Sunday, October 19, 2014

മതേതരത്വവും മതമില്ലാത്ത ജീവിതവും

secularism in kerala മതേതരത്വം

മതമില്ലാത്ത ഒരു ജീവിതം സാദ്ധ്യമാണോ ? ആണെന്നു പറയാം. മതം എന്ന പേരില്ലാത്തതും എന്നാൽ മതത്തിനുള്ളതുപോലെ തത്വശാസ്ത്രങ്ങളും സംഘടനാബോധവുമുള്ള വിഭാഗങ്ങളും ഫലത്തിൽ മതമെന്നപോലെ വർത്തിക്കുന്നു. മതമില്ലാതെ ജീവിക്കാൻ ആവശ്യമായ സഹായങ്ങളും സാഹചര്യങ്ങളും ഒരുക്കാനായാൽ വർഗ്ഗ/വർഗ്ഗീയ ചേരിതിരിവുകളില്ലാതെ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കും. കക്ഷിരാഷ്ട്രീയത്തിന്റെ വേലിക്കെട്ടുകളെ തകർത്ത് രാഷ്ട്രീയമൂല്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് സമഗ്രമായ ദേശീയതയിലേക്ക് വളരുന്നതാകണം രാഷ്ട്രീയം. ഇന്ത്യൻ മതേതരത്വവും അതുപോലെയാണ്‌. മതത്തിന്റെ പേരിലുള്ളതും അല്ലാത്തതുമായ അനേകം മാനവസംസ്കാരങ്ങളിൽ നിന്നും അവയുടെ അന്തസത്തയെ ഉൾക്കൊണ്ടുകൊണ്ട് മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ ജീവിക്കാനാകുന്ന ജനങ്ങളായിത്തീരണം. അതിനു പ്രാപ്തരാക്കുന്നവിധമാണ്‌ ഭരണഘടന രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വിവിധ മതങ്ങളെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളുന്നതാണ്‌ ഇന്ത്യൻ ദേശീയത. ഹിംസാത്മകമല്ലാത്ത ഏത് ആചാരവിശ്വാസങ്ങളെയും ഉൾക്കൊള്ളുകയും സ്വാംശീകരിക്കുകയും ചെയ്ത് ലോകനന്മയ്ക്കായി നിലനിർത്തുക എന്നതാണ്‌ അതിന്റെ അടിസ്ഥാന പ്രമാണം. നാസ്തികചിന്താധാരകളും ഭൗതികവാദവുമടക്കമുള്ള അനേകം തത്വസംഹിതകൾ അതിൽപ്പെടുന്നു. എല്ലാമതങ്ങളും ആന്തരികമായി ഒന്നുതന്നെ. സ്നേഹം, സമാധാനം, സന്തോഷം, സ്വാതന്ത്ര്യം എന്നിവ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നു. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളും പ്രകൃതിയിലെ വ്യത്യാസങ്ങളും മനുഷ്യവർഗ്ഗങ്ങളുടെ വ്യത്യാസങ്ങളും നിമിത്തം മതങ്ങൾക്ക് വ്യത്യസ്ത മുഖങ്ങളായി. അതുകൊണ്ടുതന്നെ മതങ്ങളുടെ അതിർവരമ്പുകൾ തമ്മിൽ കൃത്യമായ വേർതിരിവുകളില്ലാത്തതായ സന്ദർഭങ്ങളും കാണാം. വ്യക്തിപരമായ തലത്തിലേക്ക് കടന്നാൽ വിവിധ മതാനുഷ്ഠാനങ്ങൾ ഇടകലർന്നിരിക്കുന്നതായും കാണാം. മതം എന്നത് ഔദ്യോഗികമായി കൈകാര്യം ചെയ്യാനാവുന്ന ഒന്നല്ല എന്നാണ്‌ ഇതിൽ നിന്നെല്ലാം മനസ്സിലാക്കാൻ കഴിയുന്നത്.

മതങ്ങൾ വ്യക്തികളുമായും സമൂഹവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈയൊരു സാഹചര്യത്തിൽ മതത്തെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി കൈകാര്യം ചെയ്യാൻ ശ്രമിക്കാൻ ഇടയാക്കുന്നു. ഇത് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മൂല്യച്യുതിക്ക് കാരണമാകുന്നു. മതം രാഷ്ട്രീയ വിമുക്തവും രാഷ്ട്രീയം മതവിമുക്തവും ആകണം. രാഷ്ടീയവും മതവും കൂടിക്കലരാതിരിക്കാൻ ഒരുപരിധി വരെ സഹായിക്കുന്നതാണ്‌ “മതമില്ലാതെ ജീവിക്കാൻ പൗരന്‌ അവകാശമുണ്ട്” എന്ന മുംബൈ ഹൈക്കോടതി വിധി. 2014 സെപ്റ്റംബർ 24ന്‌ പുറപ്പെടുവിച്ച വിധിയനുസരിച്ച്, മതത്തിന്റെ പരിധിയില്പ്പെടാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ ഔദ്യോഗിക രേഖകളിൽ നിർബന്ധിച്ച് മതം ചേർപ്പിക്കാൻ സർക്കാരിന്‌ അധികാരമില്ല. മതേതര രാജ്യമായ ഇന്ത്യയിൽ ഏതെങ്കിലും മതാചാരങ്ങൾ പിൻതുടരണമെന്ന് യാതൊരു നിർബന്ധവുമില്ല. പക്ഷെ, സർക്കാർ രേകകളിലെ ‘മതം’ എന്ന കോളം പൂരിപ്പിക്കാതിരിക്കാനാവുമായിരുന്നില്ല. രാജ്യത്തിന്റെ നീതി-നിയമവ്യവസ്ഥകൾക്ക് യോജിക്കുന്നതാണ്‌ മുംബൈ ഹൈക്കൊടതി പുറപ്പെടുവിച്ച ഈ വിധി.

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ഇവമൂന്നും ചേർന്നാൽ മതേതരത്വമായി. ഒന്നുമില്ലെങ്കിലും മതേതരത്വം. മതേതരത്വത്തെക്കുറിച്ച് നമുക്കുള്ള കാഴ്ചപ്പാടുകൾ ഇതിലൊതുങ്ങുന്നു; പ്രത്യേകിച്ചും കേരളീയരുടെ (religious secularism in kerala). എന്നാൽ യഥാർത്ഥ മതേതരത്വത്തിൽ താൽപര്യമുള്ള വ്യക്തിക്ക് ഇതിൽ ഒതുങ്ങാനാവില്ല. വിവിധങ്ങളായ ലോകസംസ്കാരങ്ങൾ, മതം എന്നപേരിൽ ഉൾപ്പെടുത്തിയിരിക്കുന്ന വസ്തുതകൾ, ചരിത്രപരമായ നിരീക്ഷണങ്ങളും കാലക്രമത്തിലൂടെ അവയ്ക്ക് സംഭവിച്ച പരിണാമങ്ങളും.... മതേതരത്വത്തിൽ വിശ്വസിക്കുന്നവർക്ക് ഇതിലൂടെയെല്ലാം കടന്നുചെല്ലേണ്ടതായുണ്ട്.

ചില ഉദാഹരണങ്ങൾ പരിശോധിക്കാം: പൊതുവെ ഹൈന്ദവ ക്ഷേത്രങ്ങളിൽ സാത്വികമായ അനുഷ്ഠാനങ്ങളും ചര്യകളുമാണ്‌ തുടർന്നുപോരുന്നത്. മദ്യവും മത്സ്യമാംസാദികളും നേദിക്കുന്ന ഹൈന്ദവ ക്ഷേത്രങ്ങളുമുണ്ട്. ഹിന്ദു എന്നതിന്റെ നിർവ്വചനമനുസരിച്ച് ഇതും ഹൈന്ദവതയുടെ ഭാഗമായി കരുതാനാവും. വിഗ്രഹാരാധനയും നാസ്തികചിന്താഗതിയും ഹൈന്ദവതയുടെ പരിധിയിൽ പെടും. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മതമാണ്‌ ക്രിസ്തുമതമെന്നും ക്രിസ്തുദേവൻ പിറന്നത് കാലിത്തൊഴുത്തിലാണെന്നും അതുകൊണ്ട് മത്സ്യമാംസാദികളും ഹിംസാത്മകമായ രീതികളും വെടിഞ്ഞ് ജീവിക്കുന്നവരാണ്‌ ക്രിസ്ത്യാനികൾ എന്നുവിശ്വസിച്ച് അങ്ങനെ ജീവിക്കുന്നവർ ക്രിസ്തുമതത്തിലും ഉണ്ട്. അപ്പോൾ “അഹിന്ദുക്കൾക്ക് പ്രവേശനമില്ല” എന്നുപറഞ്ഞാൽ എന്താണ്‌ അർത്ഥമാക്കുന്നത് ? മതം എന്ന ലേബലിൽ കാര്യങ്ങൾ ഒതുക്കുന്നതിലെ പോരായ്മയെക്കുറിച്ചാണ്‌ പറഞ്ഞത്. “പശുവിൻ പാൽ ഒരു ജന്തുജന്യ ഉൽപ്പന്നമാണ്‌. അതുകൊണ്ട് പശുവിൻപാൽ ഒരു സസ്യാഹാരമല്ല. അത് കഴിക്കുന്നവരെ സസ്യാഹാരി എന്ന് വിളിക്കാനാവില്ല. അതുകൊണ്ട് പാൽ കുടിക്കാമെങ്കിൽ മാംസം ഭക്ഷിക്കുന്നതിലും തെറ്റില്ല.” എന്ന് വാദിക്കുന്നതുപോലെയാണ്‌ മതത്തെക്കുറിച്ചുള്ള കാര്യങ്ങളുടെയും സ്ഥിതി.ഏത് പേരിൽ അറിയപ്പെടുന്നു എന്നല്ല, ഉള്ളടക്കം എങ്ങനെ എന്നുവേണം ആലോചിക്കേണ്ടത്. ഭക്ഷണകാര്യത്തിലാണെങ്കിൽ [സസ്യാഹാരം മാത്രം, സസ്യാഹാരം + ശരീരഭാഗങ്ങളല്ലാത്ത ജന്തുജന്യ ഉൽപന്നങ്ങൾ, സസ്യാഹാരം + ശരീരമുൾപ്പെടെയുള്ള ജന്തുജന്യ ഉൽപ്പന്നങ്ങൾ] ഇങ്ങനെ മൂന്നായെങ്കിലും തരംതിരിക്കേണ്ടിവരുന്നു.

ഒരു പേരിട്ട് കോളത്തിൽ ഒതുക്കുമ്പോൾ വികലമായിപ്പോകുന്നതാണ്‌ മതം. ദുഷിപ്പുകളും വളച്ചൊടിക്കലുകളും കടന്നു കൂടുന്നു. മനുഷ്യന്റെ മനസ്സ് മാറുന്നു; എന്നാലോ കോളം തിരുത്തപ്പെടുന്നേയില്ല. പരമ്പരാഗതായി തുടരുന്നു. "Probably there is God, now Stop worrying and Enjoy the Life" എന്നു പറയിക്കാനിടയാക്കുന്നവിധം മതങ്ങളിൽ കടന്നുകൂടിയിരിക്കുന്ന അനാവശ്യ ചിട്ടവട്ടങ്ങളെയെല്ലാം ദൂരെയെറിയുക. സ്നേഹം, സമാധാനം, സന്തോഷം, സ്വാതന്ത്ര്യം - ഇവ ഏവരും ആഗ്രഹിക്കുന്നു. നമ്മുടെ മതേതരകാഴ്ചപ്പാടുകൾ അതുസാധ്യമാക്കിത്തരട്ടെ...
~ ~ ~ ! ~ ~ ~

7 comments:

 1. so we all are man-eaters? What a non-sense!

  ReplyDelete
  Replies
  1. ശരീരം എന്നുപറഞ്ഞപ്പോൾ മനുഷ്യശരീരം എന്നുവിചാരിച്ചോ ? ജന്തുശരീരം എന്നാണ്‌ ഉദ്ദേശിച്ചത്.

   സംശയം ചോദിച്ചത് നന്നായി....

   Delete
 2. "വിവിധ മതങ്ങളെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളുന്നതാണ്‌ ഇന്ത്യൻ ദേശീയത. ഹിംസാത്മകമല്ലാത്ത ഏത് ആചാരവിശ്വാസങ്ങളെയും ഉൾക്കൊള്ളുകയും സ്വാംശീകരിക്കുകയും ചെയ്ത് ലോകനന്മയ്ക്കായി നിലനിർത്തുക എന്നതാണ്‌ അതിന്റെ അടിസ്ഥാന പ്രമാണം."
  വളരെ പ്രസക്തമായ നിരീക്ഷണം. ഭാരതീയതയുടെ സഹിഷ്ണുത എന്ന വിശിഷ്ടഗുണം തന്നെയാണ് ലോകസംസ്കാരങ്ങളുടെ കൂട്ടത്തിൽ അതിന്റെ തലപ്പൊക്കത്തിന്റെ നിദാനം. അതിൽനിന്ന് വ്യതിചലിക്കാനുള്ള പ്രവണതകളാണ് ആശങ്കാജനകമാം വിധം സംഘർഷങ്ങൾക്ക് നിമിത്തമായിത്തീരുന്നത്. വിവേകശലികളെ വേവലാതിപ്പെടുത്തുന്ന സ്ഥിതിവിശേഷം മറികടക്കാൻ കക്ഷി-രാഷ്ട്രീയ-മത-ജാതി-ലിംഗ-വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ മനുഷ്യസ്നേഹികൾ അണിചേരേണ്ട അവസ്ഥ വന്നുചേർന്നിരിക്കുന്നു. ഈ അന്തരീക്ഷത്തിൽ ഏറെ പ്രസക്തമായ ചിന്തകളാണ് ഈ പോസ്റ്റിന്റെ പ്രതിപാദ്യം എന്നത് സന്തോഷകരമാണ്.

  ReplyDelete
  Replies
  1. ആശയപരമായി ഉൾക്കൊള്ളാൻ കഴിഞ്ഞതിൽ സന്തോഷം...
   വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി...

   Delete
 3. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ഇവമൂന്നും ചേർന്നാൽ മതേതരത്വമായി. ഒന്നുമില്ലെങ്കിലും മതേതരത്വം. മതേതരത്വത്തെക്കുറിച്ച് നമുക്കുള്ള കാഴ്ചപ്പാടുകൾ ഇതിലൊതുങ്ങുന്നു; പ്രത്യേകിച്ചും കേരളീയരുടെ (religious secularism in kerala). എന്നാൽ യഥാർത്ഥ മതേതരത്വത്തിൽ താൽപര്യമുള്ള വ്യക്തിക്ക് ഇതിൽ ഒതുങ്ങാനാവില്ല. വിവിധങ്ങളായ ലോകസംസ്കാരങ്ങൾ, മതം എന്നപേരിൽ ഉൾപ്പെടുത്തിയിരിക്കുന്ന വസ്തുതകൾ, ചരിത്രപരമായ നിരീക്ഷണങ്ങളും കാലക്രമത്തിലൂടെ അവയ്ക്ക് സംഭവിച്ച പരിണാമങ്ങളും.... മതേതരത്വത്തിൽ വിശ്വസിക്കുന്നവർക്ക് ഇതിലൂടെയെല്ലാം കടന്നുചെല്ലേണ്ടതായുണ്ട്.

  ReplyDelete
 4. മതേതരത്വവും മതമില്ലാത്ത ജീവിതവും .... gud one

  ReplyDelete
 5. മനുഷ്യന് വേണ്ടി ഉള്ളതാകണം മതങ്ങള്‍. അല്ലാതെ മനുഷ്യന്‍ മതങ്ങള്‍ക്ക് വേണ്ടി ഉള്ളതല്ല

  ReplyDelete