്രമായല്ലാതെ ഈ ചിന്തകൾക്ക് പ്രയോഗികതലത്തിലും ലേഖകൻ ജീവന വെപ്പിക്കും എന്ന് പ്രത്യാശിക്കുന്നു .
  ഇപ്പോൾ എന്റെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാത്തതിൽ കഠിനമായ ദുഃഖം തോന്നുന്നു .

  i would like to share this to my fb wall with your permission.


  https://www.facebook.com/uttopian/posts/1032407103451733

  ReplyDelete
 5. ഒരു ജനാധിപത്യരാഷ്ട്രം നീതിയുക്തവും കാര്യക്ഷമവുമായി
  നിലനിന്ന്പോരുന്നതിൽ ജനങ്ങൾക്ക് ഒട്ടും ചെറുതല്ലാത്ത പങ്കുണ്ട്.
  ജനപ്രതിനിധികളിലോ ഭരണനിർവ്വാഹകരായ ഉദ്യോഗസ്ഥരിലോ മാത്രം
  ഒതുങ്ങുന്നതല്ല അത്. ജനങ്ങളാണ്‌ ഭരിക്കുന്നത്. ജനങ്ങളാണ്‌ ഭരണകർത്താക്കൾ.
  വിശാലമായ കാഴ്ചപ്പാടുകളും കാര്യനിർവ്വഹണശേഷിയും വിദ്യാർത്ഥികളിലും പൗരന്മാരിലും വളർത്തിക്കൊണ്ടുവരാനായാൽ ജനാധിപത്യം സ്വതന്ത്രവും നീതിയുക്തവുമായിരിക്കും...

  ReplyDelete
 6. ഇതൊക്കെ പറയാന്‍ കൊള്ളാം . നടക്കുന്ന കാര്യം വല്ലതുമാണോ . . സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete
 7. ഗൌരവമായ വായന അര്‍ഹിക്കുന്ന നല്ല ലേഖനം ...

  ReplyDelete
 8. ഇപ്പോള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നത് വിശാലമായ കാഴ്ചപ്പാടുകളും കാര്യനിർവ്വഹണശേഷിയുമോന്നുമല്ലല്ലോ .........അങ്ങനെയൊരു കാലം വരുമോ ? നല്ല ലേഖനം .

  ReplyDelete
 9. പ്രസക്തമായ വിഷയം. ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

  ReplyDelete
 10. ഭരണ കര്‍ത്താവിനെ തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും പൊതുജനം ഇന്നും ഭരിക്കപ്പെടുന്നവര്‍ തന്നെ. വ്യക്തമായ സാമൂഹ്യ ബോധം വളര്‍ത്തി എടുക്കാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇന്നും പര്യാപ്തമല്ല

  ReplyDelete
 11. ജനങ്ങളുടെ ആധിപത്യമാവുമ്പോയെ ജനാധിപത്യമാവൂ..

  ReplyDelete