Saturday, November 23, 2013

അധിനിവേശം പശ്ചിമഘട്ടങ്ങളിലേക്കും

survival
അതിജീവനം അതീവദുഷ്കരം
കർഷകരെ കുടിയിറക്കുകയോ കൃഷിയെ ചെറുക്കുകയോ ചെയ്യാത്ത പരിസ്തിതി സംരക്ഷണ റിപ്പോർട്ടിനെതിറെ നൂറുകണക്കിന്‌ കർഷകർ തെരുവിലിറങ്ങുകയുണ്ടായി. എങ്ങനെയുള്ള കർഷകർക്കുവേണ്ടിയായിരുന്നു അത് ?
പാറമടയിൽ നിന്നും വരുമാനം നേടുന്ന കർഷകൻ
ഖനനം നടത്തുന്ന കർഷകൻ
റിസോർട്ടുകൾ പണിയുന്ന കർഷകൻ
വൻകിട ഷോപ്പിംഗ് കോമ്പ്ലക്സുകൾ പണിയുന്ന കർഷകൻ
വൈദ്യുതനിലയം പണിയുന്ന കർഷകൻ
റെഡ് സോണിൽപ്പെട്ട വ്യവസായങ്ങൾ തുടങ്ങുന്ന കർഷകൻ
........
ഇങ്ങനെയുള്ള ‘കർഷക’രെ സംരക്ഷിക്കാനാണ്‌ അറിഞ്ഞോ അറിയാതെയോ നൂറുകണക്കിന്‌ യഥാർത്ഥ കർഷകർ തെരുവിലിറങ്ങിയതും പ്രക്ഷോഭം നടത്തിയതും. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കാത്ത... പരിഷ്കാരത്തിന്റെ പുറം ചട്ടയില്ലാത്ത ആരാധനാസമ്പ്രദായങ്ങളെയുന്നും ബഹുമാനിക്കാത്ത... സമ്പത്തിലും പ്രൗഡിയിലും നിലയുറപ്പിച്ച് മുന്നേറുന്നവരെന്ന ദുഷ്പേര്‌ അധിനിവേശകാലം മുതൽ ക്രൈസ്തവസഭകൾക്കുണ്ട്. പ്രശാന്തസുന്ദരമായ ചുറ്റുപാടിൽ നിലനിന്നിരുന്ന പള്ളിവളപ്പിൽ ഷോപ്പിംഗ് കോംപ്ലക്സും ആശുപത്രിയും കെട്ടിടസമുച്ചയങ്ങളും നിർമ്മിച്ചവരോട് എന്തുപറയാൻ‌. കൃതൃമചുറ്റുപാടിനോട് ഒരു പ്രത്യേക അഭിനിവേശമുള്ളതുപോലുള്ള പ്രവർത്തനങ്ങൾ. പ്രകൃതിയുമായുള്ള ബന്ധം സ്വാഭാവികമായി ഇഴുകിച്ചേർന്നിട്ടില്ലാത്തതുപോലുള്ള പ്രവർത്തനരീതികൾ. അങ്ങനെയുള്ള ഒരു ജനവിഭാഗത്തിന്‌ വികസനപ്രവർത്തനങ്ങളിൽ അകമഴിഞ്ഞ് സഹായിക്കുന്നതിന്‌ യാതൊരു മനസ്താപവുമുണ്ടാകാനിടയില്ല. (വേറിട്ട സ്വരങ്ങൾ അപൂർവ്വമായി ഉണ്ടെന്നതും ഓർമ്മിക്കുന്നു). സമീപകലത്ത് പരിസ്ഥിതിസംരക്ഷണത്തിനായുള്ള പദ്ധതികൾ ക്രൈസ്തവസഭ്കൾ ആരംഭിച്ചിരുന്നു. എന്നാലിപ്പോൾ ഈ ആശാവഹമായ പരിവർത്തങ്ങളെയെല്ലാം തകിടംമറിച്ചുകൊണ്ട് ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്‌ സഭാനേതൃത്വവും അനുയായികളും.

ഗാഡ്ഗിൽ റിപ്പോർട്ടോ കസ്തൂരിരംഗൻ റിപ്പോർട്ടോ നടപ്പാക്കിയാൽ ചോരപ്പുഴയൊഴും എന്ന പ്രസ്താവിക്കുകവരെയുണ്ടായി. ആത്മീയാദർശങ്ങളെയെന്നല്ല സാമൂഹികപ്രതിബദ്ധതയെപ്പോലും മറന്നിരിക്കുന്നു. ഈയിടെ നടന്ന പ്രതിക്ഷേധം അക്രമത്തിൽ കലാശിച്ചത് നാം കണ്ടു. കർഷരുടെ പേരിൽ ഇങ്ങനെ കലാപം നടത്തുന്നവർക്ക് ഇത്തരം പ്രസ്താവനകൾ ഒരു മുതൽക്കൂട്ടാവുകയേ ഉള്ളൂ. കർഷകരെ കുടിയിറക്കാനോ കൃഷിചെയ്യരുതെന്നോ റിപ്പോർട്ടിൽ പറയുന്നില്ല. റിപ്പോർട്ട് നടപ്പായില്ലെങ്കിലാണ്‌ സ്ഥിതിഗതികൾ വഷളാവാൻ സാധ്യത. റിസോർട്ടുകൾക്കും വ്യവസായങ്ങൾക്കും വൻകിട ഷോപ്പിംഗ് കോംപ്ലക്സുകൾക്കും ടൗൺഷിപ്പുകൾക്കുംവേണ്ടി കർഷകർ ഒഴിഞ്ഞുകൊടുക്കേണ്ടിവന്നേക്കാം. അങ്ങനെയെങ്കിൽ യഥാർത്ഥ കർഷകനെ സംരക്ഷിക്കുന്നതാണ്‌ കസ്തൂരിരംഗൻ റിപ്പോർട്ട്.

സാറ്റ്ലൈറ്റ് സർവ്വേയുടെ അപാകതകൾ കാരണം തേയിലതോട്ടങ്ങളെയും റബ്ബർതോട്ടങ്ങളെയും മറ്റും വനഭൂമിയായി തെറ്റിദ്ധരിക്കുകയും പരിസ്ഥിതിലോലപ്രദേശമായി കണക്കാക്കുകയും ചെയ്തതായും കരുതുന്നു. അങ്ങനെയെങ്കിൽ യഥാർത്ഥ വനവിസ്തൃതി ഇപ്പോൾ നടപ്പാക്കിയ സർവ്വേപ്രകാരമുള്ളതിലും കുറവായിരിക്കും. അപ്പോൾകേരളത്തിലാകമാനം പരിസ്ഥിതിസംരക്ഷണത്തിന്‌ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടിവരും. പരിസ്ഥിതിവാദികൾക്ക് ബലമേകുന്നതാണ്‌ ഈ വാദം.

സമാനസ്വഭാവമുള്ള പ്രശ്നങ്ങളാണ്‌ ആറന്മുളയിലും കാണുന്നത്. ഭാവിയിൽ വൻകിടകുത്തകകൾക്കുവേണ്ടി വഴിമാറിക്കൊടുക്കേണ്ടിവരാവുന്നവിധം കാര്യങ്ങളെ രൂപപ്പെടുത്തിയെടുക്കുകയാണ്‌ കസ്തൂരിരംഗൻറിപ്പോർട്ടിനെ എതിർക്കുന്നവർ ചെയ്യുന്നത്. ജൈവവൈവിധ്യവും പരിസ്ഥിതിപ്രാധാന്യവും കൃഷിയും ഇല്ലാതായാൽ അവിടെ വൻനിർമ്മാണപ്രവർത്തനങ്ങൾ വരികയായി. വനഭൂമി കൃഷിഭൂമിക്കും കൃഷിഭൂമി ടൗൺഷിപ്പുകൾക്കും വ്യവസായങ്ങൾക്കും വഴിമാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്‌ എവിടെയും കാണുന്നത്. കഴിഞ്ഞ ഇരുപത് വർഷമായി ഈ തളർച്ച ദ്രുതഗതിയിലാണ്‌ നടക്കുന്നത്. ആറന്മുളയുടെയെന്നുമാത്രമല്ല എല്ലാഗ്രാമങ്ങളുടെയും നഗരവൽക്കരണമാണ്‌ ചിലർ ആഗ്രഹിക്കുന്നത്. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രൊജക്ടുകൾ നടപ്പാക്കുമ്പോൾ മുതൽ വൻ സാമ്പത്തികനേട്ടം. എതിരായ പ്രക്ഷോഭം ഒരുഭാഗത്ത് നടക്കും പദ്ധതിക്കാവശ്യമായ അനുമതി നടത്തിപ്പുകാർ നേടിയെടുക്കും പദ്ധതി പ്രവർത്തിച്ചുതുടങ്ങും പ്രക്ഷോഭം പതിയെ കെട്ടടങ്ങും. ഇതാണ്‌ സംഭവിക്കാറുള്ളത്. ഇങ്ങനെയയാൽ ആറന്മുള്ള, ഇടുക്കി, കണ്ണൂർ, .... കേരളത്തിലെ വിമാനത്താവളങ്ങളുടെ പട്ടിക അങ്ങനെ നീണ്ടുപോകും. വിമാനത്താവളങ്ങൾ തമ്മിലുള്ള അകലം പരിശോധിച്ചാൽ ഇത്തരം നിമ്മിതി അനാവശ്യമാണെന്നുകാണാം. ആറന്മുള  ഒരു പൈതൃകഗ്രമമായിത്തന്നെ നിലനിർത്തണം. ഏതുവിധേനയും ഒരു വൻകിടപദ്ധതി നടപ്പാക്കിയാൽ അവിടെനിന്നും പിൻതിരിഞ്ഞുപോകേണ്ടിവരുന്നില്ല. പൂർത്തിയാക്കിയ ഒരു വൻകിട പദ്ധതിക്കും പരിസ്ഥിതിക്കുവേണ്ടി വഴിമാറിക്കൊടുക്കേണ്ടിവന്നിട്ടില്ല. ഈയൊരു വ്യവസ്ഥയ്ക്ക് മാറ്റം വരാൻ പരിസ്ഥിതിവാദികൾ മുൻകൈയ്യെടുക്കണം. എങ്കിലേ “നിർമ്മിതികൾ അത്യാവശ്യത്തിനുമാത്രം” എന്നനിലയിലേക്ക് നാട് പുരോഗമിക്കൂ.

“മനുഷ്യനെ മറന്ന് പ്രകൃതിസംരക്ഷണം പാടില്ല” എന്ന് പറയുന്നവർ ഒരുകാര്യം മറന്നുപോയിരിക്കുന്നു. മനുഷ്യനെന്നതും പ്രകൃതിയുടെ ഭാഗമാണ്‌. നാഗരികതമാത്രമേയുള്ളൂവെങ്കിൽ നിലനിൽപ് സാധ്യമല്ലാതെവരും. ജനസാന്ദ്രത വളരെയധികം കുറയുമ്പോൾ മാത്രമല്ലാതെ മനുഷ്യന്റെ ആർത്തിയെ തൃപ്തിപ്പെടുത്താൻ സാധ്യമല്ല. യഥാർത്ഥ പ്രകൃതിസംരക്ഷണമാണ്‌ ലക്ഷ്യമിടുന്നതെങ്കിൽ ഗാഡ്ഗിൽ റിപ്പ്പോർട്ട് നടപ്പാക്കുകയാണ്‌ വേണ്ടത്. കേരളത്തിന്റെ ജനസാന്ദ്രത അതിനനുവദിക്കാതെ വരുന്ന ഈ സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്‌ പരമാവധി ഇളവുകൾ വരുത്തിക്കൊണ്ട് ഒരു നടപടി സാദ്ധ്യമെങ്കിൽ അതാണ്‌ കസ്തൂരിരംഗൻ റിപ്പോർട്ട്. കർഷകരുടെ തെറ്റായ ധാരണകൾ ദൂരീകർക്കുകയും റിപ്പോർട്ട് നടപ്പാക്കുകയും വേണം.

Related Article:
വികസനത്തിലേക്ക് കൂപ്പുകുത്തുന്ന കേരളം
~ ~ ~ ! ~ ~ ~

4 comments:

 1. ഹ്രസ്വദൃഷ്ടികളായ മനുഷ്യരെക്കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു. അവര്‍ ദൂരേയ്ക്ക് കാണുന്നില്ല

  ReplyDelete
  Replies
  1. പതിനഞ്ചൊ ഇരുപതോ വർഷങ്ങൾക്കുമുൻപേശ്രമിച്ചിരുന്നെങ്കിൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാമായിരുന്നു. കസ്തൂരിരംഗൻ റിപ്പോർട്ടെങ്കിലും ഇപ്പോൾ നടപ്പാക്കിയില്ലെങ്കിൽ കേരളം ബാക്കിയുണ്ടാവില്ല.

   വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തതിന്‌ നന്ദി...

   Delete
 2. പ്രകൃതിയെ മറന്നുകൊണ്ടുള്ള ഒരു പ്രാകൃത രീതികളോടും ഞാനും യോജിക്കുന്നില്ല .നല്ല പോസ്റ്റ്‌ !

  ReplyDelete
  Replies
  1. പ്രകൃതിയെ മറന്ന് പ്രവർത്തിക്കുന്നതിനോട് യോജിക്കുന്നില്ല എന്നുപറഞ്ഞതിൽ വളരെ സന്തോഷം :)

   Delete