Friday, April 12, 2013

വികസനത്തിലേക്ക് കൂപ്പുകുത്തുന്ന കേരളം

ജൈവ വൈവിദ്ധ്യത്താൽ സമ്പുഷ്ടവും ഇടതൂർന്ന്  സസ്യജാലങ്ങൾ വളരുന്നതുമാണ്‌ കേരളം ഉൾപ്പെടുന്ന ഭൂപ്രദേശം. വൈവിദ്ധ്യമാർന്ന സസ്യജാലങ്ങളും പക്ഷിമൃഗാദികളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്‌. വളരെ പണ്ടുകാലം മുതൽ ധാരാളം സഞ്ചാരികളും ചരിത്രകാരന്മാരും ഇവിടെ വന്നുപോയിരുന്നു. അത്തരം വിവരണങ്ങൾ വായിച്ചാൽ അത്ഭുതകരമായിത്തോന്നാം. ഇങ്ങനെയുള്ള ഈ ഭൂപ്രദേശത്ത് വിയകസനപ്രവർത്തനങ്ങൾക്കുവേണ്ടി പരിസ്ഥിതി നശീകരണം നടത്തുമ്പോൾ അത് ലോകമാകമാനമുള്ള സന്തുലിതാവസ്ഥയെത്തന്നെ ബാധിക്കും. മണലാരണ്യങ്ങളിലും ആയിരക്കണക്കിനേക്കർ വിസ്തൃതിയുള്ള തരിശുനിലങ്ങളിലും വികസനപ്രവർത്തനങ്ങൾ നടത്തുന്നതുപോലെയല്ല ഇത്.

വനവൽക്കരണം എങ്ങനെ ?

വനം എന്നാൽ ആ പ്രദേശത്ത് നൈസർഗ്ഗികമായി വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും പുല്ല്ലുവർഗ്ഗങ്ങളും അവയിൽ വസിക്കുന്ന ജന്തുക്കളും ചേരുന്നതാണ്‌. അതുകൊണ്ട്, വനവൽക്കരണം നടത്തുമ്പോൾ ഇങ്ങനെ പ്രാദേശികമായതും വൈവിദ്ധ്യമാർന്നതുമായ സസ്യങ്ങൾ വച്ചുപിടിപ്പിക്കുകതന്നെ വേണം. അങ്ങനെ സസ്യസമ്പത്തുള്ളിടത്തേക്ക് ജീവജാലങ്ങൾ തനിയെ ചേക്കേറിക്കൊള്ളും. പരിസ്ഥിതി പ്രവർത്തകർ ഇങ്ങനെ വനവൽക്കരണം നടത്തുകയും സ്വാഭാവികവനമെന്നപോലെ തഴച്ചുവളരുകയും ജീവികൾ വന്നെത്തുകയും ചെയ്തതിനെക്കുറിച്ച് “കാവുതീണ്ടരുത്” എന്ന പുസ്തകത്തിൽ വായിക്കാം. കാവ് എന്നാൽ മനുഷ്യവാസത്താൽ ചുറ്റപ്പെട്ട ചെറുവനം എന്നർത്ഥം.

കേരളത്തിൽ തരിശുനിലമില്ല. ഇന്ന് കേരളത്തിൽ കാണുന്ന തരിശുനിലങ്ങൾ പ്രകൃതിദത്തമായി ഉണ്ടായവയല്ല. വിവിധസസ്യങ്ങൾ വളരുന്ന സ്ഥലങ്ങളും കുളങ്ങളും കണ്ടല്ക്കാടുകളുമായിരുന്ന സ്ഥലങ്ങൾ കൃഷിക്കുവേണ്ടി; മിക്കപ്പോഴും നെൽകൃഷിക്കോ തേയിലകൃഷിക്കോ വേണ്ടി ഉപയോഗിച്ചുതുടങ്ങുകയും കാലക്രമേണ ആ കൃഷി ഉപേക്ഷിക്കപ്പെടുകയും നിലങ്ങൾ തരിശായതുമായിരിക്കും. ഇത്തരം നിലങ്ങൾ പ്രകൃതിവിരുദ്ധമായ കാര്യങ്ങൾക്ക് ഉപയോഗിക്കാതെ പ്രാദേശികമായ വൃക്ഷങ്ങളും ചെടികളും ഔഷധസസ്യങ്ങളും ഫലവർഗ്ഗങ്ങളും വച്ചുപിടിപ്പിക്കുകയാണ്‌ ആവശ്യം.

തോട്ടങ്ങളിൽ സംഭവിക്കുന്നത്

തോട്ടം എന്നാൽ ഒരേയിനം സസ്യങ്ങൾ കൂട്ടമായി വളരുന്ന സ്ഥലം. കാർഷികാവശ്യങ്ങൾക്കായി തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്നു. മണ്ണിൽ നിന്നും ആ സസ്യത്തിനാവശ്യമായ മൂലകങ്ങൾ മാത്രം വലിച്ചെടുക്കപ്പെടുന്നതിനാൽ മണ്ണിന്റെ ഘടന മാറിപ്പോകുന്നുവെന്നതാണ്‌ ഇതിന്റെയൊരു ദോഷം. ഇത് കടുത്ത വളപ്രയോഗത്തിനിടയാക്കുന്നു. ആ സസ്യത്തിൽ വളരാൻ കഴിയുന്ന ജീവികളും കീടങ്ങളും മാത്രം വളരാനിടയാകുന്നു. അങ്ങനെ കീടനാശിനി പ്രയോഗത്തിനും കാരണമാകുന്നു. കേരളത്തിൽ തേയിലയും റബ്ബറുമാണ്‌ ഇത്തരത്തിൽ മറ്റുസസ്യങ്ങളൊന്നും ഇടയിൽ വളരുന്നില്ലെന്ന് ഉറപ്പാക്കി വ്യാപകമായ പ്രദേശത്ത് കൃഷിചെയ്യുന്നത്. സൂര്യപ്രകാശം തേയിലച്ചെടിക്ക് ആവശ്യമാണെങ്കിലും അവയ്ക്കിടയിൽ വൻമരങ്ങൾ നട്ടുവളർത്തുന്നതും അങ്ങിങ്ങായി മറ്റുകാർഷികവിളകൾ കൃഷിചെയ്യുന്നതും തേയിലകൃഷിയെ ദോഷകരമായി ബാധിക്കില്ല. റബ്ബർ മരങ്ങൾ ഒരു നിശ്ചിത വളർച്ചയെത്തിക്കഴിഞ്ഞാൽ മറ്റു സസ്യങ്ങൾ വച്ചുപിടിപ്പിക്കാവുന്നതാണ്‌.

നാഗരികത നാശത്തിന്റെ മുന്നോടി

അതിമനോഹരവും സാംസ്കാരികത്തനിമയുള്ളതുമായ ദേശമായിരുന്നു ബാംഗ്ലൂർ. സുന്ദരമായൊരുഭാവിയും സാമ്പത്തികഭദ്രതയും ആഗ്രഹിച്ചുകോണ്ട് നടപ്പാക്കിത്തുടങ്ങിയ വികസനപ്രവർത്തനങ്ങൾ ചിന്തിക്കാവുന്നതിനുമപ്പുറം പെരുകുകയും  ഒരു ചെറിയ കോൺക്രീറ്റ് വീടിനുള്ളിൽ ജീവിതം ഒതുങ്ങുകയും ചെയ്തവരായ സീനിയർ സിറ്റിസൺസിനെ നമുക്കിവിടെ ധാരാളം കാണാം. “എല്ലാവരുടെയും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻമാത്രം അതിവിശാലമല്ല ഈ ഭൂമി. ഈ സത്യത്തെ അറിഞ്ഞുകൊണ്ട് ആഡംബരവും ധൂർത്തും ഉപേക്ഷിച്ച് ജനപ്പെരുപ്പം നിയന്ത്രിച്ച് സഹവർത്തിത്വത്തോടെ ജീവിച്ചാൽ ഈ ഭൂമി സ്വച്ഛന്ദമായ ഒരു വാസസ്ഥലമായിരിക്കും” എന്ന എന്ന മഹദ്തത്വം സ്വജീവിതത്തിൽ നിന്നും പഠിച്ചവർ. ഉദ്യാനനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാംഗ്ലൂരിന്റെ ഇന്നത്തെ സ്ഥിതിയെന്ത് ? അതിന്നൊരു കോൺക്രീറ്റ് നഗരമാണ്‌. കഴിഞ്ഞ ഒരു നൂറ്റാണ്ടായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങൾ ബാംഗ്ലൂർ ജില്ലയെയാകെ നശിപ്പിച്ചു.  പുനഃരുദ്ധരിക്കാനാവാത്തവിധം വ്യാപകവും തീവ്രവുമായി വികസനപ്രവർത്തനങ്ങളാണ്‌ കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടുകളായി നടന്നത്. സുന്ദരമായ ബാംഗ്ലൂർ ഇന്ന് ബ്രോഷറുകളിലും ചിത്രങ്ങളിലും മാത്രം.

കേരളവും ഇതേപോലെ വികസനത്തിന്റെ പാതയിലാണ്‌. കഴിഞ്ഞ പത്തുവർഷമായി കേരളത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായ മാറ്റമാണ്‌ വന്നിരിക്കുന്നത്. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വനങ്ങളിൽ നിന്നും ഒരുപാട് വൃക്ഷങ്ങൾ മലയിറങ്ങി. കുഴൽക്കിണറുകളും മണ്ണുമാന്തിയും ഗ്രാമങ്ങളില്ലെല്ലാം ആധിപത്യമുറപ്പിച്ചു തുടങ്ങി. മഴവെള്ളം മണ്ണിൽ താഴാതിരിക്കുന്നതിനുവേണ്ടി മലയാളിയുടെ മുറ്റങ്ങളിൽ ടൈലുകൾ സ്ഥാനമുറപ്പിച്ചു. പുഴകളും കിണറുകളും കുളങ്ങളും വറ്റിവരളുന്നു. കുഴൽ കിണറുകൾ കുഴിച്ചുകുഴിച്ച് ഭൂഗർഭജലവിതാനവും ഉപരിതല ജലവിതാനവും താഴുന്നതിനുകാരണമാകുന്നു. ഫ്രാങ്ക് ലേയ്ഡ്റൈറ്റ്ന്റെ ഓർഗാനിക് ആർക്കിടെക്ചർ എന്ന സിദ്ധാന്തമനുസരിച്ച് ‘ഒരു കെട്ടിടം അത് നിൽക്കുന്ന സ്ഥലത്ത് പണിതതായല്ല അവിടെ മുളച്ചുവന്നതായാണ്‌ തോന്നേണ്ടത്.’ ലോകമെമ്പാടുമുള്ള വാസ്തുശാസ്ത്രത്തിന്റെ, അത് കേരളീയമായിരുന്നാലും ചൈനീസായിരുന്നാലും വിക്ടോറിയനായിരുന്നാലും, അടിസ്ഥാനവും ഇതുതന്നെയാണ്‌. കുന്നുകളെയിടിച്ചുനിരത്തി പ്ലോട്ടുകൾ തയ്യാറാക്കുമ്പോൾ പരിസ്ഥിതി ആകെത്തകർന്നുപോകുന്നു. ഭൂമിയുടെ ഉയർച്ചതാഴ്ചകൾ നിലനിർത്തിക്കൊണ്ട് കെട്ടിടം സ്ഥിതിചെയ്യാനാവശ്യമായ ഇടത്തെ സസ്യങ്ങൾ മാത്രം മുറിച്ചുകൊണ്ടുവേണ്ടം നിർമ്മാണം നടത്താൻ. കേരളത്തിന്റെ മണ്ണും പരിസ്ഥിതിയും അത്രമാത്രം വിലപ്പെട്ടതാണ്‌. ‘വിമാനത്താവളങ്ങളോ ഹൈവേകളോ ഇനി നിർമ്മിക്കരുതെ’ന്ന ഉത്തരവിറക്കാൻ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത് ആഗോളതാപനമാണ്‌. അത്രമാത്രം പരിസ്ഥിതിക്ക് ദോഷകരമാണവ. ഈ നിർദ്ദേശം വളരെ വളരെ പ്രാധാന്യത്തോടുകൂടി പാലിക്കേണ്ടതായ പ്രദേശമാണ്‌ കേരളം. ഇനിയും ഇവിടെ സ്ഥലമില്ല എന്നതുതന്നെ കാരണം.

വൃക്ഷത്തൈ നടാൻ ആർക്കും സാധിക്കും. എന്നാൽ അതിനെ സംരക്ഷിച്ച് വളർത്തിക്കൊണ്ടുവരാനോ ? ഇവിടെയാണ്‌ നമ്മുടെ പരാജയം. എന്തുകൊണ്ട് ? താരതമ്യേന കുറച്ചുമാത്രം ‘വികസനം’ എത്തിയിട്ടുള്ള പ്രദേശങ്ങളെ പട്ടിക്കാടെന്നും ഓണം കേറാമൂലയെന്നും അവജ്ഞയോടുകൂടിവിളിക്കാൻ പ്രേരിപ്പിക്കുന്നതേയുള്ളൂ പ്രകൃതിയുമായി അവനുള്ള ബന്ധം. പ്രകൃതിബോധം അനുഭവത്തിലൂടെയേ നേടാനാവൂ. ദൈവസൃഷ്ടിയായ പ്രകൃതി എപ്പോഴും തുറന്നുവച്ചിരിക്കുന്ന വേദപുസ്തകമാണെന്ന് കിഴക്കും പടിഞ്ഞാറുമുള്ള ആചാര്യന്മാർ. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിയും സമുദ്രങ്ങളും അവയിലെ എണ്ണമറ്റ ജൈവകുലങ്ങളും ഒരേകുടുംബസദസ്സിൽ സല്ലപിക്കുന്നത് നാം പ്രകൃതിയിൽ തിരിച്ചറിയുന്നു. അവിടെ നമ്മുടെ വേദപാഠം ആരംഭിക്കുന്നു; അകൃത്രിമമായ ജീവിതവും !

Related Article:
അധിനിവേശം പശ്ചിമഘട്ടങ്ങളിലേക്കും

6 comments:

 1. വികസിച്ച് വികസിച്ച് എവിടെച്ചെന്നെത്തും എന്ന ഭയപ്പാടോടെ സാധാരണക്കാര്‍ അന്തം വിട്ടുനില്‍ക്കുന്നു.

  (ലേഖനത്തിന്റെ തലക്കെട്ട് സൂപ്പര്‍ ആയിട്ടുണ്ട്)

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രയത്തിനും നന്ദി...

   Delete
 2. Replies
  1. വായനയ്ക്കും അഭിപ്രയത്തിനും നന്ദി...

   Delete
 3. വളരെ വിജ്ഞാനപ്രദമായ ലേഖനം.
  ആശംസകൾ...

  ReplyDelete