Saturday, November 01, 2014

കേരളത്തിലെ ആദിവാസികൾക്ക് എന്തുസംഭവിച്ചു ?

tribes in kerala
അതിജീവനം അതീവദുഷ്കരം
കേരളത്തിൽ ഇന്ന് ആദിവാസികളില്ല, ആദിവാസികളുടെ പിന്മുറക്കാരേ ഉള്ളൂ എന്നുപറയുന്നതിലും ശരിയുണ്ട്. നൂറ്റാണ്ടുകളായി വിദേശസംസ്കാരങ്ങളുടെ, പ്രത്യേകിച്ചും പാശ്ചാത്യ/അറേബ്യൻ സംസ്കാരങ്ങളുടെ സ്വാധീനത്തിൽപെട്ട് ജീവിച്ചുവന്നവരാണ്‌ കേരളത്തിലെ മേൽജാതിയിൽ പെട്ട ജനവിഭാഗങ്ങളും ക്രിസ്ത്യൻ, മുസ്ലിം ജനവിഭാഗങ്ങളും. പുരുഷമേധാവിത്വം, സങ്കുചിതമതബോധങ്ങൾ, ഉച്ചനീചത്വം ഇതെല്ലാം കടന്നുവന്നത് സാമ്രാജ്യത്വത്തിന്റെയും അനുബന്ധസംസ്കാരങ്ങളുടെയും കടന്നുകൂടലോടെയാണ്‌. ആഢംബര-അധികാരഭ്രമവും പരിസ്ഥിതിയോടുള്ള പുച്ഛവും ഇത്തരം സംസ്കാരങ്ങളുടെ മുഖമുദ്രയാണ്‌. ഇന്ന് കേരളീയരുടെ പൊതുസ്വഭാവവും ഇതായിത്തീർന്നിരിക്കുന്നു. സമൂഹത്തിലെ ഉന്നതർക്കിടയിൽ മാത്രം ഒരുകാലത്ത് ഒതുങ്ങിയിരുന്ന ഈ പ്രവണത താഴേയ്ക്കിടയിലേക്കും ഗ്രാമീണരിലേക്കും വ്യാപിച്ചു. ഗ്രാമീണതയും നിഷ്കളങ്കമായ സഹവർത്തിത്വവും ഇല്ലാതായി. മൂല്യാധിഷ്ഠിതവിദ്യാഭ്യാസമെന്നപേരിലും മതബോധനമെന്നപേരിലും ഒക്കെ തീർക്കുന്ന സാംകാരികത്തടവറകൾ ഒരുവശത്ത്; സാങ്കേതികവിദ്യാഭ്യാസം, വികസനം, മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ എന്നെല്ലാം പറഞ്ഞ് പ്രലോഭിപ്പിക്കുന്ന അത്യാർത്തിയുടെ ലോകം മറുവശത്ത്. നല്ലൊരു മനുഷ്യജീവിതം എവിടെ ?

വ്യക്തിപരമായ ജീവിതശൈലിയും സാമൂഹ്യവ്യവസ്ഥയും താറുമാറാക്കിയതിൽ വിദ്യാഭ്യാസരീതിക്കും അധികാര-അധിനിവേശത്തിന്റെ വക്താക്കൾ കയ്യാളി കളങ്കപ്പെടുത്തിയ മതബോധനങ്ങൾക്കും വലിയ പങ്കുണ്ട്. മദ്ധ്യകാല യൂറോപ്പിനെ ഗ്രസിച്ചിരുന്ന വിപത്തിൽ നിന്നും അവിടുത്തെ ജനത ഒരുവിധം പുറത്തുകടന്നുവരുമ്പോഴേക്കും സ്വതന്ത്രഭാരതത്തിലെ പൗരന്മാർ അതേറ്റെടുത്തു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെയും യോഗയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മഹത്വം ഒരുവിഭാഗം പാശ്ചാത്യർപോലും തിരിച്ചറിഞ്ഞുതുടങ്ങി. മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഏറിവരുന്നത് ആരോഗ്യത്തിന്റെ ലക്ഷണമല്ലെന്നും ഡോക്ടറെ അകറ്റി നിർത്താനാവുന്നതാണ്‌ ആരോഗ്യത്തിന്റെ ലക്ഷണമെന്നും അവർ മനസ്സിലാക്കിത്തുടങ്ങി. നമ്മുടെ നാട്ടിലോ ? ഗ്രാമങ്ങൾ തോറും ആശുപത്രികളും പോലീസ് സ്റ്റേഷനുകളും ഉള്ളത് മെച്ചപ്പെട്ട ആരോഗ്യത്തിന്റെയും ഉത്തമമായ ക്രമസമാധാനനിലയുടെയും ലക്ഷണമായി വ്യാഖ്യാനിക്കപ്പെടുന്നു. വികലമായ വിദ്യാഭ്യാസത്തിന്റെ ഫലമാണിത്. ആദിവാസികൾക്ക് വൈദ്യസഹായം ലഭ്യമാക്കാൻ കഴിയാത്തതുകാരണമുള്ള ദുരവസ്ഥകൾ നാം മാദ്ധ്യമങ്ങളിൽ കാണാറുണ്ട്. എന്നാൽ, വൈദ്യസഹായം ആവശ്യമാകുന്നവിധം അവരുടെ ആരോഗ്യം നശിക്കാനിടയാക്കിയ സാഹചര്യത്തിലേക്ക് ശ്രദ്ധതിരിച്ചാൽ പ്രതികളാകുന്നത് പരിഷ്കൃതസമൂഹംതന്നെ എന്നതിൽ സംശയമില്ല. പരിഷ്കൃത സമൂഹം ആദിവാസികളിൽ നിന്നായിരുന്നു പഠിക്കേണ്ടിയിരുന്നത്. നിർഭ്യാഗ്യവശാൽ, ആദിവാസികളെ ഉദ്ധരിക്കനെന്നുപറഞ്ഞ് കാട്ടിലേക്കും ഊരുകളിലേക്കും കയറുകയും അവരുടെ തനതായ ജീവിതവും സംസ്കാരവം ആരോഗ്യവും വരെ നശിപ്പിക്കുകയും ചെയ്തു.

മനുഷ്യജീവിതത്തെ കമ്പനികൾക്ക് അടിയറവച്ചുകൊണ്ട് യാന്ത്രികജീവിതം നയിക്കാൻ പഠിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതുമാണ്‌ ആധുനികമനുഷ്യരുടെ വിദ്യാഭ്യാസരീതികളും ഭരണകൂടവും. എന്ത് കൃഷിചെയ്യണം എന്തുഭക്ഷിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് വൻകിടകുത്തകകളാണ്‌. ആരോഗ്യമുള്ള യൗവനകാലം മുഴുവൻ തൊഴിലിടത്ത് സേവനത്തിനായിമാത്രം നീക്കിവയ്ക്കുകയും അതിനുശേഷം മാത്രം കുഞ്ഞിനെവളർത്തിയാൽ മതിയെന്ന് തീരുമാനിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് വൻ ഓഫറുകളാണ്‌ ചില ബഹുരാഷ്ട്രകമ്പനികൾ ചെയ്തിരിക്കുന്നത്. 20-30 വയസ്സുള്ള ഒരമ്മയ്ക്ക് കുട്ടിയെ സ്നേഹിക്കാനും പരിചരിക്കാനും കഴിയുന്നതുപോലെ 45-55 വയസ്സുള്ള അമ്മയ്ക്ക് കഴിയില്ല എന്ന വാദമൊന്നും ബഹുരാഷ്ട്രകമ്പനികൾ സമ്മതിച്ചുതരികയേ ഇല്ല.  ജനനനിയന്ത്രണത്തിനെതിരെ മതസംഘടനകൾ രംഗത്തുവന്നിരുന്നു. പക്ഷെ ഈ അനീതിക്കെതിരെ ആരും പ്രതികരിച്ചുകണ്ടില്ല. കുട്ടിക്ക് കിട്ടേണ്ട സ്നേഹവും പരിഗണനയും നിഷേധിച്ച് വളർത്തി അവനെയൊരു സാമൂഹികദ്രോഹിയോ വിഷാദരോഗിയോ ആക്കിത്തീർക്കുന്നത് സ്ത്രീശാക്തീകരണമല്ല, ചൂഷണവും അക്രമവുമാണ്‌. പുത്തൻ തലമുറയെന്താ നന്നാവാത്തെ എന്ന് ഓരോ മുൻ തലമുറയും വെറുതെയിരുന്ന് ആലോചിച്ചിട്ട് കാര്യമില്ല. ഇങ്ങനെയെല്ലാമുള്ള പരിഷ്കൃത സമൂഹത്തിനാണോ ആദിവാസികളെ നന്നാക്കാൻ യോഗ്യത...

കാർഷികവൃത്തി എന്നത് സാമ്പത്തികമായി താഴേയ്ക്കിടയിൽ മാത്രമുള്ളവരുടെ ഉത്തരവാദിത്വമെന്നപോലെയായി. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മാത്രമല്ല സാമ്പത്തികഭദ്രതയിലും ഭേദപ്പെട്ട നിലയിലായിരുന്നിട്ടും കാർഷികമേഖലയിൽ ഓരോകേരളീയനും പങ്കില്ലാത്തത് സദാചരശൂന്യതയാണ്‌. വിതയ്ക്കാനും കൊയ്യാനും ആളില്ലാതെ കാർഷികമേഖല നേരിടുന്ന വെല്ലുവിളികൾ ഇടയ്ക്കിടെ വാർത്തകളാകാറുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഹാരം കാണാനുള്ള ഒരു സ്ഥിരം സംവിധാനം പരിഷ്കൃതസമൂഹത്തിലുണ്ടാവണം. ഔപചാരികജീവിതമോ അടിച്ചുപൊളി ജീവിതമോ അല്ല ഉണ്ടാവേണ്ടത് (ഔപചാരികതയോടുതോന്നുന്ന മനംമടുപ്പാണ്‌ 'അടിച്ചുപൊളി'യിൽ കലാശിക്കുന്നത്). ഇതരതൊഴിലുകൾക്കൊപ്പം കാർഷികവൃത്തിയിലും ഏർപ്പെടാൻ കഴിയുന്നവിധം തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കണം. വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കണം. ആദിവാസികളുമായി ഇടപെടുന്നതിനുമുൻപായി പരിഷ്കൃതസമൂഹത്തിന്റെ പരിസ്ഥിതിസാക്ഷരത ഏറെ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. കേരളത്തിലെ വനത്തിൽ കണ്ടുവരുന്ന ഔഷധസസ്യങ്ങളെ തിരിച്ചറിയാനുള്ള പരിജ്ഞാനവും പുതിയതലമുറയിലെ ആദിവാസികളിൽ കാണുന്നില്ല. വനപാലകരും അതേക്കുറിച്ച് അറിയാൻ ശ്രമിക്കുന്നില്ല. കാടുകയറി മരുന്നുകൾ ശേഖരിക്കുന്ന സാധാരണക്കാർക്കും സസ്യവിജ്ഞാനമില്ല. ആദിവാസികളിലൂടെ നിലനിന്നുപോന്ന കാട്ടറിവുകളിലൂടെയുമാണ്‌ ആയുർവ്വേദപാരമ്പര്യം നിലനിന്നുപോന്നത്. വനത്തിലെ ഔഷധസസ്യങ്ങളുടെ ദൗർലഭ്യവും തിരിച്ചറിയാനുള്ള കഴിവില്ലായ്മയും ആയുർവ്വേദം നേരിടുന്ന ഭീഷണിയാണ്‌. ആദിവാസിവികസനം ഇത്രയൊക്കെ തീവ്രമായി നടപ്പാക്കിയിട്ടും ആയുർവ്വേദരംഗത്ത് ആദിവാസികളുടെ സേവനം പ്രയോജനപ്പെടുത്താനോ നല്ലൊരു വനവിജ്ഞാനവും പ്രകൃതിസംരക്ഷണവും ഉൾപ്പെടുന്നവിധമുള്ള വിദ്യാഭ്യാസപദ്ധതി തയ്യാറാക്കാനോ കഴിഞ്ഞിട്ടില്ല.

സ്ത്രീശാക്തീകരണം ഒരു നല്ല ലക്ഷണമാണോ ? ആപേക്ഷികമായ മറുപടിയേ പറയാൻ കഴിയൂ. മനുഷ്യനല്ലാതെ മറ്റൊരു ജീവിക്കും തങ്ങളിലെ പെൺവർഗ്ഗത്തിന്റെ ഉന്നമനത്തിനായി ശാക്തീകരണപ്രവർത്തനങ്ങൾ നടത്തേണ്ടിവന്നിട്ടില്ല. സ്ത്രീശാക്തീകരണപ്രവർത്തനങ്ങൾ ആവശ്യമായിവരാൻ ഇടയാക്കിയ വ്യക്തിപരവും സാമൂഹികവുമായ അപചയങ്ങളെക്കുറിച്ച് പരിഷ്കൃതസമൂഹം ആലോചിക്കണം. നൂറ്റാണ്ടുകളായി മതതത്വങ്ങളെന്നപേരിലും പുരുഷമേധാവിത്വത്തിന്റെ കയ്യൂക്കിലും അനുവർത്തിച്ചുപോന്ന ശീലങ്ങൾ ആദിവാസിസമൂഹങ്ങളിലേക്കാൾ കൂടുതൽ ബാധിച്ചിരിക്കുന്നത് കേരളത്തിലെ പൊതുസമൂഹത്തിലല്ലേ ? എന്നിട്ടും ‘സമഗ്രവികസനത്തിന്റെ' സന്ദേശമെത്തിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും സ്ത്രീശാക്തീകരണത്തിനായുള്ള സംഘടനയായ കുടുംബശ്രീപോലുള്ള സംഘടനകളും ആദിവാസികൾക്കിടയിലേക്ക് കടന്നുചെല്ലുന്നതിൽ ഉൽകണ്ഠപ്പെടാതിരിക്കുന്നതെങ്ങനെ.... കഴിഞ്ഞ എൺപതോളം വർഷങ്ങളായി കേരളത്തിലെ പരിഷ്കൃതസമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക അപചയം കേരളത്തിലെ ആദിവാസികളെയും ഏറെ ബാധിച്ചുകഴിഞ്ഞു. ആദിവാസികളിലേക്ക് ഇന്നുനടത്തുന്ന ഇടപെടലുകൾ അവരെ കൂടുതൽ തെറ്റുകളിലേക്ക് വലിച്ചിഴയ്ക്കുമോ അതോ നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കുമോ എന്നത് അവിടേയ്ക്ക് കടന്നുചെല്ലുന്ന പരിഷ്കൃത മനുഷ്യരുടെ സഹജാവബോധത്തെ ആശ്രയിച്ചിരിക്കും. ആദിവാസികൾക്കിടയിലേക്ക് കടന്നുചെല്ലുന്നവർക്ക് 'വികസനത്വര' അല്ല അത്യാവശ്യം, നാടിന്റെയും കാടിന്റെയും മനുഷ്യരുടെയും സഹജമായ ജൈവാവസ്ഥയെക്കുറിച്ചുള്ള അവബോധമാണ്‌ അത്യാവശ്യം.

ഒരു രോഗം എന്നപോലെ പ്രസവവും മരുന്നിനെയും ഡോക്ടറെയും ആശുപത്രിയെയും ആശ്രയിക്കാതെ നടക്കില്ലാത്ത സ്ഥിതിൽ കൊണ്ടുചെന്നെത്തിച്ചതിനെ പ്രകൃതിചികിത്സകരെങ്കിലും നിരന്തരം കുറ്റപ്പെടുത്തുന്നുണ്ട്. താളംതെറ്റിയ ഭക്ഷണക്രമവും ജീവിതചര്യകളും കാരണമാകുന്നു. ഇപ്പോഴിതാ, ഗർഭിണിയായ പശുക്കൾക്ക് അഞ്ചുമാസത്തേക്കെങ്കിലും കാലിത്തീറ്റ റേഷനായി നൽകണമെന്ന് ക്ഷീരവികസനവകുപ്പ്. ശരിയായ ആഹാരമായ പുല്ലും വൈക്കോലും പശുവിനുനൽകുന്നത് കുറയാനിടയാക്കുമെന്ന വലിയ പോരായ്മ ഈ പദ്ധതിയ്ക്കുണ്ട് (അല്ലെങ്കിലും എളുപ്പം നോക്കി കാലിത്തീറ്റയിൽ അഭയം പ്രാപിച്ച കർഷകരെ കണ്ടില്ലെന്നു നടിച്ചാൽ). നമ്മുടെ സർക്കാർ ഇതേക്കുറിച്ചോക്കെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടോ ? അനാരോഗ്യകരമായ ഭക്ഷണക്രമവും ജീവിതരീതികളും സ്വീകരിച്ച് അനാരോഗ്യവും മരുന്നും ഒഴിയാബാധയായി കൊണ്ടുനടക്കുന്ന ശീലം ആദ്യം പരിഷ്കൃതമനുഷ്യരിലും പിന്നെ ആദിവാസികളിലും എത്തിനിൽക്കുന്നു. ഇനി നാൽക്കാലികളിലേക്കും....? പശുക്കൾക്ക് ആവശ്യമായ സ്വാഭാവികമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിനും ശുദ്ധമായ തീറ്റ ലഭ്യമാക്കുന്നതിനുമാണ്‌ ശരിയായ വിദ്യാഭ്യാസവും ഉത്തരവാദിത്വബോധവുമുള്ള ഒരു കർഷകൻ ശ്രമിക്കേണ്ടത്. സമീപകാലത്ത് ഗോസംരക്ഷണസംഘങ്ങൾ നാടൻ ഇനം പശുക്കളെ സംഘടിപ്പിച്ച് സംരക്ഷിച്ചുവളർത്തിത്തുടങ്ങിയിട്ടുണ്ട്. കാലിത്തീറ്റയോ വേവിച്ച ഭക്ഷണമോപോലും നൽകാതെ കൃത്രിമത്വങ്ങൾ ഒഴിവാക്കിയാണ്‌ അവയെ പരിപാലിക്കുന്നത്. അവയുടെ ക്ഷീരോൽപന്നങ്ങളും ഗവ്യങ്ങളും അത്രയേറെ ഗുണമേന്മയുള്ളതാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതായത്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യർ കാലിവളർത്തൽ പോലും ഇപ്പോൾ പഠിച്ചുവരുന്നതേയുള്ളൂ.

പരിഷ്കൃതസമൂഹം നേരിടുന്ന അപചയങ്ങളുടെ ചില ഉദാഹരണങ്ങളാണ്‌ കണ്ടത്. ഇത്രയോക്കെ പ്രശ്നനങ്ങൾ നിലനിൽക്കെ അവർ ആദിവാസിസമൂഹങ്ങളിലേക്ക് കടന്നുചെന്ന് അവരുടെ ജീവിതത്തിൽ കൈകടത്തിയാൽ എന്താകും ആദിവാസികളുടെയും സ്ഥിതി ? ആദിവാസികൾ/ആദിവാസിസംസ്കാരങ്ങൾ നേരിടുന്ന വെല്ലുവിളിയും അതാണ്‌.

Read also:
1. അട്ടപ്പാടിയിലെ അനാരോഗ്യ പരിപാലനം
2. ജനിക്കുന്ന കുഞ്ഞിനെ കൊല്ലുന്ന പാക്കേജുകൾ
3. അട്ടപ്പാടിയുടെ പുഴ മരണത്തിന്റെ വക്കില്‍

13 comments:

  1. ജീവിതമേ ഒരു വെല്ലു വിളിയാണ് സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  2. മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഏറിവരുന്നത് ആരോഗ്യത്തിന്റെ ലക്ഷണമല്ലെന്നും ഡോക്ടറെ അകറ്റി നിർത്താനാവുന്നതാണ്‌ ആരോഗ്യത്തിന്റെ ലക്ഷണമെന്നും അവർ മനസ്സിലാക്കിത്തുടങ്ങി. നമ്മുടെ നാട്ടിലോ ?

    ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ എല്ലാം വസ്തുകള്‍ തന്നെ. എങ്കിലും മനുഷ്യന് അതത് കാലത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു ജീവിച്ചു പോകാനേ കഴിയൂ എന്ന സ്ഥിതിയിലാണ് മാറ്റങ്ങള്‍ എത്തി നില്‍ക്കുന്നത് എന്ന് തോന്നുന്നു. അപ്പോള്‍ മനുഷ്യനില്‍ ഇന്നുവരെ സംഭവിച്ചിരിക്കുന്ന മാറ്റങ്ങളെ ഇല്ലാതാക്കിയാല്‍ മാത്രമേ ആ പഴയ കാലത്തെ കുഴപ്പങ്ങള്‍ ഇല്ലാത്ത ജീവിതക്രമാത്തിലെക്ക് തിരികെ പോകാന്‍ കഴിയു. പരമാവധി ദൂഷ്യങ്ങള്‍ കുറക്കാന്‍ ശ്രമിക്കാം എന്ന് മാത്രമേ ഇനി സാധിക്കുകയുള്ളു. ആദിവാസികളെ അങ്ങിനെത്തന്നെ നിലനിര്‍ത്തണം എന്നതും ശരിയാണ് എന്ന് പറയാന്‍ കഴിയാതെ വരുന്നു.

    ReplyDelete
    Replies
    1. ശ്രമിച്ചാലേ സാധിക്കൂ. കാലം എന്നും ഒരുപോലെയാണ്‌. മനുഷ്യരാണ്‌ മാറ്റങ്ങളുണ്ടാക്കുന്നത്. എല്ലാം നമ്മളും മുൻഗാമികളും വരുത്തിവച്ചതാണ്‌. അപ്പോൾ പിന്നെ ശ്രമിക്കാതിരിക്കുന്നതിലും ന്യായമില്ല.
      അങ്ങനെതന്നെ നിലനിർത്താൻ പറ്റുന്നതല്ല ഇന്ന് കേരളത്തിലെ ആദിവാസികളുടെ സ്ഥിതി. പരിഷ്കൃതമനുഷ്യരായിട്ട് വരുത്തിവച്ച ദോഷങ്ങളെല്ലാം പരിഹരിക്കേണ്ടതുണ്ട്. ആദിവാസികളുടേതുമാത്രമല്ല നമ്മുടേതും.

      വായനയ്ക്കും വിശദമായ അഭിപ്രായത്തിനും വളരെ നന്ദി...

      Delete
  3. വികസനം, പരിഷ്ക്കാരം ഒക്കെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുമ്പോൾ നാം അറിയുന്നില്ല സ്വയം നാശത്തിന്റെ കുഴി നിർമിക്കുകയാണെന്ന് ...!

    ലേഖനം നന്നായി...

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി...കുഞ്ഞൂസ്

      Delete
  4. Very good post ,hari... :) keen observations (y) well written.. <3

    ReplyDelete
    Replies
    1. Thanks ........Utto pian
      പ്രോത്സാഹനത്തിന്‌ നന്ദി...

      Delete
  5. പരിഷ്കൃതസമൂഹം നേരിടുന്ന അപചയങ്ങളുടെ ചില ഉദാഹരണങ്ങളാണ്‌ കണ്ടത്.
    ഇത്രയോക്കെ പ്രശ്നനങ്ങൾ നിലനിൽക്കെ അവർ ആദിവാസിസമൂഹങ്ങളിലേക്ക് കടന്നുചെന്ന്
    അവരുടെ ജീവിതത്തിൽ കൈകടത്തിയാൽ എന്താകും ആദിവാസികളുടെയും സ്ഥിതി ?
    ആദിവാസികൾ/ആദിവാസി സംസ്കാരങ്ങൾ നേരിടുന്ന വെല്ലുവിളിയും അതാണ്‌.

    വളരെ നന്നായി തന്നെ , വിശകലനങ്ങളടക്കം എഴുതിയിരിക്കുന്നൂ

    ReplyDelete
    Replies
    1. വിശദമായ വായനയ്ക്കും വിലയിരുത്തലുകൾക്കും വളരെ നന്ദി...

      Delete
  6. പ്രസക്തമായ ചില ചോദ്യങ്ങളിലേക്കു വിരല്‍ചൂണ്ടുന്ന കുറിപ്പ്.

    ReplyDelete
  7. തീര്‍ച്ചയായും പ്രസക്തമായ ലേഖനം. എന്തുകൊണ്ട് നമ്മള്‍ പുത്തന്‍ സംസ്‌ക്കാരത്തെ ഇത്രമേല്‍ പുണരുന്നു എന്നറിയില്ല. അയല്‍ക്കാരന്‍ വലിയ വീടുവെയ്ക്കുമ്പോള്‍ എനിക്കും വേണം അതിനേക്കാള്‍ വലിയ വീട്. അവന്‍ കാര്‍ വാങ്ങുമ്പോള്‍ എനിക്കും വേണം...അങ്ങനെയാണ് എല്ലാം. പുതുകാലത്തെ വെല്ലുവിളിച്ചുകൊണ്ട് ജീവിക്കാന്‍ വല്ലാത്ത മനക്കരുത്തുവേണം. അതിന് വലിയ പ്രയാസവുമാണ്. ഒറ്റപ്പെട്ടു പോയേക്കാം.

    ReplyDelete
    Replies
    1. വിശദമായ വായനയ്ക്കും ഈ പ്രോത്സാഹനത്തിനും വളരെ നന്ദി... ഒറ്റപ്പെട്ടവരുടെ ഒരു കൂട്ടായ്മയ്ക്കായി ശ്രമിക്കാം... :)

      Delete
  8. ശക്തമായ വരികള്‍ ഹരി......നല്ലൊരു ലേഖനം....

    ReplyDelete