Sunday, July 27, 2014

തൊഴിലും ജീവിതവും പൊരുത്തക്കേടുകളും

education in kerala തൊഴിൽ ജീവിതം വിദ്യാഭ്യാസം

“8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം” എന്ന മുദ്രാവാക്യം തൊഴിലാളിപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടായിരിക്കും കേട്ടിട്ടുണ്ടായിരിക്കുക. എന്നാലിന്നിത് വളരെയേറെ പ്രസക്തിയുള്ള ഒരു ആശയമായിമാറിയിരിക്കുന്നു. തൊഴിലാളി എന്ന പദത്തിന്‌ ‘labour’ എന്ന അർത്ഥം മാത്രമല്ല, ‘employee’ എന്ന വ്യാപകമായ അർത്ഥം തന്നെ കൊടുക്കണം. കഠിനമായ കായികാദ്ധ്വാനം ചെയ്യുന്നവർ മാത്രമല്ല ഐടി കമ്പനികളിൽ ജോലിയെടുക്കുന്നവർക്കുപോലും ജീവിതമെന്തെന്ന് അറിയാനോ ചിന്തിക്കാനോ പോലും സമയമോ സൗകര്യമോ ഇല്ല. Work Life Balance എന്നത് ബഹുഭൂരിപക്ഷം ജനങ്ങൾക്കും പ്രാപ്യമാണ്‌. എല്ലാ വിദ്യാർത്ഥികളും ഏതെങ്കിലും ഒരു കൈത്തൊഴിലെങ്കിലും അഭ്യസിക്കുകയും വിദ്യാഭ്യാസവും സേവനവും സമ്പാദ്യവും ഒരുമിച്ചുകൊണ്ടുപോകാനാവുകയും വേണം എന്ന് ഗാന്ധിജി പറഞ്ഞതും നടപ്പായില്ല.

ഒരു മനുഷ്യന്റെ ജീവിതത്തെ ജോലി, വിശ്രമം, വിനോദം എന്നിങ്ങനെ മൂന്നായി തിരിക്കുന്നുവെന്ന് കരുതുക. എന്തുകൊണ്ടാണ്‌ ഇങ്ങനെയൊരു തരംതിരിവ് ആവശ്യമായിവരുന്നത് ? ഈ ചോദ്യത്തിന്റെ ഉത്തരം വളരെ പ്രധാനപ്പെട്ടതാണ്‌. ഉത്തമമായ ഒരു ജീവിതത്തിൽ ഇവമൂന്നും ഒരുമിച്ചുതന്നെയാണ്‌ പോകുന്നത്. ഗലീലിയോയെയും എഡിസനെയും പോലുള്ള ശാസ്ത്രപ്രതിഭകൾ, മഹത്തായ കലാ-സാഹിത്യ സൃഷ്ടികളിൽ മുഴുകുന്നവർ, പ്രശസ്തരായ സഞ്ചാരികൾ, ഗാന്ധിജിയെയും ടാഗോറിനെയും പോലുള്ള രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ എന്നിങ്ങനെയുള്ളവരുടെ ജോലിയും വിനോദവും വേർതിരിക്കാനാവാത്തവിധം യോജിച്ചിരിക്കുന്നു. വിശ്രമമാകട്ടെ, ശരീരത്തിനുമാത്രമേ ആവശ്യമാകുന്നുള്ളൂ. മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടിയുണ്ട് - ജീവിതകാലം മുഴുവനും ഓരോ മനുഷ്യനും വിദ്യാർത്ഥിയാണ്‌ എന്ന തത്വത്തെ ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഈ മഹദ് വ്യക്തികളുടെയൊക്കെ ജീവിതം. അതായത്, ബുദ്ധിയുള്ള ഒരു യന്ത്രത്തിൽ നിന്നെന്നപോലെ ഔട്ട്പുട്ട് തന്നുകൊണ്ടിരിക്കുകമാത്രമായിരുന്നില്ല ഇവർ ചെയ്തിരുന്നത്. ചുറ്റുപാടിൽ നിന്നുമുള്ള പാഠങ്ങളെ നിരന്തരം സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്ത് ഉത്തമനായ മനുഷ്യനിലേക്ക് വളർന്നുകോണ്ടേയിരുന്നു. തൊഴിൽ ദാതാവിനുവേണ്ടിയായിരുന്നില്ല, ഗുണഭോക്താക്കൾക്കുവേണ്ടിയായിരുന്നു അവരുടെ സേവനം. ഇനി, നമുക്കുചുറ്റും കാണുന്ന പൊതുസമൂഹത്തിന്റെ സ്ഥിതി പരിശോധിക്കൂ... തൃപ്തിയോടെ കഠിനാദ്ധ്വാനവും സേവനവും ചെയ്ത് സർഗ്ഗാതമകതയെയും മാനുഷികമൂല്യങ്ങളെയും കൈവിടാതെ ജീവിക്കുന്ന എത്രപേരുണ്ട് ?! പൊതുസമൂഹത്തിന്റെ അവസ്ഥ തീർച്ചയായും ഇതല്ല. സ്വയം കേന്ദ്രീകൃതവും സമൂഹനന്മയെയാകെ ലക്ഷ്യമാക്കിപ്രവർത്തിക്കുന്നതുമായ മനുഷ്യർ എല്ലാക്കാലത്തും എല്ലാദേശത്തും വിരളമായിരിക്കും. Work Life Balance സാധ്യമാകത്തക്കവിധം ഒരു തൊഴിൽ-സാമൂഹിക ഘടന രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇവിടെയാണ്‌. ഈയോരു സാഹചര്യത്തിലാണ്‌ ജോലി, വിനോദം, വിശ്രമം എന്നിങ്ങനെ മൂന്നായി തരംതിരിച്ച് പ്രായോഗികമായ ഒരു മർഗ്ഗരേഖ ഉണ്ടാക്കേണ്ടിവരുന്നത്.

പരമാവധി ലളിതമായി ഇവയെ ഒന്ന് നിർവ്വചിക്കാം:-
ജോലി:- സാമ്പത്തിലലാഭം നേടാനായി ഏർപ്പെടുന്ന പ്രവൃത്തി
വിശ്രമം:- വിശ്രമം, ഉറക്കം
വിനോദം:- ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്ന എല്ലാ പ്രവൃത്തികളും

ജോലിയും വിനോദവും ഒന്നായി അനുഭവപ്പെടുന്നവർ ഭാഗ്യവാന്മാർ. ഏർപ്പെടേണ്ടിവരുന്ന തോഴിലിനോടുള്ള താൽപര്യമില്ലായ്മ, ചുറ്റുപാടിനോടുള്ള ചേർച്ചക്കുറവ്, ഒറ്റപ്പെട്ട ജീവിതത്തിന്റേതായ മണിക്കൂറുകൾ, മേലധികാരിയുടേയും നിയമാവലിയുടേതുമായ ചട്ടക്കൂടുകൾ ഇങ്ങനെ പലവിധ കാരണങ്ങളാണ്‌ ഒരാൾക്ക് ‘ജോലി’ എന്നത് സാമ്പത്തികലാഭത്തിനായുള്ള പ്രവൃത്തി മാത്രമായിത്തീരാനിടയാക്കുന്നത്. സെൽഫ് എംപ്ലോയ്മെന്റ് എന്നതിനോട് താൽപര്യമുള്ളവരുടെ വർദ്ധിക്കാനുള്ള ഒരു പ്രധാനകാരണവും ഇതുതന്നെ. Work Life Balance എന്നത് ഒരു പരിധിവരെയെങ്കിലും പാലിക്കാൻ Self Employment-ന്‌ കഴിഞ്ഞേക്കും. ഒരു സാധാരണ മനുഷ്യന്റെ കാര്യത്തിൽ 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്നരീതിയിൽ ശരാശരി പ്രവൃത്തിദിവസങ്ങളെ ക്രമീകരിക്കേണ്ടിവരുന്നു.

8 മണിക്കൂർ ജോലി

തൊഴിലാളിയുടെ മാനസികമോ സാമ്പത്തികമോ സാമൂഹികമോ വിദ്യാഭ്യാസപരമോ ആയ പരാധീനതകളെ ചൂഷണം ചെയ്യുന്ന തൊഴിൽദാതാക്കൾ പൗരാവകാശലംഘനമാണ്‌ നടത്തുന്നത്. തൊഴിലാളി യൂണിയനുകൾ രൂപംകൊള്ളുന്നതിനെ ഇത്തരം തൊഴിൽദാതാക്കൾ ശക്തമായി എതിർക്കും. വിശ്രമരഹിതമായ തൊഴിലിന്റെ മണിക്കൂറുകൾ നീണ്ടുപോകാൻ ഇതുകാരണമാകും. ചിലർക്ക് കൈനിറയെ പണം കിട്ടുമെങ്കിലും മറ്റുചില മേഖലകളിൽ തുച്ഛമായ വേതനം മാത്രമായിരിക്കും പ്രതിഫലം. എത്രയധികം അദ്ധ്വാനമാണ്‌ നമുക്കുചുറ്റും പാഴായിപ്പോകുന്നതെന്ന് നിരീക്ഷിക്കൂ. ആഡംബരവും ഉപഭോഗസംസ്കാരവും നടപ്പാക്കുന്നതിനുവേണ്ടി എത്ര മനുഷ്യപ്രയത്നമാണ്‌ വേണ്ടിവരുന്നത്. എത്രയോ അദ്ധ്വാനവും പ്രകൃതിവിഭവങ്ങളുമാണ്‌ Use and Throw സംസ്കാരത്തിലൂടെ നഷ്ടമാകുന്നത്. അവ സൃഷ്ടിക്കുന്ന മലിനീകരണവും അനുബന്ധപ്രശ്നങ്ങളും വേറെ. തൊഴിൽ സൃഷ്ടിക്കപ്പെടുകയും വരുമാനം നേടിത്തരികയും ചെയ്യുന്നുവെന്ന് തോന്നാം. പണം വാങ്ങാനായി പണിയെടുക്കുന്ന തൊഴിലാളികളും പണം കൊടുക്കാനായി പണിയെടുപ്പിക്കുന്ന സർക്കാരും നല്ല ലക്ഷണമല്ല. ഒരു ഉദാഹരണം പരിശോധിക്കാം... തൊഴിലാളികളുടെ (ജനങ്ങളുടെ) ഉപജീവനത്തിന്‌ അവരുടെ പക്കൽ പണം വേണം. സർക്കാരിന്റെ കൈവശമാണെങ്കിൽ ധാരാളം ധനവും. അതുകൊണ്ട് വർഷം തോറും റയിൽ പാളങ്ങൾ മാറ്റിമാറ്റി പുതിയത് സ്ഥാപിക്കുന്ന പദ്ധതി തുടങ്ങി. ഒരു യൂറോപ്യൻ രാജ്യത്ത് നടന്ന സംഭവമാണിത്. സർക്കാരിന്റെ കൈവശമുള്ള പണം ജനങ്ങളുടെ (തൊഴിലാളികളുടെ) പക്കലേക്ക് എത്തുന്നതിനുവേണ്ടിമാത്രം നടന്ന പ്രവൃത്തി. ഇതുതന്നെയാണ്‌ നമുക്കുചുറ്റും നടക്കുന്നതും. ധനത്തിന്റെ വിതരണം സംഭവിക്കുന്നുവേന്നല്ലാതെ പ്രയോജനമൊന്നുമില്ലാത്ത അദ്ധ്വാനങ്ങൾ. ദിവസവും 12ഉം അതിലേറെയും മണിക്കൂറുകൾ തൊഴിൽസ്ഥലത്ത് ചെലവഴിക്കേണ്ടിവരുന്നവർ ഒരുവശത്ത്; തൊഴിലില്ലാത്തവർ മറുവശത്ത്. പണിയെടുത്ത് കൈനിറയെ പണം കിട്ടിയവർക്ക് ജീവിക്കാൻ സമയമില്ല. ജോലിയില്ലാതെ നടക്കുന്നവർക്കാകട്ടെ ജീവിക്കാൻ പണവുമുണ്ടായിരിക്കില്ലല്ലോ. 8 മണിക്കൂർ ജോലി എന്ന നയം കൊണ്ട് ഈ അവസ്ഥയ്ക്കൊക്കെ എന്തെങ്കിലും മെച്ചമുണ്ടാവില്ലേ ?

8 മണിക്കൂർ വിനോദം

ജീവിതത്തിന്റെ മാനുഷികവും സർഗ്ഗാത്മകവുമായ എല്ലാ പ്രവർത്തനങ്ങളെയും ‘വിനോദം’ എന്നതിന്റെ പരിധിയിൽപ്പെടുത്താം. Holistic Life style എന്നത് ഉത്തമമായ ജീവിതത്തിന്റെ താളക്രമവും ചുറ്റുപാടുമാകുന്നു. പലപ്പോഴും നമുക്കിത് നഷ്ടമാകുന്നു. വ്യക്തിജീവിതത്തിലും സമൂഹത്തിലുമുണ്ടാകുന്ന ഓരോ മൂല്യച്യുതിക്കും തിക്താനുഭവങ്ങൾക്കും അതിക്രമങ്ങൾക്കും ക്രൂരവിനോദങ്ങൾക്കും കാരണം holistic life അല്ല നമ്മുടേതെന്നതുതന്നെ. സഹജീവികളോടും കുടുംബാംഗങ്ങളോടും സുഹൃത്തുകളോടുമോത്ത് ചെലവഴിക്കാൻ സമയമില്ല, പുസ്തകം വായിക്കാൻ സമയമില്ല, ജീവിതനിലവാരവും മാനസികനിലവാരവും മെച്ചപ്പെടുത്തുന്നതിനാവശ്യമായ യാതൊന്നുംതന്നെ ചെയ്യാൻ സമയമില്ല. ഈ അവസ്ഥ മാറണം. മാറിയേ മതിയാവൂ.

8 മണിക്കൂർ വിശ്രമം

ഒരു ശരാശരി മനുഷ്യൻ ദിവസവും 6 മണിക്കൂർ ഉറങ്ങണമെന്ന് കണക്കാക്കപ്പെടുന്നു. ജീവിതത്തിന്റെ അവസാനഘട്ടങ്ങൾ മുഴുവനും വിശ്രമത്തിനായി മാറ്റിവയ്ക്കുകയും നമുക്കുവേണ്ടി മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്യുന്നതിലും നല്ലത് ദിവസവും ആവശ്യത്തിന്‌ വിശ്രമിച്ച് ജീവിതകാലം മുഴുവനും സന്തുലനാവസ്ഥ പാലിക്കുന്നതാണ്‌.

“ചെയ്തതിൽ തൃപ്തിയും ചെയ്യുന്നതിൽ സന്തോഷവും ഇനിയും ചെയ്യണമെന്ന ആഗ്രഹവും ഏതുകർമ്മം ചെയ്യുമ്പോഴാണോ അതാണ്‌ അവന്റെ ധർമ്മം. അഹിംസാത്മകവും ശ്രേയസ്കരവുമായ ധർമ്മങ്ങൾ ഓരോരുത്തരുടേയും ജീവിതത്തിൽ ഉണ്ടായിരിക്കും. അവയെ സഫലീകരിക്കേണ്ടതുണ്ട്.” അത് സാധ്യമാകുംവിധമായിരിക്കണം നമ്മുടെ സാമൂഹികക്രമവും ജീവിതസാഹചര്യങ്ങളും.
~~~ ! ~~~

5 comments:

 1. ഇന്നത്തെ കാലഘട്ടത്തില്‍ വളരെയധികം സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണിത്. ആശംസകള്‍.

  ReplyDelete
 2. 14 മണിക്കൂര്‍ ജോലി, 4 മണിക്കൂര്‍ ഉറക്കം, 6 മണിക്കൂര്‍ ഓണ്‍ലൈന്‍!!!!!!!!!!
  ഇതാണിപ്പോള്‍ ദിനചര്യ.

  വര്‍ക് ലൈഫ് ബാലന്‍സ് ഒക്കെ ഏട്ടില്‍!

  ReplyDelete
 3. നല്ല ലേഖനമാണ് പ്രിയ ഹരിനാഥ്. മൂന്നാല് points വളരെ പ്രാധാന്യമര്‍ഹിക്കുന്നു. രാവിലെ 8 മണിക്ക് ജോലി തുടങ്ങുന്ന ഒരാളെ സംബന്ധിച്ച് നോക്കിയാല്‍ 8+8+8 formula അത്ര പ്രായോഗികമല്ലന്നുള്ളതാണ് എന്റെ എളിയ അഭിപ്രായം. 8 മണിക്കൂര്‍ ജോലി +4 മണിക്കൂര്‍ വിനോദം +8 മണിക്കൂര്‍ വിശ്രമം + 4 മണിക്കൂര്‍ വിനോദം എന്നതാകും കൊടുത്താല്‍ ഉചിതം .......ആശംസകള്‍.

  ReplyDelete
  Replies
  1. അത് ശരിതന്നെ. ഒരു ദിവസത്തെ മൂന്ന് ഘട്ടങ്ങളായി വിഭജിക്കുന്നു എന്നുകരുതിയാൽ മതി. എന്തായാലും 8 x 3 = 24 മണിക്കൂർ. ഉചിതമായരീതിയിൽ വിഭചിച്ചെടുക്കാം.

   വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി...

   Delete
 4. വെസ്റ്റേൺ രാജ്യങ്ങളിൽ 8 x 3 മണിക്കൂർ - പ്രൊപ്പോഷനിൽ
  ജോലി, വിശ്രമം/വിനോദം ,ഉറക്കം എന്നീ ഘട്ടങ്ങളിലാണ് കാര്യങ്ങൾ
  കേട്ടോ ഭായ്

  ReplyDelete