Tuesday, February 18, 2014

‘ഗാന്ധി’ - സച്ചിദാനന്ദൻ

Gandhi - Satchidanandan

എല്ലാവർക്കും വേണം ഗാന്ധിയെ... അല്ല, ഗാന്ധിയുടെ പോയ്മുഖത്തിനെ. ഭാരതം സ്വതന്ത്രമാകുന്നതിനും വളരെ മുൻപുതന്നെ അതിനുവേണ്ടിയുള്ള പിടിവലികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. വർഗ്ഗീയലഹളകൾ, ഉച്ചനീചത്വങ്ങൾ, ഭക്ഷ്യക്ഷാമം, തൊഴിലില്ലാമ, സാമ്രാജ്യത്വങ്ങൾ, ഫ്യൂഡലിസം എന്നിങ്ങനെ ഭാരതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്‌. എന്നും ഇന്നും അങ്ങനെതന്നെയാണ്‌. നവഖാലിയിലേക്കുള്ള ശാന്തിയാത്രമുതൽ ജനുവരിമുപ്പതിലെ രക്തസാക്ഷിത്വം വരെയുള്ള നാളുകളിൽ മഹാത്മാഗാന്ധിക്ക് കടന്നുപോകേണ്ടിവന്ന തീഷ്ണമായ മുഹൂർത്തങ്ങളുടെ അവതരണം. ചരിത്രപരവും ദാർശനികവുമായ പ്രാധാന്യം ഇതിനുണ്ട്. അസ്വസ്ഥനും ഏകാകിയും തിരസ്കൃതനുമായിത്തീർന്ന ഗാന്ധിയുടെ ചിത്രം. അഹിംസ എന്നത് യുക്തിക്കുമപ്പുറം ഒരു വികാരം ആയി മാറിയാൽ മാത്രമേ അഹിംസാസിദ്ധാന്തം പ്രായോഗികമാകുകയുള്ളൂ. മതങ്ങളിലെ മൂല്യങ്ങളും അങ്ങനെതന്നെയാണ്‌. ബാഹ്യമായിമാത്രമുള്ള നിരീക്ഷണണങ്ങളിൽ പ്രകടമാകുന്ന വൈരുദ്ധ്യങ്ങൾ കലഹത്തിനും ചൂഷണത്തിനും കാരണമാകുന്നു. ഭാരതത്തിന്റെ ആത്മാവിനെ ഗാന്ധി തിരിച്ചറിഞ്ഞു; ഭാരതീയരോ ?

കൽക്കത്തയിലും പഞ്ചാബിലും മുസ്ലിംകളുടെ ചോരയൊഴുക്കിയ ഹിന്ദുക്കളെ സംരക്ഷിച്ചതിനാൽ ഗാന്ധി മുസ്ലിം വിരുദ്ധനായി, ലോഹോറിലും അമൃത്സറിലും ഹിന്ദുക്കളുടെ ചോരയോഴുക്കിയതിനാൽ ഗാന്ധി ഹിന്ദുവിരുദ്ധനായി. ചാതുർവർണ്യവ്യവസ്ഥയെ തള്ളിപ്പറയാതെതന്നെ സാമൂഹിക നവോദ്ധാനം സാധ്യമാക്കാൻ ശ്രമിച്ചതിനാൽ ഗാന്ധി അവർണ്ണരുടെ ശത്രുവായി. മിശ്രഭോജനവും* അധികാരത്തിന്റെ വികേന്ദ്രീകരണവും നടപ്പാക്കിയതിനാൽ ഗാന്ധി സവർണ്ണരുടെയും പ്രമാണിമാരുടെയും ശത്രുവായി. സാമ്രാജ്യത്വ ശക്തികൾ ആസൂത്രണം ചെയ്ത കമ്പോളവ്യവസ്ഥയെ സ്വീകരിക്കാതിരിക്കുകയും, കൃഷിയും ഗ്രാമീണവ്യവസ്ഥയും അവഗണിച്ചുകൊണ്ട് വൻസാമ്പത്തികലാഭവും സുഖസൗകര്യങ്ങളും നേടിത്തരികയും ചെയ്യുന്ന നിർമ്മാണപ്രവർത്തനങ്ങളെയും വൻ വ്യവസായങ്ങളെയും സ്വീകരിക്കാത്തതിനാൽ ഗാന്ധി വികസനവിരുദ്ധനുമായി.

അഹിംസയിൽ അടിയുറച്ച് നിരായുധരായി കഴിയുന്നവർപോലും ക്രൂരമായി വേട്ടയാടപ്പെടുന്നത് അഹിംസാവാധികളുടെ അവിശ്വാസത്തിന്‌ കാരണമായി. അദ്ദേഹം വിശ്വസിച്ചിരുന്ന ഹിന്ദുമതത്തെയോ, പ്രവർത്തിച്ചിരുന്ന കോൺഗ്രസ്പ്രസ്ഥനത്തെയോ അഹിംസാസിദ്ധാന്തത്തിൽ അടിയുറച്ചുവിശ്വസിക്കുന്ന ഒരു കരുത്തനായ നേതാവെന്നനിലയിൽ നയിക്കാൻ അദ്ദേഹത്തിന്‌ കഴിയാതെവന്നത് തീവ്രവർഗ്ഗീയ നിലപാടുകളുടെ പ്രസക്തി വർദ്ധിക്കുന്നതിനുള്ള കാരണമായി വ്യാഖ്യാനിക്കപ്പെട്ടു. സാമ്രാജ്യത്വ ആശയങ്ങൾ വഹിക്കുന്നവർ രാഷ്ട്രീയ നേതൃത്വവും ഏറ്റെടുത്തു. അങ്ങേയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ കൂടുതൽ വലിയ കലാപം ഉണ്ടാകില്ലേ എന്ന് അനുയായികൾ ചോദിക്കുമ്പോൾ, സാരമില്ല അതുകാണാൻ ഞാൻ ജീവിച്ചിരിക്കുന്നില്ലല്ലോ എന്ന പറയുന്ന ഗാന്ധിയെ നമുക്ക് കാണാൻ കഴിയും. എനിക്ക് ഒറ്റയ്ക്ക് മോക്ഷം വേണ്ട, അവസാനത്തെ പ്രാണിക്കും മോക്ഷം ലഭിക്കുന്നതുവരെ വീണ്ടും വീണ്ടും പിറക്കുന്ന ബോധിസത്വനെപ്പോലെ ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകതന്നെ ചെയ്യും എന്ന ആത്മഗതത്തെ ആർജ്ജവത്തോടുകൂടി നടപ്പാക്കുന്നതിൽ പരാജയപ്പെടുന്ന സന്ദർഭങ്ങളെല്ലാം അഹിംസാസിദ്ധാന്തത്തിന്റെയും പരാജയങ്ങളായി ഭവിച്ചു. ഇതെല്ലാം ചേർത്തുവച്ചുനോക്കുമ്പോൾ, ഗാന്ധിജിയുടെ നേർക്ക് ഉയർന്ന നിരവധി തോക്കുകളുടെ ഒരു പ്രതിനിധി മാത്രമായിരുന്നില്ലേ നാഥുറാം വിനായക് ഗോഡ്സെ എന്ന് ചിന്തിച്ചുപോകുന്നു.

മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ അവസാനഘട്ടങ്ങളാണ്‌ ഈ നാടകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. തന്റെ സുഹൃത്തുക്കൾ ഓരോരുത്തരായി ആശയങ്ങളെ തള്ളിപറയുന്നത്, പാക് വിഭജനത്തിനുവേണ്ടി മുഹമ്മദാലി ജിന്ന നടത്തുന്ന വാദപ്രതിവാദങ്ങൾ, നെഹ്രുവിന്റെയും പട്ടേലിന്റെയും വികസന നയങ്ങൾ, അവ ഗാന്ധിജിയിൽ ഏൽപ്പിച്ച മാനസികസംഘർഷങ്ങൾ, ഹിന്ദുരാഷ്ട്രത്തിനുവേണ്ടിയുള്ള അണിയറനീക്കങ്ങളും ഗൂഢാലോചനകളും... ഇവയെല്ലാം ഈ നാടകത്തിൽ ഉൾക്കൊണ്ടിരിക്കുന്നു. നാടകത്തിന്റെ ആരംഭഭാഗവും അവസാനഭാഗവും സമകാലീന സാഹചര്യങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയുന്ന വിധം ചിട്ടപ്പെടുത്തിയിരിക്കുന്നതിലൂടെ ഈ നാടകം ഇന്നത്തെ സാഹചര്യത്തിലും എത്രമാത്രം പ്രസക്തമാണെന്ന് കാണിച്ചുതരാൻ കഴിയുന്നു.

കെ. സച്ചിദാനന്ദൻ രചിച്ച ഈ കൃതി 1998ലെ ഏറ്റവും മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നടിയിട്ടുണ്ട്. ഒന്നാം പതിപ്പ് 1995 ആഗസ്റ്റ്-ൽ പുറത്തിറങ്ങിയിരുന്നു. 2014 ജനുവരിയിൽ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പ് ആണിത്. കേരള ശാസ്ത്ര സാഹിത്യ പരിഷത് (Kerala Sasthta Sahithya Parishath) ആണ്‌ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
~ ~ ~
( * മിശ്രഭോജനം:- വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രീതി എന്നാണ്‌ ഉദ്ദേശിക്കുന്നത്. മിശ്രഭുക്ക് എന്ന അർത്ഥം കൽപ്പിക്കരുത്.)

Book Name : ഗാന്ധി Gandhi
Language :  Malayalam
Publishers : Kerala Sasthta Sahithya Parishath
Second Edition : January 2014
ISBN : 978-93-83330-25-6
Pages : 115 Price : Rs.90/-

11 comments:

 1. ഇടയ്ക്കെങ്കിലും ഗാന്ധിയെപ്പറ്റി ഒരു ഓര്‍മ്മപ്പെടുത്തല്‍ നല്ലതാണ്
  അല്ലെങ്കില്‍ ഗാന്ധിയെന്നാല്‍ ഇന്ദിര-രാജിവ്-സോണിയ-രാഹുല്‍ ആണെന്ന് നമ്മളെ പറഞ്ഞുവിശ്വസിപ്പിക്കും ഈ കെട്ട കാലം!

  ReplyDelete
  Replies
  1. കള്ളനോട്ടിൽ പോലും ഗാന്ധിയുണ്ട്....ഗാന്ധിയുടെ പുഞ്ചിരിക്കുന്നമുഖം. കലികാലം !
   വായനയ്ക്കും അഭിപ്രായത്തിനും വളരെനന്ദി...

   Delete
 2. ഗാന്ധിയെ പുകഴ്ത്തുന്നവരും ഇകഴ്ത്തുന്നവരും ഗാന്ധിയെ അറിഞ്ഞില്ല എന്നാണ് കാവുമ്പായി മാഷ് ( പ്രൊ. കാവുമ്പായി ബാലകൃഷ്ണൻ ) ഇവിടെ നാടക പ്രദർശനത്തിനു മുമ്പ് പറഞ്ഞത്. എത്ര ശരി !
  സ്വന്തം ജീവിതം തന്നെ സത്യാനേഷ്വണ പരീക്ഷണമാക്കി, ആ പരീക്ഷണത്തിലെ ഓരോ അനുഭവവും ജനതയോടു പങ്കു വെച്ച ഒരാൾ. സ്വന്തം വിശ്വാസപ്രമാണങ്ങളോട് അതിരറ്റ പ്രതിബദ്ധത പുലർത്തിയ ഒരാൾ. എല്ലായ്പ്പോഴും ഗാന്ധി തന്നെയായിരുന്നു ശരി എന്ന അന്ധമായ പിന്തുടരലൊന്നും ആവശ്യമില്ല. പക്ഷേ ആ പരീക്ഷണനിരീക്ഷണങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുമ്പോൾ, മിക്കപ്പോഴും ഗാന്ധി തന്നെയായിരുന്നു ശരി എന്ന് തിരിച്ചറിയും.

  ഗാന്ധിയെ നാം കൂടുതൽ കൂടുതൽ അറിയേണ്ടതുണ്ട്. ഉള്ളിലുറങ്ങുന്ന ഗാന്ധിയെ കൂടുതൽ കൂടുതൽ ഉണർത്തേണ്ടതുണ്ട്.

  ReplyDelete
  Replies
  1. നാമറിയുന്ന ഗാന്ധി ആരെന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഗാന്ധിയെ നാം കൂടുതൽ കൂടുതൽ അറിയേണ്ടതുണ്ട്. ഉള്ളിലുറങ്ങുന്ന ഗാന്ധിയെ കൂടുതൽ കൂടുതൽ ഉണർത്തേണ്ടതുണ്ട്.

   വായനയ്ക്കും അഭിപ്രായത്തിനും വളരെനന്ദി...

   Delete
 3. ഇപ്പോൾ ഗാന്ധിമാർ ഒരു പാടുണ്ട് ... .. ഇല്ലാത്ത തഴമ്പ് ദേഹത്തു തേച്ചു പിടിപ്പിക്കുന്നവർ...അവർ പേറ്റന്റ് വരെ സ്വന്തമാക്കി കഴിഞ്ഞു..... പക്ഷെ മഹാത്മാഗാന്ധിയാണില്ലാത്തത്..ഭാരതത്തിന്റെ ആത്മാവ് കണ്ടറിഞ്ഞ് നടന്ന മഹാത്മാവ്.. നന്നായി ഈ പരിചയപ്പെടുത്തൽ... ആശംസകൾ നേരുന്നു...

  ReplyDelete
  Replies
  1. ഇപ്പോൾ ഗാന്ധിമാർ ഒരു പാടുണ്ട്. പക്ഷെ ഭാരതത്തിന്റെ ആത്മാവ് കണ്ടറിഞ്ഞ് നടന്ന മഹാത്മാവ് ഒന്നേയുള്ളൂ...

   വായനയ്ക്കും അഭിപ്രായത്തിനും വളരെനന്ദി...

   Delete
 4. മഹാത്മാവിനു തുല്യം മഹാത്മാവ് മാത്രം. സഹൃദയർ, വിവിധമതത്തിൽ പെട്ട ദേവസങ്കൽപ്പങ്ങളിൽ ഈ മഹാത്മാവിനെയും ഉള്പ്പെടുത്തുന്നു.

  ReplyDelete
  Replies
  1. മതങ്ങളിലെ ദേവസങ്കൽപങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായി അറിവില്ല. എങ്കിലും പ്രാദേശികമായി എന്തൊക്കെയോ ഉണ്ടെന്നും കേട്ടിരിക്കുന്നു. അതേക്കുറിച്ച് അന്വേഷിക്കണം....

   വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
  2. കൃഷ്ണനും, യേശുവും, നബിയും, ബുദ്ധനും, ഗാന്ധിയും..... എന്ന് എവിടെയൊക്കെയോ വായിച്ചു. അതാണ്‌ ഞാൻ ഉദ്ദേശിച്ചത്.

   Delete
  3. കൃഷ്ണനെയും ക്രിസ്തുവിനെയും നബിയെയും ബുദ്ധനെയും പോലെ ഒരു മഹാത്മാവ് എന്നാണ്‌ ആ വരികളിൽ നിന്നും മനസ്സിലാക്കാനാവുന്നത്.
   ഇപ്പോൾ വ്യക്തമായി. Thanks...

   Delete
 5. ഈ നാടകത്തെ പറ്റി കേട്ടിരിക്കുന്നു...വായിചിട്ടില്ല...വായിക്കണം..

  ReplyDelete