Friday, February 28, 2014

'വിശുദ്ധനരകം' ഒരു വിവാദമാക്കരുത്


ഹോളി ഹെൽ അഥവാ ‘വിശുദ്ധനരകം’ എന്ന പുസ്തകം പുറത്തുവന്നപ്പോൾ അമൃതാനന്ദമയി ആശ്രമത്തിന്റെ പ്രതികരണം മാത്രകാപരമായിരുന്നു എന്ന് പറയണം. ആരോപണങ്ങളോട് പ്രതികരിക്കാതെ മൗനം അവലംബിച്ചു എന്നത്. ആശ്രമത്തെക്കുറിച്ച് മോശപ്പെട്ട അഭിപ്രായമാണ്‌ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ആശ്രമം ഇതിനെ അംഗീകരിക്കുകയോ നിഷേധിച്ചുകൊണ്ട് പ്രതികരണ നടപടികൾക്ക് മുതിരുകയോ ചെയ്തില്ല. ഈ സ്ഥിതിവിശേഷമാണ്‌ സമൂഹത്തിൽ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സത്യാവസ്ഥ എന്തുതന്നെ ആയിക്കൊള്ളട്ടെ; പുസ്തകത്തെക്കുറിച്ച് അന്വേഷിക്കണമെന്നും നിരപരാധിത്വം ബോധ്യപ്പെടുത്തണമെന്നും ആശ്രമത്തെ അനുകൂലിക്കുന്ന ബാഹ്യശക്തികൾ പറയുന്നു. അന്വേഷണം നടത്തി കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരണമെന്ന് മഠത്തെ എതിർക്കുന്നവരും പറയുന്നു. മൂന്നാമതൊരു വിഭാഗമുണ്ട്, പുസ്തകത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് ഒന്നുകിൽ അതിക്രമങ്ങൾ നടക്കുന്ന ആശ്രമത്തെ അല്ലെങ്കിൽ വാസ്തവവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച  എഴുത്തുകാരിയെ ശിക്ഷിക്കണമെന്ന ആവശ്യമാണ്‌ അവർ ഉന്നയിക്കുന്നത്. ചുരുക്കത്തിൽ, പരസ്പരവിരുദ്ധമായ ഇരുകൂട്ടരും പിന്നെ മൂന്നാമത്തെ വിഭാഗവും ആവശ്യപ്പെടുന്നത് ഒന്നുതന്നെയാണ്‌... പുസ്തകത്തിന്റെ പേരിലുള്ള അന്വേഷണം.

ഇതൊരു സ്വീകാര്യമായ മാനസികാവസ്ഥയാണോ ? പലപല കാരണങ്ങളുണ്ടാവുമ്പോഴെല്ലാം വികാരം വൃണപ്പെടുകയും അന്തരീക്ഷം കലുഷിതമാവുകയും ചെയ്യാനുള്ള കാരണം ഈ മാനസികാവസ്ഥതന്നെയല്ലേ ? ഈ അവസ്ഥയെ നന്നായി മനസ്സിലാക്കാൻ ശ്രമിക്കൂ. സാങ്കേതികമായിനോക്കുമ്പോൾ ഇതൊരു പുസ്തകമാണ്‌. ആത്മകഥ, ചരിത്രം, പഠനം, നോവൽ എന്നിങ്ങനെയുള്ള എത് ഇനത്തിൽ പെടുന്നതാണെങ്കിലും അതൊരു പുസ്തകമാണ്‌. ഒരു രചയിതാവിന്റെ പുസ്തകം. നീതിന്യായവ്യവസ്ഥയ്ക്കു മുന്നിൽ സമർപ്പിക്കപ്പെട്ട ഒരു പരാതിയോ ബോധിപ്പിക്കലോ അല്ല. സ്വതന്ത്രമായ ഒരു കൃതിയാണിത്. അതിനുള്ളിലെ ശരിതെറ്റുകളെക്കുറിച്ചുള്ള വിശകലനം വായനക്കാരുടെ ആത്മഗതങ്ങൾക്കും സ്വതന്ത്രമായ നിരീക്ഷണങ്ങൾക്കും സമർപ്പിച്ചുകൂടേ ?

അങ്ങനെയെങ്കിൽ ഇരുഭാഗത്തിനും ഗുണപരമായ വീക്ഷണങ്ങളിലേക്കെത്താനാവും. അസത്യമായ ആരോപണങ്ങളിൽ പതറാതെ നല്ലോരു മാതൃകയാവാൻ ആശ്രമത്തിനുകഴിയും. മാനസികമായി വേട്ടയാടപ്പെടുന്ന നിഷ്കളങ്കരായ ജനങ്ങൾക്ക് ആരോപണങ്ങളെ അവഗണിച്ചുകൊണ്ട് സ്വൈര്യമായി ജീവിക്കുന്നതിനുള്ള മാർഗ്ഗദർശനമായി ആശ്രമത്തിന്റെ മൗനത്തെ കരുതാം. ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ മുന്നിൽ എല്ലാം സഹിച്ചും അഗ്നിപരീക്ഷയ്ക്കുവരെ തയ്യാറാവുകയും എന്നിട്ടും അവസാനം കണ്ണീരോടെ ഭൂമിപിളർന്ന് മറയുകയും ചെയ്ത സീതയുടെ കഥ നമ്മെ പഠിപ്പിക്കുന്നതെന്താണ്‌ ? ആരോപണങ്ങളും പരദൂഷണങ്ങളും ഉയർത്തുന്നവർ നിങ്ങളുടെ അഭ്യുദയകാംഷികളല്ല, അതുകൊണ്ട് പരീക്ഷകളെ അതിജീവിക്കുന്നതൊന്നും അവർ വകവച്ചുതരില്ല. അതിനുവേണ്ടി നിങ്ങളുടെ വിലപ്പെട്ടസമയവും ജീവിതവും പാഴാക്കരുത്....
താമരയുടെ വേരികൾ ആഴ്ന്നിറങ്ങിയിരിക്കുന്നത് ചെളിയിലേക്കാണ്‌. പോസിറ്റീവ് ചാർജ്ജുള്ള കേന്ദ്രത്തിനുചുറ്റും നെഗറ്റീവ് ചാർജ്ജുകൾ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നതാണ്‌ ആറ്റത്തിന്റെ ഘടനപോലും. അങ്ങനെയുള്ള ഈ ലോകത്ത് നിരവധി ഗെയ്ൽ ട്രെഡ് വെൽമാരുണ്ടായിരിക്കാം. അവരുടെയൊക്കെ ആത്മഗതം പുറത്തുകൊണ്ടുവരാൻ പുസ്തകങ്ങൾക്കല്ലാതെ മറ്റെന്തിനാണ്‌ കഴിയുക ? അതുതന്നെയാണ്‌ ഏറ്റവും സുരക്ഷിതമായ മാർഗ്ഗവും. ഒരു കടങ്കഥപോലെ സംവദിക്കുന്ന പുസ്തകങ്ങൾ ചരിത്രത്തിൽ പലയിടത്തും കാണാം.

സ്വതന്ത്രഭാരതത്തിൽ എത്രയോ പുസ്തകനിരോധനങ്ങളും വിവാദങ്ങളുമാണ്‌ നടന്നിരിക്കുന്നത് ! ചരിത്രമെന്നത് അങ്ങിങ്ങായി ചിതറിക്കിടക്കുന്ന താളുകളാണ്‌. ഓരോരുത്തരും തങ്ങൾക്കനുകൂലമായ താളുകൾ ചേർത്ത് തുന്നിക്കെട്ടുന്നതാണ്‌ പുസ്തകം. അങ്ങനെയുള്ള പുസ്തകങ്ങളെല്ലാം ചേർത്തുവച്ച് സത്യത്തെ അറിയാൻ ശ്രമിക്കണം. അതിനാൽ പുസ്തകങ്ങളുടെ പേരിൽ വിവാദങ്ങളും നടപടികളും വികാരവിക്ഷോപങ്ങളും എന്തിന്‌ ? അവയിലെ നെല്ലും പതിരും പതിരും വേർതിരിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം ഓരോ വായനക്കാർക്കുമായി വിട്ടുകൊടുത്തുകൂടേ ? !!!


(Updated on 04/03/2014)
പ്രതികരണങ്ങളും വരുന്നു... 

വാക്കുതർക്കങ്ങളും വാഗ്വാദങ്ങളുമെല്ലാം കണ്ടില്ലെന്ന് വയ്ക്കുന്നു. ആരോഗ്യകരമായ പ്രതികരണം എന്നരീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന ഒന്ന് കിട്ടിയിരിക്കുന്നു. പുസ്തകനിരോധനം ഒരു പരിഹാരമല്ല. നീതിന്യായവ്യവസ്ഥയ്ക്കാകട്ടെ ജയിക്കുന്നവരുടെ സ്വരം മാത്രമേ ഉയത്തിക്കേൾപ്പിക്കാനാവൂ എന്നൊരു പോരായമയുമുണ്ട്. പുസ്തകത്തിലെ ആശയങ്ങളെ എതിർക്കണമെങ്കിൽ മറിച്ചുള്ള ആശയപ്രകടനം നടത്തുകയാണ്‌ ഏറ്റവും സ്വീകാര്യമായരീതി.
എല്ലാവരും പറയാനുള്ളത് പറയട്ടെ...
http://ammascandal.wordpress.com/

23 comments:

 1. ബ്ലോഗുകളുടെയും ട്വീറ്റുകളിലൂടെയും അടിസ്ഥാനത്തില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ വരെ സ്ത്രീപീഡനത്തിന് നടപടിയെടുക്കുമ്പോള്‍, കുറ്റാരോപിതര്‍ക്ക് സര്‍ക്കാര്‍ പിന്‍തുണ നല്‍കുന്നത് ശരിയല്ല.

  ReplyDelete
  Replies
  1. അഭിപ്രായം എഴുതിയതിന്‌ നന്ദി...

   Delete
 2. പുസ്തകം വായിച്ചപ്പോള്‍ തോന്നിയത് - ഈ ബുക്ക്‌ ഞാന്‍ മുഴുമിപ്പിക്കില്ല -അത് പോലെ തന്നെ സംഭവിച്ചു. "ഉമിക്കരി" യെ പുച്ഛം :) , മാനസിക നില തെറ്റിയ കുട്ടി യെ പുച്ഛം! ആശ്രമവും കണക്കാ -ദൈവത്തിനെ തിരക്കി അവിടെ പോയ ആളുടെ മാനസിക അവസ്ഥയും കണക്കാ!

  ReplyDelete
  Replies
  1. @ Aarsha Sophy Abhilash
   @ Jasyfriend

   പുസ്തകം ഞാൻ ഇതുവരെ വായിച്ചിട്ടില്ല. വാർത്തകളിലൂടെയുള്ള പരിചയമേയുള്ളൂ.
   വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
 3. സംഭവാ‍മി യുഗേ യുഗേ.. ചെയ്യാനുള്ളവർ ചെയ്യും പറ്റിക്കപ്പെടാനുള്ളവർ പറ്റിക്കപ്പെടും. ചർച്ചകൾ നടക്കട്ടെ.. കള്ളന്മാർ ആരായാലും കാരാഗ്രഹത്തിനുള്ളിലാവട്ടെ (ആവുമോ ..എവിടെ :)

  ReplyDelete
  Replies
  1. എവിടെ ആർക്കറിയാം.... അല്ലേ ?

   Delete
 4. ഓർത്തു പോകുന്നു അനശ്വരനായ നായനാർ പറഞ്ഞതു പോലെ, ഒരു പരാതി അനക്കും ഒരു പരാതി കലക്ടർക്കും, ഒരു പരാതിയുടെ കൊപ്പി നമ്മുടെ ഡിപ്പാർട്ടുമെന്റിനും അയച്ചു കൊടുക്ക് കെട്ടാ..."
  പരാതിയുണ്ടെങ്കിൽ അവർക്ക് നേരിട്ട് ഒരു പരാതി സമർപ്പിക്കാവുന്നതേയുള്ളൂ..
  ആ ഒരു വിവേകം അവർക്കുണ്ടായിട്ടില്ല.. പുസ്തകമെഴുതി പ്രസാധകനു കൊടുത്ത്,പ്രൂഫ് റീഡിംഗ് നടത്തി പബ്ളീഷ് ചെയ്ത്, നാട്ടുകാരെ കൊണ്ടു വായിപ്പിച്ച്, അപ്പോൾ ചിലപ്പോഴത് വെറും മുതലെടുപ്പാവാം..മസാലകൾ ചേർത്തതാവാം....സത്യമാവാം അസത്യമാവാം.. ഇന്ന് ലോകത്തെല്ലായിടത്തും പ്രധാനമന്ത്രിക്കെതിരെ വരെ പരാതി കൊടുക്കാനുള്ള വകുപ്പുള്ളപ്പോൾ, അങ്ങിനെയൊന്ന് കിട്ടാനായി ലോകത്തെല്ലായിടത്തുമുള്ള പ്രതി പക്ഷം വരെ ആഗ്രഹിക്കുമ്പോൾ, നേരിട്ടൊരു പരാതി ഏതെങ്കിലും നീതിന്യായ പീഠത്തിൽ സമർപ്പിക്കാതെ
  അവർ പുസ്ത്രകമെഴുതാനെടുത്ത സമയത്തെയാണ്‌ ഞാൻ ഓർത്തുപോകുന്നത്..

  ReplyDelete
  Replies
  1. ഞാനും അതുതന്നെയാണ്‌ ആലോചിക്കുന്നത്. ലോകത്തിനു മുൻപാകെ എന്തൊക്കെയോ കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് അവർ ആഗ്രഹിച്ചു. അത് പുസ്തകമായി പ്രസിദ്ധീകരിച്ചു. അതൊരു പരാതിയായി വ്യാഖ്യാനിക്കപ്പെടാൻ എഴുത്തുകാരി ആഗ്രഹിക്കുന്നുണ്ടായിരിക്കില്ല.

   വായനയ്ക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി..

   Delete
 5. പരാതിയെക്കാള്‍ എത്രയോ കുറിയ്ക്ക് കൊള്ളുന്നതാണൊരു ഗ്രന്ഥം!
  മലപോലെ വന്ന പല പരാതികളുടെ അവസ്ഥ നാം കണ്ടുകൊണ്ടിരിക്കുന്നു

  ReplyDelete
  Replies
  1. അതെയതെ. പരാതികൊടുത്താൽ അന്വേഷണമുണ്ടാവില്ല. ആരെങ്കിലും പുസ്തകമെഴുതിയാൽ അന്വേഷണം വരും.

   വരവിനും അഭിപ്രായത്തിനും നന്ദി...

   Delete
 6. വാർത്തകളിൽ ഇടം പിടിച്ച പുസ്തകം. സത്യം ആർക്കറിയാം.

  ReplyDelete
  Replies
  1. ആർക്കറിയാം...

   Delete
 7. ആൾദൈവങ്ങൾക്കു ചുറ്റും ഇതും ഇതിനപ്പുറവും നടക്കും..കാരണം അവർ ദൈവങ്ങളല്ല,ആളുകളാണ് എന്നതുതന്നെ...കപടദൈവങ്ങളുടെയും കപടഭക്തരുടെയും പൊയ്മുഖം തിരിച്ചറിയാൻ യഥാർഥഭക്തർക്ക് കഴിയുന്നില്ലല്ലോ!

  ReplyDelete
  Replies
  1. മതവികാരവും മതവിരോധവും ഭരിക്കുന്ന മനുഷ്യർക്ക് ഒന്നും തിരിച്ചറിയാൻ കഴിയില്ല. മനുഷ്യൻ നന്നായാൽ മതവും നന്നാവും എല്ലാം നന്നാവും.

   Delete
 8. ഞാൻ ഇതുവരെ പുസ്തകം വായിച്ചിട്ടില്ല എന്നു പറഞ്ഞ സത്യസന്ധതയെ അഭിനന്ദിക്കുന്നു.വായിച്ചിട്ടു ലേഖനം എഴുതുന്നതായിരുന്നു ശരി. അതു പോകട്ടെ. പിന്നെ ആശ്രമം പ്രതികരിച്ചില്ല എന്നു പറഞ്ഞതു ശരിയാണോ? സുധാമണി തന്നെ പ്രതികരിച്ചതായി പത്രമാദ്ധ്യമങ്ങളിൽ ഉണ്ടായിരുന്നല്ലോ? 1000 ത്തോളം ഫേസ്ബുക്ക് ഉപയോക്താക്കളെ കേസിന്റെ ഭീഷണിയിൽ നിർത്തിയതും ഒരു തരം പ്രതികരണം തന്നല്ലേ? ഗേലിനെതിരെ ഒരു ഹേറ്റ് സൈറ്റ് തുടങ്ങിയതും പ്രതികരണമല്ലേ?

  ReplyDelete
  Replies
  1. പുസ്തകം പിൻവലിക്കണമെന്ന് ആരോക്കെയോ ആവശ്യം ഉന്നയിച്ചിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം എന്തായിരുന്നാലും അതിനെ നിരോധിക്കരുത്. ആവശ്യമെങ്കിൽ മറുപുസ്തകം എഴുതുക. ഏതുപുസ്തകത്തിന്റെ കാര്യത്തിലായാലും ഇതാണ്‌ എന്റെ നിലപാട്. അതുകൊണ്ടാണ്‌ വായിച്ചില്ലെങ്കിലും ആ പുസ്തകം പിൻവലിക്കണം എന്ന അഭിപ്രായത്തെ എതിർത്തത്.

   ഇത്ര ഗൗരവമുള്ള ആരോപണങ്ങളോടെ പുസ്തകം എഴുതിയിട്ടും ആശ്രമം മൗനം പാലിക്കുന്നത് അവർക്ക് മറിച്ചൊന്നും പറയാനില്ലാത്തതുകൊണ്ടാണ്‌. എന്ന് പലപ്പോഴും കേട്ടിരുന്നു. ഇപ്പോൾ ഇതേക്കുറിച്ചൊന്നും പ്രതികരിക്കുന്നില്ല. എന്നും വാർത്തയിൽ കണ്ടു. പ്രമുഖപത്രങ്ങളിലൊന്നും ഇതൊരു വലിയ വാർത്തയേ ആയിരുന്നില്ല. പുസ്തകത്തിലേത് വാസ്തവിരുദ്ധമായ ആരോപണമാണെങ്കിൽ എന്തുകൊണ്ട് മഠം അതിനെതിരെ പ്രതികരിക്കുന്നില്ല എന്നചോദ്യമാണ്‌ ഉയർന്നുകേട്ടിരുന്നത്. പ്രത്യേകിച്ചും ആദ്യസമയങ്ങളിൽ.
   ആയിരത്തോളം ഫേസ്ബുക്ക് ഉപയോക്താക്കൾ കേസിന്റെ ഭീഷണിയിൽ പെട്ടിട്ടുണ്ടെങ്കിൽ അതിൽ നിന്നും മോചിപ്പിക്കാൻ മഠം മുൻകൈ എടുക്കേണ്ടതായിരുന്നു. വാക്കുതർക്കങ്ങളും അസഭ്യവർഷങ്ങളുമെല്ലാം കൂടിക്കുഴഞ്ഞ് കിടക്കുകയാണ്‌ ഫേസ്ബുക്കിൽ. അതൊക്കെ എന്തുചെയ്യാൻ...

   ഗെയ്‌ലിനെതിരെ തുടങ്ങിയ സൈറ്റിന്റെ ലിങ്ക് പരിചയപ്പെടുത്തിയതിന്‌ നന്ദി. (സെർച്ച് ചെയ്തിട്ടും ഈ വിവരങ്ങൾ കിട്ടിയിരുന്നില്ല.)
   പ്രതികരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇതാണ്‌ ഏറ്റവും ഉചിതമായ മാർഗ്ഗം. ആശയപ്രചരണത്തിലൂടെയുള്ള പ്രതികരണം. പുസ്തകത്തിനെതിരെ ഇങ്ങനെയൊരു സൈറ്റ് നിലവിലുണ്ടായിരുന്നിട്ടും മഠം പ്രതികരിക്കുന്നില്ല എന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചത് ? അനുയായികളുടെ പ്രതികരണമാണോ ഔദ്യോഗികപ്രതികരണമാണോ ഇത് ?
   പ്രതികരണത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗവും ശൈലിയും എന്നരീതിയിൽ ലിങ്ക് ബ്ലോഗിൽ ഉൾപ്പെടുത്തുന്നുണ്ട്.

   Delete
 9. ആശ്രമത്തിനു പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യാം...
  പിന്നെ നിയമപരമായി നോക്കിയാല്‍ മിസ്‌ ട്രേഡ്വെല്ലിന്‍റെ എഴുതി നല്‍കിയ പരാതി പരിശോധിച്ചേ നടപടി എടുക്കാനാവൂ. അമൃതനന്ദമയിയുടെ ബിസിനസ് സ്ഥാപനങ്ങളില്‍ ആളുകള്‍ പോകുന്നത് പുണ്യം കിട്ടാനല്ലല്ലോ... ഹോസ്പിറ്റലില്‍ പോകുന്നത് അസുഖം മാറാനാണ്... കാശ് കൊടുക്കുന്നുമുണ്ട്.
  പിന്നെ, ആള്‍ ദൈവ ആരാധന ഈ പുസ്തകം മൂലം അല്പമെങ്കിലും കുറയുന്നെങ്കില്‍ നമ്മുടെ സമൂഹത്തിന് നല്ലത്... അത്ര തന്നെ...
  ഒന്നിനും അഡിക്റ്റ് ആകാതെ ജീവിക്കുക - അധികമായാല്‍ ഭക്തിയും മാരക വിഷമാണ്...
  http://itsmahesh.wordpress.com/2014/02/19/%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D-%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B3%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%87/

  ReplyDelete
  Replies
  1. സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി...

   Delete
 10. വായിച്ചു--- ഒന്നും പറയാനില്ല--- ആശംസകള്‍--

  ReplyDelete
  Replies
  1. വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം. നന്ദി...

   Delete
 11. now social media act as a fourth estate of the country instead of medias, I am not agree with the all content of your post, anyway this is different view .

  ReplyDelete
  Replies
  1. ആ പുസ്തകവും വിവാദവും ഉണ്ടാകാതിരുന്നെങ്കിൽ നന്നായിരുന്നു എന്നാണ്‌ വിചാരിക്കുന്നത്. ഉണ്ടായിപ്പോയസ്ഥിതിക്ക് ഇതല്ലാതെ വേറെ വഴിയൊന്നും കണ്ടില്ല.

   വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിന്‌ വളരെ നന്ദി...

   Delete