Sunday, November 16, 2014

ശബരിമലയുടെ ഭാവി....കേരളീയരുടെയും


“ക്ഷേത്രത്തിന്റെ ഒരു ഓട് ഇളകിയാൽ ഭക്തന്റെ ഹൃദയം വേദനിക്കും. എന്നാൽ ഒരു മല അപ്പാടെ പോയാലും ഭക്തന്‌ ഒരു കുലുക്കവുമില്ല”. എന്നുപറഞ്ഞത് എത്രയോ ശരിയാണ്‌. കാനനക്ഷേത്രം എന്നു വിശേഷിപ്പിക്കുന്ന ശബരിമലയുടെ കാര്യത്തിലും സ്ഥിതി ഒട്ടും ഭേദമല്ല. വ്യാവസായിക യുഗത്തിന്റെ കടന്നുകയറ്റത്തിലും പുരാതന മതങ്ങളുടെ ആരാചാരരീതികൾ കുറച്ചൊക്കെ പ്രകൃതിസംരക്ഷണം പ്രാവർത്തികമാക്കുന്നുണ്ട്. എന്നാൽ അതിലും വളരെക്കൂടുതലാണ്‌ ഭക്തിയുടെ പേരിലുള്ള കടന്നുകയറ്റം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ. ഒരു ആരാധനാലയം എന്ന കാഴ്ചപ്പാട് വിഗ്രഹവും/ആരാധനാസ്വരൂപവും അതിനെ ചുറ്റിപ്പറ്റിയുള്ള മനുഷ്യനിർമ്മിതിയിലും മാത്രമായി ഒരുങ്ങുമ്പോഴാണ്‌ ഇതുസംഭവിക്കുന്നത്. പ്രാചീന മതങ്ങളിലെന്നുമാത്രമല്ല സെമറ്റിക് മതങ്ങളിലെ വിശുദ്ധന്മാരും കടുത്ത പ്രകൃത്യാരാധകരായിരുന്നുവെന്നതിന്‌ നിരവധി ഉദാഹരണങ്ങളുണ്ട്. ശുദ്ധമായ പ്രകൃതിയിൽ നിന്ന് സകല ജ്ഞാനവും ഐശ്വര്യവും കിട്ടുകതന്നെ ചെയ്യും എന്നാണ്‌ എല്ലാമതത്തിന്റെയും പൊരുളും. പ്രകൃതിക്ക് മതഭേദമില്ല. Tranquility is very important factor in shrines...

ശാന്തവും രമണീയവുമായ വനപ്രദേശങ്ങൾ തെരഞ്ഞെടുത്ത് നിർമ്മിച്ച ക്ഷേത്രങ്ങളുണ്ട്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങൾ പ്രത്യേകിച്ചും അങ്ങനെയാണ്‌. അതുകൊണ്ടുതന്നെ ശബരിമലവനം ആകുന്ന ‘പൂങ്കാവനം’ എന്ന പ്രദേശം ക്ഷേത്രസംബന്ധമായി അത്രയേറെ പ്രധാനപ്പെട്ടതാണ്‌. ജനവാസകേന്ദ്രങ്ങളിൽ സ്ഥാപിച്ച കോവിലുകളുമായി ഇതിനെ താരതമ്യപ്പെടുത്തരുത്. വീടിന്‌ പൂജാമുറി എന്നപോലെയാണ്‌ നഗരത്തിന്‌ കോവിൽ. താന്ത്രികവിധിയും തച്ചുശാസ്ത്രവും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ദൃശ്യമായ(real nature) പ്രകൃതിക്ക് വലിയസ്ഥനമില്ല. ക്ഷേത്രങ്ങളും കാവുകളും കൊവിലുകളല്ല. ഭാഷാപരമായ വ്യത്യാസം മാത്രമല്ല ഇത്. പ്രകൃതിശക്തിയെ നന്നായി പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി വനാന്തരങ്ങളിലോ ഉത്തമമായ ഗ്രാമാന്തരീക്ഷത്തിലേക്കോ കടന്നുചെന്ന് രൂപപ്പെടുത്തിയെടുത്തതാണ്‌ ക്ഷേത്രങ്ങളും കാവുകളും. അതിലേക്ക് തീർത്ഥാടനത്തിന്റെ പേരിലായാലും കടന്നുകയറി നഗരവൽക്കരണം നടന്നുകഴിയുമ്പോൾ സാർവത്രികമായ നാശമായി. ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിൽ കടന്നാലുള്ള പ്രകൃതിയുടെ സാന്നിദ്ധ്യം പോലും കാനനക്ഷേത്രമെന്നപേരിൽ അറിയപ്പെടുന്ന ഈ തീർത്ഥാടനകേന്ദ്രത്തിൽ അനുഭവപ്പെടുന്നില്ല. ശബരിമലയും അനുബന്ധപ്രദേശങ്ങളുമെല്ലാം ടൗൺഷിപ്പുകളായി മാറിക്കൊണ്ടിരിക്കുന്നു. പളനി, തിരുപ്പതി, വൈഷ്ണവോദേവി ക്ഷേത്രം ഇതെല്ലാം ധാരാളം ഭക്തജനങ്ങളെത്തുന്നതും വരുമാനം നേടിയെടുക്കുന്നതുമായ ക്ഷേത്രങ്ങളാണ്‌. വരുമാനവും സൗകര്യവും നോക്കി വൈഷ്ണവോദേവി മോഡൽ വികസനം എന്നുപറയുന്നത് ആശാസ്യമല്ല. ഒറീസയിലെയോ രാജസ്ഥനിലെയോ കശ്മീരിലെയോ പ്രകൃതിയല്ല കേരളത്തിലേത്. തീരപ്രദേശം, മരുപ്രദേശം, ഗ്രാമങ്ങൾ ഓരോന്നും വ്യത്യസ്തമാണ്‌. അങ്ങനെയുള്ള പ്രാദേശികമായ പ്രത്യേകതകളെ ഉൾക്കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്ന ത്രീർത്ഥാടനകേന്ദ്രങ്ങളെയും അങ്ങനെതന്നെ പരിഗണിക്കണം.

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമ്പോൾ അത് പ്രാദേശികമായ പ്രത്യേകതകൾക്ക് കോട്ടം വരാതെയാണെന്ന് ഉറപ്പാക്കാനുള്ള ചുമതല കേരളസർക്കാരിനും ക്ഷേത്രഭരണാധികാരികൾക്കുമാണ്‌. തന്ത്രശാസ്ത്രത്തിനും വാസ്തുശാസ്ത്രത്തിനുമെന്നല്ല പ്രകൃതിശാസ്ത്രത്തിനും മുൻഗണന കൊടുത്തുകൊണ്ടേ ഇവിടെ പദ്ധതികൾ നടപ്പാക്കാവുള്ളൂ. 400 ഹെക്ടർ വനഭൂമി ഏറ്റെടുത്ത് ടൗൺഷിപ്പും മാലിന്യസംസ്കരണയൂണിറ്റും ഉണ്ടാക്കാനുള്ള നീക്കം അത്യന്തം അപകടകരമാണ്‌. ഈ ക്ഷേത്രത്തിന്റെയെന്നല്ല ഒരു മതത്തിന്റെയും നീതിക്കുനിരക്കുന്നതല്ല ഇത്. വർദ്ധിച്ചുവരുന്ന തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യം തയ്യാറാക്കണെന്നു പറയുമ്പോൾ വിമാനത്താവളം വേണമെന്നും ഹെലികോപ്ടറിൽ വരുന്നവരിൽ നിന്നും ധാരാളം വരുമാനം നേടാനാവുമെന്നും ടൗൺഷിപ്പ് പണിയണമെന്നും പറയുന്നവരാണ്‌ നമ്മുടെ ഭരണകർത്താക്കൾ. ആഡംബരം എന്നത് ആപേക്ഷികമാണെന്നാണത്രേ. വിമാനത്താവളവും ടൗൺഷിപ്പും ഇവർക്ക് അടിസ്ഥാനസൗകര്യങ്ങളായിരിക്കും. വിദൂരദേശങ്ങളിൽ നിന്നുപോലും വരുന്നവരും ഈ പ്രദേശത്തിന്റെ തനതായ പ്രത്യേകതകളെക്കുറിച്ച് അറിവില്ലാത്തവരുമായവരെക്കൂടെ ബോധവൽക്കരിക്കാനുള്ള ഉത്തരവാദിത്വമുള്ള മാധ്യമങ്ങളും ആശാസ്യമല്ലാത്ത ഇത്തരം നീക്കങ്ങൾക്ക് കൂട്ടുനിൽക്കുകയും ചെയ്യും. ശബരിമലയുടെ സ്വാഭാവികതയ്ക്ക് കോട്ടം വരാതെയുള്ള പരിഷ്കരണങ്ങളാണ്‌ വേണ്ടത്. ഇടത്താവളങ്ങളിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ആസൂത്രിതമായി നടപ്പാക്കിയാൽ നിലയ്ക്കൽ-പമ്പ കേന്ദ്രീകരിച്ചുള്ള തിരക്ക് ഉറയ്ക്കാൻ ഇടത്താവളങ്ങൾ ഏറെ പ്രയോജനപ്പെടും. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഒഴിവാക്കിക്കൊണ്ടുതന്നെ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. അതിലൊന്നും ഭരണകർത്താക്കൾക്ക് ഉത്സാഹമോ താൽപര്യമോ കാണുന്നില്ല. ശബരിമലപ്രദേശം തീർത്ഥാടനത്തിന്റെ പേരിൽ മറ്റൊരു മൂന്നാർ ആക്കാനുള്ള ശ്രമങ്ങൾക്കാണ്‌ താൽപര്യം. കാനനച്ഛായയിൽ വിരിവയ്ക്കുന്നതിനുള്ള സൗകര്യത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ്‌ അധികാരികൾ ശ്രദ്ധിക്കേണ്ടത്.

കലിയുഗത്തിലെ അഭയമായി കാനനവാസനെ കരുതുന്നു. വൃക്ഷനിബിഡമായ പശ്ചിമഘട്ടത്തിന്റെ ഐശ്വര്യവും സൗന്ദര്യവുമാണ്‌ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി നിലനിർത്തുന്നത്. കാനനത്തിനു സംഭവിക്കുന്ന ഓരോ ക്ഷതത്തിനുമാണ്‌ മനുഷ്യൻ പകരം കൊടുക്കേണ്ടിവരുന്നതെന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാനാവാത്ത വിധമാണ്‌ സമകാലീന കേരളത്തിന്റെ അവസ്ഥ. ഭക്തിയുടെ പേരിലുള്ള ജനപ്രവാഹങ്ങൾ വർദ്ധിച്ചിട്ടും ദുരിതങ്ങളും വർദ്ധിക്കുന്നതിന്റെ കാരണവും ഈ മൂല്യച്യുതിയാണ്‌. ഇതിന്‌ ആരെയാണ്‌ അഭയം പ്രാപിക്കേണ്ടത്...
???

Related Post:

ശബരിമലക്കാടുകള്‍ക്ക് വേണ്ടി മണ്ഡലം നോല്‍ക്കാമോ അയ്യപ്പന്മാരെ ???


Image source:
http://lovableimages.blogspot.in/2015/01/god-ayyappa-pictures-free-download-lord.html

Saturday, November 01, 2014

കേരളത്തിലെ ആദിവാസികൾക്ക് എന്തുസംഭവിച്ചു ?

tribes in kerala
അതിജീവനം അതീവദുഷ്കരം
കേരളത്തിൽ ഇന്ന് ആദിവാസികളില്ല, ആദിവാസികളുടെ പിന്മുറക്കാരേ ഉള്ളൂ എന്നുപറയുന്നതിലും ശരിയുണ്ട്. നൂറ്റാണ്ടുകളായി വിദേശസംസ്കാരങ്ങളുടെ, പ്രത്യേകിച്ചും പാശ്ചാത്യ/അറേബ്യൻ സംസ്കാരങ്ങളുടെ സ്വാധീനത്തിൽപെട്ട് ജീവിച്ചുവന്നവരാണ്‌ കേരളത്തിലെ മേൽജാതിയിൽ പെട്ട ജനവിഭാഗങ്ങളും ക്രിസ്ത്യൻ, മുസ്ലിം ജനവിഭാഗങ്ങളും. പുരുഷമേധാവിത്വം, സങ്കുചിതമതബോധങ്ങൾ, ഉച്ചനീചത്വം ഇതെല്ലാം കടന്നുവന്നത് സാമ്രാജ്യത്വത്തിന്റെയും അനുബന്ധസംസ്കാരങ്ങളുടെയും കടന്നുകൂടലോടെയാണ്‌. ആഢംബര-അധികാരഭ്രമവും പരിസ്ഥിതിയോടുള്ള പുച്ഛവും ഇത്തരം സംസ്കാരങ്ങളുടെ മുഖമുദ്രയാണ്‌. ഇന്ന് കേരളീയരുടെ പൊതുസ്വഭാവവും ഇതായിത്തീർന്നിരിക്കുന്നു. സമൂഹത്തിലെ ഉന്നതർക്കിടയിൽ മാത്രം ഒരുകാലത്ത് ഒതുങ്ങിയിരുന്ന ഈ പ്രവണത താഴേയ്ക്കിടയിലേക്കും ഗ്രാമീണരിലേക്കും വ്യാപിച്ചു. ഗ്രാമീണതയും നിഷ്കളങ്കമായ സഹവർത്തിത്വവും ഇല്ലാതായി. മൂല്യാധിഷ്ഠിതവിദ്യാഭ്യാസമെന്നപേരിലും മതബോധനമെന്നപേരിലും ഒക്കെ തീർക്കുന്ന സാംകാരികത്തടവറകൾ ഒരുവശത്ത്; സാങ്കേതികവിദ്യാഭ്യാസം, വികസനം, മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ എന്നെല്ലാം പറഞ്ഞ് പ്രലോഭിപ്പിക്കുന്ന അത്യാർത്തിയുടെ ലോകം മറുവശത്ത്. നല്ലൊരു മനുഷ്യജീവിതം എവിടെ ?

വ്യക്തിപരമായ ജീവിതശൈലിയും സാമൂഹ്യവ്യവസ്ഥയും താറുമാറാക്കിയതിൽ വിദ്യാഭ്യാസരീതിക്കും അധികാര-അധിനിവേശത്തിന്റെ വക്താക്കൾ കയ്യാളി കളങ്കപ്പെടുത്തിയ മതബോധനങ്ങൾക്കും വലിയ പങ്കുണ്ട്. മദ്ധ്യകാല യൂറോപ്പിനെ ഗ്രസിച്ചിരുന്ന വിപത്തിൽ നിന്നും അവിടുത്തെ ജനത ഒരുവിധം പുറത്തുകടന്നുവരുമ്പോഴേക്കും സ്വതന്ത്രഭാരതത്തിലെ പൗരന്മാർ അതേറ്റെടുത്തു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെയും യോഗയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മഹത്വം ഒരുവിഭാഗം പാശ്ചാത്യർപോലും തിരിച്ചറിഞ്ഞുതുടങ്ങി. മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഏറിവരുന്നത് ആരോഗ്യത്തിന്റെ ലക്ഷണമല്ലെന്നും ഡോക്ടറെ അകറ്റി നിർത്താനാവുന്നതാണ്‌ ആരോഗ്യത്തിന്റെ ലക്ഷണമെന്നും അവർ മനസ്സിലാക്കിത്തുടങ്ങി. നമ്മുടെ നാട്ടിലോ ? ഗ്രാമങ്ങൾ തോറും ആശുപത്രികളും പോലീസ് സ്റ്റേഷനുകളും ഉള്ളത് മെച്ചപ്പെട്ട ആരോഗ്യത്തിന്റെയും ഉത്തമമായ ക്രമസമാധാനനിലയുടെയും ലക്ഷണമായി വ്യാഖ്യാനിക്കപ്പെടുന്നു. വികലമായ വിദ്യാഭ്യാസത്തിന്റെ ഫലമാണിത്. ആദിവാസികൾക്ക് വൈദ്യസഹായം ലഭ്യമാക്കാൻ കഴിയാത്തതുകാരണമുള്ള ദുരവസ്ഥകൾ നാം മാദ്ധ്യമങ്ങളിൽ കാണാറുണ്ട്. എന്നാൽ, വൈദ്യസഹായം ആവശ്യമാകുന്നവിധം അവരുടെ ആരോഗ്യം നശിക്കാനിടയാക്കിയ സാഹചര്യത്തിലേക്ക് ശ്രദ്ധതിരിച്ചാൽ പ്രതികളാകുന്നത് പരിഷ്കൃതസമൂഹംതന്നെ എന്നതിൽ സംശയമില്ല. പരിഷ്കൃത സമൂഹം ആദിവാസികളിൽ നിന്നായിരുന്നു പഠിക്കേണ്ടിയിരുന്നത്. നിർഭ്യാഗ്യവശാൽ, ആദിവാസികളെ ഉദ്ധരിക്കനെന്നുപറഞ്ഞ് കാട്ടിലേക്കും ഊരുകളിലേക്കും കയറുകയും അവരുടെ തനതായ ജീവിതവും സംസ്കാരവം ആരോഗ്യവും വരെ നശിപ്പിക്കുകയും ചെയ്തു.

മനുഷ്യജീവിതത്തെ കമ്പനികൾക്ക് അടിയറവച്ചുകൊണ്ട് യാന്ത്രികജീവിതം നയിക്കാൻ പഠിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതുമാണ്‌ ആധുനികമനുഷ്യരുടെ വിദ്യാഭ്യാസരീതികളും ഭരണകൂടവും. എന്ത് കൃഷിചെയ്യണം എന്തുഭക്ഷിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് വൻകിടകുത്തകകളാണ്‌. ആരോഗ്യമുള്ള യൗവനകാലം മുഴുവൻ തൊഴിലിടത്ത് സേവനത്തിനായിമാത്രം നീക്കിവയ്ക്കുകയും അതിനുശേഷം മാത്രം കുഞ്ഞിനെവളർത്തിയാൽ മതിയെന്ന് തീരുമാനിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് വൻ ഓഫറുകളാണ്‌ ചില ബഹുരാഷ്ട്രകമ്പനികൾ ചെയ്തിരിക്കുന്നത്. 20-30 വയസ്സുള്ള ഒരമ്മയ്ക്ക് കുട്ടിയെ സ്നേഹിക്കാനും പരിചരിക്കാനും കഴിയുന്നതുപോലെ 45-55 വയസ്സുള്ള അമ്മയ്ക്ക് കഴിയില്ല എന്ന വാദമൊന്നും ബഹുരാഷ്ട്രകമ്പനികൾ സമ്മതിച്ചുതരികയേ ഇല്ല.  ജനനനിയന്ത്രണത്തിനെതിരെ മതസംഘടനകൾ രംഗത്തുവന്നിരുന്നു. പക്ഷെ ഈ അനീതിക്കെതിരെ ആരും പ്രതികരിച്ചുകണ്ടില്ല. കുട്ടിക്ക് കിട്ടേണ്ട സ്നേഹവും പരിഗണനയും നിഷേധിച്ച് വളർത്തി അവനെയൊരു സാമൂഹികദ്രോഹിയോ വിഷാദരോഗിയോ ആക്കിത്തീർക്കുന്നത് സ്ത്രീശാക്തീകരണമല്ല, ചൂഷണവും അക്രമവുമാണ്‌. പുത്തൻ തലമുറയെന്താ നന്നാവാത്തെ എന്ന് ഓരോ മുൻ തലമുറയും വെറുതെയിരുന്ന് ആലോചിച്ചിട്ട് കാര്യമില്ല. ഇങ്ങനെയെല്ലാമുള്ള പരിഷ്കൃത സമൂഹത്തിനാണോ ആദിവാസികളെ നന്നാക്കാൻ യോഗ്യത...

കാർഷികവൃത്തി എന്നത് സാമ്പത്തികമായി താഴേയ്ക്കിടയിൽ മാത്രമുള്ളവരുടെ ഉത്തരവാദിത്വമെന്നപോലെയായി. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മാത്രമല്ല സാമ്പത്തികഭദ്രതയിലും ഭേദപ്പെട്ട നിലയിലായിരുന്നിട്ടും കാർഷികമേഖലയിൽ ഓരോകേരളീയനും പങ്കില്ലാത്തത് സദാചരശൂന്യതയാണ്‌. വിതയ്ക്കാനും കൊയ്യാനും ആളില്ലാതെ കാർഷികമേഖല നേരിടുന്ന വെല്ലുവിളികൾ ഇടയ്ക്കിടെ വാർത്തകളാകാറുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഹാരം കാണാനുള്ള ഒരു സ്ഥിരം സംവിധാനം പരിഷ്കൃതസമൂഹത്തിലുണ്ടാവണം. ഔപചാരികജീവിതമോ അടിച്ചുപൊളി ജീവിതമോ അല്ല ഉണ്ടാവേണ്ടത് (ഔപചാരികതയോടുതോന്നുന്ന മനംമടുപ്പാണ്‌ 'അടിച്ചുപൊളി'യിൽ കലാശിക്കുന്നത്). ഇതരതൊഴിലുകൾക്കൊപ്പം കാർഷികവൃത്തിയിലും ഏർപ്പെടാൻ കഴിയുന്നവിധം തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കണം. വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കണം. ആദിവാസികളുമായി ഇടപെടുന്നതിനുമുൻപായി പരിഷ്കൃതസമൂഹത്തിന്റെ പരിസ്ഥിതിസാക്ഷരത ഏറെ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. കേരളത്തിലെ വനത്തിൽ കണ്ടുവരുന്ന ഔഷധസസ്യങ്ങളെ തിരിച്ചറിയാനുള്ള പരിജ്ഞാനവും പുതിയതലമുറയിലെ ആദിവാസികളിൽ കാണുന്നില്ല. വനപാലകരും അതേക്കുറിച്ച് അറിയാൻ ശ്രമിക്കുന്നില്ല. കാടുകയറി മരുന്നുകൾ ശേഖരിക്കുന്ന സാധാരണക്കാർക്കും സസ്യവിജ്ഞാനമില്ല. ആദിവാസികളിലൂടെ നിലനിന്നുപോന്ന കാട്ടറിവുകളിലൂടെയുമാണ്‌ ആയുർവ്വേദപാരമ്പര്യം നിലനിന്നുപോന്നത്. വനത്തിലെ ഔഷധസസ്യങ്ങളുടെ ദൗർലഭ്യവും തിരിച്ചറിയാനുള്ള കഴിവില്ലായ്മയും ആയുർവ്വേദം നേരിടുന്ന ഭീഷണിയാണ്‌. ആദിവാസിവികസനം ഇത്രയൊക്കെ തീവ്രമായി നടപ്പാക്കിയിട്ടും ആയുർവ്വേദരംഗത്ത് ആദിവാസികളുടെ സേവനം പ്രയോജനപ്പെടുത്താനോ നല്ലൊരു വനവിജ്ഞാനവും പ്രകൃതിസംരക്ഷണവും ഉൾപ്പെടുന്നവിധമുള്ള വിദ്യാഭ്യാസപദ്ധതി തയ്യാറാക്കാനോ കഴിഞ്ഞിട്ടില്ല.

സ്ത്രീശാക്തീകരണം ഒരു നല്ല ലക്ഷണമാണോ ? ആപേക്ഷികമായ മറുപടിയേ പറയാൻ കഴിയൂ. മനുഷ്യനല്ലാതെ മറ്റൊരു ജീവിക്കും തങ്ങളിലെ പെൺവർഗ്ഗത്തിന്റെ ഉന്നമനത്തിനായി ശാക്തീകരണപ്രവർത്തനങ്ങൾ നടത്തേണ്ടിവന്നിട്ടില്ല. സ്ത്രീശാക്തീകരണപ്രവർത്തനങ്ങൾ ആവശ്യമായിവരാൻ ഇടയാക്കിയ വ്യക്തിപരവും സാമൂഹികവുമായ അപചയങ്ങളെക്കുറിച്ച് പരിഷ്കൃതസമൂഹം ആലോചിക്കണം. നൂറ്റാണ്ടുകളായി മതതത്വങ്ങളെന്നപേരിലും പുരുഷമേധാവിത്വത്തിന്റെ കയ്യൂക്കിലും അനുവർത്തിച്ചുപോന്ന ശീലങ്ങൾ ആദിവാസിസമൂഹങ്ങളിലേക്കാൾ കൂടുതൽ ബാധിച്ചിരിക്കുന്നത് കേരളത്തിലെ പൊതുസമൂഹത്തിലല്ലേ ? എന്നിട്ടും ‘സമഗ്രവികസനത്തിന്റെ' സന്ദേശമെത്തിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും സ്ത്രീശാക്തീകരണത്തിനായുള്ള സംഘടനയായ കുടുംബശ്രീപോലുള്ള സംഘടനകളും ആദിവാസികൾക്കിടയിലേക്ക് കടന്നുചെല്ലുന്നതിൽ ഉൽകണ്ഠപ്പെടാതിരിക്കുന്നതെങ്ങനെ.... കഴിഞ്ഞ എൺപതോളം വർഷങ്ങളായി കേരളത്തിലെ പരിഷ്കൃതസമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക അപചയം കേരളത്തിലെ ആദിവാസികളെയും ഏറെ ബാധിച്ചുകഴിഞ്ഞു. ആദിവാസികളിലേക്ക് ഇന്നുനടത്തുന്ന ഇടപെടലുകൾ അവരെ കൂടുതൽ തെറ്റുകളിലേക്ക് വലിച്ചിഴയ്ക്കുമോ അതോ നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കുമോ എന്നത് അവിടേയ്ക്ക് കടന്നുചെല്ലുന്ന പരിഷ്കൃത മനുഷ്യരുടെ സഹജാവബോധത്തെ ആശ്രയിച്ചിരിക്കും. ആദിവാസികൾക്കിടയിലേക്ക് കടന്നുചെല്ലുന്നവർക്ക് 'വികസനത്വര' അല്ല അത്യാവശ്യം, നാടിന്റെയും കാടിന്റെയും മനുഷ്യരുടെയും സഹജമായ ജൈവാവസ്ഥയെക്കുറിച്ചുള്ള അവബോധമാണ്‌ അത്യാവശ്യം.

ഒരു രോഗം എന്നപോലെ പ്രസവവും മരുന്നിനെയും ഡോക്ടറെയും ആശുപത്രിയെയും ആശ്രയിക്കാതെ നടക്കില്ലാത്ത സ്ഥിതിൽ കൊണ്ടുചെന്നെത്തിച്ചതിനെ പ്രകൃതിചികിത്സകരെങ്കിലും നിരന്തരം കുറ്റപ്പെടുത്തുന്നുണ്ട്. താളംതെറ്റിയ ഭക്ഷണക്രമവും ജീവിതചര്യകളും കാരണമാകുന്നു. ഇപ്പോഴിതാ, ഗർഭിണിയായ പശുക്കൾക്ക് അഞ്ചുമാസത്തേക്കെങ്കിലും കാലിത്തീറ്റ റേഷനായി നൽകണമെന്ന് ക്ഷീരവികസനവകുപ്പ്. ശരിയായ ആഹാരമായ പുല്ലും വൈക്കോലും പശുവിനുനൽകുന്നത് കുറയാനിടയാക്കുമെന്ന വലിയ പോരായ്മ ഈ പദ്ധതിയ്ക്കുണ്ട് (അല്ലെങ്കിലും എളുപ്പം നോക്കി കാലിത്തീറ്റയിൽ അഭയം പ്രാപിച്ച കർഷകരെ കണ്ടില്ലെന്നു നടിച്ചാൽ). നമ്മുടെ സർക്കാർ ഇതേക്കുറിച്ചോക്കെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടോ ? അനാരോഗ്യകരമായ ഭക്ഷണക്രമവും ജീവിതരീതികളും സ്വീകരിച്ച് അനാരോഗ്യവും മരുന്നും ഒഴിയാബാധയായി കൊണ്ടുനടക്കുന്ന ശീലം ആദ്യം പരിഷ്കൃതമനുഷ്യരിലും പിന്നെ ആദിവാസികളിലും എത്തിനിൽക്കുന്നു. ഇനി നാൽക്കാലികളിലേക്കും....? പശുക്കൾക്ക് ആവശ്യമായ സ്വാഭാവികമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിനും ശുദ്ധമായ തീറ്റ ലഭ്യമാക്കുന്നതിനുമാണ്‌ ശരിയായ വിദ്യാഭ്യാസവും ഉത്തരവാദിത്വബോധവുമുള്ള ഒരു കർഷകൻ ശ്രമിക്കേണ്ടത്. സമീപകാലത്ത് ഗോസംരക്ഷണസംഘങ്ങൾ നാടൻ ഇനം പശുക്കളെ സംഘടിപ്പിച്ച് സംരക്ഷിച്ചുവളർത്തിത്തുടങ്ങിയിട്ടുണ്ട്. കാലിത്തീറ്റയോ വേവിച്ച ഭക്ഷണമോപോലും നൽകാതെ കൃത്രിമത്വങ്ങൾ ഒഴിവാക്കിയാണ്‌ അവയെ പരിപാലിക്കുന്നത്. അവയുടെ ക്ഷീരോൽപന്നങ്ങളും ഗവ്യങ്ങളും അത്രയേറെ ഗുണമേന്മയുള്ളതാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതായത്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യർ കാലിവളർത്തൽ പോലും ഇപ്പോൾ പഠിച്ചുവരുന്നതേയുള്ളൂ.

പരിഷ്കൃതസമൂഹം നേരിടുന്ന അപചയങ്ങളുടെ ചില ഉദാഹരണങ്ങളാണ്‌ കണ്ടത്. ഇത്രയോക്കെ പ്രശ്നനങ്ങൾ നിലനിൽക്കെ അവർ ആദിവാസിസമൂഹങ്ങളിലേക്ക് കടന്നുചെന്ന് അവരുടെ ജീവിതത്തിൽ കൈകടത്തിയാൽ എന്താകും ആദിവാസികളുടെയും സ്ഥിതി ? ആദിവാസികൾ/ആദിവാസിസംസ്കാരങ്ങൾ നേരിടുന്ന വെല്ലുവിളിയും അതാണ്‌.

Read also:
1. അട്ടപ്പാടിയിലെ അനാരോഗ്യ പരിപാലനം
2. ജനിക്കുന്ന കുഞ്ഞിനെ കൊല്ലുന്ന പാക്കേജുകൾ
3. അട്ടപ്പാടിയുടെ പുഴ മരണത്തിന്റെ വക്കില്‍