Wednesday, March 14, 2012

ക്രൈസ്തവസഭകൾക്ക് പ്രാദേശികഭരണം ആവശ്യമോ?

സെന്റ് പീറ്റേഴ്സ് ബസലിക്ക, വത്തിക്കാൻ
സെന്റ് പീറ്റേഴ്സ് ബസലിക്ക, വത്തിക്കാൻ [image courtesy: pixabay.com]
ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്‌. വത്തിക്കാനും അങ്ങനെതന്നെ. മതേതര സോഷ്യലിസ്റ്റ് രാജ്യമായ ഇന്ത്യയിലെ ഒരുവിഭാഗം ജനങ്ങളെ മതവിശ്വാസത്തിന്റെ പേരിൽ സാമ്പത്തികമായും ആശയപരമായും തങ്ങളോടോപ്പം നിർത്താൻ വത്തിക്കാൻ ആസ്ഥാനമായ റോമൻ കത്തോലിക്കാസമൂഹത്തിന്‌ കഴിയുന്നു. ഇന്ത്യപോലെ ഒരു ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് രാജ്യത്ത് ഇത് എത്രമാത്രം ഹിതകരമായിരിക്കും ?

Inquisition എന്നപേരിൽ അറിയപ്പെട്ട ക്രൂരവും ക്രിസ്തുമതത്തിന്‌ കളങ്കം ചാർത്തുന്നതുമായ നിരവധി സംഭവങ്ങൾ ഗോവയിലും പോർച്ചുഗീസ് ആധിപത്യം നിലനിന്നിരുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന അധികാരക്കോതിക്ക് ഉദാഹരണങ്ങൾ നിരവധിയാണ്‌. നിക്കോളാസ് അഞ്ചാമൻ മാർപ്പാപ്പ 1455 ജനുവരി 8ന്‌ നടത്തിയ പ്രഖ്യാപനം ഇങ്ങനെ: “All lands and seas that have been discovered or will be discovered belong forever to the king of Portugal”. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പരമാധികാരം പോപ്പിനാണെന്നാണ്‌ അക്കാലത്ത് അവർ വിശ്വസിച്ചിരുന്നത്. പോപ്പിന്റെ ഉത്തരവുപ്രകാരം കിഴക്കൻ നാടുകളുടെ സർവ്വാധികാരം പോർട്ടുഗലിനായിരുന്നു. വാസ്കോഡ ഗാമ ഇന്ത്യയിൽ കാലുകുത്തിയത് അത്തരമൊരു നാവികസംരംഭത്തിന്റെ ഫലമായായിരുന്നു. അതിനുശേഷം പോപ്പിന്റെ അനുമതിയോടും ആശീർവാദത്തോടുംകൂടി കബ്രാൾ കോഴിക്കോട്ട് കപ്പലിറങ്ങി.
ബറോസ് 1-ാം ഭാഗം 1-ാം പുസ്തകത്തിൽ പറയുന്നതിങ്ങനെ: “കടലിൽ കപ്പലോടിക്കാൻ എല്ലാവർക്കും തുല്യമായ അധികാരമുണ്ടെന്നുള്ളത് ശരിയായിരിക്കാം. ആ അവകാശം യൂറോപ്പിൽ ഞങ്ങൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ  അത് യുറോപ്പിനു പുറത്ത് ബാധകമല്ല. അതുകൊണ്ട് സമുദ്രാധീശരായ പോർച്ചുഗീസുകാരുടെ അനുമതികൂടാതെ കടലിൽ സഞ്ചരിക്കുന്ന ഏവരുടെയും സ്വത്ത് കണ്ടുകെട്ടുന്നത് കേവലം ന്യായം മാത്രമാണ്‌.”

ഒരു പരമാധികാര രാഷ്ട്രമായ വത്തിക്കാന്റെ തലവനായ മാർപ്പാപ്പയെ തെരഞ്ഞടുക്കുന്നത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള കർദ്ദിനാൾമാരാണ്‌. മതപരമായ ഐക്യത്തിലൂടെയും നിയമങ്ങളിലൂടെയുമാണ്‌ ഈ വിധേയത്വം ഉറപ്പിക്കുന്നത്. ഭരണഘടന 18(2) വകുപ്പനുസരിച്ച് 'No citizen of India shall accept any title from any foreign state' എന്നാണെങ്കിലും മറ്റൊരു രാഷ്ട്രത്തലവനായ മാർപ്പാപ്പയിൽ വിധേയത്വം ഉറപ്പിച്ച് അദ്ദേഹത്തിൽ നിന്നും കർദ്ദിനാൾ പദവി സ്വീകരിക്കുന്നതിന്‌ ഇന്ത്യയിൽ തടസ്സമൊന്നുമില്ല. ഒരു സമാന്തര സർക്കാർ എന്നപോലെ പ്രവർത്തിക്കാൻ കാനോൻ നിയമത്തിലൂടെ സാധിക്കുന്നു. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത സ്ഥാനമാണ്‌ മാർപ്പാപ്പയ്ക്ക് കാനോൻ നിയമപ്രകാരം ഉള്ളത്. മെത്രാന്മാർക്ക് രൂപതയ്ക്കുള്ളിൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത അധികാരമുണ്ട്. അനുസരണവൃതമനുസരിച്ച് എല്ലാ പുരോഹിതന്മാരും മാർപ്പാപ്പയെ അനുസരിക്കാൻ കടപ്പെട്ടിരിക്കുന്നു. കാനോൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച പള്ളിയോഗപ്രവർത്തനത്തനച്ചടങ്ങുകളുമായി ബന്ധപ്പെട്ട് വിശ്വാസികൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ സഭാനേതൃത്വത്തെ ബോധിപ്പിക്കാമെന്നല്ലാതെ യാതൊരു നിയമനടപടികൾക്കും മുതിരാൻപാടില്ല. ഇന്ത്യൻ ജ്യുഡീഷ്യറിയെ ആശ്രയിക്കാനും സാധിക്കില്ല. സഭയ്ക്കുള്ളിലെ അഴിമതിയോ ക്രമക്കേടുകളോ വിശ്വാസികളുടെ ശ്രദ്ധയിൽപ്പെട്ടാൽ അത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയനുസരിച്ച് ചോദ്യം ചെയ്യാനാവില്ല.

ഇന്ത്യയിൽ ക്രൈസ്തവരുടെ സ്വത്ത് ഭരിക്കുന്നതിനുമാത്രം യാതൊരു നിയമങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. മുസ്ലിംകൾക്ക് സർക്കാർ നിർമ്മിച്ച വഖഫ് നിയമങ്ങളുണ്ട്. എന്നാൽ വത്തിക്കാൻ ഏർപ്പെടുത്തിയ കാനോൻ നിയമങ്ങളാണ്‌ ഇന്ത്യയിലെ കത്തോലിക്കാസമൂഹത്തെ ഭരിക്കുന്നത്. കത്തോലിക്കാസഭയുടെ എല്ലാ സ്വത്തുക്കൾക്കും പരമാധികാരി വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പയാണ്‌. സഭാവിശ്വാസികൾ സഭാനിയമപ്രകാരവും സാമ്പത്തികപരമായും മാർപ്പാപ്പയോട് വിധേയത്വമുള്ളവരായിരിക്കുന്നു. പോർച്ചുഗീസ് ആധിപത്യത്തിന്റെ കാലം വരെ ഇതായിരുന്നില്ല സ്ഥിതി. ഒന്നാം നൂറ്റാണ്ടുമുതൽ കേരളത്തിൽ ക്രൈസ്തവർ ഉണ്ടായിരുന്നതായി ചരിത്രരേഖകൾ പറയുന്നു. വിശ്വാസപരമായും ആചാരപരമായും ക്രൈസ്തവർ. നസ്രാണികൾ എന്നപേരിൽ അറിയപ്പെട്ടിരുന്ന ഇവർ ക്രിസ്തുമതത്തിൽ വിശ്വസിക്കുകയും അതോടൊപ്പം തികച്ചും തദ്ദേശീയരായി ജീവിച്ചുപോരുകയും ചെയ്തിരുന്നു. ക്രിസ്തുമതത്തിന്‌ വലിയ സ്വീകാര്യത ലഭിച്ചിരുന്നതായും ആരാധനാലയങ്ങൾക്കായി സ്ഥലം അനുവദിച്ചുകിട്ടിയിരുന്നതായും ജനങ്ങളെ മതപരിവർത്തരം ചെയ്യിക്കുന്നതിൽ യാതൊരു എതിർപ്പും ഇല്ലെന്നും അക്കാലത്ത് ഇന്ത്യ സന്ദർശിച്ച ക്രൈസ്തവ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്. പോർച്ചുഗീസുകാരുടെ വരവോടുകൂടി സ്ഥിതിഗതികൾ മാറിമറിഞ്ഞു. 1514 ജൂൺ 7ന്‌ ലിയോ പത്താമൻ മാർപ്പാപ്പ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള എല്ലാ ക്രൈസ്തവ ആരാധനാകേന്ദ്രങ്ങളും മേലിൽ സ്ഥപിക്കുന്ന ആരാധനാകേന്ദ്രങ്ങളും പോർച്ചുഗലിലെ രാജാവിന്റെ അധികാരത്തിലാക്കുകയുണ്ടായി. പിന്നീടങ്ങോട്ട് റോമൻ അധിഷ്ഠിതമായ ഭരണവും അധികാരമുറപ്പിക്കലും ഉണ്ടായി. ഇതിനെ എതിർത്തിരുന്ന വിശ്വാസികളും പുരോഹിതന്മാരും ഉണ്ടായിരുന്നെങ്കിലും അതൊന്നും ഫലവത്തായില്ല. വിദേശഭരണത്തിൽ നിന്നും ഇന്ത്യ സ്വതന്ത്രമായെങ്കിലും സഭാവിശ്വാസികൾ ഇന്നും റോമിന്റെ അധീശത്വത്തിലാണെന്ന് കാണാം.

സഭകളുടെ മേൽക്കൊയ്മയെ അംഗീകരിക്കാതെ ക്രിസ്തുമതവിശ്വാസം സാധ്യമല്ലാത്ത അവസ്ഥയാണ്‌ ഇന്നുള്ളത്. മതവിശ്വാസത്തെ സംരക്ഷിച്ചുകൊണ്ടുതന്നെ ക്രൈസ്തവർക്ക് സാമ്പത്തികകാര്യങ്ങളിലും മതസംബന്ധമായ വസ്തുവകകളുടെ ഭരണത്തിലും സ്വാതന്ത്ര്യം നേടണമെങ്കിൽ ഇന്ത്യയിൽ അതിനുള്ള വ്യക്തമായ നിയമനിർമ്മാണം ഉണ്ടാവണം. എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ്‌ ഇന്ത്യയുടേത്. ന്യൂനപക്ഷമായതിനാൽ ഒരുവിശ്വാസവും വിശ്വാസിയും പിൻതള്ളപ്പെട്ടുപോകാതിരിക്കാൻ ന്യൂനപക്ഷസംരക്ഷണനിയമം സഹായിക്കുന്നു. ക്രിസ്തുമതാനുയായികൾക്ക് വിശ്വാസപരവും സമ്പത്തികവും സാമൂഹികവുമായി സ്വാതന്ത്ര്യം അനുഭവിക്കാനാവുമ്പോൾ മാത്രമേ ഇന്ത്യയിൽ ക്രിസ്തുമതത്തിന്റെ നില ഭദ്രമാണെന്ന് കരുതാനാവൂ. എന്തുകൊണ്ട് ഇന്ത്യൻ കത്തോലിക്കർ ഉണ്ടായിക്കൂടാ എന്ന ചോദ്യം പലപ്പോഴും ഉയർന്നുവരുന്നതുകാണാം. ക്രിസ്തുവിനും വിശ്വാസികൾക്കും വേണ്ടി നിലകൊള്ളുന്ന ഒരു തിരുസഭയുടെ തദ്ദേശീയമായ രൂപീകരണം ആവശ്യമായിവരുന്നു.
~ ~ ~ + ~ ~ ~
References:-
മാതൃഭൂമി ആഴ്ചപ്പതിപ്പ്, 11 മാർച്ച് 2012
'സഞ്ചാരികൾ കണ്ട കേരളം' by വേലായുധൻ പണിക്കശ്ശേരി

7 comments:

 1. I agree that a body like 'Dewasom board' should be constituted for Christians irrespective of which sect they belong to. The clergy should stick to their area of expertise and shouldn't be allowed to handle the money of the believers. BTW 'Cardinal' is a religious title and not a title given by a foreign country. By the virtue of being a religious title it transcends all the restrictions placed by the constitution.
  According to theologians, a Christian church should be universal and not regional. Its another issue that no true universal church exists but the solution is not splitting up on regional basis. But that doesn't mean that administration cant be localized and I believe that is the norm with all the major churches in the world. The Malankara Syrian Catholic is an independent Church within the Roman Catholic Church and conforms to the idea of 'Indian Catholic' as it close as it could be.

  ReplyDelete
  Replies
  1. You presented your ideas very clearly. Thank you verymuch for the active participation.

   Delete
 2. നോ കമന്റ്സ്

  ReplyDelete
 3. ഇത് ക്രിസ്തുമതസംബന്ധിയായ ചില അറിവുകൾ പങ്കുവയ്ക്കുന്ന ലേഖനമാണ്. വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം. താങ്കൾ എന്റെ ബ്ലോഗിൽ വന്ന് കമന്റിട്ടില്ലായിരുന്നെങ്കിൽ ഈ പോസ്റ്റ് മിസ് ആയേനേ! ആ ലിങ്കിൽ ഞെക്കിപ്പിടിച്ചാണ് ഇവിടെ എത്തിയത്. ആശംസകൾ!

  ReplyDelete
 4. ഭൂഗോളത്തില്‍ ഒന്നേ നോക്കിയുള്ളൂ ,വിസ്മയങ്ങളുടെ ഒരു കാഴ്ച.പല വിഭാഗങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ ..ബ്ലോഗ്‌ വായനയുടെ ലോകം അതിശയിപ്പിക്കുന്നു .....ആശംസകള്‍ ...

  ReplyDelete
  Replies
  1. ബ്ലോഗ് ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം. ഇനിയും വരണം. നന്ദി...

   Delete