Wednesday, January 04, 2012

സമ്പത്ത് പണം ആകുമ്പോൾ

സമ്പത്ത്‌ പണം

ധനവും ധാന്യവുമെല്ലാം പൗരാണികകാലം മുതൽ ആദരിക്കപ്പെട്ടുപോരുന്നു. ‘മിയതേ അനയാ ഇതി മായാ’. അളക്കാൻ കഴിയുന്നത് ഏതാണോ അത് മായ. അളക്കാൻ കഴിയുന്ന പണത്തെയാണോ നാം പൂജിക്കുന്നത്? അല്ല. സമ്പത്തിന്റെ പ്രതിനിധിയാണിവിടെ നാണയങ്ങൾ. പ്രകൃതിയിൽ അളക്കാനാവാത്ത അവസ്ഥയിൽ സ്ഥിതിചെയ്യുന്ന സമ്പത്തിൽ ചില ക്രിയകൾ നടത്തുമ്പോഴാണ്‌ അത് അളന്നു തിട്ടപ്പെടുത്താനാവുന്നത്. അമൂല്യമായ ജലം ഭൂമിയിലുണ്ട്. അത് അളന്ന് കുപ്പിയിലാക്കുമ്പോൾ മൂല്യം നിശ്ചയിക്കാനാവുന്നു. മനുഷ്യസൃഷ്ടിയായ‘കറൻസി’ എന്നത് തികച്ചും മിഥ്യയായ ഒരു സമ്പാദ്യമാണ്‌. ഇത് ഏറെ പ്രയോജനകരവും സൗകര്യപ്രദവുമാണെങ്കിലും അറിവില്ലാതെയുള്ള പ്രയോഗം ആപത്കരമായിത്തീരും.

ഒരാൾ എപ്രകാരം പണം സമ്പാദിക്കുന്നു എന്നതുപോലെ പ്രാധാന്യമുള്ളതാണ്‌ ആ പണം എപ്രകാരം വിനിയോഗിക്കുന്നു എന്നതും. ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്നവർ അക്കാരണം കൊണ്ടുമാത്രം ആദരണീയരാകുന്നു. എന്നാൽ ഇവർ ഈ പണം ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തികൾ അവനവനിലും മറ്റുമനുഷ്യരിലും ചുറ്റുപാടിലും എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിന്റെ വിശകലനം ആവശ്യമാണ്‌. ഈ പ്രവർത്തനങ്ങളും പ്രതിപ്രവർത്തനങ്ങളുമായിരിക്കണം സമ്പാദ്യത്തിന്‌ മൂല്യം നിശ്ചയിക്കാനുള്ള മാനദണ്ഡം.

ധനാഗമനമാർഗ്ഗങ്ങളിൽ മാത്രമല്ല അതിന്റെ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ചുകൂടി ബോധവാനാകണമെന്നാണ്‌ മതങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ധർമ്മാനുസൃതമായി സമ്പാദിച്ചവ യഥേഷ്ടം വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നു വിചാരിക്കരുത്. അതിന്റെ വിനിയോഗത്തിലും ധർമ്മം പാലിച്ചിരിക്കണം. ദാനധർമ്മം നടത്തുമ്പോൾ അത് അർഹിക്കുന്നവർക്ക് കിട്ടിയാൽ മാത്രമേ പുണ്യപ്രവൃത്തിയാകുന്നുള്ളൂ. സൗജന്യമായി വിതരണം ചെയ്തു എന്നതുകൊണ്ടുമാത്രം അത് ദാനധർമ്മത്തിന്റെ പരിധിയിൽ വരില്ല. ആർഭാടവും ധൂർത്തും നിന്ദ്യമായ കർമ്മങ്ങളാണ്‌. എന്തുകൊണ്ടെന്നാൽ അത് അത്രയും കൂടുതൽ പ്രകൃതിയെയും സഹജീവികളെയും ദ്രോഹിക്കലാണ്‌. സമ്പന്നരാഷ്ട്രങ്ങളും പെട്രോളിയം ഉൽപാദകരാഷ്ട്രങ്ങളും ഇക്കാര്യത്തിൽ മുൻപിൽ നിൽക്കുന്നു. വികസ്വര രാഷ്ട്രങ്ങൾ അവരെ പിൻതുടരുന്നു.

വിശന്നുവലഞ്ഞു വരുന്നവൻ ധനികനായാലും ദരിദ്രനായാലും ഭക്ഷണം കിട്ടിയേതീരൂ. അതിന്റെ ആവശ്യകത ഒരുപോലെയാണ്‌. എന്നാൽ അവർ ഒരു ഭക്ഷണശാലയിൽ കയറിയെന്ന് കരുതുക. അവിടെ എല്ലാവർക്കും തുല്യനിരക്കിലാണ്‌ ഭക്ഷണം വിൽക്കുന്നത്. അതായത്, സമ്പന്നൻ അവന്റെ സമ്പത്തിന്റെ ചെറിയൊരുശതമാനം വിലയായി നൽകുമ്പോൾ ദരിദ്രൻ താരതമ്യേന കൂടിയശതമാനം വിലയായി നൽകേണ്ടിവരുന്നു. എന്തുകൊണ്ടെന്നാൽ എല്ലാവരിൽനിന്നും തുല്യനിരക്കാണല്ലോ ഈടാക്കുന്നത്. നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിയുടെ ഈ സ്വഭാവത്തെക്കുറിച്ച് അറിവുണ്ടായിരിക്കണം. ഭക്ഷണം വിൽക്കരുതെന്നും വൈദ്യസഹായത്തിന്‌ പ്രതിഫലം വാങ്ങരുതെന്നും പണ്ടുള്ളവർ പറഞ്ഞിരുന്നത് അവ അമൂല്യമാണെന്ന തിരിച്ചറിവുണ്ടായിരുന്നതിനാലാണ്‌. സേവനങ്ങൾ നൽകുന്നവരുടെ സംരക്ഷണം സമൂഹത്തിലെ ജനങ്ങൾ തന്നെ ഏറ്റെടുത്തിരുന്നു. എല്ലാവരും ഉൾപ്പെടുന്നതാണ്‌ സമൂഹമെന്ന ബോധത്തോടെ സഹവർത്തിത്വത്തിലൂടെ ജീവിച്ചിരുന്നു. അങ്ങനെ മ്യൂല്യച്യുതി ഒഴിവായി. ഇന്ന് പ്രാണവായുവിനെങ്കിലും ‘വില’യിടാത്തത് ആശ്വാസകരമാണ്‌...

വിവിധങ്ങളായ മാർഗ്ഗങ്ങളിലൂടെ സമ്പാദിക്കുന്ന ധനം മുഴുവൻ ഈശ്വരനിൽ അർപ്പിക്കുന്നതായി സങ്കൽപ്പിക്കുന്ന പതിവ് ചില ജനവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്നു. ഉത്തമമായ കാര്യങ്ങൾക്കല്ലാതെ പണം ചെലവഴിക്കുന്നതിൽ നിന്നും ഇതവരെ വിലക്കിയിരുന്നു. ദുർവ്യയം തീർത്തും ഒഴിവായി. അതുവഴി സമൂഹവും സുരക്ഷിതരായി. സമ്പത്തിനെപണമാക്കാതിരിക്കുക; പണത്തിനെയും സമ്പത്തായി കരുതുക. വരവറിഞ്ഞ് ചെലവ് ചെയ്താൽ മാത്രം പോരായെന്ന് സാരം.

8 comments:

 1. ധനസമ്പാധനവും അതിന്റെ വിനിയോഗവും മനുഷ്യരെ ഈ ലോകത്ത് വല്ലാതെ ആകര്‍ഷിക്കുന്ന ഘടകമാണ്.ഒന്നുകില്‍ ഒരാള്‍ക്ക് ആഗ്രഹങ്ങള്‍ക്ക് അതിരുണ്ടാകണം.എന്നാല്‍ എത്ര സമ്പാധിച്ചാലും അത് സമൂഹത്തിനു കൂടി ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗിക്കാന്‍ അയാള്‍ സന്നദ്ധനാവും.സത്യത്തില്‍ പണക്കാരനാവുക എന്നത് എല്ലാത്തിലും വലിയതാണെന്ന പൊതു ജന വാദമാണ് പ്രശ്നക്കാരന്‍..പണത്തിനും മേലെ പരുന്തും പറക്കില്ലെന്ന ചൊല്ലും ഇതൊക്കെത്തന്നെയല്ലെ പറയുന്നത്.ദൈവീക ചിന്തകളീലൂടെതന്നെയെ സമ്പത്തിന്റെ ദുര്‍വ്യയം കുറക്കാന്‍ കഴിയൂ.. ലേഖനം നന്നായി എഴുതി കെട്ടോ.നല്ല ചിന്തകള്‍ വളര്‍ത്താന്‍ പ്രേരിപ്പിക്കുന്നതും ഒരു സ്ല്ക്കര്‍മ്മമാണ്

  ReplyDelete
 2. പണത്തിനു മീതെ പരുന്തും കാക്കയും ഒന്നും പറക്കില്ല.

  ReplyDelete
 3. സാധാരണക്കാരൻ പണം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ജീവിക്കാനാണ്…. സമ്പന്നൻ പണം ശേഖരിക്കുന്നത് ഒരു ഹോബിയായാണ്..
  ---------
  സമ്പന്നർ സമൂഹത്തിനു നന്മ ചെയ്യുമ്പോഴാണ് അവർ ആദരണീയരാകുന്നത്..
  താങ്കളുടെ എഴുത്ത് അസ്സലായിരിക്കുന്നു… ഭാവുകങ്ങൾ നേരുന്നു

  ReplyDelete
 4. സമൂഹത്തിനെ നേര്‍വഴിക്കു നയിക്കാന്‍ മനവധ്വനിക്ക് ഇനിയും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു
  എഴുത്ത് തുടരട്ടെ

  ReplyDelete
 5. സര്‍ക്കാരിന്റെ ചിലവ് കൂടുകയും വരവ് കമ്മിയാകുകയും ചെയ്യുമ്പോള്‍ ഭൂനികുതിയും, വെള്ളക്കരവുമൊക്കെപ്പോലെ പ്രാണവായുവിനും നികുതി ഏര്‍പ്പെടുത്തിയേക്കാം....

  നല്ല എഴുത്ത്, ആശംസകള്‍......

  ReplyDelete
 6. നല്ല പോസ്റ്റ്‌...

  ReplyDelete
 7. ആർഭാടവും ധൂർത്തും നിന്ദ്യമായ കർമ്മങ്ങളാണ്‌. എന്തുകൊണ്ടെന്നാൽ അത് അത്രയും കൂടുതൽ പ്രകൃതിയെയും സഹജീവികളെയും ദ്രോഹിക്കലാണ്‌.
  പോസ്റ്റിൽ മേലെ പറഞ്ഞതാണെനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. ആർഭാടത്തിലും ധൂർത്തിലും പങ്ക് ചേരാതിരിക്കാൻ കല്യാണങ്ങൾ പോലുള്ള പരിപാടികളിൽ പോലും പങ്കെടുക്കാതെ ഒഴിഞ്ഞു നിൽക്കേണ്ടി വരുന്നുണ്ട്. ഇക്കാരണത്താൽ നാട്ടുകാരും വീട്ടുകാരും വല്ലാതെ കുറ്റപ്പെടുത്തുന്നുമുണ്ട്. ഒരു സാദാ കല്യാണം കൊണ്ടുണ്ടാകുന്ന മാലിന്യം, ഒരു നാടൻ പല ചരക്കു കടയിൽ നിന്ന് ഒരു വർഷംകൊണ്ട് ഉണ്ടാകുന്നില്ല എന്ന് പറയാം. ആ സ്ഥിതിക്ക് ഇത്തരം അനുഷ്ഠാനങ്ങൾ അല്പം ചുരുക്കിയാലെന്താണെന്ന് മറു ചോദ്യം ചോദിച്ചാൽ അവർ ചോദിക്കുന്നയാളെ കൊല്ലാനും, തിന്നാനും വരും. ഞാനേതായാലും പ്രകൃതിക്കു വേണ്ടിയല്ല, എനിക്കു വേണ്ടിയെങ്കിലും ഒറ്റയാനാകാൻ തീരുമാനിച്ചു. ബ്ലോഗർ Harinath എഴുത്തിലെന്ന പോലെത്തന്നെയാണോ ജീവിതത്തിലും?

  ReplyDelete
 8. വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും നന്ദി.

  ReplyDelete