Tuesday, January 28, 2014

ക്രിസ്തു എന്തിന്‌ കുരിശിനെ വരിച്ചു


ആ മുപ്പതുവെള്ളിക്കാശ് സാമ്രാജ്യത്വത്തിന്റെ വക്താക്കളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് തിരിച്ചുവന്ന ശിഷ്യനായ യൂദാസിനോട് ഗുരു പറഞ്ഞു: "ആ ദൗത്യം നിറവേറപ്പെടേണ്ടതുതന്നെ. സാമ്രാജ്യത്വത്തിന്റെ വക്താക്കളും ശിഷ്യനാകുന്ന നീയും ഒരു നിമിത്തം മാത്രം....."

കുരിശിലേറ്റലാണ്‌ അവനെ പരിപൂർണ്ണനാക്കിയത്. അതിന്‌ വശപ്പെടേണ്ടതാണെന്ന് അവനു ബോധ്യമുണ്ടായിരുന്നു. ശാരീരികമായ മരണത്തെ പോലും അതിജീവിച്ചത് ക്രൂശിതനാക്കപ്പെട്ടതിലൂടെയാണ്‌. ദുഃഖവെള്ളിയാഴ്ചവരെയുണ്ടായിരുന്ന ക്രിസ്തുവല്ല ഈസ്റ്റർ മുതലുള്ളത്. ഓരോ വിലാപങ്ങൾക്കുപിന്നിലും ഒരു അഹംബോധം ഉണ്ട്. പരിമിതിയുള്ള ഒരു അഹം. മാനവരാശിയുടെ പാപഭാരം ഏറ്റെടുത്ത് അവർക്കുവേണ്ടി യാതന അനുഭവിക്കണമെങ്കിൽ അവരുടെയെല്ലാം പരമാവധിയളവിലുള്ള സഹനശക്തിയുടെ ആകെത്തുകയായിരിക്കണം ക്രിസ്തുവിന്റെ സഹനശക്തി. ഇത് അമാനുഷികമെങ്കിലും ദൈവികമായ പരിധിയില്ലാത്ത ശേഷി ആയിട്ടുമില്ല. സ്വന്തം ഉദ്ധാരണവും മാനവരാശിയുടെ പാപത്തിന്റെ കടംവീട്ടലുമാണ്‌ ക്രിസ്തു കുരിശുമരണത്തിലൂടെ ലക്ഷ്യമിട്ടത്. ശാരീരികമായ മരണത്തിന്‌ വഴിപ്പെടുകയല്ല, ശാരീരികമായ മരണത്തെ അതിജീവിക്കുകയാണ്‌ കുരിശിനെ വരിച്ചതിലൂടെ ക്രിസ്തുവിന്‌ സാധിച്ചത്. അവനവന്റെ പരിമിതി അറിയുന്നവനേ അതിനു തൊട്ടുപിന്നിലായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിധി കൈക്കലാക്കാനാവൂ എന്ന യോഗസിദ്ധാന്തവും ഇവിടെ പ്രാവർത്തികമായി.

ജീവനും ശരീരവും ചേരുന്നതാണ്‌ ജീവിതം. ലംബവും തിരശ്ചീനവുമായ രേഖകൾ സന്ധിക്കുന്ന കുരിശ് ഇതിനെ പ്രതീകവൽക്കരിക്കുന്നു. കുരിശുചുമക്കുന്നവൻ എന്നാൽ കഷ്ടപ്പാടിന്റെ പ്രതീകം ആയിക്കൊള്ളണമെന്നില്ല; എന്നാൽ ജീവിതത്തിന്റെ പ്രതീകമാണ്‌. ഉയർത്തെഴുന്നേറ്റ അവന്റെ തലയിൽ മുൾക്കിരീടം ഉണ്ടായിരുന്നില്ല. ഹൃദയം മുൾച്ചങ്ങലയാൽ ബന്ധിച്ചിരുന്നില്ല. ഉയർത്തെഴുന്നേറ്റുവന്ന അവൻ, വെള്ളയടിച്ച കുഴിമാടങ്ങളിനിന്നും ഉയർന്ന പിശാശുക്കളെ നോക്കി പറഞ്ഞു “ഹേ പിശാശേ നീ വെറും പുൽക്കൊടിയാകുന്നു” എന്ന്. ശത്രു ചെറുതായിപ്പോയതല്ല കാരണം; ക്രിസ്തു അത്രയും ഉന്നതനായി എന്നതാണ്‌ കാരണം. ഈയൊരു അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ മാത്രമേ “ശത്രുവിനെ സ്നേഹിക്കുവിൻ, പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്ന വേദവാക്യത്തെ ഉൾക്കൊള്ളാനാവുകയുള്ളൂ. അവരുള്ളതുകാരണമാണല്ലോ അവനവന്റെ ഉന്നമനം സാധിച്ചത്. ക്രിസ്തു ഇനി അവതരിക്കില്ല എന്ന് വിശ്വസിക്കപ്പെടാൻ കാരണമുണ്ട്. പോരടിക്കാൻ അവനിന്ന് ശത്രുക്കളില്ല; തിന്മയുടെ ഏതാനും പുൽക്കൊടികളെയേ കാണുന്നുള്ളൂ. മാനവരാശിക്ക് ശക്തിപകർന്നുകൊണ്ടും വഴികാട്ടിയായും അവൻ നിൽക്കുന്നു. പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കിക്കൊണ്ട് തീർത്ഥാടനത്തിന്റെ ഭാഗമായി കുരിശുചുമക്കുന്നു. അതിലൂടെ കടന്നുപോകൂ. അതിനുശേഷം നിങ്ങളുടെ തലയിൽ മുൾക്കിരീടം ഉണ്ടായിരിക്കരുത്. ഹൃദയം മുൾച്ചങ്ങലയാൽ ബന്ധിച്ചിരിക്കരുത്. ദിവ്യപ്രകാശം നിങ്ങളിൽ നിന്നും പ്രവഹിക്കേണ്ടതുണ്ട്.


Read Also:
ഉയര്‍തെഴുന്നേല്‍പ്പിന്റെ നവശില്‍പങ്ങള്‍ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....!!!!

~ ~ ~ ! ~ ~ ~

5 comments:

 1. ഏലീ ഏലീ ലമ്മാ ശബക്താനീ....

  ReplyDelete
  Replies
  1. ദൈവമേ, നീ എന്നെ കൈവിട്ടത്‌ എന്ത്‌.... എന്നല്ലേ അർത്ഥം ?

   നന്ദി...

   Delete
 2. നല്ലത്....ഫെയ്സ്ബൂക് ലിങ്ക് ആദ്യം കൊടുത്താൽ കൂടുതൽ നല്ലതു...

  ReplyDelete
  Replies
  1. അതായിരിക്കും കൂടുതൽ നല്ലത്. അങ്ങനെ ചെയ്തിട്ടുണ്ട്.
   വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
 3. ശത്രു ചെറുതായിപ്പോയതല്ല കാരണം; ക്രിസ്തു അത്രയും ഉന്നതനായി എന്നതാണ്‌ കാരണം. .....നന്നായിട്ടുണ്ട്

  ReplyDelete