Tuesday, December 24, 2013

'ഈജിപ്ഷ്യൻ കാഴ്ചകൾ' - എ. ക്യു. മഹ്ദി

Egyptian Kazhchakal

അതിപ്രാചീനമായ മാനവികസംസ്കാരങ്ങൾ ഉറങ്ങിക്കിടക്കുന്ന വിസ്തൃതമായ ഒരു ഭൂപ്രദേശമാണ്‌ ഈജിപ്ത്. ആറായിരത്തിലതിലധികം സംവത്സരങ്ങൾക്കപ്പുറത്തേക്ക് നീണ്ടുകിടക്കുന്ന ചരിത്രവസ്തുതകൾ. ചരിത്രഗവേഷകർക്ക് തീർത്താൽ തീരാത്രത്ത അമൂല്യവിവരങ്ങളുടെ കലവറയാണത്. ഇവയെല്ലാം ഉള്ളിലൊതിക്കിക്കൊണ്ട് തലയുയർത്തിനിൽക്കുന്ന ആധുനിക ഈജിപ്ത്; തലസ്ഥാനമായ കെയ്റോ നഗരവും. പൗരാണികതയെ കൂടുതൽ പ്രതിഫലിപ്പിച്ചുകൊണ്ട് നൈൽനദിയുടെ തീരത്ത് അലക്സാണ്ട്രിയ നഗരവും സ്ഥിതിചെയ്യുന്നു. സഹസ്രാബ്ദങ്ങളായി ഈജിപ്തിന്റെ മണ്ണിനെ സമ്പുഷ്ടമാകിക്കൊണ്ട്, ആഫ്രിക്കയിലെ നിബിഢവനാന്തരങ്ങളും വിശാലമായ മരുഭൂമിയും ഉൾനാടുകളും നഗരങ്ങളും പിന്നിട്ട്, കാലാകാലങ്ങളിൽ മാറിക്കൊണ്ടേയിരിക്കുന്ന മാനവികസംസ്കാരങ്ങൾക്കും ചരിത്രസംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചുകൊണ്ട് നൈൽനദി ഒഴുകുന്നു; അന്നും ഇന്നും.

ഒരു വിനോദസഞ്ചാരി കാഴ്ചകൾ കാണുന്നു, ദൃശ്യങ്ങൾ കണ്ട് അന്ധാളിക്കുന്നു. പക്ഷെ സംസ്കാരങ്ങളെ സ്വന്തം സംസ്കാരത്തിന്റെ കണ്ണുകളിലൂടെ മാത്രമേ കാണാനാവുന്നുള്ളൂ. എന്നാൽ, ഒരു പര്യവേഷണബുദ്ധിയുള്ള ഒരു സഞ്ചാരിയാവട്ടെ സംസ്കാരങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും അവയിലൂടെ ലോകത്തെ മാറിമാറി നോക്കിക്കാണുകയും ചെയ്യുന്നു. അങ്ങനെ ദാർശനികമായി പലതും വെളിപ്പെടുന്നു. എസ്. കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ ചരിത്രനോവൽ എന്നപോലെ ആസ്വാദ്യകരമാകാനുള്ള കാരണവും അതാണ്‌.

പാക്കേജ് ടൂറിന്‌ എപ്പോഴും അതിന്റേതായ പരിമിതികളുണ്ട്. സ്വന്തം ഉൾവിളികൾക്കനുസരിച്ച് പരിപാടികളിൽ വ്യത്യാസം വരുത്താനുള്ള അവസരങ്ങൾ ഒട്ടുംതന്നെ ഇല്ലെന്നുപറയാം. വലിയ യാത്രാസംഘത്തോടൊപ്പമാണെങ്കിൽ പ്രത്യേകിച്ചും. ഏകാന്തവും ഏകാഗ്രവുമായ ചിന്തകൾക്കും അവസരമില്ല. പരിമിതമായ സമയമാണ്‌ മറ്റൊന്ന്. ഇത്തരം ഒരു യാത്രയായിരുന്നിട്ടുപോലും പരമാവധി കാഴ്ചകൾ കാണുന്നതിനും വിവരശേഖരണത്തിനും ലേഖകൻ ശ്രദ്ധിച്ചിട്ടുണ്ട്. അത് വളരെ പ്രയോജനപ്പെടുകയും ചെയ്തു. ലോകാത്ഭുതങ്ങളിൽ ഒന്നായ ഈജിപ്തിലെ പിരമിഡുകൾ, ഈജിപ്ഷ്യൻ മമ്മികൾ, പുരാവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയങ്ങൾ എന്നിവയിൽ പ്രത്യേക താൽപര്യമുള്ളതുപോലെ. മമ്മികളെയും അവയുടെ ചരിത്രത്തെയും കുറിച്ച് വിജ്ഞാനപ്രദമായ പലവിവരണങ്ങളും കാണാം. ക്ലിയോപാട്രയുടെയും പുരാതന ഈജിപ്ഷ്യൻ നഗരമായ അലക്സാണ്ട്രിയയുടെയും ചരിത്രവും ഒരദ്ധ്യായമായി ചേർത്തിരിക്കുന്നു. നൈൽ നദിയിലൂടെയും നദീതീരത്തുകൂടെയും ഉള്ള രസാവഹമായ യാത്രാനുഭവങ്ങളും വായിക്കാം. ഈജിപ്ഷ്യൻ യാത്രയിലെ ഏതാനും ബഹുവർണ്ണചിത്രങ്ങളുമുണ്ട്.

നാൽപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ്‌ ലേഖകൻ എ. ക്യു. മഹ്ദി. യാത്രയുടെ സാങ്കേതികവശങ്ങൾകൂടി കാണിച്ചുതരുന്നതാണ്‌ ഈ പുസ്തകം. ഈജിപ്ഷ്യൻ കാഴ്കകളെക്കുറിച്ചുമാത്രമല്ല, യാത്രാസംസ്കാരത്തെക്കുറിച്ചും സ്വന്തം യാത്രാനുഭവങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ആമുഖമായി അദ്ദേഹം പങ്കുവയ്ക്കുന്നു.

~ ~ ~ ! ~ ~ ~
ഈജിപ്ഷ്യൻ കാഴ്ചകൾ
Egyptian Kazhchakal

Author: A. Q. Mahdi
എ. ക്യു. മഹ്ദി

Category: Travelogue / Malayalam
യാത്രാവിവരണം

Publishers: H&C Books
First Published: August 2013
ISBN 978-93-83080-88-5
Pages: 120 Price: Rs. 90/-

6 comments:

 1. നല്ല പരിചയപ്പെടുത്തല്‍
  ഈജിപ്റ്റ് എന്നും അതിശയത്തോടെ ഞാന്‍ കാണുന്ന ഒരു രാജ്യമാണ്

  ReplyDelete
  Replies
  1. ഈജിപ്തിനെക്കുറിച്ച് ഒരുപാട് അറിയാനുണ്ട്. ഈജിപ്ഷ്യൻ കഥകളും വളരെ ചിന്തിപ്പിക്കുന്നതാണ്‌.
   നന്ദി...

   Delete
 2. നന്നായിരിക്കുന്നു ഈ പരിചയപ്പെടുത്തൽ...ഇപ്പോൾ അവിടെ എപ്പോഴും കുഴപ്പമല്ലേ?... ആശംസകൾ ഹരിനാഥ്..

  ReplyDelete
  Replies
  1. ഈജിപ്ത് പുകയുന്നു എന്ന് എവിടെയോ വായിച്ചിരുന്നു. അധിനിവേശവും മതവും രാഷ്ട്രീയവും എവിടെയും അരാജകത്വം സൃഷ്ടിക്കുന്നു.
   നന്ദി...

   Delete