Friday, March 28, 2014

ഭക്തജനങ്ങളുടെയും മറ്റ് ജനങ്ങളുടെയും ശ്രദ്ധയ്ക്ക്

അരയേക്കറിലധികം വിസ്തൃതമായ തരിശുനിലം. അതിനുനടുവിലായി ക്ഷേത്രവും കൊടിമരവും മുറ്റവും. വടക്കുകിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന സർപ്പക്കാവാകട്ടെ, സർപ്പങ്ങളുടെ ബിംബങ്ങളുള്ള ഒരു തറ. വെയിലിൽ ചുട്ടുപൊള്ളി നിൽക്കുന്ന കാവ്. ഏതാനും ചെറിയ ചെടികൾ നിൽക്കുന്നതുമാത്രമാണ്‌ കാവിൽ പച്ചപ്പിന്റെ അംശം. എറണാകുളം ജില്ലയിലെ ഒരു ക്ഷേത്രത്തിന്റെ ദൃശ്യമാണിത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പൈതൃകത്തിനു യോജിക്കുന്നവിധം സംരക്ഷിക്കപ്പെടാത്ത ക്ഷേത്രങ്ങൾ നിരവധിയാണ്‌. അജ്ഞതകാരണവും ആഢംബരഭ്രമം കാരണവും ക്ഷേത്രങ്ങൾ വെറും ബിൽഡിംഗുകൾ ആയി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്‌ നാം കാണുന്നത്. വയലറ്റോ മഞ്ഞയോ നിറത്തിൽ പെയിന്റടിച്ച വാർക്കക്കെട്ടിടങ്ങൾ പോലുള്ള ക്ഷേത്രങ്ങൾ ഗ്രാമങ്ങളിൽ പോലും കാണാം. മെറ്റൽ നിരത്തിയ മുറ്റവും.

മുറ്റവും പ്രദക്ഷിണവഴിയും


ഏതാനും പതിറ്റാണ്ടു മുൻപുവരെ കേരളീയക്ഷേത്രങ്ങളുടെ മുറ്റത്ത് പച്ചപ്പായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്; തീരദേശങ്ങളിലൊഴികെ. പ്രദക്ഷിണവഴിയിൽ മാത്രം കല്ലുകൾ പാകിയിരുന്നു. എന്നാൽ പിൽക്കാലത്ത് മുറ്റത്തെ പുല്ല് നീക്കം ചെയ്ത് മണൽ വിരിയ്ക്കുകയും ചിലയിടങ്ങളിൽ മെറ്റൽ നിരത്തുകയും ചെയ്തു. ഇതോടുകൂടെ പച്ചപ്പിന്റെ ഐശ്വര്യം ഇല്ലാതായെന്നുമാത്രമല്ല, ചൂട് വർദ്ധിക്കുകയും ചെയ്തു. ഉപഭോഗസംകാരത്തിന്റെ ഭാഗമായി കടന്നുവന്ന പരിഷ്കരണങ്ങൾ ഇന്ന് ക്ഷേത്രമുറ്റവും കൈയ്യടക്കിക്കൊണ്ടിരിക്കുന്നു. കാര്യങ്ങൾ വീണ്ടും ദോഷകരമായരീതിയിൽ പൊയ്ക്കൊണ്ടിരിക്കുന്നു. മുറ്റത്തെ മണൽ നീക്കം ചെയ്തും പ്രദക്ഷിണവഴിയിൽ പാകിയിരിക്കുന്ന കല്ലുകൾ നീക്കം ചെയ്തും ടൈലുകൾ നിരത്തുന്നതിനെ വിനാശകരമായ വിഡ്ഢിത്തം എന്നുതന്നെ വിശേഷിപ്പിക്കണം. ക്ഷേത്രദർശനവും പ്രദക്ഷിണവും നടത്തുമ്പോൾ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ടതായ ഭൂമീസമ്പർക്കവും ടൈൽ, ഇന്റർലോക്ക് ഇഷ്ടികകൾ എന്നിവയിൽ ചവുട്ടിനടക്കുന്നവർക്ക് കിട്ടാതെപോവുന്നു. ചെരുപ്പിടാതെ കല്ലിലും മണ്ണിലും ചെടിയിലും ചവുട്ടിനടന്നാൽ കിട്ടുന്ന ഗുണത്തിന്റെ ചെറിയോരംശമ്പോലും വീടിനുള്ളിലെ മാർബിളിലും സിമന്റിലും ടൈലിലും ചവുട്ടിയാൽ കിട്ടുന്നില്ലെന്ന് പ്രകൃതിചികിത്സകരും സാക്ഷ്യപ്പെടുത്തുന്നു. ഗുണമില്ലെന്നുമാത്രമല്ല, ദോഷമായിത്തീരാനുമിടയുണ്ട്. വെള്ളമിറങ്ങാത്തമുറ്റം പരിസ്ഥിതിക്കും ദോഷമാണ്‌. അനാവശ്യവും ദോഷഫലങ്ങളുണ്ടാക്കുന്നതുമായ ഇത്തരം മാതൃകകൾ ഈശ്വരന്റെ പേരിൽ ചെയ്തുകാണിച്ചുകൊടുക്കുന്നതിലൂടെ സമൂഹത്തിനും തെറ്റായ സന്ദേശമാണ്‌ നൽകുന്നത്.

ദ്രവ്യങ്ങളിലെ ഗുരുത്വമില്ലായ്മ

ഒരു ലോഹം ശുദ്ധിചെയ്തശേഷമാണ്‌ വിഗ്രഹം നിർമ്മിക്കുന്നത്. ഇതിനെ ഗുരുത്വം വർദ്ധിപ്പിക്കുന്ന പ്രക്രിയയായി കരുതാം. അതിനുശേഷം അഭിഷേകവും ചെയ്യുന്നു. ഇങ്ങനെ ബാഹ്യവും ആന്തരികവുമായ ശുദ്ധിവരുത്തിയശേഷമാണ്‌ പൂജകൾ ചെയ്യുന്നത്. ഗുരുത്വമുണ്ടെങ്കിലേ മന്ത്രചൈതന്യത്തെ ആദേശം ചെയ്യുവാനും പ്രസരിപ്പിക്കുവാനും സാധിക്കൂ. മനുഷ്യശരീരത്തിന്റെ കാര്യത്തിലും പൂജാദ്രവ്യങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ്‌ സ്ഥിതി. ദ്രവ്യങ്ങളുടെ നൈസർഗ്ഗികഘടനയാകുന്ന പരിശുദ്ധി ഉറപ്പാക്കുകയും മായമെന്നോ വിഷമെന്നോവിശേഷിപ്പിക്കാവുന്ന അന്യവസ്തുക്കൾ കൂടിക്കലർന്നിട്ടില്ലെന്നും ഉറപ്പാക്കണം. വാഴയിലയിലോ തേക്കിലയിലോ കിട്ടിയിരുന്ന പ്രസാദം ഇപ്പോൾ പ്ലാസ്റ്റിക് ടിന്നിലാണ്‌ കിട്ടുന്നത്. ചൂടുപായസം പ്ലാസ്റ്റിക്കിൽ നിറച്ചുകഴിയുമ്പോൾ അത് വിഷമയമായിത്തീരുന്നു. മന്ത്രതന്ത്രങ്ങൾ മാത്രമല്ല ക്ഷേത്ര ചൈതന്യത്തെ നിലനിർത്തുന്നത്; ദ്രവ്യങ്ങളുടെ ഗുരുത്വംകൂടിയാണ്‌. പുഷ്പങ്ങൾ, ഫലങ്ങൾ, ക്ഷീരം, നെയ്യ്, എണ്ണ, ജലം, ധാന്യങ്ങൾ എന്നിങ്ങനെയുള്ള വസ്തുക്കളാണ്‌ പൂജാദ്രവ്യങ്ങൾ. ഇവയ്ക്ക് നൈസർഗ്ഗികമായ ഒരു ജൈവഘടനയും രാസഘടനയുമുണ്ട്. ആ ഘടനയിൽ നിന്നും വേറിടാത്ത വസ്തുക്കളാണ്‌ പൂജയ്ക്കായി ഉപയോഗിക്കേണ്ടത്. ഘടനയിലുള്ള കൃത്യതയും ശുദ്ധതയും ആണ്‌ ഇവിടെ ഗുരുത്വം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. കിണറ്റിലെ വെള്ളം കോരിക്കുടിച്ചാൽ കിട്ടുന്ന ഉന്മേഷം കുഴൽ കിണറ്റിലെ വെള്ളം കുടിച്ചാൽ കിട്ടില്ല. ഭൂഗർഭജലത്തിൽ പ്രാണവായുവില്ല, അത് ജീവജലമല്ല. ഓജസ്സിനെ പ്രദാനം ചെയ്യാൻ അതിനുകഴിയില്ല. നാടൻ ഇനങ്ങളിൽ പെട്ട അരിയുടെ ഒരുപിടി ചോറുണ്ടാൽ വിശപ്പും ക്ഷീണവും മാറും. എന്നാൽ അത്യുൽപാദനശേഷികൂടിയ ഇനമാണെങ്കിൽ ഒരുപിടി അരിയുടെ ചോ് കഴിക്കേണ്ടിവരും. ഇന്നാലും ക്ഷീണം മിച്ചം. പാൽ ഉൽപന്നങ്ങളുടെ കാര്യവും അങ്ങനെതന്നെ. അവശ്യം വേണ്ടതായ ധാതുക്കൾ ഉണ്ടായിരിക്കുന്നതും ശരിയായ അനുപാതത്തിൽ ഉണ്ടായിരിക്കുന്നതും നാടൻ പശുവിന്റെ ക്ഷീരത്തിലാണ്‌. പഞ്ചഗവ്യം തയ്യാറക്കുന്നതിനും നാടൻ പശു കൂടിയേതീരൂ. ക്ഷേത്രാധികാരികളുടെയും പൂജാവസ്തുക്കൾ സമർപ്പിക്കുന്ന ഭക്തജങ്ങങ്ങളുടെയും അജ്ഞതകാരണം ഇത്തരം കാര്യങ്ങളിലെല്ലാം മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു.

ആനയുണ്ടെങ്കിലേ ആനച്ചന്തമുള്ളൂ

സഹ്യന്റെ മക്കൾ എന്നാണ്‌ കേരളീയ ആനകളെ വിശേഷിപ്പിക്കുന്നത്. ദേശീയ പൈതൃകമൃഗം ആണ്‌ ആന. കേരളത്തിന്റെ സംസ്ഥാന മൃഗവും ആനതന്നെ. വൃക്ഷനിബിഡവും ഉഷ്ണരഹിതവുമായ ആവാസവ്യവസ്ഥയാണ്‌ ഇവയ്ക്ക് അനുയോജ്യം. സസ്യസമ്പന്നവും ജലസ്രോതസ്സുകളാൽ അനുഗ്രഹീതവുമായ പ്രകൃതി. മനുഷ്യന്റെ ഇടപെടീൽ കാരണം ഉഷ്ണഭൂമിയായിക്കൊണ്ടിരിക്കുന്ന കേരളം ആനകൾക്ക് ഏറെ അസുഖകരം തന്നെ. നമ്മുടെ സാംസ്കാരികത്തനിമയുടെ ഒരു ഭാഗംകൂടിയാണ്‌ ഈ ആനകൾ. പക്ഷെ അവയെ വെറും കാഴ്ചവസ്തുക്കളെപ്പോലെയാണ്‌ പരിഗണിക്കുന്നത്. ഗജമേളകളും ആനപ്രേമികളും എത്രയോ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ മനുഷ്യനുപോലും താങ്ങാനാവാത്ത കൊടുവെയിലിൽ ആനകൾക്ക് കഷ്ടത അനുഭവിക്കേണ്ടിവരുന്നു. എന്തുചെയ്യാനാവും ? ഉത്സവങ്ങളോടനുബന്ധിച്ചും ഗജമേളകളോടനുബന്ധിച്ചും ആനകളെ എഴുന്നള്ളിക്കുന്ന സ്ഥിരം പാതകളുണ്ട്. ഇത്തരം സ്ഥലങ്ങളിൽ സ്വാഭാവികവും ഉഷ്ണരഹിതവുമായ ആവാസ വ്യവസ്ഥ ഒരുക്കുക. അതിന്‌ ‘ആനപ്രേമികൾ’ യഥാർത്ഥ ആനപ്രേമികളും ‘ഭക്തന്മാർ’ യഥാർത്ഥ ഭക്തന്മാരും ആയിത്തീരേണ്ടതുണ്ട്. എങ്കിലേ സഹ്യനും സഹ്യന്റെ മക്കളും രക്ഷപെടൂ.

“ഒരു നിർമ്മിതി കണ്ടാൽ അതവിടെ നിർമ്മിച്ചതായല്ല, അവിടെ മുളച്ചുവന്നതായി തോന്നണം”. ദേവാലയമായാലും മനുഷ്യാലയമായാലും ഇതുതന്നെയായിരിക്കണം അടിസ്ഥന പ്രമാണം. ഇത്തരം മാതൃകാപരമായ നിർമ്മിതിയായിരിക്കണം മാതൃകയായിരിക്കണം ഓരോ ക്ഷേത്രവും; ഒരോ ദേവാലയവും. എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്‌ നമ്മുടെ ക്ഷേത്രപാരമ്പര്യം. പക്ഷെ, കഴിഞ്ഞ അൻപത് വർഷത്തിനുള്ളിൽ സംഭവിച്ച വിനാശകരമായ പരിവർത്തങ്ങൾ നിരവധിയാണ്‌; പതിനഞ്ച് വർഷങ്ങൾക്കുള്ളിൽ പ്രത്യേകിച്ചും. അനേക നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും പുരാവസ്തുമൂല്യമുള്ളതുമായ ശിലകളും കൊത്തുപണികളും ഇളക്കിമാറ്റിക്കളഞ്ഞും പുനരുദ്ധാരണം നടപ്പാക്കാറുണ്ട്. പ്രകൃതിയെയും മലകളെയും പുഴകളെയും ആദരിക്കണമെന്ന് പഠിപ്പിക്കുന്ന ആർഷഭാരത സംസ്കാരത്തിലെ ക്ഷേത്രങ്ങളുടെ ഉത്സവനോട്ടീസുകളിൽ എർത്ത് മൂവേഴ്സിന്റെയും ബോർവെൽസിന്റെയും പരസ്യങ്ങൾ കയറിപ്പറ്റുന്നത് വിരോധാഭാസമാണ്‌. അജ്ഞതയും ആഢംബരഭ്രമവും മാറ്റിവച്ചേ മതിയാവൂ. ഇത് കേവലം വിശ്വാസികളുടെ മാത്രം പ്രശ്നമല്ല, സമൂഹത്തിന്റെയാകെ പ്രശ്നമാണ്‌. ക്ഷേത്രങ്ങൾ ശരിയായ മാതൃകകളായിത്തീരണം.

ബോധപൂർവ്വമായിരിക്കണമെന്നില്ല. ‘വികസനത്തെ’ക്കുറിച്ച് ചിന്തിക്കാത്തതുകൊണ്ടോ പ്രായോഗികബുദ്ധിമുട്ടുകൾകൊണ്ടോ മാത്രം നശിപ്പിക്കപ്പെടാതിരിക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. ഇതുവരെ ഭാഗ്യം തുണച്ചുവെന്നുമാത്രം. അങ്ങനെയുള്ള ക്ഷേത്രങ്ങളും മറ്റ് ദേവാലയങ്ങളും മനുഷ്യാലയങ്ങളും യഥാസ്ഥിതിയിൽ തുടരുന്നതിനെങ്കിലും ഈ ലേഖനം ഉപകാരപ്പെടുന്നെങ്കിൽ നല്ലത്. “ക്ഷേത്രപുനരുദ്ധാരണം” എന്നപേരിലാണ്‌ ഈ ദോഷകരമായ നിർമ്മിതികൾ നടക്കുന്നത്. അവയെ തടയാൻ പരമാവധി നമുക്ക് കഴിയട്ടെ.

Thursday, March 20, 2014

'മാർക്സും മൂലധനവും' - പ്രൊഫ.വി.അരവിന്ദാക്ഷൻ

Marxum Mooladhanavum Prof. V. Aravindakshan

ജർമനിയിലെ പുരാതനമായ ഒരു പട്ടണമാണ്‌ ത്രിയർ. റോമാക്കാരാൽ സ്ഥാപിതമായ പട്ടണം. മാർക്സിന്റെ ജന്മസ്ഥലം. ജർമനിയിൽ ഏറെക്കാലം രാജഭരണവും ജന്മിത്വവും കൊടികുത്തിവാണിരുന്നു. അതുകൊണ്ടുതന്നെ വിപ്ലവാശയങ്ങൾക്ക് സാധാരണക്കാരുടെയിടയിൽ വലിയ സ്വീകാര്യതയും ലഭിച്ചു. അങ്ങനെ ജനാധിപത്യത്തിനും സമത്വത്തിനും വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ ഉയർന്നുവന്നിരുന്ന ഒരു കാലഘട്ടത്തിലാണ്‌ കാൾ ഹൈന്‌റിഷ് മാർക്സ് ജനിക്കുന്നത്. 1818 മെയ് 5ന്‌. മാർക്സിന്റെ ജനനം മുതൽ ജീവിതാവസാനം വരെയുള്ള സംഭവബഹുലമായ ജീവിതത്തിന്റെ സംഗ്രഹമാണ്‌ ‘മാർക്സും മൂലധനവും’ എന്ന ഈ പുസ്തകം. വ്യക്തിജീവിതത്തിനും അതുവഴി ആദർശങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള രചന.

പുരോഗമനാശയങ്ങളിലുള്ള ആവേശം, തത്ത്വചിന്തയിലുള്ള വർദ്ധിച്ച താൽപര്യം, ബുദ്ധിശക്തി, ഉറച്ച ലക്ഷ്യബോധം, അക്ഷീണപരിശ്രമം എന്നിവയെല്ലാം ചേർന്നതാണ്‌ അദ്ധേഹത്തിന്റെ വ്യക്തിത്വം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അധികാരികളുടെയും മുതലാളിത്ത വ്യവസ്ഥയുടെ വക്താക്കളുടെയും സ്വൈര്യം കെടുത്തി. പ്രവർത്തങ്ങളുടെ ആദ്യകാലത്തുതന്നെ ഫ്രെഡറിക് ഏംഗൽസ് എന്ന മഹാനായ സോഷ്യലിസ്റ്റ് പ്രവർത്തകനെ സുഹൃത്തായി ലഭിച്ചു. കർമ്മരംഗത്തും കുടുംബസുഹൃത്തെന്ന നിലയിലും ജീവിതാവസാനം വരെ ആ സൗഹൃദം തുടർന്നിരുന്നതായി നമുക്കുകാണാൻ കഴിയും. വിപ്ലവാത്മകപ്രവർത്തനങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചതുമുതൽ മാർക്സിന്റെ ജീവിതത്തിലേക്ക് ദുരിതങ്ങളും വ്യക്തിപരമായ ദുരന്തങ്ങളും ഓരോന്നായി കടന്നുവന്നു. കുടുംബജീവിതത്തിൽ ഏറെ ത്യാഗം സഹിക്കേണ്ടിവന്നു. എങ്കിലും സമത്വത്തിനും സോഷ്യലിസത്തിനും വേണ്ടി നിലയുറപ്പിച്ച് പോരാടുകതന്നെ ചെയ്തു. ശാസ്ത്രീയമായ ഒരു അടിത്തറയുണ്ടാക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു.

അധികാരികളുടെ എതിർപ്പിനെ മറികടക്കുകമാത്രമല്ല, വേറെയും വെല്ലുവിളികളുണ്ടായിരുന്നു. സമത്വത്തിനുവേണ്ടി വാദിക്കുന്ന അപ്രായോഗിക സമത്വവാദഗതികളാണ്‌ അതിലൊന്ന്. തൊഴിലാളികളെയും അധകൃതരെയും വ്യാമോഹിപ്പിക്കാമെന്നല്ലാതെ സോഷ്യലിലം നടപ്പാക്കാൻ ഈ സാങ്കൽപ്പിക സമത്വവാദത്തിന്‌ കഴിയുമായിരുന്നില്ല. മാർക്സിനും ഏംഗൽസിനും ഈ സമത്വവാദത്തെ മറികടക്കേണ്ടതായി വന്നു. ആവേശം മാത്രം കൈമുതലായി ഉണ്ടായിരുന്നവർ വിപ്ലവത്തിന്‌ തിടുക്കം കൂട്ടുകയും അക്ഷമയ്ക്ക് അടിമപ്പെട്ട് ഭീകരകൃത്യങ്ങൾ പോലും വിപ്ലവം എന്നപേരിൽ നടപ്പാക്കാൻ ഒരുമ്പെടുകയും ചെയ്തു. ഇത്തരം കലാപപരമായ നീക്കങ്ങൾ അധികാരികളെ ചൊടിപ്പിക്കുകയും മാർക്സിനെതിരെയുള്ള പ്രതിരോധനടപടികൾക്ക് പ്രേരിപ്പിക്കുകയും ചെയ്തു. ഇതിനെയെല്ലാം സമർത്ഥമായി തരണം ചെയ്യാൻ മാർക്സിനുകഴിഞ്ഞു.

‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’, ‘മൂലധനം’ എന്നിവയുടെ പിറവിയ്ക്ക് കാരണമായ നിരന്തരപഠനങ്ങളെയും എഴുത്തുകളെയും കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന അധ്യായങ്ങൾ ഈ പുസ്തകത്തിൽ കാണാം. “ക്ഷീണിക്കാത്ത മനീഷയുടെയും” “മഷിയുണങ്ങീടാത്ത പൊൻപേന”യുടെയും ഏറ്റവും ഗംഭീരമായ സൃഷ്ടിയാണ്‌ മൂലധനം എന്ന് വിശേഷിപ്പിക്കാം. മൂന്ന് വാല്യങ്ങളിലായി നിരവധി പേജുകളുള്ള ഗ്രന്ഥം. ആ കൃതിയെ ‘മാർക്സും മൂലധനവും’ എന്ന ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത് പ്രൊഫ.വി.അരവിന്ദാക്ഷൻ ആണ്‌. ജൈവപ്രകൃതിയുടെ വികാസനിയമം കണ്ടുപിടിച്ച ഡാർവിനെപ്പോലെ മാനവചരിത്രത്തിന്റെ വികാസനിയമം കണ്ടുപിടിച്ച ചിന്തകനായിരുന്നു മാർക്സ് എന്നാണ്‌ ഏംഗൽസ് അഭിപ്രായപ്പെട്ടത്. കാൾ മാർക്സിന്റെ ശവകുടീരത്തിനരികിൽ 1883 മാർച്ച് 17ന്‌ ഫ്രെഡറിക് ഏംഗൽസ് നടത്തിയ പ്രസംഗം അനുബന്ധമായി ചർത്തിട്ടുമുണ്ട്.

മനുഷ്യന്‌ അവന്റെ കഴിവുകൾ മുഴുവൻ പ്രകടിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്‌ ഇന്നുള്ളത്. അത്യദ്ധ്വാനത്തിനുവേണ്ടി തൊഴിലിടങ്ങളിൽ സമർപ്പിക്കപ്പെട്ട നീണ്ട മണിക്കൂറുകൾ. ക്ഷീണിച്ച ശരീരവും മുരടിച്ച മനസ്സുമായി അവൻ അന്തിയുറങ്ങുന്നു. ഇതാണ്‌ ഒരു ശരാശരി മനുഷ്യന്റെ ജീവിതചര്യ. ഫാക്ടറിയിലായിരുന്നാലും കോർപ്പറേറ്റ് സ്ഥാപങ്ങളിലെ വൈറ്റ്കോളർ ജോലിയിലായിരുന്നാലും ഇന്നും ഇതുതന്നെയാണ്‌ അവസ്ഥ. കലയുടെയും ദാർശനികതയുടെയും മണ്ഡലങ്ങളെ സ്പർശിക്കാൻ അവനുകഴിയുന്നില്ല. സമ്പൂർണ്ണമനുഷ്യനായി ജീവിക്കാൻ കഴിയുന്നില്ല. അതിനുള്ള സമയമോ അവസരമോ സാധാരണക്കാരനില്ല. ലോകത്തെയാകെ മഹാദുരന്തത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്തം ഇന്നും നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു. പ്രായോഗിക സമത്വത്തിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് ‘മാർക്സിസം’ എന്ന ആശയത്തിന്‌ വലിയ പങ്കുണ്ട്.
------------------
മാർക്സും മൂലധനവും
Marxum Mooladhanavum

Author:
പ്രൊഫ.വി.അരവിന്ദാക്ഷൻ
Prof. V. Aravindakshan

Publishers:
Kerala Sastra Sahithya Parishath, Thrissur
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, തൃശ്ശൂർ

First Edition: 1980 June
Foruth Edition (Revised): October 2013

ISBN : 978-93-83330-08-9
Pages: 108    Price: Rs.80/-

Friday, March 07, 2014

ശാസ്ത്രമോ വിശ്വാസമോ എന്നുചോദിക്കരുത്

ശാസ്ത്രവും വിശ്വാസവും spirituality kerala
ശരീരവും മനസ്സും പ്രകൃതിയുടെ ഭാഗമാണ്‌. അവ പ്രകൃതിയുടെ താളബോധത്തിനനുസരിച്ച് ചലിക്കുന്നിടത്ത് ശാസ്ത്രവും വിശ്വാസവും ഭിന്നമാകുന്നില്ല
ശാസ്ത്രമോ വിശ്വാസമോ എന്ന ചോദ്യത്തിൽത്തന്നെ അപാകതയുണ്ട്. ശാസ്ത്രത്തിൽ ഒരു വിശ്വാസവും വിശ്വാസത്തിൽ ഒരു ശാസ്ത്രവുമുണ്ട്. നിങ്ങൾ വിശ്വസിച്ചാലും  ഇല്ലെങ്കിലും ശാസ്ത്രം പ്രവർത്തിക്കും. നിങ്ങളുടെ വിശ്വാസം ശാസ്ത്രത്തെ തോൽപ്പിച്ചുവെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്കിനിയും അജ്ഞാതമായ ഏതൊക്കെയോ മേഖലകൾ ശാസ്ത്രത്തിനുണ്ടെന്ന് മനസ്സിലാക്കിയാൽ മതി. ശാസ്ത്രവും വിശ്വാസവും കെട്ടുപിണഞ്ഞുകിടക്കുന്നുവെന്നതിന്‌ ചില ഉദാഹരണങ്ങൾ പരിശോധിക്കാം. ഓരോന്നിനെയും രണ്ടുതരം വീക്ഷണങ്ങളിലൂടെയും വിലയിരുത്താം...

1. മനഃശാസ്ത്രം ശാസ്ത്രമോ വിശ്വാസമോ ?
2. വൈദ്യശാസ്ത്രം ശാസ്ത്രമോ വിശ്വാസമോ ?
3. വാസ്തുവും ജ്യോതിഷവും മന്ത്രങ്ങളും ശാസ്ത്രമോ വിശ്വാസമോ ?
എന്നിങ്ങനെ മൂന്ന് ഉദാഹരണങ്ങൾ പരിഗണിക്കാം.

1. മനഃശാസ്ത്രം ശാസ്ത്രമോ വിശ്വാസമോ ?

മനഃശാസ്ത്രം ഒരു ശാസ്ത്രമാണ്‌:- മനുഷ്യശരീരത്തിൽ നാഡീവ്യൂഹങ്ങളും ഹോർമോൺവ്യവസ്ഥകളും മറ്റുഘടകങ്ങളും ഒത്തുചേർന്ന് പ്രവർത്തിപ്പിക്കുന്നതിനെ ഫലമായി രൂപപ്പെടുന്ന ഒരു അവസ്ഥയാണ്‌ മനസ്സ്. ശരീരം മനസ്സിനെയും മനസ്സ് ശരീരത്തെയും പരസ്പരം സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. വ്യായാമമുറകൾ, മരുന്നുകൾ എന്നിവവഴി മനസ്സിനെ സ്വാധീനിക്കാം. മാനസികനിലയെ ക്രമീകർക്കുന്നതിന്റെ ഫലമായി ശാരീരികമായ ആരോഗ്യം മെച്ചപ്പെടുത്താം. ബോധപൂർവ്വമല്ലാതെ സംഭവിക്കുന്ന പ്രവർത്തനങ്ങളായ റിഫ്ലക്സ് പ്രവർത്തനങ്ങൾ അപബോധമനസ്സ് എന്ന പരിധിയിൽ വരുന്നു. ശരീരം എന്നത് ഹാർഡ് വെയറും മനസ്സ് എന്നത് സോഫ്റ്റ്വെയറും ആണ്‌. ഒരു വൈദ്യുത ഉപകരണം പ്രവർത്തിക്കുമ്പോൾ അതിനുചുറ്റും വൈദ്യുതകാന്തിക മണ്ഡലം ഉണ്ടാകുന്നു. ആയിരക്കണക്കിനു നാഡികളിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന വൈദ്യുത രാസസന്ദേശങ്ങളാണ്‌ മനുഷ്യമനസ്സ് എന്നും നിർവ്വചിക്കാം. ഈ പ്രതിഭാസം ശരീരത്തിനു ബാഹ്യഭാഗത്തേക്കും കൂടി മനസ്സ് എന്ന മണ്ഡലത്തിന്റെ വ്യാപനത്തിനു കാരണമാകുന്നു. മനസ്സ് എന്നത് ശരീരത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന സിദ്ധാതത്തിന്റെ കാരണം ഇതാണ്‌. മനസ്സ് എന്നതിന്റെ ശാസ്ത്രീയ നിർവ്വചങ്ങൾ ധാരാളമുണ്ട്.

മനഃശാസ്ത്രം ഒരു വിശ്വാസമാണ്‌:- മനസ്സ് എന്നത് ഉറച്ച ധാരണകളിലും (വിശ്വാസങ്ങളിലും) യുക്തിയിലും അധിഷ്ഠിതമാണ്‌. ബോധമനസ്സ്, ഉപബോധമനസ്സ് എന്നിങ്ങനെ രണ്ടായി തിരിക്കാം. ഈ നിമിഷം നിങ്ങളുടെ മനസ്സിൽ ഏതാനും ചിന്തകൾ ഉണ്ടായിരിക്കും. ഇതാണ്‌ ബോധമനസ്സ്. മറ്റൊരവസരത്തിൽ, അല്ലെങ്കിൽ ഒരവസരം വരുമ്പോൾ ബോധത്തിലേക്ക് കടന്നുവരാവുന്ന ഒട്ടനവധി വിവരങ്ങളുടെ കൂമ്പാരത്തെ ഉപബോധമനസ്സ് എന്നുപറയും. രണ്ടും പ്രവർത്തിക്കുന്നത് തലച്ചോർ എന്ന ഹാർഡ് വെയറിൽ തന്നെ. മനസ്സ് എന്നതൊരു വിശ്വാസമാണ്‌. ബോധപൂർവ്വം ശുഭചിന്തകളെ സന്നിവേശിപ്പിക്കുന്നതിലൂടെ ചിന്താധാരയിലും ജീവിതത്തിലും അനുകൂലമായ മാറ്റങ്ങളുണ്ടാക്കാനാവും. ആത്മവിശ്വാസം എന്നതും മനസ്സിന്റെ വിശ്വാസപരമായ വശമാണ്‌. മനസ്സിന്റെ വിശ്വാസപരമായ വശങ്ങൾ ധാരാളമുണ്ട്.

2. വൈദ്യശാസ്ത്രം ശാസ്ത്രമോ വിശ്വാസമോ ?

വൈദ്യശാസ്ത്രം ഒരു ശാസ്ത്രം:-  നിങ്ങൾ മരുന്നിലോ മരുന്നു നൽകുന്ന വൈദ്യനിലോ വിശ്വസിക്കുന്നില്ലെങ്കിലും മരുന്ന് ഉള്ളിൽ ചെന്നാൽ അത് പ്രവർത്തിക്കുകതന്നെ ചെയ്യും. അതിന്റെ ഫലവും ഉണ്ടാവും. മരുന്നിന്റെ ഫലം കിട്ടണമെങ്കിൽ നിങ്ങൾ ശരീരശാസ്ത്രത്തെക്കുറിച്ചോ മരുന്നിന്റെ രാസഘടനയെക്കുറിച്ചോ അറിയണമെന്നില്ല. കൊച്ചുകുട്ടികളിലും ബോധരഹിതരായി കിടക്കുന്ന രോഗികളിലും മരുന്ന് പ്രവർത്തിക്കുന്നുവെന്നത് വൈദ്യശാസ്ത്രം ഒരു ശാസ്ത്രമാണെന്നതിന്റെ തെളിവായി കരുതാം. നിങ്ങളുടെ വിശ്വാസം എന്തുതന്നെ ആയിക്കൊള്ളട്ടെ ശാസ്ത്രം അവിടെ പ്രവർത്തിക്കുകയും ഫലം തരികയും ചെയ്യുന്നുണ്ട്.

വൈദ്യശാസ്ത്രം ഒരു വിശ്വാസം:- മരുന്നിലും വൈദ്യനിലുമുള്ള വിശ്വാസം രോഗിയെ മാനസികവും അതുവഴി ശാരീരികവുമായി മെച്ചപ്പെടുത്തുന്നു. രോഗാവസ്ഥയെ ഭേദപ്പെടുത്തുന്നു. ശുഭാപ്തി വിശ്വാസത്തൊടെ ചികിത്സയെ സ്വീകർക്കുന്നവരും, താൽപര്യമില്ലാതെ ചികിത്സയ്ക്കെത്തുന്നവരും തമ്മിൽ താരതമ്യം ചെയ്താൽ ശുഭാപ്തിവിശ്വാസത്തോടുകൂടി ചികിത്സ നേടുന്നവരിൽ കൂടുതൽ നല്ലഫലങ്ങൾ ഉണ്ടാവുന്നതായി കാണാം. ആത്മവിശ്വാസത്തോടുകൂടെ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർമാരിൽ വിജയസാധ്യത കൂടുതലാണ്‌. വൈദ്യശാസ്ത്രം ഒരു വിശ്വാസവും കൂടിയാണെന്നതിന്‌ നിരവധി ഉദാഹരണങ്ങളുണ്ട്.

3. വാസ്തുവും ജ്യോതിഷവും മന്ത്രങ്ങളും ശാസ്ത്രമോ വിശ്വാസമോ ?

വാസ്തുവു ജ്യോതിഷവും മന്ത്രങ്ങളും ശാസ്ത്രങ്ങൾ:- ഇത്തരം കാര്യങ്ങളിൽ താൽപര്യമുള്ളവരെ വിശ്വാസികൾ എന്നാണ്‌ വിളിക്കുന്നതുപോലും. പക്ഷെ ഇത്തരം കാര്യങ്ങൾ ശാസ്ത്രമാണെന്നുതന്നെ കരുതാം. ഉപയോഗിക്കുന്നവരുടെ വിശ്വാസമോ ഇഷ്ടാനിഷ്ടങ്ങളോ ഒന്നും ആശ്രയിച്ചല്ല അവ പ്രവർത്തിക്കുന്നത്. ശാസ്ത്രമായാൽ അങ്ങനെ പ്രവർത്തിക്കാനേ തരമുള്ളൂ. ഭുഗുരുത്വാകർഷണത്തിൽ വിശ്വാസിക്കാതിരുന്നതുകൊണ്ടോ ഇഷ്ടമില്ലാതിരുന്നതുകൊണ്ടോ ഐസക്ന്യൂട്ടണെ ബഹുമാനിക്കാതിരുന്നതുകൊണ്ടോ ആരും ഭൂമിയിൽ നിന്നും പറന്നുപോകില്ല. ശാസ്ത്രമാണെങ്കിൽ അത് പ്രവർത്തിക്കുകതന്നെ ചെയ്യും. ജ്യോതിഷവും മന്ത്രങ്ങളുമൊക്കെ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ വിശ്വാസത്തിന്‌ പ്രാധാന്യം കൊടുത്ത് സംസാരിക്കുന്നെങ്കിൽ അവർക്ക് ശാസ്ത്രത്തിൽ അജ്ഞതയുണ്ടോയെന്ന് സംശയിക്കണം. വിശ്വാസികളുടെ (customers-ന്റെ) വിശ്വാസത്തെ (മനസാന്നിദ്ധ്യത്തെ) പരമാവധി പ്രയോജനപ്പെടുത്താൻ ശാസ്ത്രത്തിൽ അജ്ഞതയുള്ളവർ ശ്രമിച്ചേക്കും. നാട്ടുനടപ്പിന്റെ ഭാഗമായി കയറിക്കൂടിയ ആചാരങ്ങളൊഴികെയുള്ള ക്ഷേത്രാചാരങ്ങളും ശാസ്ത്രമാണ്‌. വൃതാനുഷ്ഠാനം ഒരു വിശ്വാസമല്ല; ശാസ്ത്രമാണ്‌. പ്രകൃതിചികിത്സയുടെ ഭാഗമായി ഇതേരീതിയിലുള്ള ഭക്ഷണക്രമവും ജീവിതരീതിയും അനുഷ്ഠിച്ചാലും ശരീരത്തിനും മനസ്സിനും ഇതേപോലെ ഉണർവ്വുണ്ടാകുന്നതാണ്‌.

വാസ്തുവും ജ്യോതിഷവും മന്ത്രങ്ങളും വിശ്വാസങ്ങൾ:- ഇവയോക്കെ വലിയ തൃപ്തിക്കും ഐശ്വര്യത്തിനും കാരണമാകുന്നുവെന്ന ധാരണ മാനസികമായി വളരെയേറെ സൗഖ്യപ്പെടുത്തുന്നു. ഇവയ്ക്കൊക്കെ വിശ്വാസം എന്ന പേരുള്ളതുകൊണ്ട് മാനസികമായ എല്ലാ പാകപ്പെടുത്തലുകളും സ്വീകാര്യതകളും കൂടുതലായും സംഭവിക്കുന്നു. മാനസികവും ശാരീരികവുമായ സൗഖ്യത്തിനുപോലും കാരണമാകുന്നു. ആചാരത്തിന്റെ ഭാഗമായി വൃതമെടുക്കുന്നവർ വലിയോരു ശുഭപ്രതീക്ഷയോടുകൂടെയായിരിക്കും അതിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതവരുടെ ആരോഗ്യത്തെയും സന്തുലിതാവസ്ഥയെയും കൂടുതൽ കാര്യക്ഷമമായി സ്വാധീനിക്കുന്നു.

ശാസ്ത്രത്തിൽ വിശ്വസിക്കാം. വിശ്വസിക്കുന്നതിൽ ശാസ്ത്രീയത കണ്ടെത്താം. ശാസ്ത്രമാണോ വിശ്വാസമാണോ എന്ന ചോദ്യം അപ്രസക്തമാകുന്നു.