Monday, September 29, 2014

ഋഷീശ്വരന്മാരുടെ ദിവ്യദർശനം - ശ്രീ എം

Sri M upanishad malayalam ശ്രീ എം

ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത് എന്നിവയെ ആധാരമാക്കി ശ്രീ എം നടത്തിയ പ്രഭാഷണങ്ങളുടെ പുസ്തകരൂപം. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നും നൽകിയ വ്യാഖ്യാനം. പരമമായ സത്യം ബഹുമുഖമായ വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നു. എല്ലാം സാർവ്വലൗകികമായ സത്യത്തിന്റെ വിവിധരൂപങ്ങൾ. സാധനയും ജ്ഞാനവും ഭക്തിയും ഒന്നുചേരുന്നു... ബുദ്ധിക്ക് ഗ്രഹിക്കാനാവാത്തതും വാക്കുകളിൽ വായിക്കാനാവാത്തതുമായതിനെ സാക്ഷാത്കരിക്കാനേ കഴിയൂ....

Wisdom of the Rishis എന്ന കൃതിയുടെ മലയാളപരിഭാഷ. ശ്രീ എം എന്നപേരിൽ പ്രസിദ്ധനായിത്തീർന്ന ശ്രീ മുംതാസ് അലി ആണ്‌ ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ശ്രീ എം - നെക്കുറിച്ച് നല്ല ഒരു പരിചയപ്പെടുത്തൽ ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തായി ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഗുരുസമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ’ എന്ന കൃതി അദ്ദേഹത്തിന്റെ ആത്മകഥയാണ്‌.
--------------
Book Name:
ഋഷീശ്വരന്മാരുടെ ദിവ്യദർശനം
മൂന്ന് ഉപനിഷത്തുകൾ: ഈശാവാസ്യം, കേനം, മാണ്ഡൂക്യം
Risheeswaranmarude Divya Darsanam
Moonnu Upanishathukal: Ishavasyam, Kenam, Mandukyam

Original English Title:
Wisdom of the Rishis-The Three Upanishads Ishavasya, Kena, Mandukya
Author: ശ്രീ എം Sri M

Publishers: D C Books, Kottayam
First Published: December 2012
Second Impression: November 2013
ISBN 978-81-264-3953-9
Pages: 160 Price: Rs.120/-

Thursday, September 04, 2014

മദ്യ വിമുക്ത കേരളം നമ്മുടെ ലക്ഷ്യം

liquor kerala anti social
വൈകിട്ടെന്താ പരിപാടി ?
മദ്യവർജ്ജനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതാണ്‌ മദ്യനിരോധനം ആവശ്യമായിവരാൻ കാരണം.
മദ്യവർജ്ജനം വിജയിക്കണമെങ്കിൽ:
1. മദ്യപാനം അനാവശ്യവും ദോഷകരവുമായ കാര്യമാണെന്ന അറിവ് ഉണ്ടാവണം.
2. മദ്യപാനം അഭിമാനത്തിന്റെയും സത്കാരത്തിന്റെയും ഭാഗമല്ലാതായി മാറണം.
3. ഊള്ളിലെ ആസക്തിയാണ്‌ ലഹരിവസ്തു എന്ന ബാഹ്യവസ്തുവിലേക്ക് അടുപ്പിക്കുന്നതെന്ന തിരിച്ചറിവ് ഉണ്ടാവണം. മദ്യം ഇല്ലാത്തതുകൊണ്ടുമാത്രം മദ്യപാനിയല്ലാതാവുന്നത് പൂർണ്ണ സുരക്ഷ നൽകുന്നില്ല എന്നർത്ഥം.
4. ലഹരിപിടിച്ച മണിക്കൂറുകൾ കഴിഞ്ഞാലും ലഹരിവസ്തുവിന്റെ ദോഷഫലങ്ങൾ ശരീരത്തിലും നാഡീവ്യൂഹത്തിലും ബാധിച്ചിരിക്കും. ആവശ്യമായ ഔഷധങ്ങളും മാനസികപിരിമുറുക്കത്തിനുള്ള പരിഹാരവും ചിട്ടയായ ജീവിതത്തിനുള്ള സാഹചര്യവും ഒത്തുവന്നാലേ ലഹരിയുടെ അടിമത്വത്തിൽ നിന്നും മോചനം സാദ്ധ്യമാകൂ.

ഈ നാലുഘടകങ്ങൾ ഒരുമിച്ചു സംഭവിക്കാത്തതാണ്‌ മദ്യവർജ്ജനമായാലും മദ്യനിരോധനമായാലും പരാജയപ്പെടാൻ കാരണം.

ബാറുകളും ബീവറെജസ് ഔട്ട്ലറ്റുകളും അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഈ അവസരത്തിൽ പോലും മദ്യം കുപ്പിയിൽ വിൽക്കുന്നതിന്‌ നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാത്തത് ഒരു ന്യൂനതയാണ്‌. മദ്യനിരോധനം നടപ്പാക്കണമെന്ന ആവശ്യം ഉയരുമ്പോഴും അത് എത്രത്തോളം പ്രായോഗികമാണെന്നതിനെക്കുറിച്ച് പലരും ആശങ്കപ്പെടുന്നു. മദ്യം ബാറിനു പുറത്തേയ്ക്ക് കൊണ്ടുപോകുന്നതിനും കൈവശം സൂക്ഷിക്കുന്നതിനും നിരോധനം ഏർപ്പെടുത്തണം. മദ്യം അത്യാവശ്യമുള്ളവർക്ക് ബാറിൽ ചെന്ന് കുടിച്ചിട്ട് പോരാനേകഴിയൂ എന്ന സ്ഥിതിയിലേക്ക് മാറണം. മദ്യം ഒരു അവശ്യവസ്തുവല്ലായെന്ന് മനസ്സിലാക്കുന്നതിനും അതിന്‌ എത്രത്തോളം അടിമപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുന്നതിനും ഈ നിയന്ത്രണത്തിനു കഴിയും. ഒരുപക്ഷെ പെട്ടെന്നുള്ള സമ്പൂർണ്ണ നിരോധനത്തെക്കാൾ ഫലപ്രദമായിരിക്കും ഇത്. അതിനുവേണ്ടി പുതിയ ബാറുകൾ അനുവദിച്ച് ദാഹജലം പോലെ ഇടയ്ക്കിടയ്ക്ക് കിട്ടാനുള്ള സംവിധാനമൊരുക്കുകയൊന്നും ചെയ്യരുത്. മദ്യത്തിന്‌ അടിമപ്പെട്ടുപോയവർക്ക് പെട്ടെന്ന് അത് ലഭിക്കാതായാൽ ശാരീരികമായി പ്രയാസങ്ങളുണ്ടാവാനിടയുണ്ട്. ചികിത്സയുടെ ആദ്യഘട്ടങ്ങളിൽ മദ്യവും ആവശ്യമായി വന്നേക്കുമോ ? അങ്ങനെയെങ്കിൽ അത്തരക്കാർക്കുള്ള മദ്യം ആശുപത്രിയിൽ നിന്നും നൽകണം; അപ്പോൾ കഴിക്കാൻ പാകത്തിൽ. മെഡിക്കൽ ഷൊപ്പുകൾ വഴി ലഭ്യമാക്കാൻ ശ്രമിക്കരുത്.

“കഞ്ചാവും മയക്കുമരുന്നും വിൽക്കുന്നത് നിയമവിരുദ്ധമാണ്‌. എന്നാൽ മദ്യം കുടിച്ചാൽ കുഴപ്പമില്ലാത്തതുകൊണ്ടല്ലേ അതിന്റെ വിൽപ്പന അനുവദിച്ചിരിക്കുന്നത് ? സർക്കാർ പോലും മദ്യം വിൽക്കുന്നുണ്ടല്ലോ ? മിലിറ്ററി കാന്റീനിൽ മദ്യം വിതരണം ചെയ്യുന്നുണ്ടല്ലോ ?”  - മദ്യപരുടെ ന്യായവാദങ്ങളാണിത്. മനുഷ്യനായാൽ കുറച്ചെങ്കിലും കുടിക്കേണ്ടതായ ഒരു പാനീയമാണ്‌ മദ്യം എന്ന ധാരണ തിരുത്താൻ മദ്യ നിരോധനത്തിനേ കഴിയൂ. മദ്യം ശീലമാക്കിയവർ തൊഴിലിടങ്ങളിലും ബസ്സിലും ട്രയിനിലും സ്വൈരമായി വിഹരിക്കുന്നു. മദ്യപിച്ചശേഷം ട്രയിനിൽ യാത്രചെയ്യുന്നതിന്‌ വിലക്കേർപ്പെടുത്താൻ നടത്തിയ നീക്കം വ്യാപകമായ എതിർപ്പിനു കാരണമായിരുന്നു. മദ്യപരുടെ ഭൂരിപക്ഷ ഐക്യം. മദ്യവർജ്ജനത്തിന്റെ സന്ദേശമൊന്നും ഇവിടെ വിലപ്പോവില്ല. മദ്യവർജ്ജനം മതി, അത്ര അത്യാവശ്യമുള്ളവർ അൽപം മദ്യപിക്കട്ടെ എന്നുവച്ചാൽ അപ്പോൾ മദ്യപിച്ച് ട്രയിനിൽ വരെ കയറിയേതീരൂ. മദ്യനിരോധനം അത്യാവശ്യമായി വരുന്നു.

മതാചാരത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വീഞ്ഞിനെ ഈ വിഷയവുമായി ബന്ധപ്പെടുത്തേണ്ടതില്ല. എന്നാൽ വിവാഹവും മറ്റ് ആഘോഷങ്ങളുമായും ബന്ധപ്പെട്ട് നടക്കുന്ന മദ്യസത്കാരം ഒഴിവാക്കേണ്ടതാണ്‌. വിവാഹമായാലും ഓണമായാലും വിഷുവായാലും ക്രിസ്മസ് ആയാലും സങ്കടമായാലും സന്തോഷമായാലും മദ്യം കൂടിയേതീരൂ എന്ന സ്ഥിതി ഒട്ടും നല്ലതല്ല. മദ്യം തീരെ ഉപയോഗിക്കാത്തവർക്കുപോലും വിവാഹവുമായി ബന്ധപ്പെട്ട് സന്തം വീട്ടിൽ മദ്യസൽക്കാരം നടത്താൻ നിർബന്ധിതരായിത്തീരുന്ന സ്ഥിതി വടക്കൻ കേരളത്തിലുണ്ട്. മദ്യംകൊണ്ടുള്ള ഇത്തരം ആഘോഷങ്ങൾ നിയന്ത്രിക്കാൻ മദ്യനിരോധനം ആവശ്യമായിവരുന്നു.

സോമരസത്തിന്റെ ഐതിഹ്യവും വീഞ്ഞിന്റെ പാരമ്പര്യവും അരിഷ്ടത്തിലെ ആൽക്കഹോളിന്റെ കണക്കും നിരത്തുന്നത് മദ്യപാനത്തിനുള്ള സാധുതയായി കരുതാനാവില്ല. ഇന്ത്യ ഒരു ബഹുസ്വരസമൂഹമാണ്‌. ‘മദ്യം നമ്മുടെ സംസ്കാരമേയല്ല’ എന്ന് എല്ലാവർക്കും പറയാനാവില്ലായിരിക്കും. പക്ഷെ അങ്ങനെയെങ്കിൽ അതാതു വിഭാഗങ്ങളിലെ സ്ത്രീപുരുഷന്മാരുടെയിടയിൽ സന്തുലിതമായിരിക്കും അതിന്റെ ഉപയോഗം. മദ്യമായാലും മാംസഭക്ഷണമായാലും അങ്ങനെയാണ്‌. എന്നാൽ ഈരീതിയിലുള്ള മദ്യപാനം ഇന്ത്യയിൽ കാണപ്പെടുന്നത് ചില ഗോത്രവർഗ്ഗക്കാരിലും പ്രത്യേകം ജനവിഭാഗങ്ങളിലും മാത്രമാണ്‌. അതുകൊണ്ട്, നമ്മുടെ നാട്ടിൽ ഇന്നുകാണപ്പെടുന്ന പൊതുവായ മദ്യപാനശീലം തനതായ ഒരു സംസ്കാരത്തിന്റെയും ഭാഗമല്ലായെന്ന നിഗമനത്തിലാണ്‌ എത്താൻ കഴിയുന്നത്.

ടൂറിസം എന്ന നിലയിലായിരുന്നാലും, ഒരു പ്രധാന വ്യവസായസംരംഭം എന്നനിലയിലായിരുന്നാലും മദ്യത്തിൽ നിന്നുള്ള വരുമാനവും സ്വൈര്യമായ ജീവിതവും ഒരുമിച്ച് സാധിക്കില്ല. ബീച്ചുകളിലും ടൂറിസ്റ്റ് സ്പോട്ടുകളിലും പേടിപ്പെടുത്തുന്ന രീതിയിൽ ചുറ്റിത്തിരിഞ്ഞുനടക്കുന്ന ചെറുസംഘങ്ങൾ മദ്യവുമായോ മറ്റുലഹരിവസ്തുക്കളുമായോ ബന്ധമുള്ളവരാണ്‌. ടൂറിസ്റ്റുകൾക്കുവേണ്ടി ചെയ്യുന്ന വിട്ടുവീഴ്ചകൾ അവർക്കുതന്നെ ദോഷകരമായിത്തീരുകയും ടൂറിസത്തെത്തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു, നാട്ടുകാരുടെ ജീവിതത്തെയും. മദ്യം കുടിക്കാൻ ആളുകളുള്ളതുകൊണ്ടാണ്‌ മദ്യവ്യവസായം സാദ്ധ്യമാകുന്നത്. മദ്യം വാങ്ങാൻ ആളുള്ളത്രയും കാലം മദ്യം വിൽക്കുകയും ചെയ്യാം എന്നും വാദിക്കാം. നിയമവിധേയവും എന്നാൽ അധാർമ്മികവുമായ ഒരു തൊഴിലാണ്‌ മദ്യവ്യവസായം.... ഡോക്ടർമാരുടെ സേവനം അത്യാവശ്യമാണ്‌. എന്നാൽ ഈ നാട്ടിൽ എന്നും രോഗികൾ ഉണ്ടായിരിക്കേണമേ എന്ന് പ്രാർത്തിക്കുക്കുന്ന ഡോക്ടറെപ്പോലെയാകരുത് മദ്യവവസായികൾ.

എന്തുഭക്ഷിച്ചാലും അത് ശരീരത്തെയും മനസ്സിനെയും സ്വാധീനിക്കുന്നുണ്ട്. മദ്യവും അങ്ങനെയാണ്‌. അതുകൊണ്ടാണ്‌ മദ്യപിക്കുന്നവരും അല്ലാത്തവരും തമ്മിൽ ഒരു അന്തരം നിലനിൽക്കുന്നത്. സ്വഭാവത്തിലും പെരുമാറ്റത്തിലും ഇത് വേറിട്ടുവരുന്നു. എല്ലാവർക്കും എല്ലാവരുമായും ഇടപഴകേണ്ടിവരികയും പൊതുഇടങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇത് അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു. മദ്യവും ലഹരിയും ഉപയോഗിക്കുന്നവരുടെ അലങ്കോല സാന്നിദ്ധ്യവും മുരടൻ സമീപനങ്ങളും ഒഴിവാക്കേണ്ടതുണ്ട്. അതുകൊണ്ട് നിയമപ്രകാരം മദ്യം നിരോധിക്കുകയും അതോടൊപ്പം ഓരോരുത്തരെയും മദ്യവർജ്ജനത്തിനു പ്രേരിപ്പിക്കുന്നതിനുള്ള പരിപാടികൾ സർക്കാരും സന്നദ്ധസംഘടനകളും ഏറ്റെടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്‌. മദ്യവും ലഹരിവസ്തുക്കളും ബ്രയിൻകെമിസ്ട്രിയെ എപ്രകാരം ബാധിക്കുന്നുവെന്നതിനെക്കുറിച്ച് പഠനങ്ങൾ നടക്കണം.
"Suppressed minds can never make or maintain a harmonious society." Just remember that !!!

### Say No Alcohol ###