Sunday, February 12, 2012

അഭിപ്രായസ്വാതന്ത്ര്യം - ആത്മാവിഷ്കാരത്തിന്റെ അടിസ്ഥാനം

Gandhi statue Kottayam
A nation's culture resides in the hearts and in the soul of its people - Mahatma Gandhi
സ്വതന്ത്രമായ ആശയവിനിമയം സാദ്ധ്യമാകുന്നതിന്‌ അഭിപ്രായസ്വാതന്ത്ര്യം കൂടിയേതീരൂ. വിവിധ സംസ്കാരങ്ങളെ ഉൾക്കൊളുന്ന ഒരു ദേശത്ത് ആശയപ്രകടനസ്വാതന്ത്ര്യം അതിന്റെ പാരമ്യതയിൽത്തന്നെ ഉൾക്കൊള്ളണം. നിരവധി സംസ്കാരങ്ങളും മതങ്ങളും രാഷ്ടീയപാർട്ടികളും ഇവിടെയുണ്ട്. ഇങ്ങനെയൊരു ബഹുസ്വരസമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്‌ അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും. വിശ്വാസത്തിന്‌ മാറ്റം വരാം. പക്ഷെ സത്യം മാറുകയില്ല. പരമമായ സത്യത്തെ പ്രാപിക്കുന്നതുവരെ ആപേക്ഷികമായ സത്യത്തിൽ വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. ഇവിടെയാണ്‌ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രസക്തി. സ്വന്തം വിശ്വാസപ്രമാണങ്ങളിൽ വേണ്ടത്ര ഉറപ്പില്ലാതിരിക്കുകയും എന്നാൽ അതിൽ മുറുകെപ്പിടിക്കുകയും ചെയ്യുന്നവർ അഭിപ്രായസ്വാതന്ത്ര്യത്തെ ഭയപ്പെടുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തെ വെറുക്കുന്നു. സ്ഥാപിതതാൽപര്യവും ആശയദാരിദ്ര്യവുമാണ്‌ മിക്കപ്പോഴും വ്യക്തിഹത്യയ്ക്കും അക്രമത്തിനും കാരണം. അറിയുവാനുള്ള അവകാശവും സ്വാതന്ത്ര്യവും കൂടിയേതീരൂ.

അഭിപ്രായസ്വാതന്ത്ര്യം (Right to speech/expression)

ഒരു ജനാധിപധ്യരാജ്യത്തിൽ ആരും വിമർശനത്തിന്‌ അതീതരല്ല. മാന്യമല്ലാത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ജനാധിപധ്യത്തിന്‌ വെല്ലുവിളിയാകാതിരിക്കാൻ വിമർശനം ഉന്നയിക്കുന്നവരും ശ്രദ്ധിക്കണം. ഒരാളുടെ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുമ്പോൾ മറ്റൊരാളുടെ അറിയുവാനുള്ള സ്വാത്രന്ത്ര്യം കൂടിയാണ്‌ നിഷേധിക്കപ്പെടുന്നത്. ഭരണാധികാരികൾ ഏകാധിപധികളെപ്പോലെയോ സ്വേച്ഛാധിപതികളെപ്പോലെയോ പെരുമാറുമ്പൊഴെല്ലാം ഒരുവിഭാഗത്തിന്‌ സ്വന്തം അമർഷത്തെ അടക്കേണ്ടിവരുന്നു. ഭാവിയിൽ ഇത് അത്യധികം ആപത്കരമായി പുറത്തുവരുന്നു. ഇത് ഒഴിവാക്കാനുള്ള ഏറ്റവും മികച്ച സാഹചര്യം നിലനിൽക്കുന്നത് ഒരു ജനാധിപധ്യ മതേതര രാജ്യത്താണ്‌. മത ഭരണം നിലനിൽക്കുന്ന രാജ്യങ്ങളിൽ ആ മതത്തിന്‌ വിരുദ്ധമായതൊന്നും ആർക്കും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തുകൂടാ. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ പ്രത്യയശാസ്ത്രം അംഗീകരിക്കുകയും പാലിക്കുകയും ചെയ്യേണ്ടിവരുന്നു. പുറംലോകത്തുനിന്നുള്ള വാർത്തകൾ എത്തുന്നതുതടയാൻ ഉത്തര കൊറിയയിൽ മൊബൽഫോൺ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്‌. പിടിക്കപ്പെട്ടാൽ യുദ്ധക്കുറ്റവാളികൾക്കു നൽകുന്നതുപോലുള്ള കടുത്ത ശിക്ഷയാണ്‌ കിട്ടുക ! പുറം ലോകത്തുനിന്നുള്ള വാർത്തകൾ ഔദ്യോഗിക മാധ്യമങ്ങൾ മാത്രമേ ജനം അറിയാവൂ എന്നാണ്‌ ഇവിടം ഭരിക്കുന്ന കമ്യൂണിസ്റ്റ് സർക്കാർ ആഗ്രഹിക്കുന്നത്. ജനം അറിയണമെന്ന് സർക്കാർ ആഗ്രഹിക്കുന്ന വാർത്തകൾ മാത്രം !

നിർഭാഗ്യവശാൽ ഇത്തരം പ്രവണതകൾ നമ്മുടെ സ്വതന്ത്രഭാരതത്തിലും വർദ്ധിച്ചുവരുന്നു.  പ്രശസ്ത എഴുത്തുകാരൻ ഡൊമെനിക് ലാപിയർ, ജാവിയർ ബറോയോടൊപ്പം ചേർന്നെഴുതിയ ‘ഫൈവ് പാസ്റ്റ് മിഡ് നൈറ്റ് ഇൻ ഭോപ്പാൽ’ (IT WAS FIVE PAST MIDNIGHT IN BHOPAL) എന്ന പുസ്തകം നിരോധിക്കുന്നതായി 2009 ഡിസംബർ 2ന്‌ വാർത്ത പുറത്തുവന്നു. ബജർപുർ കോടതിയാണ്‌ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. പുസ്തകം 2001-ലാണ്‌ പുറത്തിറങ്ങിയത്. ഇതിലെ ചില പരാമർശങ്ങൾ തനിക്ക് അപകീർത്തികരമാണെന്നാരോപിച്ച് ദുരന്തം നടന്ന കാലത്തെ ഭോപ്പാൽ സിറ്റി പോലീസ് കമ്മീഷണർ റിട്ട.ഡി.ജി.പി. സ്വരാജ് പുരി കോടതിയെ സമീപിച്ചിരുന്നു. ആ ഹർജിയിന്മേലാണ്‌ വിൽപന നിരോധിച്ചത്. പുസ്തകറോയൽറ്റി ബംഗാളിലെയും ഭോപ്പാലിലെയും ദുരിതബാധിതർക്കായി അദ്ദേഹം മാറ്റിവച്ചിരുന്നു. ‘ഭോപ്പാലിൽ അന്നുസംഭവിച്ചത്’ എന്ന പേരിൽ ഇതിന്റെ മലയാള പരിഭാഷയും വന്നിട്ടുണ്ട്.
‘ഫൈവ് പാസ്റ്റ് മിഡ് നൈറ്റ് ഇൻ ഭോപ്പാൽ’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ
അധികാരികളും നേതാക്കളും സ്വേച്ഛാധിപതികളെപ്പോലെ തങ്ങളുടെ അഭിപ്രായം നടപ്പാക്കാൻ ശ്രമിക്കരുത്. ജനങ്ങളുമായി വേണ്ടത്ര ആശയവിനിമയത്തിനു ശേഷം തീരുമാനത്തിലെത്തണം. മാന്യമായ ഭാഷയിൽ ആശയപ്രകടനം നടത്താനുള്ള സന്മനസ്സ് ജനങ്ങൾക്കുണ്ടായിരിക്കണമെന്നും താൽപര്യപ്പെടുന്നു. നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഏറ്റവുമധികം സഹായിക്കുന്ന മാധ്യമമാണ് ഇന്റെർനെറ്റും അതിന്റെ ഭാഗമായ സോഷ്യൽ നെറ്റ്വർക്കുകളും. ഏതൊരു സാധാരണ പൌരനും ഏതൊരു വിഷയത്തിലും തന്റെ പ്രതികരണം അറിയിക്കുവാൻ ഇവ സഹായിക്കുന്നു. അതുവഴി തനിക്കും ഈ രാജ്യത്ത് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും എന്നൊരു അഭിമാനം ഓരോ പൌരനുമുണ്ടാകും. താനും ലോകത്തോടും രാജ്യത്തോടും ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരാളെണെന്ന ബോധം ഓരോ പൌരനിലുമുണ്ടാകും. ഇത് പൌരന്റെ കടമകൾ സ്വയം അറിഞ്ഞ് നിർവ്വഹിക്കുന്നതിനുകൂടി പ്രചോദനമാകും. രാജ്യസ്നേഹമുണ്ടാക്കും. ജനാധിപത്യബോധമുണ്ടാക്കും. സോഷ്യൽ നെറ്റ് വർക്കുകളെയും സൈബർ ലോകത്തെയും ദുർബലപ്പെടുത്തുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനു തുല്യമാണ്. പൌരാവകാശ നിഷേധമാണ്. പ്രായപൂർത്തിയായ ഏതൊരു പൗരനും വോട്ടവകാശമുണ്ട്. പക്ഷെ സാമൂഹിക അവബോധവും (social awareness) അറിവും ഉണ്ടാവാൻ നമുക്ക് എന്തെങ്കിലും വിദ്യാഭ്യാസമോ ബോധവൽക്കരണമോ കിട്ടുന്നുണ്ടോ ? സ്വതന്ത്രമായ ആശയവിനിമയം നടന്നാൽ ക്രമസമാധാനനില തകരുന്ന വിധം അധഃപതിച്ചോ നമ്മുടെ സമൂഹം ? ജനങ്ങളുടെ സ്വരവും ജനപ്രധിനിധികൾ എന്ന ഭരണാധികാരികളുടെ സ്വരവും വേറിട്ടതായോ ? ഇങ്ങനെ പോയാൽ ഇന്ത്യ ഒരു വലിയ ജനാധിപത്യരാജ്യമാണെന്ന് ഇനി എത്രകാലം പറയാനാവും ?

ആവിഷ്കാരസ്വാതന്ത്ര്യം (Freedom of Expression)

പാഠപുസ്തകങ്ങൾ, ആനുകാലികപ്രസിദ്ധീകരണങ്ങൾ, ഇങ്ങനെ വിവിധ രൂപത്തിൽ ആശയങ്ങൾ പ്രചരിക്കുന്നു. അവനവന്റെയും പൊതുസമൂഹത്തിന്റെയും നന്മ ഉറപ്പാക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും പാഠപുസ്തകത്തിനുണ്ടെന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ല. ഓരോകുട്ടിയും പാഠപുസ്തകത്തിലൂടെ കടന്നുപോകണമെന്ന് നിർബന്ധമാണ്‌. അതിനാൽ പാഠപുസ്തകങ്ങൾ ആയി ഉപയോഗിക്കപ്പെടുന്നവ കുറ്റമറ്റ സൃഷ്ടിയും സമൂഹത്തിന്റെ അംഗീകാരമുള്ളതും ആയിരിക്കണമെന്ന് ആഗ്രഹിക്കാം. ടെലിവിഷൻ, റേഡിയോ, പത്രമാധ്യമങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, വിവിധ സംഘടനകളുടെ പ്രസിദ്ധീകരണങ്ങൾ, വെബ്സൈറ്റുകൾ എന്നിങ്ങനെ നാനാവിധ മാധ്യമങ്ങൾ നമുക്കിന്ന് ലഭ്യമാണ്‌. സ്വന്തം മനഃസാക്ഷിക്ക് വിരുദ്ധമാകാത്ത വിധം വസ്തുതകളെ അവതരിപ്പിക്കുക എന്നതേ ഇവർ ചയ്യേണ്ടതുള്ളൂ. ജനങ്ങൾക്ക് ഇതെല്ലാം വായിക്കാനും അറിയാനും ചിന്തിക്കാനും സ്വീകരിക്കാനും തിരസ്കരിക്കാനുമുള്ള സ്വാതന്ത്യമുണ്ട്. പാഠപുസ്തകങ്ങൾ ഒഴികെ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും കൃതികളുമെല്ലാം സ്വതന്ത്രമായ സൃഷ്ടികളാണ്; രചയിതാക്കളുടെ സൃഷ്ടികളാണ്‌ ‌. അവയ്ക്ക് അവയുടേതായ സ്വാതന്ത്ര്യമുണ്ടായിരിക്കണം.

അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും, തുറന്ന ആശയവിനിമയത്തിനും സംവാദത്തിനും നൈസർഗ്ഗിക വാസനകളെ പരിപോഷിപ്പിക്കുന്നതിനുമാണ്‌. നിരവധി കൃതികളും
ചലചിത്രങ്ങളും വിമർശനവിധേയമായിട്ടുണ്ട്. ഒന്നും വിമർശനത്തിന്‌ അതീതമല്ല. പക്ഷെ വിമർശനം ഉയരുന്നു എന്നകാരണത്താൽ അവയെ നിരോധിക്കരുത്. ഡാവിഞ്ചി കോഡ് എന്ന നോവൽ, തസ്ലീമ നസ്രീന്റെ വിവിധ കൃതികൾ, ഹുസൈൻ ചിത്രങ്ങൾ എന്നിവയെല്ലാം വളരെയധികം വിമർശനങ്ങൾക്കും കോലാഹലങ്ങൾക്കും കാരണമായിട്ടുണ്ട്. സൽമാൻ റുഷ്ദിയുടെ സാത്താനിക് വെഴ്സസ് (Satanic Verses) എന്ന പുസ്തകത്തിന്‌ ഇന്ത്യയിൽ ഏർപ്പെടുത്തിയ നിരോധനവും ഇതിൽപ്പെടും. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട കാർട്ടൂൺ വിവാദവും ഉണ്ടായി. ‘ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റാക്കി’ എന്ന വിവാദത്തിലാണ്‌ ഇപ്പോൾ നമ്മൾ എത്തിനിൽക്കുന്നത്. ഏത് ആവിഷ്കാരമായിരുന്നാലും ചെറിയൊരു വിഭാഗം ജനങ്ങളെങ്കിലും പിൻതുണയ്ക്കുന്നുണ്ടാവും എന്നതാണ്‌ വാസ്തവം; ഇല്ലെങ്കിൽ പോലും അത് ഒരു മനുഷ്യന്റെ സ്വരമായിരിക്കും. സിനിമകളും പുസ്തകങ്ങളും സെൻസറിങ്ങിനു (censoring) വിധേയമാക്കേണ്ടിവന്നാൽ യഥാർത്ഥ രൂപത്തിലുള്ളതും പരിവർത്തനവിധേയമായതും വിപണിയിൽ ലഭ്യമാക്കുകതന്നെ വേണം. രണ്ടും വ്യത്യസ്ത വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ മതി.

വിവാദസൃഷ്ടികൾക്ക് ചില ഉദാഹരണങ്ങൾ പരിശോധിക്കാം:

ഡാവിഞ്ചി കോഡ് എന്ന നോവൽ പരമ്പരാഗത ക്രിസ്തീയ വിഭാഗങ്ങളുടെ വിശ്വാസവുമായി പൊരുത്തപ്പെടുന്നവയല്ല. സഭയ്ക്ക് അനുകൂലമല്ല. എന്നാൽ അതിലെ പരാമർശങ്ങൾ ക്രിസ്തുവിനെ പൂർണ്ണമായും ബഹുമാനിച്ചുകോണ്ടും ദൈവം സ്നേഹമാണ്‌ എന്ന ആശയത്തെ അംഗീകരിച്ചുകൊണ്ടുമുള്ളതാണ്‌.

“ഡയോക്ലീഷ്യൻ ചക്രവർത്തിക്കെതിരായി കഷ്ടപ്പെടുന്ന ജനവിഭാഗത്തിന്റെ സാമൂഹ്യ നീതിക്കുവേണ്ടി പോരാടി മരിച്ച ധീര രക്തസാക്ഷി സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിന്‌ ആശംസകൾ”. വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിനോടനുബന്ധിച്ച് ഇടതുപക്ഷ സംഘടന സ്ഥാപിച്ച ബോർഡിലെ വാചകമാണിത്. പുണ്യാളൻ എന്നോ വിശുദ്ധൻ എന്നോ ചേർത്തിട്ടില്ലെങ്കിലും ഇടതുപക്ഷ പ്രത്യയശാസ്ത്രം ദൈവതുല്യം അംഗീകരിക്കുന്ന വിപ്ലവകാരി ചെഗുവേരയോട് സാദൃശ്യപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരുടെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ ഈ വാചകം ബഹുമാനക്കുറവുമൂലം എഴുതിയതാണെന്ന് പറയാനാവുന്നില്ല. ശ്രീനാരായണഗുരു ഈഴവ ശിവനെ പ്രതിഷ്ഠിച്ചു എന്നുപറയുന്നതുപോലെ കമ്മ്യൂണിസ്റ്റ് ക്രിസ്തുവിനെ ആരാധിച്ചുതുടങ്ങി !

എം.എഫ്.ഹുസൈൻ എന്ന ചിത്രകാരന്റെ പെയിന്റിങ്ങുകളാണ്‌ വിവാദപരമായ മറ്റൊന്ന്‌ . ഭാരതീയ ചരിത്രത്തെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും അദ്ദേഹത്തിനുണ്ടായിരുന്ന ധാരണകൾ തന്നെയായിരുന്നിരിക്കണം ചിത്രങ്ങളിൽ തെളിഞ്ഞത്. ഭാരതീയസംസ്കാരത്തെ ഇസ്ലാമികരീതിയിൽ വിലയിരുത്താൻ ശ്രമിച്ചപ്പോഴുണ്ടായ അപാകതകളാണ്‌ ചില ചിത്രങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അഭിപ്രായമുണ്ട്. എന്തായിരുന്നാലും അത് ആ മനുഷ്യന്റെ ആത്മാവിഷ്കാരം തന്നെയാണ്‌. അതങ്ങനെതന്നെ നിലനിൽക്കട്ടെ; ഒരു സ്വതന്ത്രമായ രചന.
ബാബറിമസ്ജിദ് തകർക്കപ്പെട്ടപ്പോൾ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾക്ക് നേരിടേണ്ടിവന്ന പീഢനങ്ങളെക്കുറിച്ച് തസ്ലീമ നസ്രീന്റെ എഴുതിയ ‘ലജ്ജ’ എന്ന നോവലിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇത് അവിടെയുള്ള ഭൂരിപക്ഷത്തിന്റെയും എതിർപ്പിനും പുസ്തകനിരോധനത്തിനും കലാപത്തിനും കാരണമായി. ഏതെങ്കിലും കാരണത്താൽ നിരോധിക്കപ്പെട്ടാതോ നിരോധനത്തിന്റെ വക്കോളമെത്തിയതോ ആയ സൃഷ്ടികൾക്ക് നിരവധി ഉദാഹരണങ്ങൾ ഉണ്ട്; സ്വതന്ത്രഭാരതത്തിൽ പോലും.

ആശയപ്രകടനശൈലി

എന്തുപറയുന്നു എന്നതുമാത്രമല്ല എങ്ങനെ പറയുന്നു എന്നതിനും പ്രാധാന്യമുണ്ട്. ആശയപ്രകടനത്തിന്‌ മെച്ചവും ഹൃദ്യവുമായ ഭാഷാശൈലി ഉണ്ടായിരുന്നാൽ നല്ലത്. വൈകാരികമായ പ്രകടങ്ങളല്ല, വസ്തുനിഷ്ഠാപരമായ അവതരണങ്ങളാണ്‌ ശ്രോതാക്കളെ ചിന്തിക്കാനും സ്വീകരിക്കാനും പ്രേരിപ്പിക്കുന്നത്. അതിനാൽ ഉത്തരവാദിത്വപരമായി പ്രസംഗങ്ങൾ നടത്തുന്നവരും ലേഖനങ്ങൾ എഴുതുന്നവരും ഇക്കര്യം ശ്രദ്ധിക്കണം. വൈകാരികമായ പ്രകടനമല്ല, സമചിത്തതയോടെയുള്ള അവതരണമാണ്‌ നടക്കുന്നതെന്ന്. അല്ലെങ്കിൽ അവ വെറും ബാലിശമായ വാചകങ്ങൾ മാത്രമായേക്കാം. ഇങ്ങനെയുള്ള നിയമങ്ങളൊന്നും അനുസരിക്കാൻ കൂട്ടാക്കാത്ത സ്വതന്ത്രമായ രചനകൾ നമുക്കിടയിലുണ്ട്. സ്വന്തം ആശയം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതുമാത്രമല്ല അവയുടെ ലക്ഷ്യം. അതിലുപരി, അവ രചയിതാവിന്റെ മനസ്സിനെ തുറന്നുകാട്ടുന്നതുമായിരിക്കും. നമ്മോടോപ്പമുള്ളവരുടെ മനസ്സും ചിന്തകളുമാണ്‌ അത്തരം സൃഷ്ടികൾ. അതിനാൽ അങ്ങനെയുള്ളവ കലാപരമായ ആവിഷ്കാരം ആകുന്നു; ആധികാരികമായ സന്ദേശമോ പ്രസ്താവനയോ ആയിരിക്കണമെന്നില്ല.

"Freedom is not worth having if it does not include the freedom to make mistakes" എന്നാണ്‌ ഗാന്ധിജി പറഞ്ഞത്. അഭിപ്രായസ്വാതന്ത്ര്യവും ആശയപ്രകടനസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും പൂർണ്ണമായി നിലനിൽക്കണം. സംവാദത്തെയും ചർച്ചയെയും ആത്മാവിഷ്കാരത്തെയും അദ്ദേഹം എന്നും പ്രോത്സാഹിപ്പിച്ചിരുന്നു.
~ ~ ~ * * * ~ ~ ~

30 comments:

 1. അഭിപ്രായ സ്വാതന്ത്രത്തെ എന്തുപറയാനുള്ള ലൈസൻസായ് കാണാനാവില്ല.വിശദമായ് കാര്യങ്ങൾ .പറഞ്ഞു അഭിനന്ദനങ്ങൾ...

  ReplyDelete
  Replies
  1. എന്തുപറയുന്നു എന്നതിനേക്കാൾ എങ്ങനെ പറയുന്നു എന്നതാണ്‌ പലപ്പോഴും മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നത് എന്നു തോന്നാറുണ്ട്.

   Delete
 2. തീര്‍ച്ചയായും അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കപെടുക തന്നെ വേണം. നന്നായി പറഞ്ഞു "Freedom is not worth having if it does not include the freedom to make mistakes" ത്വാതികമായി ഈ നിലപാടിനോട് ചില വിയോചിപ്പുകള്‍ ഉണ്ട് എന്നാലും.

  ReplyDelete
  Replies
  1. പരമമായ സത്യത്തെ പ്രാപിക്കുന്നതുവരെ ആപേക്ഷികമായ സത്യത്തിൽ വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. എന്നതിനാലായിരിക്കാം "Freedom is not worth having if it does not include the freedom to make mistakes" എന്നുപറഞ്ഞത്.

   Delete
 3. അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ നിശ്ചയമായും സംരക്ഷിക്കപ്പെടണം. നിശ്ചയമായും അത് വേണം. പക്ഷെ അത് മറ്റൊരുവന്റെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാവരുതെന്ന് തോന്നുന്നു.

  ReplyDelete
  Replies
  1. അതെങ്ങനെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാകും ? എല്ലാവർക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ്‌ ചെയ്യുന്നത്. ഇതിൽ ഭയപ്പെടേണ്ടതായി ഒന്നുമില്ല.
   അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമാണ്‌ ആവശ്യം. അഭിപ്രായം അടിച്ചേൽപ്പിക്കാനുള്ള അവകാശമല്ല.

   Delete
 4. നല്ല സച്ചിത്രമാര്‍ന്ന പോസ്റ്റ്‌ വളരെ ഇഷ്ടമായി
  അഭിപ്രായ സ്വതന്ത്രത്തിനായി ഒറ്റയാള്‍ പട്ടാളക്കാര ഞാനും ഉണ്ട് കുടെ മുന്നോട്ടു മുന്നോടു മുന്നോട്ടു

  ReplyDelete
 5. ശരിയാണ്‌, തീർച്ചയായും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുകതന്നെ വേണം.

  ReplyDelete
 6. ഞാൻ ഈയിടെ വായിച്ചതിൽ ഏറ്റവും നല്ല ബ്ലോഗ് പോസ്റ്റുകളിലൊന്ന്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് എന്റെ അഭിപ്രായങ്ങളുമായും ഈ പോസ്റ്റ് പൂർണ്ണമായും യോജിച്ചു നിൽക്കുന്നു. “എന്തുപറയുന്നു എന്നതിനേക്കാൾ എങ്ങനെ പറയുന്നു എന്നതാണ്‌ പലപ്പോഴും മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നത് എന്നു തോന്നാറുണ്ട്.“ എന്ന താങ്കളുടെ കമന്റ് ഈ പോസ്റ്റിൽ എവിടെയെങ്കിലും ഉൾച്ചേർക്കേണ്ടതായിരുന്നു എന്നും തോന്നുന്നു. ജനാധിപത്യം ഏറ്റവും കരുത്താർജ്ജികുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിലൂടെയണ്. നാവടക്കപ്പെടുന്ന ജനാധിപത്യം ജനാധിപത്യമല്ല. ജനാധിപത്യത്തിന്റെ ജീവവായുവാണ് ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം. ഭരണവർഗ്ഗം മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യത്തിനു ഭീഷണി ഉയർത്തുന്നത് മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നെല്ലാം അതുണ്ടാകാം എന്നും ഓർക്കേണ്ടതുണ്ട്. അടിച്ചമർത്തൽ ഒരു ഭരണകൂടഭീകരത മാത്രമല്ല. സമൂഹത്തിൽ നിന്നുതന്നെ അതുണ്ടാകാം.

  ReplyDelete
  Replies
  1. വളരെ ക്രിയാത്മകമായ അഭിപ്രായം. ആ കമന്റ് എഴുതിയപ്പോൾത്തന്നെ അത് ലേഖനത്തിൽ ചേർക്കണമെന്ന് തോന്നിയിരുന്നു. എന്നാൽ താരതമ്യേന കൂടുതൽ specific ആയ ആ വാചകം ചേർക്കാൻ ഒരിടം കണ്ടെത്താനാവാത്തതിനാൽ ചേർത്തില്ല. എന്നാൽ താങ്കളുടെ കമന്റ് കിട്ടിയതിനുശേഷം വീണ്ടും ആലോചിച്ചു. അങ്ങനെ പുതിയൊരു ഭാഗംകൂടി ചേർത്തു. ‘ആശയപ്രകടനശൈലി’.

   Delete
 7. ജീ . ആര്‍ .,
  Abhinav,

  ലേഖനം ഇഷ്ടപ്പെട്ടതിൽ സന്തോഷം. വായനയ്ക്കും കമന്റിനും നന്ദി.

  ReplyDelete
 8. ഇഷ്ടപ്പെട്ടു ലേഖനം.
  ഈഴവശിവന്റെയും കമ്മ്യൂണിസ്റ്റ് ക്രിസ്തുവിനെയുമൊക്കെ പറയുമ്പോള്‍ കൂടുതല്‍ ലളിതമാവുന്നതിന് കാരണമുണ്ട് :)

  തീവ്രമാകാം, പക്ഷെ എന്തുപറയുന്നു എന്നതു മാത്രമല്ല എങ്ങനെ പറയുന്നു എന്നതിനും പ്രാധാന്യമുണ്ട്.
  അതെ, അത് തന്നെയാണ് എനിക്കും അടിവരെയിടാനുള്ളത്!

  ReplyDelete
 9. അഭിപ്രായ സ്വാതന്ത്രത്തെ എന്തുപറയാനുള്ള ലൈസൻസായ് കാണാനാവില്ല.
  പക്ഷെ എന്തുപറയുന്നു എന്നതു മാത്രമല്ല എങ്ങനെ പറയുന്നു എന്നതിനും പ്രാധാന്യമുണ്ട്.

  ReplyDelete
 10. വസ്തു നിഷ്ഠമായ എഴുത്ത്. നല്ല ഒരു ലേഖനം വായിച്ചതില്‍ സംതൃപ്തി തോന്നുന്നു.

  ReplyDelete
 11. നല്ല ലേഖനം. ശരിയാണ്. പൂര്‍ണ്ണമായും യോജിക്കുന്നു.എന്തു പറയുന്നു എങ്ങിനെ പറയുന്നു. അതോടൊപ്പം എപ്പോള്‍ പറയുന്നു.അതും പ്രാധാന്യമര്‍ഹിക്കുന്നു.

  ReplyDelete
 12. എന്തും പറയാനുള്ളതല്ല അഭിപ്രായ സ്വാതന്ത്ര്യം. എന്ത് എന്നതിനേക്കാള്‍ എങ്ങിനെ എന്നത് തന്നെ മുഖ്യം എന്നാണ് എനിക്കും തോന്നുന്നത്.

  ReplyDelete
 13. നിന്റെ വിരല്‍ നീളുവാനുള്ള സ്വാതന്ത്ര്യം എന്റെ മൂക്ക് വരെ മാത്രമാണെന്ന് അര്‍ത്ഥം വരുന്ന ഒരു ഇംഗ്ലിഷ് പഴമൊഴി ഓര്‍ക്കുന്നു. എന്ത് പറയുന്നു, എങ്ങിനെ പറയുന്നു എന്നതോടൊപ്പം ആരു പറയുന്നു എന്നതും ഇപ്പോള്‍ ഒരു വിഷയമാണ്.

  ReplyDelete
 14. ...കാര്യവിചാരവും ഉൾക്കാഴ്ചയുള്ളതുമായ ഒരു നല്ല ലേഖനം

  ReplyDelete
 15. മൂക്കിന്റെ തുമ്പിനടുത്തു വരെ താങ്കൾക്ക് കൈവീശാം എന്നാൽ മൂക്കിൽ തൊട്ടാൽ വിധം മാറും...എന്ന് പറയാറുണ്ട്...എന്നാൽ ഇന്ന് പലരും അഭിപ്രായ സ്വാതന്ത്ര്യമെന്നത് മൂക്കിന്റെ പാലം തന്നെ അടിച്ചു പൊളിക്കുന്നതിനുള്ള ലൈസൻസായാണ്‌ എടുക്കുന്നത്...
  അപ്പനെ തല്ലിയാലും രണ്ടഭിപ്രായക്കാരുണ്ടാകും എന്നും പറയാറുണ്ട്..
  അഭിപ്രായ സ്വാതന്ത്ര്യം കൂടിയ പ്രശ്നമാണ്‌ ഇന്ത്യയിൽ ഇന്നുള്ളത് ..അല്പം നിയന്ത്രിച്ചില്ലേങ്കിലും പ്രശ്നമാണ്‌..

  ReplyDelete
  Replies
  1. അത് കയ്യാങ്കളിയാണ്‌. അഭിപ്രായസ്വാതന്ത്ര്യത്തിൽ സ്വതന്ത്രമായ ആശയവിനിമയത്തിനും അവതരണത്തിനുമുള്ള സ്വാതന്ത്ര്യമാണുവേണ്ടത്. കൈപ്രയോഗം അതിന്റെ പരിധിയിൽ വരില്ല.

   Delete
 16. കൊള്ളാം.നല്ല വീക്ഷണങ്ങള്‍...

  പക്ഷെ നമ്മുടെ ജനാധിപത്യം ഇന്ന് ചെയ്യുന്നത്

  ആരെപ്പറ്റി എന്തും എങ്ങനെയും പറയാം എന്ന

  സ്വാതന്ത്ര്യം കൊടുക്കല്‍ ആണ്‌ എന്ന് തോന്നുന്നു...

  കൂടെ നില്‍ക്കാന്‍ കുറെ ആളുകള്‍ ഉണ്ടെങ്കില്‍ ആര്‍ക്കും

  ആരെയും എന്തും പറയാം എന്ന സ്ഥിതി...യാഥാര്‍ത്യങ്ങള്‍

  കുഴിച്ചു മൂടപ്പെടുന്ന അവസ്ഥ...

  ReplyDelete
  Replies
  1. നമുക്ക് മറിച്ചും പറയാമല്ലോ...

   Delete
 17. സമുഖ ത്തിനു നേരെ ഉള്ള അരുതായിമ്മക്ക് നേരെ ഉള്ള തുറന്ന യുദ്ധം
  തുലിക പടവാളായി തുടരട്ടെ ഇനിയും ഈ സമരം അഭിവാദാനങ്ങള്‍

  ReplyDelete
 18. മുറിയട്ടെ വികാരങ്ങള്‍ ......... കുറെ തവണയാവുമ്പോള്‍ അത് സ്വാഭാവികമാവും... ചെറുതായൊന്ന് മുറിയുമ്പോഴേക്കും തടവിക്കൊടുക്കാന്‍ ആളുണ്ടായതുകൊണ്ടാണ് പ്രശ്നം മുഴുവന്‍.

  ReplyDelete
 19. ആശയ ദാരിദ്ര്യമാണ് ആശയ ഭീകരതയെ സൃഷ്ടിക്കുന്നത്. ആശയം കൊണ്ട് മറികടക്കുവാന്‍ ആവില്ലെന്ന് വരുമ്പോള്‍ വായ്ത്തലയുടെ മൂര്‍ച്ചയെ ആശ്രയിക്കുന്നു. അവിടെയാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കഴുത്തറ്റു പോകുന്നത്. രാഷ്ട്രീയ പ്രബുദ്ധതകൊണ്ടേ ആശയ സ്വാതന്ത്ര്യത്തെ നേടിയെടുക്കാന്‍ ആവു. നമുക്ക് നഷ്ട്ടമാകുന്നത് രാഷ്ട്രീയ പ്രബുദ്ധതയാണ്‌.
  വളരെ നല്ല ഈ ലേഖനത്തിനും ചൂണ്ടികാണിച്ചു തന്ന നിശാസുരഭിക്കും നന്ദി.

  ReplyDelete
 20. good note on freedom of expression..

  "Freedom is not worth having if it does not include the freedom to make mistakes"

  ReplyDelete
 21. Vayanayude lokam...!

  Manoharam, Ashamsakal...!!!

  ReplyDelete
 22. എന്തുപറയുന്നു എന്നതിനേക്കാൾ എങ്ങനെ പറയുന്നു എന്നതാണ്‌ പലപ്പോഴും മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നത് എന്നു തോന്നാറുണ്ട്. എന്നുള്ള ഹരിയുടെ വീക്ഷണം തികച്ചും ശരിയാണ്!

  ReplyDelete