Monday, December 30, 2013

യുക്തിവാദികളുടെ മതനിരാസം

“മതനിരാസം മാനവീകതയ്ക്ക്”. പക്ഷെ മതം എന്നതിനുതന്നെ വ്യക്തമായ നിർവ്വചനം ഇല്ലാതിരിക്കുമ്പോൾ എന്തിനെയാണ്‌ നിരാകരിക്കുന്നത് ? മതത്തിന്റെ പേരിൽ പ്രചരിക്കുന്നതിനെയെല്ലാം എതിർക്കാനുള്ള പ്രവണതയാണ്‌ യുക്തിവാദികളിൽ കാണുന്നത്. എന്നാൽ നൂറ്റാണ്ടുകളായി മതപ്രചരണങ്ങളിലൂടെയും മതവിശ്വാസങ്ങളിലൂടെയും കടന്നുകൂടിയ സാമൂഹികാചാരങ്ങളിൽ നിന്നും ആരും മോചിതരല്ല. യാഥാസ്ഥിതികരും വർഗ്ഗീയവാദികളും ഒരുവശത്ത്. യുക്തിവാദം എന്നപേരിൽ മതത്തെയും മതത്തിന്റെ പേരിൽ പ്രചരിക്കുന്നതിനെയും നിരസിക്കുന്നവർ മറുവശത്ത് . അന്ധവിശ്വാസികളും അന്ധഅവിശ്വാസികളും. യുക്തിപൂർവ്വം ഈ പ്രശ്നത്തെ സമീപിക്കാനുദ്ദേശിക്കുന്നവർക്ക് യുക്തിവാദപ്രസ്ഥാങ്ങൾ തീരെ പ്രയോജനപ്പെടാറില്ല.

യുക്തിവാദികളുടെ നിർവ്വചനപ്രകാരം ചരിത്രവും മതവും ഏകദേശം ഇങ്ങനെയാണ്‌:-
മനുഷ്യൻ പണ്ടുകാലത്ത് വേട്ടയാടി ജീവിച്ചിരുന്നു. ഇടിയും മിന്നലും കാറ്റും മഴയും അവനെ ഭയപ്പെടുത്തി. അങ്ങനെ അവൻ പ്രകൃതിശക്തികളെ ആരാധിച്ചും പ്രീതിപ്പെടുത്താൻ ശ്രമിച്ചും തുടങ്ങി. കാലക്രമേണ അവന്റെ ബുദ്ധിവികസിച്ചു. ആകാശത്തിൽ വിദൂരതയിലിരിക്കുന്ന ദൈവത്തെ ആരാധിച്ചുതുടങ്ങി. മനുഷ്യനെ ചിട്ടവട്ടങ്ങൾ പഠിപ്പിക്കാനും അനുസരിച്ചില്ലെങ്കിൽ ശിക്ഷിക്കാനും ഇരിക്കുന്ന ദൈവം. പൂജയും പ്രാർത്ഥനയും എല്ലാം ശുദ്ധതട്ടിപ്പ്. മതത്തിന്റെ പേരിൽ അധികാരം കായ്യാളുന്നവർക്ക് ചൂഷണത്തിനുള്ള ഉപാധി. ശാസ്ത്രം വീണ്ടും വികസിച്ചു. ഇത്തരം എല്ലാ അനാചാരങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിക്കാൻ കഴിയുന്നവിധം ആധുനികശാസ്ത്രം വളരുകയും ജനങ്ങളിലേക്കെത്തുകയും ചെയ്തുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. പരമാധികാരിയും മാന്ത്രികനുമായ ഒരു മനുഷ്യനുചേരുന്നതാണ്‌ യുക്തിവാദികൾ ദൈവത്തിനു നൽകുന്ന നിർവ്വചനം. യുക്തിവാദവും പ്രത്യയശാസ്ത്രവും നിർവ്വചിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന മതത്തിന്റെ സംഗ്രഹിച്ചരൂപം ഇങ്ങനെയൊക്കെയാണ്‌, അഥവാ ഇത്രയോക്കെയേ ഉള്ളൂ. ഈയൊരു ചിന്താധാരയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുമാത്രമാണ്‌ യുക്തിവാദം കാര്യങ്ങളെ വിശകലനം ചെയ്യുന്നത്.

വ്യത്യസ്ത മതങ്ങളിൽ സാമ്യങ്ങളും വൈരുദ്ധ്യങ്ങളുമുണ്ട്. ഒരേമതത്തിനുള്ളിൽ പോലും വ്യത്യസ്ത ചിന്താഗതിക്കാരും സ്വഭാവക്കാരും ആസ്തികരും നാസ്തികരുമുണ്ട്.

ജ്യോതിഷവും ജ്യോതിഷത്തെ വിശകലനം ചെയ്തുകൊടുക്കുന്ന ജ്യോതിഷിയും ഹിന്ദുമതത്തിന്റെ പേരിലുള്ള സംഗതിയാണെന്നാണ്‌ പരക്കെ അറിയപ്പെടുന്നത്. ഹിന്ദുമതത്തിന്റെ ഒരു പോരായ്മയായാണ്‌ ജ്യോതിഷത്തെയും ജ്യോതിഷികളെയും യുക്തിവാദികളെങ്കിലും കാണുന്നത്. മതത്തിനുള്ളിൽ നിന്നുതന്നെ ഇത്തരം വിശകലനങ്ങളും വാദപ്രതിവാദങ്ങളും നടക്കാറുമുണ്ട്. ബാഹ്യമായ ഒരു യുക്തിവാദനീക്കത്തിന്‌ വലിയ ആവശ്യമില്ലാതെപോകാനുള്ള ഒരുകാരണവും അതാണ്‌. എല്ലായ്പോഴും ശരിയായ നിഗമനങ്ങളിൽ എത്താനാവുന്നില്ലെങ്കിൽ പോലും യുക്തിപൂർവ്വമുള്ള വിശകലങ്ങളും മിക്കവാറും മതങ്ങൾക്കുള്ളിൽ നടക്കുന്നുണ്ട്; അന്ധമായ പിൻതുടരലുകൾ മാത്രമല്ല. മതങ്ങൾക്കുള്ളതുപോലെ ചിട്ടവട്ടങ്ങൾ യുക്തിവാദിവിശ്വാസികൾക്കുമുണ്ട്. ചില കാര്യങ്ങൾ ചെയ്യണം, ചിലത് ചെയ്യരുത്, ചില രീതിയിൽ പെരുമാറണം, ചിലത് വിശ്വസിക്കണം, മറ്റുചിലത് വിശ്വസിക്കരുത് എന്നിങ്ങനെയുള്ള നിർബന്ധബുദ്ധി. കാര്യകാരണ സഹിതമുള്ള യഥാർത്ഥ യുക്തിവാദത്തിൽ നിന്നും യുക്തിവാദികൾ ഏറെ ദൂരെയാകുവാനുള്ള കാരണവും ഇതാണ്‌. ഒരു മതയാഥാസ്ഥിതികൻ അന്യമതങ്ങളെയും യുക്തിവാദത്തെയും നിരാകരിക്കുന്നു; എന്നാലൊരു യുക്തിവാദിമതവിശ്വാസിയാകട്ടെ മതങ്ങളെ നിരാകരിക്കുന്നു.

Non Religious Spirituality എന്നതിന്‌ ലോകമാകമാനം നാൾക്കുനാൾ പ്രചാരം വർദ്ധിച്ചുവരികയാണ്‌. നിങ്ങൾ ഒരു മതത്തിൽ വിശ്വസിക്കുന്നുണ്ടോ, ഒന്നിലധികം മതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ, ഒന്നിലും വിശ്വസിക്കുന്നില്ലയോ എന്നതൊന്നും അവിടെ പ്രശ്നമാകുന്നില്ല എന്നതിനാൽ അവിടേക്ക് ആളുകൾക്ക് സമാധാനമായി കടന്നുചെല്ലാം. ഇത്തരം പ്രസ്ഥാനങ്ങളിൽ കണ്ടേക്കാവുന്ന ആചാരങ്ങളും പ്രാർത്ഥനകളും മറ്റും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് Non Religious Humanity എന്നൊന്ന് രൂപപ്പെടുത്തിയെടുക്കാൻ യുക്തിവാദികൾക്ക് സാധിക്കുന്നതേയുള്ളൂ. കൂടുതൽ പ്രയോജനപ്രദമായിരിക്കുകയും ചെയ്യും.

മതത്തിന്റെ പേരിലുള്ള പോരാട്ടം ഒഴിവാക്കു... മതതിനുവേണ്ടിയുദ്ധം ചെയ്യുന്നവരും മതം വേണ്ടായെന്നുപറഞ്ഞ് യുദ്ധം ചെയ്യുന്നവരും ചെയ്യുന്നത് ഒന്നുതന്നെയാണ്‌ - യുദ്ധം.

~ ~ ~ ! ~ ~ ~
(തൃശ്ശൂരിൽ നടന്ന സമ്മേളനത്തിന്റെ ഉള്ളടക്കം എന്തെന്നറിയില്ല. സമ്മേളനത്തിന്റെ വിഷയം ഈ ലേഖനം എഴുതാൻ പ്രേരിപ്പിച്ചുവെന്നുമാത്രം.)

7 comments:

 1. പുറമെക്ക് യുക്തിവാദവും മത നിരാസവും നിരീശ്വര വാദവും ഉള്ളിൽ എല്ലാ അന്ധവിശ്വാസവും. ഇതാണിപ്പോഴത്തെ മതനിരാസ യുക്റ്റിവാദികളുടെ മുഖ മുദ്ര

  ReplyDelete
 2. യുക്തിവാദമെന്ന മതം!

  ReplyDelete
 3. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി

  ReplyDelete
 4. നന്നായിരിക്കുന്നു.. താങ്കളുടെ നിരീക്ഷണം....ഏതിലുമെന്തിലും ഉള്ള നന്മയെ പിന്മുറക്കാർ അവരുടെ സ്വർത്ഥതയ്ക്കായി ചൂഷണം ചെയ്തിട്ടുണ്ട് ... പുതുവത്സരാശംസകൾ നേരുന്നു

  ReplyDelete
 5. @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌
  @ ajith
  @ സാജന്‍ വി എസ്സ്
  @ മാനവധ്വനി

  വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും നന്ദി :)

  ReplyDelete
 6. അയുക്തിവാദികള്‍ എന്നാണ് ഇവര്‍ക്ക് ഞാന്‍ പേരിടുന്നത് . യുക്തിവാദ ആഭാസത്തിനെതിരായ ഇത്തരം അഭിപ്രായങ്ങള്‍ അവര്‍ ബോധപൂര്‍വം വായിക്കാതിരിക്കും .വായിച്ചാലല്ലേ മറുപടി പറയേണ്ടൂ . എന്തായാലും ഐ ബ്ലോഗ്‌ എനിക്കിഷ്ടമായി.

  ReplyDelete
  Replies
  1. ബ്ലോഗ് ഇഷ്ടപ്പെട്ടതിൽ സന്തോഷം.
   വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന്‌ വളരെ നന്ദി...

   Delete