Friday, March 28, 2014

ഭക്തജനങ്ങളുടെയും മറ്റ് ജനങ്ങളുടെയും ശ്രദ്ധയ്ക്ക്

അരയേക്കറിലധികം വിസ്തൃതമായ തരിശുനിലം. അതിനുനടുവിലായി ക്ഷേത്രവും കൊടിമരവും മുറ്റവും. വടക്കുകിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന സർപ്പക്കാവാകട്ടെ, സർപ്പങ്ങളുടെ ബിംബങ്ങളുള്ള ഒരു തറ. വെയിലിൽ ചുട്ടുപൊള്ളി നിൽക്കുന്ന കാവ്. ഏതാനും ചെറിയ ചെടികൾ നിൽക്കുന്നതുമാത്രമാണ്‌ കാവിൽ പച്ചപ്പിന്റെ അംശം. എറണാകുളം ജില്ലയിലെ ഒരു ക്ഷേത്രത്തിന്റെ ദൃശ്യമാണിത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പൈതൃകത്തിനു യോജിക്കുന്നവിധം സംരക്ഷിക്കപ്പെടാത്ത ക്ഷേത്രങ്ങൾ നിരവധിയാണ്‌. അജ്ഞതകാരണവും ആഢംബരഭ്രമം കാരണവും ക്ഷേത്രങ്ങൾ വെറും ബിൽഡിംഗുകൾ ആയി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്‌ നാം കാണുന്നത്. വയലറ്റോ മഞ്ഞയോ നിറത്തിൽ പെയിന്റടിച്ച വാർക്കക്കെട്ടിടങ്ങൾ പോലുള്ള ക്ഷേത്രങ്ങൾ ഗ്രാമങ്ങളിൽ പോലും കാണാം. മെറ്റൽ നിരത്തിയ മുറ്റവും.

മുറ്റവും പ്രദക്ഷിണവഴിയും


ഏതാനും പതിറ്റാണ്ടു മുൻപുവരെ കേരളീയക്ഷേത്രങ്ങളുടെ മുറ്റത്ത് പച്ചപ്പായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്; തീരദേശങ്ങളിലൊഴികെ. പ്രദക്ഷിണവഴിയിൽ മാത്രം കല്ലുകൾ പാകിയിരുന്നു. എന്നാൽ പിൽക്കാലത്ത് മുറ്റത്തെ പുല്ല് നീക്കം ചെയ്ത് മണൽ വിരിയ്ക്കുകയും ചിലയിടങ്ങളിൽ മെറ്റൽ നിരത്തുകയും ചെയ്തു. ഇതോടുകൂടെ പച്ചപ്പിന്റെ ഐശ്വര്യം ഇല്ലാതായെന്നുമാത്രമല്ല, ചൂട് വർദ്ധിക്കുകയും ചെയ്തു. ഉപഭോഗസംകാരത്തിന്റെ ഭാഗമായി കടന്നുവന്ന പരിഷ്കരണങ്ങൾ ഇന്ന് ക്ഷേത്രമുറ്റവും കൈയ്യടക്കിക്കൊണ്ടിരിക്കുന്നു. കാര്യങ്ങൾ വീണ്ടും ദോഷകരമായരീതിയിൽ പൊയ്ക്കൊണ്ടിരിക്കുന്നു. മുറ്റത്തെ മണൽ നീക്കം ചെയ്തും പ്രദക്ഷിണവഴിയിൽ പാകിയിരിക്കുന്ന കല്ലുകൾ നീക്കം ചെയ്തും ടൈലുകൾ നിരത്തുന്നതിനെ വിനാശകരമായ വിഡ്ഢിത്തം എന്നുതന്നെ വിശേഷിപ്പിക്കണം. ക്ഷേത്രദർശനവും പ്രദക്ഷിണവും നടത്തുമ്പോൾ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ടതായ ഭൂമീസമ്പർക്കവും ടൈൽ, ഇന്റർലോക്ക് ഇഷ്ടികകൾ എന്നിവയിൽ ചവുട്ടിനടക്കുന്നവർക്ക് കിട്ടാതെപോവുന്നു. ചെരുപ്പിടാതെ കല്ലിലും മണ്ണിലും ചെടിയിലും ചവുട്ടിനടന്നാൽ കിട്ടുന്ന ഗുണത്തിന്റെ ചെറിയോരംശമ്പോലും വീടിനുള്ളിലെ മാർബിളിലും സിമന്റിലും ടൈലിലും ചവുട്ടിയാൽ കിട്ടുന്നില്ലെന്ന് പ്രകൃതിചികിത്സകരും സാക്ഷ്യപ്പെടുത്തുന്നു. ഗുണമില്ലെന്നുമാത്രമല്ല, ദോഷമായിത്തീരാനുമിടയുണ്ട്. വെള്ളമിറങ്ങാത്തമുറ്റം പരിസ്ഥിതിക്കും ദോഷമാണ്‌. അനാവശ്യവും ദോഷഫലങ്ങളുണ്ടാക്കുന്നതുമായ ഇത്തരം മാതൃകകൾ ഈശ്വരന്റെ പേരിൽ ചെയ്തുകാണിച്ചുകൊടുക്കുന്നതിലൂടെ സമൂഹത്തിനും തെറ്റായ സന്ദേശമാണ്‌ നൽകുന്നത്.

ദ്രവ്യങ്ങളിലെ ഗുരുത്വമില്ലായ്മ

ഒരു ലോഹം ശുദ്ധിചെയ്തശേഷമാണ്‌ വിഗ്രഹം നിർമ്മിക്കുന്നത്. ഇതിനെ ഗുരുത്വം വർദ്ധിപ്പിക്കുന്ന പ്രക്രിയയായി കരുതാം. അതിനുശേഷം അഭിഷേകവും ചെയ്യുന്നു. ഇങ്ങനെ ബാഹ്യവും ആന്തരികവുമായ ശുദ്ധിവരുത്തിയശേഷമാണ്‌ പൂജകൾ ചെയ്യുന്നത്. ഗുരുത്വമുണ്ടെങ്കിലേ മന്ത്രചൈതന്യത്തെ ആദേശം ചെയ്യുവാനും പ്രസരിപ്പിക്കുവാനും സാധിക്കൂ. മനുഷ്യശരീരത്തിന്റെ കാര്യത്തിലും പൂജാദ്രവ്യങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ്‌ സ്ഥിതി. ദ്രവ്യങ്ങളുടെ നൈസർഗ്ഗികഘടനയാകുന്ന പരിശുദ്ധി ഉറപ്പാക്കുകയും മായമെന്നോ വിഷമെന്നോവിശേഷിപ്പിക്കാവുന്ന അന്യവസ്തുക്കൾ കൂടിക്കലർന്നിട്ടില്ലെന്നും ഉറപ്പാക്കണം. വാഴയിലയിലോ തേക്കിലയിലോ കിട്ടിയിരുന്ന പ്രസാദം ഇപ്പോൾ പ്ലാസ്റ്റിക് ടിന്നിലാണ്‌ കിട്ടുന്നത്. ചൂടുപായസം പ്ലാസ്റ്റിക്കിൽ നിറച്ചുകഴിയുമ്പോൾ അത് വിഷമയമായിത്തീരുന്നു. മന്ത്രതന്ത്രങ്ങൾ മാത്രമല്ല ക്ഷേത്ര ചൈതന്യത്തെ നിലനിർത്തുന്നത്; ദ്രവ്യങ്ങളുടെ ഗുരുത്വംകൂടിയാണ്‌. പുഷ്പങ്ങൾ, ഫലങ്ങൾ, ക്ഷീരം, നെയ്യ്, എണ്ണ, ജലം, ധാന്യങ്ങൾ എന്നിങ്ങനെയുള്ള വസ്തുക്കളാണ്‌ പൂജാദ്രവ്യങ്ങൾ. ഇവയ്ക്ക് നൈസർഗ്ഗികമായ ഒരു ജൈവഘടനയും രാസഘടനയുമുണ്ട്. ആ ഘടനയിൽ നിന്നും വേറിടാത്ത വസ്തുക്കളാണ്‌ പൂജയ്ക്കായി ഉപയോഗിക്കേണ്ടത്. ഘടനയിലുള്ള കൃത്യതയും ശുദ്ധതയും ആണ്‌ ഇവിടെ ഗുരുത്വം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. കിണറ്റിലെ വെള്ളം കോരിക്കുടിച്ചാൽ കിട്ടുന്ന ഉന്മേഷം കുഴൽ കിണറ്റിലെ വെള്ളം കുടിച്ചാൽ കിട്ടില്ല. ഭൂഗർഭജലത്തിൽ പ്രാണവായുവില്ല, അത് ജീവജലമല്ല. ഓജസ്സിനെ പ്രദാനം ചെയ്യാൻ അതിനുകഴിയില്ല. നാടൻ ഇനങ്ങളിൽ പെട്ട അരിയുടെ ഒരുപിടി ചോറുണ്ടാൽ വിശപ്പും ക്ഷീണവും മാറും. എന്നാൽ അത്യുൽപാദനശേഷികൂടിയ ഇനമാണെങ്കിൽ ഒരുപിടി അരിയുടെ ചോ് കഴിക്കേണ്ടിവരും. ഇന്നാലും ക്ഷീണം മിച്ചം. പാൽ ഉൽപന്നങ്ങളുടെ കാര്യവും അങ്ങനെതന്നെ. അവശ്യം വേണ്ടതായ ധാതുക്കൾ ഉണ്ടായിരിക്കുന്നതും ശരിയായ അനുപാതത്തിൽ ഉണ്ടായിരിക്കുന്നതും നാടൻ പശുവിന്റെ ക്ഷീരത്തിലാണ്‌. പഞ്ചഗവ്യം തയ്യാറക്കുന്നതിനും നാടൻ പശു കൂടിയേതീരൂ. ക്ഷേത്രാധികാരികളുടെയും പൂജാവസ്തുക്കൾ സമർപ്പിക്കുന്ന ഭക്തജങ്ങങ്ങളുടെയും അജ്ഞതകാരണം ഇത്തരം കാര്യങ്ങളിലെല്ലാം മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു.

ആനയുണ്ടെങ്കിലേ ആനച്ചന്തമുള്ളൂ

സഹ്യന്റെ മക്കൾ എന്നാണ്‌ കേരളീയ ആനകളെ വിശേഷിപ്പിക്കുന്നത്. ദേശീയ പൈതൃകമൃഗം ആണ്‌ ആന. കേരളത്തിന്റെ സംസ്ഥാന മൃഗവും ആനതന്നെ. വൃക്ഷനിബിഡവും ഉഷ്ണരഹിതവുമായ ആവാസവ്യവസ്ഥയാണ്‌ ഇവയ്ക്ക് അനുയോജ്യം. സസ്യസമ്പന്നവും ജലസ്രോതസ്സുകളാൽ അനുഗ്രഹീതവുമായ പ്രകൃതി. മനുഷ്യന്റെ ഇടപെടീൽ കാരണം ഉഷ്ണഭൂമിയായിക്കൊണ്ടിരിക്കുന്ന കേരളം ആനകൾക്ക് ഏറെ അസുഖകരം തന്നെ. നമ്മുടെ സാംസ്കാരികത്തനിമയുടെ ഒരു ഭാഗംകൂടിയാണ്‌ ഈ ആനകൾ. പക്ഷെ അവയെ വെറും കാഴ്ചവസ്തുക്കളെപ്പോലെയാണ്‌ പരിഗണിക്കുന്നത്. ഗജമേളകളും ആനപ്രേമികളും എത്രയോ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ മനുഷ്യനുപോലും താങ്ങാനാവാത്ത കൊടുവെയിലിൽ ആനകൾക്ക് കഷ്ടത അനുഭവിക്കേണ്ടിവരുന്നു. എന്തുചെയ്യാനാവും ? ഉത്സവങ്ങളോടനുബന്ധിച്ചും ഗജമേളകളോടനുബന്ധിച്ചും ആനകളെ എഴുന്നള്ളിക്കുന്ന സ്ഥിരം പാതകളുണ്ട്. ഇത്തരം സ്ഥലങ്ങളിൽ സ്വാഭാവികവും ഉഷ്ണരഹിതവുമായ ആവാസ വ്യവസ്ഥ ഒരുക്കുക. അതിന്‌ ‘ആനപ്രേമികൾ’ യഥാർത്ഥ ആനപ്രേമികളും ‘ഭക്തന്മാർ’ യഥാർത്ഥ ഭക്തന്മാരും ആയിത്തീരേണ്ടതുണ്ട്. എങ്കിലേ സഹ്യനും സഹ്യന്റെ മക്കളും രക്ഷപെടൂ.

“ഒരു നിർമ്മിതി കണ്ടാൽ അതവിടെ നിർമ്മിച്ചതായല്ല, അവിടെ മുളച്ചുവന്നതായി തോന്നണം”. ദേവാലയമായാലും മനുഷ്യാലയമായാലും ഇതുതന്നെയായിരിക്കണം അടിസ്ഥന പ്രമാണം. ഇത്തരം മാതൃകാപരമായ നിർമ്മിതിയായിരിക്കണം മാതൃകയായിരിക്കണം ഓരോ ക്ഷേത്രവും; ഒരോ ദേവാലയവും. എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്‌ നമ്മുടെ ക്ഷേത്രപാരമ്പര്യം. പക്ഷെ, കഴിഞ്ഞ അൻപത് വർഷത്തിനുള്ളിൽ സംഭവിച്ച വിനാശകരമായ പരിവർത്തങ്ങൾ നിരവധിയാണ്‌; പതിനഞ്ച് വർഷങ്ങൾക്കുള്ളിൽ പ്രത്യേകിച്ചും. അനേക നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും പുരാവസ്തുമൂല്യമുള്ളതുമായ ശിലകളും കൊത്തുപണികളും ഇളക്കിമാറ്റിക്കളഞ്ഞും പുനരുദ്ധാരണം നടപ്പാക്കാറുണ്ട്. പ്രകൃതിയെയും മലകളെയും പുഴകളെയും ആദരിക്കണമെന്ന് പഠിപ്പിക്കുന്ന ആർഷഭാരത സംസ്കാരത്തിലെ ക്ഷേത്രങ്ങളുടെ ഉത്സവനോട്ടീസുകളിൽ എർത്ത് മൂവേഴ്സിന്റെയും ബോർവെൽസിന്റെയും പരസ്യങ്ങൾ കയറിപ്പറ്റുന്നത് വിരോധാഭാസമാണ്‌. അജ്ഞതയും ആഢംബരഭ്രമവും മാറ്റിവച്ചേ മതിയാവൂ. ഇത് കേവലം വിശ്വാസികളുടെ മാത്രം പ്രശ്നമല്ല, സമൂഹത്തിന്റെയാകെ പ്രശ്നമാണ്‌. ക്ഷേത്രങ്ങൾ ശരിയായ മാതൃകകളായിത്തീരണം.

ബോധപൂർവ്വമായിരിക്കണമെന്നില്ല. ‘വികസനത്തെ’ക്കുറിച്ച് ചിന്തിക്കാത്തതുകൊണ്ടോ പ്രായോഗികബുദ്ധിമുട്ടുകൾകൊണ്ടോ മാത്രം നശിപ്പിക്കപ്പെടാതിരിക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. ഇതുവരെ ഭാഗ്യം തുണച്ചുവെന്നുമാത്രം. അങ്ങനെയുള്ള ക്ഷേത്രങ്ങളും മറ്റ് ദേവാലയങ്ങളും മനുഷ്യാലയങ്ങളും യഥാസ്ഥിതിയിൽ തുടരുന്നതിനെങ്കിലും ഈ ലേഖനം ഉപകാരപ്പെടുന്നെങ്കിൽ നല്ലത്. “ക്ഷേത്രപുനരുദ്ധാരണം” എന്നപേരിലാണ്‌ ഈ ദോഷകരമായ നിർമ്മിതികൾ നടക്കുന്നത്. അവയെ തടയാൻ പരമാവധി നമുക്ക് കഴിയട്ടെ.

20 comments:

 1. ക്ഷേത്രങ്ങൾ "വികസിപ്പിച്ച് വികസിപ്പിച്ച്" അവിടെനിന്ന് സമാധാനവും 'serenity'-യും നിശബ്ദതയും പണ്ടേയ്ക്കു പണ്ടേ കുടിയിറക്കീല്ലോ... അവിടെ നിന്നോടി രക്ഷപെട്ട ദൈവങ്ങളുടെ പേരിൽ വഴിപാടുകളും പണപ്പിരിവും യഥേഷ്ടം നടക്കുന്നുമുണ്ട്!!

  ReplyDelete
  Replies
  1. അതെയതെ. കുറെ ആളുകളെങ്കിലും ഈ നശീകരണപ്രവർത്തനങ്ങളെ എതിർക്കാനുണ്ടെന്ന് അറിയുന്നത് വലിയ കാര്യമാണ്‌.
   വിലപ്പെട്ട ഈ അഭിപ്രായത്തിന്‌ നന്ദി...

   Delete
 2. താങ്കൾ പറയുന്നത് സത്യം തന്നെ .. പക്ഷെ...എന്തു ചെയ്യാം.. കാലം മാറി കഥ മാറി.. മനുഷ്യൻ മാറി.. അതിനേക്കാൾ പ്രകൃതിയും മാറി തുടങ്ങിയിരിക്കുന്നു... ആശംസകൾ നേരുന്നു

  ReplyDelete
  Replies
  1. കാലം മാറിക്കോണ്ടേയിരിക്കുകയാണ്‌. മനുഷ്യനും മാറി. പ്രകൃതിയും മാറി... അല്ല, മനുഷ്യൻ പ്രകൃതിയെ മാറ്റി. അതുകൊണ്ട് എന്തെങ്കിലും ചെയ്യാനുള്ളതും നമുക്കുതന്നെ. അല്ല, മനുഷ്യൻ ഒന്നും ചെയ്യാതിരുന്നാൽത്തന്നെ അത് പ്രകൃതിക്ക് ഉപകാരമാവും.
   അഭിപ്രായം എഴുതിയതിന്‌ നന്ദി...

   Delete
 3. ശാന്തവും നിശബ്ദവും പച്ചപ്പിന്റെ കുളിർമ്മ നിറഞ്ഞതുമായ അന്തരീക്ഷം പൊതുവെ എല്ലാവർക്കും ഇഷ്ടമാണ്. തന്റെ സങ്കടങ്ങളും ആകുലതകളുമെല്ലാം ദൈവത്തോട് പങ്കു വെക്കാൻ വരുന്നവർക്ക് ഇത്തരം അന്തരീക്ഷവും ശാന്തി പകരുമെന്നതിൽ സംശയമില്ല. കേരളത്തിലെ കാവുകളും ക്ഷേത്രങ്ങളുമെല്ലാം ഒന്നാന്തരം പ്രകൃതിസംരക്ഷണ കേന്ദ്രങ്ങൾ കൂടിയായിരുന്നു. കച്ചവടതാല്പര്യങ്ങൾ ഇവിടെയും പിടി മുറുക്കി തുടങ്ങിയിരിക്കുന്നു.

  ശുദ്ധമായ, അഭിഷേകം ചെയ്യപ്പെട്ട ലോഹം മന്ത്ര ചൈതന്യത്തെ ആദേശം ചെയ്യുന്നതും പ്രസരിപ്പിക്കുന്നതും എങ്ങനെയാണെന്ന് മനസ്സിലായില്ല.

  ആനകളെ ഉത്സവത്തിനു ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആനകൾ കൂടിയേ തീരൂ എന്ന് നിർബന്ധം പിടിക്കുന്നവരെ തലയിലൊരു ചെറിയ വിഗ്രഹവുമായി നാലഞ്ച് മണിക്കൂർ വെയിലത്തു നിർത്തണം.അപ്പോൾ അവർക്ക് കാര്യങ്ങൾ മനസ്സിലാകും.

  ReplyDelete
  Replies
  1. കേരളീയ ക്ഷേത്ര പാരമ്പര്യത്തിന്‌ വളരെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നട്ടുച്ചയ്ക്കുപോലും സൂര്യരശ്മികൾ കടന്നുവരാൻ മടിക്കുന്നയിടം എന്നുവിശേഷിപ്പിക്കാവുന്ന സ്ഥലങ്ങൾ കേരളീയഗ്രാമങ്ങളിൽ ഒട്ടും കുറവല്ലായിരുന്നു. ആനകൾ മനുഷ്യനുമായി ഇണങ്ങുന്നജീവിയാണ്‌. ആയുധമോ ചങ്ങലയോ ഒന്നും ഉപയോഗിക്കാതെതന്നെയാണ്‌ അവയെ നിയന്ത്രിച്ചിരുന്നതും. എന്നാലിന്ന് വനത്തിൽ പോലും ആനകൾക്ക് അനുയോജ്യമായ കാലാവസ്ഥയല്ല. ഇന്നത്തെ സാഹചര്യത്തിൽ ആനകളെ ഇങ്ങനെ ഉത്സവത്തിന്‌ ഉപയോകിക്കുന്നത് ദ്രോഹപ്രവൃത്തിയായി മാത്രമേ കാണാനാവൂ.
   ശാന്തതയും ഭക്തിയുമെല്ലാം തനിയെ സംഭവിക്കേണ്ടതാണ്‌. ‘ഞാനൊരു ഭക്തനാണ്‌’ എന്ന യുക്തിബോധത്തിൽ നിന്നും സംഭവിക്കേണ്ടതല്ല. മനസ്സിന്റെ ശാന്തത തനിയെ സംഭവിക്കും വിധം ശാന്തതയും കുളിർമ്മയും നിറഞ്ഞതാവണം അന്തരീക്ഷം.

   അഭിപ്രായം എഴുതിയതിന്‌ വളരെ നന്ദി...

   Delete
 4. ക്ഷേത്രങ്ങളിലോ മൂര്‍ത്തികളിലോ വിശ്വാസമില്ലാത്ത ഞാന്‍ ഇതില്‍ എന്ത് അഭിപ്രായം പറയാന്‍. പാരിസ്ഥിതികമായി പറഞ്ഞ വിഷയങ്ങളോട് യോജിക്കുന്നു

  ReplyDelete
  Replies
  1. ക്ഷേത്രശാസ്ത്രത്തിന്റെ ഒന്നാമത്തെ പാഠം പ്രകൃതിയിൽ ജീവിക്കുക എന്നതുതന്നെ. മാനവികതയുടെ ഒന്നാം പാഠവും അതുതന്നെ. ഇതൊരു പോതുവായ സാമൂഹികപ്രശ്നമായി എഴുതുവാനുള്ള കാരണവും അതാണ്‌. പാരിസ്ഥിതികമായി പറഞ്ഞ വിഷയങ്ങളിൽ യോജിപ്പ് ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം. വീട്ടിലും നാട്ടിലും പ്രാവർത്തികമാക്കാൻ സാധിക്കുന്ന നിരവധികാര്യങ്ങൾ ഇതിലുണ്ട്.

   നന്ദി...

   Delete
 5. ഏറെ പ്രാധാന്യമർഹിക്കുന്നതും ചർച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയം തന്നെ. ആധുനിക രീതിയിൽ നിർമിച്ച ക്ഷേത്രങ്ങളിലും അനുയോജ്യമായ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്‌ എന്ന് തോന്നുന്നു.

  ReplyDelete
  Replies
  1. തീർച്ചയായും. നഷ്ടപ്പെട്ട ഐശ്വര്യം കുറെ വീണ്ടെടുക്കാൻ സാധിക്കും, ഒന്നുമനസ്സുവച്ചാൽ.
   നടപ്പിലാക്കുന്ന പരിഷ്കരണങ്ങളുടെ ദൂരവ്യാപകമായ ദോഷഫലങ്ങളെക്കുറിച്ച് ക്ഷേത്രഭാരവാഹികളോ ദർശനത്തിനെത്തുന്നവരോ ചിന്തിക്കാതെ പോകുന്നതാണ്‌ പ്രശ്നം. എന്നാൽ ഇതേക്കുറിച്ച് സംസാരിച്ചാൽ കാര്യം മനസ്സിലാകാത്തവർ ചുരുക്കവുമാണ്‌. ഏറെ പ്രാധാന്യമർഹിക്കുന്നതും ചർച്ചചെയ്യപ്പെടേണ്ടതുമായ വിഷയം എന്നുകരുതുന്നു. ഇനിയെങ്കിലും ഇത്തരം അപകടകരമായ പരിഷ്കരണങ്ങൾ നടപ്പാക്കാതിരിക്കട്ടെ...

   അഭിപ്രായം എഴുതിയതിന്‌ വളരെ നന്ദി...

   Delete
 6. i guess u cn try in archeaology deprtmnt................... i wndr hw u write evrythng so detailed n with xplntn............grt one keep it up

  ReplyDelete
  Replies
  1. ആർക്കിയോളജി ഇഷ്ടവിഷയമാണ്‌. എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുമുണ്ട്.... ബ്ലോഗ് ഇഷ്ടപ്പെട്ടതിൽ സന്തോഷം. വീണ്ടും വരിക...

   Thank you very much :)

   Delete
 7. ക്ഷേത്ര പുനരുദ്ധാരണം എന്ന പേരില്‍ അവിടുത്തെ പരിശുദ്ധി ഇല്ലാതാക്കും വിധം ചെയ്യുന്ന കാര്യങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്...

  ReplyDelete
 8. വിശ്വാസവുമായി കൂട്ടി കുഴക്കുമ്പോള്‍ നാം പലതും മറക്കുന്നു എന്നതാണ് വാസ്തവം , ചിന്തിക്കേണ്ട വിഷയം കൈകാര്യം ചെയ്യുന്ന ലേഖനം .

  ReplyDelete
  Replies
  1. വിശ്വാസം എന്ന വാക്കിനെ പുനർനിർവ്വചിക്കേണ്ടിവരുന്നു. അങ്ങനെയെങ്കിൽ കാര്യങ്ങൾക്ക് കുറെയെങ്കിലും പരിഹാരമാവും.

   വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
 9. ഗുരുത്വം എന്നു കേട്ടപ്പോള്‍ മറ്റേ സാറമ്മാരു പറയുന്ന സംഗതി ആണു ഓര്‍ത്തതു..ശുദ്ധതയുമായി ചേര്‍ന്നിങ്ങനെ ഒരു അര്‍ത്ഥം ഉണ്ടെന്നിപ്പോഴാണ് അറിഞ്ഞതു..എന്തായാലും ഒരു ഗംഭീര പോസ്റ്റ് തന്നെ ആയിട്ടുണ്ട്..നല്ലെഴുത്ത്‌

  ReplyDelete
  Replies
  1. സാറമ്മാര്‌ ഉദ്ദേശിക്കുന്ന സംഗതിയും ഇതുതന്നെയാണ്‌. പക്ഷെ അതവർക്കറിയില്ല. അതുകൊണ്ടാണ്‌ സംഗതി പരാജയപ്പെട്ടുപോകുന്നത്. ബഹുമാനമെന്നോ വിധേയത്വമെന്നോ ഒക്കെയുള്ള പരിമിതമായ അർത്ഥമല്ല അതിനുള്ളത്. Rhythm of Nature എന്ന ആഴമേറിയ അർത്ഥം അതിനുണ്ട്.

   പോസ്റ്റ് ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം.

   Delete
 10. മതിലുകൾ നിർമ്മിക്കാത്ത  പടിഞ്ഞാറൻ സായ്പ്പിന്റെ വായിൽ നോക്കികളായ നമ്മൾ മതിലുകൾ തീർത്ത് അതിനുള്ളിലെ ഇടുങ്ങിയ ചുമരുകൾക്കുള്ളിൽ സ്വയം തളച്ചിടൂകയലെ?

  ശരീരവും മനസും ആധാരാധേയങ്ങളാണ്. ബന്ധനസ്ഥമായ ശരീരത്തിനുള്ളിൽ വിശാലമായ മനസ് എങ്ങനെ ഉണ്ടാകാൻ?

  ReplyDelete
  Replies
  1. വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിൽ വളരെ സന്തോഷം...

   ശരീരവും മനസും ആധാരാധേയങ്ങളാണ്. ബന്ധനസ്ഥമായ ശരീരത്തിനുള്ളിൽ വിശാലമായ മനസ് എങ്ങനെ ഉണ്ടാകാൻ?

   ഇതുകൂടെ തീർച്ചയായും വായിക്കണം

   Delete