Monday, May 28, 2012

പനമറ്റം ശ്രീ ഭഗവതി ക്ഷേത്രം

"തീർത്ഥാന്തേ തടിനീതടേ ജലനിധേ സ്തീരേ സരിൽസംഗമേ ശൈലാഗ്ര്യേദ്രിതടേ" എന്ന് തച്ചുസാസ്ത്രത്തിൽ വിധിച്ചിരുക്കുന്ന ലക്ഷണമൊത്തരീതിയിൽ, ഗ്രാമത്തിന്റെ മധ്യഭാഗത്ത് നാലുവശവും ഉയർന്നുനിൽക്കുന്ന കുന്നുകളുടെ അടിവാരത്തിൽ പനമറ്റം ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നു (Sri Bhagavati Temple, Panamattom, Kottayam Dist). പണമറ്റം എന്ന സ്ഥലനാമമാണ്‌ പിൽക്കാലത്ത് പനമറ്റം ആയത് എന്നാണ്‌ നിഗമനം. കോട്ടയം ജില്ലയിലാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളരെ പഴക്കമുള്ള ക്ഷേത്രമാണിത്. ഈ സങ്കേതത്തെ ആശ്രയിച്ചാലുണ്ടാകുന്ന ഫലങ്ങൾ കേട്ടറിഞ്ഞ് ആരാധനാബാഹുല്യം വർദ്ധിക്കുകയും കാലക്രമേണ ഇതൊരു മഹാക്ഷേത്രമായി മാറുകയും ചെയ്തു. വിശേഷപ്പെട്ട ചൈതന്യാവസ്ഥകളെക്കൊണ്ട് സമ്പുഷ്ടമാണിവിടം. ഇവിടെ കുടികൊള്ളുന്ന എല്ലാ ചൈതന്യങ്ങളും ഭക്തജനങ്ങൾക്ക് അഭീഷ്ട വരദായകരായിത്തീരുന്നു.

"ധരാധരശ്യാമാളാംഗം
ക്ഷുരികാബാണധാരിണം
കിരാതവപുഷം വനേ
കരാകലിതകാർമ്മുകം"
-- ശിവപാർവ്വതി സ്തുതി

"അഞ്ജനാചലനിഭാ ത്രിലോചനാ
സേന്ദുഖണ്ഡവിലസസത് കപർദ്ദികാ
രക്തപട്ടപരിധായിനീ ചതു-
ശ്ചാരുദംഷ്ട്രപരിശോഭിതാനനാ
ഹാരനൂപുരമഹാർഹകുണ്ഡലാ-
ദ്യുജ്വലാ ഘുസൃണരഞ്ജിതസ്തനാ
പ്രേതരൂഢഗുണസത് കപാലിനീ
ഖഡ്ഗചർമ്മവിധൃതാസ്തു ഭൈരവി"
-- ഭദ്രകാളി സ്തുതി

പ്രഥമദൃഷ്ട്യാതന്നെ ഇതൊരു ശൈവശക്തി സമന്വയമാണെന്ന് കാണാം. ഉത്തമ കുടുംബമാതൃകയ്ക്ക് ഉദാഹരണമാകുന്നവിധം മഹാദേവനും പാർവ്വതീദേവിയും സന്താനങ്ങളോടും പരിവാരങ്ങളോടും കൂടി സസന്തോഷം വാണരുളുന്നു. അതുകൊണ്ട് ഈ ചൈതന്യങ്ങളെ ഒരു ഉത്തമ കുടുംബമായി സങ്കൽപ്പിച്ച് പൂജിച്ചാൽ കുടുംബഭദ്രത ഫലം. രണ്ട് ശ്രീകോവിലുകളിൽ തെക്ക് മഹാദേവനും ദേവിയും ഒരേ പീഠത്തിൽ കിഴക്ക് ദർശനമായി വസിക്കുന്നു. കിരാതവേഷധാരികളായി അർജ്ജുനന്‌ പാശുപതാസ്ത്രം ഉപദേശിച്ചുകഴിഞ്ഞ് ഇരിക്കുന്ന അവസ്ഥയിലാണ്‌ പ്രതിഷ്ഠ. ആടിയും പാടിയും സന്തോഷത്തൊടെ കഴിയുന്ന സമയമായതിനാലും അർജ്ജുനന്റെ അഹങ്കാരം മാറ്റി അനുഗ്രഹം ചൊരിയുന്ന അവസ്ഥയിലും നിൽക്കുന്നതിനാലും ഈ ദേവീദേവന്മാരെ പൂജിച്ചാൽ മനഃശുദ്ധിയും ജ്ഞാനവും ഉണ്ടാവും. ജഗത്തിന്റെ മാതാപിതാക്കളായ മഹാദേവനെയും പാർവ്വതീദേവിയെയും ആരാധിക്കുകവഴി കന്യകമാർക്ക് ഇഷ്ടവരന്മാരെ പ്രദാനം ചെയ്യുന്ന ഉമാമഹേശ്വരന്മാരായും ആരാധിക്കുന്നു. വടക്കേനടയിൽ മഹാദേവന്റെ ജഡയിൽ നിന്നും ഉദ്ഭവിച്ച ഭദ്രകാളി കുടികൊള്ളുന്നു. മാതാപിതാക്കളുടെ ആഗമനത്തോടെ സ്വയം സ്ഥാനം ഒഴിഞ്ഞുകൊടുത്ത സ്വയംഭൂസ്വല്പം രൗദ്രത തോന്നിക്കുമെങ്കിലും ‘ഭദ്രം കലയതി’ എന്ന പ്രകാരം ഐശ്വര്യത്തെയും സുഖത്തെയും പ്രദാനം ചെയ്യുന്നവളായിത്തീരുന്നു. കാളി, ലക്ഷ്മി, സരസ്വതി എന്നീ ചൈതന്യങ്ങൾ ലയിച്ചിരിക്കുന്നതിനാൽ ഉപാസിക്കുന്നവർക്ക് ഐശ്വര്യവും ജ്ഞാനവും സിദ്ധിക്കുന്നു.

രണ്ട് ഗണപതിമാർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഏക ക്ഷേത്രമാണിത് എന്നുവിശ്വസിക്കുന്നു. ബാലഗണപതി മൂലഗണപതി എന്നിങ്ങനെ 2 ഗണപതിവിഗ്രഹങ്ങൾ. വലതുഭാഗത്തേക്ക് തുമ്പിക്കൈ തിരിച്ചിരിക്കുമ്പോൾ അഭീഷ്ടവരദായകത്വമാണ്‌ ഫലം. ഇവിടെ രണ്ട് ഗണപതിവിഗ്രഹങ്ങളുടെയും തുമ്പിക്കൈ വലത്തേക്കണ്‌.നഷ്ടസാധനങ്ങൾ തിരിച്ച് ലഭിക്കുന്നതിനും ഇഷ്ടവരലാഭത്തിനും ഭഗവാന്‌ നിവേദിച്ച് ഫലം സിദ്ധിക്കുന്നു.

ഈ ക്ഷേത്രത്തിന്‌ കാരണവരായ ഉപാസകനും യോഗിയുമായ ഉത്തമ ബ്രാഹ്മണൻ ആണ്‌ നാലമ്പലത്തിന്‌ പുറത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന രക്ഷസ്സ്. കുടുംബഐക്യത്തിനും സമൂഹഐക്യത്തിനും ഇവിടെ പാൽപായസ നിവേദ്യം സാധാരണമാണ്‌. ഇവിടുത്തെ  പൂർവ്വിക ഉടമസ്ഥരായ ഊരുമഠത്തിൽ തമ്പുരാന്റെ മഠത്തിൽ ഉപാസിച്ചുവന്നിരുന്ന ദുർഗ്ഗാദേവിയെ ആണ്‌ വടക്കുഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. ദുഷിച്ചതിനെ പോറ്റുന്നവൾ എന്നും ദുർഗ്ഗ എന്ന പേരിന്‌ അർത്ഥമുണ്ട്. ദുരിതങ്ങൾ മാറ്റുന്നവൾ എന്ന് മനസ്സിലാക്കണം. പരാശക്തിയായ ജഗംദംബയുടെ മറ്റൊരുഭാവമാണ്‌ ദുർഗ്ഗാദേവി. ദുരിതങ്ങൾ അകറ്റാൻ മഹാദേവന്റെ ചൈതന്യം ഉൾക്കൊണ്ട ധർമ്മരക്ഷകനായ ശാസ്ത്രാവിന്റെ പ്രതിഷ്ഠയും ഇവിടെയുണ്ട്.

ഭൂതത്താൻ വല്യച്ഛൻ ഇവിടെ ഒരു കാര്യസ്ഥനായി നിലനിൽക്കുന്നു. ഈ കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന ഉത്തമ കാര്യസ്ഥനാണ്‌ ഭൂതത്താൻ. പുരാണങ്ങൾ പ്രകാരം ഭൂതത്താന്റേത് മെലിഞ്ഞ ശരീരവും നീണ്ട് അലസമായ തലമുടിയും ചുവന്ന കണ്ണുകളും നീണ്ട ചെവിയുമാണ്‌. അദ്ദേഹത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട് ദൂരേക്ക് ശ്രദ്ധിച്ച് ചുറ്റിനടന്നുകൊണ്ടിരിക്കുകയാണ്‌ പഞ്ചഭൂതങ്ങൾ. മഴലഭിക്കുന്നതിനുവേണ്ടിയും തൽക്കാലത്തേക്ക് മഴശമിക്കുന്നതിനുവേണ്ടിയും കരിക്കിൻവെള്ളം പ്രധാനമാണ്‌.

മീനപ്പൂരത്തോടനുബന്ധിച്ചുള്ള മീനപ്പൂരമഹോത്സവമാണ്‌ ക്ഷേത്രത്തിലെ ഉത്സവം. ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണ്‌ പടയണി (Patayani). ദാരികവധം കഴിഞ്ഞ ശ്രീഭദ്രകാളിയുടെ അടങ്ങാത്ത കോപം ശമിപ്പിക്കുന്നതിനായി ഭൂതഗണങ്ങൾ ദേവിയുടെ മുന്നിൽ പാടിയാടിയ നൃത്തമാണ്‌ പടയണിക്കോലങ്ങൾ. ദേവി തന്റെതന്നെ കോലം ദർശിച്ച് കലിയടങ്ങി എന്ന് വിശ്വസിക്കുന്നു. ഭൈരവി എന്നാണ്‌ ദേവിയുടെ ഈ രൂപം അറിയപ്പെടുന്നത്. കരസ്ഥാന കോലങ്ങളായി തുള്ളുന്ന ഭൈരവി, കാലൻ, യക്ഷി, പക്ഷി, മറുത, പിശാച് തുടങ്ങിയ കോലങ്ങൾക്കു പുറമെ ഭക്തജനങ്ങൾക്ക് വഴിപാടായി കോലം തുള്ളിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഈ വഴിപാടുകളെല്ലാം നാനാവിധ ദോഷശാന്തിക്ക് ഉത്തമവും സർവ്വൈശ്വര്യപ്രദവുമായ കാര്യമാണ്‌. കുടുംബത്തിന്റെ മുഴുവൻ ദുരിതശാന്തിക്ക് കാലൻകോലവും; ഐശ്വര്യം, സമ്പത്ത്, സർവ്വമംഗളങ്ങൾ ഇവയ്ക്ക് ഭൈരവികോലവും; രോഗശാന്തി, ബാലപീഡ ഇവ മാറുവാൻ മറുതകോലവും; ശനിദോഷം മാറുന്നതിനും പെൺകുട്ടികളുടെ ഐശ്വര്യത്തിനും യക്ഷിക്കോലവും; പക്ഷിബാധ, തളർച്ച ഇവയകറ്റാൻ പക്ഷിക്കോലവും വഴിപാടായി നടത്തുന്നു. ഉത്സവത്തോടനുബന്ധിച്ച് എല്ലാദിവസവും എതിരേൽപ്പിനുശേഷം കളംകണ്ടുതൊഴൽ എന്ന ചടങ്ങ് നടക്കുന്നു. ഉത്സവത്തോടനുബന്ധിച്ചുള്ള വളരെ പ്രധാനവും അതിശ്രേഷ്ഠവുമായ ഒരു ചടങ്ങാണ്‌ കളംകണ്ടുതൊഴുക എന്നത്.
* ~ ~ ! ~ ~ *

13 comments:

 1. ക്ഷേത്രചരിതം കൊള്ളാം

  ReplyDelete
 2. ശക്തിയില്ലാതെ ശിവന്‍ ഇല്ല എന്നാണ് സങ്കല്‍പ്പം..അവര്‍ 2 പേരും ചേരുമ്പോള്‍ സര്‍വവും മംഗളമായി തീരുന്നു ...പനമറ്റം ക്ഷേത്രത്തെ കുറിച്ചുള്ള വിവരണം നന്നായിരിക്കുന്നു ,ഒരു ക്ഷേത്ര ദര്‍ശനം കഴിഞ്ഞത് പോലെ ,അനുഭവപെടുന്ന വിവരണം ..

  ReplyDelete
 3. വായിച്ചപ്പോള്‍ ക്ഷേത്രം ഒന്നു കാണണമെന്ന് തോന്നി. നല്ല വിവരണം, വിശദീകരണം

  ReplyDelete
 4. ഭദ്രകാളിയുടെത് ദാരു ബിംബ പ്രതിഷ്ഠയാണോ ?

  ReplyDelete
 5. ഇഷ്ടദൈവങ്ങളാണ് ശിവനും, ദേവിയും.
  ഇനിയും എഴുതൂ, ദേവാലയങ്ങളെയും , ആചാരങ്ങളെയും കുറിച്ച്..
  നന്മകള്‍ ആശംസിക്കുന്നു.- അവന്തിക.

  ReplyDelete
 6. ഇന്ദൂട്ടിയുടെ ബ്ലോഗിലൂടെയാണിവിടെയെത്തിയത്..
  ക്ഷേത്രചരിത്രം നന്നായിട്ടുണ്ട്.. ആശംസകള്‍

  ReplyDelete
 7. ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട്. അവിടെയെത്താനുള്ള വഴിയും കൂടി വിവരിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു. ആശംസകൾ.

  ReplyDelete
 8. വളരെ നന്നായിട്ടുണ്ട്.... ........ ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............

  ReplyDelete
 9. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 10. MANOJ NAIR PANAMATTAMJanuary 23, 2013 3:04 pm

  നല്ല വിവരണം. പ്രധാന വഴിപാടുകള്‍, ഇവിടുത്തെ കരിക്കേര്‍ ചടങ്ങിന്റെ പ്രാധാന്യം, ശാസ്താം പാട്ട് , ഉമാ മഹേശ്വര പൂജ തുടങ്ങിയവയും ചേര്‍ത്താലോ ?

  ReplyDelete
 11. വായിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്ത എല്ലാവർക്കും നന്ദി. കൂടുതൽ വിവരങ്ങൾ കണ്ടെത്തി ചേർക്കാൻ ശ്രമിക്കാം.

  ReplyDelete