Saturday, February 01, 2014

ജനസംവാദം : വേണം മറ്റൊരു കേരളം മറ്റൊരിന്ത്യയ്ക്കായി

janasamvadam
ജനസംവാദകേന്ദ്രം: ഇത്തിത്താനം, കോട്ടയം ജില്ല
ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്‌. രാഷ്ട്രനിർമ്മാണത്തിലും പരിപാലനത്തിലും ഓരോ പൗരനും അതിന്റേതായ പങ്കുണ്ട്. ഔദ്യോദികമായി ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥരിലും ജനപ്രധിനിധികളിലും മാത്രം ഒതുങ്ങുന്നതല്ല മെച്ചപ്പെട്ട സാമൂഹികവ്യവസ്ഥ രൂപീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം. വ്യക്തമായ സാമൂഹിക അവബോധവും താൽപര്യവും ഉണ്ടെങ്കിൽ മാത്രമേ ജനാധിപത്യ ഭരണസംവിധാനത്തെ വിജയകരമാക്കാൻ കഴിയൂ. ഇന്നത്തെ വിദ്യാഭ്യാസ നയങ്ങളുടെ ഫലമായി ജനാധിപത്യരാഷ്ട്രമായ ഇന്ത്യയിലെ ജനങ്ങളുടെ പൗരബോധവും പൗരധർമ്മവും കൈമോശം വന്നിരിക്കുന്നു. രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും പഴിചാരിക്കൊണ്ടും വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ടും അവനവനിലേക്ക് ഒതുങ്ങാനുള്ള പ്രവണതയാണ്‌ കാണുന്നത്. പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും വോട്ടവകാശം നൽകപ്പെടുമ്പോൾ മെച്ചപ്പെട്ട സാമൂഹത്തിന്റെ സൃഷ്ടിക്കുള്ള ധാർമ്മികമായ ഉത്തരവാദിത്വവും കൂടി നമ്മിലേക്കെത്തുന്നുണ്ട്. വോട്ടവകാശം ശരിയായി വിനിയോഗിക്കണമെങ്കിൽ പോലും നിലവിലുള്ള രാഷ്ട്രീയ സാമൂഹിക അവസ്ഥകളെക്കുറിച്ച് അവലോകനം ചെയ്യണം. ഇതിനാകട്ടെ തുറന്ന ചർച്ചാവേദികൾ ആവശ്യമായിവരികയും ചെയ്യുന്നു. ഈയൊരവസരത്തിലാണ്‌ “വേണം മാറ്റൊരു കേരളം മറ്റൊരിന്ത്യയ്ക്കായി” എന്നമുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത് (KSSP) കടന്നുവരുന്നത്. ഇതിന്റെ വിപുലമായ പ്രചരണ പരിപാടികളുടെ ഭാഗമായി കഴിഞ്ഞമാസം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘ജനസംവാദം’ എന്ന പേരിൽ ചർച്ചാവേദികൾ ഒരുക്കിയിരുന്നു. ഇന്നത്തെ സാമൂഹികവ്യവസ്ഥ നീതിപൂർവ്വമല്ലെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, മൂല്യബോധം ഇല്ലാത്ത സമൂഹം എന്ന് തോന്നുന്നുവെങ്കിൽ, വിദ്യാഭ്യാസവും കാർഷിക സംസ്കാരവും തൊഴിൽസംസ്കാരവും താറുമാറാവുന്നുവെന്ന് കരുതുന്നുവെങ്കിൽ ഇത്തരം ചർച്ചകളിലും സംവാദങ്ങളിലും തുടർപ്രവർത്തനങ്ങളിലും പങ്കാളികളാവേണ്ടതുണ്ട്.

janasamvadam
ജനസംവാദകേന്ദ്രം: കുറിച്ചി, കോട്ടയം ജില്ല
ആഗോളവൽക്കരണം, കമ്പോളവൽക്കരണം, മാറുന്ന വിദ്യാഭ്യാസ വീക്ഷണങ്ങൾ, മാറിമാറിവരുന്ന തൊഴിൽ സംസ്കാരങ്ങൾ, വിസ്മരിക്കപ്പെടുന്ന കാർഷിക സംസ്കാരവും പ്രകൃതിസംരക്ഷണവും, മദ്യപാനസംസ്കാരമായി വളർന്നുവരുന്ന മദ്യാസക്തി എന്നിങ്ങനെ ജനജീവിതത്തെയും സാമൂഹികവ്യവസ്ഥയെയും സ്വാധീനിക്കുന്ന കാര്യങ്ങൾ സംവാദങ്ങളിൽ ചർച്ചാവിഷയമായി. പ്രാദേശികമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാൻ പ്രായോഗിക പദ്ധതികൾ രൂപീകരിക്കാനുമായി. പശ്ചിമഘട്ടത്തിന്റെ സംരക്ഷണവും കേരളത്തിന്റെ വികസനവും എന്നത് മുഖ്യസംവാദവിഷയമായിരുന്നു. ഭൂവിനിയോഗനിയമങ്ങളുടെ അപര്യാപ്തതകൾ, പരിസ്ഥിതിയെ മറന്നുള്ള വികസനനയങ്ങൾ എന്നീവിഷയങ്ങളെല്ലാം ആധികാരികമായി അവതരിപ്പിക്കപ്പെട്ടു. അവയെക്കുറിച്ച് ചർച്ചയും അഭിപ്രായരൂപീകരണവും നടക്കുകയും ചെയ്തു. സുസ്ഥിരവും സുരക്ഷിതവുമായ സാമൂഹിക വ്യവസ്ഥയ്ക്ക് ഇത്തരം ജനകീയകൂട്ടായ്മകൾ വളരെ പ്രയോജനകരമാണ്‌.

പ്രചരണ പരിപാടിയുടെ അടുത്ത ഘട്ടം ഗാന്ധി നാടകയാത്ര ആണ്‌.

8 comments:

 1. സംവാദങ്ങൾ ഇഷ്ടം പോലെയുണ്ട്.. പക്ഷെ പ്രവർത്തിയാണില്ലാത്തതെന്നു തോന്നുന്നു.. ചാനലു വന്നതോടെ നമ്മൾ കൈയ്യുറയിട്ട് ഭക്ഷണം കഴിക്കണോ അതോ കൈ ചൂടുവെള്ളത്തിൽ കഴുകി ഭക്ഷണം കഴിക്കണോ എന്നതു വരെ ചർച്ചയാവാൻ തുടങ്ങി.. പക്ഷെ ഭക്ഷണം എവിടുന്ന് എങ്ങിനെ ഉണ്ടാക്കും എന്നതിലേക്കുള്ള പ്രവർത്തി ഉണ്ടാകുന്നില്ല.. പലതും വില കുറഞ്ഞ കോപ്രായങ്ങൾ മാത്രം...ഞാനൊരു ഉദാഹരണം പറഞ്ഞത് മാത്രമാണ്‌..
  താങ്കൾ ഇവിടെ വിവരിച്ചതു പോലുള്ള പോലുള്ള കൂട്ടായ്മകളും ചർച്ചകളും നല്ല നിലയിൽ ഉയർന്നു വരികയും അതിനെ പൂർണ്ണതയിൽ എത്തിക്കുകയും വേണം... ആശംസകൾ

  ReplyDelete
  Replies
  1. ജലസംരക്ഷണം, ഊർജ്ജസംരക്ഷണം, റോഡ്സുരക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ മനോരമ സംഘടിപ്പിച്ച കൂട്ടായ്മകൾ ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട്. ചാനൽചർച്ചകളിൽ ജനങ്ങൾക്ക് കാഴ്ചക്കാരാകാനേ സാധിക്കുന്നുള്ളൂ. അതൊരു വ്യത്യാസമാണ്‌.
   നിരന്തരമായ പ്രചരണങ്ങളുടെ ഫലമായി ജൈവകൃഷിയുടെ പ്രാധാന്യം കൂടുതൽ ജനങ്ങൾ മനസ്സിലാക്കുകയും വിപുലമായ സീറോ ബജറ്റ് ഫാമിംഗ് പ്രോജക്ടുകൾ കേരളത്തിൽ നടപ്പാക്കിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. (അതെക്കുറിച്ച് മറ്റൊരു ലേഖനത്തിൽ.....)

   വളരെ നന്ദി...

   Delete
 2. സംവദിക്കട്ടെ!

  ReplyDelete
  Replies
  1. സംവദിക്കട്ടെ....അല്ലേ ? !

   Delete
 3. സംവദിച്ചു സംവദിച്ച് വല്ലതും സംഭവിച്ചാല്‍ മതിയാരുന്നു....

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete