Tuesday, January 24, 2012

വാർദ്ധക്യസഹജമായ സൗന്ദര്യം

ശിശുക്കൾ സൗന്ദര്യമുള്ളവരായി കാണപ്പെടുന്നു. മനസ്സിൽ വികാരവിക്ഷോഭങ്ങളില്ല. ശാന്തമായ മനസ്സ്. ആവേശവും ചുറുചുറുക്കുമുള്ള യൗവനത്തിൽ മനസ്സിന്റെ ശാന്തതയും കുളിർമ്മയും ഒന്നും നിലനിർത്താനാവുന്നില്ല. എന്നിരുന്നാലും യൗവനയുക്തരിലും സൗന്ദര്യമുണ്ട് . ശരീരസംബന്ധിയായ ആരോഗ്യത്തിലധിഷ്ഠിതമായ സൗന്ദര്യമാണത് . പിന്നീട് വാർദ്ധക്യം എന്ന പ്രതിഭാസത്തിൽ എന്താണ്‌ സംഭവിക്കുന്നത് ?

പ്രായമേറുന്തോറും പക്വതയാർജ്ജിക്കുന്നുണ്ടോ ? ഇവിടെ പക്വത എന്നാൽ, യുവസഹജമായ അഭിലാഷങ്ങളുടെയും എടുത്തുചാട്ടങ്ങളുടെയും അലകൾ നിലച്ച അവസ്ഥ. വാർദ്ധക്യത്തിലും ഇപ്രകാരമുള്ള പക്വത കൈവന്നിട്ടില്ലെങ്കിൽ ശരീരം ക്ഷയിച്ചുതുടങ്ങുകയും മനസ്സ് യൗവനത്തിൽത്തന്നെ തടഞ്ഞുനിൽക്കുകയും ചെയ്യും. ഈ അവസ്ഥയിൽ പ്രായം ചെന്ന ആളുകൾ വളരെയേറെ സൗന്ദര്യം നശിച്ചവരും വൈരൂപ്യം ഉള്ളവരും ആയിത്തീരുന്നു.

മുരടിച്ച മനസ്സുമായി കഴിയുന്ന വൃദ്ധജനങ്ങളെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഇല്ലാത്ത ശാന്തമായ മനസ്സിനുടമകളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട് . യഥാർത്ഥത്തിൽ ഇത് തീവ്രമായ ആഗ്രഹങ്ങൾ അമൂർത്തമായ രൂപത്തിൽ ഒതുങ്ങിക്കൂടിയ അവസ്ഥയാണ്‌ . അസ്വസ്ഥതകളും അക്ഷമകളും നിറഞ്ഞ മനസ്സിന്റെ ഉടമകളാണിവർ. ഇവർ ചുറ്റുപാടും മൂകവും ആനന്ദരഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇക്കൂട്ടരുടെ ജീവിതയാത്ര ശരിയായ പാതയിലായിരുന്നില്ല എന്നാണ്‌ നിരീഷണങ്ങൾ വ്യക്തമാക്കുന്നത്. വാർദ്ധക്യത്തിൽ ഇവർ സമൂഹത്തിൽ ഒറ്റപ്പെടുകയും പ്രത്യേക പരിഗണന ആവശ്യമായിവരികയും ചെയ്തേക്കാം.

പ്രായമേറുന്തോറും പക്വതയാർജ്ജിക്കുന്നു എന്ന വിശ്വാസത്തിലാണ്‌ മുതിർന്നവരും വൃദ്ധജനങ്ങളും പൂജനീയരാകുന്നത്. പക്വതയാർജ്ജിക്കുക എന്നാൽ ശാന്തവും സ്വച്ഛന്ദവും ശുദ്ധവുമായ മനസ്സിനുടമകളാവുക എന്നർത്ഥം. മറ്റൊരുതരം ശൈശവം. ആഗ്രഹപൂർത്തീകരണത്തിലൂടെയോ ശുദ്ധജ്ഞാനത്തിലൂടെയോ ധ്യാനത്തിലൂടെയോ ജീവിതയാത്രയിൽ ഇതുസംഭവിക്കുന്നു. പൂർണ്ണചന്ദ്രന്റെ പ്രഭയും കുളിർമ്മയും, പനിനീർപ്പൂവിന്റെ സൗന്ദര്യവും സൗരഭ്യവും അതിനുണ്ടായിരിക്കുമെന്ന് കവികൾ പറയുന്നു. ഇങ്ങനെ പക്വതയാർജ്ജിച്ച വൃദ്ധജനങ്ങൾ എല്ലാവരാലും ആദരിക്കപ്പെടുന്നു. പുതുതലമുറയ്ക്ക് വഴികാട്ടിയാവുന്നു.

“കാണാൻ ഭംഗിയുള്ള ഒരു വൃദ്ധനെ കണ്ടെത്താൻ വളരെ പ്രയാസമാണ്‌” - രവീന്ദ്രനാഥ ടാഗോർ

“ഒരു വൃദ്ധൻ തന്റെ ജീവിതാനുഭവങ്ങളിലൂടെ വാർദ്ധക്യത്തിന്റെ നിറഞ്ഞ സൗന്ദര്യത്തിലേക്ക് പക്വത പ്രാപിക്കുമ്പോൾ, അയാളുടെ ശിരസ്സിലെ വെളുത്ത മുടി, ഹിമവൽ ശൃംഗങ്ങളിലെ ഉറഞ്ഞ മഞ്ഞുകട്ടകളെപ്പോലെ സുന്ദരമായിത്തീരുന്നു. ശാന്തിയും സമാധാനവും അത്യുച്ചിയിൽ ഏതാണ്ട് ആകാശത്തെ പുണരുന്നു. അവിടെ മേഘങ്ങൾപോലും ആദരവിനാൽ തലകുനിക്കുന്നു. അത്തരത്തിലുള്ള വൃദ്ധജനങ്ങളെയാണ്‌ നമ്മൾ ഗുരുക്കന്മാരെന്നും ആചാര്യന്മാരെന്നും ഗുരുനാഥന്മാരെന്നുമൊക്കെ വിളിച്ചുപോരുന്നത്.” - ഓഷോ

ജരാനരകൾ ശുഭലക്ഷണമല്ല. ശൈശവത്തിന്റെ നിർമ്മലതയും, യൗവനത്തിന്റെ പരിപൂണ്ണതയും ഈശ്വരാനുഗ്രഹങ്ങളാണ്‌. ആത്മാവുമാത്രമല്ല, ശരീരവും കൂടിച്ചേർന്നതാണ്‌ ജീവിതം. ശരീരത്തെ മാനിക്കൂ. ജരാനരകൾ ബാധിച്ച ഒരു ഈശ്വരരൂപം നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടാനായിരിക്കില്ല നിങ്ങൾ ആഗ്രഹിക്കുന്നത്. മനുഷ്യശരീരവും അങ്ങനെയാണ്‌, അതിന്റെ പൂർണ്ണതയെ ആദരിക്കൂ. എങ്കിൽ മാത്രമേ വാർദ്ധക്യത്തിലും അതിന്റെ തേജസ്സ് നിലനിർത്താനാവൂ. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാൽ, ശാരീരികമായ യൗവനവും കാലത്തിന്റെ പ്രയാണത്തിലൂടെ കൈവരുന്ന നിർമ്മലതയും ഒന്നുചേരുന്നതാണ്‌ പരിപൂണ്ണത... വിശുദ്ധത...

ശൈശവ-ബാല്യകാലങ്ങളുടെ നിർമ്മലതയും നിഷ്കളങ്കതയും യൗവനത്തിലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക...വാർദ്ധക്യസഹജമായ സൗന്ദര്യത്തിന്റെ താക്കോലാണിത്.

13 comments:

 1. മഹാഭാരതത്തിൽ ഒരു കഥയുണ്ട്.. മരണത്തിന്റെ ദേവൻ യക്ഷനായി രൂപം മാറി യുധിഷ്ഠിരനോട് ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്ന്… രാവിലെ നാലുകാലിൽ നടക്കുന്ന, ഉച്ചയ്ക്ക് രണ്ടുകാലിൽ നടക്കുന്ന വൈകുന്നേരം മൂന്നു കാലിൽ നടക്കുന്ന ജീവി ഏതാണ്?..ഉത്തരം മനുഷ്യൻ എന്ന് യുധിഷ്ഠിരൻ പറയുന്നു..അതിവിടെ ഓർത്തു പോകുന്നു..
  പ്രായമേറുന്തോറും പക്വത ഏറുന്നു… പിന്നെ കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കതയും ഏറി വരുന്നു.. അവർ ദൈവത്തോട് അടുക്കുന്നു…അല്ലെങ്കിൽ യാഥാർത്ഥ്യങ്ങളുടെ അന്ത: സത്ത ഉൾക്കൊള്ളുന്നു....അതു കൊണ്ടു തന്നെയാകണം അശരണരായ അവരെ ഉപേക്ഷിക്കുന്നവർക്ക് ഒരിക്കലും ഗതി പിടിക്കില്ല എന്നത് സത്യമായി ഭവിക്കുന്നത്…എന്നിട്ടും അന്ധരായി ചില മനുഷ്യർ ശാപം വാങ്ങാൻ ഒരു മടിയുമില്ലാതെ…!
  നന്നായിരിക്കുന്നു.. ഭാവുകങ്ങൾ

  ReplyDelete
  Replies
  1. ഇങ്ങനെ പക്വത ഏറിയവരെ ആരും ഉപേക്ഷിക്കാറില്ല എന്നാണ്‌ പറഞ്ഞുവന്നത്.
   രാവിലെ നാലുകാലിലും (ശൈശവം), ഉച്ചയ്ക്ക് രണ്ടുകാലിലും (യൗവനം), വാർദ്ധ്യക്യത്തിൽ മൂന്നുകാലിലും (രണ്ടുകാലും വടിയും) നടക്കുന്നു) എന്നല്ലേ :) നന്ദി.

   Delete
 2. ഞാനും ഇതു വായിച്ചപ്പോള്‍ ഓര്‍ത്തത് യക്ഷ യുധിഷ്ടിര സംവാദമാണ്.....

  ReplyDelete
 3. ഉം.അങ്ങനെ കാണാന്‍ ഭംഗീള്ള ഒരു വൃദ്ധ ആവണേ ഞാനും.

  ReplyDelete
  Replies
  1. ഇപ്പൊ ഭംഗിയേ ഇല്ലേ, ഹ്ഹിഹി
   ഞാനോടിപ്പോയ്!

   Delete
 4. പതിവ് പോലെ ഗൌരവമുള്ള പോസ്റ്റ്‌...
  ആശംസകള്‍...

  ReplyDelete
 5. പക്വതയാർജ്ജിക്കുക എന്നാൽ ശാന്തവും സ്വച്ഛന്ദവും ശുദ്ധവുമായ മനസ്സിനുടമകളാവുക എന്നർത്ഥം. മറ്റൊരുതരം ശൈശവം. ആഗ്രഹപൂർത്തീകരണത്തിലൂടെയോ ശുദ്ധജ്ഞാനത്തിലൂടെയോ ധ്യാനത്തിലൂടെയോ ജീവിതയാത്രയിൽ ഇതുസംഭവിക്കുന്നു. പൂർണ്ണചന്ദ്രന്റെ പ്രഭയും കുളിർമ്മയും, പനിനീർപ്പൂവിന്റെ സൗന്ദര്യവും സൗരഭ്യവും അതിനുണ്ടായിരിക്കുമെന്ന് കവികൾ പറയുന്നു. ഇങ്ങനെ പക്വതയാർജ്ജിച്ച വൃദ്ധജനങ്ങൾ എല്ലാവരാലും ആദരിക്കപ്പെടുന്നു. പുതുതലമുറയ്ക്ക് വഴികാട്ടിയാവുന്നു.

  ആശംസകള്‍...

  ReplyDelete
  Replies
  1. സാരാംശം വ്യക്തമായി പറഞ്ഞിരിക്കുന്നു. നന്ദി...

   Delete
 6. മറ്റുള്ളവരുമായി കാര്യമായി ഇടപെഴകാത്ത പലരും വൃദ്ധരാവുമ്പോള്‍ അല്പം കൂടി സംസാരപ്രിയരാകാനും സൌമയരാകാനും ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്.

  ReplyDelete
 7. ചെറുതെങ്കിലും നല്ല ലേഖനം.

  ReplyDelete
 8. മനോജ്, മുല്ല, നിശാസുരഭി, khaadu, ലീല, Manu, മുനീർ,

  വായിച്ചതിനും കമന്റിനും നന്ദി :)

  ReplyDelete
 9. ശൈശവ-ബാല്യകാലങ്ങളുടെ നിർമ്മലതയും നിഷ്കളങ്കതയും യൗവനത്തിലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക...വാർദ്ധക്യസഹജമായ സൗന്ദര്യത്തിന്റെ താക്കോലാണിത്..ഇഷ്ടായി ഹരി ഈ വരികള്‍. വാര്‍ദ്ധക്യത്തിലും സന്തോഷത്തോടെ, നിഷ്കളങ്കമായി മനസ്സ് തുറന്നു ചിരിക്കാന്‍ കഴിയുക അതൊരു ഭാഗ്യം തന്നെയാണ്....

  ReplyDelete