Friday, February 28, 2014

'വിശുദ്ധനരകം' ഒരു വിവാദമാക്കരുത്


ഹോളി ഹെൽ അഥവാ ‘വിശുദ്ധനരകം’ എന്ന പുസ്തകം പുറത്തുവന്നപ്പോൾ അമൃതാനന്ദമയി ആശ്രമത്തിന്റെ പ്രതികരണം മാത്രകാപരമായിരുന്നു എന്ന് പറയണം. ആരോപണങ്ങളോട് പ്രതികരിക്കാതെ മൗനം അവലംബിച്ചു എന്നത്. ആശ്രമത്തെക്കുറിച്ച് മോശപ്പെട്ട അഭിപ്രായമാണ്‌ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ആശ്രമം ഇതിനെ അംഗീകരിക്കുകയോ നിഷേധിച്ചുകൊണ്ട് പ്രതികരണ നടപടികൾക്ക് മുതിരുകയോ ചെയ്തില്ല. ഈ സ്ഥിതിവിശേഷമാണ്‌ സമൂഹത്തിൽ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സത്യാവസ്ഥ എന്തുതന്നെ ആയിക്കൊള്ളട്ടെ; പുസ്തകത്തെക്കുറിച്ച് അന്വേഷിക്കണമെന്നും നിരപരാധിത്വം ബോധ്യപ്പെടുത്തണമെന്നും ആശ്രമത്തെ അനുകൂലിക്കുന്ന ബാഹ്യശക്തികൾ പറയുന്നു. അന്വേഷണം നടത്തി കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരണമെന്ന് മഠത്തെ എതിർക്കുന്നവരും പറയുന്നു. മൂന്നാമതൊരു വിഭാഗമുണ്ട്, പുസ്തകത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് ഒന്നുകിൽ അതിക്രമങ്ങൾ നടക്കുന്ന ആശ്രമത്തെ അല്ലെങ്കിൽ വാസ്തവവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച  എഴുത്തുകാരിയെ ശിക്ഷിക്കണമെന്ന ആവശ്യമാണ്‌ അവർ ഉന്നയിക്കുന്നത്. ചുരുക്കത്തിൽ, പരസ്പരവിരുദ്ധമായ ഇരുകൂട്ടരും പിന്നെ മൂന്നാമത്തെ വിഭാഗവും ആവശ്യപ്പെടുന്നത് ഒന്നുതന്നെയാണ്‌... പുസ്തകത്തിന്റെ പേരിലുള്ള അന്വേഷണം.

ഇതൊരു സ്വീകാര്യമായ മാനസികാവസ്ഥയാണോ ? പലപല കാരണങ്ങളുണ്ടാവുമ്പോഴെല്ലാം വികാരം വൃണപ്പെടുകയും അന്തരീക്ഷം കലുഷിതമാവുകയും ചെയ്യാനുള്ള കാരണം ഈ മാനസികാവസ്ഥതന്നെയല്ലേ ? ഈ അവസ്ഥയെ നന്നായി മനസ്സിലാക്കാൻ ശ്രമിക്കൂ. സാങ്കേതികമായിനോക്കുമ്പോൾ ഇതൊരു പുസ്തകമാണ്‌. ആത്മകഥ, ചരിത്രം, പഠനം, നോവൽ എന്നിങ്ങനെയുള്ള എത് ഇനത്തിൽ പെടുന്നതാണെങ്കിലും അതൊരു പുസ്തകമാണ്‌. ഒരു രചയിതാവിന്റെ പുസ്തകം. നീതിന്യായവ്യവസ്ഥയ്ക്കു മുന്നിൽ സമർപ്പിക്കപ്പെട്ട ഒരു പരാതിയോ ബോധിപ്പിക്കലോ അല്ല. സ്വതന്ത്രമായ ഒരു കൃതിയാണിത്. അതിനുള്ളിലെ ശരിതെറ്റുകളെക്കുറിച്ചുള്ള വിശകലനം വായനക്കാരുടെ ആത്മഗതങ്ങൾക്കും സ്വതന്ത്രമായ നിരീക്ഷണങ്ങൾക്കും സമർപ്പിച്ചുകൂടേ ?

അങ്ങനെയെങ്കിൽ ഇരുഭാഗത്തിനും ഗുണപരമായ വീക്ഷണങ്ങളിലേക്കെത്താനാവും. അസത്യമായ ആരോപണങ്ങളിൽ പതറാതെ നല്ലോരു മാതൃകയാവാൻ ആശ്രമത്തിനുകഴിയും. മാനസികമായി വേട്ടയാടപ്പെടുന്ന നിഷ്കളങ്കരായ ജനങ്ങൾക്ക് ആരോപണങ്ങളെ അവഗണിച്ചുകൊണ്ട് സ്വൈര്യമായി ജീവിക്കുന്നതിനുള്ള മാർഗ്ഗദർശനമായി ആശ്രമത്തിന്റെ മൗനത്തെ കരുതാം. ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ മുന്നിൽ എല്ലാം സഹിച്ചും അഗ്നിപരീക്ഷയ്ക്കുവരെ തയ്യാറാവുകയും എന്നിട്ടും അവസാനം കണ്ണീരോടെ ഭൂമിപിളർന്ന് മറയുകയും ചെയ്ത സീതയുടെ കഥ നമ്മെ പഠിപ്പിക്കുന്നതെന്താണ്‌ ? ആരോപണങ്ങളും പരദൂഷണങ്ങളും ഉയർത്തുന്നവർ നിങ്ങളുടെ അഭ്യുദയകാംഷികളല്ല, അതുകൊണ്ട് പരീക്ഷകളെ അതിജീവിക്കുന്നതൊന്നും അവർ വകവച്ചുതരില്ല. അതിനുവേണ്ടി നിങ്ങളുടെ വിലപ്പെട്ടസമയവും ജീവിതവും പാഴാക്കരുത്....
താമരയുടെ വേരികൾ ആഴ്ന്നിറങ്ങിയിരിക്കുന്നത് ചെളിയിലേക്കാണ്‌. പോസിറ്റീവ് ചാർജ്ജുള്ള കേന്ദ്രത്തിനുചുറ്റും നെഗറ്റീവ് ചാർജ്ജുകൾ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നതാണ്‌ ആറ്റത്തിന്റെ ഘടനപോലും. അങ്ങനെയുള്ള ഈ ലോകത്ത് നിരവധി ഗെയ്ൽ ട്രെഡ് വെൽമാരുണ്ടായിരിക്കാം. അവരുടെയൊക്കെ ആത്മഗതം പുറത്തുകൊണ്ടുവരാൻ പുസ്തകങ്ങൾക്കല്ലാതെ മറ്റെന്തിനാണ്‌ കഴിയുക ? അതുതന്നെയാണ്‌ ഏറ്റവും സുരക്ഷിതമായ മാർഗ്ഗവും. ഒരു കടങ്കഥപോലെ സംവദിക്കുന്ന പുസ്തകങ്ങൾ ചരിത്രത്തിൽ പലയിടത്തും കാണാം.

സ്വതന്ത്രഭാരതത്തിൽ എത്രയോ പുസ്തകനിരോധനങ്ങളും വിവാദങ്ങളുമാണ്‌ നടന്നിരിക്കുന്നത് ! ചരിത്രമെന്നത് അങ്ങിങ്ങായി ചിതറിക്കിടക്കുന്ന താളുകളാണ്‌. ഓരോരുത്തരും തങ്ങൾക്കനുകൂലമായ താളുകൾ ചേർത്ത് തുന്നിക്കെട്ടുന്നതാണ്‌ പുസ്തകം. അങ്ങനെയുള്ള പുസ്തകങ്ങളെല്ലാം ചേർത്തുവച്ച് സത്യത്തെ അറിയാൻ ശ്രമിക്കണം. അതിനാൽ പുസ്തകങ്ങളുടെ പേരിൽ വിവാദങ്ങളും നടപടികളും വികാരവിക്ഷോപങ്ങളും എന്തിന്‌ ? അവയിലെ നെല്ലും പതിരും പതിരും വേർതിരിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം ഓരോ വായനക്കാർക്കുമായി വിട്ടുകൊടുത്തുകൂടേ ? !!!


(Updated on 04/03/2014)
പ്രതികരണങ്ങളും വരുന്നു... 

വാക്കുതർക്കങ്ങളും വാഗ്വാദങ്ങളുമെല്ലാം കണ്ടില്ലെന്ന് വയ്ക്കുന്നു. ആരോഗ്യകരമായ പ്രതികരണം എന്നരീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന ഒന്ന് കിട്ടിയിരിക്കുന്നു. പുസ്തകനിരോധനം ഒരു പരിഹാരമല്ല. നീതിന്യായവ്യവസ്ഥയ്ക്കാകട്ടെ ജയിക്കുന്നവരുടെ സ്വരം മാത്രമേ ഉയത്തിക്കേൾപ്പിക്കാനാവൂ എന്നൊരു പോരായമയുമുണ്ട്. പുസ്തകത്തിലെ ആശയങ്ങളെ എതിർക്കണമെങ്കിൽ മറിച്ചുള്ള ആശയപ്രകടനം നടത്തുകയാണ്‌ ഏറ്റവും സ്വീകാര്യമായരീതി.
എല്ലാവരും പറയാനുള്ളത് പറയട്ടെ...
http://ammascandal.wordpress.com/

Friday, February 21, 2014

ഗാന്ധി നാടകയാത്ര

Gandhi nataka yathra Ernakulam
ഗാന്ധി നാടകയാത്ര ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എത്തിയപ്പോൾ
ഗാന്ധിജി തുടങ്ങിവച്ച സാമ്രാജ്യത്വ വിരുദ്ധ വർഗ്ഗീയ വിരുദ്ധ സമരങ്ങൾ ഇന്നും പലരീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്‌. ഗാന്ധിജിയുടെ ആദർശങ്ങൾ നാനാവിധത്തിൽ തിരസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വാശ്രയത്വം, ജനാധിപത്യം, മതനിരപേക്ഷത, അധികാരവികേന്ദ്രീകരണം തുടങ്ങിയ മൂല്യങ്ങൾ നഷ്ടമാകുന്നത് അദ്ദേഹത്തിന്റെ ആദർശങ്ങളും ആശയങ്ങളും വിസ്മരിക്കപ്പെടുന്നതിന്റെ സൂചനയാണ്‌. സാമ്രാജ്യത്വത്തിന്റെ വക്താക്കളായ വിദേശികൾ അധികാരം ഒഴിഞ്ഞപ്പോൾ സാമ്രാജ്യത്വത്തിന്റെ വക്താക്കളായ തദ്ദേശീയർ അധികാരം കയ്യാളുന്നത് ഗാന്ധിജിക്ക് അത്യധികം ആത്മസംഘർഷത്തോടെ നോക്കിനിൽക്കേണ്ടിവന്നു. സ്വാതന്ത്ര്യം നേടി ആറുപതിറ്റാണ്ടുകൾ പിന്നിട്ടിട്ടും വർഗ്ഗീയതയും പ്രകൃതിയോടുള്ള ചൂഷണവും, ജാതിസ്പർദ്ധയും, സാമ്രാജ്യത്വനയങ്ങളും നിലനിൽക്കുകതന്നെ ചെയ്യുന്നു. വരാനിരിക്കുന്ന ദുരന്തങ്ങളുടെ ദുസ്സൂചനയെന്നപോലെയാണ്‌ ഗാന്ധിവധം അരങ്ങേറിയതെന്നും പറയാം.

ഇത്തരമൊരു സന്ദർഭത്തിലാണ്‌ ഗാന്ധി നാടകയാത്രയുമായി ശാസ്ത്രസാഹിത്യ പരിഷത്ത് ജനങ്ങളിലേക്കെത്തുന്നത്. സാമൂഹികനവോദ്ധാനത്തിനുതകുന്ന വിധം കലയും ശാസ്ത്രവും സംയോജിപ്പിച്ചുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (Kerala Sasthta Sahithya Parishath) വിഭാവനം ചെയ്ത ആശയപ്രചാരണോപാധിയാണ്‌ ശാസ്ത്ര കലാജാഥ. 1980 മുതൽ വിവിധങ്ങളായ കലാജാഥകളും നാടകയാത്രകളും ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിവരികയും ജനശ്രദ്ധയാകർഷിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ വർഷം ഗാന്ധിനാടകയാത്ര അവതരിപ്പിച്ചു. കെ.സച്ചിദാനന്ദൻ എഴുതിയ ഗാന്ധി എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ്‌ ഈ നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ 96 കേന്ദ്രങ്ങളിൽ ഈ നാടകം അവതരിപ്പിച്ചു.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം മേഖലയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സ്വീകരണം നടത്തുകയും നാടകം അവതരിപ്പിക്കുകയും ചെയ്തു. അതിൽനിന്നുള്ള രംഗങ്ങളാണ്‌ ചിത്രത്തിൽ ഉൾപ്പേടുത്തിയിരിക്കുന്നത്. സച്ചിദാനന്ദന്റെ ഗാന്ധി എന്നകൃതിയുടെ ഉള്ളടക്കം തന്നെയാണ്‌ നാടകത്തിന്റെ ഉള്ളടക്കം എന്നതിനാൽ ഉള്ളടക്കത്തെ പ്രത്യേകം പരിചയപ്പെടുത്തുന്നില്ല...

Gandhi natakayathra Ernakulam
ഗാന്ധി നാടകയാത്ര: ചങ്ങമ്പുഴ പാർക്ക് ഇടപ്പള്ളി
~ ~ ~ * ~ ~ ~

Tuesday, February 18, 2014

‘ഗാന്ധി’ - സച്ചിദാനന്ദൻ

Gandhi - Satchidanandan

എല്ലാവർക്കും വേണം ഗാന്ധിയെ... അല്ല, ഗാന്ധിയുടെ പോയ്മുഖത്തിനെ. ഭാരതം സ്വതന്ത്രമാകുന്നതിനും വളരെ മുൻപുതന്നെ അതിനുവേണ്ടിയുള്ള പിടിവലികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. വർഗ്ഗീയലഹളകൾ, ഉച്ചനീചത്വങ്ങൾ, ഭക്ഷ്യക്ഷാമം, തൊഴിലില്ലാമ, സാമ്രാജ്യത്വങ്ങൾ, ഫ്യൂഡലിസം എന്നിങ്ങനെ ഭാരതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്‌. എന്നും ഇന്നും അങ്ങനെതന്നെയാണ്‌. നവഖാലിയിലേക്കുള്ള ശാന്തിയാത്രമുതൽ ജനുവരിമുപ്പതിലെ രക്തസാക്ഷിത്വം വരെയുള്ള നാളുകളിൽ മഹാത്മാഗാന്ധിക്ക് കടന്നുപോകേണ്ടിവന്ന തീഷ്ണമായ മുഹൂർത്തങ്ങളുടെ അവതരണം. ചരിത്രപരവും ദാർശനികവുമായ പ്രാധാന്യം ഇതിനുണ്ട്. അസ്വസ്ഥനും ഏകാകിയും തിരസ്കൃതനുമായിത്തീർന്ന ഗാന്ധിയുടെ ചിത്രം. അഹിംസ എന്നത് യുക്തിക്കുമപ്പുറം ഒരു വികാരം ആയി മാറിയാൽ മാത്രമേ അഹിംസാസിദ്ധാന്തം പ്രായോഗികമാകുകയുള്ളൂ. മതങ്ങളിലെ മൂല്യങ്ങളും അങ്ങനെതന്നെയാണ്‌. ബാഹ്യമായിമാത്രമുള്ള നിരീക്ഷണണങ്ങളിൽ പ്രകടമാകുന്ന വൈരുദ്ധ്യങ്ങൾ കലഹത്തിനും ചൂഷണത്തിനും കാരണമാകുന്നു. ഭാരതത്തിന്റെ ആത്മാവിനെ ഗാന്ധി തിരിച്ചറിഞ്ഞു; ഭാരതീയരോ ?

കൽക്കത്തയിലും പഞ്ചാബിലും മുസ്ലിംകളുടെ ചോരയൊഴുക്കിയ ഹിന്ദുക്കളെ സംരക്ഷിച്ചതിനാൽ ഗാന്ധി മുസ്ലിം വിരുദ്ധനായി, ലോഹോറിലും അമൃത്സറിലും ഹിന്ദുക്കളുടെ ചോരയോഴുക്കിയതിനാൽ ഗാന്ധി ഹിന്ദുവിരുദ്ധനായി. ചാതുർവർണ്യവ്യവസ്ഥയെ തള്ളിപ്പറയാതെതന്നെ സാമൂഹിക നവോദ്ധാനം സാധ്യമാക്കാൻ ശ്രമിച്ചതിനാൽ ഗാന്ധി അവർണ്ണരുടെ ശത്രുവായി. മിശ്രഭോജനവും* അധികാരത്തിന്റെ വികേന്ദ്രീകരണവും നടപ്പാക്കിയതിനാൽ ഗാന്ധി സവർണ്ണരുടെയും പ്രമാണിമാരുടെയും ശത്രുവായി. സാമ്രാജ്യത്വ ശക്തികൾ ആസൂത്രണം ചെയ്ത കമ്പോളവ്യവസ്ഥയെ സ്വീകരിക്കാതിരിക്കുകയും, കൃഷിയും ഗ്രാമീണവ്യവസ്ഥയും അവഗണിച്ചുകൊണ്ട് വൻസാമ്പത്തികലാഭവും സുഖസൗകര്യങ്ങളും നേടിത്തരികയും ചെയ്യുന്ന നിർമ്മാണപ്രവർത്തനങ്ങളെയും വൻ വ്യവസായങ്ങളെയും സ്വീകരിക്കാത്തതിനാൽ ഗാന്ധി വികസനവിരുദ്ധനുമായി.

അഹിംസയിൽ അടിയുറച്ച് നിരായുധരായി കഴിയുന്നവർപോലും ക്രൂരമായി വേട്ടയാടപ്പെടുന്നത് അഹിംസാവാധികളുടെ അവിശ്വാസത്തിന്‌ കാരണമായി. അദ്ദേഹം വിശ്വസിച്ചിരുന്ന ഹിന്ദുമതത്തെയോ, പ്രവർത്തിച്ചിരുന്ന കോൺഗ്രസ്പ്രസ്ഥനത്തെയോ അഹിംസാസിദ്ധാന്തത്തിൽ അടിയുറച്ചുവിശ്വസിക്കുന്ന ഒരു കരുത്തനായ നേതാവെന്നനിലയിൽ നയിക്കാൻ അദ്ദേഹത്തിന്‌ കഴിയാതെവന്നത് തീവ്രവർഗ്ഗീയ നിലപാടുകളുടെ പ്രസക്തി വർദ്ധിക്കുന്നതിനുള്ള കാരണമായി വ്യാഖ്യാനിക്കപ്പെട്ടു. സാമ്രാജ്യത്വ ആശയങ്ങൾ വഹിക്കുന്നവർ രാഷ്ട്രീയ നേതൃത്വവും ഏറ്റെടുത്തു. അങ്ങേയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ കൂടുതൽ വലിയ കലാപം ഉണ്ടാകില്ലേ എന്ന് അനുയായികൾ ചോദിക്കുമ്പോൾ, സാരമില്ല അതുകാണാൻ ഞാൻ ജീവിച്ചിരിക്കുന്നില്ലല്ലോ എന്ന പറയുന്ന ഗാന്ധിയെ നമുക്ക് കാണാൻ കഴിയും. എനിക്ക് ഒറ്റയ്ക്ക് മോക്ഷം വേണ്ട, അവസാനത്തെ പ്രാണിക്കും മോക്ഷം ലഭിക്കുന്നതുവരെ വീണ്ടും വീണ്ടും പിറക്കുന്ന ബോധിസത്വനെപ്പോലെ ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകതന്നെ ചെയ്യും എന്ന ആത്മഗതത്തെ ആർജ്ജവത്തോടുകൂടി നടപ്പാക്കുന്നതിൽ പരാജയപ്പെടുന്ന സന്ദർഭങ്ങളെല്ലാം അഹിംസാസിദ്ധാന്തത്തിന്റെയും പരാജയങ്ങളായി ഭവിച്ചു. ഇതെല്ലാം ചേർത്തുവച്ചുനോക്കുമ്പോൾ, ഗാന്ധിജിയുടെ നേർക്ക് ഉയർന്ന നിരവധി തോക്കുകളുടെ ഒരു പ്രതിനിധി മാത്രമായിരുന്നില്ലേ നാഥുറാം വിനായക് ഗോഡ്സെ എന്ന് ചിന്തിച്ചുപോകുന്നു.

മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ അവസാനഘട്ടങ്ങളാണ്‌ ഈ നാടകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. തന്റെ സുഹൃത്തുക്കൾ ഓരോരുത്തരായി ആശയങ്ങളെ തള്ളിപറയുന്നത്, പാക് വിഭജനത്തിനുവേണ്ടി മുഹമ്മദാലി ജിന്ന നടത്തുന്ന വാദപ്രതിവാദങ്ങൾ, നെഹ്രുവിന്റെയും പട്ടേലിന്റെയും വികസന നയങ്ങൾ, അവ ഗാന്ധിജിയിൽ ഏൽപ്പിച്ച മാനസികസംഘർഷങ്ങൾ, ഹിന്ദുരാഷ്ട്രത്തിനുവേണ്ടിയുള്ള അണിയറനീക്കങ്ങളും ഗൂഢാലോചനകളും... ഇവയെല്ലാം ഈ നാടകത്തിൽ ഉൾക്കൊണ്ടിരിക്കുന്നു. നാടകത്തിന്റെ ആരംഭഭാഗവും അവസാനഭാഗവും സമകാലീന സാഹചര്യങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയുന്ന വിധം ചിട്ടപ്പെടുത്തിയിരിക്കുന്നതിലൂടെ ഈ നാടകം ഇന്നത്തെ സാഹചര്യത്തിലും എത്രമാത്രം പ്രസക്തമാണെന്ന് കാണിച്ചുതരാൻ കഴിയുന്നു.

കെ. സച്ചിദാനന്ദൻ രചിച്ച ഈ കൃതി 1998ലെ ഏറ്റവും മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നടിയിട്ടുണ്ട്. ഒന്നാം പതിപ്പ് 1995 ആഗസ്റ്റ്-ൽ പുറത്തിറങ്ങിയിരുന്നു. 2014 ജനുവരിയിൽ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പ് ആണിത്. കേരള ശാസ്ത്ര സാഹിത്യ പരിഷത് (Kerala Sasthta Sahithya Parishath) ആണ്‌ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
~ ~ ~
( * മിശ്രഭോജനം:- വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രീതി എന്നാണ്‌ ഉദ്ദേശിക്കുന്നത്. മിശ്രഭുക്ക് എന്ന അർത്ഥം കൽപ്പിക്കരുത്.)

Book Name : ഗാന്ധി Gandhi
Language :  Malayalam
Publishers : Kerala Sasthta Sahithya Parishath
Second Edition : January 2014
ISBN : 978-93-83330-25-6
Pages : 115 Price : Rs.90/-

Saturday, February 01, 2014

ജനസംവാദം : വേണം മറ്റൊരു കേരളം മറ്റൊരിന്ത്യയ്ക്കായി

janasamvadam
ജനസംവാദകേന്ദ്രം: ഇത്തിത്താനം, കോട്ടയം ജില്ല
ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്‌. രാഷ്ട്രനിർമ്മാണത്തിലും പരിപാലനത്തിലും ഓരോ പൗരനും അതിന്റേതായ പങ്കുണ്ട്. ഔദ്യോദികമായി ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥരിലും ജനപ്രധിനിധികളിലും മാത്രം ഒതുങ്ങുന്നതല്ല മെച്ചപ്പെട്ട സാമൂഹികവ്യവസ്ഥ രൂപീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം. വ്യക്തമായ സാമൂഹിക അവബോധവും താൽപര്യവും ഉണ്ടെങ്കിൽ മാത്രമേ ജനാധിപത്യ ഭരണസംവിധാനത്തെ വിജയകരമാക്കാൻ കഴിയൂ. ഇന്നത്തെ വിദ്യാഭ്യാസ നയങ്ങളുടെ ഫലമായി ജനാധിപത്യരാഷ്ട്രമായ ഇന്ത്യയിലെ ജനങ്ങളുടെ പൗരബോധവും പൗരധർമ്മവും കൈമോശം വന്നിരിക്കുന്നു. രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും പഴിചാരിക്കൊണ്ടും വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ടും അവനവനിലേക്ക് ഒതുങ്ങാനുള്ള പ്രവണതയാണ്‌ കാണുന്നത്. പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും വോട്ടവകാശം നൽകപ്പെടുമ്പോൾ മെച്ചപ്പെട്ട സാമൂഹത്തിന്റെ സൃഷ്ടിക്കുള്ള ധാർമ്മികമായ ഉത്തരവാദിത്വവും കൂടി നമ്മിലേക്കെത്തുന്നുണ്ട്. വോട്ടവകാശം ശരിയായി വിനിയോഗിക്കണമെങ്കിൽ പോലും നിലവിലുള്ള രാഷ്ട്രീയ സാമൂഹിക അവസ്ഥകളെക്കുറിച്ച് അവലോകനം ചെയ്യണം. ഇതിനാകട്ടെ തുറന്ന ചർച്ചാവേദികൾ ആവശ്യമായിവരികയും ചെയ്യുന്നു. ഈയൊരവസരത്തിലാണ്‌ “വേണം മാറ്റൊരു കേരളം മറ്റൊരിന്ത്യയ്ക്കായി” എന്നമുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത് (KSSP) കടന്നുവരുന്നത്. ഇതിന്റെ വിപുലമായ പ്രചരണ പരിപാടികളുടെ ഭാഗമായി കഴിഞ്ഞമാസം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘ജനസംവാദം’ എന്ന പേരിൽ ചർച്ചാവേദികൾ ഒരുക്കിയിരുന്നു. ഇന്നത്തെ സാമൂഹികവ്യവസ്ഥ നീതിപൂർവ്വമല്ലെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, മൂല്യബോധം ഇല്ലാത്ത സമൂഹം എന്ന് തോന്നുന്നുവെങ്കിൽ, വിദ്യാഭ്യാസവും കാർഷിക സംസ്കാരവും തൊഴിൽസംസ്കാരവും താറുമാറാവുന്നുവെന്ന് കരുതുന്നുവെങ്കിൽ ഇത്തരം ചർച്ചകളിലും സംവാദങ്ങളിലും തുടർപ്രവർത്തനങ്ങളിലും പങ്കാളികളാവേണ്ടതുണ്ട്.

janasamvadam
ജനസംവാദകേന്ദ്രം: കുറിച്ചി, കോട്ടയം ജില്ല
ആഗോളവൽക്കരണം, കമ്പോളവൽക്കരണം, മാറുന്ന വിദ്യാഭ്യാസ വീക്ഷണങ്ങൾ, മാറിമാറിവരുന്ന തൊഴിൽ സംസ്കാരങ്ങൾ, വിസ്മരിക്കപ്പെടുന്ന കാർഷിക സംസ്കാരവും പ്രകൃതിസംരക്ഷണവും, മദ്യപാനസംസ്കാരമായി വളർന്നുവരുന്ന മദ്യാസക്തി എന്നിങ്ങനെ ജനജീവിതത്തെയും സാമൂഹികവ്യവസ്ഥയെയും സ്വാധീനിക്കുന്ന കാര്യങ്ങൾ സംവാദങ്ങളിൽ ചർച്ചാവിഷയമായി. പ്രാദേശികമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാൻ പ്രായോഗിക പദ്ധതികൾ രൂപീകരിക്കാനുമായി. പശ്ചിമഘട്ടത്തിന്റെ സംരക്ഷണവും കേരളത്തിന്റെ വികസനവും എന്നത് മുഖ്യസംവാദവിഷയമായിരുന്നു. ഭൂവിനിയോഗനിയമങ്ങളുടെ അപര്യാപ്തതകൾ, പരിസ്ഥിതിയെ മറന്നുള്ള വികസനനയങ്ങൾ എന്നീവിഷയങ്ങളെല്ലാം ആധികാരികമായി അവതരിപ്പിക്കപ്പെട്ടു. അവയെക്കുറിച്ച് ചർച്ചയും അഭിപ്രായരൂപീകരണവും നടക്കുകയും ചെയ്തു. സുസ്ഥിരവും സുരക്ഷിതവുമായ സാമൂഹിക വ്യവസ്ഥയ്ക്ക് ഇത്തരം ജനകീയകൂട്ടായ്മകൾ വളരെ പ്രയോജനകരമാണ്‌.

പ്രചരണ പരിപാടിയുടെ അടുത്ത ഘട്ടം ഗാന്ധി നാടകയാത്ര ആണ്‌.