Thursday, March 20, 2014

'മാർക്സും മൂലധനവും' - പ്രൊഫ.വി.അരവിന്ദാക്ഷൻ

Marxum Mooladhanavum Prof. V. Aravindakshan

ജർമനിയിലെ പുരാതനമായ ഒരു പട്ടണമാണ്‌ ത്രിയർ. റോമാക്കാരാൽ സ്ഥാപിതമായ പട്ടണം. മാർക്സിന്റെ ജന്മസ്ഥലം. ജർമനിയിൽ ഏറെക്കാലം രാജഭരണവും ജന്മിത്വവും കൊടികുത്തിവാണിരുന്നു. അതുകൊണ്ടുതന്നെ വിപ്ലവാശയങ്ങൾക്ക് സാധാരണക്കാരുടെയിടയിൽ വലിയ സ്വീകാര്യതയും ലഭിച്ചു. അങ്ങനെ ജനാധിപത്യത്തിനും സമത്വത്തിനും വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ ഉയർന്നുവന്നിരുന്ന ഒരു കാലഘട്ടത്തിലാണ്‌ കാൾ ഹൈന്‌റിഷ് മാർക്സ് ജനിക്കുന്നത്. 1818 മെയ് 5ന്‌. മാർക്സിന്റെ ജനനം മുതൽ ജീവിതാവസാനം വരെയുള്ള സംഭവബഹുലമായ ജീവിതത്തിന്റെ സംഗ്രഹമാണ്‌ ‘മാർക്സും മൂലധനവും’ എന്ന ഈ പുസ്തകം. വ്യക്തിജീവിതത്തിനും അതുവഴി ആദർശങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള രചന.

പുരോഗമനാശയങ്ങളിലുള്ള ആവേശം, തത്ത്വചിന്തയിലുള്ള വർദ്ധിച്ച താൽപര്യം, ബുദ്ധിശക്തി, ഉറച്ച ലക്ഷ്യബോധം, അക്ഷീണപരിശ്രമം എന്നിവയെല്ലാം ചേർന്നതാണ്‌ അദ്ധേഹത്തിന്റെ വ്യക്തിത്വം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അധികാരികളുടെയും മുതലാളിത്ത വ്യവസ്ഥയുടെ വക്താക്കളുടെയും സ്വൈര്യം കെടുത്തി. പ്രവർത്തങ്ങളുടെ ആദ്യകാലത്തുതന്നെ ഫ്രെഡറിക് ഏംഗൽസ് എന്ന മഹാനായ സോഷ്യലിസ്റ്റ് പ്രവർത്തകനെ സുഹൃത്തായി ലഭിച്ചു. കർമ്മരംഗത്തും കുടുംബസുഹൃത്തെന്ന നിലയിലും ജീവിതാവസാനം വരെ ആ സൗഹൃദം തുടർന്നിരുന്നതായി നമുക്കുകാണാൻ കഴിയും. വിപ്ലവാത്മകപ്രവർത്തനങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചതുമുതൽ മാർക്സിന്റെ ജീവിതത്തിലേക്ക് ദുരിതങ്ങളും വ്യക്തിപരമായ ദുരന്തങ്ങളും ഓരോന്നായി കടന്നുവന്നു. കുടുംബജീവിതത്തിൽ ഏറെ ത്യാഗം സഹിക്കേണ്ടിവന്നു. എങ്കിലും സമത്വത്തിനും സോഷ്യലിസത്തിനും വേണ്ടി നിലയുറപ്പിച്ച് പോരാടുകതന്നെ ചെയ്തു. ശാസ്ത്രീയമായ ഒരു അടിത്തറയുണ്ടാക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു.

അധികാരികളുടെ എതിർപ്പിനെ മറികടക്കുകമാത്രമല്ല, വേറെയും വെല്ലുവിളികളുണ്ടായിരുന്നു. സമത്വത്തിനുവേണ്ടി വാദിക്കുന്ന അപ്രായോഗിക സമത്വവാദഗതികളാണ്‌ അതിലൊന്ന്. തൊഴിലാളികളെയും അധകൃതരെയും വ്യാമോഹിപ്പിക്കാമെന്നല്ലാതെ സോഷ്യലിലം നടപ്പാക്കാൻ ഈ സാങ്കൽപ്പിക സമത്വവാദത്തിന്‌ കഴിയുമായിരുന്നില്ല. മാർക്സിനും ഏംഗൽസിനും ഈ സമത്വവാദത്തെ മറികടക്കേണ്ടതായി വന്നു. ആവേശം മാത്രം കൈമുതലായി ഉണ്ടായിരുന്നവർ വിപ്ലവത്തിന്‌ തിടുക്കം കൂട്ടുകയും അക്ഷമയ്ക്ക് അടിമപ്പെട്ട് ഭീകരകൃത്യങ്ങൾ പോലും വിപ്ലവം എന്നപേരിൽ നടപ്പാക്കാൻ ഒരുമ്പെടുകയും ചെയ്തു. ഇത്തരം കലാപപരമായ നീക്കങ്ങൾ അധികാരികളെ ചൊടിപ്പിക്കുകയും മാർക്സിനെതിരെയുള്ള പ്രതിരോധനടപടികൾക്ക് പ്രേരിപ്പിക്കുകയും ചെയ്തു. ഇതിനെയെല്ലാം സമർത്ഥമായി തരണം ചെയ്യാൻ മാർക്സിനുകഴിഞ്ഞു.

‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’, ‘മൂലധനം’ എന്നിവയുടെ പിറവിയ്ക്ക് കാരണമായ നിരന്തരപഠനങ്ങളെയും എഴുത്തുകളെയും കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന അധ്യായങ്ങൾ ഈ പുസ്തകത്തിൽ കാണാം. “ക്ഷീണിക്കാത്ത മനീഷയുടെയും” “മഷിയുണങ്ങീടാത്ത പൊൻപേന”യുടെയും ഏറ്റവും ഗംഭീരമായ സൃഷ്ടിയാണ്‌ മൂലധനം എന്ന് വിശേഷിപ്പിക്കാം. മൂന്ന് വാല്യങ്ങളിലായി നിരവധി പേജുകളുള്ള ഗ്രന്ഥം. ആ കൃതിയെ ‘മാർക്സും മൂലധനവും’ എന്ന ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത് പ്രൊഫ.വി.അരവിന്ദാക്ഷൻ ആണ്‌. ജൈവപ്രകൃതിയുടെ വികാസനിയമം കണ്ടുപിടിച്ച ഡാർവിനെപ്പോലെ മാനവചരിത്രത്തിന്റെ വികാസനിയമം കണ്ടുപിടിച്ച ചിന്തകനായിരുന്നു മാർക്സ് എന്നാണ്‌ ഏംഗൽസ് അഭിപ്രായപ്പെട്ടത്. കാൾ മാർക്സിന്റെ ശവകുടീരത്തിനരികിൽ 1883 മാർച്ച് 17ന്‌ ഫ്രെഡറിക് ഏംഗൽസ് നടത്തിയ പ്രസംഗം അനുബന്ധമായി ചർത്തിട്ടുമുണ്ട്.

മനുഷ്യന്‌ അവന്റെ കഴിവുകൾ മുഴുവൻ പ്രകടിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്‌ ഇന്നുള്ളത്. അത്യദ്ധ്വാനത്തിനുവേണ്ടി തൊഴിലിടങ്ങളിൽ സമർപ്പിക്കപ്പെട്ട നീണ്ട മണിക്കൂറുകൾ. ക്ഷീണിച്ച ശരീരവും മുരടിച്ച മനസ്സുമായി അവൻ അന്തിയുറങ്ങുന്നു. ഇതാണ്‌ ഒരു ശരാശരി മനുഷ്യന്റെ ജീവിതചര്യ. ഫാക്ടറിയിലായിരുന്നാലും കോർപ്പറേറ്റ് സ്ഥാപങ്ങളിലെ വൈറ്റ്കോളർ ജോലിയിലായിരുന്നാലും ഇന്നും ഇതുതന്നെയാണ്‌ അവസ്ഥ. കലയുടെയും ദാർശനികതയുടെയും മണ്ഡലങ്ങളെ സ്പർശിക്കാൻ അവനുകഴിയുന്നില്ല. സമ്പൂർണ്ണമനുഷ്യനായി ജീവിക്കാൻ കഴിയുന്നില്ല. അതിനുള്ള സമയമോ അവസരമോ സാധാരണക്കാരനില്ല. ലോകത്തെയാകെ മഹാദുരന്തത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്തം ഇന്നും നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു. പ്രായോഗിക സമത്വത്തിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് ‘മാർക്സിസം’ എന്ന ആശയത്തിന്‌ വലിയ പങ്കുണ്ട്.
------------------
മാർക്സും മൂലധനവും
Marxum Mooladhanavum

Author:
പ്രൊഫ.വി.അരവിന്ദാക്ഷൻ
Prof. V. Aravindakshan

Publishers:
Kerala Sastra Sahithya Parishath, Thrissur
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, തൃശ്ശൂർ

First Edition: 1980 June
Foruth Edition (Revised): October 2013

ISBN : 978-93-83330-08-9
Pages: 108    Price: Rs.80/-

7 comments:

 1. വര്‍ക് ഔട്ട് ആകാത്ത ഒരു ഇസം!!

  ReplyDelete
  Replies
  1. അതെ. മാന്യമായ തൊഴിൽ സംസ്കാരം, നൈസർഗ്ഗികമായ ജീവിതക്രമം ഇവയെല്ലാം ഇന്നും ഏറെ പിന്നിലാണ്‌.

   Delete
 2. നല്ല ആഴത്തിലുള്ള ഒരു പരിചയപ്പെടുത്തല്‍ , ഭാഷാ ശൈലിയും കൊള്ളാം . തുടര്‍ന്നും എഴുതുക

  ReplyDelete
  Replies
  1. ബ്ലോഗ് ഇഷ്ടപ്പെട്ടതിൽ സന്തോഷം. വീണ്ടും വരിക...

   Delete
 3. നല്ല പരിചയപ്പെടുത്തൽ. പുസ്തപ്രചരണത്തിനിറങ്ങുമ്പോൾ പല തവണ കണ്ടിട്ടുണ്ടെങ്കിലും പുസ്തകം വായിച്ചിട്ടില്ല. വായിക്കണം.

  ReplyDelete
  Replies
  1. വായിച്ചുനോക്കൂ. ലളിതവും എന്നാൽ വിജ്ഞാനപ്രദമാവും വിധവും വിവരണങ്ങളടങ്ങിയ പുസ്ത്കമാണിത്.

   Delete
 4. കൊള്ളാം ...നല്ല പരിചയപ്പെടുത്തൽ

  ReplyDelete