Tuesday, August 21, 2018

Treatment of Health | ചികിത്സയും ആരോഗ്യപരിപാലനവും

ചികിത്സ ആരോഗ്യം

ഏതെങ്കിലും ഒരു ചികിത്സാ മാർഗ്ഗം ശാസ്ത്രീയമോ അശാസ്ത്രീയമോ എന്നതിനെക്കുറിച്ച് പല തർക്കങ്ങളും നടന്നുകാണാറുണ്ട്. ഇതിന്‌ ഉത്തരം കണ്ടെത്തണമെങ്കിൽ ശാസ്ത്രീയം, ചികിത്സ എന്നീ രണ്ട് വാക്കുകളുടെയും അർത്ഥം വിശകലനം ചെയ്യണം.

എന്താണ്‌ ശാസ്ത്രീയം ?

ആധുനിക ശാസ്ത്ര സങ്കേതങ്ങളും നിയമങ്ങളും ഉപയോഗിച്ച് നിർവ്വചനം സാധ്യമാകുന്നതും വസ്തുനിഷ്ഠമായി പുനഃരവതരിപ്പിക്കാൻ സാധിക്കുന്നതുമായ പ്രതിഭാസങ്ങളെ ശാസ്ത്രീയം എന്ന് വിളിക്കാം. ഗുരുത്വാകർഷണം മൂലം വസ്തുക്കൾ ഭൂമിയിലേക്ക് പതിക്കുന്നത് ഒരു ഉദാഹരണമാണ്‌. ഐസക് ന്യൂട്ടൺ ഗുരുത്വാകർഷണ നിയമങ്ങൾ കണ്ടുപിടിക്കുന്നതിനു മുൻപും വസ്തുക്കൾ താഴേക്ക് പതിച്ചിരുന്നു. അന്ന് അതിനെ ശാസ്ത്രീയ പ്രതിഭാസമായി പരിഗണിച്ചിരുന്നോ എന്നറിയില്ല. മനുഷ്യന്‌ നിർവ്വചിക്കാൻ കഴിയാതിരുന്നതിനാൽ ശാസ്ത്രീയമായിരുന്നില്ല എന്നും പറയാനാവില്ല. പ്രകൃതിദത്തമോ കൃത്രിമമോ ആയ ഏതൊരു പ്രതിഭാസത്തിന്റെ കാര്യത്തിലും ഇതാണ്‌ സ്ഥിതി. ശാസ്ത്രീയത എന്നത് മനുഷ്യന്റെ അറിവിന്റെ പരിമിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

എന്താണ്‌ ചികിത്സ ?

ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും വൈകാരികവും ബൗദ്ധികവും ആത്മീയവും സാമൂഹികവുമായ സന്തുലനാവസ്ഥയാണ്‌ ആരോഗ്യം. ഇതിൽ നിന്ന് വ്യതിചലിക്കുന്നത് അനാരോഗ്യം. ഒരു വ്യക്തിയെ അനാരോഗ്യത്തിൽ നിന്നും ആരോഗ്യത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ നടത്തുന്ന പ്രക്രിയ ആണ്‌ ചികിത്സ. ചികിത്സ ശാസ്ത്രീയമാണോ എന്ന് വിലയിരുത്തുന്നത് സങ്കീർണ്ണമായ ഒരു നടപടിയാകുന്നു. എന്നാൽ ചികിത്സ ഫലപ്രദവും ഗുണപ്രദവുമായിരുന്നോ എന്ന് വേഗത്തിൽ വിലയിരുത്താൻ കഴിയുകയും ചെയ്യും.

- ചികിത്സയ്ക്ക് വിധേയമായ വ്യക്തി എത്രമാത്രം ആരോഗ്യം വീണ്ടെടുത്തു ?
- എത്ര സമയമെടുത്തു ?
- പാർശ്വഫലങ്ങൾ ഉണ്ടോ ?
ഇത്തരം കാര്യങ്ങളാണ്‌ ചികിത്സയെ വിലയിരുത്താൻ ഉപയോഗിക്കാറുള്ളത്. ചികിത്സ ശാസ്ത്രീയമോ എന്ന ചോദ്യത്തിനല്ല, മേൽപറഞ്ഞ ചോദ്യങ്ങൾക്കാണ്‌ കൂടുതൽ പ്രാധാന്യം കാണുന്നത്. എന്നാൽ സങ്കീർണ്ണങ്ങളായ പ്രക്രിയകൾ ശരീരത്തിൽ നടത്തുന്ന ചികിത്സാരീതികളിൽ ശാസ്ത്രീയതയ്ക്ക് വലിയ പങ്ക് ഉള്ളതായി കാണാം. അശാസ്ത്രീയമായ ശസ്ത്രക്രിയകളും ഔഷധപ്രയോഗങ്ങളും കൂടുതൽ അനാരോഗ്യത്തിന്‌ കാരണമാകുന്നു.
ചികിത്സ, ഹീലിങ്ങ്, തെറാപ്പി തുടങ്ങി വിവിധ ആരോഗ്യവർദ്ധന മാർഗ്ഗങ്ങൾ നിലവിലുണ്ട്.

വിശ്വാസ ചികിത്സ

ശാസ്ത്രീയതയോന്നുമില്ല. മനഃശാസ്ത്രപരമായ വിശദീകരണം ഉണ്ടായിരിക്കാം. പണച്ചെലവോ പ്രയത്നമോ ആവശ്യമില്ല. ആഹാരവും വ്യായാമവും വിശ്രമവും രോഗിയുടെ ഇഷ്ടം അഥവാ വിശ്വാസം പോലെ തെരഞ്ഞെടുക്കുന്നു. മതപരമായ പ്രാത്ഥനകളും ആചാരങ്ങളുമായി ബന്ധപ്പെടുത്തി വിശ്വാസ ചികിത്സ നടത്തുന്നവരുമുണ്ട്. മറ്റേതൊരു ചികിത്സാരീതിയും പോലെ രോഗം മാറിയ അനുഭവങ്ങളും രോഗം മൂർച്ഛിച്ച അനുഭവങ്ങളും ഇതിലും കാണാൻ കഴിയും.

തെറാപ്പി (Therapy)

Therapy തെറാപ്പി
രോഗാവസ്ഥയിൽ നിന്ന് മോചനം നേടുന്നതിനു മാത്രമല്ല ശാരീരികവും മാനസികവുമായി ഊർജ്ജം നേടുന്നതിനുള്ള ഉപാധികളായും ഇവയെ പരിഗണിക്കാം. മറ്റ് സങ്കീർണ്ണങ്ങളായ ചികിത്സാ മാർഗ്ഗങ്ങളോടൊപ്പം ഇവയും രോഗികളിൽ പ്രയോഗിച്ചുവരുമ്പോൾ രോഗശമനം എളുപ്പമാകുന്നു. ഫിസിയോ തെറാപ്പി, സൈക്കോ തെറാപ്പി, ടച്ച് തെറാപ്പി, അരോമ തെറാപ്പി, കളർ തെറാപ്പി, റെയ്കി, അക്യുപ്രഷർ തുടങ്ങിയവ ഈ വിഭാഗത്തിൽ പെടുന്നു.

പ്രകൃതിജീവനം (Naturopathy)

Naturopathy പ്രകൃതിജീവനം
പ്രകൃതിചികിത്സ എന്നതിനെക്കാൾ അനുയോജ്യമായ പദം പ്രകൃതിജീവനം ആണ്‌. രോഗത്തെ അകറ്റുക എന്നതല്ല ആരോഗ്യത്തെ പുനഃസ്ഥാപിച്ച് നിലനിർത്തുക എന്നതാണ്‌ ഈ സമ്പ്രദായത്തിൽ ഉദ്ദേശിക്കുന്നത്. രോഗം അപ്രത്യക്ഷമാവുക എന്നത് ഇതിന്റെ ഫലമാണ്‌. മനുഷ്യന്റെ അഥവാ രോഗിയുടെ ആഹാരവും വ്യായാമവും വിശ്രമവും ചിട്ടപ്പെടുത്തുകയും മാനസികവും വൈകാരികവുമായ തലങ്ങൾ ക്രമപ്പെടുത്തുകയും ചെയ്ത് ആരോഗ്യം നേടിയെടുക്കുന്നു. രോഗത്തിന്‌ ചികിത്സ എന്നതല്ല, സമ്പൂർണ്ണമായ ആരോഗ്യം വീണ്ടെടുക്കുക എന്ന കാഴ്ചപ്പാട്.

നാട്ടുവൈദ്യം

ലക്ഷണങ്ങളെ അപഗ്രഥിച്ച് രോഗനിർണ്ണയം നടത്തുന്നു. പച്ചമരുന്നുകളും അങ്ങാടിമരുന്നുകളും മർദ്ദമുറകളും ആഹാരക്രമീകരണവും ഉപയോഗിച്ച് ചികിത്സിക്കുന്നു. പരമ്പരാഗതമായി കൈമാറിവന്ന അറിവ്‌ ഉപയോഗിച്ച് രോഗനിർണ്ണയവും ചികിത്സാവിധിയും നിശ്ചയിക്കുന്നു.

ആയുർവ്വേദം / അലോപ്പതി / ഹോമിയോ തുടങ്ങിയവ

ശാസ്ത്രീയമായ ചികിത്സാരീതികൾ എന്ന ഗണത്തിൽ പെടുന്നു. ഏറെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ പോലും ചെയ്യുന്നതിനും ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കുന്നതിനും അലോപ്പതിക്ക് കഴിയുന്നു. വിപുലമായ ശസ്ത്രക്രിയാ മാർഗ്ഗങ്ങളെക്കുറിച്ച് ആയുർവ്വേദ ഗ്രന്ഥമായ ശുശ്രുതസംഹിതയിൽ എഴുതിയിട്ടുണ്ടെങ്കിലും ഇന്ന് അവ പ്രാവർത്തികമാക്കിക്കാണുന്നില്ല. ആയുർവ്വേദ ഔഷധങ്ങൾ താരതമ്യേന സാവധാനം ഫലം കണ്ടുതുടങ്ങുന്നതും ദോഷകരമായ പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണ്‌. അലോപ്പതി മരുന്നുകൾ ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാമെങ്കിൽ വേഗത്തിൽ രോഗവിമുക്തി സാധ്യമാക്കുന്നതും പ്രത്യേകിച്ച് ആഹാരക്രമീകരണം ആവശ്യമില്ലാത്തതുമാണ്‌.

ഇങ്ങനെ ചികിത്സകൾ നാനാവിധം. ചികിത്സാരീതി ശാസ്ത്രീയമോ എന്ന ചോദ്യത്തിന്‌ മിക്കപ്പോഴും പ്രസക്തി കാണുന്നില്ല. വിവിധ ഘടകങ്ങളെ പരിഗണിച്ച് രോഗിക്ക് ആ സന്ദർഭത്തിന്‌ യോജിച്ച ചികിത്സാമാർഗ്ഗം തെരഞ്ഞെടുക്കേണ്ടതാണ്‌ എന്ന് പറയേണ്ടിയിരിക്കുന്നു. നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്ന മാർഗ്ഗം ആത്യന്തികമായ ആരോഗ്യത്തിലേക്കെത്തിക്കുന്നതായിരിക്കണം.
~~~!~~~
Image Courtesy: https://pixabay.com/

Monday, June 05, 2017

ആരാണ്‌ സന്തോഷം ആഗ്രഹിക്കാത്തത്...!!!


പണവും സമ്പത്തും വാഴുന്ന ഈ ലോകത്ത് പരമാനന്ദത്തിന്‌ ഊന്നൽ നൽകുന്ന ഒരു രാജ്യമുണ്ട്. ശുദ്ധമായ ആന്തരിക പ്രകൃതിക്കൊപ്പം സ്വച്ഛന്ദമായ ബാഹ്യപ്രകൃതികളുടെ രൂപീകരണവും കൂടെ സംഭവിക്കുമ്പോഴാണ്‌ ആനന്ദം എന്നത് ഒരു ധാരണ എന്നതിനപ്പുറം ഒരു യാഥാർത്ഥ്യമായിത്തീരുന്നത്. അതുകൊണ്ടാണ്‌ "Happiness is a place" എന്ന് ബൂട്ടാൻ ആ രാജ്യത്തിന്റെ പ്രവേശന കവാടത്തിൽ എഴുതിയിർക്കുന്നത്. അതെ...ആനന്ദം ഒരു അവസ്ഥ മാത്രമല്ല ഒരു ഇടം കൂടിയാണ്‌.

തലതിരിഞ്ഞ വികസനം കൊണ്ട് പൊറുതിമുട്ടിയ ലോകത്ത് ആളോഹരി ആനന്ദം (Gross National Happiness) എന്ന ബൂട്ടാന്റെ അളവുകോൽ ഒരു പുതിയ മാനദണ്ഡമാണ്‌ ലോകത്തിനു നൽകുന്നത്. ഇത് യുഎൻ അംഗീകരിക്കുകയും ചെയ്തു.....വർഷങ്ങൾക്കുമുൻപ് മുംബൈയിലെത്തിയ ഭൂട്ടാൻ രാജാവിനോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു: താങ്കളുടെ രാജ്യത്തിന്റെ ജിഡിപി എന്താണ്‌ ? വികസനത്തിനല്ല, ആളുകളുടെ സന്തോഷത്തിനാണ്‌ ഊന്നൽ നൽകുന്നത് എന്നായിരുന്നു രാജാവിന്റെ മറുപടി ! എല്ലാ വികസന പ്രവർത്തനങ്ങളുടെയും അന്തിമമായ  ലക്ഷ്യം ആനന്ദമാണ്‌. ലോകരാജ്യങ്ങൾക്കുമുൻപിൽ ആളോഹരി ആനന്ദം എന്ന ആശയത്തെ വിജയകരമായി ഉയർത്താൻ ഭൂട്ടാന്‌ കഴിഞ്ഞിട്ടുണ്ട്. ജിഡിപി അല്ല ജിഎൻഎച് ആണ്‌ അവരുടെ അവുകോൽ.

  GDP is a disgraceful index; it does not count depreciation of our assets, including damage to Mother Nature, the most fundamental asset എന്നാണ്‌ കേംബ്രിജിലെ ധനതത്വശാസ്ത്ര പ്രഫസറായ പാർത്ഥ ദാസ് ഗുപ്ത ജിഡിപിയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ജിഡിപിയിലൂടെ ആനന്ദം നേടാമെന്ന് വിശ്വസിച്ച് മുന്നേറുന്നവർ damage to Mother Nature എന്നത് സൗകര്യപൂർവ്വം അവഗണിക്കുന്നു, അതിന്റെ ഫലമായി ആനന്ദത്തിനുപകരം രോഗങ്ങളിലും ദുരിതത്തിലും ഒരു വിഭാഗത്തിന്റെ ദാരിദ്ര്യത്തിലും ചെന്നെത്തുന്നു. (കാർബൺ ബഹിർഗമനത്തിൻൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷനേടുന്നതിനായി 2015ൽ രൂപീകരിച്ച  പാരിസ് ഉടമ്പടിയിൽ നിന്ന് 2017ൽ യുഎസ് പിന്മാറിയതിനു പിന്നിലും ജിഡിപി അടിസ്ഥാനമാക്കിയുള്ള വികസന സങ്കൽപമല്ലാതെ മറ്റൊന്നുമായിരിക്കാനിടയില്ല). പണമുണ്ടാക്കുന്നതല്ല ജീവിതത്തിന്റെ പരമലക്ഷ്യമെന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ആനന്ദത്തിന്റെ അലകൾ എത്തിക്കാനവണമെന്നതുമാണ്‌ ജിഎൻഎച്ച് തത്വം. ആ ആശയത്തെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരാനായി ഒരു ആഗോള ഹാപ്പിനസ്സ് കേന്ദ്രവും (http://www.gnhcentrebhutan.org) ഭൂട്ടാനിൽ ആരംഭിച്ചിട്ടുണ്ട്. ലോകത്തെ ഒരോ രാജ്യത്തും ആനന്ദാധിഷ്ഠിത ജീവിതത്തിന്റെ സന്ദേശമെത്തിച്ചു സമൂഹങ്ങളെ തകർച്ചയിൽ നിന്നു രക്ഷിക്കുകയെന്നതാണ്‌ സെന്ററിന്റെ ലക്ഷ്യം.

ആരോഗ്യം, ജീവിത നിലവരം, പ്രകൃതിയുടെയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം, സാമൂഹിക ജീവിതവും അയൽപക്ക ബന്ധവും, അഴിമതിരഹിത ഭരണം, സാംസ്കാരിക വിവിധ്യം, വിദ്യാഭ്യാസം, സമയത്തിന്റെ ഗുണപരമായ ഉപയോഗം എന്നിവയിലൂടെ പദ്ധതി പ്രായോഗികമാകുന്നു. ജിഡിപിയെ അടിസ്ഥാനമാക്കി അന്ധമായ വളർച്ചയെ പിൻതുണയ്ക്കുകയല്ല, ജനങ്ങളുടെ മനസ്സമാധാനം കളയുന്ന ഒരു പരിപാടിയും രാജ്യത്ത് അനുവദിക്കാതിരിക്കുകയാണ്‌ ചെയ്യുന്നത്. സൗജന്യ ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും ഭൂട്ടാൻ സർക്കാർ നൽകുന്നുണ്ട്. പട്ടിണിയില്ലെന്ന് ഉറപ്പാക്കുന്നു. ഭൂമിയില്ലാത്തവർക്ക് ഭൂമി പതിച്ചു നൽകുന്നു. കൃഷിചെയ്ത് ജീവിക്കാം. എല്ലാം ജൈവരീതിയിലുള്ള കൃഷി. ദാരിദ്ര്യമില്ലാത്തതുകൊണ്ട് ഭിക്ഷക്കാരുമില്ല. മദ്യം എത്രവേണമെങ്കിലും വീട്ടിൽ വാറ്റിയെടുക്കാം. വിവാഹം വലിയ ചടങ്ങൊന്നുമല്ല. പെണ്ണിനും ആണിനും ഇഷ്ടം തോന്നിയാൽ ഒന്നിച്ചു താമസിക്കാം. കുട്ടികൾ ജനിച്ചാൽ ദമ്പതികളായി അംഗീകരിക്കും. സ്ത്രീപീഡനം ഇല്ലെന്നുതന്നെ പറയാം. സിഗരറ്റ് കിട്ടാനില്ല. രോഗികളും ആശുപത്രികളും കുറവ്....രാജാവിന്‌ സ്വന്തമായി ഒന്നുമില്ല. ജനങ്ങളുടെ സേവകനും സംരക്ഷകനുമാണ്‌ രാജാവ്. ജനങ്ങൾ രാജാവിനെ അനുസരിക്കുന്നു. ജനാധിപത്യ സംവിധാനത്തിന്‌ മേൽനോട്ടം വഹിക്കുന്ന അധികാരിയായി രാജാവ് വർത്തിക്കുന്നു.

വിദ്യാഭ്യാസത്തിലും സാമൂഹ്യനിലവാരത്തിലും ഏറെ മുന്നിലുള്ള മലയാളികളിൽ സന്തോഷത്തിന്റെ സൂചിക താഴ്ന്നു നിൽക്കുന്നതായാണ്‌ കാണുന്നത്. 2017 ലെ യുഎൻ സൂചികയിൽ ഇന്ത്യയ്ക്ക് 122/155 ആണ്‌ സ്ഥാനം; നിലവാരം 4.3/10 മാത്രം; അമേരിക്കയെക്കാൾ പിന്നിൽ. നോർവേ, ഡെൻമാർക്ക്, ഐസ് ലാൻഡ്, സ്വിസ്റ്റ്സർലൻഡ് തുടങ്ങിയ വികസിത രാജ്യങ്ങളാണ്‌ മുൻനിരയിൽ നിൽക്കുന്നത്. എന്താണ്‌ ഈ രാജ്യങ്ങളുടെ പ്രത്യേകത ? മെച്ചപ്പെട്ട ഭൂപ്രകൃതിയും കാലാവസ്ഥയും, ദാരിദ്ര്യമില്ലായ്മ, വിഭവങ്ങളുടെ സുലഭത, അടിച്ചമർത്തുന്ന നിയമങ്ങളുടെ അഭാവം ഇതൊക്കെ ആ പ്രദേശത്തെ ജനജീവിതം സുഗമമാക്കാൻ സഹായിക്കുന്നു. ബഹുസ്വരതയില്ലായ്മയും കുറഞ്ഞ ജനസാന്ദ്രതയും സുഗമവും സുഭിക്ഷവുമായ ജീവിതം സാധ്യമാക്കുന്നു. യൂറോപ്യൻ സമ്പന്നതയ്ക്കും ആനന്ദത്തിനും ഒരു ദോഷകരമായ മറുവശം കൂടെയുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലെയും ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലെയും പ്രകൃതിയെയും വനവിഭവങ്ങളെയും ചൂഷണം ചെയ്തതിന്റെ ഫലമാണത്. അടിമത്വത്തിനെ ഗുണഭോക്താക്കളായവർ. ആഫ്രിക്കൻ രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളും അതിന്റെ കെടുതികൾ അനുഭവിക്കുന്നു. ‘ഒരു ശരാശരി മലയാളി അവന്റെ അടുക്കള മാലിന്യം തൊട്ടടുത്ത പുരയിടത്തിൽ തള്ളുമ്പോൾ ഒരു യൂറൊപ്യൻ അവന്റെ ആണവമാലിന്യം അടുത്ത ഭൂഖണ്ഡത്തിൽ തള്ളാൻ കെൽപ്പുള്ളവനാണ്‌’ എന്ന് പറഞ്ഞത് ഈ അവസരത്തിൽ അനുസ്മരിക്കാം. ഇത്തരം വികസനത്തിന്റെ തിക്തഫലം മറ്റാരെങ്കിലുമൊക്കെ അനുഭവിക്കേണ്ടിവരുന്നുവെന്നതാണ്‌ യാഥാർത്ഥ്യം. ആവശ്യത്തിനു മാത്രം എടുക്കുക എന്ന തത്വത്തിനുപകരം, അപരന്റെയും തന്റെതന്നെ ഭാവിതലമുറയുടെയും സമ്പത്തിനെയും ഐശ്വ്ര്യത്തിനെയും ഇല്ലാതാക്കുകയും ഭൂമിയുടെയും ജീവജാലങ്ങളുടെയും നാശത്തിനുകാരണമാകുകയും ചെയ്യുന്ന ധൂർത്താണ്‌ വികസിതരാജ്യങ്ങളിൽ കാണാൻ കഴിയുന്നത്. പെട്രോളിയം, ഭക്ഷണം, വാഹനങ്ങൾ എന്നിവയുടെയൊക്കെ ഉപയോഗപരിധി നിശ്ചയിക്കുന്നത് അവയുടെ ആവശ്യകതയല്ല, മറിച്ച് അവയുടെ വിലയും നമ്മുടെ ധനവിനിയോഗശേഷിയുമാണ്‌ എന്നുവരുന്നിടത്ത് ധൂർത്ത് സംഭവിക്കുന്നു.

ഇന്ത്യയെപ്പോലെ ഒരു വികസ്വര-ബഹുസ്വര രാഷ്ട്രത്തിന്‌ അനുയോജ്യമായിട്ടുള്ളത് എങ്ങനെയുള്ള വികസന സമീപനമായിരിക്കും ? 
- ശുചിത്വം, 
- അക്രമമില്ലായ്മ, 
- മാലിന്യരഹിതമായ പ്രകൃതി, 
- ചികിത്സയുടെ ആവശ്യം നന്നേ കുറയ്ക്കുന്നതിനുപകരിക്കുന്ന ആരോഗ്യ പരിപാലന സൗകര്യങ്ങൾ, 
- ഭക്ഷണവും പാർപ്പിടവും, 
- വിനോദോപാധികൾ, 
ഇത്രയും മാത്രം പോരാ ഇവയെയൊന്നും ഹനിക്കാത്ത തരത്തിൽ ബഹുസ്വരതയെ മാനിച്ചുകൊണ്ടുള്ള നിയമസംവിധാനങ്ങളും കൂടെ ചേരുമ്പോൾ രാജ്യം സുന്ദരവും ജീവസ്സുറ്റതും ജനങ്ങൾ ആനന്ദം അനുഭവിക്കുന്നവരും ആയിരിക്കും. വിദ്യാഭ്യാസവും തോഴിലുമൊക്കെ ലക്ഷ്യങ്ങളല്ല, ആനന്ദത്തിലേക്കുള്ള മാർഗ്ഗങ്ങളാണ്‌; ലക്ഷ്യത്തിലേക്ക് എത്തിക്കുന്നവിധം അവയെ നാം വിവേകപൂർവ്വം ചിട്ടപ്പെടുത്തണം. ഭൂട്ടാൻ മോഡൽ വികസനത്തിൽ സംഭവിക്കുന്നതും അതായിരിക്കാം. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനു പകരം പ്രകൃതിയെ പുനരുജ്ജീവിപ്പിക്കുന്നു, അടിമകളെക്കൊണ്ട് പണിയെടുപ്പിച്ച് പ്രതിഫലം കൊടുക്കുന്നതിനു പകരം ഉടമകളാക്കുന്നു.

2017 ജൂൺ 2ന്‌ സംഘടിപ്പിച്ച മനോരമ കോൺക്ലേവിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ആർട്ട് ഓഫ് ലിവിങ്ങ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കറും ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുകയുണ്ടായി. വിഷയം ‘ആനന്ദം’ എന്നതുതന്നെ. മലയാളികളിൽ സന്തോഷത്തിന്റെ സൂചിക താഴ്ന്നു നിൽക്കുന്നുവെന്ന കണ്ടത്തലിന്റെ പശ്ചാത്തലത്തിലാണ്‌ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതുതന്നെ. നാടിനെ മുഖഛായ മാറ്റുന്ന തരത്തിലുള്ള വികസനം കൊണ്ടുവരാൻ കഴിയുന്നതാണ്‌ അഞ്ചുവർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ ഏറ്റവും സന്തോഷം പകരുന്ന കാര്യം എന്നാണ്‌ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. വളരെ നല്ലത്. ഇന്നത്തെ ജിഡിപി അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾക്കുപരം ജിഎൻഎച്ച് ലക്ഷ്യമാക്കിയുള്ള വികസന പദ്ധതികളായിരിക്കണം നമ്മുടേത്.

ടൂറിസം, ജലപാതകളുടെ വികസനം, വിവരസാങ്കേതികവിദ്യ, ആയുർവേദത്തിന്റെയും ഔഷധസസ്യങ്ങളുടെയും വികസനം, നഴ്സുമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും മികച്ച പരിശീലനം, പ്രത്യേക സാമ്പത്തിക മേഖല രൂപീകരണം, ആഴക്കടൽ മത്സ്യബന്ധനം, സംസ്കരണം സമുദ്രോൽപന്ന വിപണനം, തീരദേശവികസനം, റബ്ബർ തേയില കാപ്പി സുഗന്ധവ്യഞ്ജനങ്ങൾ നാളികേരം ഫലവർഗ്ഗങ്ങൾ എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നങ്ങൾ, ബഹിരാകാശ സംരംഭങ്ങൾ എന്നിങ്ങനെയുള്ള പത്തിന വികസന പദ്ധതികളെക്കുറിച്ച് പ്രസിഡന്റ് ഡോ.എ.പി.ജെ അബ്ദുൾ കലാം 2005 ജൂലൈ 28ന്‌ നിയമസഭയിൽ ഒരു പ്രസംഗം അവതരിപ്പിക്കുകയുണ്ടായി. അവയിൽ ജലപാതകളുടെ വികസനം, ആയുർവ്വേദത്തിന്റെയും ഔഷധസസ്യങ്ങളുടെയും വികസനം, കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നീ ഇനങ്ങളെക്കുറിച്ച് അൽപം വിശദമായി പരിചയപ്പെടാം:

ജലപാതകളുടെ വികസനത്തിന്‌...

"നദികളും കായലുകളും മനുഷ്യ നിർമ്മിത കനാലുകളും ഉൾപ്പെടെ കേരളത്തിന്റെ ഉൾനാടൻ ജലപാതകൾ 1895 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്‌. ഉൾനാടൻ ജലഗതാഗതത്തിനായി കേരളത്തിൽ ധാരാളം നദികളും കായലുകളും കനാലുകളുമുണ്ട്. പക്ഷെ കേരളത്തിനു വേണ്ടത് തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന ഒരു സ്മാർട്ട് വാട്ടർ വേ ആണ്‌. കുറുകെ തീർക്കുന്ന കനാലുകൾ വഴി ഇത് സംസ്ഥാനത്തെ മുഴുവൻ ബന്ധിപ്പിക്കും. എന്നാൽ ദീർഘ് ജലപാത പദ്ധതി പൂർണ്ണമായി പ്രയോജനപ്പെടുത്തണമെങ്കിൽ ഇപ്പോഴുള്ള കനാലുകളും നദീജല സംവിധാനവും മെച്ചപ്പെടുത്തണം. ഈ സ്മാർട്ട് വാട്ടർ വേയ്ക്ക് ജലഗതാഗത യോഗ്യമായ ആഴവും വീതിയുമുണ്ടാവണണം. വർഷം മുഴുവൻ ഗതാഗതം സാധ്യമാകുന്ന സാഹചര്യം വേണം. 
ദിവസവും 18 മണിക്കൂർ എങ്കിലും യാത്ര സാധ്യമാവണം. സാധനം കയറ്റിറക്കിന്‌ സൗകര്യങ്ങളുള്ള സ്ഥലങ്ങളുണ്ടാവണം. ജലപാത വേണ്ടത്ര വെളിച്ചമുള്ളതും ആധുനിക ജലഗതാഗത-വാർത്താവിനിമയ സംവിധാനങ്ങളുള്ളതും ആവണം.ഇപ്പോൾ വേമ്പനാട്ടുകായൽ മുതൽ തൃശൂർ വരെ ജലഗതാഗതമാർഗ്ഗമുണ്ട്. കോട്ടപ്പുറാം മുതൽ കൊല്ലം വരെയുള്ള പടിഞ്ഞാറൻ തീര കലാലിന്റെയും ഉദ്യോഗമണ്ഡൽ മുതൽ ചമ്പക്കര കനാൽ വരെയുള്ള ദേശീയ ജലപാത-3ന്റെയും നിർമ്മാണം പുരോഗമിക്കുകയാണ്‌. ചെലവുകുറഞ്ഞ ഗതാഗത സൗകര്യവും ജലയാത്രാവിനോദസഞ്ചാരവും സാധ്യമാക്കാൻ മറ്റുള്ള പ്രദേശങ്ങൾക്ക് ഇനി മുൻഗണന നൽകണം. റെയിൽ മാർഗ്ഗത്തിൽ ഇരട്ടിയും റോഡ് ഗതാഗതം വഴിയായാൽ എട്ടിരട്ടിയുമാണ്‌ ജലമാർഗ്ഗമുള്ള ചരക്കുഗതാഗതത്തെ അപേക്ഷിച്ച് ചെലവേറുക. ജലമാർഗ്ഗം വ്യാപകമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ റോഡിലെ തിരക്ക് ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷണം കാര്യക്ഷമാക്കാനും കഴിയും.
ദീർഘ ജലപാത പ്രാവർത്തികമാക്കാൻ സ്വകാര്യ-സർക്കാർ പങ്കാളിത്തത്തോടെ നിർവ്വഹണവും ആഴംകൂട്ടലും ജലഗതാഗതസൗകര്യം വർദ്ധിപ്പിക്കലും ദൗത്യമായി ഏറ്റെടുത്ത് നടപ്പാക്കണം. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്തസംരംഭമായി ഏറ്റെടുക്കണം. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും പ്രതിബന്ധമായാൽ അതു തരണം ചെയ്യാൻ പ്രത്യേക സംവിധാനവും ഉണ്ടാവണം.
ഒട്ടേറെ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയും വിനോദസഞ്ചാരവും മെച്ചപ്പെടുത്താൻ ജലപാതകൾ ഇടയാക്കിയിട്ടുണ്ട്. സ്വകാര്യ സംരംഭകർ രംഗത്തുവരുമ്പോൾ അവർക്കുണ്ടാകുന്ന തടസ്സങ്ങൾ നീക്കാൻ നയപരമായ തീരുമാനങ്ങളും നിയമസഹായവും സർക്കാർ മുൻകൈയ്യെടുത്ത് പ്രഖ്യാപിക്കണം. ഏകദേശം 650 കിലോമീറ്റർ ദൈർഘ്യം വരുന്ന ജലപാതയ്ക്ക് വ്യക്തമായ ആസൂത്രണം വേണം. ജലസേചനസാധ്യതകൾ, ശുദ്ധജല ലഭ്യത, പ്രളയനിയന്ത്രണം, കൂടുതലായി വേണ്ടിവരുന്ന വൈദ്യുതി, വിനോദസഞ്ചാര സാധ്യത, ജോലി സാധ്യത എന്നിവയെല്ലാം കണക്കിലെടുത്തുവേണം പദ്ധതി തയ്യാറാക്കാൻ. ഈ റിപ്പോർട്ട് തയ്യാറാക്കുന്ന ചുമതല സർക്കാർ ഏതെങ്കിലും പ്രഫഷനൽ സ്ഥാപനങ്ങളെ ഏൽപ്പിക്കണം. ജലപാതയ്ക്കു വേണ്ടിയുള്ള വൈദ്യുതി, വർഷം മുഴുവൻ ഇതുവഴിയുള്ള യാത്രാ-ചരക്ക് ഗതാഗതം എന്നിവ സംബന്ധിച്ച് നിയമസഭ പ്രത്യേക നയപരിപാടി പ്രഖ്യാപിക്കുകയും സാങ്കേതിക മേന്മയോടെ ജലപാത പ്രാവർത്തികമാക്കുകയും ചെയ്യുന്നതോടെ കൂടുതൽ തോഴിലവസരങ്ങളും അതുവഴി സംസ്ഥാനത്തിന്‌ പുരോഗതിയും കൈവരിക്കാനാകും."

ആയുർവ്വേദത്തിന്റെയും ഔഷധസസ്യങ്ങളുടെയും വികസനം...


"..............ഔഷധസസ്യങ്ങളാലും സൂക്ഷ്മ ജൈവവ്സ്തുക്കളാലും സമ്പന്നാണ്‌ കേരളം. വികസിതരാജ്യങ്ങൾ ഈ ഔഷധങ്ങൾ അസംസ്കൃതവസ്തുവായി ഇവിടെ നിന്ന് കയറ്റുമതി ചെയ്യുകയും മൂല്യവർദ്ധിത ഉത്പന്നങ്ങളായി ഇന്ത്യടക്കമുള്ള വികസ്വരരാജ്യങ്ങളിലേക്ക് വിത്തിനമായും മരുന്നായും ജൈവവസ്തുക്കളായും കയറ്റി അയയ്ക്കുകയും അതിന്റെ പേറ്റന്റ് നേടുകയും ചെയ്യുന്നു. ഇതുമാറണം. പകരം നമ്മുടെ ഗവേഷണ വികസന മാർഗ്ഗങ്ങൾ ഉപയോഗിച്ച് അവയുടെ മൂല്യം വർദ്ധിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും വേണം. ലോകത്തിലെ മൊത്തം ഔഷധവിപണി ഇന്ന് 55,000 കോടി ഡോളറിന്റേതാണ്‌. ഇതിൽ 6100 കോടി ഡോളറാണ്‌ ഔഷധ സസ്യങ്ങളുടെ വിപണി. പാരമ്പര്യ ഔഷധരംഗത്തെ ഇന്ത്യയുടെ സംഭാവന വെറും 30 കോടി ഡോളർ മാത്രമാണ്‌. മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിന്‌ 200 കോടി ഡോളർ നേടാൻ കഴിയും. ഇതിന്‌ നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുങ്ങണം."

കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ...

"റബ്ബർ, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, നാളികേരം, ഫലവർഗ്ഗങ്ങൾ തുടങ്ങിയവ കേരളം പരമ്പരാഗതമായി ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ ഏതാനും വർഷങ്ങളായി പല രാജ്യങ്ങളും ഇവ ഉൽപാദിപ്പിക്കാൻ തുടങ്ങിയതോടെ നമ്മുടെ ഉൽപാദകർ വൻ മത്സരം നേരിടുകയാണ്‌ ഉൽപാദനം വർദ്ധിപ്പിക്കാൻ സാങ്കേതിക വിദ്യയും പുതുമയും പ്രയോഗിക്കേണ്ടത് ആവശ്യമായിരിക്കുന്നു.  ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കു പ്രാമുഖ്യം നൽകി വൈവിധ്യമാർന്ന മൂല്യവർധിത ഉൽപന്നങ്ങൾ രൂപപ്പെടുത്തേണ്ടതും ആവശ്യമാണ്‌. ഉദാഹരണമായി ഒരു ഹെക്ടറിൽ നിന്ന് കിട്ടുന്ന ശരാശരി റബ്ബർ 1700 കിലോയാണ്‌. മൽസരാധിഷ്ഠിത വിപണിയിൽ ഉൽപാദകന്‌ ഇതിൽ നിന്ന് ലഭിക്കുന്നത് ഏകദേശം 1 ലക്ഷം രൂപയും. എന്നാൽ ഉല്പാദകന്‌ ഇതിന്റെ ഇരട്ടി വരുമാനം ലഭിക്കും വിധം വൈവിധ്യമാർന്ന റബ്ബർ വികസിപ്പിക്കാൻ റബർ ഗവേഷണ വികസന സ്ഥാപങ്ങളും  റാബർ ഉല്പാദകരും റബ്ബർ ഉപയോക്താക്കളും ചേർന്ന് സംവിധാനമൊരുക്കണം. കൃഷിക്കാർക്ക് അധികവരുമാനം ലഭിക്കുംവിധം റബ്ബർ തോട്ടങ്ങളിൽ തണലത്തുവളരുന്ന വിളകൾ സംബന്ധിച്ചും ഗവേഷണ സ്ഥാപനങ്ങൾ നിർദ്ദേശം നൽകണം. റബ്ബർ തോട്ടങ്ങളിൽ തന്നെ ചെയ്യാവുന്ന മറ്റൊരു സംരംഭമാണ്‌ തേനീച്ച വളർത്തൽ. കടുത്ത മൽസരം അഭിമുഖീകരിക്കാൻ കർഷകരെ പ്രാപ്തമാക്കുംവിധം തേയില, കാപ്പി, നാളികേരം, മൂല്യവർദ്ധിത ഫലവർഗ്ഗങ്ങൾ തുടങ്ങിയവയുടെയും അവയുടെ ഉപോല്പന്നങ്ങളുടെയും ഉപയോഗത്തിലെ നൂതന മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കാൻ ഗവേഷണ സ്ഥാപങ്ങളും ഉൽപാദകരും രംഗത്തിറങ്ങണം."

പത്തിന വികസന പദ്ധതികളെക്കുറിച്ചുള്ള പ്രസംഗത്തോട് അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന ശ്രീ. പിണറായി വിജയൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: “രാഷ്ട്രപതിയുടെ വികസന ദൗത്യങ്ങളെക്കുറിച്ച് സമഗ്ര ചർച്ചനടത്തി പ്രായോഗികമായവ നടപ്പാക്കണം. സഭയ്ക്കകത്തും പുറത്തും ചർച്ച നടത്തി പൊതു അഭിപ്രായം രൂപീകരിക്കണം. സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനു പോതുവേ സ്വീകാര്യമായ ചില നിർദ്ദേശങ്ങളും രാഷ്ട്രപതിയുടെ നിയമസഭാപ്രസംഗത്തിലുണ്ട്.” അവയെല്ലാം. തീർച്ചയായും കേരളത്തിന്റെ സുസ്ഥിര വികസനത്തിന്‌ ഏറെ പ്രയോജനപ്പെടുന്നതാണ്‌. 2010ൽ പൂർത്തിയാക്കാൻ കരുതി അവതരിപ്പിച്ച ആ പദ്ധതികൾ ഈ 2017ൽ പുനരുജ്ജീവിപ്പിക്കനാവില്ലേ ?!

നഗരം (city) എന്നാൽ പരിപൂർണ്ണമായ ആവാസ വ്യവസ്ഥ എന്നർത്ഥം. പറുദീസയെന്നോ വാഗ്ദത്ത ഭൂമിയെന്നോ ഒക്കെ മനുഷ്യർ അതിനെ വിളിക്കുന്നു. ഭക്ഷണത്തിനും വെള്ളത്തിനും മറ്റ് ദേശത്തിനെ ആശ്രയിക്കേണ്ടിവരുന്ന, രോഗബാധയാൽ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന, മാലിന്യം എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്ന, അക്രമവും ദാരിദ്ര്യവുമുള്ള, സ്വാതന്ത്ര്യവും വിവേകവുമില്ലത്ത ഒരു ദേശത്തിനെ നഗരം എന്ന് വിളിക്കാനാവില്ല. നഗരാസൂത്രണമെന്നത് ഒരു കലയാണ്‌. ചില പുരാതന നഗരങ്ങളിൽ അത്തരമൊരു  വൈദഗ്ധ്യം ഉണ്ടായിരുന്നതായി ചരിത്രത്തിൽ കാണാം. മനസ്സിന്റെയും ശരീരത്തിന്റെയും ചുറ്റുപാടിന്റെയും ആരോഗ്യം, മെച്ചപ്പെട്ട മാനുഷിക ബന്ധങ്ങൾ ഇവയാണ്‌ ഒരു മനുഷ്യന്റെ ആനന്ദത്തിന്റെ തോത് നിർണ്ണയിക്കുന്നത്. അവയിലേക്കെത്താനുള്ള ചുവടുകൾ വിവേകപൂർവ്വം തെരഞ്ഞെടുത്ത് ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നിടത്ത് ആനന്ദം യാഥാർത്ഥ്യമാകുന്നു.

~ ~ ~ ! ~ ~ ~

References:
1. 2005 ഓഗസ്റ്റ് 3 മുതൽ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘ലക്ഷ്യം 2010 -  5 വർഷം 10 വഴികൾ’ എന്ന ലേഖന പരമ്പര. രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപവും പ്രത്യേക പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
2. 2015 ഓഗസ്റ്റ് 30 ഞായറാഴ്ച സപ്ലിമെന്റിൽ ഭൂട്ടാനെക്കുറിച്ചും ജിഎൻഎച്ച് നെക്കുറിച്ചും എഴുതിയ ലേഖനം.
5. 'സഞ്ചാരികൾ കണ്ട കരളം' by വേലായുധൻ പണിക്കശ്ശേരി
Image Courtesy: https://pixabay.com

Saturday, November 26, 2016

മതം : കല, ശാസ്ത്രം, മൂല്യങ്ങൾ

tourism kerala

മതം എന്നത് ഏറ്റവും ലളിതമായ രൂപത്തിൽ ‘ഐശ്വര്യവും സമാധാനവും മാനുഷിക മൂല്യങ്ങളും’ ഉൾക്കൊള്ളുന്ന സംഹിത ആണെന്നു പറയാം. അവയുടെ ബാഹ്യവും പ്രത്യക്ഷവുമായ തലങ്ങളിലേക്ക് കടക്കുമ്പോൾ കല, ശാസ്ത്രം, മൂല്യങ്ങൾ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ ഉള്ളതായി കാണാം.

1. കല (Art & Aesthetics)

temple culture thailand
ഒരു മനുഷ്യനെ മതം സ്വാധീനിക്കുന്നതിലെ മുഖ്യവും പ്രത്യക്ഷവുമായ ഘടകം അതിന്റെ കലാപരമായ സൗന്ദര്യമാണ്‌. ഒരു സംസ്കാരം എന്നു പറയുന്നതിന്റെ പ്രധാന ഭാഗം തന്നെയാണത്. പ്രകൃതിദത്തമോ അല്ലാത്തതോ ആയ മനോഹരവും വൃത്തിയുള്ളതുമായ അതിന്റെ വിന്യാസം. പൈതൃകം എന്നൊക്കെ വിളിക്കുന്ന നിർമ്മിതികളുടെ കലാപരമായ സൗന്ദര്യം ഏറെയാണ്‌. അത് കെട്ടിടമോ ശിൽപമോ മറ്റ് ഉപകരണമോ ആയിക്കൊള്ളട്ടെ സൗന്ദര്യബോധത്തിൽ നിന്നുകൊണ്ടാണ്‌ അവയുടെ നിർമ്മിതി. കാലദേശാതീതമായ ഒരു കാര്യമാണിത്. “ഒരു കെട്ടിടമോ നിർമ്മിതിയോ കണ്ടാൽ അതവിടെ നിർമ്മിച്ചതാണെന്നല്ല, അതവിടെ മുളച്ചുവന്നതാണെന്ന് തോന്നണം” എന്നത്‌ ലോകത്തെവിടെയായിരുന്നാലും വാസ്തുവിദ്യയുടെ സുപ്രധാന ആശയം തന്നെയാണ്‌. അത്രമാത്രം പ്രകൃതിയോടും മനുഷ്യമനസ്സിനോടും ഇണങ്ങിയ നിർമ്മിതിയായിരിക്കണം അത്. പുരാതനമായ ക്ഷേത്രങ്ങളും ക്ഷേത്രങ്ങൾ, ക്ഷേത്രനഗരങ്ങൾ, യൂറോപ്യൻ നിലവാരത്തിലുള്ള ക്രിസ്ത്യൻ ദേവാലയങ്ങൾ, ബുദ്ധക്ഷേത്രങ്ങൾ, ഈജിപ്ഷ്യൻ നിർമ്മിതികൾ, പേർഷ്യയിലെയും മിറ്റും ഇസ്ലാമിക ആരാധനാലയങ്ങൾ തുടങ്ങിയവയൊക്കെ സൗന്ദര്യബോധം പുലർത്തിക്കൊണ്ടുള്ള നിർമ്മിതികളാണ്‌.
വാസ്തുകല, പാരീസ്

ദൃശ്യങ്ങൾ മാത്രമല്ല അവയ്ക്ക് പശ്ചാത്തലമൊരുക്കുന്ന ശബ്ദവിന്യാസവും കലയുടെ അവിഭാജ്യഘടകം തന്നെയാണ്‌. പൗരസ്ത്യവും പാശ്ചാത്യവുമായ സംഗീത പശ്ചാത്തലം, Tibetan Flute music, ഭാരതീയക്ഷേത്രങ്ങളിലെയും ബുദ്ധവിഹാരങ്ങളിലെയും ക്രിസ്ത്യൻ ദേവാലയങ്ങളിലെയും മണിനാദം, ഓടക്കുഴൽ, വീണ തുടങ്ങിയ വാദ്യോപകരണങ്ങൾ, ഈജിപ്ഷ്യൻ-അറേബ്യൻ സംഗീതം, മനോഹരദൃശ്യവും സംഗീതവും ഒത്തുചേരുന്ന വിവിധതരം നൃത്തങ്ങൾ തുടങ്ങിയവ മതവുമായി ബന്ധപ്പെട്ട് കാണാം. മതമെന്നോ സംസ്കാരമെന്നോ പൈതൃകമെന്നോ എന്തുതന്നെ വിളിച്ചാലും മനുഷ്യനിൽ അവ സൃഷ്ടിക്കുന്ന ഗുണപരമായ സ്വാധീനമാണ്‌ കാണേണ്ടത്. ആചാരങ്ങളിൽ ചിലത് കലാസ്വാദനം ലക്ഷ്യമിട്ടുള്ളതാണ്‌. ദൃശ്യ-ശ്രാവ്യ ഘടകങ്ങൾ മാത്രമല്ല പഞ്ചേന്ദ്രിയങ്ങളിൽ ഓരോന്നിനെയും സുഷുപ്തിയിൽ എത്തിക്കാൻ തക്കവണ്ണമുള്ള ഒരു മനോഹരമായ സമ്മേളനം മതങ്ങളിൽ കാണാം. ചന്ദനവും പുഷ്പവും പനിനീരും ഉൾപ്പെടെ സുഗന്ധവാഹിയായ കുളിർമ്മയേകുന്ന അന്തരീക്ഷം ഒരുക്കാൻ മതങ്ങൾ ശീലിപ്പിക്കുന്നു....ഇങ്ങനെ നോക്കുമ്പോൾ ലോകരാജ്യങ്ങളിൽ ഏതിന്റെയായാലും പൈതൃകത്തിനോട് മനുഷ്യർക്ക് ഒരു താൽപര്യവും ആദരവും തോന്നാനുള്ള പ്രത്യക്ഷമയ ഘടകവും ഇതുതന്നെയായിരിക്കണം. എന്തുകൊണ്ടെന്നാൽ ഇതൊന്നും പഠിച്ച് വച്ചിരിക്കുന്ന പാഠങ്ങളോ തത്വങ്ങളോ അല്ല; ഭൗതികമായി ഇതിൽ ജീവിച്ചുകൊണ്ടുതന്നെ ബുദ്ധിപരമായ പ്രയതങ്ങൾ കൂടാതെതന്നെ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ഒത്തുചേരൽ എന്തെന്ന് മനസ്സിലാക്കാനുള്ള ചുറ്റുപാടൊരുക്കുന്നു. മതത്തിന്റെ അവിഭാജ്യഘടകം തന്നെയാണ്‌ അതിന്റെ നാനാവിധത്തിലുമുള്ള, പഞ്ചേന്ദ്രിയങ്ങൾക്കിണങ്ങുന്നവിധമുള്ള കലാപരമായ സമ്മേളനം. ഇത് മതത്തിൽ മാത്രം ഒതുങ്ങുന്നതാണെന്ന് ധരിക്കരുത്. ആധുനിക ഹെറിറ്റേജ് റിസോർട്ടുകളിൽ വരെ ഇത്തരം സജ്ജീകരണങ്ങൾ കാണാം. ഭംഗിയും വൃത്തിയുമുള്ള (beautiful, hygienic and non-toxic) അമിതമായ ചൂടോ തണുപ്പോ ഇല്ലാത്ത സുഖകരമായ അന്തരീക്ഷമുള്ള ഇടങ്ങൾ.

ശാസ്ത്രം (Science)

ayurveda kerala
മതത്തിലെ ശാസ്ത്രീയമായ ഘടകം ആഹാരം, ഔഷധം, ദിനചര്യകൾ, ജൈവപ്രക്രിയകൾ, ഭൗതികമായ ചുറ്റുപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്നതായി കരുതാം. ആധുനികശാസ്ത്രപ്രകാരം നിർവ്വചനം ഉള്ളതോ ഇല്ലാത്തതോ ആയ കാര്യങ്ങൾ അതിൽപ്പെടുന്നു. മനുഷ്യന്റെയും പ്രകൃതിയുടെയും ജൈവീകമായ ഘടകങ്ങളും അവയുടെ പരസ്പര പ്രവർത്തനങ്ങളുമെല്ലാം ഇതിന്റെ പരിധിയിൽ വരുന്നു. ആയുർവ്വേദം, വാസ്തുശാസ്ത്രം, ജ്യോതിഷം, താന്ത്രിക-പൗരോഹിത്യ കർമ്മങ്ങൾ, കാർഷികവൃത്തിക്കുള്ള നിർദ്ദേശങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽപ്പെടും. പൗരസ്ത്യമോ പാശ്ചാത്യമോ മാത്രമല്ല പുരാതന ഈജിപ്തിലും പേർഷ്യയിലുമെല്ലാം ഇത്തരത്തിലുള്ള പ്രമാണങ്ങൾ ഉണ്ട്. വാസ്തുവിദ്യയെന്നത് ഒരേസമയം കലയും ശാസ്ത്രവും സമ്മേളിക്കുന്ന നിർമ്മാണരീതിയാണ്‌. ആഹാരം, ഉപവാസം, ഔഷധം തുടങ്ങി ഒരു വ്യക്തിയുടെ ജൈവപ്രക്രിയയെ സ്വാധീനിക്കുന്ന ഘടകങ്ങൾ മതത്തിലെ ശാസ്ത്രീയതയുടെ സ്വാധീനമാണ്‌. ശുചിത്വം പാലിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമമങ്ങളും ദിനചര്യകളും നിർദ്ദേശിക്കുകയും ചെയ്യുന്നു. മനുഷ്യന്റെയും പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സമഗ്രമായ സ്വാസ്ഥ്യവും ആരോഗ്യവും പരസ്പരപൂരണവും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്‌ അതിലെ ശാസ്ത്രീയ തത്വങ്ങളും അവയുടെ ആചരണവും. കലയെന്നപോലെ ബാഹ്യമായി പ്രത്യക്ഷമാകുന്നില്ലായിരിക്കാമെന്നുമാത്രം. ചില ആചാരങ്ങൾ ഇത്തരം ശാസ്ത്രീയ ഘടകങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌. ഇത്തരം ആചാരങ്ങളുടെ ശാസ്ത്രീയത അറിയില്ലെങ്കിൽ പോലും ആചരണത്തിൽ തെറ്റ് കടന്നുകൂടിയിട്ടില്ലായെങ്കിൽ ഗുണഫലം ലഭിക്കുമെന്ന് കരുതാം. ഇങ്ങനെയുള്ള ആചാരങ്ങളിൽ അറിവില്ലായ്മസംഭവിക്കുന്നത് അന്ധവിശ്വാസങ്ങൾ കടന്നുകൂടുന്നതിനും കാരണമായേക്കാം.

മൂല്യങ്ങൾ (Ethics & Morality)

religious books
മനുഷ്യൻ ഒരു സാമൂഹികജീവി എന്ന നിലയിൽ ജീവിക്കുമ്പോൾ അനുവർത്തിക്കേണ്ടതയിവരുന്ന  ചിട്ടകൾ മുതൽ അന്തർജ്ഞാനത്തെ ഉയർത്താനുള്ള തത്വങ്ങൾ വരെ ഇവിടെ മൂല്യങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നു. വ്യത്യസ്തങ്ങളായ വീക്ഷണങ്ങളും ദർശനങ്ങളും ഇതിലുണ്ട്. വ്യക്തിപരമായ തലം മുതൽ ലോകനന്മയ്ക്കുതകുന്ന ദർശനങ്ങൾ വരെ ഇതിൽപ്പെടും. ആന്തരികമോ ലൗകികമോ ആയ തലത്തിൽ കൂടുതൽക്കൂടുതൽ സമാധാനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും തൃപ്തിയിലേക്കും നയിക്കുന്നതായിരിക്കണം ഓരോ ദർശനങ്ങളും നിയമങ്ങളും. നിരവധി മഹദ് വ്യക്തികളുടെ സ്വാധീനവും സംഭാവനകളും ഒരോ മതത്തിലും കാണാൻ കഴിയും. മതചിഹ്നങ്ങളിൽ ധാരാളം മൂല്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്. ചിഹ്നങ്ങൾ/പ്രതീകങ്ങൾ വെറുതെ ഉപയോഗിച്ചതുകൊണ്ടായില്ല. അവയുടെ തത്വങ്ങൾ അറിയണം, അത് നമ്മിൽ ലയിച്ചുചേർന്നിരിക്കണം.
Buddhism kerala
ചില ആചാരങ്ങാൾ മൂല്യങ്ങളുടെ പ്രതീകവൽക്കരണം എന്ന നിലയിലാണ്‌ അനുഷ്ഠിക്കുന്നത്. ഇത്തരം ആചാരങ്ങൾ പ്രതീകവൽക്കരിച്ചിരിക്കുന്ന മൂല്യം എന്തെന്ന് ബൗദ്ധികമോ മാനസികമോ ആയതലത്തിൽ മനസ്സിലാക്കാതെ ഇങ്ങനെയുള്ള ആചാരങ്ങൾ തുടർന്നുപോരുന്നതിൽ ഒരു കഴമ്പുമില്ല. മൂല്യങ്ങൾ ലക്ഷ്യമാക്കിയുള്ള ആചാരങ്ങൾക്ക് അവയുടെ സാരാംശം കൈമോശം വന്നാൽ അതുവെറും ചിട്ടകൾ മാത്രമായി മാറുന്നു. അതിനാൽ മതത്തിലെ മൂല്യങ്ങളുടേതായ ഘടകം ബുദ്ധിക്കും മനസ്സിനും ഇണങ്ങുന്നതും നിർവ്വചനീയവും ആയിരിക്കണം. ഒരാളെ കണ്ടുമുട്ടുമ്പോൾ അഭിവാദ്യം ചെയ്യുന്നതുമുതൽ വിവാഹചടങ്ങുകൾ വരെ ഇത്തരത്തിലുള്ള ആചാരങ്ങളുടെ ഉദാഹരണമാണ്‌. (ചില മൂല്യങ്ങളിൽ കലാപരവും ശാസ്ത്രീയവുമായ ഘടകങ്ങൾ ഒത്തുചേർന്നിരിക്കുന്നു: പരിസ്ഥിതി സംരക്ഷണം, ശുചിത്വപാലനം എന്നിവ ഉദാഹരണങ്ങൾ.).

തീവ്രവാദത്തിന്റെ പേരിൽ മതങ്ങൾ വെറുക്കപ്പെടുന്നതിനും, പൈതൃക ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പേരിൽ മതങ്ങൾ ആദരണീയമാകുന്നതും എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലാകും. സംസ്കാരം (culture), പൈതൃകം (heritage), ആചാരാനുഷ്ഠാനങ്ങൾ (rituals and traditions), ജീവിതശൈലി (life style) എന്നിവയിലെല്ലാം ഉണ്ടായിരിക്കേണ്ട പൊതുതത്വങ്ങളാണ്‌ കലാപരമായ സൗന്ദര്യം (aesthetic beauty), ശാസ്ത്രീയത (scientific approach), മൂല്യങ്ങൾ (ethics and humanity) എന്നിവ. ഇവ ഒത്തുചേരുമ്പോൾ അതിനെ Holistic Life എന്നുവിളിക്കാം. മതത്തിന്റെ പിൻബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരമൊരു ശൈലി പ്രായോഗികമാക്കാം. വ്യക്തികളും ഭവനങ്ങളും സമൂഹവും ഈ രീതിയിൽ പരിവർത്തനപ്പെടുമ്പോൾ സമാധാനവും ഐശ്വര്യവും എന്തെന്ന് അനുഭവിച്ചറിയാനും പഠിക്കാനും അവിടേക്ക് ആളുകൾ എത്തിച്ചേരും.
~ ~ ~ ! ~ ~ ~
ചിത്രങ്ങൾക്ക് കടപ്പാട്:

Monday, October 24, 2016

വർണ്ണതാപനില മനുഷ്യനിലും ചുറ്റുപാടിലും ചെലുത്തുന്ന സ്വാധീനം

color temperature

ദീപാലങ്കാരത്തിന്റെയും പ്രകാശസ്രോതസ്സുകളുടെയും കലാഭംഗി മുതൽ മാനസികാവസ്ഥയെയും പ്രകൃതിയെയും സ്വാധീനിക്കുന്ന ഘടകങ്ങൾ വരെ വർണ്ണതാപനില(ColorTemperature)യുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കൃത്രിമ പ്രകാശസ്രോതസ്സുകൾ ക്രമീകരിക്കുന്നത് ശാസ്ത്രീയമായിരിക്കണം....

പ്രകാശത്തിനെ നിറവുമായി ബന്ധപ്പെട്ട ഗുണമാണ്‌ വർണ്ണതാപനില (color temperature) എന്നറിയപ്പെടുന്നത്. കെൽവിൻ (K) ആണ്‌ ഇതിന്റെ യൂണിറ്റ്. ഇതിന്‌ താപവുമായി നേരിട്ട് ബന്ധമില്ല. ഉദയാസ്തമയങ്ങളിലെ സൂര്യൻ, പകൽവെളിച്ചം, മെഴുകുതിരിനാളം, ചന്ദ്രപ്രകാശം  ഇവയുടെയൊക്കെ നിറവും വ്യതാസപ്പെട്ടിരിക്കുന്നു. വർണ്ണതാപനില അഥവാ color temperature എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും പ്രകാശത്തിന്റെ നിറത്തിലെ ഈ വ്യത്യാസമാണ്‌.

ഒരു ഇരുമ്പ് ദണ്ഡ് പഴുപ്പിക്കുന്നു എന്ന് കരുതുക. ആദ്യം അതിന്റെ നിറം ചുവപ്പാകും. പിന്നീട് ഓറഞ്ച്. അതിനുശേഷം മഞ്ഞ. വീണ്ടും ചൂടാക്കിയാൽ വെള്ളനിറവും പിന്നീട് നീലനിറവും ആകുന്നു. 7 വർണ്ണങ്ങളടങ്ങുന്ന ദൃശ്യപ്രകാശസ്പെക്ട്രത്തിൽ ചുവപ്പിൽനിന്നും വയലറ്റിലേക്ക് നീങ്ങുന്തോറും ഊർജ്ജനില കൂടിക്കൂടി വരുന്നതായി കാണാം. വർണ്ണതാപനിലയിൽ 7 നിറങ്ങളും പരിഗണിക്കേണ്ടിവരുന്നില്ല; മുൻപ് ഇരുമ്പ് ദണ്ഡിന്റെ ഉദാഹരണത്തിൽ കണ്ടതുപോലെ.

“ഒരു തമോവസ്തു പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക പ്രഭാവത്തിന്റെ വർണ്ണതാപനില ആ തമോവസ്തുവിന്റെ കെൽവിനിൽ ഉള്ള ഉപരിതല താപനിലയായിരിക്കും” (https://ml.wikipedia.org/wiki/വർണ്ണതാപനില). ഇതാണ്‌ വർണ്ണതാപനിലയുടെ ഒരു നിർവ്വചനം.

അതായത്, തമോവസ്തുവിന്റെ സ്ഥാനത്ത് മുൻപ് പറഞ്ഞ ഇരുമ്പ് ദണ്ഡിനെ സങ്കൽപിക്കുക. അതിന്റെ താപനില 1000K ആയി ഉയർത്തുമ്പോൾ ചുവപ്പുനിറവും 2800K ആകുമ്പോൾ മഞ്ഞ നിറവും 8000K ആകുമ്പോൾ നീലനിറവും ആകുന്നുവെന്ന് കരുതുക. അങ്ങനെയെങ്കിൽ ഈ ഉദാഹരണമനുസരിച്ച് ചുവപ്പിനെ സൂചിപ്പിക്കാൻ 1000K എന്നും മഞ്ഞയ്ക്ക് 2800K എന്നും നീലയ്ക്ക് 8000K എന്നും പറയാം. ഇതാണ്‌ വർണ്ണതാപനില എന്ന്തുകൊണ്ട് ഉദ്ദേശിക്കുന്നതും. ഇവിടേ ശ്രദ്ധിക്കേണ്ടതായ മറ്റൊരു കര്യമുണ്ട്. താപനില കുറഞ്ഞ ചുവപ്പ്-മഞ്ഞ ഭാഗത്തെ സൂചിപ്പിക്കാൻ WARM എന്ന പദവും താപനില കൂടിയ നീലഭാഗത്തെ സൂചിപ്പിക്കാൻ COOL എന്ന പദവുമാണ്‌ ഉപയോഗിക്കുന്നത് എന്നതാണത് ! എന്നാൽ മാനസികാവസ്ഥയിലുള്ള സ്വാധീനം വിലയിരുത്തുമ്പോൾ ഈ പദപ്രയോഗം ഏറെക്കുറെ ശരിയുമാണ്‌. ഊഷ്മളമയ അന്തരീക്ഷം സൃഷ്ടിക്കാൻ മഞ്ഞ കലർന്ന (warm) പ്രകാശ ശ്രോതസ്സുകളും ശാന്തമായ ചുറ്റുപാടിനായി നീലകലർന്ന (cool) പ്രകാശശ്രോതസ്സുകളും ഉപയോഗപ്പെടുത്താൻ കഴിയും.

വർണ്ണതാപനില അഥവാ കളർ ടെമ്പറേച്ചർ എന്നതിനെ സാങ്കേതികമായി മനസ്സിലാക്കിക്കഴിഞ്ഞു. ഇനി അവയ്ക്ക് പ്രകൃതിയിലും ആരോഗ്യ-മാനസികാവസ്ഥയിലും ഉള്ള സ്വാധീനത്തെക്കുറിച്ച് പരിശോധിക്കാം. 7 ചക്രങ്ങളും അവയുടെ നിറങ്ങളും മനുഷ്യശരീരത്തിൽ അവ എപ്രകാരം പ്രവർത്തിക്കുന്നുവെന്നതിനെക്കുറിച്ചുമുള്ള അറിവും വർണ്ണതാപനിലയ്ക്ക് ജീവശാസ്ത്രപരമായുള്ള സ്വാധീനത്തെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചേക്കാം.

(പിങ്ക്, വയലറ്റ്, മജെന്റ എന്നിവയെ ചുവപ്പിന്റെ വകഭേദമായി ചിലർ തെറ്റിദ്ധരിക്കാറുണ്ട്. ദൃശ്യപ്രകാശ സ്പെക്ടം അനുസരിച്ച് ചുവപ്പ് ഏറ്റവും ആവൃത്തി കുറഞ്ഞതും വയലറ്റ് ഏറ്റവും ആവൃത്തി കൂടിയതും ആണ്‌. RGB system പ്രകാരം പരിശോധിക്കുമ്പോൾ ചുവപ്പും നീലയും കലർന്നാണ്‌ magenta ഉണ്ടാവുക്കതെന്ന് കാണാം. പിങ്ക്, വയലറ്റ് എന്നിവയുടെ RGB ഘടകങ്ങൾ പരിശോധിക്കുമ്പോഴും ചുവപ്പും നീലയുമാണ്‌ പ്രത്യക്ഷമാകുന്നത്. ഇതിൽ നീല എന്നത് ഊർജ്ജ നില കൂടിയ നിറമാണ്‌. അതിനാൽ pink/violet/magenta നിറങ്ങൾ warm നിറമാണെന്നുകരുതി ഉപയോഗിക്കരുത്. ഓറഞ്ച് warm നിറമാണ്‌. പ്രകാശസ്പെക്ട്രത്തിൽ ചുവപ്പിനും മഞ്ഞയ്ക്കും ഇടയിലാണ്‌ ഓറഞ്ചിന്റെ സ്ഥാനം.)

വ്യത്യസ്തങ്ങളായ പ്രകാശസ്രോതസ്സുകളും അവയുടെ വർണ്ണതാപനിലയും വ്യക്തമാക്കുന്ന ഒരു പട്ടിക താഴെക്കൊടുത്തിരിക്കുന്നു. Approximate value&colors എന്നുകരുതിയാൽ മതി. ഏകദേശ ധാരണ കിട്ടാൻ ഉപകരിക്കും.

Natural Light SourceColor Temperature (K)Artificial Light Source
Sunrise, Sunset2000KCandle
-3000KIncandescent lamp, Sodium vapor lamp
1hr after sunrise3500K-
Moonlight4100K-
2hrs after sunrise4500KCFL/LED/Fluorescent Tube Warm White
Average noon Sunlight5600KCFL/LED/Fluorescent Tube Daylight
Cloudy sky6500KCFL/LED/Fluorescent Tube Cool Daylight
Blue sky12000K-

വ്യത്യസ്ത അവസരങ്ങളിലെ വർണ്ണതാപനിലയും അവയ്ക്കുള്ള സ്വാധീനവും:-

പ്രഭാതം, സായാഹ്നം, സന്ധ്യാസമയം

അന്തരീക്ഷത്തിൽ മഞ്ഞ/ഓറഞ്ച് കലർന്ന സൂര്യപ്രകാശം ഉണ്ടായിരിക്കുന്ന സമയമാണിത്. രാത്രിയിലെ വിശ്രമത്തിനുശേഷം കണ്ണുകൾ ഉണർന്നുവരുന്ന സമയം; അതല്ലെങ്കിൽ പകൽസമയങ്ങളിലെ പ്രവർത്തന ശേഷം വിശ്രമത്തിലേക്ക് നീങ്ങുന്നതിനു മുൻപുള്ള സമയം. ഈ രണ്ട് അവസരങ്ങളിലും ഊർജ്ജനില കുറഞ്ഞ വർണ്ണമായ ചുവപ്പിന്റെ വകഭേദങ്ങളാണ്‌ പ്രകൃതിയിൽ പ്രകടമാകുന്നത്. ഊർജ്ജനില കുറഞ്ഞ നിറങ്ങൾ കണ്ണുകളെ ആയാസരഹിതമായി പ്രവർത്തിക്കാൻ സഹായിക്കുന്നു. മസ്തിക്ഷത്തെ ശാന്തമായി നിലനിർത്താനും ഇതിനുകഴിയുന്നു. ശാന്തതയിലൂടെ ഏകാഗ്രതയിലേക്ക് നയിക്കുന്ന വർണ്ണമാണിത്. ചന്ദ്രപ്രകാശത്തിന്‌ മഞ്ഞ കലർന്ന (4100K) നിറമാണ്‌.

അസ്തമയശേഷം, ഉദയത്തിനു മുൻപ്

കൃത്രിമപ്രകാശം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമയമാണിത്. സന്ധ്യാസമയത്തെ ഉപയോഗത്തിന്റെ തുടർച്ചയാണിത്. ശരീരവും മനസ്സും കണ്ണുകളും ഏറെക്കുറെ അതേരീതിയിലായിരിക്കും അപ്പോഴും തുടരുക. അതുകൊണ്ടുതന്നെ മഞ്ഞകലർന്ന (warm) പ്രകാശമാണ്‌ അപ്പോൾ ഉപയോഗപ്പെടുത്തേണ്ടത്. ചന്ദ്രപ്രകാശവും മഞ്ഞകലർന്ന(4100K approx.) നിറമാണ്‌ ചന്ദ്രപ്രകാശവും മഞ്ഞകലർന്ന(4100K approx.) നിറമാണ്‌ [നീലനിലാവ് എന്നത് കവിഭാവന മാത്രമാണ്‌]. എണ്ണവിളക്കുകൾ, മെഴുകുതിരികൾ ഫിലമെന്റ് ബൾബുകൾ എന്നിവയെല്ലാം warm പ്രകാശമാണ്‌ പുറപ്പെടുവിക്കുന്നത്. മുൻപ് വഴിവിളക്കുകളായി ഉപയോഗിച്ചുകൊണ്ടിരുന്ന സോഡിയം വേപ്പർ ലാമ്പും warm പ്രകാശമാണ്‌. നീലകലർന്ന (cool) കൃത്രിമപ്രകാശസ്രോതസ്സുകൾ ഈ സമയങ്ങളിൽ ഉപയോഗിക്കാൻ പാടില്ല.

പകൽസമയം

നല്ല സൂര്യപ്രകാശമുള്ള സമയങ്ങളിൽ ധവളപ്രകാശമായിരിക്കും ലഭ്യമായിരിക്കുക. ഈ സമയം കണ്ണുകളും മസ്തിഷ്കവും ഊർജ്ജനില കൂടിയ പ്രകാശത്തെ സ്വീകരിക്കാൻ പാകപ്പെട്ടിരിക്കും. ധവളപ്രകാശം എന്നുമാത്രമല്ല ഊർജ്ജനില കൂടിയ (higher frequency) വർണ്ണമായ നീല കലർന്ന പ്രകാശം പോലും ഈ സന്ദർഭത്തിൽ സ്വീകരിക്കാൻ ശേഷിയുണ്ടായിരിക്കും. മേഘാവൃതമായ മദ്ധ്യാഹ്നം cool daylight ആയി കരുതപ്പെടുന്നു. യൂറോപ്പിലെ കാലാവസ്ഥ, പ്രസന്നമായ ചില ആഫ്രിക്കൻ തീരപ്രദേശങ്ങൾ, പർവ്വത മേഖലകൾ എന്നിവടങ്ങളിലെ മദ്ധ്യാങ്ങളിൽ cool daylight-ന്റെ സാന്നിദ്ധ്യം ഉള്ളതായി ചില പഠനങ്ങൾ പറയുന്നു, ഒരുതരം നീലിമ കലർന്ന ധവളപ്രകാശം.

നിദ്രാസമയം

പൂർണ്ണമായ ഇരുട്ടാണ്‌ നിദ്രയ്ക്ക് ഏറ്റവും അനുയോജ്യം. Bed lamp ഉപയോഗിക്കുന്നുവെങ്കിൽ warm വർണ്ണങ്ങൾ മാത്രം തെരഞ്ഞെടുക്കുക; മുറിയിലുള്ള പ്രകാശത്തിന്‌ ഉറക്കത്തിലും നമ്മുടെ മസ്തിഷ്കത്തെ സ്വാധീനിക്കാൻ കഴിയും. ഉറക്കമുണർന്നയുടൻ COOL നിറത്തിലുള്ള പ്രകാശം കാണുന്നത് കണ്ണുകൾക്ക് ഹാനികരമാണെന്നതിനാൽ Staircase lighting system ഏർപ്പെടുത്തുമ്പോൾ WARM നിറം ആണെന്ന് ഉറപ്പുവരുത്തുക. മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിവയാകാം. നീല, വയലറ്റ്, പച്ച തുടങ്ങിയവ പാടില്ല.
(എൽഇഡി ടോർച്ചുകൾ, എമർജൻസി ലൈറ്റുകൾ എന്നിവയുടെ പ്രകാശം warm ആക്കിമാറ്റാൻ അവയുടെ ഗ്ലാസ്സിന്‌ ഉൾവശത്തായി മഞ്ഞ ഗ്ലാസ്സ്പേപ്പർ വച്ചാൽ മതി.)

മേഘാവൃതമായ ആകാശം

വളരെ ഇളം നീലനിറമോ ചാരനിറമായോ ആണ്‌ മേഘാവൃതമായ അന്തരീക്ഷം അനുഭവപ്പെടുന്നത്. Cool Daylight എന്നറിയപ്പെടുന്ന ഈ അവസ്ഥയുടെ വർണ്ണതാപനില 6500K (Approx.) ആണ്‌. അലസമെന്നോ ശാന്തമെന്നോ വിശേഷിപ്പിക്കാവുന്ന മാനസികാവസ്ഥ പ്രദാനം ചെയ്യാൻ ഈ നിറത്തിനുകഴിയും.

Cool Daylight (6500K/6000K)-നെക്കുറിച്ച്....

Cool&Relax അവസ്ഥ സൃഷ്ടിക്കുന്നു. Mood refreshment നും ഉപയോഗിക്കുന്നു. Warm നിറങ്ങളെ അപേക്ഷിച്ച് ഊർജ്ജനില കൂടുതലാണെന്നതിനാൽ ഇവയുടെ ദീർഘനേരമുള്ള ഉപയോഗം പല ബുദ്ധിമുട്ടുകൾക്കും കാരണമാവുകയും ചെയ്തേക്കാം. അതുകൊണ്ടുതന്നെ ഏകാഗ്രത ആവശ്യമില്ലാത്തതും ദീർഘനേരം ചെലവിടേണ്ടതില്ലാത്തതുമായ ഇടങ്ങളിലും വിശ്രമമുറികളിലും, ആശുപത്രികളിലും Cool Daylight പ്രകാശസ്രോതസ്സുകൾ നന്നായി പ്രയോജനപ്പെടുത്താം. അത്തരം ഇടങ്ങളിൽ Cool Daylight ആയിരിക്കും ഏറ്റവും അനുയോജ്യം. നല്ലൊരു refreshment സ്രോതസ്സായി കരുതപ്പെടുന്നു.Cool Daylightന്റെ അശാസ്ത്രീയമയ ഉപയോഗം പ്രവർത്തനമാന്ദ്യം, ഡിപ്രഷൻ എന്നിവയ്ക്കും കാരണമായേക്കാം. ക്ലാസ്മുറികളിലും പഠനമുറികളിലും Cool Daylight ഉപയോഗിച്ചാൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, കണ്ണുകളുടെ അനാരോഗ്യം എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. ഉറക്കത്തിനു മുൻപ്‌, ഉറക്കം, ഉണർന്നയുടൻ എന്നീ സമയങ്ങളിലും Cool Daylight ദോഷകരമാണെന്നതിനാൽ ബെഡ്റൂമുകളിലും ഇത് ഉപയോഗിക്കാൻ പാടില്ല. ഇന്ന് വിപണിയിൽ സുലഭമായിരിക്കുന്ന CFLകളും LEDകളും Cool Daylight ആണ്‌. വർണ്ണതാപനിലയെക്കുറിച്ചുള്ള അജ്ഞതയും Warm / Daylight-കൾക്ക്  Cool Daylight-നെ അപേക്ഷിച്ച് 20% വില കൂടുതലാണെന്നതും ജനങ്ങൾ Cool Daylight CFL/LED/Fluorescent tube-കൾ വ്യാപകമായും അശാസ്ത്രീയമായും ഉപയോഗിക്കാൻ കാരണമാകുന്നു.

(നീലകലർന്ന പ്രകാശത്തിന്‌ cool എന്നും മഞ്ഞകലർന്ന പ്രകാശത്തിന്‌ warm എന്നപേരുമാണ്‌ സാധാരണ ഉപയോഗിക്കാറുള്ളതെങ്കിലും നേരേ മറിച്ചാണ്‌ ചില കമ്പനികൾ അവരുടെ ഉൽപന്നങ്ങളിലും വെബ്സൈറ്റുകളിലും പ്രദർശിപ്പിച്ചിരിക്കുന്നത് സംശയത്തിനിടയാക്കിയേക്കും. Soft White ന്‌ Cool White എന്നും പ്രയോഗിച്ചുകാണാറുണ്ട്. Warm White-നെക്കാൾ Cool എന്ന അർത്ഥത്തിലായിർക്കും ഇത് ഉപയോഗിച്ചിരിക്കുന്നത്; Day White-നെക്കാൾ cool എന്നല്ല. ഏതായാലും കെൽവിൻ(K) എത്രയെന്ന് ശ്രദ്ധിച്ചാൽ ആശയക്കുഴപ്പം ഒഴിവാക്കാം.)

വിവിധ സ്ഥലങ്ങളിലും സമയങ്ങളിലും ഉള്ള പ്രകാശക്രമീകരണം.........


Warm White, Soft White, Day White or Daylight, Cool Daylight എന്നിങ്ങനെ വ്യത്യസ്ത ശ്രേണിയിലും  പേരുകളിലും വൈദ്യുതവിളക്കുകൾ ലഭ്യമാണ്‌. എങ്കിലും പൊതുവെ ഇവയെ Warm, Daylight, Cool എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ഉൾപ്പെടുത്താം.
Warm:- സ്പെക്ട്രത്തിൽ ധവളപ്രകാശം എത്തുന്നതിനു മുൻപുള്ള ഭാഗങ്ങൾ. 2800K, 3000K, 3500K, 4000K, 4500K എന്നിവ ചില ഉദാഹരണങ്ങളാണ്‌. Warm White, Soft White എന്നൊക്കെ ഇവ അറിയപ്പെടുന്നു. അതനുസരിച്ച് പ്രകാശത്തിന്റെ നിറത്തിലും വ്യത്യാസമുണ്ടാകും. കൃത്യമായി അനുയോജ്യമായത് തെരഞ്ഞെടുക്കുകയെന്നത് വിപണിയിൽ അവയുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും.

Daylight:- ധവളപ്രകാശമാണിത്. Daylight, Day White എന്നീപേരുകളിൽ അറിയപ്പെടുന്നു.

Cool:- സ്പെക്ട്രത്തിൽ ധവളപ്രകാശത്തിനു ശേഷമുള്ള ഭാഗം. 6500K, 6000K എന്നിവയാണ്‌ പൊതുവെ വിപണിയിൽ കാണാറുള്ളത്. Cool Daylight എന്നപേരിൽ ലഭ്യമാണ്‌.
(White എന്നപേരിലാണ്‌ ചില കമ്പനികൾ 6000K വിപണിയിലിറക്കുന്നത്. എന്നാലിത് cool ആണെന്നുതന്നെ പറയേണ്ടിവരും.)


വഴിവിളക്കുകൾ

Warm White ആണ്‌ ഉത്തമം. അതല്ലെങ്കിൽ Soft White. Cool പ്രകാശാം തെരുവുവിളക്കുകളിൽ ഉപയോഗിക്കുന്നത് കണ്ണുകൾക്ക് ആയാസമുണ്ടാക്കുകയും, കീടങ്ങളെ ആകർഷിക്കുകയും, മഞ്ഞുകാലത്തും മഴക്കാലത്തും കാഴ്ച ദുഷ്കരമാക്കുകയും, സസ്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും, പ്രകാശമലിനീകരണം സംഭവിച്ച് താരതമ്യേന കൂടുതൽ Sky Glowയ്ക്ക് കാരണമാകുകയും ചെയ്യും. കാഴ്ചദുഷ്കരമാകുമെന്നതിനാൽ ഇപ്പോൾ നിലവിലുള്ള warm നിറത്തിലുള്ള ഹെഡ്ലൈറ്റ് ഒഴികെ മറ്റുതരം ഹെഡ്ലൈറ്റുകൾ വാഹനങ്ങളിൽ നിയമപ്രകാരം അനുവദനീയവുമല്ല.

പൊതുസ്ഥലങ്ങൾ

ജനങ്ങൾ സജീവമായി ഉപയോഗിക്കുന്ന ഇടങ്ങളാണ്‌ പൊതുഗതാഗത വാഹങ്ങളുടെ ഉൾവശം, ബസ്സ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവ. ഇത്തരം സ്ഥലങ്ങളിൽ Soft White, Day White ഇവയിലേതെങ്കിലും ഉപയോഗിക്കാം. Day White, Soft White എന്നിവ വിപണിയിൽ സുലഭമല്ലാത്തതിനാൽ Warm White, Cool Daylight എന്നിവ ഇടകലർത്തി ഉപയോഗിച്ചാൽ Day White / Soft White-ന്റെ ഫലം ഏറെക്കുറെ സൃഷ്ടിക്കാൻ കഴിയും. ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണശാലകളിലും അവിടെ വിളമ്പുന്ന ഭക്ഷണ സാധനങ്ങളുടെയും സൃഷ്ടിക്കപ്പെടേണ്ടതായ അന്തരീക്ഷത്തിനും അനുസരിച്ച് Warm White മുതൽ Day White വരെയുള്ള പ്രകാശം ആവശ്യാനുസരണം തെരഞ്ഞെടുക്കാം. പൊതുസ്ഥലങ്ങളെക്കുറിച്ച് പറയുമ്പോൾ വൻകിട ഷോപ്പിങ്ങ് മാളുകൾ, വിമാനത്താവളങ്ങൾ എന്നിവ Color Temperature ക്രമീകരണത്തിൽ ശ്രദ്ധിച്ചിട്ടുള്ളതായിക്കാണാം.

6500K, 2800K എന്നിവയാണ്‌ ഇന്ത്യൻ വിപണിയിൽ പൊതുവെ കാണപ്പെടുന്നത്. 3000K, 4000K, 6000K എന്നിവയുടെ ലാമ്പുകൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളും ഉണ്ട്. ഇവ ആദ്യത്തേതിന്റെയത്ര warm/cool അല്ലെന്നതിനാൽ ഉപയോഗസാദ്ധതയും കൂടും.

ക്ഷേത്രങ്ങൾ / മ്യൂസിയങ്ങൾ

Original View (WARM)
Edited Image (COOL)
ദീപപ്രഭയുമായി ഇണങ്ങുന്ന നിറം (warm) തന്നെയാണ്‌ ഉചിതം. ഇതിനുവിരുദ്ധമായി Cool CFL/LED ഉപയോഗിക്കുമ്പോൾ കലാഭംഗി നഷ്ടപ്പെട്ട് ദീപങ്ങളെ നിഷ്പ്രഭമാക്കുന്നുവെന്ന് മാത്രമല്ല അസമയത്ത് Cool പ്രകാശം ഉപയോഗിക്കുന്നതുകൊണ്ടുള്ള അപാകതകളും സംഭവിക്കുന്നു.
(പാരീസിലെ ലൂർവ്വ് മ്യൂസിയത്തിന്റെ രാത്രികാഴ്ചയാണ്‌ ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്. അവിടെ warm നിറം ഉപയോഗിക്കുന്നതിനുപകരം cool നിറം ഉപയോഗിച്ചിരുന്നുവെങ്കിൽ അതിന്റെ രാത്രികാഴ്ച എത്രമാത്രം അഭംഗി ഉണ്ടാക്കുന്നതായിരിക്കുമെന്ന് ചിത്രങ്ങൾ നോക്കിയാൽ മനസ്സിലാക്കും). നമ്മുടെ ക്ഷേത്രങ്ങളും പൈതൃകകേന്ദ്രങ്ങളും പൊതുസ്ഥലങ്ങളും ഭവനങ്ങളും നിരീക്ഷിച്ച് അവയെ ഈ ദുരവസ്ഥയിൽ നിന്നും മോചിപ്പിക്കണം.

കമ്പ്യൂട്ടർ സ്ക്രീനിൽ

f.lux എന്ന പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുക. പകൽസമയവും രാത്രിസമയവും ആവശ്യമായ color temperature സെറ്റ് ചെയ്യുക. Color പ്രാധാന്യമുള്ള graphics / photography വർക്കുകൾ ചെയ്യുമ്പോൾ ഈ പ്രോഗ്രാം disable ചെയ്യണം (just by a click). കമ്പ്യൂട്ടറിൽ ഈ പ്രോഗ്രാം ഉപയോഗിക്കുന്നത് കണ്ണുകളുടെ ആയാസം കുറയ്ക്കും.


~ ~ ~ *** ~ ~ ~ 
Louvre Museum- Original Image Courtesy:
https://pixabay.com/en/louvre-pyramid-paris-architecture-102840/

References:
http://researchnews.osu.edu/archive/lightcolor.htm
http://researchnews.osu.edu/archive/landepress.htm
http://www.eastwesteye.com/different-colored-light-affects-eyes/
http://www.pyroenergen.com/articles09/color-temperature-lighting.htm
http://www.stevejenkins.com/blog/2014/03/choosing-the-right-led-bulbs/
http://www.paullights.com/cool-daylight-warm-white-bulbs/
http://www.technolamp.com/color-temperature-and-the-effect-on-human-beings/
https://en.wikipedia.org/wiki/Color_temperature
https://justgetflux.com/

Tuesday, November 03, 2015

ആത്മകഥ : മാക്സ് മുള്ളർ

ATHMAKATHA : MAX MULLER

ഭാഷ, ഔപചാരികത, വ്യക്തിബന്ധങ്ങൾ, മനോവ്യാപാരങ്ങൾ, മതം, ആചാരങ്ങൾ എന്നിവയെയെല്ലാം തനതായ രീതിയിൽ കൈകാര്യം ചെയ്ത വ്യക്തിത്വമായിരുന്നു മാക്സ്മുള്ളറുടേത്. കുട്ടിക്കാലം മുതൽ ഓക്സ്ഫോഡിലെ സംഭവബഹുലമായ നാളുകൾ വരെ നീളുന്നതാണ്‌ ഇതിലെ ഉള്ളടക്കം. നയതന്ത്രപരമായി ഓരോ സന്ദർഭങ്ങളിലൂടെയും കടന്നുപോകുന്നു. തത്വചിന്താപരമായും ഭാഷാപരമായും അദ്ദേഹത്തിനുള്ള താല്പങ്ങളാണ്‌ ഇതിൽ പ്രതിഫലിക്കുന്നത്.

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയെക്കുറിച്ച് പറയുകയാണെങ്കിൽ “ഔപചാരികതയുടെയും പ്രമാണിത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും സമ്പന്നതയുടെയും യാഥാസ്ഥിതിക ചിട്ടവട്ടങ്ങളുടെയും ഉത്തുംഗശൃംഗം” എന്നുതന്നെ വിശേഷിപ്പിക്കാം. അത്തരമോരു ചിത്രമാണ്‌ ഈ ആത്മകഥയിൽ നിന്നും കിട്ടുന്നത്. ഗുണങ്ങളും ദോഷങ്ങളും വീർപ്പുമുട്ടലുകളും പുരോഗതിയും ഒരുമിച്ച് അനുഭവതലത്തിലെത്തിക്കുന്ന അന്തരീക്ഷം. ‘കോമൺറൂം കഥകൾ’ എന്നപേരിൽ പ്രചരിക്കുന്ന കഥകളും കെട്ടുകഥകളും ഏതൊരു സാധാരണക്കാരനും ഇത്തരം അസാധാരണ ചുറ്റുപാടിൽ ഉണ്ടായേക്കാവുന്ന അസ്വസ്ഥതകളെയും, അതിനേക്കാൾ അമ്പരപ്പിനെയും സൂചിപ്പിക്കുന്നതാണ്‌. എന്നാൽ ഇതെല്ലാം തന്റെ നയതന്ത്രചാതുര്യവും കർമ്മകുശലതയും ഭംഗിയായും അവസരോചിതമായും പ്രകടമാക്കുന്നതിനുള്ള അവസരങ്ങളായി മാറ്റുവാൻ മാക്സ്മുള്ളർക്ക് കഴിഞ്ഞു. ഒരേസമയം ഔപചാരികതയെയും മാനുഷികമൂല്യങ്ങളെയും തുലനംചെയ്തു മുന്നോട്ടുപോകുന്നതിൽ മാക്സ്മുള്ളർ പ്രകടിപ്പിച്ച അസാമാന്യവൈഭവമാണ്‌ അതിനു സഹായിച്ചത്. വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചിരുന്നവരിൽ നിന്നുപോലും  പ്രത്യേക പരിഗണനയും ആദരവും നേടിയെടുക്കാൻ കഴിഞ്ഞിരുന്നു.... ചില ഔപചാരിക വേളകളിൽ സംഭവിച്ച രസകരമായ അനുഭവങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. അമിതാഹ്ലാദമോ വികാരവിക്ഷോഭങ്ങളോ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നാതായി കാണുന്നില്ല.

ചിന്തയെ, ആശയങ്ങളെ ആശയവിനിമയത്തിനുവേണ്ടി വാക്കുകളായി പരിവർത്തനപ്പെടുത്തുന്നു. ആ വാക്കുകളെ സ്വീകരിക്കുന്നയാൾ വീണ്ടും ചിന്തയെ പുനരാവിഷ്കാരം ചെയ്യുന്നു. ഇതാണ്‌ ഭാഷയുടെ തത്വം. മനസ്സിൽ ഉദ്ദേശിച്ച ആശയം സ്വീകരിക്കുന്ന വ്യക്തിക്ക് ഉൾക്കൊള്ളാനായോ എന്നത് വളരെ പ്രധാനമാണ്‌. വാക്കുകൾക്ക് ഓരോരുത്തരും കൽപ്പിച്ചിരിക്കുന്ന ആശയം, മാനസികനിലവാരം ഇതൊക്കെ വ്യത്യാസപ്പെടുന്നതാണ്‌ കാരണം. ഇത് ചിലപ്പോൾ വാക്കുതർക്കങ്ങളിലേക്കുപോലും നയിക്കപ്പെട്ടേക്കാം. തത്വശാസ്ത്രമെന്നാൽ സങ്കൽപ്പവും സങ്കൽപ്പവിജ്ഞാനവുമാണ്‌ മാക്സ്മുള്ളറുടെ നിരീക്ഷണത്തിൽ. അതുകൊണ്ടുതന്നെ അതിന്‌ മനുഷ്യരിൽ ഉണ്ടാക്കാൻ കഴിയുന്ന സ്വാധീനം വളരെ വലുതാണ്‌. വിവിധ തലത്തിലുള്ള മനോവ്യാപാരങ്ങളെല്ലാം അതിന്റെ പരിധിയിൽ വരുന്നു. സങ്കൽപങ്ങൾ അഥവാ ജ്ഞാനം ഭാഷയുമായി ബന്ധപ്പെട്ട് കവിതകളും വിജ്ഞാനസമാഹാരങ്ങളും രൂപംകൊള്ളുന്നു.

ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് “വർഷങ്ങളും തീയതികളും എന്നെ കാര്യമായി സ്വാധീനിച്ചിരുന്നില്ല” എന്ന് അദ്ദേഹം പറയുന്നു. വേദങ്ങളിലും മറ്റും തീയതികൾക്കും കാലഗണനയ്ക്കും അത്രപ്രാധാന്യം നൽകിയിട്ടില്ല. (ഇതിനെ സമാകാലീന ചരിത്രപഠനവുമായി ബന്ധപ്പെടുത്തി നിരീക്ഷിക്കൂ... തീയതികൾക്കും പേരുകൾക്കുമാണ്‌ മുന്തിയ പരിഗണന). ഭൂതകാലത്തിനെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന കണ്ണികൾ, ജീവസ്സുറ്റ പ്രതിപാദ്യരീതി ഇതൊക്കെ ചരിത്രപഠനത്തിൽ ഉൾക്കൊണ്ടുകാണാൻ മാക്സ്മുള്ളർ ആഗ്രഹിച്ചിരുന്നു. (ഇന്നും ഇങ്ങനെയല്ലാത്തതുകൊണ്ടാണ്‌ ചരിത്രപഠനം വിരസവും പ്രയോജന രഹിതവും ആയിത്തീരുന്നത്.). എന്നാൽ പൗരസ്ത്യമോ പാശ്ചാത്യമോ ആയ വേദപഠനങ്ങളിലാകട്ടെ അവയുടെ കാലഗണനയും ഭാഷാപരിണാമങ്ങളും തീരെ അവഗണിക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. സമഗ്രമായ  ഒരു വിജ്ഞാനശാഖയും പഠന ശൈലിയുമാണ്‌ മാക്സ്മുള്ളർ  പ്രാവർത്തികമാക്കിയെടുക്കാൻ ശ്രമിച്ചതെന്ന നിഗമനത്തിലാണ്‌ എത്താൻ കഴിയുന്നത്.

ജർമ്മനിലും സംസ്കൃതത്തിലും പാശ്ചാത്യവും പരുരസ്ത്യവുമായ വിവിധ ഭാഷകളിലും പാണ്ഡിത്യം നേടിയിരുന്നു. വേദശാസ്ത്രത്തിന്റെ പൊരുൾ ഉൾക്കൊണ്ടിരുന്നു. ഋഗ്വേദം പരിഭാഷപ്പെടുത്തുന്നതിനായി ഭാഷാപരമായും തത്വശാസ്ത്രപരമായും നിരവധി ഗവേഷണങ്ങളും നിരീക്ഷണങ്ങളും നടത്തുകയുണ്ടായി. ചെറുപ്പം മുതൽ കിട്ടിയിരുന്ന ശിക്ഷണവും കുടുംബാന്തരീക്ഷവും എന്നുതുടങ്ങി ലോകത്തിന്റെ സങ്കീർണ്ണവും വിവിധ ശ്രേണിയിൽ പെട്ടതുമായ ജനങ്ങളിൽ നിന്നുമുള്ള അനുഭവസമ്പത്തും എല്ലാം അദ്ദേഹത്തിന്റെ മതബോധത്തെ, അഥവാ ‘മതം’ എന്നതിനുള്ള നിർവ്വചനത്തെ പക്വമാക്കുന്നതിൽ സഹായിച്ചു; അതും തികഞ്ഞ ഔപചാരികതയിൽ നിലനിന്നിരുന്ന ഓക്സ്ഫോഡിലും അന്തഃസാരശൂന്യവും ഉപരിപ്ലവവുമായ കാര്യങ്ങളിൽ അമിതപ്രതിപത്തി കാണിച്ചിരുന്ന റോമൻ കത്തോലിക്കാ സഭയോടും ഒപ്പം നിന്നുകൊണ്ടുതന്നെ. സാധാരണകാണാറുള്ള മതഔപചാരികതയ്ക്കും ആചാരങ്ങൾക്കും കെട്ടുപാടുകൾക്കും ഉപരിയായി, സമാധാനവും ഐശ്വര്യവും മാനുഷികമൂല്യങ്ങളും നിറഞ്ഞുനിൽക്കുന്നതായിരുന്നു മാക്സ്മുള്ളർ കണ്ടെത്തിയ ലളിതമായ ആ മതം. പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ ഭേദമില്ല. ആചാരങ്ങൾക്കും എല്ലാവിധ ഔപചാരികതയ്ക്കും ഉപരിയായ ദൈവികത.

മാനവികത, വേദം, ഈശ്വരൻ, മതം ഇതെല്ലാം (ഭാഷാപരമായി) ഓരോ വാക്കുകൾ മാത്രമാണ്‌. അവയ്ക്ക് എത്രമഹനീയമായ അർത്ഥം കണ്ടെത്തി നിർവ്വചിച്ചു നൽകാൻ കഴിയുന്നുവെന്നതാണ്‌ ലോകത്തിനുവേണ്ടി നമുക്കു നൽകാനാവുന്ന സംഭാവന. നാമരൂപമായും ക്രിയാരൂപമായും എത്രയോ പദങ്ങളുണ്ട്. വികസിതവും തീഷ്ണതയേറിയതുമായ മനസ്സുകൊണ്ട് അവയെ അപഗ്രഥിക്കുമ്പോഴാണ്‌ അതിന്റെ അർത്ഥതലങ്ങൾ വെളിപ്പെടുന്നത്. ഇപ്രകാരം ഭാഷാശാസ്ത്രവും തത്വശാസ്ത്രവും ഒന്നിക്കുന്ന ജീവിതമായിരുന്നു മാക്സ് മുള്ളറുടേത്.
~ ~ ! ~ ~
ATHMAKATHA : MAX MULLER
ആത്മകഥ : മാക്സ് മുള്ളർ
Original English Title: My Autobiograhpy
Author: Max Muller
Malayalam Translation: P Prakash
പി. പ്രകാശ്

Publishers: Mathrubhumi Books
First Edition: October 2012
ISBN: 978-81-8265-464-8
Pages: 174
Price: Rs.110/-