Tuesday, January 31, 2012

ബ്ലോഗിന്‌ country-code Top Level Domain ബാധകമാവുന്നു


ഇന്നുമുതൽ (31 Jan 2012) ഇന്ത്യയിൽ നിന്നും ബ്ലൊഗ്സ്പ്പോട്ട് ബ്ലോഗ് സന്ദർശിക്കുന്നവർക്ക് പുതിയ ഡൊമെയിൻ ആയിരിക്കും ഉണ്ടാവുക.

ഓരോ ബ്ലോഗും ഇനിമുതൽ ആ രാജ്യത്തിനായി അനുവദിച്ചിരിക്കുന്ന domainല്ലേക്ക് (country-code Top Level Domain (ccTLD)) തിരിച്ചുവിടുന്നതായിരിക്കും. country-specific URL എന്നാണ്‌ ഇത് അറിയപ്പെടുന്നത്. ഉദാഹരണമായി, ഇന്ത്യയിൽ നിന്നുകൊണ്ട് http://bhoogolam.blogspot.com/ എന്ന URL സന്ദർശിക്കാൻ ശ്രമിച്ചാൽ http://bhoogolam.blogspot.in/ എന്ന വിലാസത്തിലേക്ക് റീഡയറക്ട് (redirect) ചെയ്യപ്പെടും. അതായത്, വായനക്കാരന്റെ രാജ്യത്തിനായി അനുവദിച്ചിട്ടുള്ള ccTLD. ഇപ്പോൾ ഇന്ത്യയിൽ ഈ മാറ്റം പ്രായോഗികമാക്കി. വരും നാളുകളിൽ മറ്റുരാജ്യങ്ങളിലും ഈ മാറ്റം പ്രായോഗികമാക്കും.

ഓരോ രാജ്യത്തിന്റെയും നിയമങ്ങൾക്കനുസൃതമായി വിവരങ്ങൾ നൽകുവാൻ ഈ രീതി ഗൂഗിളിന്‌ വളരെ സഹായകമാകും. പ്രാദേശിക നിയമങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം content removal നടത്തുവാൻ ഇതിലൂടെ കഴിയും. ഒരു രാജ്യത്തിന്റെ നിയമമനുസരിച്ച് വിവരം നീക്കം ചെയ്യേണ്ടിവന്നാൽ അത് ആ രാജ്യത്തിന്റെ ccTLDൽ നിന്നും ആയിരിക്കും നീക്കം ചെയ്യപ്പെടുക.

വ്യത്യസ്ത ഡൊമെയിനുകളിൽ നിന്നായിരിക്കും ഇനിമുതൽ സെർച്ച് എൻജിൻ വിവരങ്ങൾ ശേഖരിക്കുക. ഭൂരിപക്ഷം വിവരങ്ങളെയും content removal എന്ന പ്രക്രിയ ബാധിക്കാനിടയില്ലല്ലോ. അതിനാൽ അത്തരം വിവരങ്ങളെയെല്ലാം blogspot.com എന്ന canonical versionൽ (rel=canonical) ഉൾപ്പെടുത്തും. അതായത്, url വ്യത്യസ്തമാണെങ്കിലും വിവരങ്ങൾ (content) ഒന്നുതന്നെയാണെന്ന് സെർച്ച് എൻജിന്‌ (web crawler) മനസ്സിലാക്കുവാൻ കഴിയുന്നു. ഏതെങ്കിലും പോസ്റ്റോ ബ്ലോഗോ content removalനു വിധേയമായാൽ, നിലവിലുള്ള .com എന്ന കനോനിക്കൽ രൂപം മാറ്റി പകരം ആ രാജ്യത്തിന്റെ ccTLD ആയി ക്രമീകരിക്കപ്പെടും. അപ്പോൾ മുതൽ ആ പോസ്റ്റിൽ അല്ലെങ്കിൽ ബ്ലോഗിൽ ഉള്ള വിവരങ്ങൾ .comലും പ്രാദേശിക ccTLDലും വ്യത്യസ്തമായിരിക്കും.

റീഡയറക്ട് ചെയ്യപ്പെടാതെ ഒറിജിനൽ രൂപം കാണുവാനുള്ള സംവിധാനം ഉണ്ട്. No Country Redirect അല്ലെങ്കിൽ NCR. ഉദാഹരണമായി ഇന്ത്യയിൽ നിന്നുകൊണ്ടുതന്നെ http://bhoogolam.blogspot.com/ സന്ദർശിക്കണമെങ്കിൽ http://bhoogolam.blogspot.com/ncr എന്ന് ടൈപ്പ് ചെയ്താൽ മതിയാവും. .in-ലേക്ക് റീഡയറക്ട് ചെയ്യപ്പെടില്ല. content removal-നു വിധേയമായ പോസ്റ്റോ ബ്ലൊഗോ ആണെങ്കിൽ ncr ഉപയോഗിച്ച് ആ രാജ്യത്ത് ഒറിജിനൽ രൂപം കാണാൻ സാധിക്കില്ല.

അവലംബം: Google Help

Tuesday, January 24, 2012

വാർദ്ധക്യസഹജമായ സൗന്ദര്യം

ശിശുക്കൾ സൗന്ദര്യമുള്ളവരായി കാണപ്പെടുന്നു. മനസ്സിൽ വികാരവിക്ഷോഭങ്ങളില്ല. ശാന്തമായ മനസ്സ്. ആവേശവും ചുറുചുറുക്കുമുള്ള യൗവനത്തിൽ മനസ്സിന്റെ ശാന്തതയും കുളിർമ്മയും ഒന്നും നിലനിർത്താനാവുന്നില്ല. എന്നിരുന്നാലും യൗവനയുക്തരിലും സൗന്ദര്യമുണ്ട് . ശരീരസംബന്ധിയായ ആരോഗ്യത്തിലധിഷ്ഠിതമായ സൗന്ദര്യമാണത് . പിന്നീട് വാർദ്ധക്യം എന്ന പ്രതിഭാസത്തിൽ എന്താണ്‌ സംഭവിക്കുന്നത് ?

പ്രായമേറുന്തോറും പക്വതയാർജ്ജിക്കുന്നുണ്ടോ ? ഇവിടെ പക്വത എന്നാൽ, യുവസഹജമായ അഭിലാഷങ്ങളുടെയും എടുത്തുചാട്ടങ്ങളുടെയും അലകൾ നിലച്ച അവസ്ഥ. വാർദ്ധക്യത്തിലും ഇപ്രകാരമുള്ള പക്വത കൈവന്നിട്ടില്ലെങ്കിൽ ശരീരം ക്ഷയിച്ചുതുടങ്ങുകയും മനസ്സ് യൗവനത്തിൽത്തന്നെ തടഞ്ഞുനിൽക്കുകയും ചെയ്യും. ഈ അവസ്ഥയിൽ പ്രായം ചെന്ന ആളുകൾ വളരെയേറെ സൗന്ദര്യം നശിച്ചവരും വൈരൂപ്യം ഉള്ളവരും ആയിത്തീരുന്നു.

മുരടിച്ച മനസ്സുമായി കഴിയുന്ന വൃദ്ധജനങ്ങളെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഇല്ലാത്ത ശാന്തമായ മനസ്സിനുടമകളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട് . യഥാർത്ഥത്തിൽ ഇത് തീവ്രമായ ആഗ്രഹങ്ങൾ അമൂർത്തമായ രൂപത്തിൽ ഒതുങ്ങിക്കൂടിയ അവസ്ഥയാണ്‌ . അസ്വസ്ഥതകളും അക്ഷമകളും നിറഞ്ഞ മനസ്സിന്റെ ഉടമകളാണിവർ. ഇവർ ചുറ്റുപാടും മൂകവും ആനന്ദരഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇക്കൂട്ടരുടെ ജീവിതയാത്ര ശരിയായ പാതയിലായിരുന്നില്ല എന്നാണ്‌ നിരീഷണങ്ങൾ വ്യക്തമാക്കുന്നത്. വാർദ്ധക്യത്തിൽ ഇവർ സമൂഹത്തിൽ ഒറ്റപ്പെടുകയും പ്രത്യേക പരിഗണന ആവശ്യമായിവരികയും ചെയ്തേക്കാം.

പ്രായമേറുന്തോറും പക്വതയാർജ്ജിക്കുന്നു എന്ന വിശ്വാസത്തിലാണ്‌ മുതിർന്നവരും വൃദ്ധജനങ്ങളും പൂജനീയരാകുന്നത്. പക്വതയാർജ്ജിക്കുക എന്നാൽ ശാന്തവും സ്വച്ഛന്ദവും ശുദ്ധവുമായ മനസ്സിനുടമകളാവുക എന്നർത്ഥം. മറ്റൊരുതരം ശൈശവം. ആഗ്രഹപൂർത്തീകരണത്തിലൂടെയോ ശുദ്ധജ്ഞാനത്തിലൂടെയോ ധ്യാനത്തിലൂടെയോ ജീവിതയാത്രയിൽ ഇതുസംഭവിക്കുന്നു. പൂർണ്ണചന്ദ്രന്റെ പ്രഭയും കുളിർമ്മയും, പനിനീർപ്പൂവിന്റെ സൗന്ദര്യവും സൗരഭ്യവും അതിനുണ്ടായിരിക്കുമെന്ന് കവികൾ പറയുന്നു. ഇങ്ങനെ പക്വതയാർജ്ജിച്ച വൃദ്ധജനങ്ങൾ എല്ലാവരാലും ആദരിക്കപ്പെടുന്നു. പുതുതലമുറയ്ക്ക് വഴികാട്ടിയാവുന്നു.

“കാണാൻ ഭംഗിയുള്ള ഒരു വൃദ്ധനെ കണ്ടെത്താൻ വളരെ പ്രയാസമാണ്‌” - രവീന്ദ്രനാഥ ടാഗോർ

“ഒരു വൃദ്ധൻ തന്റെ ജീവിതാനുഭവങ്ങളിലൂടെ വാർദ്ധക്യത്തിന്റെ നിറഞ്ഞ സൗന്ദര്യത്തിലേക്ക് പക്വത പ്രാപിക്കുമ്പോൾ, അയാളുടെ ശിരസ്സിലെ വെളുത്ത മുടി, ഹിമവൽ ശൃംഗങ്ങളിലെ ഉറഞ്ഞ മഞ്ഞുകട്ടകളെപ്പോലെ സുന്ദരമായിത്തീരുന്നു. ശാന്തിയും സമാധാനവും അത്യുച്ചിയിൽ ഏതാണ്ട് ആകാശത്തെ പുണരുന്നു. അവിടെ മേഘങ്ങൾപോലും ആദരവിനാൽ തലകുനിക്കുന്നു. അത്തരത്തിലുള്ള വൃദ്ധജനങ്ങളെയാണ്‌ നമ്മൾ ഗുരുക്കന്മാരെന്നും ആചാര്യന്മാരെന്നും ഗുരുനാഥന്മാരെന്നുമൊക്കെ വിളിച്ചുപോരുന്നത്.” - ഓഷോ

ജരാനരകൾ ശുഭലക്ഷണമല്ല. ശൈശവത്തിന്റെ നിർമ്മലതയും, യൗവനത്തിന്റെ പരിപൂണ്ണതയും ഈശ്വരാനുഗ്രഹങ്ങളാണ്‌. ആത്മാവുമാത്രമല്ല, ശരീരവും കൂടിച്ചേർന്നതാണ്‌ ജീവിതം. ശരീരത്തെ മാനിക്കൂ. ജരാനരകൾ ബാധിച്ച ഒരു ഈശ്വരരൂപം നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടാനായിരിക്കില്ല നിങ്ങൾ ആഗ്രഹിക്കുന്നത്. മനുഷ്യശരീരവും അങ്ങനെയാണ്‌, അതിന്റെ പൂർണ്ണതയെ ആദരിക്കൂ. എങ്കിൽ മാത്രമേ വാർദ്ധക്യത്തിലും അതിന്റെ തേജസ്സ് നിലനിർത്താനാവൂ. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാൽ, ശാരീരികമായ യൗവനവും കാലത്തിന്റെ പ്രയാണത്തിലൂടെ കൈവരുന്ന നിർമ്മലതയും ഒന്നുചേരുന്നതാണ്‌ പരിപൂണ്ണത... വിശുദ്ധത...

ശൈശവ-ബാല്യകാലങ്ങളുടെ നിർമ്മലതയും നിഷ്കളങ്കതയും യൗവനത്തിലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക...വാർദ്ധക്യസഹജമായ സൗന്ദര്യത്തിന്റെ താക്കോലാണിത്.

Wednesday, January 04, 2012

സമ്പത്ത് പണം ആകുമ്പോൾ

സമ്പത്ത്‌ പണം

ധനവും ധാന്യവുമെല്ലാം പൗരാണികകാലം മുതൽ ആദരിക്കപ്പെട്ടുപോരുന്നു. ‘മിയതേ അനയാ ഇതി മായാ’. അളക്കാൻ കഴിയുന്നത് ഏതാണോ അത് മായ. അളക്കാൻ കഴിയുന്ന പണത്തെയാണോ നാം പൂജിക്കുന്നത്? അല്ല. സമ്പത്തിന്റെ പ്രതിനിധിയാണിവിടെ നാണയങ്ങൾ. പ്രകൃതിയിൽ അളക്കാനാവാത്ത അവസ്ഥയിൽ സ്ഥിതിചെയ്യുന്ന സമ്പത്തിൽ ചില ക്രിയകൾ നടത്തുമ്പോഴാണ്‌ അത് അളന്നു തിട്ടപ്പെടുത്താനാവുന്നത്. അമൂല്യമായ ജലം ഭൂമിയിലുണ്ട്. അത് അളന്ന് കുപ്പിയിലാക്കുമ്പോൾ മൂല്യം നിശ്ചയിക്കാനാവുന്നു. മനുഷ്യസൃഷ്ടിയായ‘കറൻസി’ എന്നത് തികച്ചും മിഥ്യയായ ഒരു സമ്പാദ്യമാണ്‌. ഇത് ഏറെ പ്രയോജനകരവും സൗകര്യപ്രദവുമാണെങ്കിലും അറിവില്ലാതെയുള്ള പ്രയോഗം ആപത്കരമായിത്തീരും.

ഒരാൾ എപ്രകാരം പണം സമ്പാദിക്കുന്നു എന്നതുപോലെ പ്രാധാന്യമുള്ളതാണ്‌ ആ പണം എപ്രകാരം വിനിയോഗിക്കുന്നു എന്നതും. ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്നവർ അക്കാരണം കൊണ്ടുമാത്രം ആദരണീയരാകുന്നു. എന്നാൽ ഇവർ ഈ പണം ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തികൾ അവനവനിലും മറ്റുമനുഷ്യരിലും ചുറ്റുപാടിലും എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിന്റെ വിശകലനം ആവശ്യമാണ്‌. ഈ പ്രവർത്തനങ്ങളും പ്രതിപ്രവർത്തനങ്ങളുമായിരിക്കണം സമ്പാദ്യത്തിന്‌ മൂല്യം നിശ്ചയിക്കാനുള്ള മാനദണ്ഡം.

ധനാഗമനമാർഗ്ഗങ്ങളിൽ മാത്രമല്ല അതിന്റെ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ചുകൂടി ബോധവാനാകണമെന്നാണ്‌ മതങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ധർമ്മാനുസൃതമായി സമ്പാദിച്ചവ യഥേഷ്ടം വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നു വിചാരിക്കരുത്. അതിന്റെ വിനിയോഗത്തിലും ധർമ്മം പാലിച്ചിരിക്കണം. ദാനധർമ്മം നടത്തുമ്പോൾ അത് അർഹിക്കുന്നവർക്ക് കിട്ടിയാൽ മാത്രമേ പുണ്യപ്രവൃത്തിയാകുന്നുള്ളൂ. സൗജന്യമായി വിതരണം ചെയ്തു എന്നതുകൊണ്ടുമാത്രം അത് ദാനധർമ്മത്തിന്റെ പരിധിയിൽ വരില്ല. ആർഭാടവും ധൂർത്തും നിന്ദ്യമായ കർമ്മങ്ങളാണ്‌. എന്തുകൊണ്ടെന്നാൽ അത് അത്രയും കൂടുതൽ പ്രകൃതിയെയും സഹജീവികളെയും ദ്രോഹിക്കലാണ്‌. സമ്പന്നരാഷ്ട്രങ്ങളും പെട്രോളിയം ഉൽപാദകരാഷ്ട്രങ്ങളും ഇക്കാര്യത്തിൽ മുൻപിൽ നിൽക്കുന്നു. വികസ്വര രാഷ്ട്രങ്ങൾ അവരെ പിൻതുടരുന്നു.

വിശന്നുവലഞ്ഞു വരുന്നവൻ ധനികനായാലും ദരിദ്രനായാലും ഭക്ഷണം കിട്ടിയേതീരൂ. അതിന്റെ ആവശ്യകത ഒരുപോലെയാണ്‌. എന്നാൽ അവർ ഒരു ഭക്ഷണശാലയിൽ കയറിയെന്ന് കരുതുക. അവിടെ എല്ലാവർക്കും തുല്യനിരക്കിലാണ്‌ ഭക്ഷണം വിൽക്കുന്നത്. അതായത്, സമ്പന്നൻ അവന്റെ സമ്പത്തിന്റെ ചെറിയൊരുശതമാനം വിലയായി നൽകുമ്പോൾ ദരിദ്രൻ താരതമ്യേന കൂടിയശതമാനം വിലയായി നൽകേണ്ടിവരുന്നു. എന്തുകൊണ്ടെന്നാൽ എല്ലാവരിൽനിന്നും തുല്യനിരക്കാണല്ലോ ഈടാക്കുന്നത്. നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിയുടെ ഈ സ്വഭാവത്തെക്കുറിച്ച് അറിവുണ്ടായിരിക്കണം. ഭക്ഷണം വിൽക്കരുതെന്നും വൈദ്യസഹായത്തിന്‌ പ്രതിഫലം വാങ്ങരുതെന്നും പണ്ടുള്ളവർ പറഞ്ഞിരുന്നത് അവ അമൂല്യമാണെന്ന തിരിച്ചറിവുണ്ടായിരുന്നതിനാലാണ്‌. സേവനങ്ങൾ നൽകുന്നവരുടെ സംരക്ഷണം സമൂഹത്തിലെ ജനങ്ങൾ തന്നെ ഏറ്റെടുത്തിരുന്നു. എല്ലാവരും ഉൾപ്പെടുന്നതാണ്‌ സമൂഹമെന്ന ബോധത്തോടെ സഹവർത്തിത്വത്തിലൂടെ ജീവിച്ചിരുന്നു. അങ്ങനെ മ്യൂല്യച്യുതി ഒഴിവായി. ഇന്ന് പ്രാണവായുവിനെങ്കിലും ‘വില’യിടാത്തത് ആശ്വാസകരമാണ്‌...

വിവിധങ്ങളായ മാർഗ്ഗങ്ങളിലൂടെ സമ്പാദിക്കുന്ന ധനം മുഴുവൻ ഈശ്വരനിൽ അർപ്പിക്കുന്നതായി സങ്കൽപ്പിക്കുന്ന പതിവ് ചില ജനവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്നു. ഉത്തമമായ കാര്യങ്ങൾക്കല്ലാതെ പണം ചെലവഴിക്കുന്നതിൽ നിന്നും ഇതവരെ വിലക്കിയിരുന്നു. ദുർവ്യയം തീർത്തും ഒഴിവായി. അതുവഴി സമൂഹവും സുരക്ഷിതരായി. സമ്പത്തിനെപണമാക്കാതിരിക്കുക; പണത്തിനെയും സമ്പത്തായി കരുതുക. വരവറിഞ്ഞ് ചെലവ് ചെയ്താൽ മാത്രം പോരായെന്ന് സാരം.