Monday, October 27, 2014

ദീപാവലിയും ആഹാരത്തിന്റെ സന്ദേശവും

ആഹാരം ദീപം ദീപാവലി

ദീപാവലി എന്നാൽ ദീപങ്ങളുടെ കൂട്ടം. നന്മയുടെ സംഗമം എന്നും അർത്ഥമുണ്ട്. ഓരോ മനുഷ്യരുടെയും പ്രതീകമാണ്‌ ഇവിടെ ദീപങ്ങൾ. അതിന്റെ ജ്വാല നല്ലതോ മോശപ്പെട്ടതോ ആക്കുന്നത് ഭക്ഷണമാണ്‌. അതെങ്ങനെയെന്ന് പരിശോധിക്കാം...

ദീപത്തിലെ എണ്ണയും തിരി നിർമ്മിച്ചിരിക്കുന്ന വസ്തുവുമാണ്‌ ദീപനാളത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്. ചുറ്റുപാടുമുള്ള വായുവും സ്വാധീനം ചെലുത്തുന്നുണ്ട്. മെഴുകുതിരി, മണ്ണെണ്ണവിളക്ക്, എള്ളെണ്ണയിൽ പരുത്തിത്തിരി ഉപയോഗിച്ച് കത്തിക്കുന്ന വിളക്ക് ഇവയെല്ലാം നമുക്കുതരുന്നത് ചൂടും പ്രകാശവുമാണെങ്കിലും അവയുടെ സ്വഭാവങ്ങൾ വ്യത്യസ്തമാണ്‌. ഗ്യാസ്, കർപ്പൂരം, വിറക് എന്നിവയെല്ലാം കത്തുമ്പോൾ വ്യത്യസ്ത സ്വഭാവങ്ങളാണ്‌ പ്രകടിപ്പിക്കുന്നത്. ജ്വാലയുടെ ഊർജ്ജനിലയിലും നിറാത്തിലും ഗന്ധത്തിലും അവ ചുറ്റുപാടും പ്രസരിപ്പിക്കുന്ന അനുഭൂതിയിലും വ്യത്യാസമുണ്ട്.

ബദരീനാഥക്ഷേത്രത്തിലെ ദീപത്തിൽ ഉപയോഗിക്കാനുള്ള എണ്ണയും തിരിയും തയ്യാറാക്കുന്നത് സവിശേഷമായ രീതിയിലാണ്‌. ഏറെ സൂക്ഷ്മതയോടെ മാസങ്ങൾ നീളുന്ന പ്രക്രിയയാണിത്. ഔഷധക്കൂട്ടുകൾ ചേർത്ത് തയ്യാറാക്കിയെടുക്കുന്ന എണ്ണ. പലഘട്ടങ്ങളിലായി ഓരോ ഔഷധക്കൂട്ടുകൾ ചേർത്തും വെയിലിൽ ഉണക്കിയുമാണ്‌ തിരിതയ്യാറാക്കുന്നത്. ഇതിന്റെയെല്ലാം ആകെത്തുകയായിരിക്കും ആ ദീപത്തിന്റെ നാളത്തിൽ നിന്നും പുറപ്പെടുന്നത്.

മനുഷ്യസ്വഭാവത്തിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ്‌. പഞ്ചേന്ദ്രിയങ്ങളിലൂടെ നാം നേടുന്ന വിവരങ്ങളും വിദ്യാഭ്യാസവും വ്യക്തിയുടെ രൂപീകരണത്തെ സ്വാധീനിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ. ബൗദ്ധികമായ തലത്തിലുള്ള തിരുത്തലുകളേക്കാൾ ഏറെ ഭേദവും പ്രായോഗികവുമാകുന്നത് ഭൗതികതലത്തിലുള്ള തിരുത്തലുകളാണ്‌. അതായത് ശാരീരികമായ തലത്തിൽ. ബൗദ്ധിക ഭക്ഷണത്തെക്കുറിച്ചല്ല, ഭൗതികഭക്ഷണത്തെക്കുറിച്ചാണ്‌ ആദ്യം ചിന്തിക്കേണ്ടത് എന്നുസാരം. വായു, ജലം, ആഹാരം, ഔഷധം എന്നിങ്ങനെയുള്ള രൂപത്തിലാണ്‌ ഭൗതികവസ്തുക്കൾ ഒരുവന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്; അതാണ്‌ ശരീരമായിത്തീരുന്നത്.

ശുദ്ധജലവും പഴവർഗ്ഗങ്ങളും പച്ചക്കറികളും -
ധാന്യങ്ങളും കിഴങ്ങുവർഗ്ഗങ്ങളും -
പാലും പാൽ ഉത്പന്നങ്ങളും -
മത്സ്യമാംസാദികൾ -
രാസവസ്തുക്കൾ ചേർന്നതോ തനതായ ഗുണങ്ങൾ നഷ്ടപ്പെടുത്തിയതോ പഴകിയതോ ആയവ -
മദ്യവും ലഹരിവസ്തുക്കളും -
....നാം ആഹരിക്കുന്ന വസ്തുക്കളാണ്‌ ഇവയോക്കെ. ഇവയുപയോഗിച്ചാണ്‌ നമ്മുടെ ശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ സ്വഭാവരൂപീകരണത്തെ മാത്രമല്ല, നമ്മുടെ ഭൗതികസാന്നിദ്ധ്യം സമീപത്തുള്ള മറ്റുമനുഷ്യരിലും ജീവജാലങ്ങളിലും സസ്യങ്ങളിലും എപ്രകാരം സ്വാധീനിക്കുന്നുവെന്നതുപോലും* നാം ആഹരിച്ച വസ്തുക്കളെ ആശ്രയിച്ചാണ്‌. എന്തുഭക്ഷിക്കണമെന്ന് ഇനി തീരുമാനിക്കൂ...
-------------
* കൂടുതൽ പഠനങ്ങൾ ആവശ്യമായ ചില ഉദാഹരണങ്ങൾ:-
 • മുറ്റത്ത് പച്ചക്കറികൾ നട്ടാൽ വളരില്ല. എന്നാൽ ആൾതാമസമില്ലാത്ത വീടുകളുടെ മുറ്റത്ത് നന്നായി വളരുകയും ഫലങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
 • മാംസഭക്ഷണവും ലഹരിവസ്തുക്കളും ഉപയോഗിക്കാത്തവർക്ക് ജന്തുക്കളിൽനിന്നും ക്ഷുദ്രജീവികളിൽനിന്നും ആക്രമണങ്ങൾ ഏൽക്കുന്നത് താരതമ്യേന കുറവാണ്‌.
 • പശുക്കൾ, കുതിര, ആന തുടങ്ങിയ ജീവികളും പക്ഷികളും മനുഷ്യരുമായി ഇടപെടുന്ന വിധം, കാർഷികമേഖലയിലെ വിജയം, ഭയരഹിതവും അപകടരഹിതവുമായ ചുറ്റുപാട്, ഇവയോക്കെ മനുഷ്യൻ ഭക്ഷിക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കണ്ടെത്തൽ.
 • മാധ്യമങ്ങളിലെ ഹീനമായ വാർത്തകളോട് ആവേശമുള്ളവർ ലഹരിവസ്തുക്കളും വർദ്ധിച്ചയളവിൽ മാംസഭക്ഷണവും അകത്താക്കുന്നവരായിരിക്കും. ഒരുവന്റെ ബൗദ്ധികവും ഭൗതികവുമായ ഭക്ഷണങ്ങൾ ഒരേതലത്തിൽ ആയിരിക്കും. ആ നിലവാരത്തിലുള്ള കൃത്യങ്ങളും പെരുമാറ്റങ്ങളുമായിരിക്കും അവനിൽ നിന്നും പുറത്തുവരിക.
~~~ ! ~~~

6 comments:

 1. വിഷയം ഗൗരവമുള്ളതാണ്... പക്ഷെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയായല്ലോ... ഫീലിംഗ് ചിന്താവിഷ്ടന്‍.

  ReplyDelete
  Replies
  1. അപ്പോൾ പ്രത്യാശയ്ക്ക് വകയുണ്ട് :)
   വരവിനും വായനയ്ക്കും വളരെ നന്ദി...

   Delete
 2. പെട്ടെന്ന് പ്രായോഗികമായ ജീവിതത്തെക്കുറിച്ചു മാത്രം ചിന്തിക്കുമ്പോള്‍ താല്‍ക്കാലികമായ ആശ്വാസം മാത്രമാണ് പ്രതീക്ഷകള്‍.
  പഠനവിധേയമാക്കേണ്ട വിഷയം തന്നെ.

  ReplyDelete
  Replies
  1. വളരെ നന്ദി... ഈ വായനയ്ക്കും അഭിപ്രായത്തിനും.

   Delete
 3. ദീപാവലി എന്നാല്‍ ദീപങ്ങളുടെ കൂട്ടം, എന്ന് മാത്രമാ ചിന്തിച്ചിരുന്നത്, കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം..നന്ദി ഹരി...

  ReplyDelete
 4. ഒരുവന്റെ ബൗദ്ധികവും ഭൗതികവുമായ ഭക്ഷണങ്ങൾ
  ഒരേതലത്തിൽ ആയിരിക്കും. ആ നിലവാരത്തിലുള്ള കൃത്യങ്ങളും
  പെരുമാറ്റങ്ങളുമായിരിക്കും അവനിൽ നിന്നും പുറത്തുവരിക.‘
  ഈ ദീപാവലിയും ആഹാരത്തിന്റെ സന്ദേശവും
  വിജ്ഞാനപ്രദമായ ലേഖനം...!

  ReplyDelete