Saturday, January 18, 2014

സ്വന്തം ചിത്രത്തെപ്പോലും ഭയപ്പെടുന്നവർ

ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു മെസ്സേജ് ആണ്‌ താഴെക്കൊടുത്തിരിക്കുന്ന ചിത്രം. ആദ്യം അതിലെ വരികൾ വായിച്ചുമനസ്സിലാക്കുക.
ഇത്തരം വിലക്കുകൾക്ക് ഒരു classical approach ഉണ്ട്. “ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടെയുണ്ട്” എന്ന് ക്രിസ്തുപറഞ്ഞു. എന്നാൽ, “ദൈവഭയമുള്ളവരായിരിക്കൂ” എന്ന് നമ്മെ പഠിപ്പിച്ച ആ classical myth ഇന്നും സമൂഹത്തെ ഭരിക്കുന്നു. സമൂഹത്തിൽ ഏറ്റവും വില കൽപ്പിക്കപ്പെട്ടിരിക്കുന്ന മുതിർന്ന തലമുറയിൽ പെട്ടവർ, അദ്ധ്യാപകർ, ആത്മീയപ്രവർത്തകർ എന്നിവരൊക്കെ പൊതുവെ ഭയത്തിന്റെയും ഉൾവലിച്ചിലിന്റെയും സുരക്ഷിതത്വത്തിൽ അഭയം കണ്ടെത്തുകയും തൃപ്തിപ്പെടുകയും അഭിമാനിക്കുകയും ചെയ്യുന്നവരാണ്‌. (വേറിട്ട സ്വരങ്ങൾ ഉണ്ടെന്നതും അനുസ്മരിക്കുന്നു). ഉത്തരവാദിത്വപൂർവ്വം സമൂഹത്തെ നയിക്കേണ്ടവരാണ്‌ ഇങ്ങനെ ഉൾവലിച്ചിലിനു പ്രേരിപ്പിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നത്. നിർദ്ദോഷകരമായ സ്വാതന്ത്ര്യം അഥവാ freedom with wisdom എന്നൊരാശയം അവർക്കില്ല. "Probably there is No God. So Enjoy the Life" എന്ന മുദ്രാവാക്യത്തോടുകൂടി ലണ്ടനിൽ ഒരു പ്രചരണ പരിപാടി നടക്കുകയുണ്ടായി. ദൈവം എന്ന ആശയം enjoyment എന്നതിന്‌ വിരുദ്ധമാണെന്ന് അവർ ധരിച്ചുവച്ചിരിക്കുന്നുവെന്ന് വ്യക്തം. മതങ്ങൾ സ്ത്രീ സ്വാതന്ത്ര്യത്തിന്‌ വിരുദ്ധമാണെന്നാണ്‌ പുരോഗമന പ്രസ്ഥാനങ്ങൾ പ്രചരിപ്പിക്കുന്നത്. പ്രത്യക്ഷത്തിൽ അതങ്ങനെതന്നെയാണെന്നതിന്‌ നിരവധി ഉദാഹരണങ്ങളുമുണ്ട്. ഒരുതരം മിദ്ധ്യാസങ്കല്പ്പത്തെയാണ്‌ ആദർശത്തെ മുറുകെപിടിക്കുന്നവർ പലപ്പോഴും പിൻതുടരുന്നത്. ഇതിന്റെയൊക്കെ ഫലമായി, സ്വാതന്ത്ര്യവും സന്തോഷവും അധമമായി ചരിക്കുന്നവർക്കുമാത്രമുള്ളതാണെന്ന ധാരണപോലും വരുന്നു.

എത്ര നിരുത്തരവാദപരമായാണ്‌ "Dear girls please remove your photos from social sites immediately" എന്നുപറഞ്ഞിരിക്കുന്നത് ?! ഈ മെസ്സേജിനെ അനുകൂലിച്ചുകൊണ്ട് promote/share ചെയ്യുന്നവരും അതുതന്നെയാണല്ലോ ചെയ്യുന്നത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനുള്ള താൽപര്യവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുകമാത്രമല്ല; ഏതെങ്കിലും വിധത്തിൽ ചിത്രം pron siteകളിൽ ചെന്നുപെടുമോയെന്ന ഭയവും വളർന്നുതുടങ്ങുന്നു...എല്ലാവരിലും. ഈ പ്രവണതയെ മാറ്റിയേതീരൂ. അഭിമാനം എന്നത് സ്വന്തം കൈകളിൽത്തന്നെയായിരിക്കണം; നാനാവിധമുള്ള ജനങ്ങളെ ആശ്രയിച്ചാവരുത് അതിന്റെ നിലനിൽപ്പ്. ദോഷൈകദൃക്കുകളെ ഭയന്ന് എത്രനാൾ വഴിമാറിനടക്കാനാവും ? ചിത്രത്തെക്കുറിച്ചുപോലും ഭയപ്പെടേണ്ടിവരുന്ന അവസ്ഥ അപലപനീയം തന്നെ. ഈ ഭയപ്പാടിനെ അതിജീവിക്കാൻ മനോബലമാണ്‌ അത്യാവശ്യം ഉണ്ടായിരിക്കേണ്ടത് (സ്ത്രീകൾ അബലകളെങ്കിൽ അത് മാനസികമായി മാത്രമാണെന്നു പറയുന്നതും ഇവിടെ ശരിവയ്ക്കുന്നു. “പായ്ക്ക് ചെയ്തതുപോലെ ശൂന്യാകാശത്തുപോയി വരുന്നതോ തലച്ചോറിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതോ അല്ല, സ്വൈര്യമായി ജീവിക്കാനാവുന്നതാണ്‌ യഥാർത്ഥ സ്ത്രീശാക്തീകരണത്തിന്റെ ലക്ഷണം” - Elizabath Margaret). ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയോ അനാദരവുകാട്ടുകയോചെയ്യുന്നുണ്ടെങ്കിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനുള്ള പിൻതുണ ഉണ്ടായിരിക്കണം. ഭയവും അടങ്ങിയൊതുങ്ങലുകളും ഒരു പോംവഴിയേയല്ല. പ്രോത്സാഹനമാണ്‌ ആവശ്യം. സ്വന്തം ചിത്രം അപ് ലോഡ് ചെയ്യുന്നതിനു മുൻപ് രണ്ടുവട്ടം ആലോചിക്കുക എന്ന ഉപദേശവും കാണാറുണ്ട്. സ്ഥിതിഗതികളെക്കുറിച്ച് അറിവുണ്ടാകാൻ ആലോചന നല്ലതാണ്‌. ആലോചിച്ചിട്ടോ ? ചിത്രത്തെ ആരെങ്കിലും ദുരുപയോഗം ചെയ്താൽ എങ്ങനെ അതിനെ മറികടക്കണമെന്ന അറിവോടുകൂടിത്തന്നെ പോസ്റ്റ് ചെയ്യാനാവണമെന്നും ആ സ്വാതന്ത്ര്യത്തിന്‌ സ്വയം വിലങ്ങുവയ്ക്കരുതെന്നും അവർ എന്തുകൊണ്ട് ഉപദേശിക്കുന്നില്ല ? !

ആർഷ ഭാരത സംസ്കാരത്തെ ആ.ഭാ.സം. ആക്കിക്കൊണ്ട് കാലങ്ങളായി തുടർന്നുപോരുന്ന ചില കാര്യങ്ങളുണ്ട്. വായനക്കാർ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന നോവൽ വാരികകളിലും മറ്റും സ്ത്രീകളുടെ ചിത്രം മുഖചിത്രമായി പ്രസിദ്ധീകരിക്കുന്നു. മദ്യപിച്ചും കമന്റടിച്ചും ലക്കുകെട്ട് നടക്കുന്നവരുടെ കൈയ്യിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ കാണുന്നത് ഒരു വിരോധാഭാസമായി തോന്നുന്നുവെന്ന് ചില ഫെമിനിസ്റ്റ് പ്രവർത്തകർ പറഞ്ഞിരുന്നു. എന്നാൽ കാലങ്ങളായി തുടർന്നുപോരുന്ന ഈ പ്രവണതയ്ക്കെതിരെ ആദർശവാദികളുടെ ശബ്ദം ഉയർന്നുകേട്ടിട്ടില്ല. ഏതെല്ലാമോ വികലമായ കാഴ്ചപാടുകളാണ്‌ നമുക്കിടയിൽ ബാധിച്ചിരിക്കുന്നത്. മനോഹരമായ ദേവീവിഗ്രഹങ്ങളെയും ചിത്രങ്ങളെയും ആരാധിക്കുന്നവർക്കുപോലും അതേ വേഷത്തിലും ഭാവത്തിലുമുള്ള സ്ത്രീയുടെ ചിത്രത്തോട് പുച്ഛമനോഭാവം ഉണ്ടാകുന്നതെന്തുകൊണ്ട് ? സ്വാഭാവികമായും മനഃശാസ്ത്രപരമായി അങ്ങനെ സംഭവിക്കാനിടയില്ലാത്തതാണ്‌. തെറ്റായ പരിശീലനങ്ങളിലൂടെ നൈസർഗ്ഗികമായ മൂല്യബോധം നഷ്ടപ്പെടുകയും വികലമായ ധാരണകൾ കുത്തിനിറയ്ക്കപ്പെടുകയും ചെയ്തതാണ്‌ കാരണം. കുട്ടികളിലും ഗോത്രവർഗ്ഗക്കാർക്കിടയിലും ഉൾനാടൻ ഗ്രാമീണ ജനവിഭാഗങ്ങൾക്കിടയിലും ഈ അപചയവും പുച്ഛമനോഭാവവും തീരെക്കാണാനില്ല എന്നത് ഈ കണ്ടെത്തലിനെ ശരിവയ്ക്കുന്നു. പൊതുസമൂഹത്തിന്‌ ഒരു റിവേഴ്സ് കണ്ടീഷനിംഗ് ആവശ്യമാണ്‌.

~ ~ ~ ! ~ ~ ~

8 comments:

 1. എല്ലാത്തിനേയും ഭയം
  അനാരോഗ്യകരമായ ഭയം

  ReplyDelete
  Replies
  1. ശരിയാണ്‌. മിഥ്യാധാരണകൾ കാരണമുള്ള ഭയം എത്രയധികമാണ്‌ നമ്മെ ബാധിച്ചിരിക്കുന്നത്.
   നന്ദി...

   Delete
 2. ആവശ്യത്തിലധികം ഭയം സൃഷ്ടിക്കുന്നതാര് ആർക്കുവേണ്ടി എന്ന് ചിന്തിക്കേണ്ട സമയമായി

  ReplyDelete
  Replies
  1. എവിടെനിന്നൊക്കെയോ ആരംഭിച്ചു. ഒരു പകർച്ചവ്യാധിപോലെ പടർന്നുകൊണ്ടിരിക്കുന്നു. തെറ്റ് ചെയ്തത് ആരെന്നതിനേക്കാൾ പ്രധാനമാണ്‌ സംഭവിച്ചത് തെറ്റാണെന്ന തിരിച്ചറിവ്. രക്ഷനേടാൻ അതുപകരിക്കും.
   നന്ദി നിധേഷ്...

   Delete
 3. സത്യത്തില്‍ ശരീരത്തില്‍ നിന്നു പുറത്തു കടക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും പ്രയാസമേറിയ ഒന്നാണ്..അത്തരം സൈറ്റുകളില്‍ എത്തിയ ഫീലോടെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രത്യേകിച്ചു കേരളത്തിലുള്ളവര്‍ വായിക്കുന്നതു തന്നെ..ഇത്തര്‍ം ഒരു സൈറ്റില്‍ ഫോട്ടോ വന്നാല്‍ തന്നെ എന്തു സംഭവിച്ചാലും കൂടെയുള്ളവര്‍ അപ്പോഴും കൂടെ ഉണ്ടാകും എന്നു വിശ്വാസം ആര്‍ക്കും തന്നെ ഇല്ല്യ..അതു കൊണ്ട് ഇത്തരം മെസ്സേജുകളിലൂടെ സ്ത്രീകളേക്കാള്‍ അവരുടെ കൂടെയുള്ളവരെ ഭയപ്പെടുത്തി..ഒന്നു കൂടി അവരുടെ സാധ്യതകളെ അടിച്ചമര്‍ത്താം...

  ReplyDelete
  Replies
  1. അതാണ്‌ സംഭവിക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതേക്കുറിച്ച് വിശകലനം ചെയ്യാനും ആത്മപരിശോധന നടത്താനും ശ്രമിക്കില്ല. നാട്ടുനടപ്പ് എന്താണോ അത് പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുകയും അതനുസരിച്ച് ചിന്തയും പ്രവൃത്തിയും നീങ്ങുകയും ചെയ്യുന്നു. ഈ രീതിക്കൊരു മാറ്റം വന്നാൽ മതി

   വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി...

   Delete
 4. സ്വതന്ത്രയാവുക പെൺകുട്ടീ...

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി...

   Delete