Sunday, November 16, 2014

ശബരിമലയുടെ ഭാവി....കേരളീയരുടെയും


“ക്ഷേത്രത്തിന്റെ ഒരു ഓട് ഇളകിയാൽ ഭക്തന്റെ ഹൃദയം വേദനിക്കും. എന്നാൽ ഒരു മല അപ്പാടെ പോയാലും ഭക്തന്‌ ഒരു കുലുക്കവുമില്ല”. എന്നുപറഞ്ഞത് എത്രയോ ശരിയാണ്‌. കാനനക്ഷേത്രം എന്നു വിശേഷിപ്പിക്കുന്ന ശബരിമലയുടെ കാര്യത്തിലും സ്ഥിതി ഒട്ടും ഭേദമല്ല. വ്യാവസായിക യുഗത്തിന്റെ കടന്നുകയറ്റത്തിലും പുരാതന മതങ്ങളുടെ ആരാചാരരീതികൾ കുറച്ചൊക്കെ പ്രകൃതിസംരക്ഷണം പ്രാവർത്തികമാക്കുന്നുണ്ട്. എന്നാൽ അതിലും വളരെക്കൂടുതലാണ്‌ ഭക്തിയുടെ പേരിലുള്ള കടന്നുകയറ്റം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ. ഒരു ആരാധനാലയം എന്ന കാഴ്ചപ്പാട് വിഗ്രഹവും/ആരാധനാസ്വരൂപവും അതിനെ ചുറ്റിപ്പറ്റിയുള്ള മനുഷ്യനിർമ്മിതിയിലും മാത്രമായി ഒരുങ്ങുമ്പോഴാണ്‌ ഇതുസംഭവിക്കുന്നത്. പ്രാചീന മതങ്ങളിലെന്നുമാത്രമല്ല സെമറ്റിക് മതങ്ങളിലെ വിശുദ്ധന്മാരും കടുത്ത പ്രകൃത്യാരാധകരായിരുന്നുവെന്നതിന്‌ നിരവധി ഉദാഹരണങ്ങളുണ്ട്. ശുദ്ധമായ പ്രകൃതിയിൽ നിന്ന് സകല ജ്ഞാനവും ഐശ്വര്യവും കിട്ടുകതന്നെ ചെയ്യും എന്നാണ്‌ എല്ലാമതത്തിന്റെയും പൊരുളും. പ്രകൃതിക്ക് മതഭേദമില്ല. Tranquility is very important factor in shrines...

ശാന്തവും രമണീയവുമായ വനപ്രദേശങ്ങൾ തെരഞ്ഞെടുത്ത് നിർമ്മിച്ച ക്ഷേത്രങ്ങളുണ്ട്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങൾ പ്രത്യേകിച്ചും അങ്ങനെയാണ്‌. അതുകൊണ്ടുതന്നെ ശബരിമലവനം ആകുന്ന ‘പൂങ്കാവനം’ എന്ന പ്രദേശം ക്ഷേത്രസംബന്ധമായി അത്രയേറെ പ്രധാനപ്പെട്ടതാണ്‌. ജനവാസകേന്ദ്രങ്ങളിൽ സ്ഥാപിച്ച കോവിലുകളുമായി ഇതിനെ താരതമ്യപ്പെടുത്തരുത്. വീടിന്‌ പൂജാമുറി എന്നപോലെയാണ്‌ നഗരത്തിന്‌ കോവിൽ. താന്ത്രികവിധിയും തച്ചുശാസ്ത്രവും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ദൃശ്യമായ(real nature) പ്രകൃതിക്ക് വലിയസ്ഥനമില്ല. ക്ഷേത്രങ്ങളും കാവുകളും കൊവിലുകളല്ല. ഭാഷാപരമായ വ്യത്യാസം മാത്രമല്ല ഇത്. പ്രകൃതിശക്തിയെ നന്നായി പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി വനാന്തരങ്ങളിലോ ഉത്തമമായ ഗ്രാമാന്തരീക്ഷത്തിലേക്കോ കടന്നുചെന്ന് രൂപപ്പെടുത്തിയെടുത്തതാണ്‌ ക്ഷേത്രങ്ങളും കാവുകളും. അതിലേക്ക് തീർത്ഥാടനത്തിന്റെ പേരിലായാലും കടന്നുകയറി നഗരവൽക്കരണം നടന്നുകഴിയുമ്പോൾ സാർവത്രികമായ നാശമായി. ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിൽ കടന്നാലുള്ള പ്രകൃതിയുടെ സാന്നിദ്ധ്യം പോലും കാനനക്ഷേത്രമെന്നപേരിൽ അറിയപ്പെടുന്ന ഈ തീർത്ഥാടനകേന്ദ്രത്തിൽ അനുഭവപ്പെടുന്നില്ല. ശബരിമലയും അനുബന്ധപ്രദേശങ്ങളുമെല്ലാം ടൗൺഷിപ്പുകളായി മാറിക്കൊണ്ടിരിക്കുന്നു. പളനി, തിരുപ്പതി, വൈഷ്ണവോദേവി ക്ഷേത്രം ഇതെല്ലാം ധാരാളം ഭക്തജനങ്ങളെത്തുന്നതും വരുമാനം നേടിയെടുക്കുന്നതുമായ ക്ഷേത്രങ്ങളാണ്‌. വരുമാനവും സൗകര്യവും നോക്കി വൈഷ്ണവോദേവി മോഡൽ വികസനം എന്നുപറയുന്നത് ആശാസ്യമല്ല. ഒറീസയിലെയോ രാജസ്ഥനിലെയോ കശ്മീരിലെയോ പ്രകൃതിയല്ല കേരളത്തിലേത്. തീരപ്രദേശം, മരുപ്രദേശം, ഗ്രാമങ്ങൾ ഓരോന്നും വ്യത്യസ്തമാണ്‌. അങ്ങനെയുള്ള പ്രാദേശികമായ പ്രത്യേകതകളെ ഉൾക്കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്ന ത്രീർത്ഥാടനകേന്ദ്രങ്ങളെയും അങ്ങനെതന്നെ പരിഗണിക്കണം.

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമ്പോൾ അത് പ്രാദേശികമായ പ്രത്യേകതകൾക്ക് കോട്ടം വരാതെയാണെന്ന് ഉറപ്പാക്കാനുള്ള ചുമതല കേരളസർക്കാരിനും ക്ഷേത്രഭരണാധികാരികൾക്കുമാണ്‌. തന്ത്രശാസ്ത്രത്തിനും വാസ്തുശാസ്ത്രത്തിനുമെന്നല്ല പ്രകൃതിശാസ്ത്രത്തിനും മുൻഗണന കൊടുത്തുകൊണ്ടേ ഇവിടെ പദ്ധതികൾ നടപ്പാക്കാവുള്ളൂ. 400 ഹെക്ടർ വനഭൂമി ഏറ്റെടുത്ത് ടൗൺഷിപ്പും മാലിന്യസംസ്കരണയൂണിറ്റും ഉണ്ടാക്കാനുള്ള നീക്കം അത്യന്തം അപകടകരമാണ്‌. ഈ ക്ഷേത്രത്തിന്റെയെന്നല്ല ഒരു മതത്തിന്റെയും നീതിക്കുനിരക്കുന്നതല്ല ഇത്. വർദ്ധിച്ചുവരുന്ന തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യം തയ്യാറാക്കണെന്നു പറയുമ്പോൾ വിമാനത്താവളം വേണമെന്നും ഹെലികോപ്ടറിൽ വരുന്നവരിൽ നിന്നും ധാരാളം വരുമാനം നേടാനാവുമെന്നും ടൗൺഷിപ്പ് പണിയണമെന്നും പറയുന്നവരാണ്‌ നമ്മുടെ ഭരണകർത്താക്കൾ. ആഡംബരം എന്നത് ആപേക്ഷികമാണെന്നാണത്രേ. വിമാനത്താവളവും ടൗൺഷിപ്പും ഇവർക്ക് അടിസ്ഥാനസൗകര്യങ്ങളായിരിക്കും. വിദൂരദേശങ്ങളിൽ നിന്നുപോലും വരുന്നവരും ഈ പ്രദേശത്തിന്റെ തനതായ പ്രത്യേകതകളെക്കുറിച്ച് അറിവില്ലാത്തവരുമായവരെക്കൂടെ ബോധവൽക്കരിക്കാനുള്ള ഉത്തരവാദിത്വമുള്ള മാധ്യമങ്ങളും ആശാസ്യമല്ലാത്ത ഇത്തരം നീക്കങ്ങൾക്ക് കൂട്ടുനിൽക്കുകയും ചെയ്യും. ശബരിമലയുടെ സ്വാഭാവികതയ്ക്ക് കോട്ടം വരാതെയുള്ള പരിഷ്കരണങ്ങളാണ്‌ വേണ്ടത്. ഇടത്താവളങ്ങളിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ആസൂത്രിതമായി നടപ്പാക്കിയാൽ നിലയ്ക്കൽ-പമ്പ കേന്ദ്രീകരിച്ചുള്ള തിരക്ക് ഉറയ്ക്കാൻ ഇടത്താവളങ്ങൾ ഏറെ പ്രയോജനപ്പെടും. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഒഴിവാക്കിക്കൊണ്ടുതന്നെ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. അതിലൊന്നും ഭരണകർത്താക്കൾക്ക് ഉത്സാഹമോ താൽപര്യമോ കാണുന്നില്ല. ശബരിമലപ്രദേശം തീർത്ഥാടനത്തിന്റെ പേരിൽ മറ്റൊരു മൂന്നാർ ആക്കാനുള്ള ശ്രമങ്ങൾക്കാണ്‌ താൽപര്യം. കാനനച്ഛായയിൽ വിരിവയ്ക്കുന്നതിനുള്ള സൗകര്യത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ്‌ അധികാരികൾ ശ്രദ്ധിക്കേണ്ടത്.

കലിയുഗത്തിലെ അഭയമായി കാനനവാസനെ കരുതുന്നു. വൃക്ഷനിബിഡമായ പശ്ചിമഘട്ടത്തിന്റെ ഐശ്വര്യവും സൗന്ദര്യവുമാണ്‌ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി നിലനിർത്തുന്നത്. കാനനത്തിനു സംഭവിക്കുന്ന ഓരോ ക്ഷതത്തിനുമാണ്‌ മനുഷ്യൻ പകരം കൊടുക്കേണ്ടിവരുന്നതെന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാനാവാത്ത വിധമാണ്‌ സമകാലീന കേരളത്തിന്റെ അവസ്ഥ. ഭക്തിയുടെ പേരിലുള്ള ജനപ്രവാഹങ്ങൾ വർദ്ധിച്ചിട്ടും ദുരിതങ്ങളും വർദ്ധിക്കുന്നതിന്റെ കാരണവും ഈ മൂല്യച്യുതിയാണ്‌. ഇതിന്‌ ആരെയാണ്‌ അഭയം പ്രാപിക്കേണ്ടത്...
???

Related Post:

ശബരിമലക്കാടുകള്‍ക്ക് വേണ്ടി മണ്ഡലം നോല്‍ക്കാമോ അയ്യപ്പന്മാരെ ???


Image source:
http://lovableimages.blogspot.in/2015/01/god-ayyappa-pictures-free-download-lord.html

10 comments:

 1. കാട്ടിലെ തടി തേവരേടാന! 

  മാലയിട്ട് വ്രതം നോറ്റ് ശരണംവിളികളുമായി മല കയറാറുള്ള ഭക്തരൊന്നും ഇത്തരം വികസനം ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല. ദീർഘദൂരയാത്രയും, ആയാസപ്പെട്ടുള്ള മലകയറ്റവും, ഇച്ചിരി നോവും, കഷ്ടതകളുമൊക്കെ ആ വ്രതശുദ്ധിയിലെത്തിച്ചേരാനുള്ള വഴികളാകുന്നില്ല എങ്കിൽ.....!

  വികസനം എന്ന് കേട്ടാലുടൻ സമീപത്തുള്ള കാടിൻറേം വയലിൻറേം നെഞ്ചത്ത് കത്തിയിറക്കിയിട്ടെ ബാക്കി ആലോചനയുള്ളു എന്ന സ്ഥിതിയായി.

  ReplyDelete
 2. പണ്ടൊരു സ്ഥലത്ത് ഒരു കാടുണ്ടായിരുന്നു .. കാട്ടിനു നടുവിൽ പ്രകൃതിയെ മാനിച്ചു കൊണ്ടൊരു ക്ഷേത്രം ഉണ്ടായിരുന്നു .. അവിടെ ദൈവവും ഉണ്ടായിരുന്നു. കാലം കുറെ കഴിഞ്ഞപ്പോൾ കാടില്ലാതായി ..ക്ഷേത്രം കുറെ കെട്ടിടങ്ങൾക്ക് നടുക്കായി. ദൈവം അവിടെ നിന്നും ഇറങ്ങി പോയിട്ട് കാലം കുറെ ആയെങ്കിലും ഭക്തരുടെ എണ്ണം കൂടി കൂടി വന്നു. എല്ലാ സൌകര്യങ്ങളും ഉള്ള നല്ലൊരു ടൌണ്‍ ഷിപ്പ് അവിടെയുണ്ടല്ലോ ...പിന്നെന്തിനു ദൈവത്തെ അന്വേഷിക്കണം ?

  ReplyDelete
 3. കലിയുഗത്തിലെ അഭയമായി കാനനവാസനെ കരുതുന്നു. വൃക്ഷനിബിഡമായ പശ്ചിമഘട്ടത്തിന്റെ ഐശ്വര്യവും സൗന്ദര്യവുമാണ്‌ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി നിലനിർത്തുന്നത്.
  കാനനത്തിനു സംഭവിക്കുന്ന ഓരോ ക്ഷതത്തിനുമാണ്‌ മനുഷ്യൻ പകരം കൊടുക്കേണ്ടിവരുന്നതെന്ന്
  പറഞ്ഞാൽ ആർക്കും നിഷേധിക്കാനാവാത്ത വിധമാണ്‌ സമകാലീന കേരളത്തിന്റെ അവസ്ഥ. ഭക്തിയുടെ
  പേരിലുള്ള ജനപ്രവാഹങ്ങൾ വർദ്ധിച്ചിട്ടും ദുരിതങ്ങളും വർദ്ധിക്കുന്നതിന്റെ കാരണവും ഈ മൂല്യച്യുതിയാണ്‌

  ReplyDelete
 4. ആനുകാലിക പ്രസക്തമായ രചന ഹരി...സ്വാമി ശരണം...

  ReplyDelete
 5. Good article. Spoke my mind. I went there last year once and for all.. Its a fucking joke... But the interesting thing is so many are still attracted to it. Btw, pls correct this " ആരാചാരരീതികൾ" .

  ReplyDelete
 6. കാലികപ്രാധാന്യമുള്ള ലേഖനം....
  ആശംസകള്‍

  ReplyDelete
 7. കുറേക്കാലങ്ങള്‍ക്ക് ശേഷം കാനനവാസന്‍ എന്നത് പേരില്‍ മാത്രം ഒതുങ്ങും ..വികസനം എന്ന പേരില്‍ ഓരോ വര്‍ഷവും ഏക്കറു കണക്കിന് ഭൂമിയാണ് ശബരിമലയില്‍ വെട്ടിതെളിച്ചുകൊണ്ടിരിക്കുന്നത് ...ആശംസകള്‍ പ്രവീണ്‍ ഇങ്ങനെ ഒരു ലേഖനത്തിന് ..

  ReplyDelete
 8. ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട ഒരു ലേഖനം:

  http://njanumpinnenjanum.blogspot.com/2014/11/blog-post_29.html?showComment=1417281832409#c1470408239611623264

  ReplyDelete
 9. മണ്ഡലകാല ആരംഭം മുതലേ ശബരിമലയിൽ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. പത്രങ്ങളിലെല്ലാം നടവരവിന്റെ വാർത്തക്കാണു പ്രാധാന്യം. 'കഴിഞ്ഞ കൊല്ലം ഈ സമയത്തെക്കാൾ കൂടുതലാണ്' എന്ന രീതിയിലാണ് വാർത്തകൾ. ഇന്നത്തെ പത്രത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞതായ വാർത്ത കണ്ടു. സ്ഥല പരിമിതിയും കർശന വന നിയമങ്ങളും വികസനത്തിന് തടസ്സമാണെന്നും അതിനാൽ സന്നിധാനവും പമ്പയും ഉൾപ്പെടുന്ന 500 ഹെക്ടർ വനഭൂമി ദേവസ്വത്തിനു വിട്ടുനൽകണമെന്നും !. എങ്ങനെയുണ്ട്? ഇനി അത് കൂടി വെട്ടി നശിപ്പിച്ചു കോണ്ക്രീറ്റ് കാട് ആക്കണമായിരിക്കും. മാറി മാറി വരുന്ന ഭരണ കർത്താക്കളുടേയും ആവശ്യം അത് തന്നെയാണല്ലോ. ഭക്തരുടെ സൌകര്യത്തിനു എന്ന പേരും.

  ReplyDelete
 10. ധൈര്യവും ഇച്ഛാശക്തിയുമുള്ള ഭരണാധികാരികള്‍ക്കു മാത്രമേ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ കഴിയൂ. നമ്മുടെ രാഷ്ട്രീയക്കാര്‍ വളര്‍ത്തിയെടുത്ത് തളികയില്‍ വെച്ചുതരുന്ന ഭരണാധികാരികളില്‍ ഭൂരിപക്ഷവും ഭീരുക്കളും സ്വാര്‍ത്ഥമതികളുമാണ്. വോട്ടുബാങ്കുകളെ ഭയക്കുന്ന ദിശാബോധമില്ലാത്ത രാഷ്ട്രീയം ജനാധിപത്യത്തെയും മതവിശ്വാസങ്ങളെയും ആവാസവ്യവസ്ഥയെയും വികലമാക്കുന്നു.

  ReplyDelete