Tuesday, March 20, 2012

താജ്മഹലിന്‌ കഥകളിനിയും പറയാനുണ്ട്

താജ്മഹൽ താജ് മഹൽ
താജ്മഹൽ: ഒരു ദൃശ്യം
മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ തന്റെ പ്രിയപത്നി മുംതാസിന്റെ ഓർമ്മയ്ക്കായി പണിതീർത്ത സ്മാരകമായി താജ്മഹൽ ചരിത്രത്താളുകളിൽ നിറയുന്നു. ചരിത്രത്താളുകളിൽ ഇടംപിടിക്കാതെപോയ കണ്ടെത്തലുകളിലേക്കും സഞ്ചാരികൾ നൽകിയ വിലപ്പെട്ടവിവരങ്ങളിലേക്കും ഒരെത്തിനോട്ടം.

പ്രണയസൗധമായ താജ്മഹൽ

1526ൽ ബാബർ ഇൻഡ്യയിലെ ഡൽഹിയും ആഗ്രയും ആക്രമിച്ച് കീഴടക്കി. അതിനുശേഷം ഹുമയൂൺ, അക്ബർ, ജഹാംഗീർ എന്നീ ഭരണാധികാരികളും ഭരണം നടത്തി. ജഹാംഗീറിന്റെ പുത്രനായിരുന്നു പിൽക്കാലത്ത് ഷാജഹാൻ എന്ന പേരിലറിയപ്പെട്ട ഖുറം രാജകുമാരൻ (1592 ജനുവരി 5 – 1666 ജനുവരി 22). ഖുറം രാജകുമാരന്റെ പത്നിയായിരുന്നു അർജുമന്ദ് ബാനു ബീഗം (1593 ഏപ്രിൽ - 1631 ജൂൺ 17). 1598ൽ ജനിച്ചു എന്നാണ്‌ ചില ചരിത്രരേഖകൾ പറയുന്നത്. 1612 മെയ് 10ന്‌ വിവാഹിതയായി. യുദ്ധഭൂമിയിൽപോലും ഭർത്താവിനൊപ്പം കഴിയാനായിരുന്നു രാജകുമാരിക്ക് താൽപര്യം. ഖുറം രാജകുമാരൻ ഭാര്യാപിതാവായ ആസഫ്ഖാന്റെ സഹായത്തോടെ തന്റെ സഹോദരങ്ങളെയെല്ലാം വധിച്ച് 1628-ൽ മുഗൾചക്രവർത്തിയായി സ്ഥാനമേൽക്കുകയായിരുന്നു. ‘ലോകരാജാവ്’ എന്നർഥം വരുന്ന ‘ഷാജഹാൻ’ എന്നപേരിലാണ്‌ അദ്ദേഹം ചക്രവർത്തിസ്ഥാനം ഏറ്റത്. രാജകുമാരൻ ‘ഷാജഹാൻ’ എന്ന പേർ സ്വീകരിച്ചപ്പോൾ ചക്രവർത്തിനിയായി മാറിയ രാജകുമാരിയുടെ പേര്‌ ‘മുംതാസ് മഹൽ’ എന്നായിമാറി. ‘കൊട്ടാരത്തിലെ ഏറ്റവും പ്രിയപ്പെട്ടത്’ എന്നാണ്‌ ഈ വാക്കിന്റെ അർത്ഥം.

ഒരിക്കൽ ഒരു വിപ്ലവലഹള അടിച്ചമർത്താനായി ഷാജഹാൻ ബർഹാമ്പൂരിൽ (Burhanpur, Madhya Pradesh) സൈന്യസമേതം താവളമുറപ്പിച്ചപ്പോഴും ഗർഭിണിയായ മുംതാസ് മഹൽ ഒപ്പമുണ്ടായിരുന്നു. അവിടെവെച്ച് പതിനാലാമത്തെ കുഞ്ഞിനെ പ്രസവിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരണപ്പെടുകയായിരുന്നു. വീണ്ടും വിവാഹിതനാവില്ലെന്നും അനശ്വരസ്നേഹത്തിന്റെ പ്രതീകമായി മനോഹരമായ സ്മാരകം നിർമ്മിച്ചുകൊള്ളാമെന്നും ഷാജഹാൻ പ്രതിജ്ഞയെടുത്തു. മുംതാസിന്റെ വേർപാടിൽ ദുഃഖിതനായ ഷാജഹാൻ ഊണും ഉറക്കവുമില്ലാതെ അടച്ചിട്ടമുറിയിൽത്തന്നെ എട്ടുദിവസത്തോളം കഴിഞ്ഞു. രണ്ടുവർഷത്തോളം എല്ലാ സുഖഭോഗങ്ങളും ഉപേക്ഷിച്ചു. ക്രമേണ ജീവിതത്തിലേക്ക് തിരിച്ചുവന്ന ചക്രവർത്തി മുംതാസ് മഹലിനുവേണ്ടി അതിമനോഹരമായ ഒരു സ്മാരകം നിർമ്മിക്കാൻ തയ്യാറെടുത്തു. വിദഗ്ദ്ധ ശിൽപികൾ ഉൾപ്പെടുന്ന ഒരു അന്തർദ്ദേശീയ സമിതി ഇതിനായി രൂപീകരിച്ചു. അവർ തടികൊണ്ടുള്ള ഒരു മാതൃക ആദ്യം സൃഷ്ടിക്കുകയും ഷാജഹാൻ ആഗ്രഹിച്ച എല്ലാ സവിശേഷതകളും കൂട്ടിച്ചേർത്ത് അന്തിമരൂപം നിശ്ചയിക്കുകയും ചെയ്തു. ഷാജഹാൻ ആ സ്വപ്നസൗധത്തെ ‘കൊട്ടാരകിരീടം’ എന്നർത്ഥമുള്ള ‘താജ്മഹൽ’ എന്നുവിളിച്ചു. “കാലത്തിന്റെ കവിൾത്തടത്തിൽ വീണ കണ്ണുനീർത്തുള്ളി” എന്നാണ്‌ മഹാകവി ടാഗോർ താജ്മഹലിനെ വിശേഷിപ്പിച്ചത്.

1632-ൽ താജ്മഹലിന്റെ നിർമ്മാണം ആരംഭിച്ചു. ഏകദേശം 22 വർഷങ്ങൾകൊണ്ട് 20000 ആളുകൾ ഇറാനിയൻ വാസ്തുശിൽപി ഉസ്താദ് ഇസയുടെ  നേതൃത്വത്തിലാണ്‌ ഈ വെണ്ണക്കൽസൗധം തീർത്തത്. രാജസ്ഥാനിലെ മക്രാനിൽ നിന്ന് വെളുത്തമാർബിളും ഫത്തേപ്പൂർ സിക്രിയിൽ നിന്നും ചുവന്ന മാർബിളും എത്തിച്ചു. മുഗൾ ഖജനാവിൽ നിന്ന് 454 കിലോഗ്രാം സ്വർണ്ണവും എത്തിച്ചു. അവയിൽ പതിക്കാനുള്ള സൂര്യകാന്തം പഞ്ചാബിൽ നിന്നും കൊണ്ടുവന്നു. മധ്യപ്രദേശിലെ പന്നാകുന്നുകളിൽ നിന്നാണ്‌ വജ്രം എത്തിച്ചത്. മരതകങ്ങളും പളുങ്കുകളും ചൈനയിൽ നിന്ന് കൊണ്ടുവന്നു. വൈഡൂര്യം തിബറ്റിൽ നിന്നും ഇന്ദ്രനീലം ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്നു. 1648-ൽ പണിപൂർത്തിയായി. ഉപസൗധങ്ങൾ പൂർത്തിയാക്കാൻ പിന്നെയും വർഷങ്ങളെടുത്തു. അങ്ങനെ ഒരു മനോഹരസൗധമായി താജ്മഹൽ രൂപംകൊണ്ടു.

Prof. P.N.Oak-ന്റെ കണ്ടെത്തലുകൾ

ഇതൊരു ശിവക്ഷേത്രമായിരുന്നു എന്നാണ്‌ Prof. P.N.Oak ന്റെ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്. നിർമ്മിതിയിൽ അവലംബിച്ചിരിക്കുന്ന നിരവധി ഘടകങ്ങളുടെ വിശകലനത്തിലൂടെയും ചരിത്രപരമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ ഇത് സമർത്ഥിച്ചിരിക്കുന്നത്. ജയ്പൂരിലെ മഹാരാജാവായ ജയ്സിങ്ങിൽ നിന്നും ഷാജഹാൻ കരസ്ഥമാക്കിയതാണ്‌ ഈ സൗധം എന്നാണ്‌ Mr.Oak പറയുന്നത്. “Tajmahal : The True Story” എന്ന പുസ്തകത്തിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. ‘തേജോമഹാലയ’ എന്ന ഈ ശിവക്ഷേത്രം 1196ൽ Parmar Dev എന്ന രാജാവ് പണികഴിപ്പിച്ചതാണെന്ന് വിശ്വസിക്കുന്നു. ‘തേജോമഹൽ’ എന്നും വിളിക്കാറുണ്ട്. ചരിത്രകാരനും എഴുത്തുകാരനുമായ Prof.Oakന്റെ കണ്ടുപിടുത്തങ്ങൾക്ക് നിരവധി എതിർപ്പുകളും ഉണ്ടായിട്ടുണ്ട്. വർഗ്ഗീയവാദികളുടെയും മതതീവ്രവാദികളുടെയും ഇടപെടൽ ഒഴിവാക്കുന്നതിനുവേണ്ടി സർക്കാരിന്‌ Mr.Oakന്റെ പ്രസിദ്ധീകരണങ്ങൾ നിരോധിക്കേണ്ടിവന്നു. താജ്മഹലിനെക്കുറിച്ച് അദ്ദേഹം നടത്തിയ ഈ വാദം 2000ൽ സുപ്രീം കോടതിയും 2005ൽ അലഹബാദ് ഹൈക്കോടതിയും നിരസിക്കുകയുണ്ടായി. യമുനാനദീതീരത്ത് പുരാതനകാലം മുതൽ ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നു. 1196ൽ Parmar Dev എന്ന രാജാവ് അതിനെ ഒരു വലിയക്ഷേത്രമായി പണിതീർത്തു. പിന്നീട് ഷാജഹാൻ അതിനെ വീണ്ടും മോടിപിടിപ്പിച്ചു. അങ്ങനെ ഇന്ന് കാണുന്ന താജ്മഹൽ ഉണ്ടായി എന്നത് ഒരു നിഗമനം. ചന്ദ്രത്രേയ രാജാവ് പരമാർത്ഥിദേവ് 800ലധികം വർഷങ്ങൾക്കുമുൻപ് വെള്ളമാർബിളിൽ നിർമ്മിച്ച ക്ഷേത്രമായിരുന്നു ഇതെന്നാണ്‌ മറ്റുചിലരുടെ വാദം.

അവകാശവാദം ഉന്നയിക്കുന്നവർ

മുംതാസ് ഷിയാ വിഭാഗത്തിൽ ജനിച്ചുവളർന്നതിനാൽ അവളുടെ ഓർമ്മനിലനിർത്താൻ നിർമ്മിച്ച താജ്മഹൽ തങ്ങളുടേതാണെന്ന് ഷിയാവിഭാഗം കരുതുന്നു. ഇത് തങ്ങളുടെ കുടുംബസ്വത്താണെന്ന് ബഹദൂർഷാ സഫിന്റെ ചെറുമകൻ ഹബീബുദ്ദീൻ ഗൂസി അവകാശപ്പെടുന്നു. ഉത്തർ പ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ ഹഫീസ് ഉസ്മാൻ ഇതൊരു വഖഫ് വസ്തുവായി ഏറ്റെടുത്ത് പ്രഖ്യാപിച്ചത് വിവാദമാവുകയുണ്ടായി. Asian Monument Act പ്രകാരം 1920 മുതൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യ താജ്മഹൽ ഏറ്റെടുത്ത് സംരക്ഷിച്ചുവരുന്നു.

ഗുരുതരമായ മലിനീകരണഭീഷണി

ഉടമസ്ഥാവകാശത്തിനുവേണ്ടി നിരവധി ആളുകൾ മുറവിളികൂട്ടുമ്പോഴും ഗുരുതരമായ അന്തരീക്ഷമലിനീകരണവും യമുനാനദിയിലെ മാലിന്യങ്ങളും താജ്മഹലിന്റെ നിലനിൽപ്പ് അപകടത്തിലാക്കുന്നു. നിലവിലുള്ളസ്ഥിതി തുടർന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് തകരുമെന്ന് 2011ൽ കണെത്തിയിരുന്നു. അടിത്തറ നാശത്തിന്റെ വക്കിലാണ്‌. ശവകുടീരങ്ങളുടെ ഭാഗങ്ങളിലും മിനാരങ്ങളിലും വിള്ളലുകൾ വീണിട്ടുമുണ്ട്. മിനാരങ്ങൾ ചെരിയുന്നുമുണ്ട്. അന്തരീക്ഷമലിനീകരണം കാരണം വെളുത്തമാർബിളിന്റെ നിറം മങ്ങിത്തുടങ്ങിയിട്ട് വർഷങ്ങളായി. സന്ദർശകരുടെ അശ്രദ്ധമായ സ്പർശനങ്ങളും മാർബിളിനെ ദോഷകരമായി ബാധിക്കുന്നു. താജിന്റെ രൂപഭംഗിക്ക് കോട്ടംവരാതെതന്നെ സംരക്ഷിക്കണമെങ്കിൽ മലിനീകരണത്തോത് ഗണ്യമായിക്കുറയ്ക്കുകയും ബലപ്പെടുത്തൽ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ ഫലപ്രദമായി നടപ്പാക്കുകയും വേണം. ഈ ദേശീയ പൈതൃകസ്വത്തിന്റെ സുരക്ഷിതമായ നിലനിൽപ്പിനെ ബാധിക്കുന്നതൊന്നും അരുത്.

ഇനിയും വിസ്മയങ്ങൾ ?

ലോകാത്ഭുതങ്ങളുടെ പട്ടികയിൽ സ്ഥാനംപിടിച്ച താജ്മഹലിന്റെ രൂപഘടന, ശിൽപകല, ചിരകല, പ്രതീകശാസ്ത്രം, വാസ്തുവിദ്യ എന്നിവയിലെല്ലാം നിരവധി അത്ഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. മതപണ്ഡിതന്മാരുടെയൊന്നും ശ്രദ്ധയിൽപ്പെടാത്ത അനന്യമായ പല പ്രതിഭാസങ്ങളും ഇതിൽ സമ്മേളിച്ചിരിക്കുന്നതായി കണ്ടെത്തിയ ചരിത്രകാരന്മാരും സഞ്ചാരികളും ഇതിനെ ആദരിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ളവരായിരുന്നിട്ടും അവർക്ക് ഇതനുഭവിക്കാനായിരിക്കുന്നു. പുരാതനമായ പല സംസ്കാരങ്ങളും ഇതിൽ കാണാം. രൂപഘടനയിലും ചിത്രകലയിലുമുണ്ട് ഈ സമാനതകൾ. ആർക്കും സ്വന്തമെന്ന് തോന്നിക്കുന്ന ഒരു ഗംഭീരസൃഷ്ടി. "മൗനത്തിന്റെ അഗാധതയിൽ ഭേദചിന്തകളില്ല. അനന്തമായ ശാന്തതമാത്രം" - താജ്മഹലിനെക്കുറിച്ച് ഒരു സഞ്ചാരിയുടെ വാക്കുകൾ.
*********
[ ചിത്രങ്ങൾക്ക് കടപ്പാട്: pixabay.com ]

20 comments:

 1. പുതിയ അറിവുകള്‍ ആണിതെല്ലാം എനിക്ക്.

  "ഇതൊരു ശിവക്ഷേത്രമായിരുന്നു എന്നാണ്‌ Prof. P.N.Oak ന്റെ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്........."(ദൈവമേ, ഇനിയും ഒരയോദ്ധ്യ ആവര്‍ത്തിക്കുമോ)

  ReplyDelete
  Replies
  1. ഒരിക്കലും ആവർത്തിക്കരുത്. അതിന്‌ ഈ ചരിത്രം അറിഞ്ഞുതന്നെ അതിനെ സ്വീകരിക്കണം. വർഗ്ഗീയവാദികൾക്ക് ഈ കഥകൾ അറിയാം. ചരിത്രമെന്തായിരുന്നാലും നിലവിലുള്ള സ്ഥിതി തുടർന്നേ മതിയാവൂ. അയോദ്ധ്യപോലെ മറ്റൊരു അശാന്തികേന്ദ്രം നമുക്കുവേണ്ട.

   Delete
 2. പ്രണയ സൗധത്തെ പറ്റിയുള്ള പുതിയ അറിവുകള്‍ ....ശിവ ക്ഷേത്രമോ മറ്റെന്തെങ്കിലും ആയിക്കോട്ടെ ..കാലത്തിന്‍റെ കവിളില്‍ ഒരു കണ്ണുനീര്‍ തുള്ളിയായി ഇത് മാറും...മലിനീകരണം മൂലം ...ഭാരതത്തിന്‍റെ ചരിത്രത്തില്‍ ഒഴിവാക്കാന്‍ ആവാത്ത ഈ സ്മാരകത്തിന്റെ ചരിത്രം വളരെ ലളിതമായി വിവരിച്ചിരിക്കുന്നു ........

  ReplyDelete
  Replies
  1. ചരിത്രം എന്തും ആയിക്കൊള്ളട്ടെ. ഇന്നിനെ സ്വീകരിക്കുക. സംരക്ഷിക്കുക. അതിന്റെ ശാന്തമായ മനോഹാരിതയെ അറിയുക. കാലത്തിന്റെ കവിളിൽ ഒരു കണ്ണുനീർത്തുള്ളിയായ് മാറാതിരിക്കട്ടെ...

   Delete
 3. പക്ഷെ ഹരിനാഥ് താങ്കൾ മുഴുവൻ പറഞ്ഞില്ല.. മറ്റൊരിടത്തും ഇതു പോലുള്ള സൌധം ഉണ്ടാകരുത് എന്ന സ്വാർത്ഥതയോടെ ഷാജഹാൻ താജ്മഹൽ പണികഴിപ്പിച്ച ശില്പികളുടെ കൈ വെട്ടിയ ക്രൂരത…പ്രണയ ശില്പത്തിൽ വീണ രക്തക്കറകൾ..!
  കഷ്ടപ്പെട്ടതിനും മനം കുളിർപ്പിച്ചതിനും അസാധാരണത്വം പുലർത്തുന്ന ലോകാത്ഭുതം കാഴ്ച വെച്ചതിനും സമ്മാന പൊതി മോഹിച്ചെത്തിയ പാവം ശില്പികൾ.. അതെ ചരിത്രത്തിൽ മഹാരാജാക്കന്മാരുടെ, ചക്രവർത്തിമാരുടെ ഇടയിൽ അവർക്കെന്ത് സ്ഥാനം അല്ലേ?..



  ആശംസകൾ

  ReplyDelete
  Replies
  1. ആ സംഭവങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടാവും. മാത്രവുമല്ല, ചരിത്രസംഭവമെന്നപോലെ ആധികാരികത അതിനുണ്ടോയെന്നതും സംശയമാണ്‌. അതെല്ലാം വെറും കുപ്രചരണങ്ങളാണെന്നും അഭിപ്രായമുണ്ട്. സത്യമാണെങ്കിൽത്തന്നെ ദുഃഖസത്യമാണ്‌. അങ്ങനെ അതങ്ങ് ഉപേക്ഷിച്ചു. അല്ലെങ്കിൽ പോസ്റ്റിന്‌ ഉദ്ദേശിച്ച ഫലം കിട്ടില്ല. താജ്മഹലിന്റെ പ്രാധാന്യവും പ്രത്യേകതകളുമായിരുന്നു എന്റെ ലക്ഷ്യം. മനുഷ്യരുടെ ചെയ്തികൾ അങ്ങൊഴിവാക്കി.

   Delete
 4. എത്രകണ്ടാലും എത്ര പറഞ്ഞാലും മതി വരാത്ത മനോഹാരിത.

  നല്ല ലേഖനം.ആശംസകള്‍...

  ReplyDelete
  Replies
  1. താജ്മഹലിനെ പശ്ചാത്തലമാക്കി എഴുതിയ കഥ വായിച്ചിരുന്നു. എക്കാലത്തും സാഹിത്യകാർക്ക് ഇഷ്ടവിഷയമാണിത്. പഠിക്കുന്തോറും അത്ഭുതങ്ങൾ കൂടിക്കൂടിവരുന്നതായാണ്‌ ഗവേഷകർ പറയുന്നത്.

   Delete
 5. ചരിത്രത്താളുകളിൽ ഇടംപിടിക്കാതെപോയ കണ്ടെത്തലുകളിലേക്കും സഞ്ചാരികൾ നൽകിയ വിലപ്പെട്ടവിവരങ്ങളിലേക്കും ഒരെത്തിനോട്ടം. പുതിയ അറിവുകള്‍ ഒത്തിരി പകര്‍ന്നു .. നന്ദി ..
  വ്യതസ്തമായ വായന അനുഭവം തന്നെ ആയിരുന്നു .. ഒത്തിരി ഇഷ്ട്ടപെട്ടു ..
  വീണ്ടും വരാം .. സ്നേഹാശംസകളോടെ .. സസ്നേഹം ...

  ReplyDelete
  Replies
  1. പോസ്റ്റ് ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഇനിയും വരണം.

   Delete
 6. Replies
  1. വായനയ്ക്ക് നന്ദി...

   Delete
 7. ചക്രവർത്തിയാവാൻവേണ്ടി സ്വന്തം സഹോദരന്മാരെ കൊല ചെയ്ത ഖുറം രാജകുമാരൻ തന്നെ സ്വന്തം ഭാര്യയോടുള്ള അനശ്വര പ്രേമം പ്രകടിപ്പിക്കാനായി മനോഹരമായ താജ് മഹൽ നിർമ്മിക്കുന്നു. മനുഷ്യസ്വഭാവത്തിനു് എന്തെല്ലാം വൈരുദ്ധ്യങ്ങൾ! നല്ല പോസ്റ്റ്.

  ReplyDelete
  Replies
  1. ഈ അത്ഭുതലോകത്തിൽ എന്തെല്ലാം അറിയാനിരിക്കുന്നു അല്ലേ ? മനുഷ്യമനസ്സിനെ പഠിക്കേണ്ടതുതന്നെ. വളരെ ലളിതവും രസകരവുമാണത് !

   Delete
 8. കഥകള്‍ വേറെയുമുണ്ട്.

  മുംതസ് മഹല്‍ ഷാജഹാന്റെ ഒരേയൊരു ഭാര്യ അല്ലായിരുന്നു. ആദ്ദേഹത്തിനു മൂന്നു ഭാര്യമാരുണ്ടായിരുന്നു. അക്ബറബാദി മഹല്‍ എന്നും ഖന്ദഹാരി മഹല്‍ എന്നും പേരായ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു. മുംതസ് മഹല്‍ ഒന്നാമത്തേതെന്നും രണ്ടാമത്തേതെന്നും രണ്ടഭിപ്രായങ്ങളുമുണ്ട്. അനശ്വര പ്രേമമെന്ന വാക്ക് അത്ര യോജിച്ചതൊന്നുമല്ല. മൂന്നു ഭാര്യമാരില്‍ ഏറ്റവും ഇഷ്ടം മുംതാസിനോടായിരുന്നു എന്നു മാത്രം.

  ReplyDelete
  Replies
  1. അതെ. അക്ബറബാദി മഹല്‍ എന്നും ഖന്ദഹാരി മഹല്‍ എന്നും പേരായ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു.

   Delete
 9. നല്ല ലേഖനം..
  സന്ദര്‍ശിച്ചിരുന്നു, പഠനകാലത്ത് കേട്ടപ്പോള്‍ ഓഹ്.. എന്നത് കണ്ടപ്പോഴും ഓഹ് എന്നായിരുന്നു!
  ആ രണ്ട് ഓഗ് എന്ന ശബ്ദത്തിന്റെ വ്യത്യാസം പറയാനാവുന്നതല്ല!

  പ്രൊഫസറിന്റെ ലേഖനതന്തു എവിടെയോ വായിച്ചിരുന്നു. മലിനീകരണത്തോത് കുറയ്ക്കാന്‍ ഇപ്പോള്‍ അവിടെ രണ്ടുമൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നല്ല നിയന്ത്രണമുണ്ട്.. വാഹനങ്ങള്‍, പ്ലാസ്റ്റിക് തുടങ്ങിയവ.

  ലേഖനം നന്നായി..

  ReplyDelete
  Replies
  1. ഞാൻ ഇതുവരെ കണ്ടിട്ടില്ല. ലേഖനം ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം. കണ്ടാൽ എങ്ങനെയായിരിക്കും അനുഭവപ്പെടുക എന്നറിയില്ല.
   വായനയ്ക്ക് നന്ദി... :)

   Delete
 10. വ്യതസ്തമായ വായനാനുഭവം. (ചരിത്രം എന്തായാലും മനോഹരമായ ആ നിര്‍മ്മിതിയുടെ പേരില്‍ ഒരിക്കലും ഒരു കലഹം ഉണ്ടാകരുതെന്നാണ് ആഗ്രഹം.)

  ReplyDelete
  Replies
  1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...

   Delete