Monday, December 30, 2013

യുക്തിവാദികളുടെ മതനിരാസം

“മതനിരാസം മാനവീകതയ്ക്ക്”. പക്ഷെ മതം എന്നതിനുതന്നെ വ്യക്തമായ നിർവ്വചനം ഇല്ലാതിരിക്കുമ്പോൾ എന്തിനെയാണ്‌ നിരാകരിക്കുന്നത് ? മതത്തിന്റെ പേരിൽ പ്രചരിക്കുന്നതിനെയെല്ലാം എതിർക്കാനുള്ള പ്രവണതയാണ്‌ യുക്തിവാദികളിൽ കാണുന്നത്. എന്നാൽ നൂറ്റാണ്ടുകളായി മതപ്രചരണങ്ങളിലൂടെയും മതവിശ്വാസങ്ങളിലൂടെയും കടന്നുകൂടിയ സാമൂഹികാചാരങ്ങളിൽ നിന്നും ആരും മോചിതരല്ല. യാഥാസ്ഥിതികരും വർഗ്ഗീയവാദികളും ഒരുവശത്ത്. യുക്തിവാദം എന്നപേരിൽ മതത്തെയും മതത്തിന്റെ പേരിൽ പ്രചരിക്കുന്നതിനെയും നിരസിക്കുന്നവർ മറുവശത്ത് . അന്ധവിശ്വാസികളും അന്ധഅവിശ്വാസികളും. യുക്തിപൂർവ്വം ഈ പ്രശ്നത്തെ സമീപിക്കാനുദ്ദേശിക്കുന്നവർക്ക് യുക്തിവാദപ്രസ്ഥാങ്ങൾ തീരെ പ്രയോജനപ്പെടാറില്ല.

യുക്തിവാദികളുടെ നിർവ്വചനപ്രകാരം ചരിത്രവും മതവും ഏകദേശം ഇങ്ങനെയാണ്‌:-
മനുഷ്യൻ പണ്ടുകാലത്ത് വേട്ടയാടി ജീവിച്ചിരുന്നു. ഇടിയും മിന്നലും കാറ്റും മഴയും അവനെ ഭയപ്പെടുത്തി. അങ്ങനെ അവൻ പ്രകൃതിശക്തികളെ ആരാധിച്ചും പ്രീതിപ്പെടുത്താൻ ശ്രമിച്ചും തുടങ്ങി. കാലക്രമേണ അവന്റെ ബുദ്ധിവികസിച്ചു. ആകാശത്തിൽ വിദൂരതയിലിരിക്കുന്ന ദൈവത്തെ ആരാധിച്ചുതുടങ്ങി. മനുഷ്യനെ ചിട്ടവട്ടങ്ങൾ പഠിപ്പിക്കാനും അനുസരിച്ചില്ലെങ്കിൽ ശിക്ഷിക്കാനും ഇരിക്കുന്ന ദൈവം. പൂജയും പ്രാർത്ഥനയും എല്ലാം ശുദ്ധതട്ടിപ്പ്. മതത്തിന്റെ പേരിൽ അധികാരം കായ്യാളുന്നവർക്ക് ചൂഷണത്തിനുള്ള ഉപാധി. ശാസ്ത്രം വീണ്ടും വികസിച്ചു. ഇത്തരം എല്ലാ അനാചാരങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിക്കാൻ കഴിയുന്നവിധം ആധുനികശാസ്ത്രം വളരുകയും ജനങ്ങളിലേക്കെത്തുകയും ചെയ്തുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. പരമാധികാരിയും മാന്ത്രികനുമായ ഒരു മനുഷ്യനുചേരുന്നതാണ്‌ യുക്തിവാദികൾ ദൈവത്തിനു നൽകുന്ന നിർവ്വചനം. യുക്തിവാദവും പ്രത്യയശാസ്ത്രവും നിർവ്വചിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന മതത്തിന്റെ സംഗ്രഹിച്ചരൂപം ഇങ്ങനെയൊക്കെയാണ്‌, അഥവാ ഇത്രയോക്കെയേ ഉള്ളൂ. ഈയൊരു ചിന്താധാരയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുമാത്രമാണ്‌ യുക്തിവാദം കാര്യങ്ങളെ വിശകലനം ചെയ്യുന്നത്.

വ്യത്യസ്ത മതങ്ങളിൽ സാമ്യങ്ങളും വൈരുദ്ധ്യങ്ങളുമുണ്ട്. ഒരേമതത്തിനുള്ളിൽ പോലും വ്യത്യസ്ത ചിന്താഗതിക്കാരും സ്വഭാവക്കാരും ആസ്തികരും നാസ്തികരുമുണ്ട്.

ജ്യോതിഷവും ജ്യോതിഷത്തെ വിശകലനം ചെയ്തുകൊടുക്കുന്ന ജ്യോതിഷിയും ഹിന്ദുമതത്തിന്റെ പേരിലുള്ള സംഗതിയാണെന്നാണ്‌ പരക്കെ അറിയപ്പെടുന്നത്. ഹിന്ദുമതത്തിന്റെ ഒരു പോരായ്മയായാണ്‌ ജ്യോതിഷത്തെയും ജ്യോതിഷികളെയും യുക്തിവാദികളെങ്കിലും കാണുന്നത്. മതത്തിനുള്ളിൽ നിന്നുതന്നെ ഇത്തരം വിശകലനങ്ങളും വാദപ്രതിവാദങ്ങളും നടക്കാറുമുണ്ട്. ബാഹ്യമായ ഒരു യുക്തിവാദനീക്കത്തിന്‌ വലിയ ആവശ്യമില്ലാതെപോകാനുള്ള ഒരുകാരണവും അതാണ്‌. എല്ലായ്പോഴും ശരിയായ നിഗമനങ്ങളിൽ എത്താനാവുന്നില്ലെങ്കിൽ പോലും യുക്തിപൂർവ്വമുള്ള വിശകലങ്ങളും മിക്കവാറും മതങ്ങൾക്കുള്ളിൽ നടക്കുന്നുണ്ട്; അന്ധമായ പിൻതുടരലുകൾ മാത്രമല്ല. മതങ്ങൾക്കുള്ളതുപോലെ ചിട്ടവട്ടങ്ങൾ യുക്തിവാദിവിശ്വാസികൾക്കുമുണ്ട്. ചില കാര്യങ്ങൾ ചെയ്യണം, ചിലത് ചെയ്യരുത്, ചില രീതിയിൽ പെരുമാറണം, ചിലത് വിശ്വസിക്കണം, മറ്റുചിലത് വിശ്വസിക്കരുത് എന്നിങ്ങനെയുള്ള നിർബന്ധബുദ്ധി. കാര്യകാരണ സഹിതമുള്ള യഥാർത്ഥ യുക്തിവാദത്തിൽ നിന്നും യുക്തിവാദികൾ ഏറെ ദൂരെയാകുവാനുള്ള കാരണവും ഇതാണ്‌. ഒരു മതയാഥാസ്ഥിതികൻ അന്യമതങ്ങളെയും യുക്തിവാദത്തെയും നിരാകരിക്കുന്നു; എന്നാലൊരു യുക്തിവാദിമതവിശ്വാസിയാകട്ടെ മതങ്ങളെ നിരാകരിക്കുന്നു.

Non Religious Spirituality എന്നതിന്‌ ലോകമാകമാനം നാൾക്കുനാൾ പ്രചാരം വർദ്ധിച്ചുവരികയാണ്‌. നിങ്ങൾ ഒരു മതത്തിൽ വിശ്വസിക്കുന്നുണ്ടോ, ഒന്നിലധികം മതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ, ഒന്നിലും വിശ്വസിക്കുന്നില്ലയോ എന്നതൊന്നും അവിടെ പ്രശ്നമാകുന്നില്ല എന്നതിനാൽ അവിടേക്ക് ആളുകൾക്ക് സമാധാനമായി കടന്നുചെല്ലാം. ഇത്തരം പ്രസ്ഥാനങ്ങളിൽ കണ്ടേക്കാവുന്ന ആചാരങ്ങളും പ്രാർത്ഥനകളും മറ്റും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് Non Religious Humanity എന്നൊന്ന് രൂപപ്പെടുത്തിയെടുക്കാൻ യുക്തിവാദികൾക്ക് സാധിക്കുന്നതേയുള്ളൂ. കൂടുതൽ പ്രയോജനപ്രദമായിരിക്കുകയും ചെയ്യും.

മതത്തിന്റെ പേരിലുള്ള പോരാട്ടം ഒഴിവാക്കു... മതതിനുവേണ്ടിയുദ്ധം ചെയ്യുന്നവരും മതം വേണ്ടായെന്നുപറഞ്ഞ് യുദ്ധം ചെയ്യുന്നവരും ചെയ്യുന്നത് ഒന്നുതന്നെയാണ്‌ - യുദ്ധം.

~ ~ ~ ! ~ ~ ~
(തൃശ്ശൂരിൽ നടന്ന സമ്മേളനത്തിന്റെ ഉള്ളടക്കം എന്തെന്നറിയില്ല. സമ്മേളനത്തിന്റെ വിഷയം ഈ ലേഖനം എഴുതാൻ പ്രേരിപ്പിച്ചുവെന്നുമാത്രം.)

Tuesday, December 24, 2013

'ഈജിപ്ഷ്യൻ കാഴ്ചകൾ' - എ. ക്യു. മഹ്ദി

Egyptian Kazhchakal

അതിപ്രാചീനമായ മാനവികസംസ്കാരങ്ങൾ ഉറങ്ങിക്കിടക്കുന്ന വിസ്തൃതമായ ഒരു ഭൂപ്രദേശമാണ്‌ ഈജിപ്ത്. ആറായിരത്തിലതിലധികം സംവത്സരങ്ങൾക്കപ്പുറത്തേക്ക് നീണ്ടുകിടക്കുന്ന ചരിത്രവസ്തുതകൾ. ചരിത്രഗവേഷകർക്ക് തീർത്താൽ തീരാത്രത്ത അമൂല്യവിവരങ്ങളുടെ കലവറയാണത്. ഇവയെല്ലാം ഉള്ളിലൊതിക്കിക്കൊണ്ട് തലയുയർത്തിനിൽക്കുന്ന ആധുനിക ഈജിപ്ത്; തലസ്ഥാനമായ കെയ്റോ നഗരവും. പൗരാണികതയെ കൂടുതൽ പ്രതിഫലിപ്പിച്ചുകൊണ്ട് നൈൽനദിയുടെ തീരത്ത് അലക്സാണ്ട്രിയ നഗരവും സ്ഥിതിചെയ്യുന്നു. സഹസ്രാബ്ദങ്ങളായി ഈജിപ്തിന്റെ മണ്ണിനെ സമ്പുഷ്ടമാകിക്കൊണ്ട്, ആഫ്രിക്കയിലെ നിബിഢവനാന്തരങ്ങളും വിശാലമായ മരുഭൂമിയും ഉൾനാടുകളും നഗരങ്ങളും പിന്നിട്ട്, കാലാകാലങ്ങളിൽ മാറിക്കൊണ്ടേയിരിക്കുന്ന മാനവികസംസ്കാരങ്ങൾക്കും ചരിത്രസംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചുകൊണ്ട് നൈൽനദി ഒഴുകുന്നു; അന്നും ഇന്നും.

ഒരു വിനോദസഞ്ചാരി കാഴ്ചകൾ കാണുന്നു, ദൃശ്യങ്ങൾ കണ്ട് അന്ധാളിക്കുന്നു. പക്ഷെ സംസ്കാരങ്ങളെ സ്വന്തം സംസ്കാരത്തിന്റെ കണ്ണുകളിലൂടെ മാത്രമേ കാണാനാവുന്നുള്ളൂ. എന്നാൽ, ഒരു പര്യവേഷണബുദ്ധിയുള്ള ഒരു സഞ്ചാരിയാവട്ടെ സംസ്കാരങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും അവയിലൂടെ ലോകത്തെ മാറിമാറി നോക്കിക്കാണുകയും ചെയ്യുന്നു. അങ്ങനെ ദാർശനികമായി പലതും വെളിപ്പെടുന്നു. എസ്. കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ ചരിത്രനോവൽ എന്നപോലെ ആസ്വാദ്യകരമാകാനുള്ള കാരണവും അതാണ്‌.

പാക്കേജ് ടൂറിന്‌ എപ്പോഴും അതിന്റേതായ പരിമിതികളുണ്ട്. സ്വന്തം ഉൾവിളികൾക്കനുസരിച്ച് പരിപാടികളിൽ വ്യത്യാസം വരുത്താനുള്ള അവസരങ്ങൾ ഒട്ടുംതന്നെ ഇല്ലെന്നുപറയാം. വലിയ യാത്രാസംഘത്തോടൊപ്പമാണെങ്കിൽ പ്രത്യേകിച്ചും. ഏകാന്തവും ഏകാഗ്രവുമായ ചിന്തകൾക്കും അവസരമില്ല. പരിമിതമായ സമയമാണ്‌ മറ്റൊന്ന്. ഇത്തരം ഒരു യാത്രയായിരുന്നിട്ടുപോലും പരമാവധി കാഴ്ചകൾ കാണുന്നതിനും വിവരശേഖരണത്തിനും ലേഖകൻ ശ്രദ്ധിച്ചിട്ടുണ്ട്. അത് വളരെ പ്രയോജനപ്പെടുകയും ചെയ്തു. ലോകാത്ഭുതങ്ങളിൽ ഒന്നായ ഈജിപ്തിലെ പിരമിഡുകൾ, ഈജിപ്ഷ്യൻ മമ്മികൾ, പുരാവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയങ്ങൾ എന്നിവയിൽ പ്രത്യേക താൽപര്യമുള്ളതുപോലെ. മമ്മികളെയും അവയുടെ ചരിത്രത്തെയും കുറിച്ച് വിജ്ഞാനപ്രദമായ പലവിവരണങ്ങളും കാണാം. ക്ലിയോപാട്രയുടെയും പുരാതന ഈജിപ്ഷ്യൻ നഗരമായ അലക്സാണ്ട്രിയയുടെയും ചരിത്രവും ഒരദ്ധ്യായമായി ചേർത്തിരിക്കുന്നു. നൈൽ നദിയിലൂടെയും നദീതീരത്തുകൂടെയും ഉള്ള രസാവഹമായ യാത്രാനുഭവങ്ങളും വായിക്കാം. ഈജിപ്ഷ്യൻ യാത്രയിലെ ഏതാനും ബഹുവർണ്ണചിത്രങ്ങളുമുണ്ട്.

നാൽപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ്‌ ലേഖകൻ എ. ക്യു. മഹ്ദി. യാത്രയുടെ സാങ്കേതികവശങ്ങൾകൂടി കാണിച്ചുതരുന്നതാണ്‌ ഈ പുസ്തകം. ഈജിപ്ഷ്യൻ കാഴ്കകളെക്കുറിച്ചുമാത്രമല്ല, യാത്രാസംസ്കാരത്തെക്കുറിച്ചും സ്വന്തം യാത്രാനുഭവങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ആമുഖമായി അദ്ദേഹം പങ്കുവയ്ക്കുന്നു.

~ ~ ~ ! ~ ~ ~
ഈജിപ്ഷ്യൻ കാഴ്ചകൾ
Egyptian Kazhchakal

Author: A. Q. Mahdi
എ. ക്യു. മഹ്ദി

Category: Travelogue / Malayalam
യാത്രാവിവരണം

Publishers: H&C Books
First Published: August 2013
ISBN 978-93-83080-88-5
Pages: 120 Price: Rs. 90/-

Monday, December 02, 2013

രായിരനെല്ലൂർ മലയിൽ ഭഗവതീക്ഷേത്രം

naranathu bhranthan
Statue of Naranathu bhranthan
നാരായണത്തുഭ്രാന്തന്‌ ദുർഗാദേവി ദർശനം നൽകിയ ശ്രീ രായിരനെല്ലൂർ മലയിൽ ഭഗവതീക്ഷേത്രം (Sri Rayiranelloor Malayil Bhagavathi temple, Rayiranelloor, Palakkad Dist.) കേരളത്തിലെ പ്രശസ്തമായ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ്‌. പാലക്കാട് ജില്ലയിൽ പട്ടാമ്പിയിൽ നിന്നും വളാഞ്ചേരിയിലേക്ക് പോകുന്നവഴി നടുവട്ടം എന്ന സ്ഥലത്താണ്‌ മലയും ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. നടുവട്ടം എന്ന സ്ഥലത്തിനുമുൻപായി ഒന്നാന്തിപ്പടി എന്ന സ്ഥലത്തുനിന്നും മലകയറിയാൽ മലമുകളിൽ തെക്കുകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന നാറാണത്തുഭ്രാന്തൻപ്രതിമയെ വലം വച്ചതിനുശേഷം ദുർഗ്ഗാക്ഷേത്രദർശനവും നടത്തി പടിഞ്ഞാറുഭാഗത്തുള്ള പടവുകളിറങ്ങി നടുവട്ടം ഭാഗത്തേക്ക് മടങ്ങാവുന്നതാണ്‌. വിശേഷാവസരങ്ങളിൽ തിരക്കേറുമ്പോൾ ഇരുഭാഗത്തുനിന്നും മലകയറുന്നു.

ഐതിഹ്യം

മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ ചെത്തല്ലൂര്‍ നാരായണ മംഗലത്തെ ഭട്ടതിരി കുടുംബം കണ്ടെടുത്ത് വളര്‍ത്തി. ചേർപ്പുളശ്ശേരിക്കു സമീപമുള്ള ചെത്തല്ലൂർ ഗ്രാമത്തിലെ നാരായണമംഗലം മനയിൽ(ആമയൂര്‍മന) നിന്ന് വേദപഠനത്തിനായി രായിരനല്ലൂർ മലയ്ക്കടുത്തുള്ള തിരുവേഗപ്പുറ എന്ന സ്ഥലത്ത് എത്തിച്ചേർന്നു.  തിരുവേഗപ്പുറ അഴകപ്രമനയിലായിരുന്നു താമസം. എന്നാൽ, അതിരാവിലെ രായിരനെല്ലൂർ മനയുടെ ചുവട്ടിൽ വരികയും വലിയകല്ലുകളിൾ മുകളിലേക്ക് ഉരുട്ടിക്കയറ്റുകയും മുകളിലെത്തിക്കഴിഞ്ഞാൽ കല്ലുകൾ താഴേക്ക് ഉരുട്ടിവിട്ട് രസിക്കുക എന്നതും നാരായണത്തുഭ്രാന്തന്റെ ഒരു ഇഷ്ടവിനോദമായിത്തീരുന്നു. മനുഷ്യജീവിതത്തിന്റെ നിരർത്ഥകതയിലേക്കു വിരൽ ചൂണ്ടുന്ന പ്രവൃത്തിയെന്നാണ്‌ ഇതിന്റെ ദാർശനികമായ വ്യാഖ്യാനം. സ്വച്ഛന്ദതയുടെയും സർഗ്ഗാത്മകതയുടെയും പ്രതീകമായി ആലിൻകൊമ്പിൽ ഊഞ്ഞാലാടിക്കൊണ്ടിരുന്ന ദേവിക്ക് നാറാണത്തുഭ്രാന്തന്റെ ഈ പ്രവൃത്തി നന്നേ ഇഷ്ടപ്പെട്ടു. ഒരു തുലാമാസം ഒന്നാം തീയതി ദേവി നാറാണത്തുഭ്രാന്തന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. മലമുകളിൽ ഇന്ന് ശേഖരിച്ച പുഷ്പങ്ങൾ കൊണ്ട് അർച്ചനയും കദളിപ്പഴം കൊണ്ട് നിവേദ്യവും ദേവിക്കുമുന്നിൽ സമർപ്പിച്ചു. ദേവി നാറാണത്തുഭ്രാന്തനെ കാണുകയും ആൽമരത്തിൽ നിന്നിറങ്ങി മരം വലംവച്ച് അടുത്ത് രൂപംകൊണ്ട ഏഴുകുഴികളിലൊന്നിൽ അപ്രത്യക്ഷമാവുകയും ചെയ്തു. തുടർന്ന് അദ്ദേഹം പൂജകൾ ചെയ്തു. പിൽക്കാലത്ത് ചെത്തല്ലൂർ നാരായണമംഗലത്ത് ഭട്ടതിരി കുടുംബം രായിരനല്ലൂർ മനയുടെ അടിവാരത്തേക്ക് താമസമാക്കുകയും മലമുകളിൽ ക്ഷേത്രം നിർമ്മിച്ച് പൂജകൾ തുടരുകയുമായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഇന്നും താന്ത്രികാവകാശം ആമയൂർ മനയ്ക്കൽ ഭട്ടതിരി കുടുംബത്തിനാണ്‌.

വനദുർഗ്ഗാ ക്ഷേത്രം

മലമുകളിൽ ദേവിയുടെ കാൽപാദങ്ങൾ പതിഞ്ഞ സ്ഥലത്താണ്‌ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദേവി പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒൻപത് കാലടികൾ കാണപ്പെടുന്നു. അവയിലൊന്നിൽ എല്ലാക്കാലത്തും കാണപ്പെടുന്ന തീർത്ഥമാണ്‌ ഭക്തർക്ക് പ്രസാദമായി നൽകുന്നത്. ഈ തീർത്ഥത്തിൽ ദേവീ സാന്നിദ്ധ്യം ചെയ്യുന്നു എന്ന സങ്കൽപത്തിൽ അവിടെയാണ്‌ പൂജ നടത്തിവരുന്നത്. രാവിലെ മാത്രമാണ്‌ ക്ഷേത്രത്തിൽ നിത്യപൂജയുള്ളത്. പതിവുശൈലിയിൽ പ്രതിഷ്ഠയില്ലാത്ത ഈ ക്ഷേത്രത്തിൽ ദേവിയുടെ പാദമുദ്രയിലാണ്‌ പൂജകൾ. ക്ഷേത്രം അശുദ്ധമായാൽ പുണ്യാഹമല്ല പഞ്ചഗവ്യമാണ്‌ തളിക്കുക. ഇതരക്ഷേത്രങ്ങളിലുള്ളതുപോലെ ഉത്സവവിശേഷങ്ങളും ഇല്ല. ദേവി നാറാണത്തുഭ്രാന്തനുമുന്നിൽ പ്രത്യക്ഷപ്പെട്ട തുലാം ഒന്ന്, ദേവിയുടെ ജന്മനക്ഷത്രമായ വൃശ്ചികമാസത്തിലെ കാർത്തിക എന്നീ ദിവസങ്ങളാണ്‌ ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ. നിത്യപൂജയുള്ളത് രാവിലെ മാത്രവും. രാവിലെ 6 മുതൽ 8 വരെയാണ്‌ പൂജാസമയം. പ്രകൃതി ഉപാസനയെ അനുസ്മരിപ്പിക്കും വിധം ലളിതമായ ആചാരാനുഷ്ഠാനങ്ങൾ. വർഷത്തിലെ രണ്ട് വിശേഷദിവസങ്ങളോടനുബന്ധിച്ചും ധാരാളം ഭക്തജനങ്ങൾ സമീപജില്ലകളിൽ നിന്നുപോലും ഇവിടേക്ക് വന്നെത്തുന്നു. മറ്റുദിവസങ്ങളെല്ലാം യാതൊരു തിരക്കുമില്ലാതെ സ്വച്ഛന്ദമായി പ്രകൃതിഭംഗിയാൽ ചുറ്റപ്പെട്ട സങ്കേതമായി മലമുകളിലെ മൈതാനവും ക്ഷേത്രവും നാറാണത്തുഭ്രാന്തന്റെ പ്രതിമയും നിലനിൽക്കുന്നു.

നാറാണത്തുഭ്രാന്തൻ പ്രതിമ (Statue of Naranathu Bhranthan)

“ഭ്രാന്തരാൽ അകപ്പെട്ട മർത്ത്യൻ
ഭ്രാന്തരാലറിഞ്ഞു മുഴു ഭ്രാന്തനെന്ന്
ആയിരം അർത്ഥമതേകും പ്രയത്നം
മുഴുഭ്രാന്തിന്റെ ചെയ്തികളായി ചമച്ചു
മുമ്പിലിപ്പാറയായ് കാത്തു നില്ക്കുമൊരു
മർത്ത്യ ലോകത്തിന്റെ ജന്മത്തിനായ്“...

സുരേന്ദ്രകൃഷ്ണൻ എന്ന ശിൽപി 1995ൽ സ്ഥാപിച്ചതാണ്‌ ഈ പ്രതിമ.

വിശേഷങ്ങൾ വഴിപാടുകൾ

നാറാണത്തുഭ്രാന്തന്‌ ദേവി ദർശനം നൽകിയ തുലാം 1 ആണ്‌ ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസം. ഇതോടനുബന്ധിച്ച് തുലാം സംക്രമദിവസം അവസാനിക്കുന്ന വിധത്തിൽ മൂന്ന് ദിവസത്തെ ലക്ഷാർച്ചനയും നടത്തിവരുന്നു. വൃശ്ചികമാസത്തിലെ തൃക്കാർത്തികയാണ്‌ മറ്റൊരു വിശേഷദിവസം അന്നേദിവസം ക്ഷേത്രത്തിൽ വാരവും പ്രസാദഊട്ടും നടത്തിവരുന്നു. ഉദ്ധിഷ്ടകാര്യസാദ്ധ്യത്തിനായി നടത്തുന്ന മലർപറയാണ്‌ ക്ഷേത്രത്തിലെ വിശേഷ വഴിപാടുകളിൽ പ്രധാനമായത്. സന്താനലബ്ദ്ധിക്കായുള്ള വഴിപാടുകളും നടത്തുന്നുണ്ട്. ആൺ സന്താനസബ്ദ്ധിക്കായി കിണ്ടിയും പെൺ സന്താനസബ്ദ്ധിക്കായി ഓടവും കമഴ്ത്തി (സ്വർണ്ണം, വെള്ളി, ഓട് എന്നിവയിൽ ഒന്നുകൊണ്ട് നിർമ്മിച്ചത്.) പ്രാർത്ഥിക്കുകയും സന്താനലബ്ദ്ധിക്കുശേഷം അവിടെച്ചെന്ന് കമഴ്ത്തി വെച്ചിരിക്കുന്ന ഈ പാത്രങ്ങളിൽ നെയ്യ് നിറച്ച് മലർത്തി വയ്ക്കുകയും വേണം. പുഷ്പാ ഞ്ജലി, വിളക്ക്, മാല, നെയ് വിളക്ക് തുടങ്ങിയ വഴിപാടുകളും ക്ഷേത്രത്തിൽ നടത്തിവരുന്നു.

ക്ഷേത്രകാര്യനിർവ്വഹണം

ക്ഷേത്രത്തിൽ പൂജനടത്തിവരുന്നത് പാരമ്പര്യ തന്ത്രികുടുംബമായ നാരായണമംഗലത്ത് ആമയൂർ മനക്കാരാണ്‌. പാരമ്പര്യ രീതിയിൽ ഉപദേശിക്കപ്പെടുന്ന പ്രത്യേക സമ്പ്രദായത്തിലാണ്‌ ഇവിടുത്തെ പൂജാവിധികൾ. വൈകുന്നേരം മലയുടെ താഴെയുള്ള ഇല്ലത്തുവച്ചും പൂജ നടത്തുന്നു. ഇല്ലക്കാരുടെ ഉപാസനാമൂർത്തിയായ വേട്ടയ്ക്കൊരുമകൻ, ഉപദേവനായ അയ്യപ്പൻ എന്നിവരുടെ പ്രതിഷ്ഠകളും ഇല്ലത്ത് ഉണ്ട്. ഈ അടുത്ത കാലത്തായി ക്ഷേത്ര നടത്തിപ്പിനായി നാരായണത്തുഭ്രാന്തൻ ശ്രീദ്വാദശാക്ഷരീ ട്രസ്റ്റ് എന്ന പേരിൽ ഒരു കുടുംബ ട്രസ്റ്റ് രൂപീകർച്ചിട്ടുണ്ട്. പ്രസ്തുത ട്രസ്റ്റിന്റെ ആസ്ഥാനം മലയുടെ താഴെ സ്ഥിതിചെയ്യുന്ന നാരായണമംഗലത്ത് ആമയൂർ മനയാണ്‌.

ചിത്രങ്ങൾ...
(Click to see Larger Images...)

rayiranelloor temple
പടിഞ്ഞാറുഭാഗത്തുനിന്നും മലയുടെ മുകളിലേക്കുള്ള പടികളുടെ ആരംഭം


rayiranelloor temple
മലമുകളിൽ നിന്നും പടിഞ്ഞാറുഭാഗത്തേക്കുള്ള ദൃശ്യം


rayiranelloor
ക്ഷേത്രവും ആൽ മരങ്ങളും

rayiranelloor
ക്ഷേത്രവും ആൽ മരങ്ങളും

rayiranelloor temple
അഗാധമായ കുഴിയിൽ നിന്നും വളർന്നുനില്ക്കുന്ന ആൽമരങ്ങൾ

rayiranelloor temple
ക്ഷേത്രത്തിനു മുന്നിലായി വളർന്നുനിൽക്കുന്ന മൂന്ന് ആൽമരങ്ങൾ

naranathu bhranthan
മൈതാനത്തിന്റെ ഒരറ്റത്തായി സ്ഥിതിചെയ്യുന്ന നാറാണത്തുഭ്രാന്തൻ പ്രതിമ

naranathu bhranthan
നാറാണത്തുഭ്രാന്തൻ പ്രതിമ
യാത്ര സംഘടിപ്പിച്ചത്:
എ.കെ. ചരിത്ര പഠന കേന്ദ്രം, കോട്ടയം
 ~ ~ ~ ! ~ ~ ~