Friday, March 07, 2014

ശാസ്ത്രമോ വിശ്വാസമോ എന്നുചോദിക്കരുത്

ശാസ്ത്രവും വിശ്വാസവും spirituality kerala
ശരീരവും മനസ്സും പ്രകൃതിയുടെ ഭാഗമാണ്‌. അവ പ്രകൃതിയുടെ താളബോധത്തിനനുസരിച്ച് ചലിക്കുന്നിടത്ത് ശാസ്ത്രവും വിശ്വാസവും ഭിന്നമാകുന്നില്ല
ശാസ്ത്രമോ വിശ്വാസമോ എന്ന ചോദ്യത്തിൽത്തന്നെ അപാകതയുണ്ട്. ശാസ്ത്രത്തിൽ ഒരു വിശ്വാസവും വിശ്വാസത്തിൽ ഒരു ശാസ്ത്രവുമുണ്ട്. നിങ്ങൾ വിശ്വസിച്ചാലും  ഇല്ലെങ്കിലും ശാസ്ത്രം പ്രവർത്തിക്കും. നിങ്ങളുടെ വിശ്വാസം ശാസ്ത്രത്തെ തോൽപ്പിച്ചുവെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്കിനിയും അജ്ഞാതമായ ഏതൊക്കെയോ മേഖലകൾ ശാസ്ത്രത്തിനുണ്ടെന്ന് മനസ്സിലാക്കിയാൽ മതി. ശാസ്ത്രവും വിശ്വാസവും കെട്ടുപിണഞ്ഞുകിടക്കുന്നുവെന്നതിന്‌ ചില ഉദാഹരണങ്ങൾ പരിശോധിക്കാം. ഓരോന്നിനെയും രണ്ടുതരം വീക്ഷണങ്ങളിലൂടെയും വിലയിരുത്താം...

1. മനഃശാസ്ത്രം ശാസ്ത്രമോ വിശ്വാസമോ ?
2. വൈദ്യശാസ്ത്രം ശാസ്ത്രമോ വിശ്വാസമോ ?
3. വാസ്തുവും ജ്യോതിഷവും മന്ത്രങ്ങളും ശാസ്ത്രമോ വിശ്വാസമോ ?
എന്നിങ്ങനെ മൂന്ന് ഉദാഹരണങ്ങൾ പരിഗണിക്കാം.

1. മനഃശാസ്ത്രം ശാസ്ത്രമോ വിശ്വാസമോ ?

മനഃശാസ്ത്രം ഒരു ശാസ്ത്രമാണ്‌:- മനുഷ്യശരീരത്തിൽ നാഡീവ്യൂഹങ്ങളും ഹോർമോൺവ്യവസ്ഥകളും മറ്റുഘടകങ്ങളും ഒത്തുചേർന്ന് പ്രവർത്തിപ്പിക്കുന്നതിനെ ഫലമായി രൂപപ്പെടുന്ന ഒരു അവസ്ഥയാണ്‌ മനസ്സ്. ശരീരം മനസ്സിനെയും മനസ്സ് ശരീരത്തെയും പരസ്പരം സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. വ്യായാമമുറകൾ, മരുന്നുകൾ എന്നിവവഴി മനസ്സിനെ സ്വാധീനിക്കാം. മാനസികനിലയെ ക്രമീകർക്കുന്നതിന്റെ ഫലമായി ശാരീരികമായ ആരോഗ്യം മെച്ചപ്പെടുത്താം. ബോധപൂർവ്വമല്ലാതെ സംഭവിക്കുന്ന പ്രവർത്തനങ്ങളായ റിഫ്ലക്സ് പ്രവർത്തനങ്ങൾ അപബോധമനസ്സ് എന്ന പരിധിയിൽ വരുന്നു. ശരീരം എന്നത് ഹാർഡ് വെയറും മനസ്സ് എന്നത് സോഫ്റ്റ്വെയറും ആണ്‌. ഒരു വൈദ്യുത ഉപകരണം പ്രവർത്തിക്കുമ്പോൾ അതിനുചുറ്റും വൈദ്യുതകാന്തിക മണ്ഡലം ഉണ്ടാകുന്നു. ആയിരക്കണക്കിനു നാഡികളിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന വൈദ്യുത രാസസന്ദേശങ്ങളാണ്‌ മനുഷ്യമനസ്സ് എന്നും നിർവ്വചിക്കാം. ഈ പ്രതിഭാസം ശരീരത്തിനു ബാഹ്യഭാഗത്തേക്കും കൂടി മനസ്സ് എന്ന മണ്ഡലത്തിന്റെ വ്യാപനത്തിനു കാരണമാകുന്നു. മനസ്സ് എന്നത് ശരീരത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന സിദ്ധാതത്തിന്റെ കാരണം ഇതാണ്‌. മനസ്സ് എന്നതിന്റെ ശാസ്ത്രീയ നിർവ്വചങ്ങൾ ധാരാളമുണ്ട്.

മനഃശാസ്ത്രം ഒരു വിശ്വാസമാണ്‌:- മനസ്സ് എന്നത് ഉറച്ച ധാരണകളിലും (വിശ്വാസങ്ങളിലും) യുക്തിയിലും അധിഷ്ഠിതമാണ്‌. ബോധമനസ്സ്, ഉപബോധമനസ്സ് എന്നിങ്ങനെ രണ്ടായി തിരിക്കാം. ഈ നിമിഷം നിങ്ങളുടെ മനസ്സിൽ ഏതാനും ചിന്തകൾ ഉണ്ടായിരിക്കും. ഇതാണ്‌ ബോധമനസ്സ്. മറ്റൊരവസരത്തിൽ, അല്ലെങ്കിൽ ഒരവസരം വരുമ്പോൾ ബോധത്തിലേക്ക് കടന്നുവരാവുന്ന ഒട്ടനവധി വിവരങ്ങളുടെ കൂമ്പാരത്തെ ഉപബോധമനസ്സ് എന്നുപറയും. രണ്ടും പ്രവർത്തിക്കുന്നത് തലച്ചോർ എന്ന ഹാർഡ് വെയറിൽ തന്നെ. മനസ്സ് എന്നതൊരു വിശ്വാസമാണ്‌. ബോധപൂർവ്വം ശുഭചിന്തകളെ സന്നിവേശിപ്പിക്കുന്നതിലൂടെ ചിന്താധാരയിലും ജീവിതത്തിലും അനുകൂലമായ മാറ്റങ്ങളുണ്ടാക്കാനാവും. ആത്മവിശ്വാസം എന്നതും മനസ്സിന്റെ വിശ്വാസപരമായ വശമാണ്‌. മനസ്സിന്റെ വിശ്വാസപരമായ വശങ്ങൾ ധാരാളമുണ്ട്.

2. വൈദ്യശാസ്ത്രം ശാസ്ത്രമോ വിശ്വാസമോ ?

വൈദ്യശാസ്ത്രം ഒരു ശാസ്ത്രം:-  നിങ്ങൾ മരുന്നിലോ മരുന്നു നൽകുന്ന വൈദ്യനിലോ വിശ്വസിക്കുന്നില്ലെങ്കിലും മരുന്ന് ഉള്ളിൽ ചെന്നാൽ അത് പ്രവർത്തിക്കുകതന്നെ ചെയ്യും. അതിന്റെ ഫലവും ഉണ്ടാവും. മരുന്നിന്റെ ഫലം കിട്ടണമെങ്കിൽ നിങ്ങൾ ശരീരശാസ്ത്രത്തെക്കുറിച്ചോ മരുന്നിന്റെ രാസഘടനയെക്കുറിച്ചോ അറിയണമെന്നില്ല. കൊച്ചുകുട്ടികളിലും ബോധരഹിതരായി കിടക്കുന്ന രോഗികളിലും മരുന്ന് പ്രവർത്തിക്കുന്നുവെന്നത് വൈദ്യശാസ്ത്രം ഒരു ശാസ്ത്രമാണെന്നതിന്റെ തെളിവായി കരുതാം. നിങ്ങളുടെ വിശ്വാസം എന്തുതന്നെ ആയിക്കൊള്ളട്ടെ ശാസ്ത്രം അവിടെ പ്രവർത്തിക്കുകയും ഫലം തരികയും ചെയ്യുന്നുണ്ട്.

വൈദ്യശാസ്ത്രം ഒരു വിശ്വാസം:- മരുന്നിലും വൈദ്യനിലുമുള്ള വിശ്വാസം രോഗിയെ മാനസികവും അതുവഴി ശാരീരികവുമായി മെച്ചപ്പെടുത്തുന്നു. രോഗാവസ്ഥയെ ഭേദപ്പെടുത്തുന്നു. ശുഭാപ്തി വിശ്വാസത്തൊടെ ചികിത്സയെ സ്വീകർക്കുന്നവരും, താൽപര്യമില്ലാതെ ചികിത്സയ്ക്കെത്തുന്നവരും തമ്മിൽ താരതമ്യം ചെയ്താൽ ശുഭാപ്തിവിശ്വാസത്തോടുകൂടി ചികിത്സ നേടുന്നവരിൽ കൂടുതൽ നല്ലഫലങ്ങൾ ഉണ്ടാവുന്നതായി കാണാം. ആത്മവിശ്വാസത്തോടുകൂടെ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർമാരിൽ വിജയസാധ്യത കൂടുതലാണ്‌. വൈദ്യശാസ്ത്രം ഒരു വിശ്വാസവും കൂടിയാണെന്നതിന്‌ നിരവധി ഉദാഹരണങ്ങളുണ്ട്.

3. വാസ്തുവും ജ്യോതിഷവും മന്ത്രങ്ങളും ശാസ്ത്രമോ വിശ്വാസമോ ?

വാസ്തുവു ജ്യോതിഷവും മന്ത്രങ്ങളും ശാസ്ത്രങ്ങൾ:- ഇത്തരം കാര്യങ്ങളിൽ താൽപര്യമുള്ളവരെ വിശ്വാസികൾ എന്നാണ്‌ വിളിക്കുന്നതുപോലും. പക്ഷെ ഇത്തരം കാര്യങ്ങൾ ശാസ്ത്രമാണെന്നുതന്നെ കരുതാം. ഉപയോഗിക്കുന്നവരുടെ വിശ്വാസമോ ഇഷ്ടാനിഷ്ടങ്ങളോ ഒന്നും ആശ്രയിച്ചല്ല അവ പ്രവർത്തിക്കുന്നത്. ശാസ്ത്രമായാൽ അങ്ങനെ പ്രവർത്തിക്കാനേ തരമുള്ളൂ. ഭുഗുരുത്വാകർഷണത്തിൽ വിശ്വാസിക്കാതിരുന്നതുകൊണ്ടോ ഇഷ്ടമില്ലാതിരുന്നതുകൊണ്ടോ ഐസക്ന്യൂട്ടണെ ബഹുമാനിക്കാതിരുന്നതുകൊണ്ടോ ആരും ഭൂമിയിൽ നിന്നും പറന്നുപോകില്ല. ശാസ്ത്രമാണെങ്കിൽ അത് പ്രവർത്തിക്കുകതന്നെ ചെയ്യും. ജ്യോതിഷവും മന്ത്രങ്ങളുമൊക്കെ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ വിശ്വാസത്തിന്‌ പ്രാധാന്യം കൊടുത്ത് സംസാരിക്കുന്നെങ്കിൽ അവർക്ക് ശാസ്ത്രത്തിൽ അജ്ഞതയുണ്ടോയെന്ന് സംശയിക്കണം. വിശ്വാസികളുടെ (customers-ന്റെ) വിശ്വാസത്തെ (മനസാന്നിദ്ധ്യത്തെ) പരമാവധി പ്രയോജനപ്പെടുത്താൻ ശാസ്ത്രത്തിൽ അജ്ഞതയുള്ളവർ ശ്രമിച്ചേക്കും. നാട്ടുനടപ്പിന്റെ ഭാഗമായി കയറിക്കൂടിയ ആചാരങ്ങളൊഴികെയുള്ള ക്ഷേത്രാചാരങ്ങളും ശാസ്ത്രമാണ്‌. വൃതാനുഷ്ഠാനം ഒരു വിശ്വാസമല്ല; ശാസ്ത്രമാണ്‌. പ്രകൃതിചികിത്സയുടെ ഭാഗമായി ഇതേരീതിയിലുള്ള ഭക്ഷണക്രമവും ജീവിതരീതിയും അനുഷ്ഠിച്ചാലും ശരീരത്തിനും മനസ്സിനും ഇതേപോലെ ഉണർവ്വുണ്ടാകുന്നതാണ്‌.

വാസ്തുവും ജ്യോതിഷവും മന്ത്രങ്ങളും വിശ്വാസങ്ങൾ:- ഇവയോക്കെ വലിയ തൃപ്തിക്കും ഐശ്വര്യത്തിനും കാരണമാകുന്നുവെന്ന ധാരണ മാനസികമായി വളരെയേറെ സൗഖ്യപ്പെടുത്തുന്നു. ഇവയ്ക്കൊക്കെ വിശ്വാസം എന്ന പേരുള്ളതുകൊണ്ട് മാനസികമായ എല്ലാ പാകപ്പെടുത്തലുകളും സ്വീകാര്യതകളും കൂടുതലായും സംഭവിക്കുന്നു. മാനസികവും ശാരീരികവുമായ സൗഖ്യത്തിനുപോലും കാരണമാകുന്നു. ആചാരത്തിന്റെ ഭാഗമായി വൃതമെടുക്കുന്നവർ വലിയോരു ശുഭപ്രതീക്ഷയോടുകൂടെയായിരിക്കും അതിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതവരുടെ ആരോഗ്യത്തെയും സന്തുലിതാവസ്ഥയെയും കൂടുതൽ കാര്യക്ഷമമായി സ്വാധീനിക്കുന്നു.

ശാസ്ത്രത്തിൽ വിശ്വസിക്കാം. വിശ്വസിക്കുന്നതിൽ ശാസ്ത്രീയത കണ്ടെത്താം. ശാസ്ത്രമാണോ വിശ്വാസമാണോ എന്ന ചോദ്യം അപ്രസക്തമാകുന്നു.

21 comments:

  1. നല്ല ചിന്തകള്‍ ... ഇത്തിരി കൂടി ഗഹനമായ ഒരു നിരീക്ഷണം ആവശ്യപ്പെടുന്ന വിഷയം തന്നെ ... ആശംസകള്‍ :)

    ReplyDelete
    Replies
    1. ഗഹനമായ ഒരു നിരീക്ഷണം ആവശ്യമാണ്‌.
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

      Delete
  2. നല്ല അറിവുകള്‍ തന്നെ .

    ReplyDelete
    Replies
    1. വരവിനും വായനയ്ക്കും നന്ദി...

      Delete
  3. http://mljagadees.wordpress.com/2010/06/17/rationalism-beliefs/

    ReplyDelete
    Replies
    1. വായിച്ചു. ഒരേ വിഷയമെങ്കിലും വ്യത്യസ്തമേഖലയെ ആണ്‌ സ്പർശിച്ചിരിക്കുന്നത്. അഭിപ്രായം അവിടെ എഴുതിയിട്ടുണ്ട്. പല വിയോജിപ്പുകളുമുണ്ട്. (ലേഖനം വായിക്കാതെ അഭിപ്രായം വായിച്ചാൽ മനസ്സിലാവില്ല എന്നതുകൊണ്ട് അതേക്കുറിച്ചുള്ള അഭിപ്രായം ഇവിടെ എഴുതുന്നില്ല.)

      സ്വാർത്ഥതയിലടിസ്ഥനമായ സഹകരണത്തെ വിശ്വാസം എന്ന് വിളിക്കാനാവില്ല എന്ന നിരീക്ഷണത്തോട് യോജിക്കുന്നു.

      Delete
  4. ശാസ്ത്രവും വിശ്വാസവും ആവശ്യമുണ്ട്. രണ്ടും അറിയാതെയെങ്കിലും ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്.

    ReplyDelete
  5. വിശ്വാസം നല്ലതാണ് ..അത് അമിതമാവുംബോഴാണ പ്രശനം !
    അമിതമായാല്‍ വിശ്വാസവും വിഷമാണ് എന്നാണല്ലോ !!

    ചിന്തകള്‍ വളരട്ടെ ,,ആകാശത്തോളം
    നല്ല ആശംസകള്‍
    @srus..

    ReplyDelete
    Replies
    1. വളരെ നന്ദി Asrus...

      Delete
  6. എന്താണ് ശാസ്ത്രം ( science ) എന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുടെ അടിസ്ഥാനത്തിലല്ല ഈ പോസ്റ്റ് എഴുതിയതെന്ന് തോന്നുന്നു. ആർ വി ജി മേനോന്റെ ഒരു ലേഖനത്തിൽ നിന്ന് ഇത് സംബന്ധിച്ച ഒരു വിവരണം താഴെ കൊടുക്കുന്നു.

    ശാസ്ത്രത്തിന്റെ രീതിയുടെ സവിശേഷതകൾ ഇവയാണ്.

    1. അവ പരീക്ഷണത്തിലും യുക്തിചിന്തയ്ക്കും പുറമേ പരീക്ഷണങ്ങളിൽ അടിയുറച്ചതാണ്.

    2. പരീക്ഷണത്തിലൂടെ തെറ്റാണോ ശരിയാണോ എന്നു കൃത്യമായി പരിശോധിക്കാവുന്ന പ്രമേയങ്ങൾ മാത്രമെ ശാസ്ത്രത്തിന്റെ പരിധിയിൽ വരൂ. ( ഉദാഹരണം : ഈ പ്രപഞ്ചം സൃഷ്ടിച്ചത് സർവ്വജ്ഞനും സർവ്വശക്തനും സർവ്വവ്യാപിയുമായ ദൈവമാണ് എന്ന പ്രസ്താവന നോക്കൂ. ഇത് തെറ്റാണെന്ന് തെളിയിക്കാവുന്ന ഒരു പരീക്ഷണവും നമുക്ക് നിലവിൽ നടത്താനാവില്ല. ശരിയാണെന്നും പരീക്ഷണത്തിലൂടെ തെളിയിക്കാനാവില്ല. അതുകൊണ്ടു തന്നെ ഇതൊരു ശാസ്ത്രീയമായ പ്രസ്താവനയല്ല. എന്നാൽ പ്രപഞ്ച സൃഷ്ടി നടന്നത് 4004 ബി സി യിൽ ആയിരുന്നു എന്ന പ്രസ്താവമോ ? അതു തെറ്റാണെന്ന് തെളിയിക്കാവുന്ന എത്രയോ പരീക്ഷണങ്ങൾ ഉണ്ട്. അതുപോലെ തന്നെ ആദ്യം മനുഷ്യനെ സൃഷ്ടിച്ചു, പിന്നെ മറ്റു ജീവജാലങ്ങളെ സൃഷ്ടിച്ചു എന്ന പ്രസ്താവവും തെറ്റാണെന്ന് തെളിയിക്കാൻ കഴിയും. വിശ്വാസത്തിന്റെ മേഖലയിലെ പല സിദ്ധാന്തങ്ങളും തെറ്റാണെന്ന് തെളിയിക്കാൻ കഴിയാത്തവയാകയാലാണ് അവ നിലനിൽക്കുന്നത് )

    3. ഒരു സിദ്ധാന്തത്തിലും അത് എത്ര കാലം നിലനിന്നു എന്നോ ആര് സ്ഥാപിച്ചതാണെന്നോ എത്ര പേർ അതിനെ മുറുകെ പിടിക്കുന്നു എന്നോ നോക്കിയല്ല ആധികാരികത ലഭിക്കുന്നത്; മറിച്ച് പരീക്ഷണങ്ങളെ അതിജീവിക്കാൻ അതിനു കഴിയുന്നുണ്ടോ എന്നുള്ളതിനെ ആശ്രയിച്ചാണ്.

    4. പരീക്ഷണത്തിൽ തെറ്റെന്നു തെളിഞ്ഞാൽ ഏതു സിദ്ധാന്തവും തിരുത്തിയേ പറ്റൂ.

    5. ഏതു സിദ്ധാന്തത്തിനെയും അവിശ്വസിക്കാനും ചോദ്യം ചെയ്യാനും തിരുത്താനും ആർക്കും അവകാശമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് ശാസ്ത്ര ലോകത്തെ രീതി. ഇതിന്റെ മറുവശമാണ് ഒന്നിനെയും ചോദ്യം ചെയ്യാതെ അംഗീകരിക്കാതിരിക്കുക എന്നതും. ആരോഗ്യകരമായ സംശയ ദൃഷ്ടി ( a healthy skepticism) ശാസ്ത്ര രീതിയുടെ അനുപേക്ഷണീയമായ ഘടകമാണ്.

    6. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ നാമെത്തുന്ന സിദ്ധാന്തം അന്തിമമോ ശാശ്വതമോ ആയ സത്യം ആകണമെന്നില്ല. പുതിയ വസ്തുതകളോ പരീക്ഷണങ്ങളോ അതുമായി യോജിക്കാതെ വന്നാൽ അതു തിരുത്തപ്പെടാം. ഈ തിരിച്ചറിവ് ശാസ്ത്രജ്ഞർക്ക് വിനയവും പുതിയ കാര്യങ്ങളെ ഉൾക്കൊള്ളാനുള്ള തുറന്ന മനസ്സും നൽകുന്നു. അതേ സമയം നേരത്തേ സൂചിപ്പിച്ച സംശയദൃഷ്ടിയും ചോദ്യം ചെയ്യുന്ന ബുദ്ധിയും ചേരുമ്പോഴേ ശാസ്ത്രമനസ്സ് പൂർണ്ണമാകൂ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രത്തിന്റെ രീതിയുപയോഗിച്ച് പ്രപഞ്ചപ്രതിഭാസങ്ങളെ പറ്റി നമുക്ക് ഇന്നു രൂപീകരിക്കാൻ കഴിയുന്ന അറിവാണു ശാസ്ത്രം.

    ReplyDelete
    Replies
    1. ഇതെല്ലാം അടിസ്ഥാനപരമായ നിർവ്വചനങ്ങളാണ്‌. അതിനെ അംഗീകരിക്കുകയും ചെയ്യുന്നു. ലേഖനത്തിൽ എഴുതിയ കാര്യങ്ങൾ ഈ സിദ്ധാന്തത്തിന്‌ വിരുദ്ധവുമല്ല.
      പിന്നെയെന്താണ്‌.......

      Delete
  7. വേറിട്ടൊരു ചിന്ത. ശാസ്ത്രവും, വിശ്വാസവും, നല്ലത് തന്നെയാണ്. അധികം ആവരുതെന്നു മാത്രം.

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

      Delete
  8. u had a pretty research i guess............

    ReplyDelete
    Replies
    1. Thank you...Amita :)
      ഇതൊക്കെ എന്റെ ഇഷ്ടവിഷയങ്ങളാണ്‌.

      Delete
  9. നല്ല ചിന്തകള്‍....
    ആശംസകള്‍

    ReplyDelete
  10. നല്ല ധാരണയുള്ളവര്‍ക്ക് മാത്രം നീന്തിത്തുടിക്കുവാനുള്ള സമുദ്രമാണിരു വിഷയവും. അല്ലാത്തവര്‍ വെള്ളം കുടിക്കും.

    ReplyDelete
    Replies
    1. ഇരുവിഷയം ഉണ്ടോ ? ഒരുവിഷയമല്ലേയുള്ളൂ എന്നാണ്‌ ഞാൻ ചിന്തിക്കുന്നത്.

      വളരെ നന്ദി...ശ്രീക്കുട്ടൻ

      Delete
  11. ഫ്രോയിഡിനെയും ലക്കാനിനെയും ഒക്കെ ഒന്ന് വായിക്കുന്നത് നല്ലതാണ്.

    ReplyDelete
    Replies
    1. ശാസ്ത്രത്തെക്കുറിച്ചും ആധുനിക മനശാസ്ത്രത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമോക്കെ എഴുതിയിരിക്കുന്നത് വായിച്ചിട്ടുണ്ട്. എന്നാൽ ഞാൻ എഴുതിയതുപോലുള്ള കാഴ്ചപ്പാടിൽ എഴുതിയിരിക്കുന്നത് കണ്ടിട്ടില്ല.

      "ശാസ്ത്രത്തിൽ വിശ്വസിക്കാം. വിശ്വസിക്കുന്നതിൽ ശാസ്ത്രീയത കണ്ടെത്താം. ശാസ്ത്രമാണോ വിശ്വാസമാണോ എന്ന ചോദ്യം അപ്രസക്തമാകുന്നു."

      Delete