Wednesday, April 30, 2014

'അപ്രത്യക്ഷമാകുന്ന തടാകങ്ങൾ' - ഡോ.എസ്.ഗിരിജാകുമാരി

Aprathyakshamakunna Thadakangal - Girijakumari

ജലാർദ്രഭൂമികളെക്കുറിച്ചും കേരളത്തിലെ ശുദ്ധജലതടാകങ്ങളെക്കുറിച്ചും ഉള്ള വിശദമായ അപഗ്രഥനം. തണ്ണീർത്തടങ്ങൾ, ചതുപ്പുകൾ, ശുദ്ധജലതടാകങ്ങൾ എന്നിവയ്ക്കെല്ലാം ഭൂമിയെ ഊർവരമാക്കുന്നതിൽ വലിയ പങ്കുണ്ട്. ജലാർദ്രഭൂമികളുടെ വർഗ്ഗീകരണം, സസ്യജൈവവൈവിദ്ധ്യം നിലനിർത്തുന്നതിൽ അവയ്ക്കുള്ള പങ്ക്, തണ്ണീർത്തടങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന ഭീഷണികൾ എന്നിവയെക്കുറിച്ചെല്ലാമുള്ള ശാസ്ത്രീയ പഠനം. കേരളത്തിലെ ശുദ്ധജലതടാകങ്ങളായ ശാസ്താംകോട്ട ശുദ്ധജലതടാകം, വെള്ളായണി ശുദ്ധജലതടാകം, പൂക്കോട്ട് ശുദ്ധജലതടാകം എന്നിവയെക്കുറിച്ച് പ്രത്യേകമായി വിശകലനം ചെയ്തിരിക്കുന്നു. ജലാർദ്രഭൂമികളുടെയും ജലസ്രോതസ്സുകളുടെയ്യൂം സംരക്ഷണത്തിനു സഹായിക്കുന്ന നിയമങ്ങളും പ്രായോഗിക വിവരങ്ങളും ചേർത്തിരിക്കുന്നു. കേരളത്തിലെ തണ്ണീർത്തടങ്ങളെക്കുറിച്ചും ശുദ്ധജലതടാകങ്ങളെക്കുറിച്ചും ശാസ്ത്രീയമായും ആധികാരികമായും പ്രസിദ്ധീകരിച്ചിരിക്കുന്ന ഗ്രന്ഥം എന്നുതന്നെ വിശേഷിപ്പിക്കാം. പരിസ്ഥിതിഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരം.

pookode lake പൂക്കോട് തടാകം
പൂക്കോട് തടാകം
ശാസ്താംകോട്ട തടാകം sasthamkotta lake
ശാസ്താംകോട്ട തടാകം
---------------------------------------
അപ്രത്യക്ഷമാകുന്ന തടാകങ്ങൾ
Aprathyakshamakunna Thadakangal

Author: ഡോ.എസ്.ഗിരിജാകുമാരി
Dr. S. Girijakumari

Published by:
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം
Kerala bhasha institute, Thiruvananthapuram
The State Institute of Languages, Kerala

ISBN 978-81-7638-943-3
First Edition: April 2011
Pages: 192 Price: Rs. 90/-

Friday, April 11, 2014

'കേരളീയ വിഷചികിൽസാ പാരമ്പര്യം' - മൈന ഉമൈബാൻ

Keraleeya Vishachikitsa paramparyam - Myna Umaiban

കേരളീയ പൈതൃകത്തിന്റെ ഒരു സുപ്രധാനശാഖ തന്നെയാണ്‌ വിഷചികിത്സാ പാരമ്പര്യം. കേരളത്തിന്റെ സസ്യസമ്പത്തും ജൈവവൈവിധ്യവും, ചികിത്സയ്ക്ക് വേണ്ടവിധം പരിഗണന നൽകിക്കൊണ്ടുള്ള സാമൂഹികക്രമം ഇവയോക്കെ കേരളീയവിഷവൈദ്യത്തിന്റെ വളർച്ചയ്ക്ക് കാരണമാവുകയും ആയുർവ്വേദത്തിന്റെ മൂലഗ്രന്ഥങ്ങളിൽ നിന്നും ഏറെ മുന്നോട്ട് വന്നൊരു ചികിത്സാപദ്ധതിയുടെ രൂപപ്പെടലിന്‌ കാരണമാവുകയും ചെയ്തു. ചരിത്രപരവും വിജ്ഞാനപരവുമായ പ്രാധാന്യം ഉള്ളതുകൊണ്ടുതന്നെ ഇത് പൈതൃകത്തിന്റെ ഭാഗവുമാണ്‌. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്യുന കേരളീയ പുസ്തകപരമ്പരയിലെ ഒരു കണ്ണിയായി കേരളീയ വിഷചികിൽസാ പാരമ്പര്യം എന്ന വിഷയം തെരഞ്ഞെടുക്കുകയും ഈ ഗ്രന്ഥത്തിന്റെ രചന നിർവ്വഹിക്കുകയും ചെയ്തത് ഈ പ്രാധാന്യം കണക്കിലെടുത്താണ്‌. ‘എന്റെ കേരളം : ചരിത്രവും ഭാവിയും’ എന്ന പുസ്തകപരമ്പരയിൽ ഉൾപ്പെട്ട ഒന്നാണ്‌ ഈ പുസ്തകം. കേരളീയ വിഷചികിത്സയുടെ ചരിത്രപരമായ വികാസങ്ങളും വിശകലനങ്ങളും, ജന്തുജന്യവും സസ്യജന്യവും കൃതൃമവുമായ വിവിധതരം വിഷങ്ങളും അവയുടെ വർഗ്ഗീകരണവും, വിഷസർപ്പങ്ങളെക്കുറിച്ചും ക്ഷുദ്രജീവികളെക്കുറിച്ചുമുള്ള വിവരനങ്ങൾ, വിവിധതരം നാട്ടറിവുകളും പാരമ്പര്യ ചികിത്സാരീതികളും, ആധുനിക കാലത്തും അവയ്ക്കുള്ള പ്രസക്തി എന്നിങ്ങനെയുള്ള വിഷയങ്ങൾ ഈ ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു. പ്രകൃതിയോടും നാട്ടറിവുകളോടുമുള്ള പ്രതിബദ്ധതയും പ്രായോഗിക പരിജ്ഞാനവും ഉള്ളവർക്കുമാത്രമേ ഇത്തരം രചനകളുടെ സൃഷ്ടിക്ക് ഉതകുന്നവിധം സംഭാവനകൾ നൽകാൻ കഴിയൂ. ഇങ്ങനെയുള്ള വ്യക്തികളെയും ഗ്രന്ഥങ്ങളെയും നമുക്കിവിടെ പരിചയപ്പെടാം. വിഷചികിത്സയിൽ, കൈവശമുള്ള അറിവുകളേക്കാൾ കൂടുതൽ കൈമോശം വന്ന അറിവുകളാണോയെന്നും സംശയിച്ചേക്കാം. നൂറ്റാണ്ടുകളിലൂടെയോ സഹസ്രാബ്ദങ്ങളിലൂടെയോ വികസിച്ചുവന്ന ഈ വിജ്ഞാനശാഖ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അസ്തമിച്ചുകൊണ്ടിരിക്കുകയാണോ...? സമ്പൂർണ്ണ നാശത്തിലേക്കെത്തുന്നതിനു മുൻപേ രക്ഷപെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യാനുള്ള സമയവും അതിക്രമിച്ചുകൊണ്ടിരിക്കുന്നു.

ഔഷധങ്ങളും മന്ത്രങ്ങളും മുൻപ് ചികിത്സയിൽ ഉപയോഗപ്പെടുത്തിയിരുന്നു. പിൽക്കാലത്ത് ചികിത്സയിൽ മന്ത്രങ്ങൾക്കുള്ള പങ്ക് അവഗണിക്കപ്പെടുകയും  നിലനിൽക്കുന്നവയാണെങ്കിൽപോലും രഹസ്യാതമകമായിപ്പോവുകയും ചെയ്തു. മന്ത്രത്തിനും ഭാഷയ്ക്കും സംഗീതത്തിനും പ്രകൃതിയിലുള്ള പങ്ക് ഇനിയും അനാവരണം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ദ്രവ്യങ്ങളെ (ഔഷധങ്ങളെ) ഉപയോഗിച്ചുള്ള ചികിത്സയാണ്‌ ഇന്ന് പ്രചാരത്തിലുള്ളത്. ഈ ഗ്രന്ഥവും അപ്രകാരമുള്ളതാണ്‌. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ജൈവസമ്പത്തും സസ്യജൈവ വൈവിദ്ധ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും വിഷചികിത്സാപരമ്പര്യത്തിന്‌ തിരിച്ചടിയായി. അന്ധവിശ്വാസങ്ങളും യുക്തിവാദവും പരസ്പരവിരുദ്ധമെങ്കിലും അവ രണ്ടും പാരമ്പര്യചികിത്സയ്ക്കും ആയുർവ്വേദത്തിനും പ്രതികൂലമായാണ്‌ ഭവിച്ചിരിക്കുന്നത്. വിഷചികിത്സയുടെ വ്യാപ്തി ജന്തുജന്യമോ സസ്യജന്യമോ ആയ വിഷയങ്ങളിൽ ഒതുങ്ങുന്നില്ലെന്നും സൂക്ഷവിഷങ്ങളും കൃതൃമവിഷങ്ങളും ആധുനികമനുഷ്യനെ തീണ്ടുന്ന വിഷങ്ങളാണെന്നും പ്രകൃതിയിൽ അധിഷ്ഠിതമായ വിഷചികിത്സയിലൂടെ അവയ്ക്ക് പരിഹാരമുണ്ടെന്നും കാണിച്ചുതരുന്നു. ആധുനികമനുഷ്യൻ നേരിടേണ്ടിവരുന്ന വിഷങ്ങൾ നിരവധിയാണ്‌. ഔഷധജന്യരോഗങ്ങൾ പോലും ഇന്നിവിടെയുണ്ട്. അലോപ്പതിയിൽ ആന്റിവെനം വന്നതോടുകൂടി മാറ്റിനിർത്താവുന്നതാണ്‌ പാരമ്പര്യചികിത്സ എന്നുകരുതുന്നുവെങ്കിൽ അത് പാരമ്പര്യ വിഷചികിത്സ (toxicology) എന്ന ശാഖയുടെ വ്യാപ്തിയെക്കുറിച്ചുള്ള അറിവില്ലായ്മയെയാണ്‌ സൂചിപ്പിക്കുന്നത്. ആധുനിക ആയുർവ്വേദ ഡിഗ്രികൾ കരസ്ഥമാക്കുന്നവരിൽ എത്രപേർ ഈ രീതിയിൽ ചിന്തിച്ച് ചികിത്സാപദ്ധതിയെ വികസിപ്പിക്കുന്നു...?

വിഷങ്ങളുടെ വർഗ്ഗീകരണം, ഇന്ന് നിലവിലുള്ളതും എന്നാൽ അത്യപൂർവ്വവുമായ വിവിധതരം പാരമ്പര്യ വിഷ ചികിത്സാ മാർഗ്ഗങ്ങൾ, വിഷചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന ചില ഔഷധസസ്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ എന്നിവയെക്കുറിച്ചൊക്കെ ഈ പുസ്തകത്തിൽ പരിചയപ്പെടാം. അന്ധവിശ്വാസങ്ങളുടെയും യുക്തിവാദങ്ങളുടെയും സാമ്പത്തികലാഭങ്ങളുടെയും നൂലാമാലകൾക്കിടയിൽ പെട്ടുകിടക്കുന്ന ഈ വിജ്ഞാനശാഖയുടെ വ്യാപ്തിയെക്കുറിച്ചു മനസ്സിലാക്കുവാൻ ഈ കൃതി സഹായിക്കുന്നു. സ്വാനുഭവങ്ങളും അറിവുകളും  ഇതോടുചേർത്തുവായിക്കാനാവുമ്പോൾ ക്രിയാത്മകവും ആനുകാലികപ്രാധാന്യമുള്ളതുമായ ഒരു മേഖലയിലേക്ക് എത്തിക്കുവാനും ഈ കൃതിയ്ക്ക് കഴിയുന്നു.
---------------
കേരളീയ വിഷചികിൽസാ പാരമ്പര്യം
Keraleeya Vishachikitsa paramparyam
(book of toxicology related treatments of kerala - truly traditional)

Author: മൈന ഉമൈബാൻ Myna Umaiban
Category: Study
Language: Malayalam

Published by:
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം
Kerala bhasha institute, Thiruvananthapuram
The State Institute of Languages, Kerala

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങൾ ബുക്മാർക്ക് സ്റ്റാളുകളിൽ ലഭ്യമാണ്‌.

ISBN 978-81-7638-536-7
First Edition : August 2013
Pages: 184 Price: Rs. 90/-