Wednesday, May 09, 2012

ആണവോർജ്ജം: മുൻഗാമികൾ പഠിപ്പിക്കുന്ന പാഠങ്ങൾ

ജപ്പാൻ ഇന്ന് ആണവോർജ്ജരഹിതരാജ്യം. 1970നു ശേഷം ആദ്യമായാണ്‌ ജപ്പാൻ ആണവോർജ്ജരഹിത രാജ്യമാകുന്നത്. ആണവവൈദ്യുതി ഉൽപ്പാദനത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ജപ്പാനിൽ അൻപത് ആണവറിയാക്ടറുകൾ പ്രവർത്തിച്ചിരുന്നു. ഫുക്കുഷിമ ദുരന്തത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ ഫലമായി 2012 മെയ് 5ന്‌ ടൊമാരി നിലയത്തിലെ റിയാക്ടറും പ്രവർത്തനം നിർത്തിയതോടെ ജപ്പാൻ അണുശക്തി രഹിത രാജ്യമായിമാറി. നാൽപ്പത് വർഷം പഴക്കമുള്ള ആണവനിലയമായ ഫുക്കുഷിമ (fukushima) നിലയത്തിൽ 2011 മാർച്ച് 15ന്‌ ചോർച്ചയും വൻദുരന്തവും ഉണ്ടായി. ഭൂകമ്പത്തിന്റെയും സുനാമിയുടെയും ഫലമായി സംഭവിച്ച ദുരന്തം. വൻതോതിൽ പുറത്തേക്ക് വ്യാപിച്ച റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ കാറ്റിൽ അകപ്പെട്ട് വളരെ ദൂരേയ്ക്ക് വ്യാപിക്കുകയും ചെയ്തു. വെള്ളത്തിലും ധാന്യങ്ങളിലും പച്ചക്കറികളിലും പാലിലും വരെ അപകടകരമായ വികിരണങ്ങൾ ഉണ്ടായതായി ലോകാരോഗ്യസംഘടന കണ്ടെത്തിയിരുന്നു. ടൊമാരി പ്ലാന്റിന്റെ മൂന്നാമത്തെ യൂണിറ്റാണ്‌ അവസാനമായി പൂട്ടിയത്. പ്ലൂട്ടോണിയം കൂടിക്കലർന്ന ഇതിലെ ഇന്ധനം അർദ്ധായുസ്സനുസരിച്ച് ക്ഷയിച്ച് തീരാൻ 482000 വർഷമെടുക്കും ! ഒരിക്കലാരംഭിച്ചാൽ സംഹരിക്കാനാവാത്ത ശക്തിയാണ്‌ അണുശക്തി.

“അപകടകരമായ ഒരു വഴിമാറിപ്പോകൽ” ആണ്‌ ആണവപരിപാടി എന്ന് ഗ്രീൻപീസ് ഇന്റർനാഷനൽ ന്യൂക്ലിയർ എനർജി പ്രൊജക്ട് ലീഡർ യാൻ ബെറാനെക്ക് പറയുന്നു. ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അതിവിനാശകരമായ പാതയിലേക്കുള്ള വഴിമാറിപ്പോകൽ. ചെർണോബിൽ ആണവമലിനീകരണം ഉത്തരാർദ്ധഗോളത്തെ മുഴുവനാണ്‌ ബാധിച്ചിരിക്കുന്നത്. എന്നാൽ ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നത് എത്രയെത്രചെറുതായാണ്‌ ! അണുശക്തി ഒട്ടും ലാഭകരമല്ലെന്ന് 1979ലെ ത്രീമൈൽ ഐലന്റ് അപകടത്തിനുശേഷം അമേരിക്ക പറഞ്ഞത്. സുരക്ഷാപരമായ കാര്യങ്ങളെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയതെയില്ല. ഏതായാലും അതിനുശേഷം ഒറ്റ ആണവനിലയം പോലും അവർ പണിതിട്ടില്ല. കൽക്കരിയും ഗ്യാസുമോന്നും അണുശക്തിയോട് താരതമ്യപ്പെടുത്താനേകഴിയില്ല. കാരണം അവിടെ എന്തെങ്കിലും അപകടം സംഭവിച്ചാൽ ആ പ്രദേശത്ത് മാത്രമേ ബാധിക്കുകയുള്ളൂ. ആണവനിലയത്തിന്റെ കാര്യത്തിലാവുമ്പോൾ ബാധിക്കുന്നത് ആ പ്രദേശത്ത് മാത്രമല്ല, വിദൂരസ്ഥലങ്ങളിലേക്കുകൂടിയാണ്. മനുഷ്യരിലും സസ്യങ്ങളിലും ജന്തുക്കളിലും തലമുറകൾ നീണ്ടുനിൽക്കുന്ന ജനിതകവൈകല്യവും അണുവികിരണത്തിന്റെ ഫലമായി സംഭവിക്കുന്നു.

ചെറിയ ചെറിയ ‘സംഭവങ്ങൾ’

ദുരന്തങ്ങളായി ഗണിക്കപ്പെടാത്ത ‘ചോർച്ചകളും’ ‘സംഭവങ്ങളും’ ആണവനിലയങ്ങളുടെ ചരിത്രത്തിൽ കാണാം. ‘സുരക്ഷിതമായ പരിധി’ ലംഘിക്കാത്ത സംഭവങ്ങൾ എന്നാണ്‌ ഇവയെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ആണവനിലയങ്ങളുടെ കാര്യത്തിൽ സുരക്ഷിതമായ പരിധി എന്നൊന്നില്ല. എത്രചെറിയ അളവിലുള്ളതായിരുന്നാലും സാരമുള്ളതാണ്. മറ്റേതോരു വ്യാവസായിക അപകടമോ ദുരന്തമോ ആയാലും അത് പ്രത്യക്ഷത്തിൽ ഒതുങ്ങിയേക്കും. എന്നാൽ അണുശക്തി അങ്ങനെയല്ല. ചിലപ്പോൾ വികിരണത്തിന്റെ പ്രത്യാഘാതം വർഷങ്ങൾക്കുശേഷമായിരിക്കും തലപൊക്കിത്തുടങ്ങുന്നത്. ഇവിടെ ‘ചെറിയ സംഭവം’ എന്നൊന്നില്ല. പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ മാത്രം.

അതിവിടെ സംഭവിക്കില്ല

‘അതിവിടെ സംഭവിക്കില്ല’. ഈ ആത്മവിശ്വാസമാണ്‌ അണുശക്തിയുമായി മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നത്. ശാസ്ത്രത്തിന്റെ കെട്ടുറപ്പിലുള്ള വിശ്വാസം. ത്രീമൈൽ ഐലന്റിൽ അപകടസമയത്തെത്തിയ സോവിയറ്റ് വിദഗ്ധർ പറഞ്ഞത് അത്തരമൊരു അപകടം റഷ്യയിൽ സംഭവിക്കില്ലെന്നും അവിടുത്തെ റിയാക്ടറുകൾ മറ്റൊരുതരത്തിൽ പെട്ടതായിരുന്നു എന്നുമാണ്‌. അതിനുശേഷം റഷ്യയിൽ ചെർണോബിൽ ദുരന്തം നടന്നു. അപ്പോൾ മറ്റു പല രാജ്യങ്ങളിലെയും വിദഗ്ധർ റഷ്യയിലെ സിസ്റ്റത്തിന്റേതുമാത്രമായ പോരായ്മകൾ കൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചതെന്ന് അഭിപ്രായപ്പെട്ടു. അതെ, ചെർണോബിൽ മാതൃകയിലായിരുന്നില്ല ഫുകുഷിമ റിയാക്ടർ. എന്നിട്ടും അവിടെയും ദുരന്തം ആവർത്തിച്ചു. എന്തുകൊണ്ട് ? കുറ്റമറ്റമാതൃക എന്ന ലോകമാകമാനം പ്രചരിപ്പിക്കാനാവുന്ന ഒരു റിയാക്ടർമാതൃക ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രാദേശികമായ ചുറ്റുപാടുകളും ഭൂമിശാസ്ത്രപരമായ  പ്രത്യേകതകളും കണക്കിലെടുത്താണ്‌ ഓരോ നിലയവും നിർമ്മിക്കാറുള്ളത്. അങ്ങനെയാവുമ്പോൾ ഓരോ നിലയവും അനന്യമായ (unique) സങ്കേതമാണ്‌. ആ പരിതസ്ഥിതിയുടെയും അതിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയുടെയും ഒത്തുചേരൽ അവിടെ മാത്രമാണ്‌ സംഭവിച്ചിരിക്കുന്നത്. അങ്ങനെ ഓരോ അണുശക്തിനിലയവും സ്വയം ഒരു പരീക്ഷണവസ്തു ആകുന്നു. അപകടങ്ങൾ സംഭവിക്കുമ്പോൾ അത് മറ്റൊരിടത്തും സംഭവിക്കാത്തതുമാകുന്നു.

ദുരന്തമുണ്ടായാൽ പ്രാവർത്തികമാക്കനുള്ള ദുരന്തനിവാരണ നടപടികൾ അധികൃതർ ആസൂത്രണം ചെയ്തുവച്ചിരിക്കും. ദുരന്തമുണ്ടാവില്ല എന്ന് അവർക്ക് ഉറപ്പില്ലാത്തതിനാൽ. ദുരന്തമേഖലയിൽ മനുഷ്യൻ കടന്നുചെന്നുവേണം കാര്യങ്ങൾ നിർവ്വഹിക്കാൻ. ജനങ്ങളെ ഒഴിപ്പിക്കുന്നതും ആണവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾ. രക്ഷാപ്രവർത്തകരുടെ ത്യാഗത്തിന്‌ പ്രതിഫലം നൽകുമെന്നും കുടുംബത്തെ സംരക്ഷിക്കുമെന്നും മരണാനന്തര ബഹുമതികൾ നൽകുമെന്നുമൊക്കെയായിരുന്നു ചെർണോബിൽ ദുരന്തസമയത്ത് അധികൃതരുടെ വാഗ്ദാനങ്ങൾ.

ആണവ മാലിന്യ നിർമ്മാർജ്ജനം

ഒരിക്കൽ സൃഷ്ടിച്ചാൽപ്പിന്നെ സംഹരിക്കാനേ കഴിയില്ല. അർദ്ധായുസ്സനുസരിച്ച് വിഘടിച്ച് തീരുന്നതുവരെ വികിരണങ്ങൾ പുറപ്പെടുവിച്ചുകൊണ്ടേയിരിക്കും. ഒരിക്കൽ ഒരു റിയാക്ടറിൽ ഇന്ധനം നിറച്ചുകഴിഞ്ഞാൽ പിന്നീട് അത് പ്രവർത്തനം നിർത്തിയാലും സ്ഫോടനസാധ്യതയേ ഇല്ലാതാകുന്നുള്ളൂ; വികിരണഭീഷണി ഇല്ലാതാകുന്നില്ല. അല്പാൽപമായി കൊല്ലാനുള്ള കഴിവ് അതിനുണ്ടായിരിക്കും. റിയാക്ടറുകളിൽനിന്നുള്ള റേഡിയോ ആക്ടീവ് മാലിന്യങ്ങളുടെ പുനഃസംസ്കരണത്തോത് വളരെക്കുറവാണ്‌. ഏകദേശം 1% മാത്രം. ഇത് മിക്കവാറും അണുബോംബ് ഉണ്ടാക്കാനായിരിക്കും പ്രയോജനപ്പെടുത്തുക. ആണവമാലിന്യങ്ങൾ തീവ്രവാദികളുടെ പക്കൽ എത്തിപ്പെടാതിരിക്കാനുള്ള ശ്രദ്ധയും പലരാജ്യങ്ങൾക്കുമില്ല. പുനഃസംസ്കരിച്ചാലും ബഹുഭൂരിഭാഗവും മാലിന്യമായിത്തന്നെ അവശേഷിക്കുന്നു. കടലിലോ നിബിഢവനത്തിലോ നിക്ഷേപിക്കുന്നു. അതവിടെക്കിടന്ന് മാരകമായ വികിരണപ്രക്രിയ തുടർന്നുകൊണ്ടേയിരിക്കുന്നു. യാദൃശ്ചികമായി മനുഷ്യരിലും ജീവജാലങ്ങളിലും വികിരണം എത്തിപ്പെടുന്നു. ആണവമാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ പ്രായോഗികവശങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ ലോകരാജ്യങ്ങൾ താൽപര്യപ്പെടുന്നതിനാൽ ഇതേക്കുറിച്ച് വാർത്തകളും വിവരങ്ങളും പുറത്തുവരുന്നതും അപൂർവ്വം.
~ ~ ~ ~ ~

14 comments:

 1. ചിന്താശേഷിയില്ലാത്ത മത്തങ്ങാത്തലയന്‍ ഭരണാധികാരികള്‍ അഴിമതിയില്‍ മുങ്ങിപ്പോയിട്ട് സ്വാര്‍ത്ഥത പെരുകി ദേശക്കൂറും ജനസ്നേഹവും നഷ്ടമായിക്കഴിഞ്ഞവര്‍. ഡെമോക്ലീസിന്റെ വാള്‍ തലയ്ക്ക്മുകളില്‍ തൂങ്ങുമ്പോഴും ജാഗരൂകര്‍ ആകാത്ത ഇവര്‍ക്ക് ആരുമിനി ബുദ്ധിയുപദേശിച്ച് കൊടുത്തിട്ട് കാര്യമില്ല.

  ReplyDelete
  Replies
  1. ചിന്താശേഷിയില്ലാത്ത ജനങ്ങൾക്ക് ചിന്താശേഷിയില്ലാത്ത ഭരണാധികാരികൾ. അതാണ്‌ ജനാധിപത്യം. ഭൂരിപക്ഷം ജയിക്കുന്നു.

   Delete
 2. എന്തൊക്കെ അനുഭവങ്ങള്‍ വന്നാലും പഠിക്കില്ല ...ഇവിടേം മുറവിളി കൂട്ടുകയല്ലേ ആണവനിലയങ്ങള്‍ വേണമെന്ന് പറഞ്ഞു കൊണ്ട് .വികിരണങ്ങള്‍ അപകടം ക്ഷണിക്കുമെന്ന് അറിയാം ,പക്ഷെ എന്നാലും ആണവനിലയങ്ങള്‍ വേണമെന്ന് നിര്‍ബന്ധമാണ് ..വാര്‍ത്തകള്‍ പുറത്തു പോവാതെ സൂക്ഷിക്കാന്‍ അറിയാമെന്കില്‍ എന്ത് നാശവും വരുത്തി വെക്കാം ..പറഞ്ഞു പറ്റിക്കാം -ഇവിടെ അങ്ങനെ സംഭവിക്കില്ല ,അല്ലെങ്കില്‍ ഏറ്റവും മികച്ച സുരക്ഷയെ പറ്റി പറയാം,എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞു പഠനം നടത്തിയാല്‍ മതിയല്ലോ ,കാരണങ്ങളും പറയാം .

  ReplyDelete
  Replies
  1. ഓരോ അപകടത്തിനുശേഷവും പഠനം നടത്താൻ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കുന്നു. പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നു. കഴിഞ്ഞു കാര്യങ്ങൾ...

   Delete
 3. ജപ്പാന്റെ ആണവറിയാക്ടറുകൾ അടച്ചു പൂട്ടിയത് താൽകാലികം മാത്രമാണ്. ആണവരഹിത രാജ്യമായി ജപ്പാൻ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ആണവദുരന്തത്തിനുശേഷമുള്ള ഒരു ജപാൻ സന്ദർശനം ഇവിടെയുണ്ട്..

  ഭൂകമ്പങ്ങളുടെ നാട്ടിൽ

  ReplyDelete
  Replies
  1. ആണവനിലയങ്ങൾ അടച്ചുപൂട്ടാൻ ഭരണകൂടത്തിന്‌ യാതൊരു താൽപര്യവുമുണ്ടായിരുന്നില്ല. ജനങ്ങളുടെ പ്രതിക്ഷേധം സഹിക്കാനാവാതെ ചെയ്തതാണ്‌. പ്രവർത്തനം പുനഃരാരംഭിക്കാൻ ഭരണാധികാരികൾ കഴിയുന്നവിധം പരിശ്രമിക്കും.

   Delete
 4. ഭൂമിയെ നശിപ്പിക്കുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്‌...
  അത് ജലത്തേയും ആകാശത്തേയും പരിസരത്തേയും നശിപ്പിക്കുന്നു..
  പ്രകൃതിയെ മൊത്തം നശിപ്പിക്കുന്നു...
  ലേഖനം നന്നായിരിക്കുന്നു.. ആശംസകൾ..

  ReplyDelete
  Replies
  1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...

   Delete
 5. നന്നായി പഠിച്ച് എഴുതി... ആശംസകൾ ഹരി

  ReplyDelete
 6. അര മണിക്കൂര്‍ കരണ്ടു പോയാല്‍ കരയുന്ന ജനം ആണവ വൈദ്യുതി എന്ന് കേള്‍ക്കുമ്പോള്‍ അയ്യോ എന്ന് വിളിക്കുന്നു. ഇത് അറിവില്ലായ്മ മാത്രമാണ്. താപ വൈദ്യുത നിലയങ്ങള്‍ ഉണ്ടാക്കുന്ന മാലിന്യ പര്‍വതങ്ങള്‍ കണ്ടിട്ടുണ്ടോ ? ഉറവ അറ്റ പെട്രോളിയം ഖനികള്‍ ഇനി എത്ര നാള്‍ ഇന്ധനം നല്‍കും എന്ന ചിന്തയുണ്ടോ ? സുഹൃത്ത്‌ ഒട്ടും പഠിക്കാതെ എഴുതിയ പോസ്റ്റ്‌ .
  ( താങ്കളുടെ അറിവിലേക്ക് ഒന്ന് കൂടെ.. അമേരിക്ക കഴിഞ്ഞ വര്ഷം രണ്ടു ആയിരം മെഗാ വാട്ട് പുതിയ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് )

  ReplyDelete
  Replies
  1. അരമണിക്കൂർ കറണ്ടുപോയാൽ കരയുകയും ആണവ വൈദ്യുതി എന്ന് കേൾക്കുമ്പോൾ അയ്യോ എന്ന് വിളിക്കുകയും ചെയ്യുന്ന ജനങ്ങളെ മാത്രം ഉദ്ദേശിച്ചാണ്‌ ഈ പോസ്റ്റ് എഴുതിയത്. അല്ലാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.

   അമേരിക്ക പുതിയ ആണവപദ്ധതിക്ക് അനുമതി നല്കിയ കാര്യം അറിഞ്ഞിരുന്നില്ല. ഏതായാലും ആ വിവരവും പോസ്റ്റിൽ ഉൾപ്പെടുത്തുന്നുണ്ട്. വാർത്ത കണ്ടുപിടിക്കാൻ കഴിയാത്തതുകൊണ്ടാണ്‌ ഇപ്പോൾ ചേർക്കാത്തത്. വളരെ നന്ദി...

   Delete