Wednesday, December 03, 2014

ജനാധിപത്യത്തിന്റെ കാണാപ്പുറങ്ങൾ

ജനാധിപത്യം politics kerala

ജനങ്ങൾക്കുവേണ്ടി ജനങ്ങളെ ജനങ്ങളാൽ തെരഞ്ഞെടുത്ത് നടപ്പാക്കുന്ന ഭരണസംവിധാനമാണ്‌ ജനാധിപത്യം. വോട്ടുചെയ്യുന്നതോടുകൂടെ ജനാധിപത്യത്തിൽ പൗരന്റെ കടമ അവസാനിക്കുകയല്ല കടമകൾ ആരംഭിക്കുകയാണ്‌ ചെയ്യുന്നത്. ഇവിടെ സർക്കാരിൽ നിന്നും പ്രതിഫലം സ്വീകരിക്കുന്ന ഓരോരുത്തരും ജനസേവകരാണ്‌; അതേസമയം ജനങ്ങളാകുന്ന ഭരണകർത്താക്കളും. മന്ത്രിമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയ എല്ലാവരും സർക്കാരിന്റെ, ജനങ്ങളുടെ സേവകരാണ്‌. ജനങ്ങൾ തങ്ങളുടെ സേവകരിൽ നിന്നും മെച്ചപ്പെട്ടതും നീതിയുക്തവുമായ സേവനങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും അതോടൊപ്പം അവരുടെയും ക്ഷേമതാൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ജനങ്ങളുടേ സൃഷ്ടിയാണ്‌ ജനപ്രതിനിധികൾ. തെരഞ്ഞെടുപ്പ് എന്ന പ്രക്രിയയിലൂടെ ജനപ്രതിനിധികളെ സൃഷ്ടിച്ച് നികുതിപ്പണവും കൊടുത്താൽ അവർ അതുപയോഗിച്ച് വളർന്നുകൊള്ളും. അതുകൊണ്ട് അവർക്ക് ധർമ്മബോധമുണ്ടായിരിക്കണമെന്നില്ല. തങ്ങളുടെ സൃഷ്ടികളെ നേർവഴിക്ക് നയിക്കേണ്ടതായ ഉത്തരവാദിത്വം സൃഷ്ടാക്കളുടേതാണ്‌; വിലപ്പെട്ട സമിതിദാനാവകാശം വിനിയോഗിക്കുന്നവരുടേത്. ഒരു ജനാധിപത്യ രാജ്യത്ത് ആ നാട്ടിലെ പൊതുജനത്തിന്റെ പൗരബോധവും നീതിബോധവും തന്നെയായിരിക്കും ജനസേവകരിലും പ്രതിഫലിക്കുന്നത്. ജനസേവകരാകുന്ന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സ്വന്തം സേവകരായി കരുതി കാര്യങ്ങൾ നടപ്പാക്കുകയും ജനാധിപത്യത്തിലെ അംഗങ്ങളായ അവരെയും സഹജീവികളായി കരുതി സഹവർത്തിത്വം ഉറപ്പാക്കുകയും ചെയ്യുന്നവർക്കായിരിക്കും വിജയം. നമ്മുടെ ഭരണസംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത് ആവിധത്തിലാണ്‌. ആരാണോ നാടിനെ സ്വന്തമെന്നുകരുതി ശക്തിയുക്തമായി മുന്നോട്ടുനീങ്ങുന്നത് അവരുടെ സേവകരായിരിക്കും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും.

ജനങ്ങൾക്ക് നീതി കിട്ടുന്നില്ലായെന്നും നിയമം പാലിക്കപ്പെടുന്നില്ലായെന്നും തോന്നുന്നുവെങ്കിൽ സ്വയം ഒന്നു തിരിഞ്ഞുനോക്കുക... നിങ്ങളിലെ സാമൂഹ്യാവബോധവും കാര്യനിർവ്വഹണ ശേഷിയും എത്രത്തോളമുണ്ട് ? എന്തുകൊണ്ടാണ്‌ ഇങ്ങനെയൊക്കെയെന്ന് ചോദിച്ചാൽ സാമൂഹിക വ്യവസ്ഥിതിയുടെയും വിദ്യാഭ്യാസരീതിയുടെയും പോരായ്മകളിലേക്കാണ്‌ എത്താൻ കഴിയുന്നത് . പതിറ്റാണ്ടുകൾക്കും നൂറ്റാണ്ടുകൾക്കും മുൻപ് വ്യാവസായികവിപ്ലവവും ധനാഗമനമാർഗ്ഗങ്ങളും അത്യാവശ്യമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറിമറിഞ്ഞുവന്നിട്ടും ആ പഴയ കാഴ്ചപ്പാടിൽ നിന്നും മാറിയിട്ടില്ല. വർദ്ധിച്ച ജനപ്പെരുപ്പവും ഭൂമിയുടെ നാശവും നഗരവൽക്കരണവും സാർവ്വത്രികമായ മൂല്യശോഷണവും വ്യാപകമാവുമ്പോഴും പാഠ്യപദ്ധതിയിലും മാധ്യമങ്ങളിലും പ്രാധാന്യം ധനസമ്പാദനത്തിനും വ്യാവസായിക ആഡംബര കുതിച്ചുചാട്ടങ്ങൾക്കും.

നൂറ്റാണ്ടുകളായി വൈദേശികഭരണത്തിൽ കഴിഞ്ഞ നാടാണിത്. അത്തരം സംവിധാനത്തിൽ ഭരണകർത്താക്കൾ വിദേശികളായ സാമ്രാജ്യത്വവക്താക്കളായിരുന്നു. ഭരണനിവ്വാഹകർ വിദേശികളോ തങ്ങളോട് കൂറുള്ള തദ്ദേശീയരോ ആയിരുന്നു. ജനങ്ങൾക്ക് ഭരിക്കപ്പെടാൻ മാത്രമേ യോഗമുള്ളൂ. ഇത്തരം സംവിധാനത്തിൽ ഭരണകർത്താക്കളും ഭരണനിർവ്വാഹകരും ജനങ്ങൾക്ക് ‘ഏമാൻ’മാർ ആയിരുന്നു. സഹവർത്തിത്വമല്ല വിധേയത്വമാണ്‌ അവിടെ നടപ്പാക്കിയിരുന്നത്. അച്ചടക്കം, വിധേയത്വം, അനുസരണ എന്നിവയുടെ കർക്കശസ്വരങ്ങൾ മേലേയ്ക്കിടയിൽ നിന്നും താഴേയ്ക്കിടയിലേക്ക് പ്രവഹിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരവും ഇതുതന്നെയാണ്‌ അവസ്ഥ. പോലീസ് ട്രയിനിങ്ങ്, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയോക്കെ ഇന്നും സ്വാതന്ത്ര്യലബ്ദിക്ക് മുൻപ് നിലനിന്നിരുന്ന അനാരോഗ്യകരമായ വിധേയത്വത്തിന്റെയും നീതിയുക്തമല്ലാത്ത അധികാരത്തിന്റെയും കേന്ദ്രങ്ങളായി നിലകൊള്ളുന്നു. “ശക്തനോട് സൗഹൃദം, സമനോട് ബന്ധുത്വം, ദുർബ്ബലനുമേൽ അധീശത്വം“ ഇതാണ്‌ നടപ്പാകുന്നത്. അച്ചടക്കത്തിന്റെയും അനുസരണയുടെയും പാഠങ്ങൾ മാത്രം മൂല്യാധിഷ്ഠിതജീവിതത്തിന്റെ പ്രമാണമാക്കി വിദ്യാലയങ്ങളിൽ നിന്നും വീട്ടിൽ നിന്നും പഠിച്ചുവരുന്ന പൗരന്മാർക്ക് ‘ഏമാന്മാരുടെ’ മുന്നിൽ അനുസരണയോടെ നിൽക്കാനോ അപേക്ഷിക്കാനോ സഹികെട്ടാൽ പോട്ടിത്തെറിക്കാനോ മാത്രം കഴിയുന്ന ഒരു മാനസികാവസ്ഥ പ്രബലമായി രൂപപ്പെട്ടിരിക്കും.

ഇന്ന് എവിടെക്കിടക്കുന്നു നമ്മുടെ പൗരബോധം ? കുടുംബാംഗങ്ങൾ തമ്മിൽ പോലും അന്യമെന്നബോധവും അതിന്റെ ഫലമായ അരക്ഷിതാവസ്ഥയും ഭയവും നിലനിൽക്കുന്നു. ഭൂരിപക്ഷം മാധ്യമങ്ങളും വിദ്യാലയങ്ങളും സൈക്കോളജിസ്റ്റുകളും നൽകുന്ന നിർദ്ദേശങ്ങൾ കുട്ടികളിലും മുതിർന്നവരിലും അന്യമെന്ന ബോധം ശക്തമാക്കുവാനും ഭയവും അരാജകത്വവും വർദ്ധിപ്പിക്കാനുമാണ്‌ ഉതകുന്നത്. ആദ്യം സമൂഹത്തിൽ വ്യാപിച്ച ഈ അപചയം ഇന്ന് കുടുംബങ്ങൾക്കുള്ളിൽ വരെയെത്തിനിൽക്കുന്നു. എല്ലാം പരസ്പരാശ്രിതവും പരസ്പരബന്ധിതവുമാണെന്നത് നാം മറക്കുന്നു. ഗുരുകുലസമ്പ്രദായത്തിൽ ഒരു രീതിയുണ്ട്. അധ്യേതാവ് ഒറ്റയ്ക്ക് ദേശാന്തരഗമനമോ നാടുചുറ്റലോ നടത്തി വിവിധ അറിവുകൾ നേടുകയും അനുഭവസമ്പത്ത് വർദ്ധിപ്പിക്കുകയും ചെയ്യുകയും ഭിക്ഷയെടുത്ത് ഉപജീവനം കഴിക്കുകയും ചെയ്തിരുന്നു എന്നത്. ആൺ-പെൺ ഭേദമില്ലാതെ തന്നെ ഇത് നടപ്പാക്കിയിരുന്നു. ഇത് എല്ലാത്തിനെയും സ്വന്തമായി കരുതാൻ കുട്ടികളെ പ്രാപ്തരാക്കുകയും എല്ലാ കുട്ടികളെയും സ്വന്തം കുട്ടികളെപ്പോലെ കരുതണമെന്ന ബോധം മുതിർന്നവരിൽ ഉറപ്പിക്കാനും സഹായിച്ചു. ഏതോ കുട്ടി മുന്നിൽ വന്നുനിൽക്കുമൊപോൾ തങ്ങളുടെ മക്കളും ഇതുപോലെ മറ്റെവിടെയെങ്കിലും ചെന്നുനിൽക്കുകയായിരിക്കുമെന്ന് അവർക്കറിയാം. സാങ്കേതികമായി നിർവ്വചിക്കുന്ന (blood relation & relationship by law) കുടുംബബന്ധമല്ല, അതിലുപരി പവിത്രമായ കുടുംബബോധമായിരുന്നു നിലനിന്നിരുന്നത്. മനുഷ്യൻ ഒരു സാമൂഹികജീവിയാണെന്നും പ്രകൃതിയിൽ നിന്നും സഹജീവികളിൽ നിന്നും പലതും ഉൾക്കൊള്ളാനുണ്ടെന്നും അവർക്ക് മനസ്സിലാക്കാനായി. ഇങ്ങനെ, അന്യമെന്ന ബോധവും അരക്ഷിതാവസ്ഥയും ഭയവും ഇല്ലാതായാൽ ജനാധിപത്യം വിജയിക്കുമെന്നതിന്‌ സംശയമില്ല. ഫ്യൂഡൽ വ്യവസ്ഥയുടെയും സാമ്രാജ്യത്വത്തിന്റെയും വ്യാപനത്തോടുകൂടെ, സമഗ്രമായ ഭാവനകളിൽ നിന്നും സങ്കുചിതമായ ഭാവനകളിലേക്കുള്ള മാറ്റം സംഭവിച്ചു. ഇതിൽ നിന്നും മോചനം നേടണം. ഇച്ഛാശക്തിയാണ്‌ ഉണ്ടായിരിക്കേണ്ടത്. ശരിയായ ജ്ഞാനം നേടുവാനും നല്ലമനുഷ്യരായി ജീവിക്കാനുമുള്ള പരിശ്രമങ്ങൾ നമ്മുടെയിടയിൽ അപൂർവ്വമായെങ്കിലും നടക്കുന്നുണ്ടെന്നത് പ്രത്യാശാജനകവും മാതൃകാപരവുമാണ്‌.

ഒരു ജനാധിപത്യരാഷ്ട്രം നീതിയുക്തവും കാര്യക്ഷമവുമായി നിലനിന്ന്പോരുന്നതിൽ ജനങ്ങൾക്ക് ഒട്ടും ചെറുതല്ലാത്ത പങ്കുണ്ട്. ജനപ്രതിനിധികളിലോ ഭരണനിർവ്വാഹകരായ ഉദ്യോഗസ്ഥരിലോ മാത്രം ഒതുങ്ങുന്നതല്ല അത്. ജനങ്ങളാണ്‌ ഭരിക്കുന്നത്. ജനങ്ങളാണ്‌ ഭരണകർത്താക്കൾ. വിശാലമായ കാഴ്ചപ്പാടുകളും കാര്യനിർവ്വഹണശേഷിയും വിദ്യാർത്ഥികളിലും പൗരന്മാരിലും വളർത്തിക്കൊണ്ടുവരാനായാൽ ജനാധിപത്യം സ്വതന്ത്രവും നീതിയുക്തവുമായിരിക്കും...
~ ~ ~

Sunday, November 16, 2014

ശബരിമലയുടെ ഭാവി....കേരളീയരുടെയും


“ക്ഷേത്രത്തിന്റെ ഒരു ഓട് ഇളകിയാൽ ഭക്തന്റെ ഹൃദയം വേദനിക്കും. എന്നാൽ ഒരു മല അപ്പാടെ പോയാലും ഭക്തന്‌ ഒരു കുലുക്കവുമില്ല”. എന്നുപറഞ്ഞത് എത്രയോ ശരിയാണ്‌. കാനനക്ഷേത്രം എന്നു വിശേഷിപ്പിക്കുന്ന ശബരിമലയുടെ കാര്യത്തിലും സ്ഥിതി ഒട്ടും ഭേദമല്ല. വ്യാവസായിക യുഗത്തിന്റെ കടന്നുകയറ്റത്തിലും പുരാതന മതങ്ങളുടെ ആരാചാരരീതികൾ കുറച്ചൊക്കെ പ്രകൃതിസംരക്ഷണം പ്രാവർത്തികമാക്കുന്നുണ്ട്. എന്നാൽ അതിലും വളരെക്കൂടുതലാണ്‌ ഭക്തിയുടെ പേരിലുള്ള കടന്നുകയറ്റം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ. ഒരു ആരാധനാലയം എന്ന കാഴ്ചപ്പാട് വിഗ്രഹവും/ആരാധനാസ്വരൂപവും അതിനെ ചുറ്റിപ്പറ്റിയുള്ള മനുഷ്യനിർമ്മിതിയിലും മാത്രമായി ഒരുങ്ങുമ്പോഴാണ്‌ ഇതുസംഭവിക്കുന്നത്. പ്രാചീന മതങ്ങളിലെന്നുമാത്രമല്ല സെമറ്റിക് മതങ്ങളിലെ വിശുദ്ധന്മാരും കടുത്ത പ്രകൃത്യാരാധകരായിരുന്നുവെന്നതിന്‌ നിരവധി ഉദാഹരണങ്ങളുണ്ട്. ശുദ്ധമായ പ്രകൃതിയിൽ നിന്ന് സകല ജ്ഞാനവും ഐശ്വര്യവും കിട്ടുകതന്നെ ചെയ്യും എന്നാണ്‌ എല്ലാമതത്തിന്റെയും പൊരുളും. പ്രകൃതിക്ക് മതഭേദമില്ല. Tranquility is very important factor in shrines...

ശാന്തവും രമണീയവുമായ വനപ്രദേശങ്ങൾ തെരഞ്ഞെടുത്ത് നിർമ്മിച്ച ക്ഷേത്രങ്ങളുണ്ട്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങൾ പ്രത്യേകിച്ചും അങ്ങനെയാണ്‌. അതുകൊണ്ടുതന്നെ ശബരിമലവനം ആകുന്ന ‘പൂങ്കാവനം’ എന്ന പ്രദേശം ക്ഷേത്രസംബന്ധമായി അത്രയേറെ പ്രധാനപ്പെട്ടതാണ്‌. ജനവാസകേന്ദ്രങ്ങളിൽ സ്ഥാപിച്ച കോവിലുകളുമായി ഇതിനെ താരതമ്യപ്പെടുത്തരുത്. വീടിന്‌ പൂജാമുറി എന്നപോലെയാണ്‌ നഗരത്തിന്‌ കോവിൽ. താന്ത്രികവിധിയും തച്ചുശാസ്ത്രവും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ദൃശ്യമായ(real nature) പ്രകൃതിക്ക് വലിയസ്ഥനമില്ല. ക്ഷേത്രങ്ങളും കാവുകളും കൊവിലുകളല്ല. ഭാഷാപരമായ വ്യത്യാസം മാത്രമല്ല ഇത്. പ്രകൃതിശക്തിയെ നന്നായി പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി വനാന്തരങ്ങളിലോ ഉത്തമമായ ഗ്രാമാന്തരീക്ഷത്തിലേക്കോ കടന്നുചെന്ന് രൂപപ്പെടുത്തിയെടുത്തതാണ്‌ ക്ഷേത്രങ്ങളും കാവുകളും. അതിലേക്ക് തീർത്ഥാടനത്തിന്റെ പേരിലായാലും കടന്നുകയറി നഗരവൽക്കരണം നടന്നുകഴിയുമ്പോൾ സാർവത്രികമായ നാശമായി. ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിൽ കടന്നാലുള്ള പ്രകൃതിയുടെ സാന്നിദ്ധ്യം പോലും കാനനക്ഷേത്രമെന്നപേരിൽ അറിയപ്പെടുന്ന ഈ തീർത്ഥാടനകേന്ദ്രത്തിൽ അനുഭവപ്പെടുന്നില്ല. ശബരിമലയും അനുബന്ധപ്രദേശങ്ങളുമെല്ലാം ടൗൺഷിപ്പുകളായി മാറിക്കൊണ്ടിരിക്കുന്നു. പളനി, തിരുപ്പതി, വൈഷ്ണവോദേവി ക്ഷേത്രം ഇതെല്ലാം ധാരാളം ഭക്തജനങ്ങളെത്തുന്നതും വരുമാനം നേടിയെടുക്കുന്നതുമായ ക്ഷേത്രങ്ങളാണ്‌. വരുമാനവും സൗകര്യവും നോക്കി വൈഷ്ണവോദേവി മോഡൽ വികസനം എന്നുപറയുന്നത് ആശാസ്യമല്ല. ഒറീസയിലെയോ രാജസ്ഥനിലെയോ കശ്മീരിലെയോ പ്രകൃതിയല്ല കേരളത്തിലേത്. തീരപ്രദേശം, മരുപ്രദേശം, ഗ്രാമങ്ങൾ ഓരോന്നും വ്യത്യസ്തമാണ്‌. അങ്ങനെയുള്ള പ്രാദേശികമായ പ്രത്യേകതകളെ ഉൾക്കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്ന ത്രീർത്ഥാടനകേന്ദ്രങ്ങളെയും അങ്ങനെതന്നെ പരിഗണിക്കണം.

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമ്പോൾ അത് പ്രാദേശികമായ പ്രത്യേകതകൾക്ക് കോട്ടം വരാതെയാണെന്ന് ഉറപ്പാക്കാനുള്ള ചുമതല കേരളസർക്കാരിനും ക്ഷേത്രഭരണാധികാരികൾക്കുമാണ്‌. തന്ത്രശാസ്ത്രത്തിനും വാസ്തുശാസ്ത്രത്തിനുമെന്നല്ല പ്രകൃതിശാസ്ത്രത്തിനും മുൻഗണന കൊടുത്തുകൊണ്ടേ ഇവിടെ പദ്ധതികൾ നടപ്പാക്കാവുള്ളൂ. 400 ഹെക്ടർ വനഭൂമി ഏറ്റെടുത്ത് ടൗൺഷിപ്പും മാലിന്യസംസ്കരണയൂണിറ്റും ഉണ്ടാക്കാനുള്ള നീക്കം അത്യന്തം അപകടകരമാണ്‌. ഈ ക്ഷേത്രത്തിന്റെയെന്നല്ല ഒരു മതത്തിന്റെയും നീതിക്കുനിരക്കുന്നതല്ല ഇത്. വർദ്ധിച്ചുവരുന്ന തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യം തയ്യാറാക്കണെന്നു പറയുമ്പോൾ വിമാനത്താവളം വേണമെന്നും ഹെലികോപ്ടറിൽ വരുന്നവരിൽ നിന്നും ധാരാളം വരുമാനം നേടാനാവുമെന്നും ടൗൺഷിപ്പ് പണിയണമെന്നും പറയുന്നവരാണ്‌ നമ്മുടെ ഭരണകർത്താക്കൾ. ആഡംബരം എന്നത് ആപേക്ഷികമാണെന്നാണത്രേ. വിമാനത്താവളവും ടൗൺഷിപ്പും ഇവർക്ക് അടിസ്ഥാനസൗകര്യങ്ങളായിരിക്കും. വിദൂരദേശങ്ങളിൽ നിന്നുപോലും വരുന്നവരും ഈ പ്രദേശത്തിന്റെ തനതായ പ്രത്യേകതകളെക്കുറിച്ച് അറിവില്ലാത്തവരുമായവരെക്കൂടെ ബോധവൽക്കരിക്കാനുള്ള ഉത്തരവാദിത്വമുള്ള മാധ്യമങ്ങളും ആശാസ്യമല്ലാത്ത ഇത്തരം നീക്കങ്ങൾക്ക് കൂട്ടുനിൽക്കുകയും ചെയ്യും. ശബരിമലയുടെ സ്വാഭാവികതയ്ക്ക് കോട്ടം വരാതെയുള്ള പരിഷ്കരണങ്ങളാണ്‌ വേണ്ടത്. ഇടത്താവളങ്ങളിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ആസൂത്രിതമായി നടപ്പാക്കിയാൽ നിലയ്ക്കൽ-പമ്പ കേന്ദ്രീകരിച്ചുള്ള തിരക്ക് ഉറയ്ക്കാൻ ഇടത്താവളങ്ങൾ ഏറെ പ്രയോജനപ്പെടും. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഒഴിവാക്കിക്കൊണ്ടുതന്നെ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. അതിലൊന്നും ഭരണകർത്താക്കൾക്ക് ഉത്സാഹമോ താൽപര്യമോ കാണുന്നില്ല. ശബരിമലപ്രദേശം തീർത്ഥാടനത്തിന്റെ പേരിൽ മറ്റൊരു മൂന്നാർ ആക്കാനുള്ള ശ്രമങ്ങൾക്കാണ്‌ താൽപര്യം. കാനനച്ഛായയിൽ വിരിവയ്ക്കുന്നതിനുള്ള സൗകര്യത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ്‌ അധികാരികൾ ശ്രദ്ധിക്കേണ്ടത്.

കലിയുഗത്തിലെ അഭയമായി കാനനവാസനെ കരുതുന്നു. വൃക്ഷനിബിഡമായ പശ്ചിമഘട്ടത്തിന്റെ ഐശ്വര്യവും സൗന്ദര്യവുമാണ്‌ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി നിലനിർത്തുന്നത്. കാനനത്തിനു സംഭവിക്കുന്ന ഓരോ ക്ഷതത്തിനുമാണ്‌ മനുഷ്യൻ പകരം കൊടുക്കേണ്ടിവരുന്നതെന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാനാവാത്ത വിധമാണ്‌ സമകാലീന കേരളത്തിന്റെ അവസ്ഥ. ഭക്തിയുടെ പേരിലുള്ള ജനപ്രവാഹങ്ങൾ വർദ്ധിച്ചിട്ടും ദുരിതങ്ങളും വർദ്ധിക്കുന്നതിന്റെ കാരണവും ഈ മൂല്യച്യുതിയാണ്‌. ഇതിന്‌ ആരെയാണ്‌ അഭയം പ്രാപിക്കേണ്ടത്...
???

Related Post:

ശബരിമലക്കാടുകള്‍ക്ക് വേണ്ടി മണ്ഡലം നോല്‍ക്കാമോ അയ്യപ്പന്മാരെ ???


Image source:
http://lovableimages.blogspot.in/2015/01/god-ayyappa-pictures-free-download-lord.html

Saturday, November 01, 2014

കേരളത്തിലെ ആദിവാസികൾക്ക് എന്തുസംഭവിച്ചു ?

tribes in kerala
അതിജീവനം അതീവദുഷ്കരം
കേരളത്തിൽ ഇന്ന് ആദിവാസികളില്ല, ആദിവാസികളുടെ പിന്മുറക്കാരേ ഉള്ളൂ എന്നുപറയുന്നതിലും ശരിയുണ്ട്. നൂറ്റാണ്ടുകളായി വിദേശസംസ്കാരങ്ങളുടെ, പ്രത്യേകിച്ചും പാശ്ചാത്യ/അറേബ്യൻ സംസ്കാരങ്ങളുടെ സ്വാധീനത്തിൽപെട്ട് ജീവിച്ചുവന്നവരാണ്‌ കേരളത്തിലെ മേൽജാതിയിൽ പെട്ട ജനവിഭാഗങ്ങളും ക്രിസ്ത്യൻ, മുസ്ലിം ജനവിഭാഗങ്ങളും. പുരുഷമേധാവിത്വം, സങ്കുചിതമതബോധങ്ങൾ, ഉച്ചനീചത്വം ഇതെല്ലാം കടന്നുവന്നത് സാമ്രാജ്യത്വത്തിന്റെയും അനുബന്ധസംസ്കാരങ്ങളുടെയും കടന്നുകൂടലോടെയാണ്‌. ആഢംബര-അധികാരഭ്രമവും പരിസ്ഥിതിയോടുള്ള പുച്ഛവും ഇത്തരം സംസ്കാരങ്ങളുടെ മുഖമുദ്രയാണ്‌. ഇന്ന് കേരളീയരുടെ പൊതുസ്വഭാവവും ഇതായിത്തീർന്നിരിക്കുന്നു. സമൂഹത്തിലെ ഉന്നതർക്കിടയിൽ മാത്രം ഒരുകാലത്ത് ഒതുങ്ങിയിരുന്ന ഈ പ്രവണത താഴേയ്ക്കിടയിലേക്കും ഗ്രാമീണരിലേക്കും വ്യാപിച്ചു. ഗ്രാമീണതയും നിഷ്കളങ്കമായ സഹവർത്തിത്വവും ഇല്ലാതായി. മൂല്യാധിഷ്ഠിതവിദ്യാഭ്യാസമെന്നപേരിലും മതബോധനമെന്നപേരിലും ഒക്കെ തീർക്കുന്ന സാംകാരികത്തടവറകൾ ഒരുവശത്ത്; സാങ്കേതികവിദ്യാഭ്യാസം, വികസനം, മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ എന്നെല്ലാം പറഞ്ഞ് പ്രലോഭിപ്പിക്കുന്ന അത്യാർത്തിയുടെ ലോകം മറുവശത്ത്. നല്ലൊരു മനുഷ്യജീവിതം എവിടെ ?

വ്യക്തിപരമായ ജീവിതശൈലിയും സാമൂഹ്യവ്യവസ്ഥയും താറുമാറാക്കിയതിൽ വിദ്യാഭ്യാസരീതിക്കും അധികാര-അധിനിവേശത്തിന്റെ വക്താക്കൾ കയ്യാളി കളങ്കപ്പെടുത്തിയ മതബോധനങ്ങൾക്കും വലിയ പങ്കുണ്ട്. മദ്ധ്യകാല യൂറോപ്പിനെ ഗ്രസിച്ചിരുന്ന വിപത്തിൽ നിന്നും അവിടുത്തെ ജനത ഒരുവിധം പുറത്തുകടന്നുവരുമ്പോഴേക്കും സ്വതന്ത്രഭാരതത്തിലെ പൗരന്മാർ അതേറ്റെടുത്തു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെയും യോഗയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മഹത്വം ഒരുവിഭാഗം പാശ്ചാത്യർപോലും തിരിച്ചറിഞ്ഞുതുടങ്ങി. മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഏറിവരുന്നത് ആരോഗ്യത്തിന്റെ ലക്ഷണമല്ലെന്നും ഡോക്ടറെ അകറ്റി നിർത്താനാവുന്നതാണ്‌ ആരോഗ്യത്തിന്റെ ലക്ഷണമെന്നും അവർ മനസ്സിലാക്കിത്തുടങ്ങി. നമ്മുടെ നാട്ടിലോ ? ഗ്രാമങ്ങൾ തോറും ആശുപത്രികളും പോലീസ് സ്റ്റേഷനുകളും ഉള്ളത് മെച്ചപ്പെട്ട ആരോഗ്യത്തിന്റെയും ഉത്തമമായ ക്രമസമാധാനനിലയുടെയും ലക്ഷണമായി വ്യാഖ്യാനിക്കപ്പെടുന്നു. വികലമായ വിദ്യാഭ്യാസത്തിന്റെ ഫലമാണിത്. ആദിവാസികൾക്ക് വൈദ്യസഹായം ലഭ്യമാക്കാൻ കഴിയാത്തതുകാരണമുള്ള ദുരവസ്ഥകൾ നാം മാദ്ധ്യമങ്ങളിൽ കാണാറുണ്ട്. എന്നാൽ, വൈദ്യസഹായം ആവശ്യമാകുന്നവിധം അവരുടെ ആരോഗ്യം നശിക്കാനിടയാക്കിയ സാഹചര്യത്തിലേക്ക് ശ്രദ്ധതിരിച്ചാൽ പ്രതികളാകുന്നത് പരിഷ്കൃതസമൂഹംതന്നെ എന്നതിൽ സംശയമില്ല. പരിഷ്കൃത സമൂഹം ആദിവാസികളിൽ നിന്നായിരുന്നു പഠിക്കേണ്ടിയിരുന്നത്. നിർഭ്യാഗ്യവശാൽ, ആദിവാസികളെ ഉദ്ധരിക്കനെന്നുപറഞ്ഞ് കാട്ടിലേക്കും ഊരുകളിലേക്കും കയറുകയും അവരുടെ തനതായ ജീവിതവും സംസ്കാരവം ആരോഗ്യവും വരെ നശിപ്പിക്കുകയും ചെയ്തു.

മനുഷ്യജീവിതത്തെ കമ്പനികൾക്ക് അടിയറവച്ചുകൊണ്ട് യാന്ത്രികജീവിതം നയിക്കാൻ പഠിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതുമാണ്‌ ആധുനികമനുഷ്യരുടെ വിദ്യാഭ്യാസരീതികളും ഭരണകൂടവും. എന്ത് കൃഷിചെയ്യണം എന്തുഭക്ഷിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് വൻകിടകുത്തകകളാണ്‌. ആരോഗ്യമുള്ള യൗവനകാലം മുഴുവൻ തൊഴിലിടത്ത് സേവനത്തിനായിമാത്രം നീക്കിവയ്ക്കുകയും അതിനുശേഷം മാത്രം കുഞ്ഞിനെവളർത്തിയാൽ മതിയെന്ന് തീരുമാനിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് വൻ ഓഫറുകളാണ്‌ ചില ബഹുരാഷ്ട്രകമ്പനികൾ ചെയ്തിരിക്കുന്നത്. 20-30 വയസ്സുള്ള ഒരമ്മയ്ക്ക് കുട്ടിയെ സ്നേഹിക്കാനും പരിചരിക്കാനും കഴിയുന്നതുപോലെ 45-55 വയസ്സുള്ള അമ്മയ്ക്ക് കഴിയില്ല എന്ന വാദമൊന്നും ബഹുരാഷ്ട്രകമ്പനികൾ സമ്മതിച്ചുതരികയേ ഇല്ല.  ജനനനിയന്ത്രണത്തിനെതിരെ മതസംഘടനകൾ രംഗത്തുവന്നിരുന്നു. പക്ഷെ ഈ അനീതിക്കെതിരെ ആരും പ്രതികരിച്ചുകണ്ടില്ല. കുട്ടിക്ക് കിട്ടേണ്ട സ്നേഹവും പരിഗണനയും നിഷേധിച്ച് വളർത്തി അവനെയൊരു സാമൂഹികദ്രോഹിയോ വിഷാദരോഗിയോ ആക്കിത്തീർക്കുന്നത് സ്ത്രീശാക്തീകരണമല്ല, ചൂഷണവും അക്രമവുമാണ്‌. പുത്തൻ തലമുറയെന്താ നന്നാവാത്തെ എന്ന് ഓരോ മുൻ തലമുറയും വെറുതെയിരുന്ന് ആലോചിച്ചിട്ട് കാര്യമില്ല. ഇങ്ങനെയെല്ലാമുള്ള പരിഷ്കൃത സമൂഹത്തിനാണോ ആദിവാസികളെ നന്നാക്കാൻ യോഗ്യത...

കാർഷികവൃത്തി എന്നത് സാമ്പത്തികമായി താഴേയ്ക്കിടയിൽ മാത്രമുള്ളവരുടെ ഉത്തരവാദിത്വമെന്നപോലെയായി. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മാത്രമല്ല സാമ്പത്തികഭദ്രതയിലും ഭേദപ്പെട്ട നിലയിലായിരുന്നിട്ടും കാർഷികമേഖലയിൽ ഓരോകേരളീയനും പങ്കില്ലാത്തത് സദാചരശൂന്യതയാണ്‌. വിതയ്ക്കാനും കൊയ്യാനും ആളില്ലാതെ കാർഷികമേഖല നേരിടുന്ന വെല്ലുവിളികൾ ഇടയ്ക്കിടെ വാർത്തകളാകാറുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഹാരം കാണാനുള്ള ഒരു സ്ഥിരം സംവിധാനം പരിഷ്കൃതസമൂഹത്തിലുണ്ടാവണം. ഔപചാരികജീവിതമോ അടിച്ചുപൊളി ജീവിതമോ അല്ല ഉണ്ടാവേണ്ടത് (ഔപചാരികതയോടുതോന്നുന്ന മനംമടുപ്പാണ്‌ 'അടിച്ചുപൊളി'യിൽ കലാശിക്കുന്നത്). ഇതരതൊഴിലുകൾക്കൊപ്പം കാർഷികവൃത്തിയിലും ഏർപ്പെടാൻ കഴിയുന്നവിധം തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കണം. വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കണം. ആദിവാസികളുമായി ഇടപെടുന്നതിനുമുൻപായി പരിഷ്കൃതസമൂഹത്തിന്റെ പരിസ്ഥിതിസാക്ഷരത ഏറെ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. കേരളത്തിലെ വനത്തിൽ കണ്ടുവരുന്ന ഔഷധസസ്യങ്ങളെ തിരിച്ചറിയാനുള്ള പരിജ്ഞാനവും പുതിയതലമുറയിലെ ആദിവാസികളിൽ കാണുന്നില്ല. വനപാലകരും അതേക്കുറിച്ച് അറിയാൻ ശ്രമിക്കുന്നില്ല. കാടുകയറി മരുന്നുകൾ ശേഖരിക്കുന്ന സാധാരണക്കാർക്കും സസ്യവിജ്ഞാനമില്ല. ആദിവാസികളിലൂടെ നിലനിന്നുപോന്ന കാട്ടറിവുകളിലൂടെയുമാണ്‌ ആയുർവ്വേദപാരമ്പര്യം നിലനിന്നുപോന്നത്. വനത്തിലെ ഔഷധസസ്യങ്ങളുടെ ദൗർലഭ്യവും തിരിച്ചറിയാനുള്ള കഴിവില്ലായ്മയും ആയുർവ്വേദം നേരിടുന്ന ഭീഷണിയാണ്‌. ആദിവാസിവികസനം ഇത്രയൊക്കെ തീവ്രമായി നടപ്പാക്കിയിട്ടും ആയുർവ്വേദരംഗത്ത് ആദിവാസികളുടെ സേവനം പ്രയോജനപ്പെടുത്താനോ നല്ലൊരു വനവിജ്ഞാനവും പ്രകൃതിസംരക്ഷണവും ഉൾപ്പെടുന്നവിധമുള്ള വിദ്യാഭ്യാസപദ്ധതി തയ്യാറാക്കാനോ കഴിഞ്ഞിട്ടില്ല.

സ്ത്രീശാക്തീകരണം ഒരു നല്ല ലക്ഷണമാണോ ? ആപേക്ഷികമായ മറുപടിയേ പറയാൻ കഴിയൂ. മനുഷ്യനല്ലാതെ മറ്റൊരു ജീവിക്കും തങ്ങളിലെ പെൺവർഗ്ഗത്തിന്റെ ഉന്നമനത്തിനായി ശാക്തീകരണപ്രവർത്തനങ്ങൾ നടത്തേണ്ടിവന്നിട്ടില്ല. സ്ത്രീശാക്തീകരണപ്രവർത്തനങ്ങൾ ആവശ്യമായിവരാൻ ഇടയാക്കിയ വ്യക്തിപരവും സാമൂഹികവുമായ അപചയങ്ങളെക്കുറിച്ച് പരിഷ്കൃതസമൂഹം ആലോചിക്കണം. നൂറ്റാണ്ടുകളായി മതതത്വങ്ങളെന്നപേരിലും പുരുഷമേധാവിത്വത്തിന്റെ കയ്യൂക്കിലും അനുവർത്തിച്ചുപോന്ന ശീലങ്ങൾ ആദിവാസിസമൂഹങ്ങളിലേക്കാൾ കൂടുതൽ ബാധിച്ചിരിക്കുന്നത് കേരളത്തിലെ പൊതുസമൂഹത്തിലല്ലേ ? എന്നിട്ടും ‘സമഗ്രവികസനത്തിന്റെ' സന്ദേശമെത്തിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും സ്ത്രീശാക്തീകരണത്തിനായുള്ള സംഘടനയായ കുടുംബശ്രീപോലുള്ള സംഘടനകളും ആദിവാസികൾക്കിടയിലേക്ക് കടന്നുചെല്ലുന്നതിൽ ഉൽകണ്ഠപ്പെടാതിരിക്കുന്നതെങ്ങനെ.... കഴിഞ്ഞ എൺപതോളം വർഷങ്ങളായി കേരളത്തിലെ പരിഷ്കൃതസമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക അപചയം കേരളത്തിലെ ആദിവാസികളെയും ഏറെ ബാധിച്ചുകഴിഞ്ഞു. ആദിവാസികളിലേക്ക് ഇന്നുനടത്തുന്ന ഇടപെടലുകൾ അവരെ കൂടുതൽ തെറ്റുകളിലേക്ക് വലിച്ചിഴയ്ക്കുമോ അതോ നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കുമോ എന്നത് അവിടേയ്ക്ക് കടന്നുചെല്ലുന്ന പരിഷ്കൃത മനുഷ്യരുടെ സഹജാവബോധത്തെ ആശ്രയിച്ചിരിക്കും. ആദിവാസികൾക്കിടയിലേക്ക് കടന്നുചെല്ലുന്നവർക്ക് 'വികസനത്വര' അല്ല അത്യാവശ്യം, നാടിന്റെയും കാടിന്റെയും മനുഷ്യരുടെയും സഹജമായ ജൈവാവസ്ഥയെക്കുറിച്ചുള്ള അവബോധമാണ്‌ അത്യാവശ്യം.

ഒരു രോഗം എന്നപോലെ പ്രസവവും മരുന്നിനെയും ഡോക്ടറെയും ആശുപത്രിയെയും ആശ്രയിക്കാതെ നടക്കില്ലാത്ത സ്ഥിതിൽ കൊണ്ടുചെന്നെത്തിച്ചതിനെ പ്രകൃതിചികിത്സകരെങ്കിലും നിരന്തരം കുറ്റപ്പെടുത്തുന്നുണ്ട്. താളംതെറ്റിയ ഭക്ഷണക്രമവും ജീവിതചര്യകളും കാരണമാകുന്നു. ഇപ്പോഴിതാ, ഗർഭിണിയായ പശുക്കൾക്ക് അഞ്ചുമാസത്തേക്കെങ്കിലും കാലിത്തീറ്റ റേഷനായി നൽകണമെന്ന് ക്ഷീരവികസനവകുപ്പ്. ശരിയായ ആഹാരമായ പുല്ലും വൈക്കോലും പശുവിനുനൽകുന്നത് കുറയാനിടയാക്കുമെന്ന വലിയ പോരായ്മ ഈ പദ്ധതിയ്ക്കുണ്ട് (അല്ലെങ്കിലും എളുപ്പം നോക്കി കാലിത്തീറ്റയിൽ അഭയം പ്രാപിച്ച കർഷകരെ കണ്ടില്ലെന്നു നടിച്ചാൽ). നമ്മുടെ സർക്കാർ ഇതേക്കുറിച്ചോക്കെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടോ ? അനാരോഗ്യകരമായ ഭക്ഷണക്രമവും ജീവിതരീതികളും സ്വീകരിച്ച് അനാരോഗ്യവും മരുന്നും ഒഴിയാബാധയായി കൊണ്ടുനടക്കുന്ന ശീലം ആദ്യം പരിഷ്കൃതമനുഷ്യരിലും പിന്നെ ആദിവാസികളിലും എത്തിനിൽക്കുന്നു. ഇനി നാൽക്കാലികളിലേക്കും....? പശുക്കൾക്ക് ആവശ്യമായ സ്വാഭാവികമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിനും ശുദ്ധമായ തീറ്റ ലഭ്യമാക്കുന്നതിനുമാണ്‌ ശരിയായ വിദ്യാഭ്യാസവും ഉത്തരവാദിത്വബോധവുമുള്ള ഒരു കർഷകൻ ശ്രമിക്കേണ്ടത്. സമീപകാലത്ത് ഗോസംരക്ഷണസംഘങ്ങൾ നാടൻ ഇനം പശുക്കളെ സംഘടിപ്പിച്ച് സംരക്ഷിച്ചുവളർത്തിത്തുടങ്ങിയിട്ടുണ്ട്. കാലിത്തീറ്റയോ വേവിച്ച ഭക്ഷണമോപോലും നൽകാതെ കൃത്രിമത്വങ്ങൾ ഒഴിവാക്കിയാണ്‌ അവയെ പരിപാലിക്കുന്നത്. അവയുടെ ക്ഷീരോൽപന്നങ്ങളും ഗവ്യങ്ങളും അത്രയേറെ ഗുണമേന്മയുള്ളതാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതായത്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യർ കാലിവളർത്തൽ പോലും ഇപ്പോൾ പഠിച്ചുവരുന്നതേയുള്ളൂ.

പരിഷ്കൃതസമൂഹം നേരിടുന്ന അപചയങ്ങളുടെ ചില ഉദാഹരണങ്ങളാണ്‌ കണ്ടത്. ഇത്രയോക്കെ പ്രശ്നനങ്ങൾ നിലനിൽക്കെ അവർ ആദിവാസിസമൂഹങ്ങളിലേക്ക് കടന്നുചെന്ന് അവരുടെ ജീവിതത്തിൽ കൈകടത്തിയാൽ എന്താകും ആദിവാസികളുടെയും സ്ഥിതി ? ആദിവാസികൾ/ആദിവാസിസംസ്കാരങ്ങൾ നേരിടുന്ന വെല്ലുവിളിയും അതാണ്‌.

Read also:
1. അട്ടപ്പാടിയിലെ അനാരോഗ്യ പരിപാലനം
2. ജനിക്കുന്ന കുഞ്ഞിനെ കൊല്ലുന്ന പാക്കേജുകൾ
3. അട്ടപ്പാടിയുടെ പുഴ മരണത്തിന്റെ വക്കില്‍

Monday, October 27, 2014

ദീപാവലിയും ആഹാരത്തിന്റെ സന്ദേശവും

ആഹാരം ദീപം ദീപാവലി

ദീപാവലി എന്നാൽ ദീപങ്ങളുടെ കൂട്ടം. നന്മയുടെ സംഗമം എന്നും അർത്ഥമുണ്ട്. ഓരോ മനുഷ്യരുടെയും പ്രതീകമാണ്‌ ഇവിടെ ദീപങ്ങൾ. അതിന്റെ ജ്വാല നല്ലതോ മോശപ്പെട്ടതോ ആക്കുന്നത് ഭക്ഷണമാണ്‌. അതെങ്ങനെയെന്ന് പരിശോധിക്കാം...

ദീപത്തിലെ എണ്ണയും തിരി നിർമ്മിച്ചിരിക്കുന്ന വസ്തുവുമാണ്‌ ദീപനാളത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്. ചുറ്റുപാടുമുള്ള വായുവും സ്വാധീനം ചെലുത്തുന്നുണ്ട്. മെഴുകുതിരി, മണ്ണെണ്ണവിളക്ക്, എള്ളെണ്ണയിൽ പരുത്തിത്തിരി ഉപയോഗിച്ച് കത്തിക്കുന്ന വിളക്ക് ഇവയെല്ലാം നമുക്കുതരുന്നത് ചൂടും പ്രകാശവുമാണെങ്കിലും അവയുടെ സ്വഭാവങ്ങൾ വ്യത്യസ്തമാണ്‌. ഗ്യാസ്, കർപ്പൂരം, വിറക് എന്നിവയെല്ലാം കത്തുമ്പോൾ വ്യത്യസ്ത സ്വഭാവങ്ങളാണ്‌ പ്രകടിപ്പിക്കുന്നത്. ജ്വാലയുടെ ഊർജ്ജനിലയിലും നിറാത്തിലും ഗന്ധത്തിലും അവ ചുറ്റുപാടും പ്രസരിപ്പിക്കുന്ന അനുഭൂതിയിലും വ്യത്യാസമുണ്ട്.

ബദരീനാഥക്ഷേത്രത്തിലെ ദീപത്തിൽ ഉപയോഗിക്കാനുള്ള എണ്ണയും തിരിയും തയ്യാറാക്കുന്നത് സവിശേഷമായ രീതിയിലാണ്‌. ഏറെ സൂക്ഷ്മതയോടെ മാസങ്ങൾ നീളുന്ന പ്രക്രിയയാണിത്. ഔഷധക്കൂട്ടുകൾ ചേർത്ത് തയ്യാറാക്കിയെടുക്കുന്ന എണ്ണ. പലഘട്ടങ്ങളിലായി ഓരോ ഔഷധക്കൂട്ടുകൾ ചേർത്തും വെയിലിൽ ഉണക്കിയുമാണ്‌ തിരിതയ്യാറാക്കുന്നത്. ഇതിന്റെയെല്ലാം ആകെത്തുകയായിരിക്കും ആ ദീപത്തിന്റെ നാളത്തിൽ നിന്നും പുറപ്പെടുന്നത്.

മനുഷ്യസ്വഭാവത്തിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ്‌. പഞ്ചേന്ദ്രിയങ്ങളിലൂടെ നാം നേടുന്ന വിവരങ്ങളും വിദ്യാഭ്യാസവും വ്യക്തിയുടെ രൂപീകരണത്തെ സ്വാധീനിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ. ബൗദ്ധികമായ തലത്തിലുള്ള തിരുത്തലുകളേക്കാൾ ഏറെ ഭേദവും പ്രായോഗികവുമാകുന്നത് ഭൗതികതലത്തിലുള്ള തിരുത്തലുകളാണ്‌. അതായത് ശാരീരികമായ തലത്തിൽ. ബൗദ്ധിക ഭക്ഷണത്തെക്കുറിച്ചല്ല, ഭൗതികഭക്ഷണത്തെക്കുറിച്ചാണ്‌ ആദ്യം ചിന്തിക്കേണ്ടത് എന്നുസാരം. വായു, ജലം, ആഹാരം, ഔഷധം എന്നിങ്ങനെയുള്ള രൂപത്തിലാണ്‌ ഭൗതികവസ്തുക്കൾ ഒരുവന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്; അതാണ്‌ ശരീരമായിത്തീരുന്നത്.

ശുദ്ധജലവും പഴവർഗ്ഗങ്ങളും പച്ചക്കറികളും -
ധാന്യങ്ങളും കിഴങ്ങുവർഗ്ഗങ്ങളും -
പാലും പാൽ ഉത്പന്നങ്ങളും -
മത്സ്യമാംസാദികൾ -
രാസവസ്തുക്കൾ ചേർന്നതോ തനതായ ഗുണങ്ങൾ നഷ്ടപ്പെടുത്തിയതോ പഴകിയതോ ആയവ -
മദ്യവും ലഹരിവസ്തുക്കളും -
....നാം ആഹരിക്കുന്ന വസ്തുക്കളാണ്‌ ഇവയോക്കെ. ഇവയുപയോഗിച്ചാണ്‌ നമ്മുടെ ശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ സ്വഭാവരൂപീകരണത്തെ മാത്രമല്ല, നമ്മുടെ ഭൗതികസാന്നിദ്ധ്യം സമീപത്തുള്ള മറ്റുമനുഷ്യരിലും ജീവജാലങ്ങളിലും സസ്യങ്ങളിലും എപ്രകാരം സ്വാധീനിക്കുന്നുവെന്നതുപോലും* നാം ആഹരിച്ച വസ്തുക്കളെ ആശ്രയിച്ചാണ്‌. എന്തുഭക്ഷിക്കണമെന്ന് ഇനി തീരുമാനിക്കൂ...
-------------
* കൂടുതൽ പഠനങ്ങൾ ആവശ്യമായ ചില ഉദാഹരണങ്ങൾ:-
  • മുറ്റത്ത് പച്ചക്കറികൾ നട്ടാൽ വളരില്ല. എന്നാൽ ആൾതാമസമില്ലാത്ത വീടുകളുടെ മുറ്റത്ത് നന്നായി വളരുകയും ഫലങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
  • മാംസഭക്ഷണവും ലഹരിവസ്തുക്കളും ഉപയോഗിക്കാത്തവർക്ക് ജന്തുക്കളിൽനിന്നും ക്ഷുദ്രജീവികളിൽനിന്നും ആക്രമണങ്ങൾ ഏൽക്കുന്നത് താരതമ്യേന കുറവാണ്‌.
  • പശുക്കൾ, കുതിര, ആന തുടങ്ങിയ ജീവികളും പക്ഷികളും മനുഷ്യരുമായി ഇടപെടുന്ന വിധം, കാർഷികമേഖലയിലെ വിജയം, ഭയരഹിതവും അപകടരഹിതവുമായ ചുറ്റുപാട്, ഇവയോക്കെ മനുഷ്യൻ ഭക്ഷിക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കണ്ടെത്തൽ.
  • മാധ്യമങ്ങളിലെ ഹീനമായ വാർത്തകളോട് ആവേശമുള്ളവർ ലഹരിവസ്തുക്കളും വർദ്ധിച്ചയളവിൽ മാംസഭക്ഷണവും അകത്താക്കുന്നവരായിരിക്കും. ഒരുവന്റെ ബൗദ്ധികവും ഭൗതികവുമായ ഭക്ഷണങ്ങൾ ഒരേതലത്തിൽ ആയിരിക്കും. ആ നിലവാരത്തിലുള്ള കൃത്യങ്ങളും പെരുമാറ്റങ്ങളുമായിരിക്കും അവനിൽ നിന്നും പുറത്തുവരിക.
~~~ ! ~~~

Sunday, October 19, 2014

മതേതരത്വവും മതമില്ലാത്ത ജീവിതവും

secularism in kerala മതേതരത്വം

മതമില്ലാത്ത ഒരു ജീവിതം സാദ്ധ്യമാണോ ? ആണെന്നു പറയാം. മതം എന്ന പേരില്ലാത്തതും എന്നാൽ മതത്തിനുള്ളതുപോലെ തത്വശാസ്ത്രങ്ങളും സംഘടനാബോധവുമുള്ള വിഭാഗങ്ങളും ഫലത്തിൽ മതമെന്നപോലെ വർത്തിക്കുന്നു. മതമില്ലാതെ ജീവിക്കാൻ ആവശ്യമായ സഹായങ്ങളും സാഹചര്യങ്ങളും ഒരുക്കാനായാൽ വർഗ്ഗ/വർഗ്ഗീയ ചേരിതിരിവുകളില്ലാതെ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കും. കക്ഷിരാഷ്ട്രീയത്തിന്റെ വേലിക്കെട്ടുകളെ തകർത്ത് രാഷ്ട്രീയമൂല്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് സമഗ്രമായ ദേശീയതയിലേക്ക് വളരുന്നതാകണം രാഷ്ട്രീയം. ഇന്ത്യൻ മതേതരത്വവും അതുപോലെയാണ്‌. മതത്തിന്റെ പേരിലുള്ളതും അല്ലാത്തതുമായ അനേകം മാനവസംസ്കാരങ്ങളിൽ നിന്നും അവയുടെ അന്തസത്തയെ ഉൾക്കൊണ്ടുകൊണ്ട് മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ ജീവിക്കാനാകുന്ന ജനങ്ങളായിത്തീരണം. അതിനു പ്രാപ്തരാക്കുന്നവിധമാണ്‌ ഭരണഘടന രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വിവിധ മതങ്ങളെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളുന്നതാണ്‌ ഇന്ത്യൻ ദേശീയത. ഹിംസാത്മകമല്ലാത്ത ഏത് ആചാരവിശ്വാസങ്ങളെയും ഉൾക്കൊള്ളുകയും സ്വാംശീകരിക്കുകയും ചെയ്ത് ലോകനന്മയ്ക്കായി നിലനിർത്തുക എന്നതാണ്‌ അതിന്റെ അടിസ്ഥാന പ്രമാണം. നാസ്തികചിന്താധാരകളും ഭൗതികവാദവുമടക്കമുള്ള അനേകം തത്വസംഹിതകൾ അതിൽപ്പെടുന്നു. എല്ലാമതങ്ങളും ആന്തരികമായി ഒന്നുതന്നെ. സ്നേഹം, സമാധാനം, സന്തോഷം, സ്വാതന്ത്ര്യം എന്നിവ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നു. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളും പ്രകൃതിയിലെ വ്യത്യാസങ്ങളും മനുഷ്യവർഗ്ഗങ്ങളുടെ വ്യത്യാസങ്ങളും നിമിത്തം മതങ്ങൾക്ക് വ്യത്യസ്ത മുഖങ്ങളായി. അതുകൊണ്ടുതന്നെ മതങ്ങളുടെ അതിർവരമ്പുകൾ തമ്മിൽ കൃത്യമായ വേർതിരിവുകളില്ലാത്തതായ സന്ദർഭങ്ങളും കാണാം. വ്യക്തിപരമായ തലത്തിലേക്ക് കടന്നാൽ വിവിധ മതാനുഷ്ഠാനങ്ങൾ ഇടകലർന്നിരിക്കുന്നതായും കാണാം. മതം എന്നത് ഔദ്യോഗികമായി കൈകാര്യം ചെയ്യാനാവുന്ന ഒന്നല്ല എന്നാണ്‌ ഇതിൽ നിന്നെല്ലാം മനസ്സിലാക്കാൻ കഴിയുന്നത്.

മതങ്ങൾ വ്യക്തികളുമായും സമൂഹവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈയൊരു സാഹചര്യത്തിൽ മതത്തെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി കൈകാര്യം ചെയ്യാൻ ശ്രമിക്കാൻ ഇടയാക്കുന്നു. ഇത് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മൂല്യച്യുതിക്ക് കാരണമാകുന്നു. മതം രാഷ്ട്രീയ വിമുക്തവും രാഷ്ട്രീയം മതവിമുക്തവും ആകണം. രാഷ്ടീയവും മതവും കൂടിക്കലരാതിരിക്കാൻ ഒരുപരിധി വരെ സഹായിക്കുന്നതാണ്‌ “മതമില്ലാതെ ജീവിക്കാൻ പൗരന്‌ അവകാശമുണ്ട്” എന്ന മുംബൈ ഹൈക്കോടതി വിധി. 2014 സെപ്റ്റംബർ 24ന്‌ പുറപ്പെടുവിച്ച വിധിയനുസരിച്ച്, മതത്തിന്റെ പരിധിയില്പ്പെടാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ ഔദ്യോഗിക രേഖകളിൽ നിർബന്ധിച്ച് മതം ചേർപ്പിക്കാൻ സർക്കാരിന്‌ അധികാരമില്ല. മതേതര രാജ്യമായ ഇന്ത്യയിൽ ഏതെങ്കിലും മതാചാരങ്ങൾ പിൻതുടരണമെന്ന് യാതൊരു നിർബന്ധവുമില്ല. പക്ഷെ, സർക്കാർ രേകകളിലെ ‘മതം’ എന്ന കോളം പൂരിപ്പിക്കാതിരിക്കാനാവുമായിരുന്നില്ല. രാജ്യത്തിന്റെ നീതി-നിയമവ്യവസ്ഥകൾക്ക് യോജിക്കുന്നതാണ്‌ മുംബൈ ഹൈക്കൊടതി പുറപ്പെടുവിച്ച ഈ വിധി.

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ഇവമൂന്നും ചേർന്നാൽ മതേതരത്വമായി. ഒന്നുമില്ലെങ്കിലും മതേതരത്വം. മതേതരത്വത്തെക്കുറിച്ച് നമുക്കുള്ള കാഴ്ചപ്പാടുകൾ ഇതിലൊതുങ്ങുന്നു; പ്രത്യേകിച്ചും കേരളീയരുടെ (religious secularism in kerala). എന്നാൽ യഥാർത്ഥ മതേതരത്വത്തിൽ താൽപര്യമുള്ള വ്യക്തിക്ക് ഇതിൽ ഒതുങ്ങാനാവില്ല. വിവിധങ്ങളായ ലോകസംസ്കാരങ്ങൾ, മതം എന്നപേരിൽ ഉൾപ്പെടുത്തിയിരിക്കുന്ന വസ്തുതകൾ, ചരിത്രപരമായ നിരീക്ഷണങ്ങളും കാലക്രമത്തിലൂടെ അവയ്ക്ക് സംഭവിച്ച പരിണാമങ്ങളും.... മതേതരത്വത്തിൽ വിശ്വസിക്കുന്നവർക്ക് ഇതിലൂടെയെല്ലാം കടന്നുചെല്ലേണ്ടതായുണ്ട്.

ചില ഉദാഹരണങ്ങൾ പരിശോധിക്കാം: പൊതുവെ ഹൈന്ദവ ക്ഷേത്രങ്ങളിൽ സാത്വികമായ അനുഷ്ഠാനങ്ങളും ചര്യകളുമാണ്‌ തുടർന്നുപോരുന്നത്. മദ്യവും മത്സ്യമാംസാദികളും നേദിക്കുന്ന ഹൈന്ദവ ക്ഷേത്രങ്ങളുമുണ്ട്. ഹിന്ദു എന്നതിന്റെ നിർവ്വചനമനുസരിച്ച് ഇതും ഹൈന്ദവതയുടെ ഭാഗമായി കരുതാനാവും. വിഗ്രഹാരാധനയും നാസ്തികചിന്താഗതിയും ഹൈന്ദവതയുടെ പരിധിയിൽ പെടും. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മതമാണ്‌ ക്രിസ്തുമതമെന്നും ക്രിസ്തുദേവൻ പിറന്നത് കാലിത്തൊഴുത്തിലാണെന്നും അതുകൊണ്ട് മത്സ്യമാംസാദികളും ഹിംസാത്മകമായ രീതികളും വെടിഞ്ഞ് ജീവിക്കുന്നവരാണ്‌ ക്രിസ്ത്യാനികൾ എന്നുവിശ്വസിച്ച് അങ്ങനെ ജീവിക്കുന്നവർ ക്രിസ്തുമതത്തിലും ഉണ്ട്. അപ്പോൾ “അഹിന്ദുക്കൾക്ക് പ്രവേശനമില്ല” എന്നുപറഞ്ഞാൽ എന്താണ്‌ അർത്ഥമാക്കുന്നത് ? മതം എന്ന ലേബലിൽ കാര്യങ്ങൾ ഒതുക്കുന്നതിലെ പോരായ്മയെക്കുറിച്ചാണ്‌ പറഞ്ഞത്. “പശുവിൻ പാൽ ഒരു ജന്തുജന്യ ഉൽപ്പന്നമാണ്‌. അതുകൊണ്ട് പശുവിൻപാൽ ഒരു സസ്യാഹാരമല്ല. അത് കഴിക്കുന്നവരെ സസ്യാഹാരി എന്ന് വിളിക്കാനാവില്ല. അതുകൊണ്ട് പാൽ കുടിക്കാമെങ്കിൽ മാംസം ഭക്ഷിക്കുന്നതിലും തെറ്റില്ല.” എന്ന് വാദിക്കുന്നതുപോലെയാണ്‌ മതത്തെക്കുറിച്ചുള്ള കാര്യങ്ങളുടെയും സ്ഥിതി.ഏത് പേരിൽ അറിയപ്പെടുന്നു എന്നല്ല, ഉള്ളടക്കം എങ്ങനെ എന്നുവേണം ആലോചിക്കേണ്ടത്. ഭക്ഷണകാര്യത്തിലാണെങ്കിൽ [സസ്യാഹാരം മാത്രം, സസ്യാഹാരം + ശരീരഭാഗങ്ങളല്ലാത്ത ജന്തുജന്യ ഉൽപന്നങ്ങൾ, സസ്യാഹാരം + ശരീരമുൾപ്പെടെയുള്ള ജന്തുജന്യ ഉൽപ്പന്നങ്ങൾ] ഇങ്ങനെ മൂന്നായെങ്കിലും തരംതിരിക്കേണ്ടിവരുന്നു.

ഒരു പേരിട്ട് കോളത്തിൽ ഒതുക്കുമ്പോൾ വികലമായിപ്പോകുന്നതാണ്‌ മതം. ദുഷിപ്പുകളും വളച്ചൊടിക്കലുകളും കടന്നു കൂടുന്നു. മനുഷ്യന്റെ മനസ്സ് മാറുന്നു; എന്നാലോ കോളം തിരുത്തപ്പെടുന്നേയില്ല. പരമ്പരാഗതായി തുടരുന്നു. "Probably there is God, now Stop worrying and Enjoy the Life" എന്നു പറയിക്കാനിടയാക്കുന്നവിധം മതങ്ങളിൽ കടന്നുകൂടിയിരിക്കുന്ന അനാവശ്യ ചിട്ടവട്ടങ്ങളെയെല്ലാം ദൂരെയെറിയുക. സ്നേഹം, സമാധാനം, സന്തോഷം, സ്വാതന്ത്ര്യം - ഇവ ഏവരും ആഗ്രഹിക്കുന്നു. നമ്മുടെ മതേതരകാഴ്ചപ്പാടുകൾ അതുസാധ്യമാക്കിത്തരട്ടെ...
~ ~ ~ ! ~ ~ ~

Monday, September 29, 2014

ഋഷീശ്വരന്മാരുടെ ദിവ്യദർശനം - ശ്രീ എം

Sri M upanishad malayalam ശ്രീ എം

ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത് എന്നിവയെ ആധാരമാക്കി ശ്രീ എം നടത്തിയ പ്രഭാഷണങ്ങളുടെ പുസ്തകരൂപം. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നും നൽകിയ വ്യാഖ്യാനം. പരമമായ സത്യം ബഹുമുഖമായ വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നു. എല്ലാം സാർവ്വലൗകികമായ സത്യത്തിന്റെ വിവിധരൂപങ്ങൾ. സാധനയും ജ്ഞാനവും ഭക്തിയും ഒന്നുചേരുന്നു... ബുദ്ധിക്ക് ഗ്രഹിക്കാനാവാത്തതും വാക്കുകളിൽ വായിക്കാനാവാത്തതുമായതിനെ സാക്ഷാത്കരിക്കാനേ കഴിയൂ....

Wisdom of the Rishis എന്ന കൃതിയുടെ മലയാളപരിഭാഷ. ശ്രീ എം എന്നപേരിൽ പ്രസിദ്ധനായിത്തീർന്ന ശ്രീ മുംതാസ് അലി ആണ്‌ ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ശ്രീ എം - നെക്കുറിച്ച് നല്ല ഒരു പരിചയപ്പെടുത്തൽ ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തായി ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഗുരുസമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ’ എന്ന കൃതി അദ്ദേഹത്തിന്റെ ആത്മകഥയാണ്‌.
--------------
Book Name:
ഋഷീശ്വരന്മാരുടെ ദിവ്യദർശനം
മൂന്ന് ഉപനിഷത്തുകൾ: ഈശാവാസ്യം, കേനം, മാണ്ഡൂക്യം
Risheeswaranmarude Divya Darsanam
Moonnu Upanishathukal: Ishavasyam, Kenam, Mandukyam

Original English Title:
Wisdom of the Rishis-The Three Upanishads Ishavasya, Kena, Mandukya
Author: ശ്രീ എം Sri M

Publishers: D C Books, Kottayam
First Published: December 2012
Second Impression: November 2013
ISBN 978-81-264-3953-9
Pages: 160 Price: Rs.120/-

Thursday, September 04, 2014

മദ്യ വിമുക്ത കേരളം നമ്മുടെ ലക്ഷ്യം

liquor kerala anti social
വൈകിട്ടെന്താ പരിപാടി ?
മദ്യവർജ്ജനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതാണ്‌ മദ്യനിരോധനം ആവശ്യമായിവരാൻ കാരണം.
മദ്യവർജ്ജനം വിജയിക്കണമെങ്കിൽ:
1. മദ്യപാനം അനാവശ്യവും ദോഷകരവുമായ കാര്യമാണെന്ന അറിവ് ഉണ്ടാവണം.
2. മദ്യപാനം അഭിമാനത്തിന്റെയും സത്കാരത്തിന്റെയും ഭാഗമല്ലാതായി മാറണം.
3. ഊള്ളിലെ ആസക്തിയാണ്‌ ലഹരിവസ്തു എന്ന ബാഹ്യവസ്തുവിലേക്ക് അടുപ്പിക്കുന്നതെന്ന തിരിച്ചറിവ് ഉണ്ടാവണം. മദ്യം ഇല്ലാത്തതുകൊണ്ടുമാത്രം മദ്യപാനിയല്ലാതാവുന്നത് പൂർണ്ണ സുരക്ഷ നൽകുന്നില്ല എന്നർത്ഥം.
4. ലഹരിപിടിച്ച മണിക്കൂറുകൾ കഴിഞ്ഞാലും ലഹരിവസ്തുവിന്റെ ദോഷഫലങ്ങൾ ശരീരത്തിലും നാഡീവ്യൂഹത്തിലും ബാധിച്ചിരിക്കും. ആവശ്യമായ ഔഷധങ്ങളും മാനസികപിരിമുറുക്കത്തിനുള്ള പരിഹാരവും ചിട്ടയായ ജീവിതത്തിനുള്ള സാഹചര്യവും ഒത്തുവന്നാലേ ലഹരിയുടെ അടിമത്വത്തിൽ നിന്നും മോചനം സാദ്ധ്യമാകൂ.

ഈ നാലുഘടകങ്ങൾ ഒരുമിച്ചു സംഭവിക്കാത്തതാണ്‌ മദ്യവർജ്ജനമായാലും മദ്യനിരോധനമായാലും പരാജയപ്പെടാൻ കാരണം.

ബാറുകളും ബീവറെജസ് ഔട്ട്ലറ്റുകളും അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഈ അവസരത്തിൽ പോലും മദ്യം കുപ്പിയിൽ വിൽക്കുന്നതിന്‌ നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാത്തത് ഒരു ന്യൂനതയാണ്‌. മദ്യനിരോധനം നടപ്പാക്കണമെന്ന ആവശ്യം ഉയരുമ്പോഴും അത് എത്രത്തോളം പ്രായോഗികമാണെന്നതിനെക്കുറിച്ച് പലരും ആശങ്കപ്പെടുന്നു. മദ്യം ബാറിനു പുറത്തേയ്ക്ക് കൊണ്ടുപോകുന്നതിനും കൈവശം സൂക്ഷിക്കുന്നതിനും നിരോധനം ഏർപ്പെടുത്തണം. മദ്യം അത്യാവശ്യമുള്ളവർക്ക് ബാറിൽ ചെന്ന് കുടിച്ചിട്ട് പോരാനേകഴിയൂ എന്ന സ്ഥിതിയിലേക്ക് മാറണം. മദ്യം ഒരു അവശ്യവസ്തുവല്ലായെന്ന് മനസ്സിലാക്കുന്നതിനും അതിന്‌ എത്രത്തോളം അടിമപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുന്നതിനും ഈ നിയന്ത്രണത്തിനു കഴിയും. ഒരുപക്ഷെ പെട്ടെന്നുള്ള സമ്പൂർണ്ണ നിരോധനത്തെക്കാൾ ഫലപ്രദമായിരിക്കും ഇത്. അതിനുവേണ്ടി പുതിയ ബാറുകൾ അനുവദിച്ച് ദാഹജലം പോലെ ഇടയ്ക്കിടയ്ക്ക് കിട്ടാനുള്ള സംവിധാനമൊരുക്കുകയൊന്നും ചെയ്യരുത്. മദ്യത്തിന്‌ അടിമപ്പെട്ടുപോയവർക്ക് പെട്ടെന്ന് അത് ലഭിക്കാതായാൽ ശാരീരികമായി പ്രയാസങ്ങളുണ്ടാവാനിടയുണ്ട്. ചികിത്സയുടെ ആദ്യഘട്ടങ്ങളിൽ മദ്യവും ആവശ്യമായി വന്നേക്കുമോ ? അങ്ങനെയെങ്കിൽ അത്തരക്കാർക്കുള്ള മദ്യം ആശുപത്രിയിൽ നിന്നും നൽകണം; അപ്പോൾ കഴിക്കാൻ പാകത്തിൽ. മെഡിക്കൽ ഷൊപ്പുകൾ വഴി ലഭ്യമാക്കാൻ ശ്രമിക്കരുത്.

“കഞ്ചാവും മയക്കുമരുന്നും വിൽക്കുന്നത് നിയമവിരുദ്ധമാണ്‌. എന്നാൽ മദ്യം കുടിച്ചാൽ കുഴപ്പമില്ലാത്തതുകൊണ്ടല്ലേ അതിന്റെ വിൽപ്പന അനുവദിച്ചിരിക്കുന്നത് ? സർക്കാർ പോലും മദ്യം വിൽക്കുന്നുണ്ടല്ലോ ? മിലിറ്ററി കാന്റീനിൽ മദ്യം വിതരണം ചെയ്യുന്നുണ്ടല്ലോ ?”  - മദ്യപരുടെ ന്യായവാദങ്ങളാണിത്. മനുഷ്യനായാൽ കുറച്ചെങ്കിലും കുടിക്കേണ്ടതായ ഒരു പാനീയമാണ്‌ മദ്യം എന്ന ധാരണ തിരുത്താൻ മദ്യ നിരോധനത്തിനേ കഴിയൂ. മദ്യം ശീലമാക്കിയവർ തൊഴിലിടങ്ങളിലും ബസ്സിലും ട്രയിനിലും സ്വൈരമായി വിഹരിക്കുന്നു. മദ്യപിച്ചശേഷം ട്രയിനിൽ യാത്രചെയ്യുന്നതിന്‌ വിലക്കേർപ്പെടുത്താൻ നടത്തിയ നീക്കം വ്യാപകമായ എതിർപ്പിനു കാരണമായിരുന്നു. മദ്യപരുടെ ഭൂരിപക്ഷ ഐക്യം. മദ്യവർജ്ജനത്തിന്റെ സന്ദേശമൊന്നും ഇവിടെ വിലപ്പോവില്ല. മദ്യവർജ്ജനം മതി, അത്ര അത്യാവശ്യമുള്ളവർ അൽപം മദ്യപിക്കട്ടെ എന്നുവച്ചാൽ അപ്പോൾ മദ്യപിച്ച് ട്രയിനിൽ വരെ കയറിയേതീരൂ. മദ്യനിരോധനം അത്യാവശ്യമായി വരുന്നു.

മതാചാരത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വീഞ്ഞിനെ ഈ വിഷയവുമായി ബന്ധപ്പെടുത്തേണ്ടതില്ല. എന്നാൽ വിവാഹവും മറ്റ് ആഘോഷങ്ങളുമായും ബന്ധപ്പെട്ട് നടക്കുന്ന മദ്യസത്കാരം ഒഴിവാക്കേണ്ടതാണ്‌. വിവാഹമായാലും ഓണമായാലും വിഷുവായാലും ക്രിസ്മസ് ആയാലും സങ്കടമായാലും സന്തോഷമായാലും മദ്യം കൂടിയേതീരൂ എന്ന സ്ഥിതി ഒട്ടും നല്ലതല്ല. മദ്യം തീരെ ഉപയോഗിക്കാത്തവർക്കുപോലും വിവാഹവുമായി ബന്ധപ്പെട്ട് സന്തം വീട്ടിൽ മദ്യസൽക്കാരം നടത്താൻ നിർബന്ധിതരായിത്തീരുന്ന സ്ഥിതി വടക്കൻ കേരളത്തിലുണ്ട്. മദ്യംകൊണ്ടുള്ള ഇത്തരം ആഘോഷങ്ങൾ നിയന്ത്രിക്കാൻ മദ്യനിരോധനം ആവശ്യമായിവരുന്നു.

സോമരസത്തിന്റെ ഐതിഹ്യവും വീഞ്ഞിന്റെ പാരമ്പര്യവും അരിഷ്ടത്തിലെ ആൽക്കഹോളിന്റെ കണക്കും നിരത്തുന്നത് മദ്യപാനത്തിനുള്ള സാധുതയായി കരുതാനാവില്ല. ഇന്ത്യ ഒരു ബഹുസ്വരസമൂഹമാണ്‌. ‘മദ്യം നമ്മുടെ സംസ്കാരമേയല്ല’ എന്ന് എല്ലാവർക്കും പറയാനാവില്ലായിരിക്കും. പക്ഷെ അങ്ങനെയെങ്കിൽ അതാതു വിഭാഗങ്ങളിലെ സ്ത്രീപുരുഷന്മാരുടെയിടയിൽ സന്തുലിതമായിരിക്കും അതിന്റെ ഉപയോഗം. മദ്യമായാലും മാംസഭക്ഷണമായാലും അങ്ങനെയാണ്‌. എന്നാൽ ഈരീതിയിലുള്ള മദ്യപാനം ഇന്ത്യയിൽ കാണപ്പെടുന്നത് ചില ഗോത്രവർഗ്ഗക്കാരിലും പ്രത്യേകം ജനവിഭാഗങ്ങളിലും മാത്രമാണ്‌. അതുകൊണ്ട്, നമ്മുടെ നാട്ടിൽ ഇന്നുകാണപ്പെടുന്ന പൊതുവായ മദ്യപാനശീലം തനതായ ഒരു സംസ്കാരത്തിന്റെയും ഭാഗമല്ലായെന്ന നിഗമനത്തിലാണ്‌ എത്താൻ കഴിയുന്നത്.

ടൂറിസം എന്ന നിലയിലായിരുന്നാലും, ഒരു പ്രധാന വ്യവസായസംരംഭം എന്നനിലയിലായിരുന്നാലും മദ്യത്തിൽ നിന്നുള്ള വരുമാനവും സ്വൈര്യമായ ജീവിതവും ഒരുമിച്ച് സാധിക്കില്ല. ബീച്ചുകളിലും ടൂറിസ്റ്റ് സ്പോട്ടുകളിലും പേടിപ്പെടുത്തുന്ന രീതിയിൽ ചുറ്റിത്തിരിഞ്ഞുനടക്കുന്ന ചെറുസംഘങ്ങൾ മദ്യവുമായോ മറ്റുലഹരിവസ്തുക്കളുമായോ ബന്ധമുള്ളവരാണ്‌. ടൂറിസ്റ്റുകൾക്കുവേണ്ടി ചെയ്യുന്ന വിട്ടുവീഴ്ചകൾ അവർക്കുതന്നെ ദോഷകരമായിത്തീരുകയും ടൂറിസത്തെത്തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു, നാട്ടുകാരുടെ ജീവിതത്തെയും. മദ്യം കുടിക്കാൻ ആളുകളുള്ളതുകൊണ്ടാണ്‌ മദ്യവ്യവസായം സാദ്ധ്യമാകുന്നത്. മദ്യം വാങ്ങാൻ ആളുള്ളത്രയും കാലം മദ്യം വിൽക്കുകയും ചെയ്യാം എന്നും വാദിക്കാം. നിയമവിധേയവും എന്നാൽ അധാർമ്മികവുമായ ഒരു തൊഴിലാണ്‌ മദ്യവ്യവസായം.... ഡോക്ടർമാരുടെ സേവനം അത്യാവശ്യമാണ്‌. എന്നാൽ ഈ നാട്ടിൽ എന്നും രോഗികൾ ഉണ്ടായിരിക്കേണമേ എന്ന് പ്രാർത്തിക്കുക്കുന്ന ഡോക്ടറെപ്പോലെയാകരുത് മദ്യവവസായികൾ.

എന്തുഭക്ഷിച്ചാലും അത് ശരീരത്തെയും മനസ്സിനെയും സ്വാധീനിക്കുന്നുണ്ട്. മദ്യവും അങ്ങനെയാണ്‌. അതുകൊണ്ടാണ്‌ മദ്യപിക്കുന്നവരും അല്ലാത്തവരും തമ്മിൽ ഒരു അന്തരം നിലനിൽക്കുന്നത്. സ്വഭാവത്തിലും പെരുമാറ്റത്തിലും ഇത് വേറിട്ടുവരുന്നു. എല്ലാവർക്കും എല്ലാവരുമായും ഇടപഴകേണ്ടിവരികയും പൊതുഇടങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇത് അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു. മദ്യവും ലഹരിയും ഉപയോഗിക്കുന്നവരുടെ അലങ്കോല സാന്നിദ്ധ്യവും മുരടൻ സമീപനങ്ങളും ഒഴിവാക്കേണ്ടതുണ്ട്. അതുകൊണ്ട് നിയമപ്രകാരം മദ്യം നിരോധിക്കുകയും അതോടൊപ്പം ഓരോരുത്തരെയും മദ്യവർജ്ജനത്തിനു പ്രേരിപ്പിക്കുന്നതിനുള്ള പരിപാടികൾ സർക്കാരും സന്നദ്ധസംഘടനകളും ഏറ്റെടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്‌. മദ്യവും ലഹരിവസ്തുക്കളും ബ്രയിൻകെമിസ്ട്രിയെ എപ്രകാരം ബാധിക്കുന്നുവെന്നതിനെക്കുറിച്ച് പഠനങ്ങൾ നടക്കണം.
"Suppressed minds can never make or maintain a harmonious society." Just remember that !!!

### Say No Alcohol ###

Friday, August 08, 2014

തുള്ളിപ്പറക്കുന്ന വർണ്ണപ്രപഞ്ചം

butterflies kerala

ശലഭനിരീക്ഷണത്തിന്റെ പ്രാഥമിക പാഠങ്ങൾ മുതൽ ഈ വർണ്ണപ്രപഞ്ചത്തിന്റെ വിശദമായ പഠനത്തിനും ആസ്വാദനത്തിനും സഹായിക്കുന്ന പ്രായോഗികവിവരണങ്ങൾ വരെ കൂട് വാർഷികപ്പതിപ്പ് (ചിത്രശലഭപ്പതിപ്പ്)ൽ ഉൾപ്പെട്ടിരിക്കുന്നു. പക്ഷിനിരീക്ഷണവും വന്യജീവി സംരക്ഷണവുമൊക്കെ ഏറെ ശ്രദ്ധനേടിയ പരിസ്ഥിതി സംസർഗ്ഗ പരിപാടികളാണ്‌. ശലഭനിരീക്ഷണവും സംരക്ഷണവും പ്രചാരത്തിലാകേണ്ടിയിരിക്കുന്നു. എന്നാലിത് താരതമ്യേന വളരെയെളുപ്പത്തിൽ സാധിക്കാവുന്നതുമാണ്‌. ചിത്രശലഭങ്ങളുടെ സംരക്ഷണം എന്നാൽ സസ്യ-ജൈവ വൈവിദ്ധ്യത്തിന്റെ സംരക്ഷണം കൂടിയാകുന്നതെങ്ങനെയെന്ന് വിശദീകരിച്ചുതരുവാൻ ഈ പ്രസിദ്ധീകരണത്തിനുകഴിയുന്നു.

കേരളത്തിൽ കാണപ്പെടുന്ന മിക്കവാറും എല്ലാ ചിത്രശലഭങ്ങളുടെയും മനോഹരമായ ചിത്രങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. 300-ലധികം ചിത്രങ്ങൾ. അവയുടെ വർഗ്ഗീകരണവും ശരീരഘടനാപരമായ വിവരണങ്ങളും ചിത്രശലഭനിരീക്ഷണത്തിന്‌ ഉപകരിക്കും. ഓരൊയിനം ശലഭങ്ങളും ചില പ്രത്യേക സസ്യങ്ങളുമായി ബന്ധപ്പെട്ടുജീവിക്കുന്നതുകൊണ്ട് ശലഭസംരക്ഷണം എന്നാൽ സസ്യസംരക്ഷണം കൂടിയാണ്‌. അതോടൊപ്പം ഭക്ഷ്യശൃംഘലയിലെ ഇതരജീവികളും പുനഃരാവിഷ്കരിക്കപ്പെടുന്നു.

കൊച്ചുകുട്ടികൾക്കുവരെ പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമാകുവാൻ സാധിക്കുന്ന രസകരമായ ഒരു സംരംഭമായി ചിത്രശലഭോദ്യാനത്തെ കരുതാം. ശലഭോദ്യാനം എന്നാൽ പൂമ്പാറ്റകൾക്ക് ജീവിക്കാൻ ആവശ്യമായ വിവിധതരം സസ്യങ്ങളും അന്തരീക്ഷവും ചേർന്ന ചുറ്റുപാട് ഒരുക്കുക എന്നതാണ്‌. ശലഭങ്ങൾ ക്രമേണ വർദ്ധിച്ചുവരുന്നതുകാണാം. ശലഭോദ്യാനത്തിന്‌ അനുയോജ്യമായ സസ്യങ്ങളെക്കുറിച്ചും ചുറ്റുപാട് ഒരുക്കുന്നതിനെപ്പറ്റിയും ഉള്ള ലേഖങ്ങൾ മാസികയിൽ ഉൾപ്പെട്ടിരിക്കുന്നു. ശലഭനിരീക്ഷണത്തിന്‌ ഉപകരിക്കുന്നവിധം ചിത്രശലഭങ്ങളുടെ ജീവിതചക്രത്തെപ്പറ്റിയും സ്വഭാവരീതികളെക്കുറിച്ചും ചിത്രങ്ങൾ സഹിതം എഴുതിയിരിക്കുന്നു. ഏതൊരു ശാസ്ത്രശാഖയ്ക്കും അതിന്റേതായ ചരിത്രപാഠങ്ങൾ ഉണ്ട്. ശലഭശാസ്ത്രത്തിനും ഉണ്ട്. “ഈ വല്ലിയിൽ നിന്നും ചേമ്മേ പൂക്കൾ പോവുന്നിതാ പറന്നമ്മേ” എന്ന് തുടങ്ങുന്ന വരികളിൽ അവസാനിക്കുന്നതായിരുന്നു നമ്മുടെ പാഠങ്ങൾ. ചിത്രശലഭങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് കേരളത്തിൽ ഉണർവ്വുനന്നത് 1980കൾക്കു ശേഷമാണ്‌. ഈ രംഗത്തെ വിദേശീയരായ ശാസ്ത്രജ്ജരെയും അവരുടെ പ്രസിദ്ധീകരണങ്ങളെയും മലയാളത്തിലെ ആദ്യകാല ശലഭപുസ്തകങ്ങളെയും ശലഭചരിത്രത്തിൽ പരിചയപ്പെടുത്തുന്നു.

ചിത്രശലഭഫോട്ടോഗ്രാഫിയെക്കുറിച്ച് ലളിതമായി വിശദീകരിക്കുന്നതാണ്‌ ശലഭചിത്രീകരണം എന്ന ഭാഗം. ക്യാമറയുടെ സെറ്റിംഗുകളും അവയുപയോഗിച്ചെടുത്ത ഏതാനും ചിത്രങ്ങളും ഉൾപ്പെടെ ചേർത്തിരിക്കുന്നു. ഒരു ശലഭനിരീക്ഷകർ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ. മുന്നൂറിലധികം ചിത്രശലഭങ്ങളുടെ ചിത്രങ്ങളും ശലഭവിദഗ്ധരുടെ ലേഖങ്ങളുമടങ്ങിയ ഈ പ്രസിദ്ധീകരണം ഒരു റഫറൻസ് ബുക്ക് എന്നപോലെ പ്രയോജനപ്പെടുന്നു.

“ഈ വല്ലിയിൽ നിന്നു ചെമ്മേ-പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം-നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലം...”
-മഹാകവി കുമാരനാശാൻ

Thursday, August 07, 2014

ശരീരാധിഷ്ഠിതമായ ജീവിതം

ശരീരം ജീവിതം ആത്മീയത
ശരീരത്തെ ദേവാലയത്തോട് ഉപമിക്കാറുണ്ട്. ക്ഷേത്രം എന്നും ശരീരത്തെ വിശേഷിപ്പിക്കുന്നു. പക്ഷെ, മാലിന്യക്കൂമ്പാരം എന്ന നിലയിൽ ശരീരത്തെ വർണ്ണിക്കുക്കുന്ന ആത്മീയപ്രഭാഷണങ്ങളും നടക്കുന്നു. ഇത് വലിയ അപരാധമായിത്തന്നെ കരുതണം. ആത്മാവ് എന്നതിൽ വിശ്വസിക്കുന്നവരുടെ പക്ഷത്തുനിന്ന് പറയുകയാണെങ്കിൽ; ശരീരവും ആത്മാവും ഒരുമിച്ചു നിൽക്കുന്ന അവസ്ഥയിൽ മാത്രമാണ്‌ ജീവിതം...ജീവി....മനുഷ്യൻ എല്ലാം. പരലോകത്തെമാത്രമല്ല ഈ ലോകത്തിൽ ജീവിക്കുന്നവർ ഈ ലോകത്തെക്കൂടി മാനിക്കാൻ ശീലിക്കണം. വിഗ്രഹാരാധകരുടെ കാര്യത്തിലാണെങ്കിൽ, ചൈതന്യത്തെ മാത്രമായി ആരാധിക്കാനാവുന്നില്ല; ചൈതന്യമില്ലാത്ത വിഗ്രഹത്തെയും ആരാധിക്കുന്നില്ല. ആത്മാവിൽ വ്യത്യാസമില്ല എന്നുപറയുന്നു. അപ്പോൾ പിന്നെ ഇക്കാണുന്ന വ്യത്യസ്തതകളും നാനാവിധ പ്രകൃതങ്ങളും എല്ലാം ശരീരാധിഷ്ഠിതമായിക്കരുതണം. ശരീരത്തിന്റെ പ്രാധാന്യം അത്രയധികമാണ്‌. ഉപവാസം എന്നത് ആത്മാവിനുവേണ്ടിയോ ഏതോ ഈശ്വരനുവേണ്ടിയോ ഒന്നുമല്ല. ഉപവാസം ശരീരത്തിനുവേണ്ടിയാണ്‌. പട്ടിണികിടന്നുക്ഷീണിക്കാൻ ആർക്കും സാധിക്കും. അതിന്‌ ആത്മീയതയോ വിജ്ഞാനമോ ഒന്നും ആവശ്യമില്ല. ഉപവാസമെന്നത് ശാരീരികമായി ക്ഷീണിപ്പിക്കുന്ന പ്രക്രിയയാവരുത്. ഉപവാസശേഷം നിങ്ങളെ കാണുന്നവർക്ക് ഉപവസിക്കാതിരിക്കാൻ തോന്നാനിടയാവരുത്. ഭക്ഷണക്രമത്തിലൂടെ മാനസികവും ശാരീരികവും മാനസികവുമായ ഊർജ്ജം വീണ്ടെടുക്കാൻ കഴിയുന്നതാവണം ഉപവാസം. കൂടുതൽ മെച്ചപ്പെട്ടതും ശുദ്ധവുമായ ശരീരവും മനസ്സും നേടാൻ ഉപവാസത്തിലൂടെ കഴിയണം. ആയുർവ്വേദം എന്ന ശസ്ത്രശാഖപോലും ശരീരസംരക്ഷണത്തിനുവേണ്ടിയാണ്‌. കലകൾ നയനാന്ദകരവും ശ്രുതിമനോഹരവുമാണ്‌.

യുക്തിവാദികളും നിരീശ്വരവാദികളും പോലും ശരീരത്തെ സ്നേഹിക്കണമെന്നും ബഹുമാനിക്കാണമെന്നുമുള്ള ധാരണയില്ല. ഈ ലോകജീവിതത്തിന്റെ അവിഭാജ്യഘടകമായ ശരീരത്തെ അതിന്റേതായ പ്രാധാന്യത്തോടെ തന്നെ കരുതണം. ജീവൻരക്ഷാപ്രവർത്തനങ്ങൾ എന്നുപറയുന്നത് യഥാർത്ഥത്തിൽ എന്താണ്‌ ? ശരീരത്തെത്തന്നെയാണ്‌ അവിടെ രക്ഷിക്കുന്നത്. പൂർണ്ണ ക്ഷമതയോടെയും ഊർജ്ജത്തോടെയും ശരീരത്തെ നിലനിർത്താനുള്ള ശ്രമങ്ങളാണ്‌ ജീവൻ രക്ഷാപ്രവർത്തനങ്ങൾ എന്നപേരിൽ വ്യാഖ്യാനിക്കപ്പെടുന്നത്. വൈദ്യശാസ്ത്രപരമായ ഓരോ വിശദീകരണവും ആത്യന്തികമായി ശാരീരികപ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള വിശദീകരണമാണ്‌.

ആയുധംകോണ്ട് നാശമുണ്ടാകുന്നതും ശരീരത്തിനാണ്‌. ഈ ലോകത്തുനടക്കുന്ന യുദ്ധവും നാനാവിധ അക്രമങ്ങളും തെറ്റായ പ്രവൃത്തിയാണെന്നു മനസ്സിലാക്കാൻ ശരീരാധിഷ്ഠിതമായ ഈ സിദ്ധാന്തത്തിനു കഴിയുന്നു. ശാരീരികമായ അതിക്രമങ്ങളെ ചെറുക്കുന്നതിനും ഇഷ്ടാനിഷ്ടങ്ങളെ സംരക്ഷിക്കുന്നതിനും ഈ രീതിയിൽ അനായാസേന കഴിയുന്നു. ഒരാളുടെ ശരീരത്തിൽ ദ്രോഹമേൽപ്പിച്ചുകഴിയുമ്പോൾ, “വ്യക്തി എന്നത് ശരീരമല്ല....”, എന്നുതുടങ്ങുന്ന വചകവാദങ്ങൾ കൊണ്ട് എന്തുപ്രയോജനം ? ഒന്നുമല്ലാത്ത ആ ശരീരത്തിൽ മുറിവേൽപ്പിച്ചാലെന്ത് എന്നുചോദിച്ചാൽ....? ശരീരത്തെ മാനിക്കുന്ന ലോകത്തിലേ ശാരീരികമായ അതിക്രമങ്ങളുണ്ടായാൽ ചെറുക്കാനുള്ള യോഗ്യതയുള്ളൂ.

മൂല്യാധിഷ്ഠിതജീവിതം എന്നത് റോഡുനിയമങ്ങൾ പോലെ കാണാതെപഠിച്ചോ കീഴ്വഴക്കമെന്നപോലെയോ പാലിക്കേണ്ടിവരുന്ന സമൂഹം ക്രമേണ രോഗങ്ങളിലേക്കും അധാർമ്മികതയിലേക്കും ന്നിങ്ങാനിടവരുന്നു. ശാരീരികമായ ശുദ്ധിയിലൂടെ സ്വയം ആർജ്ജിക്കേണ്ടതാണ്‌ അതെല്ലാം. അതിന്‌ മെച്ചപ്പെട്ട ശാരീരികാവബോധം ഉണ്ടായിരിക്കണം. ആയുർവ്വേദവും പ്രകൃതിചികിത്സാനുസൃതമായ ജീവിതചര്യയും വ്യായാമമുറകളും പിൻതുടരുന്നതിലൂടെ ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുന്നതിനും ഹോർമോൺവ്യവസ്ഥയെ ക്രമീകരിക്കുന്നതിനും കഴിയും. നാനാവിധ ആശങ്കകളുടെയും ബന്ധനങ്ങളുടെയും ആകുലതകളുടെയും ഉൾവലിയലുകളുടെയും ചിന്തകൾ പ്രസരിപ്പിക്കുന്നവർ മലിനീകരണം നടത്തുന്നവർ ആണെന്നറിയുക; രൂക്ഷമായ വൈകാരികമലിനീകരണം. കെട്ടിക്കിടക്കുന്ന ജലം പോലെ മലിനമായിരിക്കും ഇത്തരക്കാരുടെ ശരീരവും മനസ്സും. ആന്തരികശുദ്ധീകരണത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് പ്രാവർത്തികമാക്കേണ്ടതുണ്ട്.

വിഷഭക്ഷണവും ലഹരിവസ്തുക്കളും ക്രമകല്ലാത്തജീവിതചര്യകളും കാലാവസ്ഥാവ്യതിയാനങ്ങളും ശാരീരികഘടനയെ ദോഷകരമായി മാറ്റിയിരിക്കുന്നു. ചിന്തകളും ധാരണകളും ജീവിതക്രമവും കാലക്രമേണ ഡിഎൻഎ-യുടെ ഘടനയെത്തന്നെ മാറ്റിക്കളയുന്നു. അവകൂടുതൽ മോശപ്പെടാനിടയാകുന്നു. ശാരീരികമായ ശുദ്ധി എന്നാൽ ശരീരത്തിന്റെ ബാഹ്യവും ആന്തരികവുമായ ശുദ്ധി എന്നുകരുതണം. ശരീരം പരിശുദ്ധമെങ്കിൽ മനസ്സ് നിർമ്മലവുമായിരിക്കും. ശരീരത്തിനെ ആന്തരികശുദ്ധിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. പ്രപഞ്ചത്തിന്‌ പ്രകൃതി എന്നപോലെ പ്രധാനമാണ്‌ മനുഷ്യന്‌ ശരീരം. മഹാത്മാക്കളെല്ലാം പ്രകൃതിയെ ഉപാസിക്കുന്നവരും സംരക്ഷിക്കുന്നവരുമായിരുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ചാപല്യമില്ലാത്തതും സന്ദേഹമില്ലാത്തതുമായ മനസ്സ് നിലനിൽക്കൂ. "ആരാണോ സ്വന്തം ശരീരത്തെ അറിഞ്ഞത് അവൻ അല്ലാഹുവിനെ അറിഞ്ഞു."

ആരോഗ്യകരമായ ഒരു ശരീരമുണ്ടങ്കിലേ പരമാത്മാവിലെക്കെത്തിച്ചേരാൻ കഴിയുകയുള്ളുവെന്നു സിദ്ധന്മാർ വിശ്വസിക്കുന്നു. അതുകൊണ്ട് അവർ ആത്മീയതയോടൊപ്പം വൈദ്യത്തിനും പ്രാധാന്യം കൊടുത്തു.

മഹാസിദ്ധനായി കണക്കാക്കുന്ന തിരുമൂലർ പറയുന്നതനുസരിച്ച്

“ദേഹത്തെ നശിപ്പിച്ചാൽ ദേഹിക്കത്കേടാണ്
ദേഹത്തെ നശിപ്പിച്ചോരു വിമോചനമസാധ്യം
ദേഹരെക്ഷാശാസ്ത്രം പഠിച്ചെന്നുടൽ കാത്ത് ആത്മാവിനെ പോറ്റെണം.”
—തിരുമന്ത്രത്തിൽനിന്നുള്ള വിവർത്തനം

"To keep the body in good health is a duty... otherwise we shall not be able to keep our mind strong and clear." - Buddha
~ ~ ~ ! ~ ~ ~

Wednesday, July 30, 2014

കോർപ്പറേറ്റ് സ്പിരിച്വാലിറ്റി

city life

കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റി (corporate spirituality) ഇന്ന് ഏറെ പ്രചാരത്തിലായിരിക്കുന്നു. പരമ്പരാഗതമായ ചട്ടക്കൂടുകളിൽ നിന്നും അന്ധമായ അനുഷ്ഠാനങ്ങളിൽ നിന്നും മുക്തമാകാനുള്ള ശ്രമവും കോർപ്പറേറ്റ് സ്പിരിച്ചാലിറ്റിക്ക് വഴിയൊരുക്കി. ലളിതമായി പിൻതുടരാൻ കഴിയുന്നു. ആധുനിക ശാസ്ത്രപ്രകാരം വിശദീകരണവുമുണ്ട്. ആധുനിക ജീവിതശൈലിയെ പിൻതുണയ്ക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങലെല്ലാം കോർപ്പറേറ്റ് സ്പിരിച്ചാലിറ്റിയുടെ സ്വീകാര്യതയ്ക്ക് കാരണമായി. കോർപ്പറേറ്റ് സ്പിരിച്ചാലിറ്റിയെന്നാൽ ആത്മീയതയുടെ കോർപ്പറേറ്റ് വൽക്കരണമാണോ അതോ കോർപ്പറേറ്റ് ജീവിതത്തിന്റെ ആത്മീയവൽകരണമാണോയെന്ന ചോദ്യവും ഉണ്ടാവാം. രണ്ടും ഒരുമിച്ചുതന്നെ സംഭവിക്കുന്നുവെന്ന് പറയാം.

ആത്മീയതയ്ക്ക് അതിന്റേതായ പരിശുദ്ധിയുണ്ട്. കോർപ്പറേറ്റ് ജീവിതത്തിന്‌ അതിന്റേതായ സ്വീകാര്യതയും പ്രായോഗികതയുമുണ്ട്. തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ ഉണർവ്വും ഉന്മേഷവും നൽകുവാനും ജീവിതശൈലിയെ പുനഃക്രമീകരിക്കുവാനും ഇതിലൂടെ കഴിയുന്നു. ആത്മീയതയുടെ കമ്പോളവൽക്കരണമെന്നും സമ്പന്നരുടെ ആത്മീയതയെന്നും ഉള്ള ആരോപണങ്ങളും കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റി നേരിടേണ്ടിവരുന്നു. കമ്പോളവൽകൃതവും മത്സരാത്മകവുമായ ലോകത്ത് ഒട്ടും പിൻതള്ളപ്പെട്ടുപോകാതിരിക്കുന്നതിനാവശ്യമായ ഉയർന്ന വിദ്യാഭ്യാസയോഗ്യതകളും സാമ്പത്തികഭദ്രതയും കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റിയുടെ ഭാഗമാണ്‌. ആത്മീയതയെന്നാൽ ഭൗതികമായ ലാളിത്യം കൂടിയാണെന്ന ധാരണവച്ചുപുലർത്തുന്നവർ പൗരസ്ത്യവും പാശ്ചാത്യവുമായ ലോകങ്ങളിലുണ്ട്. എന്നാൽ പ്രത്യക്ഷമായി അവർക്കൊന്നും മുഖ്യധാരാസമൂഹത്തിന്റെ അധാർമ്മികമായ ജീവിതത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തുന്നതിനു കഴിയുന്നില്ല. ഭൗതികമായി അൽപ്പന്മാരായവർ പറയുന്നത് ചെവിക്കൊള്ളുവാൻ തയ്യാറാവുന്നവർ വിരളം. ഇവിടെയാണ്‌ കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റിയുടെ രംഗപ്രവേശം.

ആത്മീയതയും ഭൗതികതയും അതിന്റെ വിശുദ്ധമായ രൂപത്തിൽത്തന്നെ നിലനിൽക്കട്ടെ. എല്ലാ ആത്മീയ അന്വേഷകരും സാധകരും കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റിയുടെ ഭാഗമായിക്കൊള്ളണമെന്നില്ല. എന്നാൽ ആത്മീയമൂല്യങ്ങളെയും അനുഭൂതികളെയും സാധാരണജനങ്ങൾക്കുകൂടി അനുഭവമാക്കാനുള്ള പ്രത്യക്ഷപ്രവർത്തനങ്ങളുടെ ഭാഗമാകുന്നവർക്ക് കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റി ഏറെ ഫലപ്രദമായ മാർഗ്ഗമാണ്‌. സ്വാമി വിവേകാനന്ദൻ ഇത്തരമൊരു ശൈലിയെ സ്വീകരിച്ചിരുന്നു. പരമഹംസ യോഗാനന്ദൻ അദ്ദേഹത്തിന്റെ ഗുരുവിന്റെ ആജ്ഞപ്രകാരം, ഗുരുവിന്റെ പ്രവർത്തന ശൈലിയിൽ നിന്നും ഭിന്നമായി സ്വീകരിച്ച ശൈലിയെ കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റിതന്നെയായി കരുതാം. പൗരസ്ത്യ ആത്മീയതയെ പാശ്ചാത്യലോകത്ത് സ്വീകാര്യമാക്കുന്നതിനും മെച്ചപ്പെട്ട മാനുഷികബന്ധങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിനും അതിലൂടെ അവർക്കുകഴിയുകയും ചെയ്തു.

കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റിയ്ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും ഒരു പ്രത്യേക ശാഖയെന്ന നിലയിൽ ശ്രദ്ധകിട്ടിയിട്ടില്ല. തുല്യമായ ഒരു പദപ്രയോഗവും മലയാളത്തിലുണ്ടോയെന്ന് അറിയില്ല. Non-Religious spirituality എന്ന പേരിൽ പ്രചരിക്കുന്നത് മിക്കപ്പോഴും കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റി തന്നെ. ആഡംബരഭ്രമവും അധികാരദുർമോഹവുമാണ്‌ ഇന്നിതിനെ ബാധിച്ചിരിക്കുന്ന ദോഷങ്ങൾ. ട്രൈബൽ സ്പിരിച്ചാലിറ്റി (tribal spirituality)യ്ക്ക് വിരുദ്ധമാണിതെന്ന തോന്നലുണ്ടാകുന്നതിനുകാരണവും ഈ ദോഷങ്ങൾ ബാധിച്ചിരിക്കുന്നുവെന്നതാണ്‌. ഐശ്വര്യപൂർണ്ണമായ ജീവിതത്തിനുവേണ്ടിയാണോ സമ്പത്തിനും അധികാരത്തിനുംവേണ്ടിയാണോ ആളുകൾ ഇവിടെ സംഘടിക്കുന്നതെന്ന് ആത്മപരിശോധന നടത്തണം. ഇത്തരം ദോഷങ്ങളിൽ നിന്നും മുക്തമായാൽ കോർപ്പറേറ്റ് സ്പിരിച്ച്വാലിറ്റ്യ്ക്ക് മാനുഷികമൂല്യങ്ങളിലും ശാസ്ത്രീയമായ ജീവിതക്രമത്തിലും വളരെയേറെ സംഭാവനകൾ നൽകാൻ കഴിയും.
~ ~ ~ ! ~ ~ ~

Sunday, July 27, 2014

തൊഴിലും ജീവിതവും പൊരുത്തക്കേടുകളും

education in kerala തൊഴിൽ ജീവിതം വിദ്യാഭ്യാസം

“8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം” എന്ന മുദ്രാവാക്യം തൊഴിലാളിപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടായിരിക്കും കേട്ടിട്ടുണ്ടായിരിക്കുക. എന്നാലിന്നിത് വളരെയേറെ പ്രസക്തിയുള്ള ഒരു ആശയമായിമാറിയിരിക്കുന്നു. തൊഴിലാളി എന്ന പദത്തിന്‌ ‘labour’ എന്ന അർത്ഥം മാത്രമല്ല, ‘employee’ എന്ന വ്യാപകമായ അർത്ഥം തന്നെ കൊടുക്കണം. കഠിനമായ കായികാദ്ധ്വാനം ചെയ്യുന്നവർ മാത്രമല്ല ഐടി കമ്പനികളിൽ ജോലിയെടുക്കുന്നവർക്കുപോലും ജീവിതമെന്തെന്ന് അറിയാനോ ചിന്തിക്കാനോ പോലും സമയമോ സൗകര്യമോ ഇല്ല. Work Life Balance എന്നത് ബഹുഭൂരിപക്ഷം ജനങ്ങൾക്കും പ്രാപ്യമാണ്‌. എല്ലാ വിദ്യാർത്ഥികളും ഏതെങ്കിലും ഒരു കൈത്തൊഴിലെങ്കിലും അഭ്യസിക്കുകയും വിദ്യാഭ്യാസവും സേവനവും സമ്പാദ്യവും ഒരുമിച്ചുകൊണ്ടുപോകാനാവുകയും വേണം എന്ന് ഗാന്ധിജി പറഞ്ഞതും നടപ്പായില്ല.

ഒരു മനുഷ്യന്റെ ജീവിതത്തെ ജോലി, വിശ്രമം, വിനോദം എന്നിങ്ങനെ മൂന്നായി തിരിക്കുന്നുവെന്ന് കരുതുക. എന്തുകൊണ്ടാണ്‌ ഇങ്ങനെയൊരു തരംതിരിവ് ആവശ്യമായിവരുന്നത് ? ഈ ചോദ്യത്തിന്റെ ഉത്തരം വളരെ പ്രധാനപ്പെട്ടതാണ്‌. ഉത്തമമായ ഒരു ജീവിതത്തിൽ ഇവമൂന്നും ഒരുമിച്ചുതന്നെയാണ്‌ പോകുന്നത്. ഗലീലിയോയെയും എഡിസനെയും പോലുള്ള ശാസ്ത്രപ്രതിഭകൾ, മഹത്തായ കലാ-സാഹിത്യ സൃഷ്ടികളിൽ മുഴുകുന്നവർ, പ്രശസ്തരായ സഞ്ചാരികൾ, ഗാന്ധിജിയെയും ടാഗോറിനെയും പോലുള്ള രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ എന്നിങ്ങനെയുള്ളവരുടെ ജോലിയും വിനോദവും വേർതിരിക്കാനാവാത്തവിധം യോജിച്ചിരിക്കുന്നു. വിശ്രമമാകട്ടെ, ശരീരത്തിനുമാത്രമേ ആവശ്യമാകുന്നുള്ളൂ. മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടിയുണ്ട് - ജീവിതകാലം മുഴുവനും ഓരോ മനുഷ്യനും വിദ്യാർത്ഥിയാണ്‌ എന്ന തത്വത്തെ ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഈ മഹദ് വ്യക്തികളുടെയൊക്കെ ജീവിതം. അതായത്, ബുദ്ധിയുള്ള ഒരു യന്ത്രത്തിൽ നിന്നെന്നപോലെ ഔട്ട്പുട്ട് തന്നുകൊണ്ടിരിക്കുകമാത്രമായിരുന്നില്ല ഇവർ ചെയ്തിരുന്നത്. ചുറ്റുപാടിൽ നിന്നുമുള്ള പാഠങ്ങളെ നിരന്തരം സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്ത് ഉത്തമനായ മനുഷ്യനിലേക്ക് വളർന്നുകോണ്ടേയിരുന്നു. തൊഴിൽ ദാതാവിനുവേണ്ടിയായിരുന്നില്ല, ഗുണഭോക്താക്കൾക്കുവേണ്ടിയായിരുന്നു അവരുടെ സേവനം. ഇനി, നമുക്കുചുറ്റും കാണുന്ന പൊതുസമൂഹത്തിന്റെ സ്ഥിതി പരിശോധിക്കൂ... തൃപ്തിയോടെ കഠിനാദ്ധ്വാനവും സേവനവും ചെയ്ത് സർഗ്ഗാതമകതയെയും മാനുഷികമൂല്യങ്ങളെയും കൈവിടാതെ ജീവിക്കുന്ന എത്രപേരുണ്ട് ?! പൊതുസമൂഹത്തിന്റെ അവസ്ഥ തീർച്ചയായും ഇതല്ല. സ്വയം കേന്ദ്രീകൃതവും സമൂഹനന്മയെയാകെ ലക്ഷ്യമാക്കിപ്രവർത്തിക്കുന്നതുമായ മനുഷ്യർ എല്ലാക്കാലത്തും എല്ലാദേശത്തും വിരളമായിരിക്കും. Work Life Balance സാധ്യമാകത്തക്കവിധം ഒരു തൊഴിൽ-സാമൂഹിക ഘടന രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇവിടെയാണ്‌. ഈയോരു സാഹചര്യത്തിലാണ്‌ ജോലി, വിനോദം, വിശ്രമം എന്നിങ്ങനെ മൂന്നായി തരംതിരിച്ച് പ്രായോഗികമായ ഒരു മർഗ്ഗരേഖ ഉണ്ടാക്കേണ്ടിവരുന്നത്.

പരമാവധി ലളിതമായി ഇവയെ ഒന്ന് നിർവ്വചിക്കാം:-
ജോലി:- സാമ്പത്തിലലാഭം നേടാനായി ഏർപ്പെടുന്ന പ്രവൃത്തി
വിശ്രമം:- വിശ്രമം, ഉറക്കം
വിനോദം:- ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്ന എല്ലാ പ്രവൃത്തികളും

ജോലിയും വിനോദവും ഒന്നായി അനുഭവപ്പെടുന്നവർ ഭാഗ്യവാന്മാർ. ഏർപ്പെടേണ്ടിവരുന്ന തോഴിലിനോടുള്ള താൽപര്യമില്ലായ്മ, ചുറ്റുപാടിനോടുള്ള ചേർച്ചക്കുറവ്, ഒറ്റപ്പെട്ട ജീവിതത്തിന്റേതായ മണിക്കൂറുകൾ, മേലധികാരിയുടേയും നിയമാവലിയുടേതുമായ ചട്ടക്കൂടുകൾ ഇങ്ങനെ പലവിധ കാരണങ്ങളാണ്‌ ഒരാൾക്ക് ‘ജോലി’ എന്നത് സാമ്പത്തികലാഭത്തിനായുള്ള പ്രവൃത്തി മാത്രമായിത്തീരാനിടയാക്കുന്നത്. സെൽഫ് എംപ്ലോയ്മെന്റ് എന്നതിനോട് താൽപര്യമുള്ളവരുടെ വർദ്ധിക്കാനുള്ള ഒരു പ്രധാനകാരണവും ഇതുതന്നെ. Work Life Balance എന്നത് ഒരു പരിധിവരെയെങ്കിലും പാലിക്കാൻ Self Employment-ന്‌ കഴിഞ്ഞേക്കും. ഒരു സാധാരണ മനുഷ്യന്റെ കാര്യത്തിൽ 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്നരീതിയിൽ ശരാശരി പ്രവൃത്തിദിവസങ്ങളെ ക്രമീകരിക്കേണ്ടിവരുന്നു.

8 മണിക്കൂർ ജോലി

തൊഴിലാളിയുടെ മാനസികമോ സാമ്പത്തികമോ സാമൂഹികമോ വിദ്യാഭ്യാസപരമോ ആയ പരാധീനതകളെ ചൂഷണം ചെയ്യുന്ന തൊഴിൽദാതാക്കൾ പൗരാവകാശലംഘനമാണ്‌ നടത്തുന്നത്. തൊഴിലാളി യൂണിയനുകൾ രൂപംകൊള്ളുന്നതിനെ ഇത്തരം തൊഴിൽദാതാക്കൾ ശക്തമായി എതിർക്കും. വിശ്രമരഹിതമായ തൊഴിലിന്റെ മണിക്കൂറുകൾ നീണ്ടുപോകാൻ ഇതുകാരണമാകും. ചിലർക്ക് കൈനിറയെ പണം കിട്ടുമെങ്കിലും മറ്റുചില മേഖലകളിൽ തുച്ഛമായ വേതനം മാത്രമായിരിക്കും പ്രതിഫലം. എത്രയധികം അദ്ധ്വാനമാണ്‌ നമുക്കുചുറ്റും പാഴായിപ്പോകുന്നതെന്ന് നിരീക്ഷിക്കൂ. ആഡംബരവും ഉപഭോഗസംസ്കാരവും നടപ്പാക്കുന്നതിനുവേണ്ടി എത്ര മനുഷ്യപ്രയത്നമാണ്‌ വേണ്ടിവരുന്നത്. എത്രയോ അദ്ധ്വാനവും പ്രകൃതിവിഭവങ്ങളുമാണ്‌ Use and Throw സംസ്കാരത്തിലൂടെ നഷ്ടമാകുന്നത്. അവ സൃഷ്ടിക്കുന്ന മലിനീകരണവും അനുബന്ധപ്രശ്നങ്ങളും വേറെ. തൊഴിൽ സൃഷ്ടിക്കപ്പെടുകയും വരുമാനം നേടിത്തരികയും ചെയ്യുന്നുവെന്ന് തോന്നാം. പണം വാങ്ങാനായി പണിയെടുക്കുന്ന തൊഴിലാളികളും പണം കൊടുക്കാനായി പണിയെടുപ്പിക്കുന്ന സർക്കാരും നല്ല ലക്ഷണമല്ല. ഒരു ഉദാഹരണം പരിശോധിക്കാം... തൊഴിലാളികളുടെ (ജനങ്ങളുടെ) ഉപജീവനത്തിന്‌ അവരുടെ പക്കൽ പണം വേണം. സർക്കാരിന്റെ കൈവശമാണെങ്കിൽ ധാരാളം ധനവും. അതുകൊണ്ട് വർഷം തോറും റയിൽ പാളങ്ങൾ മാറ്റിമാറ്റി പുതിയത് സ്ഥാപിക്കുന്ന പദ്ധതി തുടങ്ങി. ഒരു യൂറോപ്യൻ രാജ്യത്ത് നടന്ന സംഭവമാണിത്. സർക്കാരിന്റെ കൈവശമുള്ള പണം ജനങ്ങളുടെ (തൊഴിലാളികളുടെ) പക്കലേക്ക് എത്തുന്നതിനുവേണ്ടിമാത്രം നടന്ന പ്രവൃത്തി. ഇതുതന്നെയാണ്‌ നമുക്കുചുറ്റും നടക്കുന്നതും. ധനത്തിന്റെ വിതരണം സംഭവിക്കുന്നുവേന്നല്ലാതെ പ്രയോജനമൊന്നുമില്ലാത്ത അദ്ധ്വാനങ്ങൾ. ദിവസവും 12ഉം അതിലേറെയും മണിക്കൂറുകൾ തൊഴിൽസ്ഥലത്ത് ചെലവഴിക്കേണ്ടിവരുന്നവർ ഒരുവശത്ത്; തൊഴിലില്ലാത്തവർ മറുവശത്ത്. പണിയെടുത്ത് കൈനിറയെ പണം കിട്ടിയവർക്ക് ജീവിക്കാൻ സമയമില്ല. ജോലിയില്ലാതെ നടക്കുന്നവർക്കാകട്ടെ ജീവിക്കാൻ പണവുമുണ്ടായിരിക്കില്ലല്ലോ. 8 മണിക്കൂർ ജോലി എന്ന നയം കൊണ്ട് ഈ അവസ്ഥയ്ക്കൊക്കെ എന്തെങ്കിലും മെച്ചമുണ്ടാവില്ലേ ?

8 മണിക്കൂർ വിനോദം

ജീവിതത്തിന്റെ മാനുഷികവും സർഗ്ഗാത്മകവുമായ എല്ലാ പ്രവർത്തനങ്ങളെയും ‘വിനോദം’ എന്നതിന്റെ പരിധിയിൽപ്പെടുത്താം. Holistic Life style എന്നത് ഉത്തമമായ ജീവിതത്തിന്റെ താളക്രമവും ചുറ്റുപാടുമാകുന്നു. പലപ്പോഴും നമുക്കിത് നഷ്ടമാകുന്നു. വ്യക്തിജീവിതത്തിലും സമൂഹത്തിലുമുണ്ടാകുന്ന ഓരോ മൂല്യച്യുതിക്കും തിക്താനുഭവങ്ങൾക്കും അതിക്രമങ്ങൾക്കും ക്രൂരവിനോദങ്ങൾക്കും കാരണം holistic life അല്ല നമ്മുടേതെന്നതുതന്നെ. സഹജീവികളോടും കുടുംബാംഗങ്ങളോടും സുഹൃത്തുകളോടുമോത്ത് ചെലവഴിക്കാൻ സമയമില്ല, പുസ്തകം വായിക്കാൻ സമയമില്ല, ജീവിതനിലവാരവും മാനസികനിലവാരവും മെച്ചപ്പെടുത്തുന്നതിനാവശ്യമായ യാതൊന്നുംതന്നെ ചെയ്യാൻ സമയമില്ല. ഈ അവസ്ഥ മാറണം. മാറിയേ മതിയാവൂ.

8 മണിക്കൂർ വിശ്രമം

ഒരു ശരാശരി മനുഷ്യൻ ദിവസവും 6 മണിക്കൂർ ഉറങ്ങണമെന്ന് കണക്കാക്കപ്പെടുന്നു. ജീവിതത്തിന്റെ അവസാനഘട്ടങ്ങൾ മുഴുവനും വിശ്രമത്തിനായി മാറ്റിവയ്ക്കുകയും നമുക്കുവേണ്ടി മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്യുന്നതിലും നല്ലത് ദിവസവും ആവശ്യത്തിന്‌ വിശ്രമിച്ച് ജീവിതകാലം മുഴുവനും സന്തുലനാവസ്ഥ പാലിക്കുന്നതാണ്‌.

“ചെയ്തതിൽ തൃപ്തിയും ചെയ്യുന്നതിൽ സന്തോഷവും ഇനിയും ചെയ്യണമെന്ന ആഗ്രഹവും ഏതുകർമ്മം ചെയ്യുമ്പോഴാണോ അതാണ്‌ അവന്റെ ധർമ്മം. അഹിംസാത്മകവും ശ്രേയസ്കരവുമായ ധർമ്മങ്ങൾ ഓരോരുത്തരുടേയും ജീവിതത്തിൽ ഉണ്ടായിരിക്കും. അവയെ സഫലീകരിക്കേണ്ടതുണ്ട്.” അത് സാധ്യമാകുംവിധമായിരിക്കണം നമ്മുടെ സാമൂഹികക്രമവും ജീവിതസാഹചര്യങ്ങളും.
~~~ ! ~~~

Monday, June 30, 2014

‘വിഷചികിത്സ’ - മൈന ഉമൈബാൻ

visha chikilsa myna umaiban

പാമ്പുകളുടെ ചരിത്രം, ആവാസവ്യവസ്ഥ, സ്വഭാവരീതികൾ, വിഷചികിത്സാസമ്പ്രദായങ്ങൾ എന്നിവയെ പരിചയപ്പെടുത്തുന്ന പുസ്തകം. വിവിധയിനം പാമ്പുകളെയും അവയുടെ പ്രത്യേകതകളെയും ചികിത്സാരീതികളെയും കുറിച്ചുള്ള വിവരണം. വിഷചികിത്സ എന്നാൽ പാമ്പിൻ വിഷത്തിനെതിരെയുള്ള ചികിത്സ മാത്രമല്ല, എന്നാൽ വളരെ മാരകമായി പ്രവർത്തിക്കാൻ കഴിവുള്ള ഒരു ജന്തുജന്യ വിഷമാണ്‌ പാമ്പിൻവിഷം. പാരമ്പര്യ ചികിത്സാരീതികൾ വിവിധ തരത്തിലുണ്ട്. എന്നാൽ പാമ്പുകളുടെ ആവാസവ്യവസ്ഥകളെയും പ്രകൃതത്തെയും വിഷത്തിന്റെ രാസഘടനയെക്കുറിച്ചും അവ മനുഷ്യശരീരത്തിൽ സൃഷ്ടിക്കുന്ന വിഷമഘട്ടങ്ങളെക്കുറിച്ചും ഉള്ള അറിവ് നമുക്കുണ്ടായിരിക്കേണ്ടതാണ്‌. പ്രഥമശുശ്രൂഷമുതൽ ചികിത്സാവിധികൾ ആരംഭിക്കുന്നു. പാമ്പിൻവിഷത്തിലെ രാസഘടകങ്ങൾ ശരീരത്തിൽ എപ്രകാരമുള്ള ലക്ഷണങ്ങളാണ്‌ സൃഷ്ടിക്കുന്നതെന്ന് അറിഞ്ഞിരുന്നാലേ പ്രഥമശുശ്രുഷപോലും സാധ്യമാകൂ. ആയുർവ്വേദചികിത്സ, നാട്ടുവൈദ്യം, കല്ലുചികിത്സയടക്കമുള്ള പാരമ്പര്യ ചികിത്സാരീതികൾ, അലോപ്പതി എന്നിങ്ങനെ വിവിധതരം ചികിത്സാരീതികൾ നിലവിലുണ്ട്. ഇങ്ങനെ വിവിധതരം ചികിത്സാരീതികളെ ഫലപ്രദമായി ഉപയോഗിച്ച് സമ്മിശ്രചികിത്സനടത്തിയാൽ രോഗനിർണ്ണയം വേഗത്തിലും കൃത്യതയോടെയും സാദ്ധ്യമാവുകയും പാർശ്വഫലങ്ങളില്ലാതെ ചികിത്സ ലഭ്യമാക്കാനും കഴിയുന്നു.
vishachikilsa myna umaiban

Book: Vishachikilsa
Author: Myna Umaiban
Language: Malayalam
Category: Study പഠനം

Publishers: Olive Publications
First Edition: February 2007
Second Edition: May 2012
ISBN : 978-93-81788-36-3
Pages: 90 Price: Rs. 60/-

Sunday, May 25, 2014

ചെറുവള്ളി ശ്രീദേവീ ക്ഷേത്രം

ചെറുവള്ളി cheruvally
ഒട്ടനവധി അപൂർവ്വതകളും ആചാരസവിശേഷതകളും പരിപാലിച്ചുപോരുന്ന ക്ഷേത്രമാണ് ചെറുവള്ളി ശ്രീദേവീക്ഷേത്രം (Cheruvally Sree Devi Temple, Cheruvally, Kottayam Dist.)‌. 1100 വർഷങ്ങളുടെ ചരിത്രപാരമ്പര്യം ഉൾക്കൊള്ളുന്ന സങ്കേതം. 800 വർഷങ്ങൾക്കുമുൻപാണ്‌ ഇവിടെ ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. കാലക്രമേണ ഇവിടെ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുറിയേറിപ്പാർത്ത ഭക്തജനങ്ങൾ ഒപ്പമുള്ള ചെറുവള്ളിലമ്മയുടെ സാന്നിദ്ധ്യം തിരിച്ചറിയുകയും കാവുകൾ തീർത്ത് ആരാധിച്ചുതുടങ്ങുകയും ചെയ്തു. അങ്ങനെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുവള്ളിക്കാവുകളുടെ മൂലക്ഷേത്രമാണ്‌ ഈ ചെറുവള്ളി ശ്രീദേവിക്ഷേത്രം. ഗണപതി, ശാസ്താവ്, മഹാവിഷ്ണു, ശിവപാർവ്വതി, സുബ്രഹ്മണ്യൻ, ദുർഗ്ഗ, വീരഭദ്രൻ, രക്ഷസ്സ്, സർപ്പങ്ങൾ, യക്ഷി, കൊടുംകാളി, ജഡ്ജിയമ്മാവൻ എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്.

ഐതിഹ്യം

ഇപ്പോൾ ക്ഷേത്രം സ്ഥിതിചെയ്യുന്നതിന്റെ പടിഞ്ഞാറുഭാഗത്തുള്ള കറുത്തമഞ്ഞാടി എന്ന സ്ഥലത്താണ്‌ ദേവി ആദ്യമായി സാന്നിദ്ധ്യം അറിയിച്ചത്. മൂർച്ചയുള്ള ആയുധവുമായി കാട്ടുകിഴങ്ങുകൾ ശേഖരിക്കുകയായിരുന്നു ഒരു ഗിരിവർഗ്ഗ സ്ത്രീ. ആയുധം ഒരു കല്ലിൽ തട്ടുകയും കല്ലിൽ നിന്ന് രക്തം പുറത്തുവരികയും ചെയ്തു. ദേവിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ ഒരു ഭക്തന്റെ കുടമേലിരുന്ന് ഇപ്പോഴത്തെ ദേവസ്ഥാനത്ത് എത്തുകയും ചെയ്തു. അവിടെനിന്ന് അദ്ദേഹം നീരാടാനിറങ്ങിയപ്പോൾ ദേവീചൈതന്യം ജലത്തിൽ വ്യാപിക്കുകയും ചെയ്തു. പിന്നീട് ഇപ്പോൾ പാട്ടമ്പലം സ്ഥിതിചെയ്യുന്ന സ്ഥലത്ത് അധിവസിച്ചു. ഇവിടെയാണ്‌ ഇപ്പോൾ കളമെഴുത്തും പാട്ടും നടത്തിവരുന്നതും. ഒരു ചെറിയ വള്ളിയിലിരുന്ന് ഊഞ്ഞാലാടുന്ന രീതിയിലാണ്‌ അമ്മ ഭക്തർക്ക് ആദ്യം ദർശനം നൽകിയത്. അങ്ങനെയാണ്‌ ഈ ഗ്രാമത്തിന്‌ ചെറുവള്ളി എന്ന പേര്‌ ലഭിച്ചത്. ആദ്യ ദർശനം നൽകിയ സ്ഥലത്താണ്‌ ഇപ്പോൾ ക്ഷേത്രം സ്ഥിതിചെയ്യുന്നതും മൂലവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നതും.

ക്ഷേത്രക്കുളം

ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തെ പടവുകളിറങ്ങുന്നത് നേരെ ക്ഷേത്രക്കുളത്തിലേക്കാണ്‌. ഈ ജലാശയത്തിനും ദേവചൈതന്യമുണ്ട്. കറുത്തമഞ്ഞാടിയിൽ പ്രത്യക്ഷപ്പെട്ട ദേവി ഒരു ഭക്തന്റെ കുടപ്പുറത്ത് യാത്രചെയ്ത് ഇപ്പോൾ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തെത്തുകയും ഈ ജലാശയത്തിൽ കുടികൊള്ളുകയും ചെയ്തുവെന്നാണ്‌ ഐതിഹ്യം. ക്ഷേത്രക്കുളത്തിലെ മത്സയ്ങ്ങൾക്ക് ധാന്യങ്ങൾ അർപ്പിക്കുന്നത് ഒരു പ്രധാന വഴിപാടാണ്‌. പക്കങ്ങൾ മാറുന്നതിനനുസരിച്ച് ചിറയിലെ വെള്ളത്തിന്‌ നിറവ്യത്യാസം സംഭവിക്കുന്നുമുണ്ട്.

ആൽത്തറകൾ

ഗ്രാമത്തിന്റെ നാലുദിക്കിലും ആൽവൃക്ഷങ്ങളെ തറകെട്ടി സംരക്ഷിച്ചിരിക്കുന്നു. കിഴക്കുവശത്തുള്ള ക്ഷേത്രഗോപുരം കടന്ന് ക്ഷേത്രത്തിലേക്ക് നീങ്ങുമ്പോഴാണ്‌ രണ്ട് ആൽത്തറകൾ ഉള്ളത്. പടിഞ്ഞാറുഭാഗത്തുള്ള കറുത്തമഞ്ഞാടിയിൽ ആണ്‌ ഒരു ആൽത്തറ. തെക്ക്, വടക്ക് എന്നീ പ്രദേശങ്ങളിലും ആൽത്തറകൾ ഉണ്ട്. ഈ ആൽത്തറകളിൽ നിന്നെല്ലാം കാവടിഘോഷയാത്രകൾ ആരംഭിക്കുന്നു. ഉത്സവവേളകളിൽ എല്ലാ ആൽത്തറകളിലേക്കും അമ്മയുടെ എഴുന്നള്ളത്തുണ്ട്.

ഉത്സവം, വാഹനം എഴുന്നള്ളിപ്പ്

മീനമാസത്തിലെ പൂരം നാളിന്‌ ഏഴ് ദിവസം മുമ്പ് കൊടിയേറി പൂരത്തിന്റെ പിറ്റേന്ന് ആറാട്ട് നടക്കുകയാണ്‌ ചെയ്യുന്നത്. മീനപ്പൂരദിവസത്തിലെ ഉത്സവദർശനത്തിൽ പങ്കെടുക്കുന്നത് സവിശേഷഭാഗ്യമായി കരുതിപ്പോരുന്നു. വാഹനം എഴുന്നള്ളിപ്പ് ആണ്‌ മറ്റൊരു സവിശേഷ ചടങ്ങ്. ഉത്സവത്തിന്റെ നാലാം ദിവസം മുതൽ ഏഴാം ദിവസം വരെയാണ്‌ വാഹനമെഴുന്നള്ളിപ്പ്. ചെറുവള്ളിലമ്മയുടെ മൂലബിംബമായ സ്വർണ്ണക്കണ്ണാടി ബിംബം പ്രതിഷ്ഠിച്ച വാഹനം ആണ്‌ എഴുന്നള്ളിക്കുന്നത്. ഇപ്പോഴത്തെ ദേവസ്ഥാനത്ത് ഒരു വള്ളിയിൽ ഇരുന്ന് ഊഞ്ഞാലാടുന്ന രീതിയിൽ ദേവീചൈതന്യം ആദ്യം ദർശനം നൽകി എന്നാണ്‌ ഏതിഹ്യം. ഇതിൽ ആഹ്ലാദചിത്തരായ ദേശവാസികൾ കാട്ടുകമ്പുകളാൾ ഒരു പല്ലക്ക് ഒരുക്കുകയും ദേവിയെ അതിൽ ഇരുത്തി ആർപ്പുവിളികളോടെ എഴുന്നള്ളിക്കുകയും ചെയ്തു. ഇതാണ്‌ ഇന്ന് വാഹനം എഴുന്നളിപ്പ് ആയി തുടർന്ന് പോരുന്നത്. പാട്ടമ്പലത്തിൽ വച്ച് ഓരോദിവസവും വാഹനം അലങ്കരിക്കുന്നു. നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതമെടുത്താണ്‌ വാഹനം അലങ്കരിക്കുന്നത്. ദേവിയുടെ മൂലബിംബം വിശേഷാൽ പൂജകൾ നടത്തി, അലങ്കരിച്ച് പൂജിച്ച വാഹനത്തിൽ പ്രതിഷ്ഠിച്ച് ആണ്‌ എഴുന്നള്ളിപ്പ് നടത്തുന്നത്. ദേവിയുടെ ഇച്ഛാനുസരണമുള്ള പാതയിലൂടെ ക്ഷേത്രത്തിനുചുറ്റും അഞ്ച് പ്രദക്ഷിണം. അനിശ്ചിതമായ ദിശയിലേക്ക് പെട്ടെന്ന് ന്നീങ്ങുമ്പോൾ മാർഗ്ഗതടസ്സം ഉണ്ടാകാതിരിക്കാനായി ഭക്തജനങ്ങൾ ഓടിമാറുന്നു. മാർഗ്ഗതടസ്സം ഉണ്ടാക്കിയാൽ അനർത്ഥങ്ങൾ ഉണ്ടാകുമെന്നാണ്‌ വിശ്വാസം.

ജഡ്ജിയമ്മാവൻ പ്രതിഷ്ഠ

മറ്റൊരിടത്തുമില്ലാത്ത ഒരു പ്രതിഷ്ഠ ചെറുവള്ളി ശ്രീദേവീക്ഷേത്രത്തിലുണ്ട്. ജഡ്ജിയമ്മാവൻ (Judji Ammavan) പ്രതിഷ്ഠ ആണിത്. വ്യവഹാരങ്ങളിൽ പെട്ട് ഉഴലുന്നവർക്ക് അനുഗ്രഹങ്ങൾ നൽകി രക്ഷപെടുത്തുന്ന ജഡ്ജിയമ്മാവൻ. തിരുവിതാംകൂർ രാജ്യത്തെ ജഡ്ജിയായിരുന്ന രാമവർമ്മപുരത്തുമഠം ഗോവിന്ദപ്പിള്ളയാണ്‌ ജഡ്ജിയമ്മാവൻ എന്ന പ്രതിഠയിലെ ചൈതന്യം. ചരിത്രം ഇങ്ങനെ: ചെറുവള്ളി പയ്യമ്പള്ളി കുടുംബത്തിൽ നിന്നും നൂറ്റാണ്ടുകൾക്കുമുൻപ് തിരുവല്ലയ്ക്കടുത്തുള്ള തലവടിയിലേക്ക് കുടിയേറിയവരാണ്‌ രാമവർമ്മപുരത്തുമഠക്കാർ. ധർമ്മരാജയുടെ കൊട്ടാരം വൈദ്യനായിരുന്ന ഗോവിന്ദൻ ചെമ്പകരാമന്റെ അനന്തരവനായിരുന്നു സദർ കോടതി ജഡ്ജിയായിരുന്ന ഗോവിന്ദപ്പിള്ള. തികഞ്ഞ നീതിബോധത്തോടെയുള്ള കർത്തവ്യനിർവ്വഹണം. കർശനമായ നീതിനിർവ്വഹണം രാജപ്രീതിക്കുപാത്രമാവുകയും ചെയ്തു. എന്നാൽ സ്വന്തം അനന്തരവൻ പത്മനാഭപിള്ളയെ ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഇദ്ദേഹം വധിക്കാനിടയായി. വിധിവൈപരീത്യം കൊണ്ടുണ്ടായ ഈ സംഭവം ജഡ്ജി ഗോവിന്ദപ്പിള്ളയെ മാനസികമായി ഏറെ തളർത്തി. നിരപരാധിയെ വധിച്ചതിന്‌ യുക്തമായ ശിക്ഷ ഏറ്റുവാങ്ങണമെന്ന് സ്വയം നിശ്ചയിച്ചു. തനിക്കുള്ള ശിക്ഷ വിധിച്ച് നടപ്പാക്കാൻ രാജാവിനോട് അപെക്ഷിച്ചു. രാജാവ് അതിനു വിസമ്മതിച്ചു. ഒടുവിൽ, ശിക്ഷനടപ്പാക്കണമെന്ന ഗോവിന്ദപ്പിള്ളയുടെ നിർബന്ധത്തിന്‌ രാജാവ് വഴങ്ങേണ്ടിവന്നു. എന്നാൽ രാജാവ് ശിക്ഷ വിധിച്ചില്ല. പകരം ഇങ്ങനെ ആവശ്യപ്പെട്ടു. ‘ജഡ്ജി സ്വയം ശിക്ഷ വിധിക്കുക. നാമത് നടപ്പാക്കാം.’ എന്ന് രാജാവ് അറിയിച്ചു. സ്വന്തം വധശിക്ഷയാണ്‌ ജഡ്ജി വിധിച്ചത്. ഏറെ ഖേദത്തോടെ രാജാവത് നടപ്പാക്കി. ദുർമരണം ഏറ്റുവാങ്ങിയ ആത്മാവ് മോക്ഷം ലഭിക്കാതെ അലയുകയും കുടുംബത്തിലും നാട്ടിലും ഒട്ടേറെ അനർത്ഥങ്ങൾക്കു കാരണമാവുകയും ചെയ്തു. പ്രതിവിധികൾ ചെയ്തുവെങ്കിലും ദുർവ്വിധികൾ തുടർന്നുകൊണ്ടേയിരുന്നു. ധർമ്മദേവതയായ ചെറുവള്ളിഭഗവതിയുടെ സവിധത്തിൽ കുടിയിരുത്തിയാൽ അനർത്ഥങ്ങൾക്ക് അറുതിയാവുമെന്ന് ഒടുവിൽ പ്രശ്നവിധിയിൽ തെളിഞ്ഞു. അങ്ങനെയാണ്‌ ചെറുവള്ളി ശ്രീദേവീക്ഷേത്രത്തിൽ ജഡ്ജിയമ്മാവൻ പ്രതിഷ്ഠ നടക്കുന്നത്. തെറ്റിദ്ധാരണയുടെ പേരിൽ വധിക്കപ്പെട്ട അനന്തരവൻ പത്മനാഭപിള്ളയെ തിരുവല്ല പനയന്നാർ കാവിലും പ്രതിഷ്ഠിക്കുകയുണ്ടായി. കേസുകളിൽ വിജയം നേടാൻ, തടസ്സങ്ങൾ മാറാൻ, ഉപകാരസ്മരണയ്ക്ക് എന്നിങ്ങനെ അനുഗ്രഹപ്രാപ്തിയ്ക്കായി ജഡ്ജിയമ്മാവനെ ശരണം പ്രാപിക്കുന്നു. അരിയട നേദിക്കുന്നതാണ്‌ പ്രധാന വഴിപാട്. കരിക്ക്, വെറ്റില, അടയ്ക്ക എന്നിവ തിരുനടയിൽ അർപ്പിക്കാവുന്ന വഴിപാടുകളാണ്‌. ജഡ്ജിയമ്മാവൻശ്രീകോവിലിൽ വിളക്ക് ജ്വലിപ്പിച്ച് നേദ്യമർപ്പിച്ചാൽ ഉടൻതന്നെ വിളക്കണച്ച് ഈ നടയടയ്ക്കുന്നു.കോട്ടയം ജില്ലയിലെ പൊൻകുന്നം-മണിമല റൂട്ടിൽ ആണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പൊൻകുന്നത്തുനിന്നും 7കി.മീ. ദൂരം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലാണ്‌ ഈ ക്ഷേത്രം.
~ ~ ~

Wednesday, April 30, 2014

'അപ്രത്യക്ഷമാകുന്ന തടാകങ്ങൾ' - ഡോ.എസ്.ഗിരിജാകുമാരി

Aprathyakshamakunna Thadakangal - Girijakumari

ജലാർദ്രഭൂമികളെക്കുറിച്ചും കേരളത്തിലെ ശുദ്ധജലതടാകങ്ങളെക്കുറിച്ചും ഉള്ള വിശദമായ അപഗ്രഥനം. തണ്ണീർത്തടങ്ങൾ, ചതുപ്പുകൾ, ശുദ്ധജലതടാകങ്ങൾ എന്നിവയ്ക്കെല്ലാം ഭൂമിയെ ഊർവരമാക്കുന്നതിൽ വലിയ പങ്കുണ്ട്. ജലാർദ്രഭൂമികളുടെ വർഗ്ഗീകരണം, സസ്യജൈവവൈവിദ്ധ്യം നിലനിർത്തുന്നതിൽ അവയ്ക്കുള്ള പങ്ക്, തണ്ണീർത്തടങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന ഭീഷണികൾ എന്നിവയെക്കുറിച്ചെല്ലാമുള്ള ശാസ്ത്രീയ പഠനം. കേരളത്തിലെ ശുദ്ധജലതടാകങ്ങളായ ശാസ്താംകോട്ട ശുദ്ധജലതടാകം, വെള്ളായണി ശുദ്ധജലതടാകം, പൂക്കോട്ട് ശുദ്ധജലതടാകം എന്നിവയെക്കുറിച്ച് പ്രത്യേകമായി വിശകലനം ചെയ്തിരിക്കുന്നു. ജലാർദ്രഭൂമികളുടെയും ജലസ്രോതസ്സുകളുടെയ്യൂം സംരക്ഷണത്തിനു സഹായിക്കുന്ന നിയമങ്ങളും പ്രായോഗിക വിവരങ്ങളും ചേർത്തിരിക്കുന്നു. കേരളത്തിലെ തണ്ണീർത്തടങ്ങളെക്കുറിച്ചും ശുദ്ധജലതടാകങ്ങളെക്കുറിച്ചും ശാസ്ത്രീയമായും ആധികാരികമായും പ്രസിദ്ധീകരിച്ചിരിക്കുന്ന ഗ്രന്ഥം എന്നുതന്നെ വിശേഷിപ്പിക്കാം. പരിസ്ഥിതിഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരം.

pookode lake പൂക്കോട് തടാകം
പൂക്കോട് തടാകം
ശാസ്താംകോട്ട തടാകം sasthamkotta lake
ശാസ്താംകോട്ട തടാകം
---------------------------------------
അപ്രത്യക്ഷമാകുന്ന തടാകങ്ങൾ
Aprathyakshamakunna Thadakangal

Author: ഡോ.എസ്.ഗിരിജാകുമാരി
Dr. S. Girijakumari

Published by:
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം
Kerala bhasha institute, Thiruvananthapuram
The State Institute of Languages, Kerala

ISBN 978-81-7638-943-3
First Edition: April 2011
Pages: 192 Price: Rs. 90/-

Friday, April 11, 2014

'കേരളീയ വിഷചികിൽസാ പാരമ്പര്യം' - മൈന ഉമൈബാൻ

Keraleeya Vishachikitsa paramparyam - Myna Umaiban

കേരളീയ പൈതൃകത്തിന്റെ ഒരു സുപ്രധാനശാഖ തന്നെയാണ്‌ വിഷചികിത്സാ പാരമ്പര്യം. കേരളത്തിന്റെ സസ്യസമ്പത്തും ജൈവവൈവിധ്യവും, ചികിത്സയ്ക്ക് വേണ്ടവിധം പരിഗണന നൽകിക്കൊണ്ടുള്ള സാമൂഹികക്രമം ഇവയോക്കെ കേരളീയവിഷവൈദ്യത്തിന്റെ വളർച്ചയ്ക്ക് കാരണമാവുകയും ആയുർവ്വേദത്തിന്റെ മൂലഗ്രന്ഥങ്ങളിൽ നിന്നും ഏറെ മുന്നോട്ട് വന്നൊരു ചികിത്സാപദ്ധതിയുടെ രൂപപ്പെടലിന്‌ കാരണമാവുകയും ചെയ്തു. ചരിത്രപരവും വിജ്ഞാനപരവുമായ പ്രാധാന്യം ഉള്ളതുകൊണ്ടുതന്നെ ഇത് പൈതൃകത്തിന്റെ ഭാഗവുമാണ്‌. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്യുന കേരളീയ പുസ്തകപരമ്പരയിലെ ഒരു കണ്ണിയായി കേരളീയ വിഷചികിൽസാ പാരമ്പര്യം എന്ന വിഷയം തെരഞ്ഞെടുക്കുകയും ഈ ഗ്രന്ഥത്തിന്റെ രചന നിർവ്വഹിക്കുകയും ചെയ്തത് ഈ പ്രാധാന്യം കണക്കിലെടുത്താണ്‌. ‘എന്റെ കേരളം : ചരിത്രവും ഭാവിയും’ എന്ന പുസ്തകപരമ്പരയിൽ ഉൾപ്പെട്ട ഒന്നാണ്‌ ഈ പുസ്തകം. കേരളീയ വിഷചികിത്സയുടെ ചരിത്രപരമായ വികാസങ്ങളും വിശകലനങ്ങളും, ജന്തുജന്യവും സസ്യജന്യവും കൃതൃമവുമായ വിവിധതരം വിഷങ്ങളും അവയുടെ വർഗ്ഗീകരണവും, വിഷസർപ്പങ്ങളെക്കുറിച്ചും ക്ഷുദ്രജീവികളെക്കുറിച്ചുമുള്ള വിവരനങ്ങൾ, വിവിധതരം നാട്ടറിവുകളും പാരമ്പര്യ ചികിത്സാരീതികളും, ആധുനിക കാലത്തും അവയ്ക്കുള്ള പ്രസക്തി എന്നിങ്ങനെയുള്ള വിഷയങ്ങൾ ഈ ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു. പ്രകൃതിയോടും നാട്ടറിവുകളോടുമുള്ള പ്രതിബദ്ധതയും പ്രായോഗിക പരിജ്ഞാനവും ഉള്ളവർക്കുമാത്രമേ ഇത്തരം രചനകളുടെ സൃഷ്ടിക്ക് ഉതകുന്നവിധം സംഭാവനകൾ നൽകാൻ കഴിയൂ. ഇങ്ങനെയുള്ള വ്യക്തികളെയും ഗ്രന്ഥങ്ങളെയും നമുക്കിവിടെ പരിചയപ്പെടാം. വിഷചികിത്സയിൽ, കൈവശമുള്ള അറിവുകളേക്കാൾ കൂടുതൽ കൈമോശം വന്ന അറിവുകളാണോയെന്നും സംശയിച്ചേക്കാം. നൂറ്റാണ്ടുകളിലൂടെയോ സഹസ്രാബ്ദങ്ങളിലൂടെയോ വികസിച്ചുവന്ന ഈ വിജ്ഞാനശാഖ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അസ്തമിച്ചുകൊണ്ടിരിക്കുകയാണോ...? സമ്പൂർണ്ണ നാശത്തിലേക്കെത്തുന്നതിനു മുൻപേ രക്ഷപെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യാനുള്ള സമയവും അതിക്രമിച്ചുകൊണ്ടിരിക്കുന്നു.

ഔഷധങ്ങളും മന്ത്രങ്ങളും മുൻപ് ചികിത്സയിൽ ഉപയോഗപ്പെടുത്തിയിരുന്നു. പിൽക്കാലത്ത് ചികിത്സയിൽ മന്ത്രങ്ങൾക്കുള്ള പങ്ക് അവഗണിക്കപ്പെടുകയും  നിലനിൽക്കുന്നവയാണെങ്കിൽപോലും രഹസ്യാതമകമായിപ്പോവുകയും ചെയ്തു. മന്ത്രത്തിനും ഭാഷയ്ക്കും സംഗീതത്തിനും പ്രകൃതിയിലുള്ള പങ്ക് ഇനിയും അനാവരണം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ദ്രവ്യങ്ങളെ (ഔഷധങ്ങളെ) ഉപയോഗിച്ചുള്ള ചികിത്സയാണ്‌ ഇന്ന് പ്രചാരത്തിലുള്ളത്. ഈ ഗ്രന്ഥവും അപ്രകാരമുള്ളതാണ്‌. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ജൈവസമ്പത്തും സസ്യജൈവ വൈവിദ്ധ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും വിഷചികിത്സാപരമ്പര്യത്തിന്‌ തിരിച്ചടിയായി. അന്ധവിശ്വാസങ്ങളും യുക്തിവാദവും പരസ്പരവിരുദ്ധമെങ്കിലും അവ രണ്ടും പാരമ്പര്യചികിത്സയ്ക്കും ആയുർവ്വേദത്തിനും പ്രതികൂലമായാണ്‌ ഭവിച്ചിരിക്കുന്നത്. വിഷചികിത്സയുടെ വ്യാപ്തി ജന്തുജന്യമോ സസ്യജന്യമോ ആയ വിഷയങ്ങളിൽ ഒതുങ്ങുന്നില്ലെന്നും സൂക്ഷവിഷങ്ങളും കൃതൃമവിഷങ്ങളും ആധുനികമനുഷ്യനെ തീണ്ടുന്ന വിഷങ്ങളാണെന്നും പ്രകൃതിയിൽ അധിഷ്ഠിതമായ വിഷചികിത്സയിലൂടെ അവയ്ക്ക് പരിഹാരമുണ്ടെന്നും കാണിച്ചുതരുന്നു. ആധുനികമനുഷ്യൻ നേരിടേണ്ടിവരുന്ന വിഷങ്ങൾ നിരവധിയാണ്‌. ഔഷധജന്യരോഗങ്ങൾ പോലും ഇന്നിവിടെയുണ്ട്. അലോപ്പതിയിൽ ആന്റിവെനം വന്നതോടുകൂടി മാറ്റിനിർത്താവുന്നതാണ്‌ പാരമ്പര്യചികിത്സ എന്നുകരുതുന്നുവെങ്കിൽ അത് പാരമ്പര്യ വിഷചികിത്സ (toxicology) എന്ന ശാഖയുടെ വ്യാപ്തിയെക്കുറിച്ചുള്ള അറിവില്ലായ്മയെയാണ്‌ സൂചിപ്പിക്കുന്നത്. ആധുനിക ആയുർവ്വേദ ഡിഗ്രികൾ കരസ്ഥമാക്കുന്നവരിൽ എത്രപേർ ഈ രീതിയിൽ ചിന്തിച്ച് ചികിത്സാപദ്ധതിയെ വികസിപ്പിക്കുന്നു...?

വിഷങ്ങളുടെ വർഗ്ഗീകരണം, ഇന്ന് നിലവിലുള്ളതും എന്നാൽ അത്യപൂർവ്വവുമായ വിവിധതരം പാരമ്പര്യ വിഷ ചികിത്സാ മാർഗ്ഗങ്ങൾ, വിഷചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന ചില ഔഷധസസ്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ എന്നിവയെക്കുറിച്ചൊക്കെ ഈ പുസ്തകത്തിൽ പരിചയപ്പെടാം. അന്ധവിശ്വാസങ്ങളുടെയും യുക്തിവാദങ്ങളുടെയും സാമ്പത്തികലാഭങ്ങളുടെയും നൂലാമാലകൾക്കിടയിൽ പെട്ടുകിടക്കുന്ന ഈ വിജ്ഞാനശാഖയുടെ വ്യാപ്തിയെക്കുറിച്ചു മനസ്സിലാക്കുവാൻ ഈ കൃതി സഹായിക്കുന്നു. സ്വാനുഭവങ്ങളും അറിവുകളും  ഇതോടുചേർത്തുവായിക്കാനാവുമ്പോൾ ക്രിയാത്മകവും ആനുകാലികപ്രാധാന്യമുള്ളതുമായ ഒരു മേഖലയിലേക്ക് എത്തിക്കുവാനും ഈ കൃതിയ്ക്ക് കഴിയുന്നു.
---------------
കേരളീയ വിഷചികിൽസാ പാരമ്പര്യം
Keraleeya Vishachikitsa paramparyam
(book of toxicology related treatments of kerala - truly traditional)

Author: മൈന ഉമൈബാൻ Myna Umaiban
Category: Study
Language: Malayalam

Published by:
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം
Kerala bhasha institute, Thiruvananthapuram
The State Institute of Languages, Kerala

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങൾ ബുക്മാർക്ക് സ്റ്റാളുകളിൽ ലഭ്യമാണ്‌.

ISBN 978-81-7638-536-7
First Edition : August 2013
Pages: 184 Price: Rs. 90/-

Friday, March 28, 2014

ഭക്തജനങ്ങളുടെയും മറ്റ് ജനങ്ങളുടെയും ശ്രദ്ധയ്ക്ക്

അരയേക്കറിലധികം വിസ്തൃതമായ തരിശുനിലം. അതിനുനടുവിലായി ക്ഷേത്രവും കൊടിമരവും മുറ്റവും. വടക്കുകിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന സർപ്പക്കാവാകട്ടെ, സർപ്പങ്ങളുടെ ബിംബങ്ങളുള്ള ഒരു തറ. വെയിലിൽ ചുട്ടുപൊള്ളി നിൽക്കുന്ന കാവ്. ഏതാനും ചെറിയ ചെടികൾ നിൽക്കുന്നതുമാത്രമാണ്‌ കാവിൽ പച്ചപ്പിന്റെ അംശം. എറണാകുളം ജില്ലയിലെ ഒരു ക്ഷേത്രത്തിന്റെ ദൃശ്യമാണിത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പൈതൃകത്തിനു യോജിക്കുന്നവിധം സംരക്ഷിക്കപ്പെടാത്ത ക്ഷേത്രങ്ങൾ നിരവധിയാണ്‌. അജ്ഞതകാരണവും ആഢംബരഭ്രമം കാരണവും ക്ഷേത്രങ്ങൾ വെറും ബിൽഡിംഗുകൾ ആയി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്‌ നാം കാണുന്നത്. വയലറ്റോ മഞ്ഞയോ നിറത്തിൽ പെയിന്റടിച്ച വാർക്കക്കെട്ടിടങ്ങൾ പോലുള്ള ക്ഷേത്രങ്ങൾ ഗ്രാമങ്ങളിൽ പോലും കാണാം. മെറ്റൽ നിരത്തിയ മുറ്റവും.

മുറ്റവും പ്രദക്ഷിണവഴിയും


ഏതാനും പതിറ്റാണ്ടു മുൻപുവരെ കേരളീയക്ഷേത്രങ്ങളുടെ മുറ്റത്ത് പച്ചപ്പായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്; തീരദേശങ്ങളിലൊഴികെ. പ്രദക്ഷിണവഴിയിൽ മാത്രം കല്ലുകൾ പാകിയിരുന്നു. എന്നാൽ പിൽക്കാലത്ത് മുറ്റത്തെ പുല്ല് നീക്കം ചെയ്ത് മണൽ വിരിയ്ക്കുകയും ചിലയിടങ്ങളിൽ മെറ്റൽ നിരത്തുകയും ചെയ്തു. ഇതോടുകൂടെ പച്ചപ്പിന്റെ ഐശ്വര്യം ഇല്ലാതായെന്നുമാത്രമല്ല, ചൂട് വർദ്ധിക്കുകയും ചെയ്തു. ഉപഭോഗസംകാരത്തിന്റെ ഭാഗമായി കടന്നുവന്ന പരിഷ്കരണങ്ങൾ ഇന്ന് ക്ഷേത്രമുറ്റവും കൈയ്യടക്കിക്കൊണ്ടിരിക്കുന്നു. കാര്യങ്ങൾ വീണ്ടും ദോഷകരമായരീതിയിൽ പൊയ്ക്കൊണ്ടിരിക്കുന്നു. മുറ്റത്തെ മണൽ നീക്കം ചെയ്തും പ്രദക്ഷിണവഴിയിൽ പാകിയിരിക്കുന്ന കല്ലുകൾ നീക്കം ചെയ്തും ടൈലുകൾ നിരത്തുന്നതിനെ വിനാശകരമായ വിഡ്ഢിത്തം എന്നുതന്നെ വിശേഷിപ്പിക്കണം. ക്ഷേത്രദർശനവും പ്രദക്ഷിണവും നടത്തുമ്പോൾ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ടതായ ഭൂമീസമ്പർക്കവും ടൈൽ, ഇന്റർലോക്ക് ഇഷ്ടികകൾ എന്നിവയിൽ ചവുട്ടിനടക്കുന്നവർക്ക് കിട്ടാതെപോവുന്നു. ചെരുപ്പിടാതെ കല്ലിലും മണ്ണിലും ചെടിയിലും ചവുട്ടിനടന്നാൽ കിട്ടുന്ന ഗുണത്തിന്റെ ചെറിയോരംശമ്പോലും വീടിനുള്ളിലെ മാർബിളിലും സിമന്റിലും ടൈലിലും ചവുട്ടിയാൽ കിട്ടുന്നില്ലെന്ന് പ്രകൃതിചികിത്സകരും സാക്ഷ്യപ്പെടുത്തുന്നു. ഗുണമില്ലെന്നുമാത്രമല്ല, ദോഷമായിത്തീരാനുമിടയുണ്ട്. വെള്ളമിറങ്ങാത്തമുറ്റം പരിസ്ഥിതിക്കും ദോഷമാണ്‌. അനാവശ്യവും ദോഷഫലങ്ങളുണ്ടാക്കുന്നതുമായ ഇത്തരം മാതൃകകൾ ഈശ്വരന്റെ പേരിൽ ചെയ്തുകാണിച്ചുകൊടുക്കുന്നതിലൂടെ സമൂഹത്തിനും തെറ്റായ സന്ദേശമാണ്‌ നൽകുന്നത്.

ദ്രവ്യങ്ങളിലെ ഗുരുത്വമില്ലായ്മ

ഒരു ലോഹം ശുദ്ധിചെയ്തശേഷമാണ്‌ വിഗ്രഹം നിർമ്മിക്കുന്നത്. ഇതിനെ ഗുരുത്വം വർദ്ധിപ്പിക്കുന്ന പ്രക്രിയയായി കരുതാം. അതിനുശേഷം അഭിഷേകവും ചെയ്യുന്നു. ഇങ്ങനെ ബാഹ്യവും ആന്തരികവുമായ ശുദ്ധിവരുത്തിയശേഷമാണ്‌ പൂജകൾ ചെയ്യുന്നത്. ഗുരുത്വമുണ്ടെങ്കിലേ മന്ത്രചൈതന്യത്തെ ആദേശം ചെയ്യുവാനും പ്രസരിപ്പിക്കുവാനും സാധിക്കൂ. മനുഷ്യശരീരത്തിന്റെ കാര്യത്തിലും പൂജാദ്രവ്യങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ്‌ സ്ഥിതി. ദ്രവ്യങ്ങളുടെ നൈസർഗ്ഗികഘടനയാകുന്ന പരിശുദ്ധി ഉറപ്പാക്കുകയും മായമെന്നോ വിഷമെന്നോവിശേഷിപ്പിക്കാവുന്ന അന്യവസ്തുക്കൾ കൂടിക്കലർന്നിട്ടില്ലെന്നും ഉറപ്പാക്കണം. വാഴയിലയിലോ തേക്കിലയിലോ കിട്ടിയിരുന്ന പ്രസാദം ഇപ്പോൾ പ്ലാസ്റ്റിക് ടിന്നിലാണ്‌ കിട്ടുന്നത്. ചൂടുപായസം പ്ലാസ്റ്റിക്കിൽ നിറച്ചുകഴിയുമ്പോൾ അത് വിഷമയമായിത്തീരുന്നു. മന്ത്രതന്ത്രങ്ങൾ മാത്രമല്ല ക്ഷേത്ര ചൈതന്യത്തെ നിലനിർത്തുന്നത്; ദ്രവ്യങ്ങളുടെ ഗുരുത്വംകൂടിയാണ്‌. പുഷ്പങ്ങൾ, ഫലങ്ങൾ, ക്ഷീരം, നെയ്യ്, എണ്ണ, ജലം, ധാന്യങ്ങൾ എന്നിങ്ങനെയുള്ള വസ്തുക്കളാണ്‌ പൂജാദ്രവ്യങ്ങൾ. ഇവയ്ക്ക് നൈസർഗ്ഗികമായ ഒരു ജൈവഘടനയും രാസഘടനയുമുണ്ട്. ആ ഘടനയിൽ നിന്നും വേറിടാത്ത വസ്തുക്കളാണ്‌ പൂജയ്ക്കായി ഉപയോഗിക്കേണ്ടത്. ഘടനയിലുള്ള കൃത്യതയും ശുദ്ധതയും ആണ്‌ ഇവിടെ ഗുരുത്വം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. കിണറ്റിലെ വെള്ളം കോരിക്കുടിച്ചാൽ കിട്ടുന്ന ഉന്മേഷം കുഴൽ കിണറ്റിലെ വെള്ളം കുടിച്ചാൽ കിട്ടില്ല. ഭൂഗർഭജലത്തിൽ പ്രാണവായുവില്ല, അത് ജീവജലമല്ല. ഓജസ്സിനെ പ്രദാനം ചെയ്യാൻ അതിനുകഴിയില്ല. നാടൻ ഇനങ്ങളിൽ പെട്ട അരിയുടെ ഒരുപിടി ചോറുണ്ടാൽ വിശപ്പും ക്ഷീണവും മാറും. എന്നാൽ അത്യുൽപാദനശേഷികൂടിയ ഇനമാണെങ്കിൽ ഒരുപിടി അരിയുടെ ചോ് കഴിക്കേണ്ടിവരും. ഇന്നാലും ക്ഷീണം മിച്ചം. പാൽ ഉൽപന്നങ്ങളുടെ കാര്യവും അങ്ങനെതന്നെ. അവശ്യം വേണ്ടതായ ധാതുക്കൾ ഉണ്ടായിരിക്കുന്നതും ശരിയായ അനുപാതത്തിൽ ഉണ്ടായിരിക്കുന്നതും നാടൻ പശുവിന്റെ ക്ഷീരത്തിലാണ്‌. പഞ്ചഗവ്യം തയ്യാറക്കുന്നതിനും നാടൻ പശു കൂടിയേതീരൂ. ക്ഷേത്രാധികാരികളുടെയും പൂജാവസ്തുക്കൾ സമർപ്പിക്കുന്ന ഭക്തജങ്ങങ്ങളുടെയും അജ്ഞതകാരണം ഇത്തരം കാര്യങ്ങളിലെല്ലാം മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു.

ആനയുണ്ടെങ്കിലേ ആനച്ചന്തമുള്ളൂ

സഹ്യന്റെ മക്കൾ എന്നാണ്‌ കേരളീയ ആനകളെ വിശേഷിപ്പിക്കുന്നത്. ദേശീയ പൈതൃകമൃഗം ആണ്‌ ആന. കേരളത്തിന്റെ സംസ്ഥാന മൃഗവും ആനതന്നെ. വൃക്ഷനിബിഡവും ഉഷ്ണരഹിതവുമായ ആവാസവ്യവസ്ഥയാണ്‌ ഇവയ്ക്ക് അനുയോജ്യം. സസ്യസമ്പന്നവും ജലസ്രോതസ്സുകളാൽ അനുഗ്രഹീതവുമായ പ്രകൃതി. മനുഷ്യന്റെ ഇടപെടീൽ കാരണം ഉഷ്ണഭൂമിയായിക്കൊണ്ടിരിക്കുന്ന കേരളം ആനകൾക്ക് ഏറെ അസുഖകരം തന്നെ. നമ്മുടെ സാംസ്കാരികത്തനിമയുടെ ഒരു ഭാഗംകൂടിയാണ്‌ ഈ ആനകൾ. പക്ഷെ അവയെ വെറും കാഴ്ചവസ്തുക്കളെപ്പോലെയാണ്‌ പരിഗണിക്കുന്നത്. ഗജമേളകളും ആനപ്രേമികളും എത്രയോ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ മനുഷ്യനുപോലും താങ്ങാനാവാത്ത കൊടുവെയിലിൽ ആനകൾക്ക് കഷ്ടത അനുഭവിക്കേണ്ടിവരുന്നു. എന്തുചെയ്യാനാവും ? ഉത്സവങ്ങളോടനുബന്ധിച്ചും ഗജമേളകളോടനുബന്ധിച്ചും ആനകളെ എഴുന്നള്ളിക്കുന്ന സ്ഥിരം പാതകളുണ്ട്. ഇത്തരം സ്ഥലങ്ങളിൽ സ്വാഭാവികവും ഉഷ്ണരഹിതവുമായ ആവാസ വ്യവസ്ഥ ഒരുക്കുക. അതിന്‌ ‘ആനപ്രേമികൾ’ യഥാർത്ഥ ആനപ്രേമികളും ‘ഭക്തന്മാർ’ യഥാർത്ഥ ഭക്തന്മാരും ആയിത്തീരേണ്ടതുണ്ട്. എങ്കിലേ സഹ്യനും സഹ്യന്റെ മക്കളും രക്ഷപെടൂ.

“ഒരു നിർമ്മിതി കണ്ടാൽ അതവിടെ നിർമ്മിച്ചതായല്ല, അവിടെ മുളച്ചുവന്നതായി തോന്നണം”. ദേവാലയമായാലും മനുഷ്യാലയമായാലും ഇതുതന്നെയായിരിക്കണം അടിസ്ഥന പ്രമാണം. ഇത്തരം മാതൃകാപരമായ നിർമ്മിതിയായിരിക്കണം മാതൃകയായിരിക്കണം ഓരോ ക്ഷേത്രവും; ഒരോ ദേവാലയവും. എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്‌ നമ്മുടെ ക്ഷേത്രപാരമ്പര്യം. പക്ഷെ, കഴിഞ്ഞ അൻപത് വർഷത്തിനുള്ളിൽ സംഭവിച്ച വിനാശകരമായ പരിവർത്തങ്ങൾ നിരവധിയാണ്‌; പതിനഞ്ച് വർഷങ്ങൾക്കുള്ളിൽ പ്രത്യേകിച്ചും. അനേക നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും പുരാവസ്തുമൂല്യമുള്ളതുമായ ശിലകളും കൊത്തുപണികളും ഇളക്കിമാറ്റിക്കളഞ്ഞും പുനരുദ്ധാരണം നടപ്പാക്കാറുണ്ട്. പ്രകൃതിയെയും മലകളെയും പുഴകളെയും ആദരിക്കണമെന്ന് പഠിപ്പിക്കുന്ന ആർഷഭാരത സംസ്കാരത്തിലെ ക്ഷേത്രങ്ങളുടെ ഉത്സവനോട്ടീസുകളിൽ എർത്ത് മൂവേഴ്സിന്റെയും ബോർവെൽസിന്റെയും പരസ്യങ്ങൾ കയറിപ്പറ്റുന്നത് വിരോധാഭാസമാണ്‌. അജ്ഞതയും ആഢംബരഭ്രമവും മാറ്റിവച്ചേ മതിയാവൂ. ഇത് കേവലം വിശ്വാസികളുടെ മാത്രം പ്രശ്നമല്ല, സമൂഹത്തിന്റെയാകെ പ്രശ്നമാണ്‌. ക്ഷേത്രങ്ങൾ ശരിയായ മാതൃകകളായിത്തീരണം.

ബോധപൂർവ്വമായിരിക്കണമെന്നില്ല. ‘വികസനത്തെ’ക്കുറിച്ച് ചിന്തിക്കാത്തതുകൊണ്ടോ പ്രായോഗികബുദ്ധിമുട്ടുകൾകൊണ്ടോ മാത്രം നശിപ്പിക്കപ്പെടാതിരിക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. ഇതുവരെ ഭാഗ്യം തുണച്ചുവെന്നുമാത്രം. അങ്ങനെയുള്ള ക്ഷേത്രങ്ങളും മറ്റ് ദേവാലയങ്ങളും മനുഷ്യാലയങ്ങളും യഥാസ്ഥിതിയിൽ തുടരുന്നതിനെങ്കിലും ഈ ലേഖനം ഉപകാരപ്പെടുന്നെങ്കിൽ നല്ലത്. “ക്ഷേത്രപുനരുദ്ധാരണം” എന്നപേരിലാണ്‌ ഈ ദോഷകരമായ നിർമ്മിതികൾ നടക്കുന്നത്. അവയെ തടയാൻ പരമാവധി നമുക്ക് കഴിയട്ടെ.

Thursday, March 20, 2014

'മാർക്സും മൂലധനവും' - പ്രൊഫ.വി.അരവിന്ദാക്ഷൻ

Marxum Mooladhanavum Prof. V. Aravindakshan

ജർമനിയിലെ പുരാതനമായ ഒരു പട്ടണമാണ്‌ ത്രിയർ. റോമാക്കാരാൽ സ്ഥാപിതമായ പട്ടണം. മാർക്സിന്റെ ജന്മസ്ഥലം. ജർമനിയിൽ ഏറെക്കാലം രാജഭരണവും ജന്മിത്വവും കൊടികുത്തിവാണിരുന്നു. അതുകൊണ്ടുതന്നെ വിപ്ലവാശയങ്ങൾക്ക് സാധാരണക്കാരുടെയിടയിൽ വലിയ സ്വീകാര്യതയും ലഭിച്ചു. അങ്ങനെ ജനാധിപത്യത്തിനും സമത്വത്തിനും വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ ഉയർന്നുവന്നിരുന്ന ഒരു കാലഘട്ടത്തിലാണ്‌ കാൾ ഹൈന്‌റിഷ് മാർക്സ് ജനിക്കുന്നത്. 1818 മെയ് 5ന്‌. മാർക്സിന്റെ ജനനം മുതൽ ജീവിതാവസാനം വരെയുള്ള സംഭവബഹുലമായ ജീവിതത്തിന്റെ സംഗ്രഹമാണ്‌ ‘മാർക്സും മൂലധനവും’ എന്ന ഈ പുസ്തകം. വ്യക്തിജീവിതത്തിനും അതുവഴി ആദർശങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള രചന.

പുരോഗമനാശയങ്ങളിലുള്ള ആവേശം, തത്ത്വചിന്തയിലുള്ള വർദ്ധിച്ച താൽപര്യം, ബുദ്ധിശക്തി, ഉറച്ച ലക്ഷ്യബോധം, അക്ഷീണപരിശ്രമം എന്നിവയെല്ലാം ചേർന്നതാണ്‌ അദ്ധേഹത്തിന്റെ വ്യക്തിത്വം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അധികാരികളുടെയും മുതലാളിത്ത വ്യവസ്ഥയുടെ വക്താക്കളുടെയും സ്വൈര്യം കെടുത്തി. പ്രവർത്തങ്ങളുടെ ആദ്യകാലത്തുതന്നെ ഫ്രെഡറിക് ഏംഗൽസ് എന്ന മഹാനായ സോഷ്യലിസ്റ്റ് പ്രവർത്തകനെ സുഹൃത്തായി ലഭിച്ചു. കർമ്മരംഗത്തും കുടുംബസുഹൃത്തെന്ന നിലയിലും ജീവിതാവസാനം വരെ ആ സൗഹൃദം തുടർന്നിരുന്നതായി നമുക്കുകാണാൻ കഴിയും. വിപ്ലവാത്മകപ്രവർത്തനങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചതുമുതൽ മാർക്സിന്റെ ജീവിതത്തിലേക്ക് ദുരിതങ്ങളും വ്യക്തിപരമായ ദുരന്തങ്ങളും ഓരോന്നായി കടന്നുവന്നു. കുടുംബജീവിതത്തിൽ ഏറെ ത്യാഗം സഹിക്കേണ്ടിവന്നു. എങ്കിലും സമത്വത്തിനും സോഷ്യലിസത്തിനും വേണ്ടി നിലയുറപ്പിച്ച് പോരാടുകതന്നെ ചെയ്തു. ശാസ്ത്രീയമായ ഒരു അടിത്തറയുണ്ടാക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു.

അധികാരികളുടെ എതിർപ്പിനെ മറികടക്കുകമാത്രമല്ല, വേറെയും വെല്ലുവിളികളുണ്ടായിരുന്നു. സമത്വത്തിനുവേണ്ടി വാദിക്കുന്ന അപ്രായോഗിക സമത്വവാദഗതികളാണ്‌ അതിലൊന്ന്. തൊഴിലാളികളെയും അധകൃതരെയും വ്യാമോഹിപ്പിക്കാമെന്നല്ലാതെ സോഷ്യലിലം നടപ്പാക്കാൻ ഈ സാങ്കൽപ്പിക സമത്വവാദത്തിന്‌ കഴിയുമായിരുന്നില്ല. മാർക്സിനും ഏംഗൽസിനും ഈ സമത്വവാദത്തെ മറികടക്കേണ്ടതായി വന്നു. ആവേശം മാത്രം കൈമുതലായി ഉണ്ടായിരുന്നവർ വിപ്ലവത്തിന്‌ തിടുക്കം കൂട്ടുകയും അക്ഷമയ്ക്ക് അടിമപ്പെട്ട് ഭീകരകൃത്യങ്ങൾ പോലും വിപ്ലവം എന്നപേരിൽ നടപ്പാക്കാൻ ഒരുമ്പെടുകയും ചെയ്തു. ഇത്തരം കലാപപരമായ നീക്കങ്ങൾ അധികാരികളെ ചൊടിപ്പിക്കുകയും മാർക്സിനെതിരെയുള്ള പ്രതിരോധനടപടികൾക്ക് പ്രേരിപ്പിക്കുകയും ചെയ്തു. ഇതിനെയെല്ലാം സമർത്ഥമായി തരണം ചെയ്യാൻ മാർക്സിനുകഴിഞ്ഞു.

‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’, ‘മൂലധനം’ എന്നിവയുടെ പിറവിയ്ക്ക് കാരണമായ നിരന്തരപഠനങ്ങളെയും എഴുത്തുകളെയും കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന അധ്യായങ്ങൾ ഈ പുസ്തകത്തിൽ കാണാം. “ക്ഷീണിക്കാത്ത മനീഷയുടെയും” “മഷിയുണങ്ങീടാത്ത പൊൻപേന”യുടെയും ഏറ്റവും ഗംഭീരമായ സൃഷ്ടിയാണ്‌ മൂലധനം എന്ന് വിശേഷിപ്പിക്കാം. മൂന്ന് വാല്യങ്ങളിലായി നിരവധി പേജുകളുള്ള ഗ്രന്ഥം. ആ കൃതിയെ ‘മാർക്സും മൂലധനവും’ എന്ന ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത് പ്രൊഫ.വി.അരവിന്ദാക്ഷൻ ആണ്‌. ജൈവപ്രകൃതിയുടെ വികാസനിയമം കണ്ടുപിടിച്ച ഡാർവിനെപ്പോലെ മാനവചരിത്രത്തിന്റെ വികാസനിയമം കണ്ടുപിടിച്ച ചിന്തകനായിരുന്നു മാർക്സ് എന്നാണ്‌ ഏംഗൽസ് അഭിപ്രായപ്പെട്ടത്. കാൾ മാർക്സിന്റെ ശവകുടീരത്തിനരികിൽ 1883 മാർച്ച് 17ന്‌ ഫ്രെഡറിക് ഏംഗൽസ് നടത്തിയ പ്രസംഗം അനുബന്ധമായി ചർത്തിട്ടുമുണ്ട്.

മനുഷ്യന്‌ അവന്റെ കഴിവുകൾ മുഴുവൻ പ്രകടിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്‌ ഇന്നുള്ളത്. അത്യദ്ധ്വാനത്തിനുവേണ്ടി തൊഴിലിടങ്ങളിൽ സമർപ്പിക്കപ്പെട്ട നീണ്ട മണിക്കൂറുകൾ. ക്ഷീണിച്ച ശരീരവും മുരടിച്ച മനസ്സുമായി അവൻ അന്തിയുറങ്ങുന്നു. ഇതാണ്‌ ഒരു ശരാശരി മനുഷ്യന്റെ ജീവിതചര്യ. ഫാക്ടറിയിലായിരുന്നാലും കോർപ്പറേറ്റ് സ്ഥാപങ്ങളിലെ വൈറ്റ്കോളർ ജോലിയിലായിരുന്നാലും ഇന്നും ഇതുതന്നെയാണ്‌ അവസ്ഥ. കലയുടെയും ദാർശനികതയുടെയും മണ്ഡലങ്ങളെ സ്പർശിക്കാൻ അവനുകഴിയുന്നില്ല. സമ്പൂർണ്ണമനുഷ്യനായി ജീവിക്കാൻ കഴിയുന്നില്ല. അതിനുള്ള സമയമോ അവസരമോ സാധാരണക്കാരനില്ല. ലോകത്തെയാകെ മഹാദുരന്തത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്തം ഇന്നും നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു. പ്രായോഗിക സമത്വത്തിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് ‘മാർക്സിസം’ എന്ന ആശയത്തിന്‌ വലിയ പങ്കുണ്ട്.
------------------
മാർക്സും മൂലധനവും
Marxum Mooladhanavum

Author:
പ്രൊഫ.വി.അരവിന്ദാക്ഷൻ
Prof. V. Aravindakshan

Publishers:
Kerala Sastra Sahithya Parishath, Thrissur
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, തൃശ്ശൂർ

First Edition: 1980 June
Foruth Edition (Revised): October 2013

ISBN : 978-93-83330-08-9
Pages: 108    Price: Rs.80/-

Friday, March 07, 2014

ശാസ്ത്രമോ വിശ്വാസമോ എന്നുചോദിക്കരുത്

ശാസ്ത്രവും വിശ്വാസവും spirituality kerala
ശരീരവും മനസ്സും പ്രകൃതിയുടെ ഭാഗമാണ്‌. അവ പ്രകൃതിയുടെ താളബോധത്തിനനുസരിച്ച് ചലിക്കുന്നിടത്ത് ശാസ്ത്രവും വിശ്വാസവും ഭിന്നമാകുന്നില്ല
ശാസ്ത്രമോ വിശ്വാസമോ എന്ന ചോദ്യത്തിൽത്തന്നെ അപാകതയുണ്ട്. ശാസ്ത്രത്തിൽ ഒരു വിശ്വാസവും വിശ്വാസത്തിൽ ഒരു ശാസ്ത്രവുമുണ്ട്. നിങ്ങൾ വിശ്വസിച്ചാലും  ഇല്ലെങ്കിലും ശാസ്ത്രം പ്രവർത്തിക്കും. നിങ്ങളുടെ വിശ്വാസം ശാസ്ത്രത്തെ തോൽപ്പിച്ചുവെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്കിനിയും അജ്ഞാതമായ ഏതൊക്കെയോ മേഖലകൾ ശാസ്ത്രത്തിനുണ്ടെന്ന് മനസ്സിലാക്കിയാൽ മതി. ശാസ്ത്രവും വിശ്വാസവും കെട്ടുപിണഞ്ഞുകിടക്കുന്നുവെന്നതിന്‌ ചില ഉദാഹരണങ്ങൾ പരിശോധിക്കാം. ഓരോന്നിനെയും രണ്ടുതരം വീക്ഷണങ്ങളിലൂടെയും വിലയിരുത്താം...

1. മനഃശാസ്ത്രം ശാസ്ത്രമോ വിശ്വാസമോ ?
2. വൈദ്യശാസ്ത്രം ശാസ്ത്രമോ വിശ്വാസമോ ?
3. വാസ്തുവും ജ്യോതിഷവും മന്ത്രങ്ങളും ശാസ്ത്രമോ വിശ്വാസമോ ?
എന്നിങ്ങനെ മൂന്ന് ഉദാഹരണങ്ങൾ പരിഗണിക്കാം.

1. മനഃശാസ്ത്രം ശാസ്ത്രമോ വിശ്വാസമോ ?

മനഃശാസ്ത്രം ഒരു ശാസ്ത്രമാണ്‌:- മനുഷ്യശരീരത്തിൽ നാഡീവ്യൂഹങ്ങളും ഹോർമോൺവ്യവസ്ഥകളും മറ്റുഘടകങ്ങളും ഒത്തുചേർന്ന് പ്രവർത്തിപ്പിക്കുന്നതിനെ ഫലമായി രൂപപ്പെടുന്ന ഒരു അവസ്ഥയാണ്‌ മനസ്സ്. ശരീരം മനസ്സിനെയും മനസ്സ് ശരീരത്തെയും പരസ്പരം സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. വ്യായാമമുറകൾ, മരുന്നുകൾ എന്നിവവഴി മനസ്സിനെ സ്വാധീനിക്കാം. മാനസികനിലയെ ക്രമീകർക്കുന്നതിന്റെ ഫലമായി ശാരീരികമായ ആരോഗ്യം മെച്ചപ്പെടുത്താം. ബോധപൂർവ്വമല്ലാതെ സംഭവിക്കുന്ന പ്രവർത്തനങ്ങളായ റിഫ്ലക്സ് പ്രവർത്തനങ്ങൾ അപബോധമനസ്സ് എന്ന പരിധിയിൽ വരുന്നു. ശരീരം എന്നത് ഹാർഡ് വെയറും മനസ്സ് എന്നത് സോഫ്റ്റ്വെയറും ആണ്‌. ഒരു വൈദ്യുത ഉപകരണം പ്രവർത്തിക്കുമ്പോൾ അതിനുചുറ്റും വൈദ്യുതകാന്തിക മണ്ഡലം ഉണ്ടാകുന്നു. ആയിരക്കണക്കിനു നാഡികളിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന വൈദ്യുത രാസസന്ദേശങ്ങളാണ്‌ മനുഷ്യമനസ്സ് എന്നും നിർവ്വചിക്കാം. ഈ പ്രതിഭാസം ശരീരത്തിനു ബാഹ്യഭാഗത്തേക്കും കൂടി മനസ്സ് എന്ന മണ്ഡലത്തിന്റെ വ്യാപനത്തിനു കാരണമാകുന്നു. മനസ്സ് എന്നത് ശരീരത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന സിദ്ധാതത്തിന്റെ കാരണം ഇതാണ്‌. മനസ്സ് എന്നതിന്റെ ശാസ്ത്രീയ നിർവ്വചങ്ങൾ ധാരാളമുണ്ട്.

മനഃശാസ്ത്രം ഒരു വിശ്വാസമാണ്‌:- മനസ്സ് എന്നത് ഉറച്ച ധാരണകളിലും (വിശ്വാസങ്ങളിലും) യുക്തിയിലും അധിഷ്ഠിതമാണ്‌. ബോധമനസ്സ്, ഉപബോധമനസ്സ് എന്നിങ്ങനെ രണ്ടായി തിരിക്കാം. ഈ നിമിഷം നിങ്ങളുടെ മനസ്സിൽ ഏതാനും ചിന്തകൾ ഉണ്ടായിരിക്കും. ഇതാണ്‌ ബോധമനസ്സ്. മറ്റൊരവസരത്തിൽ, അല്ലെങ്കിൽ ഒരവസരം വരുമ്പോൾ ബോധത്തിലേക്ക് കടന്നുവരാവുന്ന ഒട്ടനവധി വിവരങ്ങളുടെ കൂമ്പാരത്തെ ഉപബോധമനസ്സ് എന്നുപറയും. രണ്ടും പ്രവർത്തിക്കുന്നത് തലച്ചോർ എന്ന ഹാർഡ് വെയറിൽ തന്നെ. മനസ്സ് എന്നതൊരു വിശ്വാസമാണ്‌. ബോധപൂർവ്വം ശുഭചിന്തകളെ സന്നിവേശിപ്പിക്കുന്നതിലൂടെ ചിന്താധാരയിലും ജീവിതത്തിലും അനുകൂലമായ മാറ്റങ്ങളുണ്ടാക്കാനാവും. ആത്മവിശ്വാസം എന്നതും മനസ്സിന്റെ വിശ്വാസപരമായ വശമാണ്‌. മനസ്സിന്റെ വിശ്വാസപരമായ വശങ്ങൾ ധാരാളമുണ്ട്.

2. വൈദ്യശാസ്ത്രം ശാസ്ത്രമോ വിശ്വാസമോ ?

വൈദ്യശാസ്ത്രം ഒരു ശാസ്ത്രം:-  നിങ്ങൾ മരുന്നിലോ മരുന്നു നൽകുന്ന വൈദ്യനിലോ വിശ്വസിക്കുന്നില്ലെങ്കിലും മരുന്ന് ഉള്ളിൽ ചെന്നാൽ അത് പ്രവർത്തിക്കുകതന്നെ ചെയ്യും. അതിന്റെ ഫലവും ഉണ്ടാവും. മരുന്നിന്റെ ഫലം കിട്ടണമെങ്കിൽ നിങ്ങൾ ശരീരശാസ്ത്രത്തെക്കുറിച്ചോ മരുന്നിന്റെ രാസഘടനയെക്കുറിച്ചോ അറിയണമെന്നില്ല. കൊച്ചുകുട്ടികളിലും ബോധരഹിതരായി കിടക്കുന്ന രോഗികളിലും മരുന്ന് പ്രവർത്തിക്കുന്നുവെന്നത് വൈദ്യശാസ്ത്രം ഒരു ശാസ്ത്രമാണെന്നതിന്റെ തെളിവായി കരുതാം. നിങ്ങളുടെ വിശ്വാസം എന്തുതന്നെ ആയിക്കൊള്ളട്ടെ ശാസ്ത്രം അവിടെ പ്രവർത്തിക്കുകയും ഫലം തരികയും ചെയ്യുന്നുണ്ട്.

വൈദ്യശാസ്ത്രം ഒരു വിശ്വാസം:- മരുന്നിലും വൈദ്യനിലുമുള്ള വിശ്വാസം രോഗിയെ മാനസികവും അതുവഴി ശാരീരികവുമായി മെച്ചപ്പെടുത്തുന്നു. രോഗാവസ്ഥയെ ഭേദപ്പെടുത്തുന്നു. ശുഭാപ്തി വിശ്വാസത്തൊടെ ചികിത്സയെ സ്വീകർക്കുന്നവരും, താൽപര്യമില്ലാതെ ചികിത്സയ്ക്കെത്തുന്നവരും തമ്മിൽ താരതമ്യം ചെയ്താൽ ശുഭാപ്തിവിശ്വാസത്തോടുകൂടി ചികിത്സ നേടുന്നവരിൽ കൂടുതൽ നല്ലഫലങ്ങൾ ഉണ്ടാവുന്നതായി കാണാം. ആത്മവിശ്വാസത്തോടുകൂടെ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർമാരിൽ വിജയസാധ്യത കൂടുതലാണ്‌. വൈദ്യശാസ്ത്രം ഒരു വിശ്വാസവും കൂടിയാണെന്നതിന്‌ നിരവധി ഉദാഹരണങ്ങളുണ്ട്.

3. വാസ്തുവും ജ്യോതിഷവും മന്ത്രങ്ങളും ശാസ്ത്രമോ വിശ്വാസമോ ?

വാസ്തുവു ജ്യോതിഷവും മന്ത്രങ്ങളും ശാസ്ത്രങ്ങൾ:- ഇത്തരം കാര്യങ്ങളിൽ താൽപര്യമുള്ളവരെ വിശ്വാസികൾ എന്നാണ്‌ വിളിക്കുന്നതുപോലും. പക്ഷെ ഇത്തരം കാര്യങ്ങൾ ശാസ്ത്രമാണെന്നുതന്നെ കരുതാം. ഉപയോഗിക്കുന്നവരുടെ വിശ്വാസമോ ഇഷ്ടാനിഷ്ടങ്ങളോ ഒന്നും ആശ്രയിച്ചല്ല അവ പ്രവർത്തിക്കുന്നത്. ശാസ്ത്രമായാൽ അങ്ങനെ പ്രവർത്തിക്കാനേ തരമുള്ളൂ. ഭുഗുരുത്വാകർഷണത്തിൽ വിശ്വാസിക്കാതിരുന്നതുകൊണ്ടോ ഇഷ്ടമില്ലാതിരുന്നതുകൊണ്ടോ ഐസക്ന്യൂട്ടണെ ബഹുമാനിക്കാതിരുന്നതുകൊണ്ടോ ആരും ഭൂമിയിൽ നിന്നും പറന്നുപോകില്ല. ശാസ്ത്രമാണെങ്കിൽ അത് പ്രവർത്തിക്കുകതന്നെ ചെയ്യും. ജ്യോതിഷവും മന്ത്രങ്ങളുമൊക്കെ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ വിശ്വാസത്തിന്‌ പ്രാധാന്യം കൊടുത്ത് സംസാരിക്കുന്നെങ്കിൽ അവർക്ക് ശാസ്ത്രത്തിൽ അജ്ഞതയുണ്ടോയെന്ന് സംശയിക്കണം. വിശ്വാസികളുടെ (customers-ന്റെ) വിശ്വാസത്തെ (മനസാന്നിദ്ധ്യത്തെ) പരമാവധി പ്രയോജനപ്പെടുത്താൻ ശാസ്ത്രത്തിൽ അജ്ഞതയുള്ളവർ ശ്രമിച്ചേക്കും. നാട്ടുനടപ്പിന്റെ ഭാഗമായി കയറിക്കൂടിയ ആചാരങ്ങളൊഴികെയുള്ള ക്ഷേത്രാചാരങ്ങളും ശാസ്ത്രമാണ്‌. വൃതാനുഷ്ഠാനം ഒരു വിശ്വാസമല്ല; ശാസ്ത്രമാണ്‌. പ്രകൃതിചികിത്സയുടെ ഭാഗമായി ഇതേരീതിയിലുള്ള ഭക്ഷണക്രമവും ജീവിതരീതിയും അനുഷ്ഠിച്ചാലും ശരീരത്തിനും മനസ്സിനും ഇതേപോലെ ഉണർവ്വുണ്ടാകുന്നതാണ്‌.

വാസ്തുവും ജ്യോതിഷവും മന്ത്രങ്ങളും വിശ്വാസങ്ങൾ:- ഇവയോക്കെ വലിയ തൃപ്തിക്കും ഐശ്വര്യത്തിനും കാരണമാകുന്നുവെന്ന ധാരണ മാനസികമായി വളരെയേറെ സൗഖ്യപ്പെടുത്തുന്നു. ഇവയ്ക്കൊക്കെ വിശ്വാസം എന്ന പേരുള്ളതുകൊണ്ട് മാനസികമായ എല്ലാ പാകപ്പെടുത്തലുകളും സ്വീകാര്യതകളും കൂടുതലായും സംഭവിക്കുന്നു. മാനസികവും ശാരീരികവുമായ സൗഖ്യത്തിനുപോലും കാരണമാകുന്നു. ആചാരത്തിന്റെ ഭാഗമായി വൃതമെടുക്കുന്നവർ വലിയോരു ശുഭപ്രതീക്ഷയോടുകൂടെയായിരിക്കും അതിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതവരുടെ ആരോഗ്യത്തെയും സന്തുലിതാവസ്ഥയെയും കൂടുതൽ കാര്യക്ഷമമായി സ്വാധീനിക്കുന്നു.

ശാസ്ത്രത്തിൽ വിശ്വസിക്കാം. വിശ്വസിക്കുന്നതിൽ ശാസ്ത്രീയത കണ്ടെത്താം. ശാസ്ത്രമാണോ വിശ്വാസമാണോ എന്ന ചോദ്യം അപ്രസക്തമാകുന്നു.