Wednesday, July 30, 2014

കോർപ്പറേറ്റ് സ്പിരിച്വാലിറ്റി

city life

കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റി (corporate spirituality) ഇന്ന് ഏറെ പ്രചാരത്തിലായിരിക്കുന്നു. പരമ്പരാഗതമായ ചട്ടക്കൂടുകളിൽ നിന്നും അന്ധമായ അനുഷ്ഠാനങ്ങളിൽ നിന്നും മുക്തമാകാനുള്ള ശ്രമവും കോർപ്പറേറ്റ് സ്പിരിച്ചാലിറ്റിക്ക് വഴിയൊരുക്കി. ലളിതമായി പിൻതുടരാൻ കഴിയുന്നു. ആധുനിക ശാസ്ത്രപ്രകാരം വിശദീകരണവുമുണ്ട്. ആധുനിക ജീവിതശൈലിയെ പിൻതുണയ്ക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങലെല്ലാം കോർപ്പറേറ്റ് സ്പിരിച്ചാലിറ്റിയുടെ സ്വീകാര്യതയ്ക്ക് കാരണമായി. കോർപ്പറേറ്റ് സ്പിരിച്ചാലിറ്റിയെന്നാൽ ആത്മീയതയുടെ കോർപ്പറേറ്റ് വൽക്കരണമാണോ അതോ കോർപ്പറേറ്റ് ജീവിതത്തിന്റെ ആത്മീയവൽകരണമാണോയെന്ന ചോദ്യവും ഉണ്ടാവാം. രണ്ടും ഒരുമിച്ചുതന്നെ സംഭവിക്കുന്നുവെന്ന് പറയാം.

ആത്മീയതയ്ക്ക് അതിന്റേതായ പരിശുദ്ധിയുണ്ട്. കോർപ്പറേറ്റ് ജീവിതത്തിന്‌ അതിന്റേതായ സ്വീകാര്യതയും പ്രായോഗികതയുമുണ്ട്. തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ ഉണർവ്വും ഉന്മേഷവും നൽകുവാനും ജീവിതശൈലിയെ പുനഃക്രമീകരിക്കുവാനും ഇതിലൂടെ കഴിയുന്നു. ആത്മീയതയുടെ കമ്പോളവൽക്കരണമെന്നും സമ്പന്നരുടെ ആത്മീയതയെന്നും ഉള്ള ആരോപണങ്ങളും കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റി നേരിടേണ്ടിവരുന്നു. കമ്പോളവൽകൃതവും മത്സരാത്മകവുമായ ലോകത്ത് ഒട്ടും പിൻതള്ളപ്പെട്ടുപോകാതിരിക്കുന്നതിനാവശ്യമായ ഉയർന്ന വിദ്യാഭ്യാസയോഗ്യതകളും സാമ്പത്തികഭദ്രതയും കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റിയുടെ ഭാഗമാണ്‌. ആത്മീയതയെന്നാൽ ഭൗതികമായ ലാളിത്യം കൂടിയാണെന്ന ധാരണവച്ചുപുലർത്തുന്നവർ പൗരസ്ത്യവും പാശ്ചാത്യവുമായ ലോകങ്ങളിലുണ്ട്. എന്നാൽ പ്രത്യക്ഷമായി അവർക്കൊന്നും മുഖ്യധാരാസമൂഹത്തിന്റെ അധാർമ്മികമായ ജീവിതത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തുന്നതിനു കഴിയുന്നില്ല. ഭൗതികമായി അൽപ്പന്മാരായവർ പറയുന്നത് ചെവിക്കൊള്ളുവാൻ തയ്യാറാവുന്നവർ വിരളം. ഇവിടെയാണ്‌ കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റിയുടെ രംഗപ്രവേശം.

ആത്മീയതയും ഭൗതികതയും അതിന്റെ വിശുദ്ധമായ രൂപത്തിൽത്തന്നെ നിലനിൽക്കട്ടെ. എല്ലാ ആത്മീയ അന്വേഷകരും സാധകരും കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റിയുടെ ഭാഗമായിക്കൊള്ളണമെന്നില്ല. എന്നാൽ ആത്മീയമൂല്യങ്ങളെയും അനുഭൂതികളെയും സാധാരണജനങ്ങൾക്കുകൂടി അനുഭവമാക്കാനുള്ള പ്രത്യക്ഷപ്രവർത്തനങ്ങളുടെ ഭാഗമാകുന്നവർക്ക് കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റി ഏറെ ഫലപ്രദമായ മാർഗ്ഗമാണ്‌. സ്വാമി വിവേകാനന്ദൻ ഇത്തരമൊരു ശൈലിയെ സ്വീകരിച്ചിരുന്നു. പരമഹംസ യോഗാനന്ദൻ അദ്ദേഹത്തിന്റെ ഗുരുവിന്റെ ആജ്ഞപ്രകാരം, ഗുരുവിന്റെ പ്രവർത്തന ശൈലിയിൽ നിന്നും ഭിന്നമായി സ്വീകരിച്ച ശൈലിയെ കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റിതന്നെയായി കരുതാം. പൗരസ്ത്യ ആത്മീയതയെ പാശ്ചാത്യലോകത്ത് സ്വീകാര്യമാക്കുന്നതിനും മെച്ചപ്പെട്ട മാനുഷികബന്ധങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിനും അതിലൂടെ അവർക്കുകഴിയുകയും ചെയ്തു.

കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റിയ്ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും ഒരു പ്രത്യേക ശാഖയെന്ന നിലയിൽ ശ്രദ്ധകിട്ടിയിട്ടില്ല. തുല്യമായ ഒരു പദപ്രയോഗവും മലയാളത്തിലുണ്ടോയെന്ന് അറിയില്ല. Non-Religious spirituality എന്ന പേരിൽ പ്രചരിക്കുന്നത് മിക്കപ്പോഴും കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റി തന്നെ. ആഡംബരഭ്രമവും അധികാരദുർമോഹവുമാണ്‌ ഇന്നിതിനെ ബാധിച്ചിരിക്കുന്ന ദോഷങ്ങൾ. ട്രൈബൽ സ്പിരിച്ചാലിറ്റി (tribal spirituality)യ്ക്ക് വിരുദ്ധമാണിതെന്ന തോന്നലുണ്ടാകുന്നതിനുകാരണവും ഈ ദോഷങ്ങൾ ബാധിച്ചിരിക്കുന്നുവെന്നതാണ്‌. ഐശ്വര്യപൂർണ്ണമായ ജീവിതത്തിനുവേണ്ടിയാണോ സമ്പത്തിനും അധികാരത്തിനുംവേണ്ടിയാണോ ആളുകൾ ഇവിടെ സംഘടിക്കുന്നതെന്ന് ആത്മപരിശോധന നടത്തണം. ഇത്തരം ദോഷങ്ങളിൽ നിന്നും മുക്തമായാൽ കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റ്യ്ക്ക് മാനുഷികമൂല്യങ്ങളിലും ശാസ്ത്രീയമായ ജീവിതക്രമത്തിലും വളരെയേറെ സംഭാവനകൾ നൽകാൻ കഴിയും.
~ ~ ~ ! ~ ~ ~

6 comments:

 1. വല്യ പിടിപാടില്ലാത്ത വിഷയമാണ്. എന്താണു സത്യത്തില്‍ ഇതുകൊണ്ടുദ്ദേശിക്കുന്നത്. വല്ല ആരാധനാക്രമവുമുണ്ടോ..അതോ..

  ReplyDelete
  Replies
  1. പിടിപാടില്ലാഞ്ഞിട്ടൊന്നുമല്ല. ഈ വാക്കുകൊണ്ടുദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലായിട്ടില്ലെന്നുമാത്രം. മിക്കവരുടെയും സ്ഥിതി ഇതുതന്നെയാണ്‌.
   ഇതിനങ്ങനെ പ്രത്യേകിച്ച് ആരാധനാക്രമമൊന്നുമില്ല... പുതിയ സംഭവമൊന്നുമല്ല :)

   വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
 2. ഇങ്ങനേമുണ്ടോ സ്പിരിച്വാലിറ്റി! ആദ്യമായി കേള്‍ക്കുകയാണ്

  ReplyDelete
  Replies
  1. ഭാവിയിൽ ഈ വാക്ക് പ്രസക്തമാകും. Corporate spirituality, Tribal spirituality തുടങ്ങിയ വർഗ്ഗീകരണങ്ങൾ ഉണ്ട്.

   Delete
 3. ആത്മീയ വ്യാപാരം.നമ്മുടെ ആള്‍ദൈവങ്ങള്‍ ചെയ്യുന്നത്..ആത്മീയത മറയാണ് ചെയ്യുന്ന തെറ്റുകള്‍ക്ക് ഉള്ള,പൊതുജനത്തിനെ കബളിപ്പിക്കാന്‍..ആ മറയില്‍ ബിസിനസ്‌

  ReplyDelete
  Replies
  1. വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete