Monday, December 30, 2013

യുക്തിവാദികളുടെ മതനിരാസം

“മതനിരാസം മാനവീകതയ്ക്ക്”. പക്ഷെ മതം എന്നതിനുതന്നെ വ്യക്തമായ നിർവ്വചനം ഇല്ലാതിരിക്കുമ്പോൾ എന്തിനെയാണ്‌ നിരാകരിക്കുന്നത് ? മതത്തിന്റെ പേരിൽ പ്രചരിക്കുന്നതിനെയെല്ലാം എതിർക്കാനുള്ള പ്രവണതയാണ്‌ യുക്തിവാദികളിൽ കാണുന്നത്. എന്നാൽ നൂറ്റാണ്ടുകളായി മതപ്രചരണങ്ങളിലൂടെയും മതവിശ്വാസങ്ങളിലൂടെയും കടന്നുകൂടിയ സാമൂഹികാചാരങ്ങളിൽ നിന്നും ആരും മോചിതരല്ല. യാഥാസ്ഥിതികരും വർഗ്ഗീയവാദികളും ഒരുവശത്ത്. യുക്തിവാദം എന്നപേരിൽ മതത്തെയും മതത്തിന്റെ പേരിൽ പ്രചരിക്കുന്നതിനെയും നിരസിക്കുന്നവർ മറുവശത്ത് . അന്ധവിശ്വാസികളും അന്ധഅവിശ്വാസികളും. യുക്തിപൂർവ്വം ഈ പ്രശ്നത്തെ സമീപിക്കാനുദ്ദേശിക്കുന്നവർക്ക് യുക്തിവാദപ്രസ്ഥാങ്ങൾ തീരെ പ്രയോജനപ്പെടാറില്ല.

യുക്തിവാദികളുടെ നിർവ്വചനപ്രകാരം ചരിത്രവും മതവും ഏകദേശം ഇങ്ങനെയാണ്‌:-
മനുഷ്യൻ പണ്ടുകാലത്ത് വേട്ടയാടി ജീവിച്ചിരുന്നു. ഇടിയും മിന്നലും കാറ്റും മഴയും അവനെ ഭയപ്പെടുത്തി. അങ്ങനെ അവൻ പ്രകൃതിശക്തികളെ ആരാധിച്ചും പ്രീതിപ്പെടുത്താൻ ശ്രമിച്ചും തുടങ്ങി. കാലക്രമേണ അവന്റെ ബുദ്ധിവികസിച്ചു. ആകാശത്തിൽ വിദൂരതയിലിരിക്കുന്ന ദൈവത്തെ ആരാധിച്ചുതുടങ്ങി. മനുഷ്യനെ ചിട്ടവട്ടങ്ങൾ പഠിപ്പിക്കാനും അനുസരിച്ചില്ലെങ്കിൽ ശിക്ഷിക്കാനും ഇരിക്കുന്ന ദൈവം. പൂജയും പ്രാർത്ഥനയും എല്ലാം ശുദ്ധതട്ടിപ്പ്. മതത്തിന്റെ പേരിൽ അധികാരം കായ്യാളുന്നവർക്ക് ചൂഷണത്തിനുള്ള ഉപാധി. ശാസ്ത്രം വീണ്ടും വികസിച്ചു. ഇത്തരം എല്ലാ അനാചാരങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിക്കാൻ കഴിയുന്നവിധം ആധുനികശാസ്ത്രം വളരുകയും ജനങ്ങളിലേക്കെത്തുകയും ചെയ്തുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. പരമാധികാരിയും മാന്ത്രികനുമായ ഒരു മനുഷ്യനുചേരുന്നതാണ്‌ യുക്തിവാദികൾ ദൈവത്തിനു നൽകുന്ന നിർവ്വചനം. യുക്തിവാദവും പ്രത്യയശാസ്ത്രവും നിർവ്വചിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന മതത്തിന്റെ സംഗ്രഹിച്ചരൂപം ഇങ്ങനെയൊക്കെയാണ്‌, അഥവാ ഇത്രയോക്കെയേ ഉള്ളൂ. ഈയൊരു ചിന്താധാരയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുമാത്രമാണ്‌ യുക്തിവാദം കാര്യങ്ങളെ വിശകലനം ചെയ്യുന്നത്.

വ്യത്യസ്ത മതങ്ങളിൽ സാമ്യങ്ങളും വൈരുദ്ധ്യങ്ങളുമുണ്ട്. ഒരേമതത്തിനുള്ളിൽ പോലും വ്യത്യസ്ത ചിന്താഗതിക്കാരും സ്വഭാവക്കാരും ആസ്തികരും നാസ്തികരുമുണ്ട്.

ജ്യോതിഷവും ജ്യോതിഷത്തെ വിശകലനം ചെയ്തുകൊടുക്കുന്ന ജ്യോതിഷിയും ഹിന്ദുമതത്തിന്റെ പേരിലുള്ള സംഗതിയാണെന്നാണ്‌ പരക്കെ അറിയപ്പെടുന്നത്. ഹിന്ദുമതത്തിന്റെ ഒരു പോരായ്മയായാണ്‌ ജ്യോതിഷത്തെയും ജ്യോതിഷികളെയും യുക്തിവാദികളെങ്കിലും കാണുന്നത്. മതത്തിനുള്ളിൽ നിന്നുതന്നെ ഇത്തരം വിശകലനങ്ങളും വാദപ്രതിവാദങ്ങളും നടക്കാറുമുണ്ട്. ബാഹ്യമായ ഒരു യുക്തിവാദനീക്കത്തിന്‌ വലിയ ആവശ്യമില്ലാതെപോകാനുള്ള ഒരുകാരണവും അതാണ്‌. എല്ലായ്പോഴും ശരിയായ നിഗമനങ്ങളിൽ എത്താനാവുന്നില്ലെങ്കിൽ പോലും യുക്തിപൂർവ്വമുള്ള വിശകലങ്ങളും മിക്കവാറും മതങ്ങൾക്കുള്ളിൽ നടക്കുന്നുണ്ട്; അന്ധമായ പിൻതുടരലുകൾ മാത്രമല്ല. മതങ്ങൾക്കുള്ളതുപോലെ ചിട്ടവട്ടങ്ങൾ യുക്തിവാദിവിശ്വാസികൾക്കുമുണ്ട്. ചില കാര്യങ്ങൾ ചെയ്യണം, ചിലത് ചെയ്യരുത്, ചില രീതിയിൽ പെരുമാറണം, ചിലത് വിശ്വസിക്കണം, മറ്റുചിലത് വിശ്വസിക്കരുത് എന്നിങ്ങനെയുള്ള നിർബന്ധബുദ്ധി. കാര്യകാരണ സഹിതമുള്ള യഥാർത്ഥ യുക്തിവാദത്തിൽ നിന്നും യുക്തിവാദികൾ ഏറെ ദൂരെയാകുവാനുള്ള കാരണവും ഇതാണ്‌. ഒരു മതയാഥാസ്ഥിതികൻ അന്യമതങ്ങളെയും യുക്തിവാദത്തെയും നിരാകരിക്കുന്നു; എന്നാലൊരു യുക്തിവാദിമതവിശ്വാസിയാകട്ടെ മതങ്ങളെ നിരാകരിക്കുന്നു.

Non Religious Spirituality എന്നതിന്‌ ലോകമാകമാനം നാൾക്കുനാൾ പ്രചാരം വർദ്ധിച്ചുവരികയാണ്‌. നിങ്ങൾ ഒരു മതത്തിൽ വിശ്വസിക്കുന്നുണ്ടോ, ഒന്നിലധികം മതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ, ഒന്നിലും വിശ്വസിക്കുന്നില്ലയോ എന്നതൊന്നും അവിടെ പ്രശ്നമാകുന്നില്ല എന്നതിനാൽ അവിടേക്ക് ആളുകൾക്ക് സമാധാനമായി കടന്നുചെല്ലാം. ഇത്തരം പ്രസ്ഥാനങ്ങളിൽ കണ്ടേക്കാവുന്ന ആചാരങ്ങളും പ്രാർത്ഥനകളും മറ്റും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് Non Religious Humanity എന്നൊന്ന് രൂപപ്പെടുത്തിയെടുക്കാൻ യുക്തിവാദികൾക്ക് സാധിക്കുന്നതേയുള്ളൂ. കൂടുതൽ പ്രയോജനപ്രദമായിരിക്കുകയും ചെയ്യും.

മതത്തിന്റെ പേരിലുള്ള പോരാട്ടം ഒഴിവാക്കു... മതതിനുവേണ്ടിയുദ്ധം ചെയ്യുന്നവരും മതം വേണ്ടായെന്നുപറഞ്ഞ് യുദ്ധം ചെയ്യുന്നവരും ചെയ്യുന്നത് ഒന്നുതന്നെയാണ്‌ - യുദ്ധം.

~ ~ ~ ! ~ ~ ~
(തൃശ്ശൂരിൽ നടന്ന സമ്മേളനത്തിന്റെ ഉള്ളടക്കം എന്തെന്നറിയില്ല. സമ്മേളനത്തിന്റെ വിഷയം ഈ ലേഖനം എഴുതാൻ പ്രേരിപ്പിച്ചുവെന്നുമാത്രം.)

Tuesday, December 24, 2013

'ഈജിപ്ഷ്യൻ കാഴ്ചകൾ' - എ. ക്യു. മഹ്ദി

Egyptian Kazhchakal

അതിപ്രാചീനമായ മാനവികസംസ്കാരങ്ങൾ ഉറങ്ങിക്കിടക്കുന്ന വിസ്തൃതമായ ഒരു ഭൂപ്രദേശമാണ്‌ ഈജിപ്ത്. ആറായിരത്തിലതിലധികം സംവത്സരങ്ങൾക്കപ്പുറത്തേക്ക് നീണ്ടുകിടക്കുന്ന ചരിത്രവസ്തുതകൾ. ചരിത്രഗവേഷകർക്ക് തീർത്താൽ തീരാത്രത്ത അമൂല്യവിവരങ്ങളുടെ കലവറയാണത്. ഇവയെല്ലാം ഉള്ളിലൊതിക്കിക്കൊണ്ട് തലയുയർത്തിനിൽക്കുന്ന ആധുനിക ഈജിപ്ത്; തലസ്ഥാനമായ കെയ്റോ നഗരവും. പൗരാണികതയെ കൂടുതൽ പ്രതിഫലിപ്പിച്ചുകൊണ്ട് നൈൽനദിയുടെ തീരത്ത് അലക്സാണ്ട്രിയ നഗരവും സ്ഥിതിചെയ്യുന്നു. സഹസ്രാബ്ദങ്ങളായി ഈജിപ്തിന്റെ മണ്ണിനെ സമ്പുഷ്ടമാകിക്കൊണ്ട്, ആഫ്രിക്കയിലെ നിബിഢവനാന്തരങ്ങളും വിശാലമായ മരുഭൂമിയും ഉൾനാടുകളും നഗരങ്ങളും പിന്നിട്ട്, കാലാകാലങ്ങളിൽ മാറിക്കൊണ്ടേയിരിക്കുന്ന മാനവികസംസ്കാരങ്ങൾക്കും ചരിത്രസംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചുകൊണ്ട് നൈൽനദി ഒഴുകുന്നു; അന്നും ഇന്നും.

ഒരു വിനോദസഞ്ചാരി കാഴ്ചകൾ കാണുന്നു, ദൃശ്യങ്ങൾ കണ്ട് അന്ധാളിക്കുന്നു. പക്ഷെ സംസ്കാരങ്ങളെ സ്വന്തം സംസ്കാരത്തിന്റെ കണ്ണുകളിലൂടെ മാത്രമേ കാണാനാവുന്നുള്ളൂ. എന്നാൽ, ഒരു പര്യവേഷണബുദ്ധിയുള്ള ഒരു സഞ്ചാരിയാവട്ടെ സംസ്കാരങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും അവയിലൂടെ ലോകത്തെ മാറിമാറി നോക്കിക്കാണുകയും ചെയ്യുന്നു. അങ്ങനെ ദാർശനികമായി പലതും വെളിപ്പെടുന്നു. എസ്. കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ ചരിത്രനോവൽ എന്നപോലെ ആസ്വാദ്യകരമാകാനുള്ള കാരണവും അതാണ്‌.

പാക്കേജ് ടൂറിന്‌ എപ്പോഴും അതിന്റേതായ പരിമിതികളുണ്ട്. സ്വന്തം ഉൾവിളികൾക്കനുസരിച്ച് പരിപാടികളിൽ വ്യത്യാസം വരുത്താനുള്ള അവസരങ്ങൾ ഒട്ടുംതന്നെ ഇല്ലെന്നുപറയാം. വലിയ യാത്രാസംഘത്തോടൊപ്പമാണെങ്കിൽ പ്രത്യേകിച്ചും. ഏകാന്തവും ഏകാഗ്രവുമായ ചിന്തകൾക്കും അവസരമില്ല. പരിമിതമായ സമയമാണ്‌ മറ്റൊന്ന്. ഇത്തരം ഒരു യാത്രയായിരുന്നിട്ടുപോലും പരമാവധി കാഴ്ചകൾ കാണുന്നതിനും വിവരശേഖരണത്തിനും ലേഖകൻ ശ്രദ്ധിച്ചിട്ടുണ്ട്. അത് വളരെ പ്രയോജനപ്പെടുകയും ചെയ്തു. ലോകാത്ഭുതങ്ങളിൽ ഒന്നായ ഈജിപ്തിലെ പിരമിഡുകൾ, ഈജിപ്ഷ്യൻ മമ്മികൾ, പുരാവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയങ്ങൾ എന്നിവയിൽ പ്രത്യേക താൽപര്യമുള്ളതുപോലെ. മമ്മികളെയും അവയുടെ ചരിത്രത്തെയും കുറിച്ച് വിജ്ഞാനപ്രദമായ പലവിവരണങ്ങളും കാണാം. ക്ലിയോപാട്രയുടെയും പുരാതന ഈജിപ്ഷ്യൻ നഗരമായ അലക്സാണ്ട്രിയയുടെയും ചരിത്രവും ഒരദ്ധ്യായമായി ചേർത്തിരിക്കുന്നു. നൈൽ നദിയിലൂടെയും നദീതീരത്തുകൂടെയും ഉള്ള രസാവഹമായ യാത്രാനുഭവങ്ങളും വായിക്കാം. ഈജിപ്ഷ്യൻ യാത്രയിലെ ഏതാനും ബഹുവർണ്ണചിത്രങ്ങളുമുണ്ട്.

നാൽപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ്‌ ലേഖകൻ എ. ക്യു. മഹ്ദി. യാത്രയുടെ സാങ്കേതികവശങ്ങൾകൂടി കാണിച്ചുതരുന്നതാണ്‌ ഈ പുസ്തകം. ഈജിപ്ഷ്യൻ കാഴ്കകളെക്കുറിച്ചുമാത്രമല്ല, യാത്രാസംസ്കാരത്തെക്കുറിച്ചും സ്വന്തം യാത്രാനുഭവങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ആമുഖമായി അദ്ദേഹം പങ്കുവയ്ക്കുന്നു.

~ ~ ~ ! ~ ~ ~
ഈജിപ്ഷ്യൻ കാഴ്ചകൾ
Egyptian Kazhchakal

Author: A. Q. Mahdi
എ. ക്യു. മഹ്ദി

Category: Travelogue / Malayalam
യാത്രാവിവരണം

Publishers: H&C Books
First Published: August 2013
ISBN 978-93-83080-88-5
Pages: 120 Price: Rs. 90/-

Monday, December 02, 2013

രായിരനെല്ലൂർ മലയിൽ ഭഗവതീക്ഷേത്രം

naranathu bhranthan
Statue of Naranathu bhranthan
നാരായണത്തുഭ്രാന്തന്‌ ദുർഗാദേവി ദർശനം നൽകിയ ശ്രീ രായിരനെല്ലൂർ മലയിൽ ഭഗവതീക്ഷേത്രം (Sri Rayiranelloor Malayil Bhagavathi temple, Rayiranelloor, Palakkad Dist.) കേരളത്തിലെ പ്രശസ്തമായ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ്‌. പാലക്കാട് ജില്ലയിൽ പട്ടാമ്പിയിൽ നിന്നും വളാഞ്ചേരിയിലേക്ക് പോകുന്നവഴി നടുവട്ടം എന്ന സ്ഥലത്താണ്‌ മലയും ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. നടുവട്ടം എന്ന സ്ഥലത്തിനുമുൻപായി ഒന്നാന്തിപ്പടി എന്ന സ്ഥലത്തുനിന്നും മലകയറിയാൽ മലമുകളിൽ തെക്കുകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന നാറാണത്തുഭ്രാന്തൻപ്രതിമയെ വലം വച്ചതിനുശേഷം ദുർഗ്ഗാക്ഷേത്രദർശനവും നടത്തി പടിഞ്ഞാറുഭാഗത്തുള്ള പടവുകളിറങ്ങി നടുവട്ടം ഭാഗത്തേക്ക് മടങ്ങാവുന്നതാണ്‌. വിശേഷാവസരങ്ങളിൽ തിരക്കേറുമ്പോൾ ഇരുഭാഗത്തുനിന്നും മലകയറുന്നു.

ഐതിഹ്യം

മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ ചെത്തല്ലൂര്‍ നാരായണ മംഗലത്തെ ഭട്ടതിരി കുടുംബം കണ്ടെടുത്ത് വളര്‍ത്തി. ചേർപ്പുളശ്ശേരിക്കു സമീപമുള്ള ചെത്തല്ലൂർ ഗ്രാമത്തിലെ നാരായണമംഗലം മനയിൽ(ആമയൂര്‍മന) നിന്ന് വേദപഠനത്തിനായി രായിരനല്ലൂർ മലയ്ക്കടുത്തുള്ള തിരുവേഗപ്പുറ എന്ന സ്ഥലത്ത് എത്തിച്ചേർന്നു.  തിരുവേഗപ്പുറ അഴകപ്രമനയിലായിരുന്നു താമസം. എന്നാൽ, അതിരാവിലെ രായിരനെല്ലൂർ മനയുടെ ചുവട്ടിൽ വരികയും വലിയകല്ലുകളിൾ മുകളിലേക്ക് ഉരുട്ടിക്കയറ്റുകയും മുകളിലെത്തിക്കഴിഞ്ഞാൽ കല്ലുകൾ താഴേക്ക് ഉരുട്ടിവിട്ട് രസിക്കുക എന്നതും നാരായണത്തുഭ്രാന്തന്റെ ഒരു ഇഷ്ടവിനോദമായിത്തീരുന്നു. മനുഷ്യജീവിതത്തിന്റെ നിരർത്ഥകതയിലേക്കു വിരൽ ചൂണ്ടുന്ന പ്രവൃത്തിയെന്നാണ്‌ ഇതിന്റെ ദാർശനികമായ വ്യാഖ്യാനം. സ്വച്ഛന്ദതയുടെയും സർഗ്ഗാത്മകതയുടെയും പ്രതീകമായി ആലിൻകൊമ്പിൽ ഊഞ്ഞാലാടിക്കൊണ്ടിരുന്ന ദേവിക്ക് നാറാണത്തുഭ്രാന്തന്റെ ഈ പ്രവൃത്തി നന്നേ ഇഷ്ടപ്പെട്ടു. ഒരു തുലാമാസം ഒന്നാം തീയതി ദേവി നാറാണത്തുഭ്രാന്തന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. മലമുകളിൽ ഇന്ന് ശേഖരിച്ച പുഷ്പങ്ങൾ കൊണ്ട് അർച്ചനയും കദളിപ്പഴം കൊണ്ട് നിവേദ്യവും ദേവിക്കുമുന്നിൽ സമർപ്പിച്ചു. ദേവി നാറാണത്തുഭ്രാന്തനെ കാണുകയും ആൽമരത്തിൽ നിന്നിറങ്ങി മരം വലംവച്ച് അടുത്ത് രൂപംകൊണ്ട ഏഴുകുഴികളിലൊന്നിൽ അപ്രത്യക്ഷമാവുകയും ചെയ്തു. തുടർന്ന് അദ്ദേഹം പൂജകൾ ചെയ്തു. പിൽക്കാലത്ത് ചെത്തല്ലൂർ നാരായണമംഗലത്ത് ഭട്ടതിരി കുടുംബം രായിരനല്ലൂർ മനയുടെ അടിവാരത്തേക്ക് താമസമാക്കുകയും മലമുകളിൽ ക്ഷേത്രം നിർമ്മിച്ച് പൂജകൾ തുടരുകയുമായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഇന്നും താന്ത്രികാവകാശം ആമയൂർ മനയ്ക്കൽ ഭട്ടതിരി കുടുംബത്തിനാണ്‌.

വനദുർഗ്ഗാ ക്ഷേത്രം

മലമുകളിൽ ദേവിയുടെ കാൽപാദങ്ങൾ പതിഞ്ഞ സ്ഥലത്താണ്‌ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദേവി പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒൻപത് കാലടികൾ കാണപ്പെടുന്നു. അവയിലൊന്നിൽ എല്ലാക്കാലത്തും കാണപ്പെടുന്ന തീർത്ഥമാണ്‌ ഭക്തർക്ക് പ്രസാദമായി നൽകുന്നത്. ഈ തീർത്ഥത്തിൽ ദേവീ സാന്നിദ്ധ്യം ചെയ്യുന്നു എന്ന സങ്കൽപത്തിൽ അവിടെയാണ്‌ പൂജ നടത്തിവരുന്നത്. രാവിലെ മാത്രമാണ്‌ ക്ഷേത്രത്തിൽ നിത്യപൂജയുള്ളത്. പതിവുശൈലിയിൽ പ്രതിഷ്ഠയില്ലാത്ത ഈ ക്ഷേത്രത്തിൽ ദേവിയുടെ പാദമുദ്രയിലാണ്‌ പൂജകൾ. ക്ഷേത്രം അശുദ്ധമായാൽ പുണ്യാഹമല്ല പഞ്ചഗവ്യമാണ്‌ തളിക്കുക. ഇതരക്ഷേത്രങ്ങളിലുള്ളതുപോലെ ഉത്സവവിശേഷങ്ങളും ഇല്ല. ദേവി നാറാണത്തുഭ്രാന്തനുമുന്നിൽ പ്രത്യക്ഷപ്പെട്ട തുലാം ഒന്ന്, ദേവിയുടെ ജന്മനക്ഷത്രമായ വൃശ്ചികമാസത്തിലെ കാർത്തിക എന്നീ ദിവസങ്ങളാണ്‌ ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ. നിത്യപൂജയുള്ളത് രാവിലെ മാത്രവും. രാവിലെ 6 മുതൽ 8 വരെയാണ്‌ പൂജാസമയം. പ്രകൃതി ഉപാസനയെ അനുസ്മരിപ്പിക്കും വിധം ലളിതമായ ആചാരാനുഷ്ഠാനങ്ങൾ. വർഷത്തിലെ രണ്ട് വിശേഷദിവസങ്ങളോടനുബന്ധിച്ചും ധാരാളം ഭക്തജനങ്ങൾ സമീപജില്ലകളിൽ നിന്നുപോലും ഇവിടേക്ക് വന്നെത്തുന്നു. മറ്റുദിവസങ്ങളെല്ലാം യാതൊരു തിരക്കുമില്ലാതെ സ്വച്ഛന്ദമായി പ്രകൃതിഭംഗിയാൽ ചുറ്റപ്പെട്ട സങ്കേതമായി മലമുകളിലെ മൈതാനവും ക്ഷേത്രവും നാറാണത്തുഭ്രാന്തന്റെ പ്രതിമയും നിലനിൽക്കുന്നു.

നാറാണത്തുഭ്രാന്തൻ പ്രതിമ (Statue of Naranathu Bhranthan)

“ഭ്രാന്തരാൽ അകപ്പെട്ട മർത്ത്യൻ
ഭ്രാന്തരാലറിഞ്ഞു മുഴു ഭ്രാന്തനെന്ന്
ആയിരം അർത്ഥമതേകും പ്രയത്നം
മുഴുഭ്രാന്തിന്റെ ചെയ്തികളായി ചമച്ചു
മുമ്പിലിപ്പാറയായ് കാത്തു നില്ക്കുമൊരു
മർത്ത്യ ലോകത്തിന്റെ ജന്മത്തിനായ്“...

സുരേന്ദ്രകൃഷ്ണൻ എന്ന ശിൽപി 1995ൽ സ്ഥാപിച്ചതാണ്‌ ഈ പ്രതിമ.

വിശേഷങ്ങൾ വഴിപാടുകൾ

നാറാണത്തുഭ്രാന്തന്‌ ദേവി ദർശനം നൽകിയ തുലാം 1 ആണ്‌ ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസം. ഇതോടനുബന്ധിച്ച് തുലാം സംക്രമദിവസം അവസാനിക്കുന്ന വിധത്തിൽ മൂന്ന് ദിവസത്തെ ലക്ഷാർച്ചനയും നടത്തിവരുന്നു. വൃശ്ചികമാസത്തിലെ തൃക്കാർത്തികയാണ്‌ മറ്റൊരു വിശേഷദിവസം അന്നേദിവസം ക്ഷേത്രത്തിൽ വാരവും പ്രസാദഊട്ടും നടത്തിവരുന്നു. ഉദ്ധിഷ്ടകാര്യസാദ്ധ്യത്തിനായി നടത്തുന്ന മലർപറയാണ്‌ ക്ഷേത്രത്തിലെ വിശേഷ വഴിപാടുകളിൽ പ്രധാനമായത്. സന്താനലബ്ദ്ധിക്കായുള്ള വഴിപാടുകളും നടത്തുന്നുണ്ട്. ആൺ സന്താനസബ്ദ്ധിക്കായി കിണ്ടിയും പെൺ സന്താനസബ്ദ്ധിക്കായി ഓടവും കമഴ്ത്തി (സ്വർണ്ണം, വെള്ളി, ഓട് എന്നിവയിൽ ഒന്നുകൊണ്ട് നിർമ്മിച്ചത്.) പ്രാർത്ഥിക്കുകയും സന്താനലബ്ദ്ധിക്കുശേഷം അവിടെച്ചെന്ന് കമഴ്ത്തി വെച്ചിരിക്കുന്ന ഈ പാത്രങ്ങളിൽ നെയ്യ് നിറച്ച് മലർത്തി വയ്ക്കുകയും വേണം. പുഷ്പാ ഞ്ജലി, വിളക്ക്, മാല, നെയ് വിളക്ക് തുടങ്ങിയ വഴിപാടുകളും ക്ഷേത്രത്തിൽ നടത്തിവരുന്നു.

ക്ഷേത്രകാര്യനിർവ്വഹണം

ക്ഷേത്രത്തിൽ പൂജനടത്തിവരുന്നത് പാരമ്പര്യ തന്ത്രികുടുംബമായ നാരായണമംഗലത്ത് ആമയൂർ മനക്കാരാണ്‌. പാരമ്പര്യ രീതിയിൽ ഉപദേശിക്കപ്പെടുന്ന പ്രത്യേക സമ്പ്രദായത്തിലാണ്‌ ഇവിടുത്തെ പൂജാവിധികൾ. വൈകുന്നേരം മലയുടെ താഴെയുള്ള ഇല്ലത്തുവച്ചും പൂജ നടത്തുന്നു. ഇല്ലക്കാരുടെ ഉപാസനാമൂർത്തിയായ വേട്ടയ്ക്കൊരുമകൻ, ഉപദേവനായ അയ്യപ്പൻ എന്നിവരുടെ പ്രതിഷ്ഠകളും ഇല്ലത്ത് ഉണ്ട്. ഈ അടുത്ത കാലത്തായി ക്ഷേത്ര നടത്തിപ്പിനായി നാരായണത്തുഭ്രാന്തൻ ശ്രീദ്വാദശാക്ഷരീ ട്രസ്റ്റ് എന്ന പേരിൽ ഒരു കുടുംബ ട്രസ്റ്റ് രൂപീകർച്ചിട്ടുണ്ട്. പ്രസ്തുത ട്രസ്റ്റിന്റെ ആസ്ഥാനം മലയുടെ താഴെ സ്ഥിതിചെയ്യുന്ന നാരായണമംഗലത്ത് ആമയൂർ മനയാണ്‌.

ചിത്രങ്ങൾ...
(Click to see Larger Images...)

rayiranelloor temple
പടിഞ്ഞാറുഭാഗത്തുനിന്നും മലയുടെ മുകളിലേക്കുള്ള പടികളുടെ ആരംഭം


rayiranelloor temple
മലമുകളിൽ നിന്നും പടിഞ്ഞാറുഭാഗത്തേക്കുള്ള ദൃശ്യം


rayiranelloor
ക്ഷേത്രവും ആൽ മരങ്ങളും

rayiranelloor
ക്ഷേത്രവും ആൽ മരങ്ങളും

rayiranelloor temple
അഗാധമായ കുഴിയിൽ നിന്നും വളർന്നുനില്ക്കുന്ന ആൽമരങ്ങൾ

rayiranelloor temple
ക്ഷേത്രത്തിനു മുന്നിലായി വളർന്നുനിൽക്കുന്ന മൂന്ന് ആൽമരങ്ങൾ

naranathu bhranthan
മൈതാനത്തിന്റെ ഒരറ്റത്തായി സ്ഥിതിചെയ്യുന്ന നാറാണത്തുഭ്രാന്തൻ പ്രതിമ

naranathu bhranthan
നാറാണത്തുഭ്രാന്തൻ പ്രതിമ
യാത്ര സംഘടിപ്പിച്ചത്:
എ.കെ. ചരിത്ര പഠന കേന്ദ്രം, കോട്ടയം
 ~ ~ ~ ! ~ ~ ~

Saturday, November 23, 2013

അധിനിവേശം പശ്ചിമഘട്ടങ്ങളിലേക്കും

survival
അതിജീവനം അതീവദുഷ്കരം
കർഷകരെ കുടിയിറക്കുകയോ കൃഷിയെ ചെറുക്കുകയോ ചെയ്യാത്ത പരിസ്തിതി സംരക്ഷണ റിപ്പോർട്ടിനെതിറെ നൂറുകണക്കിന്‌ കർഷകർ തെരുവിലിറങ്ങുകയുണ്ടായി. എങ്ങനെയുള്ള കർഷകർക്കുവേണ്ടിയായിരുന്നു അത് ?
പാറമടയിൽ നിന്നും വരുമാനം നേടുന്ന കർഷകൻ
ഖനനം നടത്തുന്ന കർഷകൻ
റിസോർട്ടുകൾ പണിയുന്ന കർഷകൻ
വൻകിട ഷോപ്പിംഗ് കോമ്പ്ലക്സുകൾ പണിയുന്ന കർഷകൻ
വൈദ്യുതനിലയം പണിയുന്ന കർഷകൻ
റെഡ് സോണിൽപ്പെട്ട വ്യവസായങ്ങൾ തുടങ്ങുന്ന കർഷകൻ
........
ഇങ്ങനെയുള്ള ‘കർഷക’രെ സംരക്ഷിക്കാനാണ്‌ അറിഞ്ഞോ അറിയാതെയോ നൂറുകണക്കിന്‌ യഥാർത്ഥ കർഷകർ തെരുവിലിറങ്ങിയതും പ്രക്ഷോഭം നടത്തിയതും. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കാത്ത... പരിഷ്കാരത്തിന്റെ പുറം ചട്ടയില്ലാത്ത ആരാധനാസമ്പ്രദായങ്ങളെയുന്നും ബഹുമാനിക്കാത്ത... സമ്പത്തിലും പ്രൗഡിയിലും നിലയുറപ്പിച്ച് മുന്നേറുന്നവരെന്ന ദുഷ്പേര്‌ അധിനിവേശകാലം മുതൽ ക്രൈസ്തവസഭകൾക്കുണ്ട്. പ്രശാന്തസുന്ദരമായ ചുറ്റുപാടിൽ നിലനിന്നിരുന്ന പള്ളിവളപ്പിൽ ഷോപ്പിംഗ് കോംപ്ലക്സും ആശുപത്രിയും കെട്ടിടസമുച്ചയങ്ങളും നിർമ്മിച്ചവരോട് എന്തുപറയാൻ‌. കൃതൃമചുറ്റുപാടിനോട് ഒരു പ്രത്യേക അഭിനിവേശമുള്ളതുപോലുള്ള പ്രവർത്തനങ്ങൾ. പ്രകൃതിയുമായുള്ള ബന്ധം സ്വാഭാവികമായി ഇഴുകിച്ചേർന്നിട്ടില്ലാത്തതുപോലുള്ള പ്രവർത്തനരീതികൾ. അങ്ങനെയുള്ള ഒരു ജനവിഭാഗത്തിന്‌ വികസനപ്രവർത്തനങ്ങളിൽ അകമഴിഞ്ഞ് സഹായിക്കുന്നതിന്‌ യാതൊരു മനസ്താപവുമുണ്ടാകാനിടയില്ല. (വേറിട്ട സ്വരങ്ങൾ അപൂർവ്വമായി ഉണ്ടെന്നതും ഓർമ്മിക്കുന്നു). സമീപകലത്ത് പരിസ്ഥിതിസംരക്ഷണത്തിനായുള്ള പദ്ധതികൾ ക്രൈസ്തവസഭ്കൾ ആരംഭിച്ചിരുന്നു. എന്നാലിപ്പോൾ ഈ ആശാവഹമായ പരിവർത്തങ്ങളെയെല്ലാം തകിടംമറിച്ചുകൊണ്ട് ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്‌ സഭാനേതൃത്വവും അനുയായികളും.

ഗാഡ്ഗിൽ റിപ്പോർട്ടോ കസ്തൂരിരംഗൻ റിപ്പോർട്ടോ നടപ്പാക്കിയാൽ ചോരപ്പുഴയൊഴും എന്ന പ്രസ്താവിക്കുകവരെയുണ്ടായി. ആത്മീയാദർശങ്ങളെയെന്നല്ല സാമൂഹികപ്രതിബദ്ധതയെപ്പോലും മറന്നിരിക്കുന്നു. ഈയിടെ നടന്ന പ്രതിക്ഷേധം അക്രമത്തിൽ കലാശിച്ചത് നാം കണ്ടു. കർഷരുടെ പേരിൽ ഇങ്ങനെ കലാപം നടത്തുന്നവർക്ക് ഇത്തരം പ്രസ്താവനകൾ ഒരു മുതൽക്കൂട്ടാവുകയേ ഉള്ളൂ. കർഷകരെ കുടിയിറക്കാനോ കൃഷിചെയ്യരുതെന്നോ റിപ്പോർട്ടിൽ പറയുന്നില്ല. റിപ്പോർട്ട് നടപ്പായില്ലെങ്കിലാണ്‌ സ്ഥിതിഗതികൾ വഷളാവാൻ സാധ്യത. റിസോർട്ടുകൾക്കും വ്യവസായങ്ങൾക്കും വൻകിട ഷോപ്പിംഗ് കോംപ്ലക്സുകൾക്കും ടൗൺഷിപ്പുകൾക്കുംവേണ്ടി കർഷകർ ഒഴിഞ്ഞുകൊടുക്കേണ്ടിവന്നേക്കാം. അങ്ങനെയെങ്കിൽ യഥാർത്ഥ കർഷകനെ സംരക്ഷിക്കുന്നതാണ്‌ കസ്തൂരിരംഗൻ റിപ്പോർട്ട്.

സാറ്റ്ലൈറ്റ് സർവ്വേയുടെ അപാകതകൾ കാരണം തേയിലതോട്ടങ്ങളെയും റബ്ബർതോട്ടങ്ങളെയും മറ്റും വനഭൂമിയായി തെറ്റിദ്ധരിക്കുകയും പരിസ്ഥിതിലോലപ്രദേശമായി കണക്കാക്കുകയും ചെയ്തതായും കരുതുന്നു. അങ്ങനെയെങ്കിൽ യഥാർത്ഥ വനവിസ്തൃതി ഇപ്പോൾ നടപ്പാക്കിയ സർവ്വേപ്രകാരമുള്ളതിലും കുറവായിരിക്കും. അപ്പോൾകേരളത്തിലാകമാനം പരിസ്ഥിതിസംരക്ഷണത്തിന്‌ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടിവരും. പരിസ്ഥിതിവാദികൾക്ക് ബലമേകുന്നതാണ്‌ ഈ വാദം.

സമാനസ്വഭാവമുള്ള പ്രശ്നങ്ങളാണ്‌ ആറന്മുളയിലും കാണുന്നത്. ഭാവിയിൽ വൻകിടകുത്തകകൾക്കുവേണ്ടി വഴിമാറിക്കൊടുക്കേണ്ടിവരാവുന്നവിധം കാര്യങ്ങളെ രൂപപ്പെടുത്തിയെടുക്കുകയാണ്‌ കസ്തൂരിരംഗൻറിപ്പോർട്ടിനെ എതിർക്കുന്നവർ ചെയ്യുന്നത്. ജൈവവൈവിധ്യവും പരിസ്ഥിതിപ്രാധാന്യവും കൃഷിയും ഇല്ലാതായാൽ അവിടെ വൻനിർമ്മാണപ്രവർത്തനങ്ങൾ വരികയായി. വനഭൂമി കൃഷിഭൂമിക്കും കൃഷിഭൂമി ടൗൺഷിപ്പുകൾക്കും വ്യവസായങ്ങൾക്കും വഴിമാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്‌ എവിടെയും കാണുന്നത്. കഴിഞ്ഞ ഇരുപത് വർഷമായി ഈ തളർച്ച ദ്രുതഗതിയിലാണ്‌ നടക്കുന്നത്. ആറന്മുളയുടെയെന്നുമാത്രമല്ല എല്ലാഗ്രാമങ്ങളുടെയും നഗരവൽക്കരണമാണ്‌ ചിലർ ആഗ്രഹിക്കുന്നത്. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രൊജക്ടുകൾ നടപ്പാക്കുമ്പോൾ മുതൽ വൻ സാമ്പത്തികനേട്ടം. എതിരായ പ്രക്ഷോഭം ഒരുഭാഗത്ത് നടക്കും പദ്ധതിക്കാവശ്യമായ അനുമതി നടത്തിപ്പുകാർ നേടിയെടുക്കും പദ്ധതി പ്രവർത്തിച്ചുതുടങ്ങും പ്രക്ഷോഭം പതിയെ കെട്ടടങ്ങും. ഇതാണ്‌ സംഭവിക്കാറുള്ളത്. ഇങ്ങനെയയാൽ ആറന്മുള്ള, ഇടുക്കി, കണ്ണൂർ, .... കേരളത്തിലെ വിമാനത്താവളങ്ങളുടെ പട്ടിക അങ്ങനെ നീണ്ടുപോകും. വിമാനത്താവളങ്ങൾ തമ്മിലുള്ള അകലം പരിശോധിച്ചാൽ ഇത്തരം നിമ്മിതി അനാവശ്യമാണെന്നുകാണാം. ആറന്മുള  ഒരു പൈതൃകഗ്രമമായിത്തന്നെ നിലനിർത്തണം. ഏതുവിധേനയും ഒരു വൻകിടപദ്ധതി നടപ്പാക്കിയാൽ അവിടെനിന്നും പിൻതിരിഞ്ഞുപോകേണ്ടിവരുന്നില്ല. പൂർത്തിയാക്കിയ ഒരു വൻകിട പദ്ധതിക്കും പരിസ്ഥിതിക്കുവേണ്ടി വഴിമാറിക്കൊടുക്കേണ്ടിവന്നിട്ടില്ല. ഈയൊരു വ്യവസ്ഥയ്ക്ക് മാറ്റം വരാൻ പരിസ്ഥിതിവാദികൾ മുൻകൈയ്യെടുക്കണം. എങ്കിലേ “നിർമ്മിതികൾ അത്യാവശ്യത്തിനുമാത്രം” എന്നനിലയിലേക്ക് നാട് പുരോഗമിക്കൂ.

“മനുഷ്യനെ മറന്ന് പ്രകൃതിസംരക്ഷണം പാടില്ല” എന്ന് പറയുന്നവർ ഒരുകാര്യം മറന്നുപോയിരിക്കുന്നു. മനുഷ്യനെന്നതും പ്രകൃതിയുടെ ഭാഗമാണ്‌. നാഗരികതമാത്രമേയുള്ളൂവെങ്കിൽ നിലനിൽപ് സാധ്യമല്ലാതെവരും. ജനസാന്ദ്രത വളരെയധികം കുറയുമ്പോൾ മാത്രമല്ലാതെ മനുഷ്യന്റെ ആർത്തിയെ തൃപ്തിപ്പെടുത്താൻ സാധ്യമല്ല. യഥാർത്ഥ പ്രകൃതിസംരക്ഷണമാണ്‌ ലക്ഷ്യമിടുന്നതെങ്കിൽ ഗാഡ്ഗിൽ റിപ്പ്പോർട്ട് നടപ്പാക്കുകയാണ്‌ വേണ്ടത്. കേരളത്തിന്റെ ജനസാന്ദ്രത അതിനനുവദിക്കാതെ വരുന്ന ഈ സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്‌ പരമാവധി ഇളവുകൾ വരുത്തിക്കൊണ്ട് ഒരു നടപടി സാദ്ധ്യമെങ്കിൽ അതാണ്‌ കസ്തൂരിരംഗൻ റിപ്പോർട്ട്. കർഷകരുടെ തെറ്റായ ധാരണകൾ ദൂരീകർക്കുകയും റിപ്പോർട്ട് നടപ്പാക്കുകയും വേണം.

Related Article:
വികസനത്തിലേക്ക് കൂപ്പുകുത്തുന്ന കേരളം
~ ~ ~ ! ~ ~ ~

Friday, August 30, 2013

‘ഒരു യോഗിയുടെ ആത്മകഥ’ - പരമഹംസ യോഗാനന്ദൻ

Oru Yogiyute Athmakadha
Autobiography of a Yogi - Paramahamsa yogananda ഒരു യോഗിയുടെ ആത്മകഥ
 ഇക്കാണുന്ന ലോകത്തിനതീതമായി രഹസ്യാത്മകവും യോഗാത്മകദർശനപരവുമായ നിരവധി സത്യങ്ങളുണ്ട്. അവയിലൂടെ ആഴ്ന്നിറങ്ങുന്ന ഒരു അസാധാരണ ഗ്രന്ഥം...
‘ക്രിയായോഗ’ എന്ന മഹത്തായ യോഗവിദ്യയെക്കുറിച്ചും ശ്രീ ശ്രീ പരമഹംസ യോഗാനന്ദനാൽ സ്ഥാപിതമായ ‘യോഗദാ സത്സംഗ സൊസൈറ്റി ഓഫ് ഇൻഡ്യ / സെൽഫ്-റിയലൈസേഷൻ ഫെലോഷിപ്’ (YSS / SRF) എന്ന ആത്മീയ പ്രസ്ഥാനത്തെക്കുറിച്ചുമുള്ള വ്യക്തമായ വിവരണങ്ങളും അടങ്ങിയിരിക്കുന്നു. 26 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട Autobiography of a Yogi എന്ന കൃതിയുടെ സമ്പൂർണ്ണവും സംക്ഷേപിക്കാത്തതുമായ മലയാള പരിഭാഷ.

Book: ഒരു യോഗിയുടെ ആത്മകഥ
Oru Yogiyute Athmakadha

Author:ശ്രീ ശ്രീ പരമഹംസ യോഗാനന്ദൻ
Sri Sri Paramahamsa Yoganandan

Language: Malayalam

Published in India: Yogada Satsanga Society of India
Distributors:
Jaico Publishing House
Vidyarambham Publishers, Alappuzha
ഈ പുസ്തകം തപാലിൽ വാങ്ങുവാനുള്ള സൗകര്യം Puzha.com-ൽ ഉണ്ട്. (Link to page...)

First Malayalam Edition 2001
Sixth Impression, 2011
ISBN 978-81-902562-9-2
Pages 646 Price: Rs.125/-

Saturday, August 24, 2013

‘ഗുരുസമക്ഷം’ - ശ്രീ എം

ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ
Gurusamaksham-Oru Himalayan Yogiyude Athmakadha

Apprenticed to a Himalayan master - A yogi's Autobiography എന്ന കൃതിയുടെ മലയാള പരിഭാഷ. ശ്രീ എം തിരുവനന്തപുരത്ത് ജനിച്ചു. ബാല്യകാലം മുതൽ ചില അസാധാരണ ചിന്തകളും അനുഭവങ്ങളും അദ്ദേഹത്തെ പിൻതുടർന്നിരുന്നു. പൗരാണിക വിജ്ഞാനത്തിലും സാധനക്രമങ്ങളിലും പ്രത്യേക താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇസ്ലാമിക കുടുംബത്തിലായിരുന്നു ജനനം എങ്കിലും ഭാരതീയ വേദവിജ്ഞാനങ്ങളിലും അനുഷ്ഠാനങ്ങളിലും വലിയ പാണ്ഡിത്യം നേടുകയുണ്ടായി. കേവലം യാദൃശ്ചികമായല്ല, അതിലേക്കുനയിച്ച ആ സ്ഥിതിവിശേഷങ്ങളും സംഭവബഹുലമായ ജീവിതവും ആത്മകഥയിൽ വായിക്കാം. മിക്കവാറും എല്ലാ മതങ്ങളിലും അവഗാഹം നേടിയിട്ടുണ്ട്. ഭാരതത്തിന്റെ തെക്കെ അറ്റം മുതൽ ഹിമാലയം വരെയെത്തിനിൽക്കുന്നതാണ്‌. ഗുരുവിനെത്തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര. സൂഫിസവും പൗരാണിക ഭാരതീയ ദർശനങ്ങളും യാത്രയിലുടനീളം കാണാം. ഇന്ത്യയിൽ ഇന്നുകാണുന്ന വിവിധതരം സന്യാസി സമ്പ്രദായങ്ങൾ, മഠങ്ങൾ, ക്ഷേത്രങ്ങൾ, ആചാരങ്ങൾ, വിവിധതരം ആശ്രമങ്ങളും ആത്മീയപ്രസ്ഥനങ്ങളും, അവയുടെ അന്തസത്തയും അന്തഃഛിദ്രവും തമ്മിലുള്ള തിരിച്ചറിവുകൾ എന്നിവയെക്കുറിച്ചെല്ലാം ലഘുവിവരണങ്ങൾ അടങ്ങിയിരിക്കുന്നു. ഹിമാലയത്തിൽ വച്ച് ആ ഗുരുവിനെ കണ്ടുമുട്ടുകയും ആത്മീയവും വിസ്മയകരവും അവിസ്മരണീയവുമായ ജീവിതം നയിക്കുകയും ഗുരുവിന്റെ നിർദ്ദേശപ്രകാരം ലൗകികജീവിതത്തിലേക്ക് മടങ്ങിവരികയും ശ്രീ എം എന്നപേരിൽ അറിയപ്പെടുകയും ചെയ്തു. ഗുരുവിൽ നിന്നും സ്വീകരിച്ച തത്വങ്ങളും സാധനക്രമങ്ങളും ലോകമെമ്പാടും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ശ്രീഗുരുബാബാജിയെക്കുറിച്ചും ക്രിയായോഗയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ. ആശയങ്ങളുടെ പ്രചരണാർത്ഥം SatsangFoundation എന്നൊരു സംഘടനയ്ക്കും രൂപം നൽകിയിട്ടുണ്ട്. ഇന്ന് ലോകമെമ്പാടും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

(ആത്മീയപര്യടനമെന്നനിലയിലോ ഹിമാലയൻ യാത്രയെന്നനിലയിലോ ഈ പുസ്തത്തിനുള്ള അന്തസത്ത പുസ്തകപരിചയത്തിൽ ഉൾക്കൊള്ളാനായിട്ടില്ല എന്ന് അറിയുക. ബാഹ്യമായ ഒരു നിരീക്ഷണമെന്ന നിലയിൽ മാത്രം ഈ പുസ്തകപരിചയത്തെ കരുതാം. ആഴത്തിലുള്ള വായനയിൽ ഓരോരുത്തരുടെയും ലോകം വ്യത്യസ്തമായേക്കാം! നിങ്ങളുടെ നിരീക്ഷണങ്ങളിലേക്കും അനുഭവങ്ങളിലേക്കും നിങ്ങൾതന്നെ ചെന്നെത്തേണ്ടതുണ്ട്...)
~~~!~~~
Book Name: ഗുരുസമക്ഷം-ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ
Gurusamaksham-Oru Himalayan Yogiyude Athmakadha
Author: ശ്രീ എം Sri M
Category: ആത്മകഥ Autobiography
Language: Malayalam
Translation: ഡി. തങ്കപ്പൻനായർ D. Thankappan Nair
Publishers: D C Books, Kottayam
First Published: April 2012
ISBN 978-81-264-3504-3
Pages: 350 Price: Rs.225/-

Friday, July 26, 2013

'അക്രയിൽനിന്നും കണ്ടെടുത്ത ലിഖിതങ്ങൾ' - പൗലോ കൊയ്‌ലോ

Accrayilninnum Kandedutha Likhithangal

ചെറുതോ വലുതോ അനുകൂലമോ പ്രതികൂലമോ ആയി നിത്യജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന വിവിധങ്ങളായ സമസ്യകളെ 700 വർഷങ്ങൾക്കുമുൻപ് രചിക്കപ്പെട്ടതെന്ന് കരുതുന്ന ആ അമൂല്യദർശനങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചുതരുന്നു. തത്വചിന്താധിഷ്ഠിതമായ അദ്ധ്യായങ്ങൾ. അക്രയിൽനിന്നും കണ്ടെത്തിയ കയ്യെഴുത്തുപ്രതികളിലേക്കെത്താനിടയായ ചരിത്രപശ്ചാത്തലം ആമുഖമായും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഘാനയുടെ തലസ്ഥാനനഗരമാണ്‌ ഇന്ന് അക്ര (Accra). ഈ കയ്യെഴുത്തുപ്രതികളാകട്ടെ, ഏഴായിരത്തോളം കിലോമീറ്ററുകൾക്കപ്പുറമുള്ള അപ്പർ ഈജിപ്തിലെ നാഗ് ഹമ്മാദി (Nag Hammadi) യിൽ നിന്നും കണ്ടെത്തിയ കയ്യെഴുത്തു പ്രതികളുമായും ബന്ധമുള്ളതാകുന്നു. ലോകപ്രശസ്ത ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്‌ലോ ആണ്‌ ഗ്രന്ഥകർത്താവ്. പ്രതിപാദ്യവിഷയം ദാർശനികമാണെങ്കിലും പുതിയ മേഖലകളിലേക്കുള്ള ചരിത്രപഠനത്തിനും മതവിജ്ഞാനത്തിലേക്കുമുള്ള സൂചകങ്ങൾകൂടി ഈ കൃതിയിൽ ഉൾപ്പെട്ടിരിക്കുന്നു.
~~~!~~~
Original Portuguese Title: Manuscrito Encontrado Em Accra
English Title: Manuscript Found in Accra
Malayalam Title: Accrayilninnum Kandedutha Likhithangal
Author: Paulo Coelho പൗലോ കൊയ്‌ലോ
Translated by (Malayalam): Rema Menon രമ മേനോൻ
Category: Novel നോവൽ
Publishers (Malayalam): DC Books, Kottayam
First Edition: April 2013
ISBN 978-81-264-4111-2
Pages: 212 Price: Rs.125/-
---------------------

Thursday, July 25, 2013

ഗ്രീൻബുക്ക് - Recycled books

വൃക്ഷങ്ങൾ ഉപയോഗിച്ചാണ്‌ പുസ്തകനിർമ്മാണത്തിനാവശ്യമായ കടലാസ് നിർമ്മിക്കുന്നത്. ഇന്ന് നാം വായിക്കുന്ന മിക്കവാറും എല്ലാ പുസ്തകങ്ങളും ഇത്തരത്തിൽ നിർമ്മിച്ചവയാണ്‌. റീസൈക്ലിങ്ങ്പ്രക്രിയയിലൂടെ സംസ്കരിച്ചെടുത്ത പേപ്പർ ഉപയോഗിച്ച് പുസ്തകനിർമ്മാണം നടത്തിയാൽ ഈ ആവശ്യത്തിനുവേണ്ടി മരങ്ങൾ മുറിക്കുന്നത് ഒരുപരിധിവരെ ഒഴിവാക്കാം. ഫിൻലൻഡിലെയും കാനഡയിലെയും അമൂല്യമായ വനശേഖരങ്ങൾ പേപ്പർനിമ്മാണത്തിനായി മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്‌. ഈ സന്ദർഭത്തിലാണ്‌ റീസൈക്കിൾ ചെയ്ത പേപ്പർ ഉപയോഗിച്ച് പുസ്തകം പ്രസിദ്ധീകരിക്കുക എന്ന ആശയത്തിന്‌ കാനഡയിലെ പരിസ്ഥിതിപ്രവർത്തകരും പുസ്തകപ്രസാധകരും എഴുത്തുകാരും ചേർന്ന് പ്രചാരം കൊടുത്തത്. 2003ലെ ഹാരിപോട്ടർ Orker of the Phoenix , 2005ലെ Half-Blood Prince എന്നിവ കാനഡയിൽ പ്രസിദ്ധീകരിച്ചത് റീസൈക്കിൾ ചെയ്തെടുത്ത പേപ്പർ ഉപയോഗിച്ചാണ്‌. അഞ്ചാമത്തെ സിരീസ് ആയ Harry Potter and the Order of the Phoenixഉം അങ്ങനെതന്നെ ആയിരിക്കും കാനഡയിൽ.

ഗ്രീൻ ബുക്ക് [Green book]

പുസ്തകപ്രസിദ്ധീകരണ വ്യവസായത്തെ പരിസ്ഥിതി സൗഹാർദ്ദപരമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ലോകവ്യാപകമായി ഗ്രീൻപീസ് സംഘടിപ്പിച്ച ഒരു സംരംഭം. JK Rowling, Ian Rankin, Gunter Grass, Isabel Allende എന്നിങ്ങനെയുള്ള പ്രമുഖരായ എഴുത്തുകാരുടെ പിൻതുണയുമുണ്ട്. മിക്കാവാറും എല്ലാ പ്രസിദ്ധീകരണങ്ങളും, പ്രത്യേകിച്ചും യൂറോപ്പിലെയും നോർത്ത് അമേരിക്കയിലെയും, പ്രസിദ്ധീകരിക്കുന്നത് ഫിൻലൻഡ് കാനഡ പോലുള്ള രാജ്യങ്ങളിലെ വനങ്ങൾ നശിപ്പിച്ചുകൊണ്ടാണെന്ന് കണ്ടെത്താനായി. തെക്കുകിഴക്കൻ ഏഷ്യയിൽ children's booksനുവേണ്ടി ഇൻഡോനേഷ്യയിലെ മഴക്കാടുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീൻപീസ്സിന്‌ കണ്ടെത്താൻ കഴിഞ്ഞു. ഇതെല്ലാം ലോകമെമ്പാടും നടക്കുന്നതിന്‌ ചില ഉദാഹരണങ്ങൾ മാത്രം. ഇന്ത്യയിലെ സ്ഥിതിവിവരക്കണക്കുകളെക്കുറിച്ച് ധാരണയൊന്നുമില്ല. ഇന്ത്യയിൽ ഏകദേശം 20,000 പ്രാസാധകർ ഉണ്ടെന്നാണ്‌ കണക്ക്. ഓരോ വർഷവും 1ലക്ഷം പുസ്തകങ്ങൾ (titles) പ്രസിദ്ധീകരിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളുടെ ഗണത്തിൽ മൂന്നാം സ്ഥാനവും ലോകത്ത് ഏഴാം സ്ഥാനവും ഇന്ത്യക്കുണ്ട്. അങ്ങനെയെങ്കിൽ ഓരോ വർഷവും എത്രമാത്രം മരങ്ങൾ ഇന്ത്യയ്ക്കുവേണ്ടി മുറിക്കുന്നുണ്ടാവും ?

ഇൻഡ്യൻ പേപ്പർ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് പ്രതിവർഷം 1,000,000 ടൺ വേസ്റ്റ്പേപ്പർ റീസൈക്കിൾ ചെയ്യുന്നുണ്ട്. എന്നാൽ റിക്കവറിറേറ്റ് ഏകദേശം 20 ശതമാനം മാതമേയുള്ളൂ. 65 ശതമാനം വരെ റിക്കവറിറേറ്റ് സാദ്ധ്യമാകുമ്പോഴാണ്‌ ഇന്ത്യയിൽ ഈ സ്ഥിതി. ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന അസംസ്കൃതപദാർത്ഥങ്ങളും ഉൽപാദിപ്പിക്കപ്പെടുന്ന രാസമാലിന്യങ്ങളുടെ സംസ്കരണവും തീർച്ചയായും കണക്കിലെടുക്കണം. കൂടുതൽ മെച്ചപ്പെട്ട സാങ്കേതികവിദ്യകൾ ആവശ്യമായിവരുന്നു.

റീസൈക്ലിങ്ങ് പ്രയാസമാണെങ്കിലും Re-use സാധിക്കും. നിർമ്മാണപ്രക്രിയയ്ക്കാവശ്യമായ ഊർജ്ജവും ഇതിലൂടെ ലാഭിക്കാം.
-- പാഠപുസ്തകങ്ങൾ വീണ്ടും ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുക
-- പുസ്തകങ്ങളുടെയും പത്രങ്ങളുടെയും ഒരോകോപ്പിയും കൂടുതൽ ആളുകളിലേക്കെത്താനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക
-- പത്രങ്ങളുടെ ഓൺലൈൻ എഡിഷൻ ഉപയോഗിക്കുക
-- പ്രിന്റ് ചെയ്യുന്നതിനും എഴുതുന്നതിനും കടലാസിന്റെ ഇരുവശവും ഉപയോഗപ്പെടുത്തുക
http://www.wastepickerscollective.org/ http://www.chintan-india.org/ എന്നിങ്ങനെയുള്ള സംഘടനകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും ആശയങ്ങൾ സ്വീകരിക്കാം. ഉപയോഗം പരമാവധിക്കുറയ്ക്കുന്നതിനും ലഭ്യമായിരിക്കുന്നതിന്റെ പുനഃരുപയോഗത്തിനും കൂടുതൽ മെച്ചപ്പെട്ട മാർഗ്ഗങ്ങൾ പ്രാദേശികമായി കണ്ടെത്തി വിജയിപ്പിക്കുക.
~ ~ "Save Paper. Save Trees" ~ ~
Courtesy: The Hindu (17/04/2012)

Friday, April 12, 2013

വികസനത്തിലേക്ക് കൂപ്പുകുത്തുന്ന കേരളം

ജൈവ വൈവിദ്ധ്യത്താൽ സമ്പുഷ്ടവും ഇടതൂർന്ന്  സസ്യജാലങ്ങൾ വളരുന്നതുമാണ്‌ കേരളം ഉൾപ്പെടുന്ന ഭൂപ്രദേശം. വൈവിദ്ധ്യമാർന്ന സസ്യജാലങ്ങളും പക്ഷിമൃഗാദികളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്‌. വളരെ പണ്ടുകാലം മുതൽ ധാരാളം സഞ്ചാരികളും ചരിത്രകാരന്മാരും ഇവിടെ വന്നുപോയിരുന്നു. അത്തരം വിവരണങ്ങൾ വായിച്ചാൽ അത്ഭുതകരമായിത്തോന്നാം. ഇങ്ങനെയുള്ള ഈ ഭൂപ്രദേശത്ത് വിയകസനപ്രവർത്തനങ്ങൾക്കുവേണ്ടി പരിസ്ഥിതി നശീകരണം നടത്തുമ്പോൾ അത് ലോകമാകമാനമുള്ള സന്തുലിതാവസ്ഥയെത്തന്നെ ബാധിക്കും. മണലാരണ്യങ്ങളിലും ആയിരക്കണക്കിനേക്കർ വിസ്തൃതിയുള്ള തരിശുനിലങ്ങളിലും വികസനപ്രവർത്തനങ്ങൾ നടത്തുന്നതുപോലെയല്ല ഇത്.

വനവൽക്കരണം എങ്ങനെ ?

വനം എന്നാൽ ആ പ്രദേശത്ത് നൈസർഗ്ഗികമായി വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും പുല്ല്ലുവർഗ്ഗങ്ങളും അവയിൽ വസിക്കുന്ന ജന്തുക്കളും ചേരുന്നതാണ്‌. അതുകൊണ്ട്, വനവൽക്കരണം നടത്തുമ്പോൾ ഇങ്ങനെ പ്രാദേശികമായതും വൈവിദ്ധ്യമാർന്നതുമായ സസ്യങ്ങൾ വച്ചുപിടിപ്പിക്കുകതന്നെ വേണം. അങ്ങനെ സസ്യസമ്പത്തുള്ളിടത്തേക്ക് ജീവജാലങ്ങൾ തനിയെ ചേക്കേറിക്കൊള്ളും. പരിസ്ഥിതി പ്രവർത്തകർ ഇങ്ങനെ വനവൽക്കരണം നടത്തുകയും സ്വാഭാവികവനമെന്നപോലെ തഴച്ചുവളരുകയും ജീവികൾ വന്നെത്തുകയും ചെയ്തതിനെക്കുറിച്ച് “കാവുതീണ്ടരുത്” എന്ന പുസ്തകത്തിൽ വായിക്കാം. കാവ് എന്നാൽ മനുഷ്യവാസത്താൽ ചുറ്റപ്പെട്ട ചെറുവനം എന്നർത്ഥം.

കേരളത്തിൽ തരിശുനിലമില്ല. ഇന്ന് കേരളത്തിൽ കാണുന്ന തരിശുനിലങ്ങൾ പ്രകൃതിദത്തമായി ഉണ്ടായവയല്ല. വിവിധസസ്യങ്ങൾ വളരുന്ന സ്ഥലങ്ങളും കുളങ്ങളും കണ്ടല്ക്കാടുകളുമായിരുന്ന സ്ഥലങ്ങൾ കൃഷിക്കുവേണ്ടി; മിക്കപ്പോഴും നെൽകൃഷിക്കോ തേയിലകൃഷിക്കോ വേണ്ടി ഉപയോഗിച്ചുതുടങ്ങുകയും കാലക്രമേണ ആ കൃഷി ഉപേക്ഷിക്കപ്പെടുകയും നിലങ്ങൾ തരിശായതുമായിരിക്കും. ഇത്തരം നിലങ്ങൾ പ്രകൃതിവിരുദ്ധമായ കാര്യങ്ങൾക്ക് ഉപയോഗിക്കാതെ പ്രാദേശികമായ വൃക്ഷങ്ങളും ചെടികളും ഔഷധസസ്യങ്ങളും ഫലവർഗ്ഗങ്ങളും വച്ചുപിടിപ്പിക്കുകയാണ്‌ ആവശ്യം.

തോട്ടങ്ങളിൽ സംഭവിക്കുന്നത്

തോട്ടം എന്നാൽ ഒരേയിനം സസ്യങ്ങൾ കൂട്ടമായി വളരുന്ന സ്ഥലം. കാർഷികാവശ്യങ്ങൾക്കായി തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്നു. മണ്ണിൽ നിന്നും ആ സസ്യത്തിനാവശ്യമായ മൂലകങ്ങൾ മാത്രം വലിച്ചെടുക്കപ്പെടുന്നതിനാൽ മണ്ണിന്റെ ഘടന മാറിപ്പോകുന്നുവെന്നതാണ്‌ ഇതിന്റെയൊരു ദോഷം. ഇത് കടുത്ത വളപ്രയോഗത്തിനിടയാക്കുന്നു. ആ സസ്യത്തിൽ വളരാൻ കഴിയുന്ന ജീവികളും കീടങ്ങളും മാത്രം വളരാനിടയാകുന്നു. അങ്ങനെ കീടനാശിനി പ്രയോഗത്തിനും കാരണമാകുന്നു. കേരളത്തിൽ തേയിലയും റബ്ബറുമാണ്‌ ഇത്തരത്തിൽ മറ്റുസസ്യങ്ങളൊന്നും ഇടയിൽ വളരുന്നില്ലെന്ന് ഉറപ്പാക്കി വ്യാപകമായ പ്രദേശത്ത് കൃഷിചെയ്യുന്നത്. സൂര്യപ്രകാശം തേയിലച്ചെടിക്ക് ആവശ്യമാണെങ്കിലും അവയ്ക്കിടയിൽ വൻമരങ്ങൾ നട്ടുവളർത്തുന്നതും അങ്ങിങ്ങായി മറ്റുകാർഷികവിളകൾ കൃഷിചെയ്യുന്നതും തേയിലകൃഷിയെ ദോഷകരമായി ബാധിക്കില്ല. റബ്ബർ മരങ്ങൾ ഒരു നിശ്ചിത വളർച്ചയെത്തിക്കഴിഞ്ഞാൽ മറ്റു സസ്യങ്ങൾ വച്ചുപിടിപ്പിക്കാവുന്നതാണ്‌.

നാഗരികത നാശത്തിന്റെ മുന്നോടി

അതിമനോഹരവും സാംസ്കാരികത്തനിമയുള്ളതുമായ ദേശമായിരുന്നു ബാംഗ്ലൂർ. സുന്ദരമായൊരുഭാവിയും സാമ്പത്തികഭദ്രതയും ആഗ്രഹിച്ചുകോണ്ട് നടപ്പാക്കിത്തുടങ്ങിയ വികസനപ്രവർത്തനങ്ങൾ ചിന്തിക്കാവുന്നതിനുമപ്പുറം പെരുകുകയും  ഒരു ചെറിയ കോൺക്രീറ്റ് വീടിനുള്ളിൽ ജീവിതം ഒതുങ്ങുകയും ചെയ്തവരായ സീനിയർ സിറ്റിസൺസിനെ നമുക്കിവിടെ ധാരാളം കാണാം. “എല്ലാവരുടെയും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻമാത്രം അതിവിശാലമല്ല ഈ ഭൂമി. ഈ സത്യത്തെ അറിഞ്ഞുകൊണ്ട് ആഡംബരവും ധൂർത്തും ഉപേക്ഷിച്ച് ജനപ്പെരുപ്പം നിയന്ത്രിച്ച് സഹവർത്തിത്വത്തോടെ ജീവിച്ചാൽ ഈ ഭൂമി സ്വച്ഛന്ദമായ ഒരു വാസസ്ഥലമായിരിക്കും” എന്ന എന്ന മഹദ്തത്വം സ്വജീവിതത്തിൽ നിന്നും പഠിച്ചവർ. ഉദ്യാനനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാംഗ്ലൂരിന്റെ ഇന്നത്തെ സ്ഥിതിയെന്ത് ? അതിന്നൊരു കോൺക്രീറ്റ് നഗരമാണ്‌. കഴിഞ്ഞ ഒരു നൂറ്റാണ്ടായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങൾ ബാംഗ്ലൂർ ജില്ലയെയാകെ നശിപ്പിച്ചു.  പുനഃരുദ്ധരിക്കാനാവാത്തവിധം വ്യാപകവും തീവ്രവുമായി വികസനപ്രവർത്തനങ്ങളാണ്‌ കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടുകളായി നടന്നത്. സുന്ദരമായ ബാംഗ്ലൂർ ഇന്ന് ബ്രോഷറുകളിലും ചിത്രങ്ങളിലും മാത്രം.

കേരളവും ഇതേപോലെ വികസനത്തിന്റെ പാതയിലാണ്‌. കഴിഞ്ഞ പത്തുവർഷമായി കേരളത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായ മാറ്റമാണ്‌ വന്നിരിക്കുന്നത്. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വനങ്ങളിൽ നിന്നും ഒരുപാട് വൃക്ഷങ്ങൾ മലയിറങ്ങി. കുഴൽക്കിണറുകളും മണ്ണുമാന്തിയും ഗ്രാമങ്ങളില്ലെല്ലാം ആധിപത്യമുറപ്പിച്ചു തുടങ്ങി. മഴവെള്ളം മണ്ണിൽ താഴാതിരിക്കുന്നതിനുവേണ്ടി മലയാളിയുടെ മുറ്റങ്ങളിൽ ടൈലുകൾ സ്ഥാനമുറപ്പിച്ചു. പുഴകളും കിണറുകളും കുളങ്ങളും വറ്റിവരളുന്നു. കുഴൽ കിണറുകൾ കുഴിച്ചുകുഴിച്ച് ഭൂഗർഭജലവിതാനവും ഉപരിതല ജലവിതാനവും താഴുന്നതിനുകാരണമാകുന്നു. ഫ്രാങ്ക് ലേയ്ഡ്റൈറ്റ്ന്റെ ഓർഗാനിക് ആർക്കിടെക്ചർ എന്ന സിദ്ധാന്തമനുസരിച്ച് ‘ഒരു കെട്ടിടം അത് നിൽക്കുന്ന സ്ഥലത്ത് പണിതതായല്ല അവിടെ മുളച്ചുവന്നതായാണ്‌ തോന്നേണ്ടത്.’ ലോകമെമ്പാടുമുള്ള വാസ്തുശാസ്ത്രത്തിന്റെ, അത് കേരളീയമായിരുന്നാലും ചൈനീസായിരുന്നാലും വിക്ടോറിയനായിരുന്നാലും, അടിസ്ഥാനവും ഇതുതന്നെയാണ്‌. കുന്നുകളെയിടിച്ചുനിരത്തി പ്ലോട്ടുകൾ തയ്യാറാക്കുമ്പോൾ പരിസ്ഥിതി ആകെത്തകർന്നുപോകുന്നു. ഭൂമിയുടെ ഉയർച്ചതാഴ്ചകൾ നിലനിർത്തിക്കൊണ്ട് കെട്ടിടം സ്ഥിതിചെയ്യാനാവശ്യമായ ഇടത്തെ സസ്യങ്ങൾ മാത്രം മുറിച്ചുകൊണ്ടുവേണ്ടം നിർമ്മാണം നടത്താൻ. കേരളത്തിന്റെ മണ്ണും പരിസ്ഥിതിയും അത്രമാത്രം വിലപ്പെട്ടതാണ്‌. ‘വിമാനത്താവളങ്ങളോ ഹൈവേകളോ ഇനി നിർമ്മിക്കരുതെ’ന്ന ഉത്തരവിറക്കാൻ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത് ആഗോളതാപനമാണ്‌. അത്രമാത്രം പരിസ്ഥിതിക്ക് ദോഷകരമാണവ. ഈ നിർദ്ദേശം വളരെ വളരെ പ്രാധാന്യത്തോടുകൂടി പാലിക്കേണ്ടതായ പ്രദേശമാണ്‌ കേരളം. ഇനിയും ഇവിടെ സ്ഥലമില്ല എന്നതുതന്നെ കാരണം.

വൃക്ഷത്തൈ നടാൻ ആർക്കും സാധിക്കും. എന്നാൽ അതിനെ സംരക്ഷിച്ച് വളർത്തിക്കൊണ്ടുവരാനോ ? ഇവിടെയാണ്‌ നമ്മുടെ പരാജയം. എന്തുകൊണ്ട് ? താരതമ്യേന കുറച്ചുമാത്രം ‘വികസനം’ എത്തിയിട്ടുള്ള പ്രദേശങ്ങളെ പട്ടിക്കാടെന്നും ഓണം കേറാമൂലയെന്നും അവജ്ഞയോടുകൂടിവിളിക്കാൻ പ്രേരിപ്പിക്കുന്നതേയുള്ളൂ പ്രകൃതിയുമായി അവനുള്ള ബന്ധം. പ്രകൃതിബോധം അനുഭവത്തിലൂടെയേ നേടാനാവൂ. ദൈവസൃഷ്ടിയായ പ്രകൃതി എപ്പോഴും തുറന്നുവച്ചിരിക്കുന്ന വേദപുസ്തകമാണെന്ന് കിഴക്കും പടിഞ്ഞാറുമുള്ള ആചാര്യന്മാർ. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിയും സമുദ്രങ്ങളും അവയിലെ എണ്ണമറ്റ ജൈവകുലങ്ങളും ഒരേകുടുംബസദസ്സിൽ സല്ലപിക്കുന്നത് നാം പ്രകൃതിയിൽ തിരിച്ചറിയുന്നു. അവിടെ നമ്മുടെ വേദപാഠം ആരംഭിക്കുന്നു; അകൃത്രിമമായ ജീവിതവും !

Related Article:
അധിനിവേശം പശ്ചിമഘട്ടങ്ങളിലേക്കും

Thursday, February 21, 2013

‘ആനന്ദോത്സവത്തിന്റെ മഹാഗുരു’ - ഫ്രാൻസ്വാ ഗോതിയെ

Anandothsavathinte Mahaguru

ലോകഗുരുക്കന്മാരിൽ പ്രമുഖനായ ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതവും ദർശനവും പ്രവർത്തനങ്ങളും ആഴത്തിൽ പ്രതിപാദിക്കുന്ന പുസ്തകം. ഫ്രാൻസിലെ പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഫ്രാൻസ്വാ ഗോതിയെ എഴുതിയ സമഗ്രമായ ഈ ജീവചരിത്രത്തിൽ ശ്രീ ശ്രീയുടെ  കുട്ടിക്കാലവും യൗവനവും ആർട്ട് ഓഫ് ലിവിങ്ങ് ഫൗണ്ടേഷന്‌ തുടക്കമിട്ടതും പിന്നീടുണ്ടായ വളർച്ചയും വികാസവും ദർശനങ്ങളും പ്രവർത്തനശൈലിയും നമുക്ക് വായിക്കാം. ഒരു പത്രപ്രവർത്തകന്റെ അന്വേഷണബുദ്ധിയോടെയുള്ള സമീപനവും, ആർട്ട് ഓഫ് ലിവിങ്ങ് അദ്ധ്യാപകൻ എന്ന നിലയിൽ പ്രസ്ഥാനവുമായി ആഴത്തിലുള്ള അറിവും ഈ രചനയെ മികച്ചതാക്കിയിരിക്കുന്നു. പത്രപ്രവർത്തകനും യുക്തിവാദ ചിന്താഗതിക്കാരനും അരബിന്ദോയുടെ ദർശനങ്ങളിൽ ആകൃഷ്ടനുമായ അദ്ദേഹം യാദൃശ്ചികമായി കോഴ്സ് ചെയ്യാനിടയായതും അതിന്റെ അത്ഭുതകരമായ ഫലങ്ങൾ നേരിട്ടനുഭവിച്ചതിനെത്തുടർന്ന് കോഴ്സിന്റെ ശാസ്ത്രീയമായ വശങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും കൂടുതൽ കൊഴ്സുകളിൽ പങ്കെടുക്കുകയും ബേസിൿകോഴ്സ് അദ്ധ്യാപകൻ വരെ ആയിത്തീരുകയുമാണുണ്ടായത്. ‘ആരാണ്‌ ശ്രീ ശ്രീ ?’ എന്ന ചോദ്യത്തിന്‌ ഉത്തരമന്വേഷിച്ചുകൊണ്ട്...

ശ്രീ ശ്രീയുടെ ജനനം, കുടുബപശ്ചാത്തലം, ബാല്യകാലസംഭവങ്ങൾ, കുട്ടിക്കാലത്തേ അദ്ദേഹത്തിൽ അന്തർലീനമായിരുന്ന ദർശനങ്ങളും സമീപനരീതികളും, മാനവികതയുടെയും ആദ്ധ്യാത്മികതയുടെയും ശാസ്തീയതയുടെയും പ്രായോഗികതയ്ക്കുവേണ്ടിയുള്ള അന്വേഷണം ആർട്ട് ഓഫ് ലിവിങ്ങ് എന്ന സംഘടനയ്ക്ക് തുടക്കമിടാനിടയാക്കിയത് എന്നിങ്ങനെ സമഗ്രമായി ഓരോന്നും പ്രതിപാദിച്ചുകൊണ്ട് ഓരോ അദ്ധ്യായവും കടന്നുപോകുന്നു. ആർട്ട് ഓഫ് ലിവിങ്ങ് പ്രസ്ഥാനവുമായി വളരെ അടുത്ത ബന്ധമുള്ള നിരവധി ആളുകളുമായുള്ള അഭിമുഖത്തിന്റെ സംഗ്രഹവും സന്ദർഭോചിതമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുതത്വം, വിവിധ മേഘലകളിലും ഭാവങ്ങളിലും ഗുരുശക്തിയുടെ അഥവാ ഗുരുതത്വത്തിന്റെ പ്രകടനം,  മാനവികതയിലും സ്നേഹത്തിലും ജ്ഞാനത്തിലും സമാധാനത്തിലും അടിയുറച്ച സമൂഹത്തിലേക്കുള്ള പരിവർത്തനത്തിനു സഹായിക്കുന്ന വിവിധങ്ങളായ കോഴ്സുകളും മറ്റ് കർമ്മപദ്ധതികളും, പ്രാണായാമം യോഗ സുദർശനക്രിയ (Sudarshan Kriya) മറ്റുശ്വസനക്രിയകൾ ധ്യാനം എന്നിവ വൈദ്യശാസ്ത്രപരമായി മനുഷ്യനിൽ ഉണ്ടാക്കുന്ന സുഖപ്പെടുത്തലുകൾ, എന്നിവയെല്ലാം വിവിധ അദ്ധ്യായങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. ആദ്ധ്യാത്മികതയും മാനവികതയും, മതവും ആദ്ധ്യാത്മികതയും, മാനവികതയും രാഷ്ട്രീയവും എന്നിവയെക്കുറിച്ചെല്ലാമുള്ള കാഴ്ചപ്പാടുകളും ചർച്ചചെയ്യുന്നു. ശ്രീ ശ്രീ രവിശങ്കർ ഗുരുജിയെക്കുറിച്ചും ആർട്ട് ഓഫ് ലിവിങ്ങിനെക്കുറിച്ചും ഒരു നല്ല പരിചയപ്പെടുത്തൽ.

സ്നേഹം, ജ്ഞാനം, സമാധാനം, കാരുണ്യം, ആനന്ദം എന്നിങ്ങനെ മാനവികതയ്ക്കോ ആദ്ധ്യാത്മികതയ്ക്കോ മതങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ മാറ്റിനിർത്താനാവാത്ത മൂല്യങ്ങൾ പ്രസരിപ്പിക്കുമ്പോൾ ഒരു ചോദ്യം മാത്രം ലേഖകന്‌ അവശേഷിക്കുന്നു...‘ആരാണ്‌ ശ്രീ ശ്രീ...!’. ഒടുവിൽ അദ്ദേഹം ആ ഉത്തരം കണ്ടെത്തി. പുസ്തകത്തിന്റെ അവസാനതാളുകളിൽ നിങ്ങൾക്കത് വായിക്കാം...! ആ ഒരു വാക്ക്... അതിനെ എന്തുതന്നെ വിളിച്ചാലും അതിനെ അനുഭവിക്കാനായി അദ്ദേഹം നമ്മെ ക്ഷണിക്കുന്നു... തികഞ്ഞ ആനന്ദത്തോടെതന്നെ !

Book Name:
ആനന്ദോത്സവത്തിന്റെ മഹാഗുരു - ശ്രീ ശ്രീ രവി ശങ്കറും ആർട്ട് ഓഫ് ലിവിങ്ങ് പ്രസ്ഥാനവും
Anandothsavathinte Mahaguru

English Title: The Guru of Joy - Sri Sri Ravi Shankar & The Art of Living
Author :  ഫ്രാൻസ്വാ ഗോതിയെ   Francois Gautier
Publishers: മാതൃഭൂമി ബുക്സ്       Mathrubhumi Books
Category : ജീവചരിത്രം Biography
Language: Malayalam
മലയാളപരിഭാഷ: രാജൻ തുവ്വാര Rajan Thuvvara
First Edition: January 2012

ISBN: 978-81-8265-279-8
ME-I/ 2000/ 2012
Pages: 199 Price130/-