Wednesday, April 25, 2012

'ആത്മദംശനം' - മൈന ഉമൈബാൻ


Athmadamsanam

പ്രകൃതിയോടിണങ്ങിയ ജീവിതാനുഭവങ്ങൾ, വീക്ഷണങ്ങൾ, വിഷചികിത്സയുമായി ബന്ധപ്പെട്ട അനുഭവങ്ങളും അറിവുകളും, പാരിസ്ഥിതിക വിഷയങ്ങൾ എന്നിവയടങ്ങുന്ന രചന. അമൂല്യമായ നാട്ടറിവുകളെക്കുറിച്ചുള്ള സൂചനകളും, അത്ഭുതകരവും അവിശ്വസനീയവുമായ അനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകളും പങ്കുവയ്ക്കുന്നു. കാടിന്റെ ഭംഗിയും പ്രകൃതിയോടുചേർന്ന ജീവിതവും കടന്നുവരുന്ന സന്ദർഭങ്ങളോരോന്നും ആസ്വാദനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നു. അത് വായനയെ രസകരമാക്കുന്നു; പ്രത്യേകിച്ചും ബാല്യകാല അനുഭവങ്ങൾ. പ്രകൃതിസ്നേഹവും പ്രകൃതിയോടിണങ്ങിയ ജീവിതവും നാട്ടറിവുകളും മുൻനിർത്തിയുള്ള രചന.

വിഷചികിത്സയെക്കുറിച്ചും പറയുന്നുണ്ട്. ചിലമനുഷ്യർ സർപ്പങ്ങളെ ആരാധിക്കുന്നു മറ്റുചിലർ ശത്രുവായിക്കരുതുന്നു. എന്നാൽ, പ്രകൃതിയിലെ ഒരു ജീവിയായ പാമ്പുകളെ സ്നേഹിക്കുകയും ഒരു സഹജീവിയായി അവയെ കരുതുകയുമാണിവിടെ. പരമ്പരാഗതരീതിയിലുള്ള വിഷചികിത്സ. ഔഷധങ്ങൾ ഉപയോഗിച്ചുള്ള ചികിത്സമാത്രമല്ല അതോടൊപ്പം മന്ത്രപ്രയോഗവും പൂർവ്വികർക്ക് വശമുണ്ടായിരുന്നു. എന്നാലിന്ന് ഔഷധങ്ങളിൽ അധിഷ്ഠിതമായ ചികിത്സമാത്രം. മന്ത്രപ്രയോഗങ്ങളിലും അതോടനുബന്ധിച്ച ശാസ്ത്രങ്ങളിലും കേന്ദ്രീകരിച്ച് പഠനം നടത്തിയിട്ടില്ലായെന്നാണ്‌ കാണുന്നത്; അവയിൽ സ്പർശിക്കുകയും അവയിലൂടെ കടന്നുപോവുകയും ചെയ്തിട്ടും. മന്ത്രങ്ങളിൽ അടങ്ങിയിരിക്കുന്നത് ശരീരശാസ്ത്രസംബന്ധിയായ അറിവുകളും അവയുടെ നേർപ്രയോഗങ്ങളുമായിരിക്കാമെന്ന നിഗമനത്തിലേക്ക് നയിച്ചേക്കാവുന്ന വിധമാണ്‌ ആ വിവരണഭാഗങ്ങൾ കടന്നുപോകുന്നത്.

അധിനിവേശസസ്യങ്ങളെക്കുറിച്ച് വിശദമായ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ വിവരണങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. പഠനാർഹമായവ. സമീപകാലത്ത് പ്രകൃതിയിൽ സംഭവിച്ച പരിണാമങ്ങളെക്കുറിച്ചുള്ള അവലോകനവും അതോടനുബന്ധിച്ച് ചേർത്തിരിക്കുന്നു. നേർക്കാഴ്ച്ചകൾ. വനവൽക്കരണത്തിലെ അപാകതകളെക്കുറിച്ചും അന്ധമായി സസ്യങ്ങൾ വച്ചുപിടിപ്പിക്കുന്നതിന്റെ ദോഷങ്ങളെക്കുറിച്ചും വിവരിക്കുന്നു.

ഒട്ടനവധി നിഗൂഢസത്യങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞതാണ്‌ ഈ പ്രകൃതിയും മനുഷ്യരും. ചിലപ്പോൾ തെറ്റായവിശ്വാസങ്ങളുടെയും അയിത്തങ്ങളുടെയും പിടിയിൽപ്പെട്ടുപോകാം. അല്ലെങ്കിൽ വിലപ്പെട്ട അറിവുകൾ മൂഢവിശ്വാസങ്ങളെന്ന പേരിൽ തിരസ്കരിക്കപ്പെട്ടുപോകാം. സത്യമേത് മിഥ്യാധാരണയേത് എന്ന് വൈകിപ്പോകാതെ തിരിച്ചറിയാനായിരുന്നെങ്കിൽ... എന്ന് ചിന്തിക്കാനിടയാക്കുന്ന അദ്ധ്യായങ്ങളും കാണാം.

മഞ്ഞും തണുപ്പും പച്ചപ്പും എക്കാലവും മനുഷ്യർക്ക് ഹൃദ്യമായ വിഷയങ്ങളാണ്‌. ഒരിക്കൽ ഇതെല്ലാം ഒരു കേട്ടുകേൾവി മാത്രമായി അവശേഷിച്ചാൽ ആ തലമുറ ആരെയായിരിക്കും ശപിക്കുക ? ഇന്ന് നമുക്കെന്ത് ചെയ്യാനാവും ? ലളിതവും പ്രായോഗികവുമായ ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് പറയുന്നു. പ്രകൃതിയുടെ പുനഃരുദ്ധാരണം നാം ആത്മാർത്ഥമായിത്തന്നെ നടത്തണം. പ്രകൃതിസ്നേഹം അറിവിന്റെ തലത്തിൽനിന്നും അനുഭവത്തിന്റെ തലത്തിലേക്ക് ഉയരണം. പ്രകൃതിസംരക്ഷണ യജ്ഞങ്ങൾ പരാജയപ്പെടുന്നുണ്ടെങ്കിൽ അതിന്റെ കാരണവും ഇത്തരമൊരു സമീപനത്തിന്റെ അഭാവമാണ്‌. നഷ്ടപ്പെട്ട ആ അതിമനോഹര പ്രകൃതിയെ നമുക്ക് വീണ്ടെടുക്കാനാവട്ടെ...

Book : ആത്മദംശനം       Athmadamshanam
Author : മൈന ഉമൈബാൻ    Myna Umaiban
Publishers: മാതൃഭൂമി ബുക്സ്       Mathrubhumi Books
Category : ലേഖനങ്ങൾ               Essays / Non-fiction
Language: Malayalam
First Edition: January 2012

ISBN 978-81-8265-270-5
Pages: 96 Price: Rs. 65/-
~ ~ ~ ! ~ ~ ~

17 comments:

 1. സർപ്പ ദംശനമേറ്റ് നിലവിളിച്ചു കൊണ്ടിരുന്ന ആളെ കുറച്ചു ഭസ്മം മന്ത്രിച്ചിട്ട് കുറച്ച് വെള്ളം ജപിച്ചൊഴിച്ച് വിഷം നീക്കുന്നത് നേരിൽ കണ്ട് വളർന്ന ആളാണു ഞാൻ.. അതു കൊണ്ട് മന്ത്രങ്ങളിൽ എനിക്കു വിശ്വാസമാണ്‌..

  നന്നായിരിക്കുന്നു..നല്ല റിവ്യൂ....ആശംസകൾ

  ReplyDelete
  Replies
  1. ഇത്തരം അനുഭവങ്ങൾ ഉള്ളവരെ കണ്ടെത്തുക ഏറെപ്രയാസമാണ്‌. പരിചയപ്പെട്ടതിൽ സന്തോഷം. വളരെ നന്ദി...

   Delete
  2. എനിക്ക് ഇത് പുതിയ അറിവാണ് ട്ടോ ...!

   Delete
 2. nannayi paranju...... aashamsakal....... blogil puthiya post..... ATHIRU....... vaayikkane..............

  ReplyDelete
 3. പുസ്തക പരിചയം നന്നായി.വീക്കിലിയിൽ വായിച്ചായിരുന്നിട്ടും ബുക്ക് ഞാനും വാങ്ങി വീണ്ടും വായിച്ചു. ലളിതമായ ആഖ്യാനമായതിനാൽ ഒറ്റയിരിപ്പിൽ തീർക്കാം.

  ReplyDelete
  Replies
  1. വായിച്ചതിനും കമന്റിനും നന്ദി...

   Delete
 4. റേഡിയോതരംഗങ്ങൾ അനേകവർഷങ്ങളായി അന്തരീക്ഷത്തിൽ ഉണ്ടായിരുന്നിട്ടും ഉണ്ടാവാതിരുന്ന പ്രശ്നങ്ങളൊന്നും മൊബൈൽ ടവർറിൽനിന്നും ഉണ്ടാവില്ല എന്ന് പറയാനേപറ്റില്ല. ഇലക്ട്രോമാഗ്നറ്റിക് വികിരണങ്ങളിൽ ഓരോന്നിന്റെയും സ്വഭാവം വ്യത്യാസപ്പെട്ടിരിക്കുന്നു. മൊബൈൽ ടവറിൽ നിന്നുള്ള വികിരണങ്ങൾ മുരിക്കിനെ ദോഷകരമായി ബാധിക്കുന്നുണ്ടോയെന്ന് വിശദമായ പഠനത്തിനും സർവ്വേയ്ക്കും ശേഷം മാത്രമേ പറയാനാവൂ.

  ReplyDelete
 5. വൈകിയാണു കണ്ടത്. സന്തോഷം.

  ReplyDelete
  Replies
  1. Welcome...
   ഇവിടെ വരികയും വായിച്ച് അഭിപ്രായം പറയുകയും ചെയ്തതിൽ വളരെ സന്തോഷം.

   Delete
 6. നല്ല പരിചയപ്പെടുത്തല്‍ ...ബുക്ക്‌ വാങ്ങിയില്ലാ വാങ്ങാം ...!

  ReplyDelete
  Replies
  1. പുസ്തകപരിചയം വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തതിന്‌ നന്ദി. പുസ്തകം വാങ്ങി വായിച്ച് എഴുതിയതാണ്‌.

   Delete
 7. ആത്മ ദംശനം ഇന്നലെ കിട്ടി ..ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു .....ഇതുവരെ ഈ എഴുത്തുകാരിയെ വായിക്കാതത്തില്‍ വല്ലാത്ത നഷ്ട്ടബോധം തോന്നി

  ReplyDelete